മതം യഥാർത്ഥത്തിൽ ആവശ്യമാണോ?
മതം ഇന്നു നിങ്ങൾക്കു പ്രധാനമാണോ? നിങ്ങൾ ഒരുപക്ഷേ ഒരു മതസമൂഹത്തിന്റെയോ സഭയുടെയോ അംഗമാണോ? ആണെങ്കിൽ, നിങ്ങൾക്ക് പണ്ട് 1844-ൽ ജീവിച്ചിരുന്ന ആളുകളുമായി പൊതുവിൽ വളരെയധികം കാര്യങ്ങളുണ്ട്, ആ വർഷത്തിലായിരുന്നു ജർമ്മൻ തത്വചിന്തകനായിരുന്ന കാൾ മാക്സ് “മതം . . . മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് എഴുതിയത്. ആ നാളുകളിൽ മിക്കവാറും എല്ലാവരും പള്ളിയിൽ പോയിരുന്നു, മതത്തിന് സമുദായത്തിന്റെ സകല തലങ്ങളിലും ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇന്ന് അതിന് കർശനമായി മാററം ഭവിച്ചിരിക്കുന്നു. മതം സഹസ്രലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ യാതൊരു പങ്കും വഹിക്കുന്നില്ല. നിങ്ങൾ പള്ളിയിൽ പോകുന്നുവെങ്കിൽ, നിങ്ങൾ നിങ്ങളുടെ ജനസമുദായത്തിൽ ഒരു ന്യൂനപക്ഷത്തിൽപെട്ടയാളായിരിക്കാനിടയുണ്ട്.
ഈ മാററത്തിന് കാരണമെന്തായിരുന്നു? ഒരു സംഗതി, കാൾമാക്സ് വളരെ സ്വാധീനംചെലുത്തിയ ഒരു മതവിരുദ്ധ തത്വശാസ്ത്രം ആവിഷ്കരിച്ചുവെന്നതായിരുന്നു. പ്രത്യക്ഷത്തിൽ മതം മനുഷ്യപുരോഗതിക്ക് തടസ്സമാണെന്ന് കാൾമാക്സ് കരുതി. ദൈവത്തിനോ പരമ്പരാഗത മതത്തിനോ ഇടം ശേഷിപ്പിക്കാഞ്ഞ ഒരു തത്വശാസ്ത്രമായ ഭൗതികവാദത്തിന് മനുഷ്യവർഗ്ഗത്തിന്റെ ആവശ്യങ്ങൾ ഏററം നന്നായി സാധിച്ചുകൊടുക്കാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് “മനുഷ്യരുടെ സന്തുഷ്ടിക്കാവശ്യമായ പ്രഥമ വ്യവസ്ഥ മതത്തിന്റെ നശിപ്പിക്കലാണ്” എന്ന് പ്രസ്താവിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.
മാർക്സിന്റെ ഭൗതികത്വ തത്വശാസ്ത്രം ജർമ്മൻ സോഷ്യലിസ്ററായിരുന്ന ഫ്രെഡറിക് എൻജൽസിനാലും റഷ്യൻ കമ്മ്യൂണിസ്ററ് നേതാവായിരുന്ന വ്ളാഡിമർ ലെനിനിനാലും കൂടുതലായി വികസിപ്പിക്കപ്പെട്ടു. അത് മാർക്സിസം-ലെനിനിസം എന്നറിയപ്പെടാനിടയായി. അടുത്ത കാലം വരെ മനുഷ്യവർഗ്ഗത്തിന്റെ മൂന്നിലൊന്നിലധികം, കൂടിയതോ കുറഞ്ഞതോ ആയ തോതിൽ ഈ നിരീശ്വര തത്വശാസ്ത്രം പിന്തുടർന്ന രാഷ്ട്രീയ ഭരണകൂടങ്ങളിൻകീഴിലായിരുന്നു. അനേകം സ്ത്രീപുരുഷൻമാർ ഇപ്പോഴും അങ്ങനെതന്നെയാണ്.
