“പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിലേക്ക് സ്വാഗതം
“നോക്കൂ! അന്ധകാരം തന്നെ ഭൂമിയെയും കൂരിരുൾ ദേശീയ സംഘങ്ങളെയും മൂടും.” (യെശയ്യാവ് 60:2, NW) ആ വാക്കുകൾ ഇന്ന് എത്ര സത്യമാണ്! ഏതുതരം ആരാധന ദൈവത്തെ പ്രസാദിപ്പിക്കും എന്ന കാര്യത്തിൽ വ്യാജമതം ആളുകളെ ഇരുട്ടിലാക്കിയിരിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ വ്യവസ്ഥിതിയുടെ ദൈവമായ സാത്താൻ “അവിശ്വാസികളുടെ മനസ്സുകൾ കുരുടാക്കിയിരിക്കുന്നു.”—2 കൊരിന്ത്യർ 4:4.
യഹോവയുടെ സാക്ഷികൾ സാത്താനാൽ അന്ധരാക്കപ്പെട്ടവരിൽ നിന്ന് തികച്ചും വ്യത്യസ്തരാണ്. “നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാക്കും,” എന്ന യെശയ്യാപ്രവാചകന്റെ വാക്കുകൾ അവർക്ക് ബാധകമാക്കാൻ കഴിയും. (യെശയ്യാവ് 60:2) ഇരുട്ടിൽ നിന്ന് ദൈവത്തിന്റെ അത്ഭുതപ്രകാശത്തിലേക്ക് കടന്നു വന്നിട്ടുള്ളതിൽ അവർ എത്ര നന്ദിയുള്ളവരാണ്! അക്ഷരീയമായി അന്ധരായിരിക്കുന്നവർക്കുപോലും സത്യം കാണാൻ കഴിയത്തക്കവണ്ണം മനസ്സിനെ പ്രകാശിപ്പിക്കുന്ന ദൈവവചനത്തിലെ സത്യം ഒരു ആത്മീയ പ്രകാശമാണ്.
തീർച്ചയായും, സഹായം ആവശ്യമാണ്. ദൈവത്താൽ നൽകപ്പെട്ടിരിക്കുന്ന സഹായം പ്രയോജനപ്പെടുത്താതെ കേവലം ബൈബിൾ വായിക്കുക മാത്രം ചെയ്യുന്ന ഒരാൾ ആ പ്രകാശം തിരിച്ചറിയാൻ സാദ്ധ്യതയില്ല. അതുകൊണ്ടാണ് മത്തായി 24:45-47-ൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യെ യഹോവയാം ദൈവം പ്രദാനം ചെയ്തിരിക്കുന്നത്. ഇന്ന് ആ “അടിമ” യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. ആ സംഘത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിലാണ് “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.
ഫിലിപ്പ്യർ 2:15-ലെ പൗലോസിന്റെ വാക്കുകളോടുള്ള ചേർച്ചയിൽ മെച്ചപ്പെട്ട പ്രകാശ വാഹകരായിരിക്കാൻ യഹോവയുടെ ജനത്തെയെല്ലാം സഹായിക്കുക എന്നതാണ് ഈ കൺവെൻഷന്റെ ലക്ഷ്യം. അവിടെ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കാൻ” ക്രിസ്ത്യാനികൾ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു.—മത്തായി 5:14, 16.
ഐക്യനാടുകളിൽ “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളുടെ പരമ്പര ജൂൺ 5, വെള്ളിയാഴ്ച ആരംഭിക്കാൻ പട്ടികപ്പെടുത്തിയിരിക്കുന്നു. രാവിലെ 10:20ന്, ഒരു സംഗീതപരിപാടി, തുടർന്ന് നടക്കാൻ പോകുന്ന ആത്മീയ പരിപാടിക്കുവേണ്ടി സജ്ജരായി ഹൃദയത്തിന്റെയും മനസ്സിന്റെയും ശരിയായ അവസ്ഥയിലായിരിക്കുന്നതിന് സകലരെയും സഹായിക്കും. ഓരോ ദിവസത്തിനും അതിന്റെതായ വിഷയമുണ്ട്. വെള്ളിയാഴ്ചത്തെ വിഷയം “പ്രകാശവും സത്യവും പുറപ്പെടുവിക്കുക” എന്നതാണ്.—സങ്കീർത്തനം 43:3, NW.
