“പിതാവില്ലാത്ത ബാലന്മാ”രിൽ സ്നേഹപൂർവകമായ താത്പര്യം കാട്ടുവിൻ
1 യഹോവ “പിതാവില്ലാത്ത ബാലന്മാർക്കു പിതാവാകുന്നു.” (സങ്കീ. 68:5, NW) അവരുടെ ക്ഷേമത്തിലുള്ള അവന്റെ താത്പര്യം പുരാതന ഇസ്രായേൽ ജനതയ്ക്കു നൽകിയ ഈ കൽപ്പനയിൽ പ്രതിഫലിക്കുന്നുണ്ട്: “വിധവയെയും അനാഥനെയും [“പിതാവില്ലാത്ത ബാലനെയും,” NW] നിങ്ങൾ ക്ലേശിപ്പിക്കരുതു. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും.” (പുറ. 22:22, 23) അത്തരക്കാരെ അവരുടെ ഭൗതികാവശ്യങ്ങളിൽ സഹായിക്കാനുള്ള ക്രമീകരണവും ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തിയിരുന്നു. (ആവ. 24:19-21) ക്രിസ്തീയ ക്രമീകരണത്തിൽ, “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്ന”തിന് സത്യാരാധകരെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. (യാക്കോ. 1:27) മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ളതോ മതപരമായി വിഭജിതമോ ആയ കുടുംബങ്ങളിൽ വളർന്നു വരുന്നവരോടുള്ള യഹോവയുടെ സ്നേഹപൂർവകമായ താത്പര്യം നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
2 ആത്മീയ പരിശീലനം: നിങ്ങൾ ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആണെങ്കിൽ, നിങ്ങളുടെ ഇണ അവിശ്വാസിയാണെങ്കിൽ, കുട്ടികളോടൊപ്പം ക്രമമായ ഒരു ബൈബിൾ അധ്യയനം നടത്തുന്നതു നിങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ആയിരുന്നേക്കാം. എന്നാൽ സമനിലയും പക്വതയും ഉള്ള വ്യക്തികളായി അവർ മുതിർന്നു വരണമെങ്കിൽ, ക്രമമുള്ള അർഥവത്തായ ഒരു ബൈബിൾ അധ്യയനം അനുപേക്ഷണീയമാണ്. (സദൃ. 22:6) ആത്മീയകാര്യങ്ങൾ സംബന്ധിച്ച് അവരുമായി ദൈനംദിനം സംഭാഷണം നടത്തുന്നതും അനിവാര്യമാണ്. (ആവ. 6:6-9) ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നിയേക്കാം, പക്ഷേ ശ്രമം ഉപേക്ഷിക്കരുത്. “നിങ്ങളുടെ മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്ത”വേ, ശക്തിക്കും മാർഗനിർദേശത്തിനുമായി യഹോവയിലേക്കു തിരിയുക.—എഫെ. 6:4.
3 തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ നിങ്ങൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ അതു സംബന്ധിച്ചു മൂപ്പന്മാരോടു പറയാൻ മടിക്കരുത്. പ്രായോഗിക നിർദേശങ്ങൾ നൽകാനോ, കുടുംബത്തിനു വേണ്ടി നല്ലൊരു ആത്മീയ ചര്യ തയ്യാറാക്കുന്നതിൽ നിങ്ങളെ സഹായിക്കാനോ അവർക്കു കഴിഞ്ഞേക്കും.
4 മറ്റുള്ളവർക്കു സഹായിക്കാൻ കഴിയുന്ന വിധം: ഒന്നാം നൂറ്റാണ്ടിൽ, മതപരമായി വിഭജിതമായ ഒരു കുടുംബത്തിലാണു തിമൊഥെയൊസ് വളർന്നു വന്നതെങ്കിലും, അവൻ യഹോവയുടെ തീക്ഷ്ണതയുള്ള ഒരു ദാസനായിത്തീർന്നു. അവനെ ചെറുപ്പത്തിൽത്തന്നെ തിരുവെഴുത്തുകൾ പഠിപ്പിക്കാനുള്ള അവന്റെ അമ്മയുടെയും വല്യമ്മയുടെയും നിതാന്ത പരിശ്രമം അതിൽ വലിയൊരു പങ്കുവഹിച്ചു. (പ്രവൃ. 16:1, 2; 2 തിമൊ. 1:5; 3:15) എന്നിരുന്നാലും, ‘കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസ്’ എന്ന് അവനെ വിശേഷിപ്പിച്ച പൗലൊസ് ഉൾപ്പെടെ മറ്റു ക്രിസ്ത്യാനികളുമായുള്ള സഹവാസത്തിൽ നിന്നും അവൻ പ്രയോജനം അനുഭവിച്ചു.—1 കൊരി. 4:17.
5 സമാനമായി ഇന്നും, സഭയിലെ പിതാവില്ലാത്ത ബാലികാബാലന്മാരിൽ ആത്മീയ പക്വതയുള്ള സഹോദരീസഹോദരന്മാർ സ്നേഹപൂർവകമായ താത്പര്യം എടുക്കുന്നത് എത്ര പ്രയോജനകരമായിരിക്കും! സഭയിലെ അത്തരം ഓരോ കുട്ടിയുടെയും പേരു നിങ്ങൾക്കറിയാമോ? സഭായോഗങ്ങളിലും മറ്റ് അവസരങ്ങളിലും നിങ്ങൾ അവരോടു സംസാരിക്കാറുണ്ടോ? വയൽസേവനത്തിന് നിങ്ങളോടൊപ്പം വരാൻ അവരെ ക്ഷണിക്കുക. നിങ്ങളുടെ കുടുംബ അധ്യയനത്തിലോ ആരോഗ്യാവഹമായ വിനോദത്തിലോ ഇടയ്ക്കൊക്കെ അവരെയും—ഒറ്റയ്ക്കുള്ള അല്ലെങ്കിൽ വിശ്വാസത്തിലുള്ള മാതാവിന്റെയോ പിതാവിന്റെയോ കൂടെ—ഉൾപ്പെടുത്താൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഈ യുവപ്രായക്കാർ നിങ്ങളെ അവരുടെ ഒരു സുഹൃത്തായി കാണുമ്പോൾ, നിങ്ങളുടെ മാതൃകയും പ്രോത്സാഹനവും ഉൾക്കൊള്ളാൻ അവർ കൂടുതൽ ചായ്വുള്ളവരായിരിക്കും.—ഫിലി. 2:4.
6 പിതാവില്ലാത്ത ബാലികാബാലന്മാരിൽ യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ട്. സത്യം സ്വന്തമാക്കാൻ നാം അവരെ സ്നേഹപൂർവം സഹായിക്കവേ, നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള അല്ലെങ്കിൽ വിഭജിത കുടുംബങ്ങളിൽ വളർന്നുവന്ന അനേകർ ഇന്ന് പയനിയർമാർ, ശുശ്രൂഷാദാസന്മാർ, മൂപ്പന്മാർ, സഞ്ചാര മേൽവിചാരകന്മാർ, ബെഥേൽ കുടുംബാംഗങ്ങൾ എന്നീ നിലകളിൽ വിശ്വസ്തരായി സേവിക്കുന്നു. നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിച്ചുകൊണ്ട്, പിതാവില്ലാത്തവരെ സ്നേഹിക്കുന്ന കാര്യത്തിൽ “വിശാല”രാകാൻ കഴിയുന്ന വിധങ്ങളെ കുറിച്ചു നമുക്കെല്ലാം ശ്രദ്ധയുള്ളവർ ആയിരിക്കാം.—2 കൊരി. 6:11-13.