മതേതരത്വത്തിന്റെ വളർച്ച
എന്നാൽ കമ്മ്യൂണിസ്ററ് തത്വശാസ്ത്രത്തിന്റെ വ്യാപനംമാത്രമായിരുന്നില്ല മതത്തിന്റെ മനുഷ്യവർഗ്ഗത്തിൻമേലുള്ള സ്വാധീനത്തെ ദുർബലമാക്കിയ സംഗതി. ശാസ്ത്രമണ്ഡലത്തിലെ വികാസങ്ങളും ഒരു പങ്കു വഹിച്ചു. ദൃഷ്ടാന്തത്തിന്, പരിണാമസിദ്ധാന്തത്തിന്റെ പ്രചാരത്തിലാക്കൽ അനേകർ ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തെ സംശയിക്കാനിടയാക്കി. മററു ഘടകങ്ങളുമുണ്ടായിരുന്നു.
ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ “മുമ്പ് പ്രകൃതാതീത കാരണങ്ങളാൽ സംഭവിക്കുന്നതായി പറയപ്പെട്ടിരുന്ന പ്രതിഭാസങ്ങളുടെ ശാസ്ത്രീയ വിശദീകരണങ്ങളുടെ കണ്ടുപിടുത്തത്തെ”ക്കുറിച്ചും “വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, കലകൾ എന്നിങ്ങനെയുള്ള മണ്ഡലങ്ങളിൽനിന്നുള്ള സംഘടിത മതത്തിന്റെ സ്വാധീനത്തിന്റെ നീക്കംചെയ്യലിനെക്കുറിച്ചും” പറയുന്നു. ഇവപോലുള്ള വികാസങ്ങൾ മതേതരത്വത്തിന്റെ വളർച്ചയിലേക്ക് നയിച്ചിരിക്കുന്നു. എന്താണ് മതേതരത്വം? അത് “മതവും മതപരമായ പരിഗണനകളും അവഗണിക്കപ്പെടുകയോ ഉദ്ദേശ്യപൂർവം ഒഴിവാക്കപ്പെടുകയോ ചെയ്യണമെന്നുള്ള മുൻവ്യവസ്ഥയിലധിഷ്ഠിതമായ ഒരു ജീവിതവീക്ഷണം” എന്ന് നിർവചിക്കപ്പെടുന്നു. മതേതരത്വം കമ്മ്യൂണിസ്ററ് രാജ്യങ്ങളിലും കമ്മ്യൂണിസ്ററിതര രാജ്യങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്.
എന്നാൽ മതത്തിന്റെ സ്വാധീനത്തെ ദുർബലീകരിച്ചത് മതേതരത്വവും മാർക്സിസം-ലെനിനിസവും മാത്രമായിരുന്നില്ല. ക്രൈസ്തവലോകത്തിലെ പള്ളികളും കുററത്തിൽ പങ്കുവഹിക്കേണ്ടതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവ നൂററാണ്ടുകളിൽ തങ്ങളുടെ അധികാരത്തെ ദുർവിനിയോഗം ചെയ്തിരുന്നു. അവ ബൈബിളിനു പകരം തിരുവെഴുത്തുവിരുദ്ധമായ പാരമ്പര്യങ്ങളിലും മനുഷ്യ തത്വശാസ്ത്രങ്ങളിലും അധിഷ്ഠിതമായ ഉപദേശങ്ങൾ പഠിപ്പിച്ചിരുന്നു. അതുകൊണ്ട്, അവയുടെ ആട്ടിൻകൂട്ടങ്ങളിൽപെട്ട അനേകർ മതേതരത്വത്തിന്റെ ആക്രമണത്തെ ചെറുത്തുനിൽക്കാൻ കഴിയാത്ത വിധം ആത്മീയമായി വളരെ ദുർബലരായിരുന്നു.
