മദ്യാസക്തിയോടുള്ള പോരാട്ടത്തിൽ വിജയിക്കൽ
“ജോലിക്കിടയിൽ, രാവിലെ ഏതാണ്ടു പത്തു മണിക്കു ഞാൻ ഒന്നു കുടിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങും. പന്ത്രണ്ടു മണിയോടുകൂടി കുടിക്കാൻ ഞാൻ ഒന്നു രണ്ടു വട്ടം പുറത്തു പോയിക്കഴിഞ്ഞിരിക്കും. മൂന്നു മണിയോടുകൂടി എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും. മറെറാരുവട്ടംകൂടി കുടിക്കുന്നതിനു ജോലിസമയം കഴിയാൻവേണ്ടി ഞാൻ നോക്കിയിരിക്കും. വീട്ടിലേക്കു പോകുന്നവഴി മിക്കവാറും ഒന്നുരണ്ടുവട്ടം കൂടി ഞാൻ കുടിക്കും. ഏഴു മണിയോടുകൂടി പിന്നെയും കുടിക്കണമെന്നു തോന്നും. കുടിക്കും, ബോധമററു കസേരയിൽനിന്നു താഴെ വീഴും, മൂത്രമൊഴിച്ചു പാൻറ്സൊക്കെ നനയ്ക്കും, അങ്ങനെ വെളുക്കുന്നതുവരെ ഞാൻ എന്റെ മൂത്രത്തിൽ കിടക്കും. ഇതിനെ വാരത്തിലെ 7 ദിവസംകൊണ്ടു ഗുണിക്കൂ; അതിനെ വർഷത്തിലെ 52 ആഴ്ചകൾ കൊണ്ടു ഗുണിക്കൂ; അതിനെ 29 വർഷങ്ങൾകൊണ്ടു ഗുണിക്കൂ.”
ഈ മനുഷ്യൻ ഒരു മദ്യാസക്തനാണ്. അയാൾ ഒററയ്ക്കല്ല. ഡോ. വേർനൺ ഇ. ജോൺസൻ പറയുന്നപ്രകാരം “ശാരീരികവും മാനസികവും മനഃശാസ്ത്രപരവും ആത്മീയവുമായി മുഴു വ്യക്തിയെയും ഉൾപ്പെടുത്തുന്ന” ഈ മാരകമായ അവസ്ഥയോടു ലോകവ്യാപകമായി ലക്ഷക്കണക്കിനാളുകളാണു പോരാടുന്നത്.a
മദ്യാസക്തിയെ ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയില്ല, മറിച്ച് ആജീവനാന്തം അതിൽനിന്നൊഴിഞ്ഞുനിൽക്കുന്ന ഒരു പരിപാടിയിലൂടെ അതിനെ തടയാൻ കഴിയുമെന്ന് അനേകം വിദഗ്ധർ പറയുന്നു. ഇത് ഒരു അന്യായമായ ആവശ്യം അല്ല, കാരണം മദ്യം ജീവിതത്തിന് അത്യാവശ്യമായ ഒന്നല്ല. വാസ്തവത്തിൽ, മദ്യത്തിന്റെ ദുരുപയോഗം ദൈവത്തിന്റെ അപ്രീതി കൈവരുത്തുന്നു. (1 കൊരിന്ത്യർ 6:9, 10) മദ്യാസക്തിക്കടിമയായി നിത്യജീവൻ നഷ്ടപ്പെടുത്തുന്നതിനെക്കാൾ ഭേദം മദ്യംകൂടാതെ ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കുന്നതാണ്.—മത്തായി 5:29, 30.
മദ്യദുരുപയോഗം വിട്ട് സ്വതന്ത്രനാകുന്നതു മിക്കപ്പോഴും വിഫലമായ ഒരു വെല്ലുവിളിയാണ്. (റോമർ 7:21-24 താരതമ്യം ചെയ്യുക.) സഹായിക്കാൻ എന്തിനു കഴിയും? ഞങ്ങൾ നേരിട്ടുള്ള ചില നിർദേശങ്ങൾ നൽകട്ടെ. നിങ്ങൾ മദ്യം ഒട്ടും ഉപയോഗിക്കുന്നില്ലെങ്കിലും ഈ നിർദേശങ്ങൾ വിജ്ഞാനപ്രദമായിരിക്കും, കൂടാതെ, മദ്യാസക്തിയോടു പോരാടുന്ന നിങ്ങളുടെ ഏതെങ്കിലും സുഹൃത്തിനെയോ ബന്ധുവിനെയോ സഹായിക്കാൻ നിങ്ങളെ ഇതു പ്രാപ്തരാക്കുകയും ചെയ്തേക്കാം.
