ദുഷ്ടതയുടെ ഏജൻറുമാർ
മനുഷ്യകാര്യങ്ങളിലുള്ള ഭൂതങ്ങളുടെ കൈകടത്തലുകളെ സംബന്ധിച്ച ബൈബിളിന്റെ വിശദീകരണം മറെറാരു തരത്തിലും ഉത്തരം ലഭിക്കാനാവാത്ത, ദുഷ്ടതയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ബാൾക്കൻസിൽ നിർവിഘ്നം തുടർന്നു പോരുന്ന യുദ്ധത്തെ സംബന്ധിച്ച ഇൻറർനാഷണൽ ഹെരാൾഡ് ട്രിബ്യൂണിൽ വന്ന ഈ പ്രസ്താവന ഉദാഹരണമായി എടുക്കുക: “മുസ്ലീം സ്ത്രീകളെയും പെൺകുട്ടികളെയും മനോവീര്യംകെടുത്തി ഭവനങ്ങളിൽനിന്നു വിരട്ടിയോടിക്കാൻ രൂപകൽപ്പന ചെയ്ത, ആസൂത്രിതമായ ഒരു ഭീകരനയത്തിന്റെ ഭാഗമെന്ന നിലയിൽ . . . [പട്ടാളക്കാർ] 20,000-ത്തോളം പേരെ ബലാൽസംഗം ചെയ്തതായി യൂറോപ്യൻ സമൂഹത്തിൽനിന്നുള്ള അന്വേഷകരുടെ ഒരു സംഘം നിഗമനത്തിലെത്തി.”
വിശ്വസിക്കാൻ പ്രയാസമായ ഒരു വിശദീകരണം ടൈം മാഗസിനിലെ ഒരു ഉപന്യാസത്തിലുണ്ട്: “യുദ്ധത്തിൽ തങ്ങളുടെ മേലാളൻമാരെയും ഓഫീസർമാരെയും പ്രീതിപ്പെടുത്തി പിതൃ-പുത്ര അംഗീകാരം നേടിയെടുക്കാൻ വേണ്ടി യുവാക്കൾ ചിലപ്പോൾ ബലാൽസംഗം നടത്തിയേക്കാം. തന്റെ യൂണിറ്റിന്റെ കടുത്ത തീക്ഷ്ണതയോടുള്ള പ്രതിബദ്ധതയുടെ തെളിവാണു ബലാൽസംഗം. ഗ്രൂപ്പിന്റെ വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യങ്ങളുമായി ഒത്തുപോകാൻ ഭീകര കാര്യങ്ങൾ ചെയ്യാൻ മനസ്സൊരുക്കമുള്ള ഒരു യുവാവ് തന്റെ വ്യക്തിഗതമായ മനസ്സാക്ഷിയെ കീഴ്പെടുത്തിയിരിക്കുന്നു. കൊടുംക്രൂരതയിലൂടെയാണ് ഒരു മനുഷ്യൻ തന്റെ കൂറു സ്ഥാപിക്കുന്നത്.”
എന്നാൽ അംഗങ്ങളുടെ വ്യക്തിഗതമായ മനസ്സാക്ഷിയെക്കാൾ “ഗ്രൂപ്പിന്റെ വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യങ്ങൾ” നികൃഷ്ടമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു വ്യക്തിയെന്ന നിലയിൽ മിക്കവാറും ഓരോരുത്തരും തന്റെ അയൽക്കാരനുമായി സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ, യുദ്ധസമയത്ത് ആളുകൾ ബലാൽസംഗം ചെയ്യുകയും പീഡിപ്പിക്കുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഭൂതശക്തികൾ പ്രവർത്തിക്കുന്നു എന്നതാണ് അതിന്റെ ഒരു മുഖ്യ കാരണം.
