സ്മാരകാവശിഷ്ടങ്ങളുടെ ആരാധന ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?
സാധാരണയായി വർഷത്തിൽ മൂന്നു പ്രാവശ്യം ദ്രവീകരിക്കുന്നതായി പറയപ്പെടുന്ന “സാൻ ജെനേറോ”യുടെ രക്തം അനേകം മത സ്മാരകാവശിഷ്ടങ്ങളിൽ ഒന്നാണ്. ഉറപ്പിച്ചുപറയപ്പെടുന്ന പ്രകാരം യേശുക്രിസ്തുവിന്റെ ശരീരം പൊതിയപ്പെട്ടിരുന്ന ററൂറിനിലെ ശവത്തുണിയും അങ്ങനെയാണ്. യേശുവിനോട് ബന്ധിക്കപ്പെട്ടിരിക്കുന്ന സ്മാരകാവശിഷ്ടങ്ങളിൽ സങ്കല്പപ്രകാരമുള്ള അവന്റെ ശിശുത്തൊട്ടിലും അവന്റെ സ്പെല്ലിംഗ് ബുക്കും അവന്റെ വധത്തിങ്കൽ ഉപയോഗിക്കപ്പെട്ടതായി പറയപ്പെടുന്ന ആയിരത്തിലധികം ആണികളും ഉൾപ്പെടുന്നു! മതപരമായ സ്മാരകാവശിഷ്ടങ്ങളിൽ യോഹന്നാൻ സ്നാപകന്റെ പല തലകളും യൂറോപ്പിന്റെ വിവിധ സ്ഥലങ്ങളിൽ സാൻറാ ലൂച്യാ ആണെന്ന് പറയപ്പെടുന്ന നാലു ശരീരങ്ങളും ഉൾപ്പെടുന്നു.
സ്മാരകാവശിഷ്ടങ്ങൾക്ക് വിശേഷാൽ പേരുകേട്ട സ്ഥലങ്ങളിൽ ജർമ്മനിയിലെ ട്രയർ ഉൾപ്പെടുന്നു, അവിടെ നിരവധി “വിശുദ്ധ അടിക്കുപ്പായങ്ങ”ളിൽ ഒന്ന്—യേശുക്രിസ്തു ധരിച്ചിരുന്ന തുന്നലില്ലാത്ത അടിക്കുപ്പായം—സൂക്ഷിക്കപ്പെടുന്നു. വത്തിക്കാൻ നഗരത്തിൽത്തന്നെ ഒരു പ്രത്യേക സൂക്ഷിപ്പുശാലയിൽ ആയിരത്തിലധികം സ്മാരകാവശിഷ്ടങ്ങളുണ്ട്. അക്ഷരാർത്ഥത്തിൽ മതപരമായ ആയിരക്കണക്കിന് സ്മാരകാവശിഷ്ടങ്ങൾ ജർമ്മനിയിലെ കൊളോണിലുള്ള “വിശുദ്ധ എർസല”യുടെ പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പട്ടികക്ക് അങ്ങനെ നീണ്ടുനീണ്ടു പോകാൻ കഴിയും. എന്തിന്, ഇററലിയിൽത്തന്നെ മതപരമായ സ്മാരകാവശിഷ്ടങ്ങളോടുകൂടിയ പുണ്യസ്ഥലങ്ങൾ എന്നു വിളിക്കപ്പെടുന്ന 2,468 സ്ഥലങ്ങളുണ്ട്!