നിങ്ങളെത്തന്നെയുള്ള ഒരു സത്യസന്ധമായ വീക്ഷണം
തരണംചെയ്യേണ്ട ഏററവും വലിയ തടസ്സങ്ങളിൽ ഒന്ന് ഒരു മദ്യാസക്തനാണെന്ന വസ്തുതയുടെ നിഷേധമാണ്. നിഷേധം അവിശ്വസ്തതയുടെ ഒരു വകഭേദമാണ്. അതു മദ്യപിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിന് ഉദ്ദേശ്യപൂർവമുള്ള ഒരു തെററായ ന്യായീകരണമാണ്. ‘എനിക്ക് അത്ര വലിയ പ്രശ്നമൊന്നുമില്ല, എനിക്കിപ്പോഴും കുടുംബമുണ്ട്, തൊഴിലുമുണ്ട്’ എന്നു നിങ്ങൾ ന്യായീകരിച്ചേക്കാം. ഏററവും പ്രധാനം നിങ്ങൾക്കിപ്പോഴും നിങ്ങളുടെ മദ്യപാനമുണ്ട് എന്നതാണ്.
നിഷേധം, നിങ്ങളെ സഹായിക്കാനാഗ്രഹിക്കുന്ന സുഹൃത്തുക്കളെ ശ്രദ്ധിക്കുന്നതിൽനിന്നു നിങ്ങളെ തടഞ്ഞേക്കാം. തന്റെ ഭാര്യയുടെ രണ്ടാനപ്പൻ അനാരോഗ്യകരമായ മദ്യപാനരീതികളും പരുക്കൻ പെരുമാററവും സ്വീകരിച്ചിരുന്നെന്നു റോബർട്ട് നിരീക്ഷിച്ചു. “ഏതാനും ദിവസങ്ങൾക്കുശേഷം ഞാൻ അയാളെ നേരിടുകയും അയാളുടെ മദ്യപാനം അയാളുടെ പെരുമാററത്തിനു കാരണമായിട്ടുണ്ടെന്നു വിചാരിക്കുന്നോ എന്നു ചോദിക്കുകയും ചെയ്തു.” ഫലമോ? “‘നിങ്ങൾക്കു തെളിവില്ലല്ലോ,’ ‘എനിക്കെങ്ങനെ അനുഭവപ്പെടുന്നെന്നു നിങ്ങൾക്കറിയില്ലല്ലോ’ എന്നിങ്ങനെ മറുപടി നൽകിക്കൊണ്ട് അയാൾ തീർത്തും നിഷേധിച്ചു.”
നിങ്ങളുടെ മദ്യപാനത്തെക്കുറിച്ചു വിചാരപ്പെടുന്ന ഒരു കുടുംബാംഗമോ സുഹൃത്തോ നിങ്ങളെ സമീപിക്കുന്നെങ്കിൽ നിങ്ങളെത്തന്നെ സത്യസന്ധമായി ഒന്നു വീക്ഷിക്കുക. (സദൃശവാക്യങ്ങൾ 8:33) മദ്യമില്ലാതെ നിങ്ങൾക്ക് ഒരു വാരമോ, ഒരു മാസമോ, അല്ലെങ്കിൽ ഏതാനും മാസങ്ങളോ കഴിഞ്ഞുകൂടാൻ സാധിക്കുമോ? കഴിയില്ലെങ്കിൽ അതെന്തുകൊണ്ട്? തെററായ ന്യായവാദംകൊണ്ടു സ്വയം വഞ്ചിക്കുന്ന മനുഷ്യനെപ്പോലെയായിരിക്കരുത്. യാക്കോബ് പറയുന്നു: “അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നു പോകുന്നു.”—യാക്കോബ് 1:22-25.
