“പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ
ഏതാണ്ട് 2,700 വർഷം മുമ്പ്, പ്രവാചകനായ യെശയ്യാവു എഴുതി: “അന്ധകാരം ഭൂമിയെയും കൂരിരിട്ടു ജാതികളെയും മൂടുന്നു.” (യെശയ്യാവു 60:2) ആ വാക്കുകൾ എത്ര സത്യമെന്നു തെളിഞ്ഞിരിക്കുന്നു! എന്നിരുന്നാലും, വെളിച്ചം പ്രകാശിക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നതുകൊണ്ടു പ്രത്യാശയുണ്ട്. കഴിഞ്ഞവർഷം “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരാകാൻ ദൈവത്തിന്റെ പ്രകാശത്തെ സ്നേഹിക്കുന്നവരെ ഊഷ്മളമായി ക്ഷണിച്ചു.
കൺവെൻഷൻപരിപാടി ആദ്യമായി വടക്കേ അമേരിക്കയിൽ ജൂണിൽ അവതരിപ്പിച്ചു. തുടർന്നുവന്ന മാസങ്ങളിൽ, കിഴക്കൻ യൂറോപ്പിലും പശ്ചിമയൂറോപ്പിലും മദ്ധ്യഅമേരിക്കയിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും സമുദ്രദ്വീപുകളിലും അത് അവതരിപ്പിച്ചിരിക്കുന്നു. ഹാജരായവരുടെ എണ്ണം ലക്ഷങ്ങളായിരുന്നു. അവർ എത്ര സമൃദ്ധമായ ആത്മീയവിരുന്നാണ് ആസ്വദിച്ചിരിക്കുന്നത്!
“പ്രകാശവാഹകരായ നിങ്ങൾക്കെല്ലാം സ്വാഗതം!”
മിക്ക സ്ഥലങ്ങളിലും കൺവെൻഷൻ വെള്ളിയാഴ്ച ആരംഭിക്കുകയും ഞായറാഴ്ച ഉച്ചതിരിഞ്ഞു സമാപിക്കുകയും ചെയ്തു. കൺവെൻഷനു ഹാജരായവർ വെള്ളിയാഴ്ച രാവിലെ ഇരുപ്പിടങ്ങളിൽ ഇരുന്നപ്പോൾ ഈ അന്ത്യനാളുകളിൽ യഹോവയുടെ വെളിച്ചം പൂർവാധികം ശോഭനമായി പ്രകാശിച്ചിരിക്കുന്ന വിധത്തിന്റെ ഒരു അവലോകനം അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞു. പിന്നീടു കൺവെൻഷൻ അദ്ധ്യക്ഷൻ പ്രസംഗപീഠത്തിലേക്കു വന്നു. സത്യക്രിസ്ത്യാനികൾ പ്രകാശവാഹകരായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുകയും “പ്രകാശവാഹകരായ നിങ്ങൾക്കെല്ലാം സ്വാഗതം!” എന്ന് ഊഷ്മളമായി പ്രസ്താവിക്കുകയും ചെയ്തു. കൺവെൻഷൻപരിപാടി യഹോവയുടെ പ്രകാശം പ്രതിഫലിപ്പിക്കുന്നതിൽ തുടരുന്നതിനു പ്രതിനിധികളെ സഹായിക്കും.
മുഖ്യവിഷയപ്രസംഗം മുഴു കൺവെൻഷന്റെയും പൊതുസ്വഭാവം വ്യക്തമാക്കി. പണ്ട് ഏദെൻതോട്ടത്തിൽവെച്ചുതന്നെ മനുഷ്യവർഗ്ഗത്തിനു ദീപങ്ങൾ പൊലിഞ്ഞുപോയെന്ന് ഈ പ്രസംഗകൻ സമ്മേളിതരെ ഓർമ്മിപ്പിച്ചു. അന്നുമുതൽ, സാത്താൻ മനുഷ്യരെ സത്യത്തിന്റെ പ്രകാശംസംബന്ധിച്ച് അന്ധരാക്കിയിരിക്കുകയാണ്. (2 കൊരിന്ത്യർ 4:4) എന്നിരുന്നാലും, യേശു “ജാതികളുടെ പ്രകാശ”മായി വന്നു. (യെശയ്യാവു 42:1-6) അവൻ മതപരമായ അബദ്ധങ്ങളെ തുറന്നുകാട്ടുകയും ഇരുട്ടിന്റെ തെററായ പ്രവൃത്തികളെ തിരിച്ചറിയിക്കുകയും യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ചെയ്തു. യേശുവിന്റെ അനുഗാമികൾ അതുതന്നെ ചെയ്തു—ഇപ്പോഴും അവർ അതു ചെയ്യുന്നു! (മത്തായി 28:19, 20) പ്രസംഗകൻ ഉത്തേജകമായി ഇങ്ങനെ പറഞ്ഞു: ‘യേശുവിനെപ്പോലെ നമുക്കും പ്രകാശവാഹകരായിരിക്കാൻ കഴിയും. നമ്മുടെ നാളിൽ ഇതിനെക്കാൾ പ്രാധാന്യമുള്ള വേലയില്ല. ഇതിനെക്കാൾ വലിയ പദവിയില്ല.’