സ്മാരകാവശിഷ്ടങ്ങളോടുള്ള ആദരവ് നമ്മുടെ പൊതുയുഗത്തിന്റെ നാലാം നൂററാണ്ടുമുതൽ തുടങ്ങിയതാണെന്ന് വിശ്വസിക്കപ്പെടുന്നു, വിശുദ്ധൻമാരുടെ പൂജയും അങ്ങനെതന്നെ. മതപരവും സാമ്പത്തികവും രാഷ്ട്രീയംപോലുമായ കാരണങ്ങളാൽ സ്മാരകാവശിഷ്ടങ്ങളുടെ എണ്ണം നൂററാണ്ടുകളിൽ ക്രമേണ പെരുകിയിട്ടുണ്ട്, ഇന്ന് ആയിരക്കണക്കിന് സ്ഥിതിചെയ്യുന്നു. “സഭ അതിന്റെ പാരമ്പര്യപ്രകാരം വിശുദ്ധൻമാരെ പൂജിക്കുകയും അവരുടെ വിശ്വാസ്യമായ സ്മാരകാവശിഷ്ടങ്ങളെയും അവരുടെ പ്രതിമകളെയും ബഹുമാനിക്കുകയും ചെയ്യുന്നു”വെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വീണ്ടും ഉറപ്പിച്ചുപറഞ്ഞു. (കോൺസ്ററിററ്യൂഷൻ “സാക്രോസാംഗ്ററം കോൺസിലിയം” സുളാ സാക്രാ ലിറേറർജിയാ ഇൻ I ഡോക്കുമെൻറി ഡെൽ കോൺസിലിയോ വററിക്കാനോ II, 1980, എഡിസിയോനി പാവോലൈൻ) “കീർത്തിപ്പെട്ട സ്മാരകാവശിഷ്ടങ്ങളും ഒട്ടേറെ ആളുകളുടെ പൂജാവസ്തുക്കളും” 1983-ൽ ജോൺ പോൾ II-ാമൻ വിളംബരം ചെയ്ത കോഡക്സ് ലൂറിസ് കാനോനിസിയിൽ (കാനോൻനിയമസംഹിത) പറയപ്പട്ടിട്ടുണ്ട്. (കാനോൻ 1190) ആംഗ്ലിക്കൻമതക്കാരും ഓർത്തഡോക്സ് സഭകളും സ്മാരകാവശിഷ്ടങ്ങളെ ബഹുമാനിക്കുന്നു.
ക്രിസ്തുവിനെ തറച്ചുകൊല്ലാൻ ഉപയോഗിച്ചതെന്ന് ഉറപ്പിച്ചുപറയുന്ന ഇത്രയധികം ആണികളും യോഹന്നാൻ സ്നാപകന്റെ തലകളും സ്ഥിതിചെയ്യുന്നതിനാൽ മതപരമായ സ്മാരകാവശിഷ്ടങ്ങൾ വഞ്ചകമാണെന്ന് സ്പഷ്ടമാണ്. ഉദാഹരണത്തിന്, ററൂറിനിലെ ശവത്തുണി കബളിപ്പിക്കലാണെന്ന് റേഡിയോകാർബൺ രീതിയിലുള്ള പഴക്കംനിശ്ചയിക്കൽ തെളിയിച്ചു. രസാവഹമായി 1988-ൽ അതുസംബന്ധിച്ചു നടന്ന ചൂടുപിടിച്ച വാദപ്രതിവാദത്തിൽ സുപ്രസിദ്ധ വത്തിക്കാൻ നിരീക്ഷകനായിരുന്ന മാർക്കോ റെറാസാററി ചോദിച്ചു: “ശവത്തുണിക്ക് ഉപയോഗിച്ച ശാസ്ത്രീയ അപഗ്രഥനം പൊതുജനാരാധനയുടെ മററു വസ്തുക്കൾക്ക് പ്രായോഗികമാക്കിയാൽ വിധി എന്തായിരിക്കും?”
പ്രസ്പഷ്ടമായി, ജ്ഞാനിയായ യാതൊരു മനുഷ്യനും ഒരു വ്യാജ സ്മാരകാവശിഷ്ടത്തെ പൂജിക്കാൻ ആഗ്രഹിക്കുകയില്ല. എന്നാൽ പരിചിന്തിക്കേണ്ട ഏക വസ്തുത അതുമാത്രമാണോ?
ബൈബിൾ എന്തു പറയുന്നു?
ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്ന ജനം, പുരാതന ഇസ്രായേല്യർ, ഈജിപ്ററിലെ അടിമത്വകാലത്ത് മതപരമായ സ്മാരകാവശിഷ്ടങ്ങളെ പൂജിച്ചിരുന്നതായി ബൈബിൾ പറയുന്നില്ല. ഗോത്രപിതാവായ യാക്കോബ് ഈജിപ്ററിൽവെച്ച് മരിക്കുകയും ‘മക്പേലാ വയലിൽ ഉണ്ടായിരുന്ന ഗുഹയിൽ’ അടക്കംചെയ്യുന്നതിന് അവന്റെ അവശിഷ്ടങ്ങൾ വാഗ്ദത്തദേശത്തേക്കു കൊണ്ടുപോകുകയും ചെയ്തുവെന്നത് സത്യംതന്നെ. അവന്റെ പുത്രനായിരുന്ന യോസേഫും ഈജിപ്ററിൽവെച്ചു മരിച്ചു. അടക്കംചെയ്യുന്നതിന് ഒടുവിൽ അവന്റെ അസ്ഥികൾ കനാനിലേക്ക് കൊണ്ടുപോകപ്പെട്ടു. (ഉല്പത്തി 49:29-33; 50:1-14, 22-26; പുറപ്പാട് 13:19) എന്നിരുന്നാലും, ഇസ്രായേല്യർ എന്നെങ്കിലും യാക്കോബിന്റെയും യോസേഫിന്റെയും അവശിഷ്ടങ്ങളെ മതപരമായ സ്മാരകാവശിഷ്ടങ്ങളെന്ന നിലയിൽ ബഹുമാനിച്ചതായി തിരുവെഴുത്തുകൾ സൂചന നൽകുന്നില്ല.
പ്രവാചകനായിരുന്ന മോശെയുടെ സംഗതിയിൽ സംഭവിച്ചതും പരിചിന്തിക്കുക. ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ, അവൻ 40 വർഷം ഇസ്രായേല്യരെ നയിച്ചു. പിന്നീട് 120-ാമത്തെ വയസ്സിൽ അവൻ നെബോമലയിൽ കയറി വാഗ്ദത്തദേശം വീക്ഷിച്ച ശേഷം മരിച്ചു. പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ച് തർക്കിച്ചു, ഇസ്രായേലിനെ സ്മാരകാവശിഷ്ടാരാധനയുടെ കെണിയിൽ വീഴിക്കുന്നതിനുള്ള ശ്രമത്തിന്റെ ഏതു സാദ്ധ്യത സംബന്ധിച്ചും സാത്താൻ പരാജയപ്പെടുത്തപ്പെട്ടു. (യൂദാ 9) അവർ മോശെയുടെ മരണത്തിൽ വിലപിച്ചത് മനസ്സിലാക്കാമെങ്കിലും അവർ ഒരിക്കലും മോശെയുടെ അവശിഷ്ടങ്ങളെ പൂജിച്ചില്ല. യഥാർത്ഥത്തിൽ, മോശെയെ മനുഷ്യർക്ക് അറിയപ്പെടാത്ത ഒരു സ്ഥലത്ത് അടയാളപ്പെടുത്താഞ്ഞ ഒരു ശവക്കുഴിയിൽ അടക്കംചെയ്തതിനാൽ ദൈവം അങ്ങനെയുള്ള ഒരു കാര്യം അസാദ്ധ്യമാക്കി.—ആവർത്തനം 34:1-8.