നിങ്ങളുടെ സൗഖ്യംപ്രാപിക്കൽ തുടങ്ങിക്കഴിഞ്ഞും നിങ്ങൾ നിഷേധം സൂക്ഷിക്കണം. ഇച്ഛാശക്തി മാത്രം പോരാ (Willpower’s Not Enough) എന്ന പുസ്തകം ഇങ്ങനെ വിവരിക്കുന്നു: “ആദ്യമായി വർജിക്കുന്ന വ്യക്തി, തനിക്ക് അതു കുറച്ചു നാളത്തേക്ക് ഉപയോഗിക്കാതിരിക്കാൻ ഒരുപക്ഷേ ആദ്യമായി കഴിഞ്ഞതുകൊണ്ടു താനിപ്പോൾ മോചിതനായിരിക്കുന്നുവെന്നു തെററായി വിശ്വസിച്ചേക്കാം.” ഇത് ആസക്തി മൂർധന്യാവസ്ഥയിലെത്തുമ്പോഴത്തെ ചിന്തയാണ്, പിൻമാററത്തിലേക്കുള്ള ആദ്യ പടിയുമാണ്. ഇത്തരം നിഷേധത്തെ ചെറുക്കാൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങൾ അതിനെ ഒററക്കു നേരിടാൻ ശ്രമിക്കരുത്.
സഹായം സ്വീകരിക്കുക
തനിക്ക് ഒററക്കു മദ്യാസക്തിയോടു പോരാടാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടു ലിയോ എന്നു നമുക്കു വിളിക്കാവുന്ന ഒരു മനുഷ്യൻ വിദഗ്ധ സഹായം തേടി. കുറച്ചു നാളത്തെ ഊർജിത ചികിത്സക്കുശേഷം അയാൾ സുഖംപ്രാപിക്കലിന്റെ പാതയിലെത്തി. വിദഗ്ധ സഹായം തേടുന്നതിന്റെ മൂല്യത്തെ എത്ര ഊന്നിപ്പറഞ്ഞാലും അധികമാകയില്ല എന്നു ലിയോ വിചാരിക്കുന്നു.b ഇത്തരം സഹായം തദ്ദേശീയമായി ലഭ്യമാണെങ്കിൽ അതിന്റെ പ്രയോജനം നേടാൻ തീരുമാനിക്കാവുന്നതാണ്.
എന്നിരുന്നാലും സൗഖ്യം പ്രാപിക്കുന്നതിൽ കേവലം വർജനത്തെക്കാൾ അധികം ഉൾപ്പെട്ടിട്ടുണ്ടെന്നു നിങ്ങൾ തിരിച്ചറിയണം. മദ്യാസക്തിക്കു പിന്നിൽ നിങ്ങൾ അഭിമുഖീകരിക്കേണ്ട ആഴമേറിയ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. അവയെ തഴയുന്നത് അപകടകരമായിരിക്കാം. ഡോ. ഷാർലററ് ഡേവിസ് കസിൽ എഴുതുന്നു: “ദുർവിനിയോഗം, ആശ്രയത്വം, അവഗണന എന്നീ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാഞ്ഞതിനാൽ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനു പതിന്നാലു പ്രാവശ്യംവരെ ചികിത്സ നടത്തിയിട്ടുള്ള ആളുകളെ ഞാൻ അഭിമുഖം നടത്തിയിട്ടുണ്ട്.”
ഇതു സത്യമെന്നു ഡെന്നീസ് കണ്ടെത്തി. “നിരവധി പ്രശ്നങ്ങളുള്ള ഒരു പരിമിത മദ്യാസക്തനായിരുന്നു ഞാൻ” എന്നദ്ദേഹം എഴുതുന്നു. “കുടി നിർത്തിയാൽ മാത്രം പോരായിരുന്നു. എന്റെ കഴിഞ്ഞ കാലത്തേക്കു ഞാൻ ഒന്നെത്തി നോക്കേണ്ടിയിരുന്നു, എന്റെ ബാല്യകാലത്തിലെ പാഠങ്ങൾ പരിശോധിക്കുകയും അവ എന്നെ എങ്ങനെ ബാധിക്കുന്നുവെന്നു മനസ്സിലാക്കുകയും ചെയ്തിട്ട് എന്റെ പെരുമാററത്തിൽ ചില മാററങ്ങൾ വരുത്തേണ്ടിയിരുന്നു.”
