രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ജീവന്റെ പവിത്രതയോടുള്ള ആദരവ്
ദൈവത്തിന്റെ ദൃഷ്ടിയിൽ രക്തം വിലപ്പെട്ടതാണെന്നും അതിന്റെ ദുരുപയോഗം അവിടുന്നു കുററം വിധിക്കുന്നതാണെന്നും ബൈബിൾ പ്രകടമാക്കുന്നു. (ലേവ്യപുസ്തകം 17:14; പ്രവൃത്തികൾ 15:19, 20, 28, 29) ഈ ബൈബിൾ നിർദേശങ്ങൾ ഹേതുവായി യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചകൾ സ്വീകരിക്കുന്നില്ല.
ഇക്കാര്യത്തിലുള്ള യഹോവയുടെ സാക്ഷികളുടെ മതപരമായ നിലപാടു മനസ്സിലാക്കാനും സാക്ഷികൾ പകരചികിത്സാവിധികൾ സ്വീകരിക്കുമെന്നതിനെ വിലമതിക്കാനും ഡോക്ടർമാരെയും ആശുപത്രിജോലിക്കാരെയും സഹായിക്കാൻ വാച്ച് ടവർ സൊസൈററി വ്യത്യസ്ത രാജ്യങ്ങളിൽ ഹോസ്പിററൽ ലെയ്സൺ കമ്മിററികൾ (HLC) സംഘടിപ്പിച്ചിട്ടുണ്ട്. ഈ കമ്മിററികളിലെ അംഗങ്ങൾ ചികിത്സാരംഗത്തെ പ്രമുഖരുമായി സംസാരിക്കാൻ ആശുപത്രികൾ സന്ദർശിക്കുന്നു. ഈയിടെ, മുഖ്യമായും ക്ലിനിക്കുകളുടെയോ ആശുപത്രി വാർഡുകളുടെയോ മേധാവികളായിട്ടുള്ള 500-ലധികം ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടു പോളണ്ടിലെ 12 നഗരങ്ങളിൽ 200-ലധികം യോഗങ്ങൾ നടത്തപ്പെട്ടു. പിൻവരുന്ന സംഭവം അത്തരം ഒരു സന്ദർശനത്തിൽ സംഭവിച്ചതാണ്:
സാബഴായിൽ നടന്ന കാർഡിയോ-സർജിക്കൽ ക്ലിനിക്കിലെ യോഗം ഒരു വലിയ നേട്ടമായിരുന്നു. 1986 മുതൽ ആ ക്ലിനിക്കിലെ ഡോക്ടർമാരുടെ സംഘം നമ്മുടെ സഹോദരൻമാരെ രക്തം കൂടാതെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനോടകം, അത്തരത്തിലുള്ള 40 ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. പോളണ്ടിന്റെ ഏതു ഭാഗത്തുനിന്നും വിദേശത്തുനിന്നും രോഗികളെ പ്രവേശിപ്പിക്കാൻ പ്രസ്തുത ക്ലിനിക്ക് തയ്യാറാണ്. ഒരു 50 മിനിററു സമയമെടുത്ത ചർച്ചയ്ക്കുശേഷം ഒരു വാർഡിന്റെ ഉപമേധാവി എച്ച്എൽസി അംഗങ്ങളെ ഒരു കൂട്ടം രോഗികൾക്കു പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഈ ആളുകൾ യഹോവയുടെ സാക്ഷികളാണ്. ഞങ്ങളുടെ ക്ലിനിക്കുമായി അവർ സഹകരിക്കുന്നു, ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു. അവരുടെ സഹവിശ്വാസികൾ മാത്രമല്ല മറെറല്ലാ രോഗികളും അവരുടെ സഹായത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നു. യഹോവയുടെ സാക്ഷികൾ നിമിത്തം, സങ്കീർണമായ ഹൃദയശസ്ത്രക്രിയ രക്തം കൂടാതെ നടത്താൻ കഴിയുമെന്നു ഞങ്ങൾക്കു ബോധ്യം വന്നിരിക്കുന്നു.