സ്മാരകാവശിഷ്ടങ്ങളുടെ പൂജയുടെ ചില വക്താക്കൾ 2 രാജാക്കൻമാർ 13:21 ഉദ്ധരിക്കാറുണ്ട്, അതിങ്ങനെ പറയുന്നു: “അവർ ഒരു മനുഷ്യനെ അടക്കംചെയ്തുകൊണ്ടിരുന്നപ്പോൾ, എന്തിന്, ഇവിടെ അവർ കവർച്ചപ്പടയെ കണ്ടു. ഉടൻതന്നെ അവർ ആ മനുഷ്യനെ [പ്രവാചകനായ] എലീശായുടെ ശവക്കുഴിയിൽ ഇട്ടിട്ടുപോയി. ആ മനുഷ്യൻ എലീശായുടെ അസ്ഥികളെ തൊട്ടപ്പോൾ അയാൾ ഉടൻതന്നെ ജീവനിലേക്കു വരുകയും അയാളുടെ കാലൂന്നി നിൽക്കുകയുംചെയ്തു.” (NW) ഇത് ദൈവത്തിന്റെ പ്രവാചകൻമാരിലൊരാളുടെ നിർജ്ജീവമായ അസ്ഥികൾ ഉൾപ്പെട്ട ഒരു അത്ഭുതമായിരുന്നു. എന്നാൽ എലീശാ അത്ഭുതം നടക്കുന്ന സമയത്ത് മരിച്ചവനും യാതൊന്നിനെക്കുറിച്ചും ബോധമില്ലാത്തവനുമായിരുന്നു. (സഭാപ്രസംഗി 9:5, 10) അതുകൊണ്ട്, ഈ പുനരുത്ഥാനം യഹോവയാം ദൈവത്തിന്റെ അത്ഭുതം പ്രവർത്തിക്കുന്ന ശക്തിമുഖാന്തരം നടന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു, അത് തന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തിയാലാണ് അവൻ സാധിച്ചത്. എലീശായുടെ അസ്ഥികൾ എന്നെങ്കിലും പൂജിക്കപ്പെട്ടതായി തിരുവെഴുത്തുകൾ പറയുന്നില്ലെന്നുള്ളതും ശ്രദ്ധാർഹമാണ്.
ക്രൈസ്തവലോകത്തിലെ ചിലർ പ്രവൃത്തികൾ 19:11, 12ൽ പറയപ്പെട്ടിരിക്കുന്ന സംഗതി നിമിത്തം സ്മാരകാവശിഷ്ടങ്ങളോടുള്ള ഭക്തിക്കനുകൂലമായി വാദിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേൽനിന്ന് റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.” പൗലോസ് മുഖേന ആ അസാധാരണപ്രവൃത്തികൾ ചെയ്തത് ദൈവമായിരുന്നുവെന്ന് ദയവായി കുറിക്കൊള്ളുക. അപ്പോസ്തലൻ തനിച്ച് സ്വതന്ത്രമായി അങ്ങനെയുള്ള പ്രവൃത്തികൾ ചെയ്തില്ല, അവൻ ഏതെങ്കിലും മനുഷ്യനിൽനിന്ന് ഒരിക്കലും പൂജ സ്വീകരിച്ചില്ല.—പ്രവൃത്തികൾ 14:8-18.
ബൈബിൾപഠിപ്പിക്കലുകൾക്കു വിരുദ്ധം
യഥാർത്ഥത്തിൽ, മതപരമായ സ്മാരകാവശിഷ്ടങ്ങളോടുള്ള ഭക്തി നിരവധി ബൈബിൾപഠിപ്പിക്കലുകൾക്ക് വിരുദ്ധമാണ്. ഉദാഹരണത്തിന്, അങ്ങനെയുള്ള ഭക്തിയിലെ അനുപേക്ഷണീയമായ ഒരു ഘടകം മനുഷ്യദേഹിയുടെ അമർത്യതയിലുള്ള വിശ്വാസമാണ്. കാനോനികത്വം കൊടുത്ത് “വിശുദ്ധരായി” പൂജിക്കപ്പെടുന്ന സകലരുടെയും ദേഹികൾ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്നുവെന്നാണ് ഭക്തരായ ദശലക്ഷക്കണക്കിന് പള്ളിയംഗങ്ങൾ വിശ്വസിക്കുന്നത്. ഈ ആത്മാർത്ഥതയുള്ള ആളുകൾ അങ്ങനെയുള്ളവരുടെ സംരക്ഷണം തേടിക്കൊണ്ടും അപേക്ഷകനുവേണ്ടി ദൈവത്തോട് പക്ഷവാദം നടത്താൻ അഭ്യർത്ഥിച്ചുകൊണ്ടും അങ്ങനെയുള്ള “വിശുദ്ധൻമാരോടു” പ്രാർത്ഥിക്കുന്നു. യഥാർത്ഥത്തിൽ, ഒരു സഭാപരമായ കൃതി പറയുന്നതനുസരിച്ച് കത്തോലിക്കർ സ്മാരകാവശിഷ്ടങ്ങൾക്ക് “ദൈവവുമായുള്ള വിശുദ്ധന്റെ പക്ഷവാദത്തിന്റെ” ശക്തി ഉള്ളതായി ആരോപിക്കുന്നു.