സമാനമായി, സൗഖ്യം പ്രാപിക്കേണ്ടതിന്, ലിയോയ്ക്കു തന്നിലേക്കുതന്നെ ആഴമായി നോക്കേണ്ടിയിരുന്നു. “ഞാൻ അങ്ങേയററം അസൂയാലുവും അക്രമാസക്തനുമായ വ്യക്തിയായിരുന്നു.” അദ്ദേഹം പറയുന്നു. “എനിക്ക് ആത്മാഭിമാനക്കുറവും ആഡംഭര വ്യാമോഹങ്ങളും മാറിമാറി ഉണ്ടായിക്കൊണ്ടിരുന്നു.” ലിയോ എഫെസ്യർ 4:22-ലെ ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കി: “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു”കൊൾവിൻ. അതേ, നിങ്ങളുടെ “മുമ്പിലത്തെ നടപ്പു” നിങ്ങളുടെ വ്യക്തിത്വത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചാന്തു മൂശയോട് അനുരൂപപ്പെടുന്നതുപോലെ നിങ്ങളുടെ വ്യക്തിത്വം ഭാഗികമായി നിങ്ങളുടെ മുൻകാല ജീവിതത്താൽ രൂപപ്പെടുത്തപ്പെട്ടിരിക്കയാണ്. തെററായ നടത്ത മാററുമ്പോൾ എന്താണ് അവശേഷിക്കുന്നത്? ഒരുപക്ഷേ, വളരെ വർഷങ്ങളായി രൂപപ്പെടുത്തിയെടുത്ത ഒരു വ്യക്തിത്വം. അതുകൊണ്ട്, സൗഖ്യം പ്രാപിക്കുന്നതിൽ, നിങ്ങളുടെ മുൻകാല പെരുമാററഗതിയോട് അനുരൂപപ്പെടുന്ന പഴയ വ്യക്തിത്വത്തിനു മാററം വരുത്തുന്നതും ഉൾപ്പെടുന്നു.
ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുക
ലിയോയുടെ സൗഖ്യം പ്രാപിക്കലിൽ ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതും ഉൾപ്പെട്ടിരുന്നു. “യഹോവയിൽ ആശ്രയിക്കാനുള്ള എന്റെ പഠനം എന്റെ മനോഭാവത്തെയും പെരുമാററത്തെയും വീക്ഷണത്തെയും പൂർണമായി മാററിക്കളഞ്ഞു” അയാൾ പറയുന്നു.
എന്നുവരികിലും ജാഗ്രത ഉചിതമാണ്. ഏതു ബന്ധത്തിനും—മനുഷ്യനുമായുള്ളതിനോ ദൈവവുമായുള്ളതിനോ—തുറന്ന മനോഭാവവും സത്യസന്ധതയും വിശ്വാസവും ആവശ്യമാണ്. മദ്യാസക്തി ദ്രവിപ്പിച്ചുകളയുന്ന ഗുണങ്ങൾ തന്നെയാണിവ. അവ വളർത്തിയെടുക്കാൻ കഴിയും. എന്നാൽ അതിനു സമയമെടുക്കും.