കൂടാതെ, സഭകൾതന്നെ അധികപങ്കും ഒടുവിൽ മതേതരത്വത്തിനു വഴങ്ങി. 19-ാം നൂററാണ്ടിൽ ക്രൈസ്തവലോകത്തിലെ മതപണ്ഡിതൻമാർ അമിതകൃത്തിപ്പിന്റെ ഒരു രൂപവുമായി വന്നു; അത്, അനേകരുടെ കാര്യത്തിൽ, നിശ്വസ്ത ദൈവവചനമെന്ന നിലയിലുള്ള ബൈബിളിന്റെ വിശ്വാസ്യതയെ നശിപ്പിച്ചു. റോമൻ കത്തോലിക്കാസഭ ഉൾപ്പെടെയുള്ള സഭകൾ പരിണാമസിദ്ധാന്തം അംഗീകരിച്ചു. അതെ, അപ്പോഴും അവ സൃഷ്ടിയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടു. അവ മനുഷ്യശരീരം മാത്രം പരിണമിക്കാനും അതേസമയം ദേഹി മാത്രം ദൈവത്താൽ സൃഷ്ടിക്കപ്പെടാനുമുള്ള സാദ്ധ്യത അനുവദിച്ചു. 1960കളിൽ പ്രോട്ടസ്ററൻറു മതം “ദൈവത്തിന്റെ മരണ”ത്തെ പ്രഖ്യാപിച്ച ഒരു ദൈവശാസ്ത്രവുമായി വന്നു. അനേകം പ്രോട്ടസ്ററൻറ് വൈദികർ ഒരു ഭൗതികത്വ ജീവിതശൈലിയുടെ നേരെ കണ്ണടച്ചു. അവർ ദാമ്പത്യപൂർവ ലൈംഗികതയെയും സ്വവർഗ്ഗരതിയെപ്പോലും അനുകൂലിച്ചു. ചില കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻമാർ കത്തോലിക്കാമതത്തെയും വിപ്ലവ മാർക്സിസത്തെയും കൂട്ടിക്കലർത്തിക്കൊണ്ട് വിമോചന ദൈവശാസ്ത്രം ആവിഷ്ക്കരിച്ചു.
മതേതരത്വത്തിന്റെ പിൻമാററം
അങ്ങനെ, വിശേഷിച്ച് 1960കളിലും 1970കളുടെ ഏതാണ്ട് മദ്ധ്യംവരെയും മതേതരത്വം ആധിപത്യം പുലർത്താനിടയായി. അനന്തരം വീണ്ടും കാര്യങ്ങൾക്കു മാററം ഭവിച്ചു. മുഖ്യധാരാസഭകളെക്കുറിച്ച് ഏറെയും വാസ്തവമല്ലെങ്കിലും, മതം ഒരു തിരിച്ചുവരവു നടത്തുന്നതായി തോന്നി. ലോകമാസകലം, 1970കളുടെ അവസാന ഭാഗങ്ങളും 1980കളും പുതിയ മതസമൂഹങ്ങളുടെ ഒരു പെരുകലിനു സാക്ഷിനിന്നു.
മതത്തിന്റെ ഈ പുനരുത്ഥാനം എന്തുകൊണ്ട്? ഫ്രഞ്ച് സോഷ്യലിസ്ററായ ഗിൽസ് കെപ്പെൽ ഇങ്ങനെ പ്രസ്താവിച്ചു: “മതേതര വിദ്യാഭ്യാസം സിദ്ധിച്ച സാമാന്യജനം . . . മതേതര സംസ്കാരം തങ്ങളെ ഗതി മുട്ടിച്ചിരിക്കുകയാണെന്നും ദൈവത്തിൽനിന്നുള്ള തങ്ങളുടെ വിമോചനം സ്ഥാപിക്കുക വഴി മനുഷ്യർ തങ്ങളുടെ അഹങ്കാരത്താലും വ്യർത്ഥതയാലും വിതെച്ചത്, അതായത്, ദുഷ്ക്രിയയും വിവാഹമോചനവും എയ്ഡ്സ് മയക്കുമരുന്നുദുരുപയോഗവും ആത്മഹത്യയും കൊയ്യുകയാണെന്നും വാദിക്കുന്നു.”