എന്നിരുന്നാലും, ബൈബിൾ പറയുന്നതനുസരിച്ച്, മനുഷ്യദേഹി അമർത്ത്യമല്ല. മനുഷ്യർക്ക് മരിക്കാത്തതും മരണശേഷം ശരീരംവിട്ട് അസ്തിത്വം പുലർത്താൻ കഴിവുള്ളതുമായ ദേഹികൾ അവരുടെയുള്ളിലില്ല. എന്നിരുന്നാലും തിരുവെഴുത്തുകൾ പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു.” (ഉല്പത്തി 2:7) മനുഷ്യർക്ക് അമർത്യദേഹികളുണ്ടെന്ന് പഠിപ്പിക്കുന്നതിനു പകരം ബൈബിൾ പറയുന്നു: “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (യെഹെസ്ക്കേൽ 18:4, NW) ഇത് “വിശുദ്ധൻമാരാ”യി പിന്നീട് “കാനോനികത്വം കൊടുക്കപ്പെടുന്ന”വർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്. എന്തുകൊണ്ടെന്നാൽ നമ്മളെല്ലാവരും ഒന്നാം മനുഷ്യനായ ആദാമിൽനിന്ന് പാപവും മരണവും അവകാശപ്പെടുത്തിയിരിക്കുന്നു.—റോമർ 5:12.
“വിശുദ്ധൻമാർ” ആർക്കെങ്കിലുംവേണ്ടി പക്ഷവാദം നടത്താൻ അധികാരപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാൽ അവരുടെ ആരാധന ഒഴിവാക്കേണ്ടതാണ്. തന്റെ പുത്രനായ യേശുക്രിസ്തുവിനു മാത്രമേ ഇതു ചെയ്യാൻകഴിയുകയുള്ളുവെന്ന് യഹോവയാം ദൈവം വിധിച്ചിട്ടുണ്ട്. യേശു “നമുക്കുവേണ്ടി മരിച്ചുവെന്നു മാത്രമല്ല—അവൻ മരിച്ചവരിൽനിന്ന് എഴുന്നേൽക്കുകയും ചെയ്തു, അവിടെ ദൈവത്തിന്റെ വലത്തുഭാഗത്ത് അവൻ നിൽക്കുകയും നമുക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു.—റോമർ 8:34, ദി ജറൂസലം ബൈബിൾ; യോഹന്നാൻ 14:6, 14.