ഒരു മദ്യാസക്തനെന്ന നിലയിൽ ഒരു ഗാഢബന്ധം എങ്ങനെ അനുഭവപ്പെടുമെന്നു നിങ്ങൾക്കറിയില്ലായിരിക്കാം. അങ്ങനെയൊന്നു നിങ്ങൾ ഒരുപക്ഷേ ഒരിക്കലും അനുഭവിച്ചിട്ടില്ലായിരിക്കാം. അതുകൊണ്ടു ക്ഷമയുള്ളവനായിരിക്കുക. വർജനത്തിന്റെ താനേയുണ്ടാകുന്ന ഒരു ഉപോത്പന്നമായി ദൈവവുമായുള്ള ബന്ധം സാധിതമാകുമെന്നു പ്രതീക്ഷിച്ച് ഈ പടി സ്വീകരിക്കുന്നതിൽ ധൃതി കാട്ടരുത്. ദൈവത്തെയും അവിടുത്തെ ഗുണങ്ങളെയും മനസ്സിലാക്കാൻ നല്ല ശ്രമം നടത്തുക. ഒരുപക്ഷേ, യഹോവയെയും അവിടുത്തെ വഴികളെയുംകുറിച്ച് അഗാധമായ വിലമതിപ്പിൻ വികാരങ്ങൾ പ്രകടമാക്കുന്ന ബൈബിളിലെ സങ്കീർത്തനങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകൊണ്ടു ക്രമമായി ധ്യാനിക്കുക.c
“അത്യന്തശക്തി”
ദൈവത്തോടുള്ള വിശ്വസ്തമായ, ഉറച്ച ഒരു ബന്ധത്തിനു നിങ്ങളുടെമേൽ ശക്തമായ ഒരു സ്വാധീനമുണ്ടായിരിക്കാൻ കഴിയും. സൗഖ്യം പ്രാപിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ പിന്താങ്ങും. (സങ്കീർത്തനം 51:10-12; 145:14 എന്നിവ താരതമ്യം ചെയ്യുക.) അവിടുന്നു നിങ്ങൾക്ക് “അത്യന്തശക്തി” നൽകുമെന്ന ബോധ്യത്തോടെ ഏതു സമയത്തും നിങ്ങൾക്കു യഹോവയെ വികാരതീക്ഷ്ണമായ പ്രാർഥനയിൽ സമീപിക്കാവുന്നതാണ്.—2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:6, 7.
നിങ്ങളുടെ ഘടന ഏതു മനുഷ്യനെക്കാളും നന്നായി സ്രഷ്ടാവിനറിയാം. (സങ്കീർത്തനം 103:14) മനുഷ്യജ്ഞാനത്തിൽ ആശ്രയിക്കുന്ന മാനുഷിക ഉപദേശകർക്കു സഹായിക്കാൻ കഴിയും; എന്നാൽ മമനുഷ്യന്റെ സ്രഷ്ടാവിനു നിങ്ങളെ ഈ പോരാട്ടത്തിൽ എത്രയധികം സഹായിക്കാൻ കഴിയും! (യെശയ്യാവു 41:10; 48:17, 18) അവിടുന്നു ക്രിസ്തീയ സഭക്കുള്ളിൽ സ്നേഹപൂർവകമായ പിന്തുണ പ്രദാനം ചെയ്തിരിക്കുന്നു.
ഒരു പിന്താങ്ങൽ പദ്ധതി
ക്രിസ്തീയ സഭയിലെ ആത്മീയ പക്വതയുള്ള മൂപ്പൻമാർക്കു സഹായത്തിന്റെ ഒരു മഹത്തായ ഉറവിടമായിരിക്കാൻ കഴിയും. അവരിൽ വളരെച്ചുരുക്കം പേരേ വൈദ്യശാസ്ത്ര രംഗത്തോ മാനസികാരോഗ്യ രംഗത്തോ വിദഗ്ധരെന്ന് അവകാശപ്പെടുകയുള്ളു. എങ്കിലും അവർ ദൈവവചനവും ദൈവ തത്ത്വങ്ങളും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവർക്ക് “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവുമായി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു വമ്പാറയുടെ തണൽപോലെയും” എന്നു തെളിയിക്കാൻ കഴിയും. (യെശയ്യാവു 32:2) അവരുടെ സഹായത്തെ പൂർണമായി പ്രയോജനപ്പെടുത്തുക.d
മററു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഇത്തരം ക്രിസ്തീയ മൂപ്പൻമാർ നിങ്ങളുടെ സ്വന്തം പ്രവൃത്തികളുടെ പരിണതഫലങ്ങളിൽനിന്നു നിങ്ങളെ സംരക്ഷിക്കുകയില്ല. മദ്യപാനത്തിൽനിന്നുള്ള മുക്തി (Coming Off Drink) എന്ന പ്രസിദ്ധീകരണം വിശദീകരിക്കുന്നു: “നിർണായക ചികിത്സാഘടകം ആസക്തിയുടെ വിനാശകരമായ പരിണതഫലങ്ങളോടുകൂടിയ മദ്യപാനാസക്തരെ നേരിടുകയും തങ്ങളുടെ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറെറടുക്കാൻ സഹായിക്കുകയുമാണ്.” അതുകൊണ്ട്, മദ്യാസക്തിക്കെതിരെയുള്ള നിങ്ങളുടെ പോരാട്ടത്തിൽ വിജയിക്കുന്നതിനു യാഥാർഥ്യത്തെ നേരിടാനും ആവശ്യമായിരിക്കുന്ന ചികിത്സയോടും പെരുമാററഗതിയോടും പററിനിൽക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ ദയാലുക്കളും എന്നാൽ സത്യസന്ധരുമായിരിക്കും.