അടുത്ത കാലത്ത് ദൃശ്യമായിരിക്കുന്ന, മാർക്സിസം-ലെനിനിസത്തിന്റെ തകർച്ചക്കു ശേഷം മതേതരത്വത്തിന്റെ പിൻമാററം പുതിയ ആക്കം നേടിയിട്ടുണ്ട്. അനേകമാളുകളെ സംബന്ധിച്ച് ഈ നിരീശ്വര തത്വശാസ്ത്രം ഒരു യഥാർത്ഥ മതമായിത്തീർന്നിരുന്നു. ആ സ്ഥിതിക്ക്, അതിൽ ആശ്രയം വെക്കുന്നവരുടെ അന്ധാളിപ്പ് ഒന്നു സങ്കൽപ്പിക്കുക! മോസ്ക്കോയിൽനിന്ന് വാഷിംഗ്ടൺ പോസ്ററിന് അയച്ച ഒരു വാർത്ത പിൻവരുന്ന പ്രകാരം പറഞ്ഞ കമ്മ്യൂണിസ്ററ് പാർട്ടി ഹയർസ്കൂളിലെ ഒരു ഹെഡ്മാസ്റററെ ഉദ്ധരിച്ചു: “ഒരു രാജ്യം അതിന്റെ സമ്പദ്വ്യവസ്ഥയിലും സ്ഥാപനങ്ങളിലും മാത്രമല്ല, പിന്നെയോ അതിന്റെ പുരാണങ്ങളിലും സ്ഥാപകപിതാക്കളിലുംകൂടെയാണ് നിലനിൽക്കുന്നത്. ഏതൊരു ജനസമുദായത്തിന്റെയും ഏററവും മഹത്തായ പുരാണകഥകൾ സത്യത്തിലല്ല, പിന്നെയോ പ്രചാരണത്തിലും അതികല്പനയിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് കണ്ടുപിടിക്കുന്നത് അതിന് വിനാശകരമായ സംഗതിയാണ്. എന്നാൽ ലെനിന്റെയും വിപ്ലവത്തിന്റെയും സംഗതിയിൽ നമുക്കിപ്പോൾ അനുഭവപ്പെടുന്നത് അതാണ്.”
കമ്മ്യൂണിസ്ററ് ലോകത്തെയും മുതലാളിത്വ ലോകത്തെയുംകുറിച്ച് സംസാരിക്കുമ്പോൾ ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനും തത്വചിന്തകനുമായ എഡ്ഗാർ മോറിൻ ഇങ്ങനെ സമ്മതിച്ചു: “തൊഴിലാളിവർഗ്ഗത്തിന് വച്ചുനീട്ടപ്പെട്ട ശോഭനമായ ഭാവിയുടെ തകർച്ച മാത്രമല്ല നാം കണ്ടിരിക്കുന്നത്, പിന്നെയോ ശാസ്ത്രവും ന്യായചിന്തയും ജനാധിപത്യവും സ്വതേ പുരോഗമിക്കുമെന്ന് സങ്കല്പിക്കപ്പെട്ടിരുന്ന മതേതര സമുദായത്തിന്റെ സ്വതവേയുള്ള സ്വാഭാവിക പുരോഗതിയുടെ തകർച്ചയും കണ്ടിരിക്കുന്നു. . . .ഇപ്പോൾ പുരോഗതിക്ക് ഉറപ്പ് നൽകപ്പെടുന്നില്ല. നമ്മൾ പ്രത്യാശിച്ചിരുന്ന ഭാവി തകർന്നിരിക്കുന്നു.” ദൈവത്തെ കൂടാതെ ഒരു മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാനുള്ള മനുഷ്യശ്രമങ്ങളിൽ ആശ്രയംവെച്ച അനേകരുടെ ശൂന്യതാവിചാരമിങ്ങനെയാണ്.