കൺവെൻഷന്റെ ആദ്യ സെഷൻ അവസാനിക്കാറായപ്പോൾത്തന്നെ ഒരു അതിശയമുണ്ടായി. കൺവെൻഷൻ ചെയർമാൻ പ്ലാററ്ഫോമിലേക്കു മടങ്ങിവരുകയും നാലു പുതിയ ലഘുലേഖകളുടെ ഒരു പരമ്പരയുടെ പ്രകാശനത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഈ വികാസത്തെ ഉത്സാഹപൂർവകമായ കരഘോഷം സ്വാഗതംചെയ്തു. ഓരോ ലഘുലേഖയുടെയും ഓരോ പ്രതി ഹാജരായിരുന്ന ഓരോ പ്രതിനിധിക്കും കൊടുത്തു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു കൺവെൻഷൻ പരിപാടി പ്രകാശവാഹകക്രിസ്ത്യാനികൾക്കുള്ള അടിസ്ഥാന ബുദ്ധ്യുപദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യത്തെ രണ്ടു പ്രസംഗങ്ങൾ ലോകാന്ധകാരത്താൽ മലിനപ്പെടുന്നതൊഴിവാക്കുന്നത് എങ്ങനെയെന്നു നല്ല ബുദ്ധ്യുപദേശം പ്രദാനംചെയ്തു. സാത്താന് ഒരു വെളിച്ചദൂതനായി പ്രത്യക്ഷപ്പെടാൻ കഴിയുന്നതിനാൽ ലോകത്തിലെ അശുദ്ധകാര്യങ്ങൾ നമ്മെ വഴിപിഴപ്പിക്കാതിരിക്കേണ്ടതിന് ഒരു ആത്മീയ വീക്ഷണം നിലനിർത്തുന്നതു മർമ്മപ്രധാനമാണ്. (2 കൊരിന്ത്യർ 11:14) പൗലോസ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നൻമയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) ഒരു ക്രിസ്ത്യാനിയുടെ രൂപാന്തരപ്പെടൽ തുടർച്ചയായ ഒരു പ്രക്രിയ ആണെന്നു കൺവെൻഷൻ പ്രതിനിധികൾ കേട്ടു. നാം ദൈവവചനം പഠിക്കുമ്പോഴും പഠിക്കുന്നതു ബാധകമാക്കുമ്പോഴും നമ്മുടെ മനസ്സുകൾ നിരന്തരം ശുദ്ധീകരിക്കപ്പെടുകയും കരുപ്പിടിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ നാം അധികമധികം യേശുവിനെപ്പോലെയായിത്തീരുന്നു, അവൻ “കൃപയും സത്യവും നിറഞ്ഞവനായി.”—യോഹന്നാൻ 1:14.
ഇളം പ്രകാശവാഹകർ
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒടുവിലത്തെ പകുതിയിൽ യുവാക്കളിലേക്കു ശ്രദ്ധ തിരിച്ചുവിട്ടു. ആദ്യത്തെ പ്രസംഗം (“യുവജനങ്ങളേ—നിങ്ങൾ എന്തു പിന്തുടരുന്നു?”) വിശ്വസ്തതയുടെ വളരെ നല്ല മാതൃകയായിരിക്കുന്ന യുവക്രിസ്ത്യാനികളെ അനുമോദിച്ചു. എന്നാൽ അവർ സാത്താന്റെ പ്രത്യേക ലക്ഷ്യമാണെന്ന് അത് അവരെ അനുസ്മരിപ്പിച്ചു. നല്ല പരിശീലനം കിട്ടിയ ഒരു കായികാഭ്യാസിക്കുപോലും ഒരു കോച്ച് ആവശ്യമാണ്. അതുപോലെതന്നെ, യുവജനങ്ങൾക്കു വെളിച്ചത്തിൽ തുടർന്നു നടക്കുന്നതിനു മാതാപിതാക്കളുടെയും സഭയുടെയും സഹായം ആവശ്യമാണ്.
യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യൽ എന്ന വിശിഷ്ടമായ നാടകം ഇതിനെ ദൃഢീകരിച്ചു, വെള്ളിയാഴ്ചത്തെ പരിപാടി അതോടെ പര്യവസാനിച്ചു. യോശീയാ രാജാവിന്റെ മാതൃകയാണു പ്രദീപ്തമാക്കപ്പെട്ടത്. ഒരു ബാലനായിരുന്നപ്പോൾത്തന്നെ അവൻ യഹോവയെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. അവനു ചുററും ചീത്ത സ്വാധീനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മഹാപുരോഹിതനായ ഹില്ക്കിയാവിന്റെ മാർഗ്ഗനിർദ്ദേശവും ദൈവത്തിന്റെ ന്യായപ്രമാണത്തോടുള്ള യോശീയാവിന്റെ സ്വന്തം സ്നേഹവും നിമിത്തം അവൻ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്തു. ഇന്നത്തെ യുവക്രിസ്ത്യാനികളും സമാനമായ ഒരു വിധത്തിൽ പ്രവർത്തിക്കട്ടെ.
വെളിച്ചം പ്രകാശിപ്പിക്കുക
രാത്രിവിശ്രമത്തിനുശേഷം, പ്രതിനിധികൾ കൂടുതലായി കെട്ടുപണിചെയ്യുന്ന തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം സ്വീകരിക്കാൻ തയ്യാറായി ശനിയാഴ്ച രാവിലെ കൺവെൻഷന് എത്തിച്ചേർന്നു. അവർ നിരാശിതരായില്ല. ദിനവാക്യപരിചിന്തനത്തിനുശേഷം, ഒരു ക്രിസ്ത്യാനിക്കു തന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ കഴിയുന്ന വ്യത്യസ്തവിധങ്ങൾ വിവരിക്കുന്ന ഒരു സിംപോസിയത്തോടെ പരിപാടി തുടർന്നു. (മത്തായി 5:14-16) പ്രസംഗം മർമ്മപ്രധാനമായ ഒരു വിധമാണ്. നല്ല നടത്തയും ഒരു പ്രധാനപങ്കു വഹിക്കുന്നു. പ്രസംഗകൻ പറഞ്ഞതുപോലെ, “പ്രസംഗം നാം വിശ്വസിക്കുന്നതെന്തെന്നു മററുള്ളവരെ അറിയിക്കുന്നു, എന്നാൽ സ്നേഹം അതു പ്രകടമാക്കുന്നു.”
ഒരു മർമ്മപ്രധാനമായ പ്രസംഗസഹായി പിന്നീടു സമ്മേളിതരുടെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ടു—ലഘുലേഖകൾ. തലേദിവസത്തെ അറിയിപ്പു മനസ്സിൽ തങ്ങിനിൽക്കവേതന്നെ ഈ ചെറിയ ഉപകരണങ്ങൾ എത്ര ശക്തമാണെന്നു തെളിയിക്കുന്ന അനുഭവങ്ങൾ പ്രതിനിധികൾ കേട്ടു. ഓരോ സന്ദർഭത്തിനുംവേണ്ടി ലഭ്യമായിരിക്കാൻ എല്ലാ സമയങ്ങളിലും കുറെ ലഘുലേഖകൾ എടുക്കാൻ പ്രതിനിധികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
പിന്നീട്, പ്രകാശം വഹിക്കുന്നതിൽ കഠിനവേല ചെയ്യുന്ന മുഴുസമയ രാജ്യഘോഷകരായ പയനിയർമാരിലേക്കു ശ്രദ്ധ തിരിച്ചു. കഠിനവേല ചെയ്യുന്ന നമ്മുടെ പയനിയർമാരെ നാം എത്ര വിലമതിക്കുന്നു! അവരുടെ എണ്ണം വർദ്ധിക്കുകയാണ്. കേവലം അടുത്ത കാലത്ത് ആരാധനാസ്വാതന്ത്ര്യം കിട്ടിയ ദേശങ്ങളിൽപോലും പയനിയർഅണികൾ പെരുകുകയാണ്. തങ്ങളുടെ പദവിയെ പ്രിയങ്കരമായി കരുതാൻ പയനിയർമാരെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ പയനിയറിംഗ് നടത്താത്തവരെ തങ്ങളുടെ സാഹചര്യം പരിഗണിക്കാൻ പ്രോത്സാഹിപ്പിച്ചു. ഒരുപക്ഷേ അവർക്കും മുഴുസമയ സേവനത്തിൽ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാൻ തങ്ങളുടെ കാര്യാദികൾ ക്രമീകരിക്കാൻ കഴിയും.