സൗഖ്യം പ്രാപിക്കൽ നിങ്ങളുടെ ഉത്തരവാദിത്വമാണ്
മററുള്ളവരിൽനിന്നുള്ള പിന്തുണയുടെ പ്രയോജനം നിങ്ങൾ അനുഭവിക്കവെ, യാതൊരു മനുഷ്യനോ ആത്മാവിനോ നിങ്ങളുടെ സൗഖ്യം പ്രാപിക്കലിനെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നു നിങ്ങൾ അറിയേണ്ടതുണ്ട്. നിങ്ങൾ ഒരു സ്വതന്ത്രനായ ധാർമിക വ്യക്തിയാണ്. നിങ്ങളുടെ സൗഖ്യം പ്രാപിക്കൽ ആത്യന്തികമായി നിങ്ങളുടെ ഉത്തരവാദിത്വമാണ്. (ഉൽപ്പത്തി 4:7; ആവർത്തനം 30:19, 20; ഫിലിപ്പിയർ 2:12 എന്നിവ താരതമ്യം ചെയ്യുക.) ആ ഉത്തരവാദിത്വം ഏറെറടുക്കുക, അപ്പോൾ യഹോവ നിങ്ങളെ അനുഗ്രഹിക്കും. ഒന്നു കൊരിന്ത്യർ 10:13-ൽ നമുക്കിങ്ങനെ ഉറപ്പു നൽകുന്നു: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” അതുകൊണ്ട്, ആശ്വസിച്ചുകൊൾക—മദ്യാസക്തിയോടുള്ള പോരാട്ടത്തിൽ നിങ്ങൾക്കു വിജയിക്കാൻ കഴിയും.
[അടിക്കുറിപ്പ്]
a മദ്യാസക്തനെ നാം പുരുഷനായി കണക്കാക്കുമെങ്കിലും ഇവിടത്തെ തത്ത്വങ്ങൾ മദ്യാസക്തരായ സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്.
b സഹായം നൽകാൻ കഴിയുന്ന നിരവധി ചികിത്സാ കേന്ദ്രങ്ങളും ആശുപത്രികളും സുഖംപ്രാപിക്കുന്നതിനുള്ള മററു പദ്ധതികളും ഉണ്ട്. വീക്ഷാഗോപുരം ഏതെങ്കിലും ഒരു പ്രത്യേക ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നില്ല. തിരുവെഴുത്തുപരമായ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും നടപടികളിൽ ഉൾപ്പെട്ടുപോകാതിരിക്കാൻ ഒരുവൻ ശ്രദ്ധചെലുത്തേണ്ടതുണ്ട്. എങ്ങനെയായാലും അന്തിമ അവലോകനത്തിൽ, ഏതുതരം ചികിത്സയാണു തനിക്കു വേണ്ടതെന്ന് ഓരോരുത്തരും തീരുമാനിക്കണം.
c സങ്കീർത്തനങ്ങൾ 8, 9, 18, 19, 24, 51, 55, 63, 66, 73, 77, 84, 86, 90, 103, 130, 135, 139, 145 എന്നിവ ചില ഉദാഹരണങ്ങളാണ്.
d മൂപ്പൻമാർക്കു സഹായകരമായ മാർഗനിർദേശങ്ങൾ 1983 മെയ് 1-ലെ ദ വാച്ച്ടവറിന്റെ 8-11 പേജുകളിൽ കാണാവുന്നതാണ്.
