വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“പിതാവില്ലാത്ത ആൺകുട്ടി” എന്ന പരാമർശം മിക്കപ്പോഴും ബൈബിളിലുള്ളതുകൊണ്ട്, പെൺകുട്ടികളോടുള്ള അവഗണനയെ ഇതു സൂചിപ്പിക്കുന്നുണ്ടോ?
തീർച്ചയായും ഇല്ല.
മാതാപിതാക്കളില്ലാത്ത കുട്ടികളോടുള്ള ദൈവത്തിന്റെ താത്പര്യം പ്രകടമാക്കുന്ന ധാരാളം വാക്യങ്ങളിൽ, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം “പിതാവില്ലാത്ത ആൺകുട്ടി” എന്ന പദപ്രയോഗം ഉപയോഗിക്കുന്നു. ഇസ്രായേലിനു നൽകിയ നിയമങ്ങളിൽ ദൈവം ഈ താത്പര്യം വ്യക്തമാക്കി.
ദൃഷ്ടാന്തത്തിന്, ദൈവം ഇപ്രകാരം പ്രസ്താവിച്ചു: “ഏതെങ്കിലും വിധവയെയോ പിതാവില്ലാത്ത ആൺകുട്ടിയെയോ ജനങ്ങളായ നിങ്ങൾ ക്ലേശിപ്പിക്കരുത്. നിങ്ങൾ അവനെ ക്ലേശിപ്പിക്കുകയും, അവൻ എന്നോടു നിലവിളിക്കുകയും ചെയ്താൽ, ഞാൻ വീഴ്ച കൂടാതെ അവന്റെ നിലവിളി കേൾക്കും; എന്റെ കോപം തീർച്ചയായും ജ്വലിക്കുകയും ഞാൻ നിങ്ങളെ വാൾകൊണ്ടു കൊല്ലുകയും ചെയ്യും. നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ പുത്രൻമാർ പിതാവില്ലാത്ത ആൺകുട്ടികളുമായിത്തീരും.” (പുറപ്പാട് 22:22-24, NW) “നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല. അവൻ അനാഥർക്കും വിധവമാർക്കും [“പിതാവില്ലാത്ത ആൺകുട്ടിക്കും വിധവയ്ക്കും,” NW] ന്യായം നടത്തിക്കൊടുക്കുന്നു.”—ആവർത്തനപുസ്തകം 10:17, 18; 14:29; 24:17; 27:19.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്, “പിതാവില്ലാത്ത കുട്ടി” അഥവാ “അനാഥ ശിശു” എന്നൊക്കെയാണു പല ബൈബിൾ ഭാഷാന്തരങ്ങളിലും ഈ വാക്യങ്ങൾ വായിക്കപ്പെടുന്നത്. എന്നാൽ അത്തരം പരിഭാഷകൾ, (യാഥോം) എന്ന അടിസ്ഥാന എബ്രായ പദത്തിന്റെ സ്വഭാവത്തെ അവഗണിക്കുകയാണു ചെയ്യുന്നത്, ആ എബ്രായ പദം പുല്ലിംഗമാണ്. മറിച്ച്, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം, സങ്കീർത്തനം 68:5-ലേതുപോലെ, “പിതാവില്ലാത്ത ആൺകുട്ടി(കൾ)” എന്ന കൃത്യമായ പരിഭാഷ ഉപയോഗിക്കുന്നു. ആ വാക്യം വായിക്കുന്നത് ഇങ്ങനെയാണ്: “തന്റെ വിശുദ്ധ നിവാസത്തിലെ ദൈവം പിതാവില്ലാത്ത ആൺകുട്ടികളുടെ പിതാവും വിധവമാരുടെ ന്യായാധിപനും ആകുന്നു.” അടിസ്ഥാന എബ്രായ പദത്തിന്റെ അതേ അർഥത്തെ അടിസ്ഥാനമാക്കി സങ്കീർത്തനം 68:11-ലെ ഒരു ക്രിയയുടെ സ്ത്രീലിംഗം ഇങ്ങനെ വായിക്കുന്നതിനെ ശുപാർശ ചെയ്യുന്നു: “സുവാർത്ത പറയുന്ന സ്ത്രീകൾ വലിയോരു സൈന്യമാകുന്നു.”a