ഒരു പ്രകാശവാഹകനായിരിക്കുന്നതിൽ മിക്കപ്പോഴും ത്യാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, “ആത്മത്യാഗത്തിന്റെ ആത്മാവോടെ യഹോവയെ സേവിക്കൽ” എന്ന അടുത്ത പ്രസംഗത്തിൽ ഇത് ഊന്നിപ്പറയുകയുണ്ടായി. “നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ,” പൗലോസ് അഭ്യർത്ഥിച്ചു. (റോമർ 12:1) പീഡനം സഹിക്കുന്നവർ ആത്മത്യാഗപരമായ ഒരു ആത്മാവാണു പ്രകടമാക്കുന്നത്. പയനിയർമാർ മുഴുസമയസേവനത്തിൽ തുടരുന്നതിന് എല്ലാ ദിവസവും ത്യാഗങ്ങൾ അനുഷ്ഠിക്കുന്നു. തീർച്ചയായും, എല്ലാ സത്യക്രിസ്ത്യാനികളും ത്യാഗങ്ങൾ അനുഷ്ഠിക്കുന്നു, ഈ ലോകത്തിലെ സ്വാർത്ഥപരവും ഭൗതികത്വപരവുമായ വ്യാപാരങ്ങൾക്കു പകരം യഹോവയുടെ സേവനത്തിൽ ഏർപ്പെട്ടുകൊണ്ടുതന്നെ. അങ്ങനെയുള്ള ഒരു ഗതി യഹോവയിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങളിൽ കലാശിക്കുന്നു.
ആ പ്രസംഗം, തുടർന്നുനടന്ന സ്നാപനപ്രസംഗത്തിനു സമുചിതമായ ഒരു ആമുഖമായി ഉതകി. “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സ്നാപനമേററവർ തീർച്ചയായും ഈ പ്രസംഗം മറക്കുകയില്ല. അവരുടെ സ്നാപനം എല്ലായ്പ്പോഴും തങ്ങളുടെ ജീവിതത്തിലെ ഒരു സവിശേഷസംഗതിയായിരിക്കും. മുപ്പതാം വയസ്സിൽ സ്നാപനമേററ യേശുക്രിസ്തുവിന്റെ മാതൃകയാണ് അവർ അനുകരിക്കുന്നതെന്നു അവരെ ഓർമ്മിപ്പിച്ചു. മാത്രവുമല്ല, തങ്ങൾ “ഇരുട്ടിന്റെ പ്രവൃത്തികളെ ഉപേക്ഷിച്ചു” “യഹോവക്കു അടിമവേല” ചെയ്യാൻ തീരുമാനം ചെയ്തതായി ഓർമ്മിച്ചതിൽ സ്നാപനാർത്ഥികൾ സന്തുഷ്ടരായിരുന്നു. (റോമർ 12:11; 13:12, NW) അവർ സ്നാപനത്തിനു പോകുന്നതിനുമുമ്പു സന്തോഷപൂർവം കൺവെൻഷൻസദസ്സിന്റെ മുമ്പാകെ എഴുന്നേററുനിൽക്കുകയും കേൾക്കാവുന്നത്ര ശബ്ദത്തിൽ ഒരു പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. (റോമർ 10:10) “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ ജലസ്നാപനത്തിനു വിധേയമാകുകവഴി യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിയ സകലരുടെയുംമേൽ അവന്റെ അനുഗ്രഹമുണ്ടാകാൻ ഞങ്ങൾ പ്രാർഥിക്കുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു വെട്ടിത്തുറന്നുള്ള ചില മുന്നറിയിപ്പുകൾക്കുള്ള സമയം. ഇവ “അത്യാഗ്രഹത്തിന്റെ കെണികൾ ഒഴിവാക്കുക,” “ആരെങ്കിലും നിങ്ങളുടെ പ്രയോജനപ്രദമായ ശീലങ്ങൾ പാഴാക്കിക്കൊണ്ടിരിക്കുകയാണോ?” “സകല തരത്തിലുമുള്ള വിഗ്രഹാരാധനക്കുമെതിരെ ജാഗ്രതപുലർത്തുക” എന്നിങ്ങനെയുള്ള പ്രസംഗങ്ങളുടെ രൂപത്തിലാണു വന്നത്. ഈ മൂന്നു പ്രസംഗങ്ങൾ ഒരു ക്രിസ്ത്യാനിയെ ദുർബലനാക്കാൻ സാത്താൻ ഉപയോഗിക്കുന്ന ചില തന്ത്രങ്ങളെ തിരിച്ചറിയിച്ചു. ഈസ്കരിയോത്താ യൂദാ ഒരു അപ്പോസ്തലനായിരുന്നു, എന്നാൽ അവൻ പണം വാങ്ങിക്കൊണ്ടു യേശുവിനെ ഒററിക്കൊടുത്തു. ബാലനായ ശമുവേൽ യഹോവയുടെ ആരാധനയുടെ ദേശീയ കേന്ദ്രത്തിൽത്തന്നെയാണു വളർന്നത്, എന്നാൽ അവൻ ഗത്യന്തരമില്ലാതെ വളരെ ദുഷിച്ച കുറെ സഹവാസത്തിനു വിധേയനാക്കപ്പട്ടു. (1 ശമുവേൽ 2:12, 18-20) വിഗ്രഹരാധനയിൽ ലൈംഗികദുർമ്മാർഗ്ഗവും അത്യാഗ്രഹവുംപോലെയുള്ള കാര്യങ്ങൾ ഉൾപ്പെടാവുന്നതാണ്. (എഫെസ്യർ 5:5; കൊലൊസ്സ്യർ 3:5) അതേ, അത്യാഗ്രഹവും ദുഷിച്ച സഹവാസങ്ങളും വിഗ്രഹാരാധനയും അപകടകരമാണ്, ഒഴിവാക്കുകയും വേണം.
പിന്നീടു കൺവെൻഷൻപരിപാടിയുടെ മട്ടുമാറി. അടുത്ത പ്രസംഗം താത്പര്യജനകമായ നിരവധി ബൈബിൾചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്ക് ഉത്തരം നൽകുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, മഹോപദ്രവത്തിനു മുമ്പു സത്യം സ്വീകരിക്കാതെ മരിക്കുന്നവർക്കു പുനരുത്ഥാനം കിട്ടുമോയെന്നു നിങ്ങൾക്കു വിശദീകരിക്കാമോ? ഒരു അനുയോജ്യവിവാഹപങ്കാളിയെ കണ്ടെത്താൻ കഴിയാത്തപ്പോൾ ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാൻ കഴിയും? തങ്ങളുടെ ബൈബിൾപരിജ്ഞാനത്തെ ആഴമുള്ളതാക്കാൻ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) പൂർണ്ണമായി ഉപയോഗിക്കാൻ പ്രതിനിധികളെ പ്രോൽസാഹിപ്പിച്ചു, വിശേഷിച്ചു “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗം.
ക്രിസ്തുവിന്റെ സാന്നിദ്ധ്യവും വെളിപ്പാടും
“ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിൻമേലും വെളിപ്പാടിൻമേലും പ്രകാശംചൊരിയൽ” എന്ന സിംപോസിയത്തോടെ ശനിയാഴ്ചത്തെ പരിപാടിയുടെ സമാപനഭാഗം പ്രവചനത്തിലേക്കു തിരിഞ്ഞു. യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെ തെളിയിക്കുന്ന “അടയാള”ത്തിന്റെ സവിശേഷതകൾ പുനരവലോകനം ചെയ്യപ്പെട്ടു. (മത്തായി 24:3) രണ്ടാമത്തെ ഭാഗത്ത്, “വിശ്വസ്തനും വിവേകിയുമായ അടിമയുടെ” ആധുനികകാല പ്രവർത്തനങ്ങൾ ചർച്ചചെയ്തു. (മത്തായി 24:45-47) അടിമവർഗ്ഗം 1919 മുതൽ രാജ്യസുവാർത്താപ്രസംഗത്തിനു വിശ്വസ്തമായി നേതൃത്വം വഹിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. യഹോവയുടെ വെളിച്ചം പ്രതിഫലിപ്പിക്കുന്നതിൽ അഭിഷിക്ത ക്രിസ്ത്യാനികളോടു ചേരാൻ പിന്നീട് ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർത്തു. പ്രസംഗകൻ ഇങ്ങനെ ഉപസംഹരിച്ചു: “വിശ്വസ്തനും വിവേകിയുമായ അടിമയെ തീക്ഷ്ണമായി പിന്താങ്ങുന്നതിൽ സകലരും തുടരട്ടെ. ഇങ്ങനെ ചെയ്യുന്നതിനാൽ മാത്രമേ വളരെ താമസിയാതെ ചെമ്മരിയാടുതുല്യർക്കെല്ലാം ‘എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ’ എന്ന സന്തുഷ്ടവാക്കുകൾ കേൾക്കാൻ കഴിയൂ.”—മത്തായി 25:34.
