വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ആത്മികൻ” എന്ന് 1 കൊരിന്ത്യർ 14:37-ൽ കാണുന്നതിന്റെ അർഥം, അഭിഷേകം ചെയ്യപ്പെട്ടവനെന്ന നിലയിൽ ഒരു വ്യക്തിക്കു പരിശുദ്ധാത്മാവു ലഭിച്ചെന്നാണോ അതോ അയാൾക്ക് ആത്മാവിൽനിന്നുള്ള ഒരു അത്ഭുതവരം ഉണ്ടെന്നാണോ?
തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ (New World Translation of the Holy Scriptures) ഈ വാക്യം ഇങ്ങനെ വായിക്കുന്നു: “താൻ ഒരു പ്രവാചകനെന്നോ ആത്മാവിന്റെ വരം ലഭിച്ചവനെന്നോ ഒരുവൻ വിചാരിക്കുന്നെങ്കിൽ, ഞാൻ നിങ്ങൾക്കെഴുതുന്നത് അയാൾ അംഗീകരിക്കട്ടെ, എന്തെന്നാൽ അവ കർത്താവിന്റെ കൽപ്പനയാകുന്നു.”—1 കൊരിന്ത്യർ 14:37.
“ആത്മാവിന്റെ വരം ലഭിച്ചവ”ൻ എന്ന വാചകത്തെ ഒരു വായനക്കാരൻ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ആത്മാവു പ്രാപിച്ച് ദൈവത്തിന്റെ ആത്മീയ മക്കളായിത്തീർന്നുവെന്ന വസ്തുതയുടെ പരാമർശമായി കണക്കാക്കിയേക്കാം. അല്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക ദാനം ലഭിച്ചവനെയാണ് ഈ വാചകം അർഥമാക്കുന്നതെന്നു കരുതിയേക്കാം. ഇതിന്റെ പശ്ചാത്തലം പ്രകടമാക്കുന്നപ്രകാരം, ഈ രണ്ടാമത്തെ അർഥത്തിനാണ് ഏറെ സാധ്യത.
അപ്പോസ്തലനായ പൗലോസ് ഇവിടെ “ആത്മാവ്, ആത്മീയ എന്നിവയോടു ബന്ധപ്പെട്ടത്” എന്ന അടിസ്ഥാന അർഥമുള്ള ന്യൂമാററിക്കോസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചു. “ആത്മീയ ശരീരം,” “ആധ്യാത്മിക അനുഗ്രഹ”ങ്ങൾ “ആത്മികമായ . . . ജ്ഞാനം,” “ആത്മികഗൃഹം” എന്നീ വർണനകളിൽ അതിന്റെ വകഭേദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.—1 കോറി. 15:44, ഓശാന ബൈ.; എഫേസോസുകാർ 1:3, ഓശാന ബൈ.; കൊലൊസ്സ്യർ 1:9; 1 പത്രൊസ് 2:5.
അവിടെയെല്ലാം, ബൈബിൾ “ആത്മീയ” എന്ന വിശേഷണപദം വർണിക്കുന്ന ആഖ്യ എന്താണെന്നു (ശരീരം, അനുഗ്രഹം, ജ്ഞാനം, ഗൃഹം) വ്യക്തമാക്കുന്നു. എന്നാൽ മററുള്ളിടങ്ങളിൽ, “ആത്മീയ” എന്നതിന്റെ അർഥവും ശരിയായ വിവർത്തനവും പശ്ചാത്തലത്തിൽനിന്നു നിർണയിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, 1 കൊരിന്ത്യർ 2:14, 15 ഭൗതിക മമനുഷ്യന്റെ മനോഭാവത്തിനും ഹോ ന്യൂമാററിക്കോസനും തമ്മിൽ വൈപരീത്യം കൽപ്പിക്കുന്നു. ഇവിടെ ന്യായാനുസരണം, ന്യൂമാററിക്കോസന്റെ അർഥം “ആത്മീയ മനുഷ്യൻ” എന്നാണ്.
ഒന്നു കൊരിന്ത്യർ 12 മുതൽ 14 വരെയുള്ള അധ്യായങ്ങൾ പരിശുദ്ധാത്മാവിന്റെ അത്ഭുത ദാനങ്ങളെ കേന്ദ്രീകരിച്ചു പ്രതിപാദിക്കുന്നു. ജഡിക ഇസ്രയേലിനെ താൻ മേലാൽ ഉപയോഗിക്കുന്നില്ലെന്നും മറിച്ച് ക്രിസ്തീയമായ “ദൈവത്തിന്റെ യിസ്രായേലി”നെയാണ് ഇപ്പോൾ അനുഗ്രഹിക്കുന്നതെന്നും പ്രകടമാക്കുന്നതിനു ദൈവം അവ ചില ആദിമ ക്രിസ്ത്യാനികൾക്കു നൽകി. (ഗലാത്യർ 6:16) ഈ ദാനങ്ങളെക്കുറിച്ചു പൗലോസ് ഇങ്ങനെ എഴുതി: “വരങ്ങൾ വിവിധങ്ങൾ എങ്കിലും ആത്മാവ് ഒന്നേയുള്ളു.” (1 കോറി. 12:4, ഓശാന ബൈ.) പ്രത്യേക ജ്ഞാനം, അറിവ്, വിശ്വാസം, പ്രവചിക്കൽ, അന്യഭാഷയിൽ സംസാരിക്കൽ, ഭാഷകൾ വ്യാഖ്യാനിക്കൽ എന്നിവ ആത്മാവിന്റെ ദാനങ്ങളിൽ പെട്ടവയായിരുന്നു.—1 കൊരിന്ത്യർ 12:8-11.