മതത്തിലുള്ള പുതു താത്പര്യം
ലോകവ്യാപകമായുള്ള യാഥാർത്ഥ്യ ദർശനത്തിന്റെ ഈ ബോധം പരമാർത്ഥികളായ അനേകർ തങ്ങളുടെ ജീവിതത്തിന് ഒരു ആത്മീയ വശത്തിന്റെ ആവശ്യം കാണാനിടയാക്കുന്നുണ്ട്. അവർ മതത്തിന്റെ ആവശ്യം കാണുന്നു. എന്നാൽ അവർ മുഖ്യധാരാസഭകളിൽ അസംതൃപ്തരാണ്, ചിലർക്ക് രോഗശാന്തിമതങ്ങൾ, കരിസ്മാററിക് സമൂഹങ്ങൾ, അലൗകിക മതവിഭാഗങ്ങൾ എന്നിവയും സാത്താന്യാരാധനാസമൂഹങ്ങൾ പോലും ഉൾപ്പെടെയുള്ള പുതിയ മതങ്ങളെസംബന്ധിച്ച് സംശയങ്ങളുമുണ്ട്. മതഭ്രാന്തും അതിന്റെ വികൃതമായ തല ഉയർത്തുന്നുണ്ട്. അതുകൊണ്ട്, ഉവ്വ്, ഒരു തരത്തിൽ, മതം ഒരു തിരിച്ചുവരുവു നടത്തുകയാണ്. എന്നാൽ മതത്തിലേക്കുള്ള അങ്ങനെയുള്ള ഒരു മടങ്ങിവരവ് മനുഷ്യവർഗ്ഗത്തിന് ഗുണകരമായ ഒരു സംഗതിയാണോ? തീർച്ചയായും, ഏതെങ്കിലും മതം മനുഷ്യവർഗ്ഗത്തിന്റെ ആത്മീയാവശ്യങ്ങൾക്ക് ഉത്തരമാകുന്നുണ്ടോ? (w91 12⁄1)
[3-ാം പേജിലെ ചിത്രം]
“മതം മർദ്ദിതമമനുഷ്യന്റെ നെടുവീർപ്പാണ്, ഒരു ഹൃദയശൂന്യമായ ലോകത്തിന്റെ വികാരമാണ്, അന്തഃസത്ത ഇല്ലാത്ത അവസ്ഥയുടെ അന്തഃസത്തയാണ്. അത് ജനങ്ങളെ മയക്കുന്ന കറുപ്പാണ്.”
[കടപ്പാട്]
Photo: New York Times, Berlin—33225115
[4-ാം പേജിലെ ചിത്രം]
വ്ളാഡിമിർ ലെനിനും (മുകളിൽ) കാൾമാക്സും മതത്തെ മനുഷ്യപുരോഗതിക്ക് ഒരു തടസ്സമായി കണ്ടു
[കടപ്പാട്]
Musée d’Histoire Contemporaine—BDIC (Universitiés de Paris)
[5-ാം പേജിലെ ചിത്രം]
മാർക്സിസ്ററ്-ലെനിനിസ്ററ് പ്രത്യയശാസ്ത്രം ദശലക്ഷക്കണക്കിനാളുകളുടെ ഹൃദയങ്ങളിൽ ഉയർന്ന പ്രത്യാശകളുണർത്തിയിരുന്നു
[കടപ്പാട്]
Musée d’Histoire Contemporaine—BDIC (Universitiés de Paris)
[2-ാം പേജിലെ ചിത്രങ്ങളുടെ കടപ്പാട്]
Cover photo: Garo Nalbandian