അവസാന പ്രസംഗകൻ യേശുക്രിസ്തുവിന്റെ വെളിപ്പാടിന്റെ അർത്ഥവും വിവക്ഷകളും ചർച്ചചെയ്തു. (1 കൊരിന്ത്യർ 1:7) ആ വെളിപ്പാട് എന്തൊരു അനുഭവമായിരിക്കും! മഹാബാബിലോനെ നശിപ്പിക്കും. സാത്താന്റെ ലോകവും യേശുവും അവന്റെ ദൂതൻമാരും തമ്മിലുള്ള വലിയ യുദ്ധം ഈ വ്യവസ്ഥിതിയുടെ നാശത്തിൽ കലാശിക്കും. ഒടുവിൽ, സാത്താനെത്തന്നെ അഗാധത്തിലടയ്ക്കുകയും നിഷ്ക്രിയനാക്കുകയും ചെയ്യും. എന്നാൽ സ്വർഗ്ഗത്തിൽ കുഞ്ഞാടിന്റെ കല്യാണം നടക്കുന്നതോടെയും ഒരു പുതിയ ഭൂമി ആനയിക്കുന്നതോടെയും ദൈവജനത്തിന് ആശ്വാസം ലഭിക്കും. ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന പുതിയ ലഘുപത്രിക പ്രകാശനംചെയ്തുകൊണ്ടു പ്രസംഗകൻ സദസ്സിനെ സന്തോഷഭരിതമാക്കി. കരുതലുള്ള നമ്മുടെ സ്രഷ്ടാവിനെയും നമ്മേസംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യത്തെയും കുറിച്ച് അറിയേണ്ട ആവശ്യമുള്ള എളിയ വ്യക്തികൾക്ക് അത് എത്ര നല്ല സഹായമായിരിക്കും!
ക്രിസ്തീയ ഭവനങ്ങൾ
കൺവെൻഷന്റെ അവസാന ദിവസമായ ഞായറാഴ്ച സമാഗതമായി. എന്നിരുന്നാലും, ഇനിയും അവതരിപ്പിക്കാൻ വളരെയധികം ശേഷിച്ചിരുന്നു. ദിനവാക്യചർച്ചക്കുശേഷം, “ക്രിസ്തീയ ഭവനത്തിൽ അന്യോന്യം കരുതൽ” എന്ന സിംപോസിയത്തിൽ ക്രിസ്തീയ കുടുംബത്തിനു ശ്രദ്ധ കൊടുത്തു. ആദ്യഭാഗം ഒരു വിജയകരമായ ക്രിസ്തീയ കുടുംബമുണ്ടായിരിക്കുന്നതിന്റെ രഹസ്യം തിരിച്ചറിയുന്നതിനു സമ്മേളിതരെ സഹായിച്ചു: ആത്മീയ കാര്യങ്ങൾ ഒന്നാമതു വെക്കൽ. ഉൾപ്പെട്ടിരിക്കുന്നതു യോഗഹാജരോ വയൽസേവനമോ വിനോദമോ ആയാലും കാര്യങ്ങൾ ഒരുമിച്ചുചെയ്യാൻ രണ്ടാം ഭാഗം കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ചു. സിംപോസിയത്തിന്റെ മൂന്നാം ഭാഗം പ്രായമുള്ളവർക്കുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വവും പദവിയും പ്രതിനിധികളെ അനുസ്മരിപ്പിച്ചു. “പ്രായമേറിയ നമ്മുടെ സഹോദരീസഹോദരൻമാർ സഭക്ക് ഒരു ആസ്തിയാണ്,” പ്രസംഗകൻ പറഞ്ഞു. നമുക്ക് അവരുടെ അനുഭവപരിചയത്തെ വിലമതിക്കുകയും അവരുടെ നിർമ്മലതയെ അനുകരിക്കുകയും ചെയ്യാം.