“വിശുദ്ധൻമാ”രുടെയും അവരോടു ബന്ധപ്പെട്ട മത സ്മാരകാവശിഷ്ടങ്ങളുടെയും ആരാധന ഒഴിവാക്കേണ്ടതിന്റെ മറെറാരു കാരണം വിഗ്രഹാരാധനയെക്കുറിച്ച് ബൈബിൾ പറയുന്ന സംഗതി നിമിത്തമാണ്. ഇസ്രായേല്യർക്കു കൊടുക്കപ്പെട്ട പത്തു കല്പനകളിലൊന്ന് ഇങ്ങനെ പ്രസ്താവിച്ചു: “നീ ഒരു കൊത്തപ്പെട്ട പ്രതിമയോ മീതെ ആകാശങ്ങളിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളങ്ങളിലോ ഉള്ള എന്തിനെയെങ്കിലും പോലുള്ള ഒരു രൂപമോ നിനക്കുവേണ്ടി ഉണ്ടാക്കരുത്. നീ അവയുടെ മുമ്പിൽ കുമ്പിടുകയോ അവയെ സേവിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യരുത്, എന്തുകൊണ്ടെന്നാൽ നിന്റെ ദൈവമായ യഹോവയായ ഞാൻ അനന്യമായ ഭക്തി നിഷ്ക്കർഷിക്കുന്ന ഒരു ദൈവമാകുന്നു.” (പുറപ്പാട് 20:4, 5, NW) സമാനമായി, അപ്പോസ്തലനായ പൗലോസ് “പ്രിയൻമാരേ, വിഗ്രഹാരാധന വിട്ടോടുവിൻ” എന്ന് എഴുതി. (1 കൊരിന്ത്യർ 103:14) അതുപോലെതന്നെ, “കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോട് അകന്നുസൂക്ഷിച്ചുകൊൾവിൻ” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 5:21.
അതുകൊണ്ട് കാനോനികത്വം കൊടുക്കപ്പെട്ട “വിശുദ്ധൻമാരോടും” മതപരമായ സ്മാരകാവശിഷ്ടങ്ങളോടുമുള്ള ആദരവിന് ബൈബിളിൽ പിന്തുണയില്ല. ഏതായാലും, ചിലർ കാണാനും സ്പർശിക്കാനും കഴിയുന്നതായി വിശുദ്ധമെന്ന് കരുതപ്പെടുന്നതും സങ്കല്പമനുസരിച്ച് രക്ഷിക്കൽശക്തിയുള്ളതുമായ എന്തിന്റെയെങ്കിലും സാന്നിദ്ധ്യം ആഗ്രഹിക്കുന്നു. തീർച്ചയായും, മതപരമായ സ്മാരകാവശിഷ്ടങ്ങൾ സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചങ്ങലയിലെ ഒരു കണ്ണിയാണെന്ന് കരുതുന്നു. ദയവായി ഒരു നിമിഷത്തേക്ക് ഈ ആശയത്തെക്കുറിച്ചൊന്നു പരിചിന്തിക്കുക.
ദൈവം ആഗ്രഹിക്കുന്ന ആരാധനയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ ഒരു വ്യക്തി പ്രവർത്തിക്കുന്നത് മതപരമായ സ്മാരകാവശിഷ്ടങ്ങളെ കാണുകയും തൊടുകയും ചെയ്യുന്നതിനാലല്ല. യേശു പറഞ്ഞു: “സത്യാരാധകർ പിതാവിനെ ആത്മാവിനോടും സത്യത്തോടുംകൂടെ ആരാധിക്കുന്ന നാഴികവരുന്നു, അത് ഇപ്പോഴാകുന്നു; എന്തെന്നാൽ, തീർച്ചയായും, തന്നെ ആരാധിക്കാൻ പിതാവ് അങ്ങനെയുള്ളവരെ അന്വേഷിക്കുകയാകുന്നു. ദൈവം ഒരു ആത്മാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കേണ്ടതാകുന്നു.” (യോഹന്നാൻ 4:23, 24, NW) യഹോവയാം ദൈവം മനുഷ്യനേത്രങ്ങൾക്ക് അദൃശ്യനായ “ഒരു ആത്മാവാ”കുന്നു. അവനെ “ആത്മാവോടു”കൂടെ ആരാധിക്കുകയെന്നാൽ നമ്മുടെ ദൈവത്തിനായുള്ള വിശുദ്ധസേവനം സ്നേഹവും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയത്താൽ പ്രേരിതമായിരിക്കുന്നുവെന്നാണ്. (മത്തായി 22:37-40; ഗലാത്യർ 2:16) നമുക്ക് സ്മാരകാവശിഷ്ടങ്ങളെ പൂജിച്ചുകൊണ്ട് ദൈവത്തെ ‘സത്യത്തോടുകൂടെ’ ആരാധിക്കാൻ സാദ്ധ്യമല്ല, പിന്നെയോ മതപരമായ വ്യാജങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടും ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന അവന്റെ ഇഷ്ടം പഠിച്ചുകൊണ്ടും അതു ചെയ്തുകൊണ്ടും മാത്രമേ അതു ചെയ്യാൻ സാധിക്കൂ.