വെള്ളിയാഴ്ച രാവിലെ “പ്രകാശ വാഹകർ—എന്തുദ്ദേശ്യത്തിൽ?” എന്ന മുഖ്യവിഷയ പ്രസംഗം വിശേഷവൽക്കരിക്കപ്പെടും. തീർച്ചയായും, ക്രിസ്ത്യാനികൾ പ്രകാശ വാഹകരായിരിക്കുന്നത് എന്തെങ്കിലും വ്യക്തിപരമായ, സ്വാർത്ഥ ലക്ഷ്യത്തോടെയല്ല. മറിച്ച്, മുഖ്യ പ്രകാശ വാഹകനായ യേശുക്രിസ്തു എന്തു കാരണങ്ങളാൽ ഭൂമിയിലേക്കു വന്നുവോ അതേ കാരണങ്ങളാൽ അവർ സേവിക്കുന്നു, അതായത്, സത്യത്തിന് സാക്ഷ്യം വഹിക്കുന്നതിനും സ്രഷ്ടാവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നതിനും. ഉചിതമായും യേശു തന്നെപ്പററിത്തന്നെ ഇപ്രകാരം പറഞ്ഞു: “ഞാൻ ലോകത്തിലിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചമാകുന്നു.” (യോഹന്നാൻ 9:5) അപ്രകാരം അവന്റെ കാലടികളെ അടുത്തു പിൻപററാൻ അവൻ നമുക്ക് ഒരു മാതൃക വച്ചിരിക്കുന്നു. (1 പത്രോസ് 2:21) ആദ്യ ദിവസം ഉച്ചകഴിഞ്ഞ് യോശിയാരാജാവിനെ സംബന്ധിച്ച് ഒരു പ്രസംഗവും ഒരു നാടകവും വിശേഷവൽക്കരിക്കപ്പെടും, അത് യുവജനങ്ങൾക്ക് വിശേഷാൽ താൽപ്പര്യജനകമായിരിക്കും.
ശനിയാഴ്ചത്തെ വിഷയം “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു . . . നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ” (NW) എന്നതാണ്. (മത്തായി 5:14, 16) രാവിലത്തെ പരിപാടിയുടെ സവിശേഷത “നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കൽ” എന്ന പേരിലുള്ള ഒരു സിമ്പോസിയമായിരിക്കും. യഹോവക്ക് സമർപ്പണം നടത്തിയിട്ടുള്ളവർക്ക് സ്നാപനമേൽക്കാനുള്ള അവസരമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞുള്ള പരിപാടിയിൽ “ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിൻമേലും വെളിപ്പാടിൻമേലും വെളിച്ചം വീശൽ” എന്ന വിജ്ഞാനപ്രദമായ ഒരു സിമ്പോസിയം ഉണ്ടായിരിക്കും.
കൺവെൻഷന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ദിവസത്തേക്കുള്ള വിഷയം “വെളിച്ചത്തിന്റെ മക്കളായി നടക്കുന്നതിൽ തുടരുക” എന്നതാണ്. (എഫേസ്യർ 5:8, NW) രാവിലത്തെ പരിപാടിയിൽ “ക്രിസ്തീയ ഭവനത്തിൽ അന്യോന്യം പരിഗണന കാണിക്കൽ” എന്ന പേരിൽ കുടുംബ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചുള്ള ഒരു സിമ്പോസിയം ഉണ്ടായിരിക്കും. കൂടാതെ ദൈവത്തിനും ക്രിസ്തുവിനും കീഴ്പ്പെട്ടിരിക്കുക എന്നതിന്റെ അർത്ഥം വിശദീകരിക്കുന്ന ഒരു പ്രസംഗവും ഉണ്ടായിരിക്കും.
“ലോകത്തിന്റെ പ്രകാശത്തെ അനുഗമിക്കുക” എന്ന പേരിലുള്ള പരസ്യപ്രസംഗത്തോടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൺവെൻഷൻ അതിന്റെ പരകോടിയിലെത്തും. ഈ പ്രസംഗത്തിൽ യോഹന്നാൻ 1:1-16-ന്റെ ഒരു ചർച്ചയുണ്ടായിരിക്കും. യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ബൈബിൾ പരിജ്ഞാനത്തിന്റെ ആവശ്യകതയെ അതു എടുത്തുകാണിക്കും. “പ്രകാശത്തിൽ നടക്കുന്നത് തുടരുക” എന്ന ശക്തമായ ആഹ്വാനത്തോടെ കൺവെൻഷൻ സമാപിക്കും.
തന്റെ ദൃശ്യ സ്ഥാപനത്തിലൂടെ യഹോവ നൽകുന്ന ഈ ആത്മീയ വിരുന്നിനോട് വിലമതിപ്പ് കാണിക്കുക. വെള്ളിയാഴ്ച രാവിലത്തെ പ്രാരംഭഗീതം മുതൽ ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള സമാപന പ്രാർത്ഥനവരെ സന്നിഹിതരായിരിക്കുക. പ്രസംഗവേദിയിൽ നിന്ന് പറയപ്പെടുന്ന സകല കാര്യങ്ങൾക്കും അടുത്ത ശ്രദ്ധ നൽകുക. ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ഭാവി ഉപയോഗത്തിനുമായി കുറിപ്പുകൾ തയ്യാറാക്കുക. അവസാനമായി, സ്വമേധാ സേവനത്തിന്റെ എന്തെങ്കിലും രൂപത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ ആസൂത്രണം ചെയ്യുക. അപ്രകാരം നിങ്ങൾ സ്വീകരിക്കുന്നതിന്റെ അനുഗ്രഹം മാത്രമല്ല കൊടുക്കുന്നതിന്റെ അതിലും വലുതായ അനുഗ്രഹവും ആസ്വദിക്കും.—പ്രവൃത്തികൾ 20:35. (w92 5/1)