അടുത്തതായി “സുബോധമുള്ളവർ” എന്ന പദപ്രയോഗത്തിന്റെ അർത്ഥം പരിശോധിക്കപ്പെട്ടു. (1 പത്രൊസ് 4:7) സുബോധമുള്ള ഒരാൾ സമനിലയും വിവേകവും ന്യായബോധവും താഴ്മയും യുക്തിബോധവുമുള്ളയാളാണ്. അയാൾക്കു തെററും ശരിയും സത്യവും വ്യാജവും തിരിച്ചറിയാൻ കഴിയും. മാത്രവുമല്ല, അയാൾ നല്ല ആത്മീയാരോഗ്യം നിലനിർത്താൻ കഠിനശ്രമം ചെയ്യുന്നു.
ഞായറാഴ്ച രാവിലത്തെ പരിപാടിയിലെ അവസാന പ്രസംഗം ദൈവത്തോടും ക്രിസ്തുവിനോടുമുള്ള നമ്മുടെ കീഴ്പ്പെടൽ ചർച്ചചെയ്തു. “യഹോവയാം ദൈവത്തോടും അവന്റെ പുത്രനായ ക്രിസ്തുവിനോടുമുള്ള വിശ്വസ്തകീഴ്പ്പെടലിന്റെ പ്രാധാന്യത്തെ എത്ര ഊന്നിപ്പറഞ്ഞാലും അധികമാകുകയില്ല,” പ്രസംഗകൻ പറഞ്ഞു. ഇതു നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം തുടർന്നുപറഞ്ഞു. കീഴ്പ്പെട്ടിരിക്കുന്നതിനു നമ്മെ എന്തു സഹായിക്കും? നാലു ഗുണങ്ങൾ സഹായിക്കും: സ്നേഹം, ദൈവികഭയം, വിശ്വാസം, താഴ്മ.
ഞായറാഴ്ച ഉച്ചതിരിഞ്ഞ്
ഞായറാഴ്ച ഉച്ചതിരിഞ്ഞു കൺവെൻഷന്റെ അന്തിമ സെഷന്റെ സമയം പെട്ടന്നു സമാഗതമായി. അനേകർക്കും കൺവെൻഷൻ തുടങ്ങിയതേയുള്ളൂ എന്നാണു തോന്നിയത്, പെട്ടെന്നുതന്നെ അതു സമാപനത്തോടടുത്തു.
പരസ്യപ്രസംഗത്തിന്റെ വിഷയം “ലോകത്തിന്റെ പ്രകാശത്തെ അനുഗമിക്കുക” എന്നതായിരുന്നു. ഹാജരായിരുന്നവർക്കു ജീവൻ നിലനിർത്തുന്നതിൽ ഭൗതികപ്രകാശത്തിനുള്ള പങ്കിന്റെ ഒരു വശ്യമായ വിശദീകരണം സമർപ്പിക്കപ്പെട്ടു. പിന്നീടു പ്രസംഗകൻ ആത്മീയപ്രകാശത്തിന്റെ കൂടിയ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഭൗതികപ്രകാശം നമ്മെ ഏതാനും ദശാബ്ദങ്ങളിലാണു ജീവനോടെ സൂക്ഷിക്കുന്നത്. എന്നാൽ ആത്മീയപ്രകാശത്തിനു നമ്മെ സകല നിത്യതയിലും ജീവനോടെ സൂക്ഷിക്കാൻ കഴിയും. പ്രസംഗത്തിന്റെ ഒരു സവിശേഷത യോഹന്നാൻ 1:1-16-ന്റെ വാക്യംപ്രതിയുള്ള ഒരു ചർച്ചയായിരുന്നു, അവിടെ യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. ഇന്ന്, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്തിമവർഷങ്ങളിൽ ഈ റോളിലുള്ള യേശുവിനെ അനുഗമിക്കുന്നത് എന്നെത്തേതിലും അടിയന്തിരമാണ്.