അതുകൊണ്ട് ‘പുരാതന ഇസ്രായേല്യർ സ്മാരകാവശിഷ്ടങ്ങളുടെ പൂജ നടത്തിയിരുന്നില്ല’ എന്ന് പണ്ഡിതനായ ജെയിംസ് ബെൻറ്ലി സമ്മതിക്കുന്നത് അതിശയമല്ല. സ്തേഫാനോസിന്റെ മരണത്തിനും അവന്റെ ശരീരം ല്യൂഷൻ കുഴിയിൽനിന്ന് മാന്തിയെടുത്തതിനുമിടക്കുള്ള നാലു നൂററാണ്ടുകളിൽ സ്മാരകാവശിഷ്ടങ്ങളോടുള്ള ക്രിസ്ത്യാനികളുടെ മനോഭാവം പൂർണ്ണമായി മാറിപ്പോയി എന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ക്രി.വ. അഞ്ചാം നൂററാണ്ടായപ്പോഴേക്ക് വിശ്വാസത്യാഗം ഭവിച്ചിരുന്ന ക്രൈസ്തവലോകം വിഗ്രഹാരാധന, മരിച്ചവരുടെ അവസ്ഥ, “നമുക്കുവേണ്ടി വാദിക്കുന്നവൻ” എന്ന നിലയിലുള്ള യേശുവിന്റെ ധർമ്മം, എന്നിവസംബന്ധിച്ച ബൈബിളുപദേശങ്ങളോടു പററിനിൽക്കാതായിരുന്നു.—റോമർ 8:34; സഭാപ്രസംഗി 9:5; യോഹന്നാൻ 11:11-14.
നമ്മുടെ ആരാധന ദൈവത്തിന് പ്രസാദകരമായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഏതെങ്കിലും വിഗ്രഹാരാധനാരൂപത്തോട് ബന്ധപ്പെട്ടിരിക്കുന്നില്ലെന്ന് നാം ഉറപ്പുവരുത്തണം. നമ്മുടെ ആരാധന സ്വീകാര്യമായിരിക്കുന്നതിന് ഏതെങ്കിലും സ്മാരകാവശിഷ്ടത്തിലേക്കോ സൃഷ്ടിയിലേക്കോ അല്ല, പിന്നെയോ സ്രഷ്ടാവായ യഹോവയാം ദൈവത്തിങ്കലേക്ക് അത് എത്തണം. (റോമർ 1:24, 25; വെളിപ്പാട് 19:10) നാം ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുകയും ശക്തമായ വിശ്വാസം പുഷ്ടിപ്പെടുത്തുകയും ചെയ്യണം. (റോമർ 10:17; എബ്രായർ 11:6) നാം സത്യാരാധനയുടെ മാർഗ്ഗത്തിൽ നടക്കുന്നുവെങ്കിൽ, സ്മാരകാവശിഷ്ടങ്ങളുടെ ആരാധന ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്നുള്ള ധാരാളമായ തിരുവെഴുത്തുതെളിവിനു ചേർച്ചയിൽ നാം പ്രവർത്തിക്കും. (w91 11/15)
[5-ാം പേജിലെ ചിത്രം]
എലീശായുടെ അസ്ഥികൾ ഒരു പുനരുത്ഥാനത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവ പൂജിക്കപ്പെട്ടിരുന്നില്ല