പൗലോസ് എഴുതിയ കൊരിന്തിലെ ക്രിസ്ത്യാനികൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരായിരുന്നു. പൗലോസ് പറഞ്ഞു: “നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 6:11; 12:13) അതേ, “വരാനുള്ളതിന്റെ അച്ചാരമായ ആത്മാവ്” എല്ലാവർക്കും ലഭിച്ചിരുന്നു. (2 കൊരിന്ത്യർ 5:5, NW) എന്നിരുന്നാലും, പരിശുദ്ധാത്മാവിലൂടെ ഒരു വിശേഷപ്പെട്ട ദാനം അവരിൽ എല്ലാവർക്കും കിട്ടിയില്ല. അന്യഭാഷാസംസാരം അനേകരുടെ മനം കവർന്നതായി തോന്നുന്നു, കാരണം ആ ദാനത്തിന് അവർ അമിത പ്രാധാന്യം കൽപ്പിച്ചിരുന്നു. അവരുടെ ചിന്തയെ നേർവഴിക്കു കൊണ്ടുവരുന്നതിനു പൗലോസ് അവർക്കെഴുതുകയും പ്രവചനവരംകൊണ്ടു പ്രയോജനം നേടുന്നടത്തോളം പേർ അന്യഭാഷാവരംകൊണ്ടു പ്രയോജനം നേടുകയില്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. പന്ത്രണ്ടാം അധ്യായത്തിന്റെ അവസാനം പൗലോസ് കൊരിന്ത്യരെ ഇങ്ങനെ ഉപദേശിച്ചു: “ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ.”—1 കൊരിന്ത്യർ 12:28-31.
പിന്നീട്, 14-ാമധ്യായത്തിന്റെ തുടക്കത്തിൽ അദ്ദേഹം ഇങ്ങനെ പ്രേരിപ്പിച്ചു: “സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! [ടാ ന്യൂമാററിക്കാ]കളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.” എന്തു വാഞ്ഛിക്കണം? ആ ക്രിസ്ത്യാനികൾ ആത്മീയാഭിഷേകത്തിനു വാഞ്ഛിക്കേണ്ടതില്ലായിരുന്നു, കാരണം അത് അവർക്ക് അപ്പോൾത്തന്നെയുണ്ടായിരുന്നു. യുക്തിപരമായി, വാഞ്ഛിക്കാൻ താൻ 12-ാമധ്യായത്തിന്റെ ഒടുവിൽ അവരോട് ഉപദേശിച്ച ആത്മീയ “ദാനങ്ങ”ളെയാണ് പൗലോസ് അർഥമാക്കിയത്. അതുകൊണ്ട്, തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം 1 കൊരിന്ത്യർ 14:1 “ആത്മീയ ദാനങ്ങൾ ഉത്സാഹപൂർവം തേടുന്നതിൽ തുടരുക” എന്നു പരിഭാഷപ്പെടുത്തുന്നു. ഇവിടത്തെ ടാ ന്യൂമാററിക്കായെ മററു ബൈബിൾ ഭാഷാന്തരങ്ങൾ “ആത്മീയ ദാനങ്ങൾ,” അഥവാ “ആത്മാവിന്റെ ദാനങ്ങൾ” എന്നു വിവർത്തനം ചെയ്യുന്നു.
പൗലോസ് 14-ാമധ്യായത്തിന്റെ അവസാനത്തോടടുത്ത് പ്രവചിക്കലും ന്യൂമാററിക്കോസ തമ്മിൽ ബന്ധിപ്പിക്കുന്നതായി ഈ പശ്ചാത്തലത്തിൽ നാം മനസ്സിലാക്കുന്നു. ഒന്നാമത്തെ വാക്യത്തിലെപ്പോലെ, ആത്മാവിന്റെ ദാനം ലഭിച്ചവൻ എന്ന് അദ്ദേഹം അർഥമാക്കിയെന്നു സന്ദർഭം സൂചിപ്പിക്കുന്നു. ആർ.എഫ്. വേമത്തിന്റെ പുതിയനിയമം ആധുനിക ഭാഷയിൽ (The New Testament in Modern Speech) “ആരെങ്കിലും ഒരു പ്രവാചകനെന്നോ ആത്മീയ ദാനങ്ങളുള്ള മനുഷ്യനെന്നോ സ്വയം കണക്കാക്കുന്നെങ്കിൽ ഞാൻ ഇപ്പോൾ എഴുതുന്നതു കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ അംഗീകരിക്കട്ടെ” എന്നു വിവർത്തനം ചെയ്യുന്നു.
അതേ, പ്രവചനവരമുണ്ടായിരുന്നാലും ശരി ആത്മാവിന്റെ മറേറതെങ്കിലും ദാനമുണ്ടായിരുന്നാലും ശരി, സകല ക്രിസ്ത്യാനികളും സഭയിൽ കാര്യങ്ങൾ എങ്ങനെ നടക്കണമെന്നതു സംബന്ധിച്ചു പൗലോസ് എഴുതിയ ബുദ്ധ്യുപദേശം സ്വീകരിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.