ആ വാരത്തിലേക്കു നിശ്ചയിച്ചിരുന്ന വീക്ഷാഗോപുര അദ്ധ്യയനഭാഗത്തിന്റെ ഒരു സംഗ്രഹത്തിനുശേഷം, സമാപനപ്രസംഗത്തിനുള്ള സമയമായി. സന്തോഷകരമായി, ഭാവിദിനങ്ങളിൽ നോക്കിപ്പാർത്തിരിക്കാൻ അനേകം കാര്യങ്ങളുണ്ടെന്നു പ്രസംഗകൻ പ്രഖ്യാപിച്ചു. ദൃഷ്ടാന്തത്തിന്, “തീക്ഷ്ണതയോടെ ദൈവത്തിന്റെ ഇഷ്ടം ചെയ്യൽ” എന്ന നാടകത്തിന്റെ ഓഡിയോകാസററിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചു. അതു മാത്രമല്ലായിരുന്നു. ബൈബിൾ—യാഥാർത്ഥ്യവും പ്രവചനവും അടങ്ങിയ ഒരു പുസ്തകം എന്ന അഭിധാനത്തിലുള്ള വീഡിയോകാസററുകളുടെ ഒരു പുതിയ പരമ്പര ഇറങ്ങാൻ പോകുകയായിരുന്നു, ആദ്യത്തേതു ബൈബിൾ—കൃത്യമായ ചരിത്രം, വിശ്വസനീയമായ പ്രവചനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.
ഒടുവിൽ, 1993-ൽ ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലും നടക്കുന്ന പ്രത്യേക അന്താരാഷ്ട്ര സംഗമങ്ങൾ ഉൾപ്പെടെ നാലു ദിവസത്തെ ഡിസ്ട്രിക്ററ് കൺവെൻഷനുകൾ ഉണ്ടായിരിക്കുമെന്നു പ്രസംഗകൻ അറിയിച്ചു. “പ്രകാശവാഹകർ” ഡിസ്ട്രിക്ട് കൺവെൻഷൻ അവസാനിക്കുകയായിരുന്നെങ്കിലും പ്രതിനിധികൾക്ക് അടുത്ത വർഷത്തേക്ക് ആസൂത്രണങ്ങൾ ചെയ്തുതുടങ്ങാൻ കഴിയുമായിരുന്നു.
കൺവെൻഷൻ പ്രതിനിധികൾക്കു വീട്ടിലേക്കു മടങ്ങാനുള്ള സമയമായി. തീർച്ചയായും, അന്ധകാരത്തിലമർന്ന ഈ ലോകത്തിൽ വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കാൻ അവർ പൂർവാധികം ദൃഢനിശ്ചയമുള്ളവരായിരുന്നു. ആത്മീയ നൻമകൾ നിറഞ്ഞ മൂന്നു ദിവസങ്ങൾക്കു ശേഷം അന്തിമപ്രസംഗത്തിൽ ഉദ്ധരിച്ച അവസാനത്തെ തിരുവെഴുത്തിന്റെ വാക്കുകൾക്കു വമ്പിച്ച പ്രാധാന്യം കൈവന്നു: “യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; . . . യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.”—സങ്കീർത്തനം 118:27, 29.
[15-ാം പേജിലെ ചിത്രം]
റഷ്യൻ ഭാഷയിൽ അച്ചടിച്ചിരിക്കുന്ന കൺവെൻഷൻ കാര്യപരിപാടി
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഭരണസംഘത്തിലെ അംഗങ്ങൾ അനേകം കൺവെൻഷനുകളിൽ പ്രസംഗിച്ചു
റഷ്യയിലെ സെൻറ് പീറേറഴ്സ്ബർഗ്ഗിൽ സമ്മേളിച്ചവരിൽ ജാപ്പനീസ് പ്രതിനിധികൾ ഉണ്ടായിരുന്നു
ഉത്തേജകമായ ഒരു ബൈബിൾ നാടകം യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു
പുതിയ പ്രകാശവാഹകർ സ്നാപനമേററുകൊണ്ടു യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി
സമ്മേളിതർ സെൻറ്പീറേറഴ്സ്ബർഗ്ഗിൽ പരിപാടിയിൽ ലയിച്ചിരിക്കുന്നു
[18-ാം പേജിലെ ചിത്രം]
“ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രിക കിട്ടിയതിൽ പ്രതിനിധികൾ പുളകിതരായി