“‘ഉദാഹരണത്തിന്, [തന്റെ രോഗികളിൽ ഒരാളെ ചൂണ്ടിക്കൊണ്ട്] രക്തം കൂടാതെ ഈ സ്ത്രീക്കു ഞങ്ങൾ ശസ്ത്രക്രിയ നടത്തി, തിങ്കളാഴ്ച അവർ വീട്ടിലേക്കു മടങ്ങുകയാണ്. മുമ്പത്തെക്കാൾ വിരളമായേ ഞങ്ങൾ രക്തം ഉപയോഗിക്കുന്നുള്ളൂ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്, കാരണം അത് അപകടകരമാണ്. എച്ച്ഐവി, ഹെപ്പറൈറററിസ്, രോഗസൗഖ്യത്തിനുള്ള നീണ്ടകാലതാമസം എന്നിവയുമായി അതു ബന്ധപ്പെട്ടുകിടക്കുന്നു.
“‘ഞാൻ ഒരു കത്തോലിക്കനാണ്, എന്നാൽ ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലായ്പോഴും മററുള്ളവരുടെ വീക്ഷണങ്ങളോടു സഹിഷ്ണുതയുള്ളവരായിരുന്നിട്ടുണ്ട്. ഒരു ദിവസം ഞാൻ എന്റെ കുട്ടികളോടൊപ്പം ഷ്ളോൺസ്കി സ്റേറഡിയംവഴി പോയി. മുമ്പ്, ഈ സ്റേറഡിയം അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ അതു തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിരിക്കുന്നതായി ഞങ്ങൾ ശ്രദ്ധിച്ചു. ഈ മാററം വന്നതെങ്ങനെയെന്നു ഞാൻ ജോലിക്കാരിൽ ഒരാളോടു ചോദിച്ചു. മാനേജ്മെൻറിനു സ്റേറഡിയം നന്നാക്കാനാകുമെന്ന പ്രതീക്ഷതന്നെ നശിച്ചിരിക്കെ അതു യഹോവയുടെ സാക്ഷികൾക്കു വാടകയ്ക്കു കൊടുത്തു. അവരാണ് അതു പുത്തനാക്കി മാററിയത് എന്ന് അയാൾ പറഞ്ഞു.
“‘അതുകൊണ്ട്, നമുക്കെല്ലാവർക്കും ഏറെ പഠിക്കാൻ കഴിയുന്ന ഒരു ജനമാണ് ഇവർ. ഈ വാർഡിൽ നാം മററുള്ളവരുടെ വീക്ഷണങ്ങളോടു സഹിഷ്ണുതയുള്ളവരായിരിക്കണം എന്നാണു ഞാൻ വിചാരിക്കുന്നത്.’ എന്നിട്ട്, ഏതാനും ദിവസത്തിനകം ശസ്ത്രക്രിയക്കു വിധേയമാകാനിരുന്ന ഒരു സാക്ഷിയെ ചൂണ്ടിക്കൊണ്ട് അയാൾ ഇങ്ങനെ പറഞ്ഞു: ‘ഈ സ്ത്രീ യഹോവയുടെ സാക്ഷികളിൽ ഒരുവളാണ്, രക്തം കൂടാതെയായിരിക്കും ഞങ്ങൾ അവരുടെ ശസ്ത്രക്രിയ നടത്തുക.’”
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങൾ മററുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നില്ല, അതേസമയം അവർ അപ്പോസ്തലൻമാരുടെ മാതൃക പിൻപററുകയും “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 5:29) രക്തത്തോട് ആദരവുണ്ടായിരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഈ വിഷയത്തിൽ തങ്ങളുടെ മതപരമായ ബോധ്യങ്ങളെ മററുള്ളവർ ആദരിക്കുമ്പോൾ അവർ അതു വിലമതിക്കുന്നു.