യാഥോം എന്നതിന്റെ മുഖ്യപരിഭാഷ “പിതാവില്ലാത്ത ആൺകുട്ടി” എന്നാണെങ്കിൽപ്പോലും, ഇതു മാതാപിതാക്കളില്ലാത്ത പെൺകുട്ടികളോടുള്ള അവഗണനയെ സൂചിപ്പിക്കുന്നതായി കരുതരുത്. ഉദ്ധരിച്ചിരിക്കുന്ന ഭാഗങ്ങളും മററു ഭാഗങ്ങളും, സ്ത്രീകൾക്കുവേണ്ടി, വിധവമാർക്കുവേണ്ടി കരുതാൻ ദൈവജനം പ്രോത്സാഹിപ്പിക്കപ്പെട്ടതായി പ്രകടമാക്കുന്നു. (സങ്കീർത്തനം 146:9; യെശയ്യാവു 1:17; യിരെമ്യാവു 22:3; സെഖര്യാവു 7:9, 10; മലാഖി 3:5) സെലോഫഹാദിന്റെ പിതാവില്ലാത്ത പുത്രിമാർക്ക് ഒരു അവകാശം ഉറപ്പുവരുത്തിയ നീതിന്യായ തീരുമാനത്തെ സംബന്ധിച്ച ഒരു വിവരണവും ദൈവം ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തി. സമാനമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആ തീരുമാനം ഒരു നിയമമായിത്തീർന്നു, അങ്ങനെ പിതാവില്ലാത്ത പെൺകുട്ടികളുടെ അവകാശങ്ങൾ മാനിക്കപ്പെട്ടു.—സംഖ്യാപുസ്തകം 27:1-8.
കുട്ടികളോടു ദയ കാണിക്കുന്നതിൽ ലിംഗവ്യത്യാസം നോക്കി യേശു വിവേചനം പ്രകടമാക്കിയില്ല. പകരം നാം ഇങ്ങനെ വായിക്കുന്നു: “അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യൻമാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ, അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.”—മർക്കൊസ് 10:13-16.
“ശിശുക്കൾ” എന്ന് ഇവിടെ ഭാഷാന്തരം ചെയ്തിരിക്കുന്ന ഗ്രീക്കുപദം നപുംസകലിംഗമാണ്. ഈ പദം “ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കുന്നു” എന്ന് ഒരു പ്രശസ്ത ഗ്രീക്ക് നിഘണ്ടുകാരൻ പറയുന്നു. എല്ലാ കുട്ടികളോടും, ആൺകുട്ടികളോടും പെൺകുട്ടികളോടും, യഹോവയ്ക്കുള്ളതിനു തുല്യമായ താത്പര്യത്തെ യേശു പ്രതിഫലിപ്പിക്കുകയായിരുന്നു. (എബ്രായർ 1:3; ആവർത്തനപുസ്തകം 16:14; മർക്കൊസ് 5:35, 38-42 താരതമ്യപ്പെടുത്തുക.) “പിതാവില്ലാത്ത ആൺകുട്ടിക”ളെ കരുതുന്നതു സംബന്ധിച്ച് എബ്രായ തിരുവെഴുത്തുകളിലുള്ള ആ ബുദ്ധ്യുപദേശം, മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ ഇല്ലാത്ത എല്ലാ കുട്ടികളെയും സംബന്ധിച്ചു നാം എപ്രകാരം കരുതലുള്ളവരായിരിക്കണം എന്ന ബുദ്ധ്യുപദേശത്തിനു തുല്യമാണെന്നു മനസ്സിലാക്കണം.
[അടിക്കുറിപ്പ്]
a യഹൂദ താനാക്ക് ഇപ്രകാരം വായിക്കുന്നു: “കർത്താവ് കൽപ്പന തരുന്നു; വാർത്ത കൊണ്ടുവരുന്ന സ്ത്രീകൾ ഒരു വലിയ സംഘമാകുന്നു.”