[24-ാം പേജിലെ ചതുരം]
ഒരുപക്ഷേ, നിങ്ങൾ മദ്യാസക്തിയുളവാക്കിയ അധഃപതനവും കഷ്ടപ്പാടും അനുഭവിക്കുകയായിരിക്കാം. അങ്ങനെയെങ്കിൽ നിങ്ങൾ പ്രതീക്ഷ വിട്ടുകളയരുത്. സഹായം ലഭ്യമാണ്.
[26-ാം പേജിലെ ചതുരം]
നിങ്ങൾക്കൊരു പിൻമാററം ഉണ്ടായാൽ
“ഒരു പിൻമാററത്തിനുവേണ്ടി തയ്യാറായിരിക്കുന്നത് അഗ്നിബാധയിൽനിന്നു രക്ഷപ്പെടുന്നതിനുള്ള പരിശീലനം പോലെയാണ്” എന്ന് ഇച്ഛാശക്തി മാത്രം പോരാ എന്ന പുസ്തകം പറയുന്നു. “നിങ്ങൾ ഒരു അഗ്നിബാധ പ്രതീക്ഷിക്കുന്നുണ്ടെന്നല്ല, എന്നാൽ അങ്ങനെയൊന്നു സംഭവിച്ചാൽ ഉത്തരവാദിത്വപൂർവമായ നടപടിയെടുക്കാൻ നിങ്ങൾ സജ്ജനാണെന്ന് അതർഥമാക്കും.” നിങ്ങൾക്കൊരു പിൻമാററം ഉണ്ടാകുകതന്നെ ചെയ്താൽ:
□ യഹോവയോടു പ്രാർഥിക്കുക. അവിടുന്നു നിങ്ങളുടെ പ്രശ്നം മനസ്സിലാക്കുന്നുവെന്നും സഹായിക്കാനാഗ്രഹിക്കുന്നുവെന്നും ഉറപ്പുണ്ടായിരിക്കുക.—സങ്കീർത്തനം 103:14; യെശയ്യാവു 41:10.
□ ആവശ്യം വന്നാൽ നിങ്ങൾ ആരുമായി ബന്ധപ്പെടും എന്നു മുൻകൂട്ടി തീരുമാനിച്ചുകൊണ്ട് ഒരു ക്രിസ്തീയ മൂപ്പനെ പൂർണമായി വിശ്വസിക്കുക. സംഭവിച്ചതു സംബന്ധിച്ചു സത്യസന്ധനായിരിക്കുകയും തിരുവെഴുത്തുപരമായ അദ്ദേഹത്തിന്റെ ഉപദേശം ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യുക.
□ നിരാശപ്പെടുന്നതിനെതിരെ ജാഗരിക്കുക. സ്വയം വെറുക്കുന്നതു പൂർണമായ പിൻമാററത്തിലേക്കു നിങ്ങളെ കൂടുതൽ അടുപ്പിക്കുകയേ ഉള്ളു. അതുകൊണ്ടു നിങ്ങളുടെ പിശകിനെ ഉചിതമായ വീക്ഷണത്തിൽ നിർത്തുക. ഒരു പോരാട്ടത്തിൽ തോററതിനാൽ നിങ്ങളുടെ യുദ്ധം പരാജയപ്പെട്ടെന്ന് അർഥമില്ല. ഒരു മാരത്തോൺ ഓട്ടക്കാരൻ വീഴുമ്പോൾ അയാൾ സ്ററാർട്ടിങ് ലൈനിലേക്കു മടങ്ങുന്നില്ല; അയാൾ എഴുന്നേററ് ഓട്ടം തുടരുന്നു. നിങ്ങളുടെ സൗഖ്യം പ്രാപിക്കലിലും ഇതുതന്നെ ചെയ്യുക. നിങ്ങളിപ്പോഴും റോഡിലാണ്. ഒഴിഞ്ഞുനിന്ന ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ ഒരിക്കലും ഇല്ലാതായിപ്പോകുന്നില്ല.
[25-ാം പേജിലെ ചിത്രം]
നിങ്ങളെത്തന്നെ സത്യസന്ധമായി അടുത്തു വീക്ഷിച്ചുകൊണ്ടു നിഷേധത്തെ ചെറുക്കുക