ഭൂതങ്ങളുടെ പങ്കു മനസ്സിലാക്കിയാൽ “ദൈവശാസ്ത്രജ്ഞന്റെ പ്രശ്നം” എന്നു ചിലർ പറയാറുള്ള സംഗതിക്കുകൂടി ഉത്തരം ലഭിക്കും. ആ പ്രശ്നം മൂന്നു സംഗതികളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്നതാണ്: (1) ദൈവം സർവശക്തനാണ്; (2) ദൈവം സ്നേഹവാനും നല്ലവനുമാണ്; (3) ഭയങ്കര കാര്യങ്ങൾ സംഭവിക്കുന്നു. ഈ മൂന്നു സംഗതികളിൽ രണ്ട് എണ്ണമേ പൊരുത്തപ്പെടുത്താനാവൂ, എന്നാൽ മൂന്നും പൊരുത്തപ്പെടുത്താൻ ഒരിക്കലും കഴിയുകയില്ല എന്നാണു ചിലരുടെ അഭിപ്രായം. ഇതിന് ഉത്തരം നൽകുന്നതു ദൈവവചനം മാത്രമാണ്. ആ ഉത്തരത്തിൽ ദുഷ്ടതയുടെ ഏജൻറുമാരായ അദൃശ്യാത്മാക്കൾ അടങ്ങിയിരിക്കുന്നു.
ആദ്യത്തെ മത്സരി
ദൈവംതന്നെ ഒരു ആത്മാവാണെന്നു ബൈബിൾ നമ്മോടു പറയുന്നു. (യോഹന്നാൻ 4:24) കാലം കടന്നുപോയതോടെ അവിടുന്നു മററനേകം ആത്മ ജീവികളുടെ, ദൂതൻമാരായ പുത്രൻമാരുടെ സ്രഷ്ടാവായിത്തീർന്നു. ഒരു ദർശനത്തിൽ ദൈവദാസനായ ദാനിയേൽ പത്തു കോടി ദൂതൻമാരെ കാണുകയുണ്ടായി. യഹോവ സൃഷ്ടിച്ച എല്ലാ ആത്മവ്യക്തികളും നീതിയുള്ളവരും അവിടുത്തെ ഇഷ്ടത്തോടു യോജിപ്പുള്ളവരുമായിരുന്നു.—ദാനീയേൽ 7:10; എബ്രായർ 1:7.
പിന്നീട്, ദൈവം “ഭൂമിക്കു അടിസ്ഥാനമിട്ട”പ്പോൾ ദൂതൻമാരായ ഈ ദൈവപുത്രൻമാർ “ഒന്നിച്ചു ഘോഷിച്ചുല്ലസിക്കു”കയും “സന്തോഷിച്ചാർക്കു”കയും ചെയ്തു. (ഇയ്യോബ് 38:4-7) പക്ഷേ, ന്യായമായും സ്രഷ്ടാവ് അർഹിക്കുന്ന ആരാധന തട്ടിയെടുക്കണമെന്ന ആഗ്രഹം അവരിൽ ഒരുത്തൻ വളർത്തിയെടുത്തു. ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട് ഈ ദൂതൻ സ്വയം ഒരു സാത്താനും (“എതിരാളി” എന്നർഥം) പിശാചും (“ദൂഷകൻ” എന്നർഥം) ആയിത്തീർന്നു.—യെഹെസ്കേൽ 28:13-15 താരതമ്യപ്പെടുത്തുക.
ഏദനിൽവെച്ച് ആദ്യ സ്ത്രീയായ ഹവ്വായോടു സംസാരിക്കാൻ ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ട്, തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത് എന്ന ദൈവത്തിന്റെ നേരിട്ടുള്ള കൽപ്പനയെ ലംഘിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു. അതിനുശേഷം ഭർത്താവും അവളോടൊപ്പം ചേർന്നു. അങ്ങനെ, യഹോവക്ക് എതിരെയുള്ള മത്സരത്തിൽ ആ ദൂതനോടൊപ്പം ആദ്യ മനുഷ്യജോഡികൾ ചേർന്നു.—ഉല്പത്തി 2:17; 3:1-6.
ഏദനിലെ സംഭവങ്ങൾ അനുസരണത്തിന്റെ ഒരു വ്യക്തമായ പാഠമാണെന്നു തോന്നിച്ചേക്കാമെങ്കിലും അവിടെ സാത്താൻ ഉയർത്തിയതു പ്രധാനപ്പെട്ട രണ്ടു ധാർമിക പ്രശ്നങ്ങളാണ്. ഒന്നാമതായി, യഹോവയുടെ സൃഷ്ടികളുടെ മേലുള്ള അവിടുത്തെ ഭരണാധിപത്യം അവരുടെ ഏററവും മികച്ച താത്പര്യങ്ങളെ മുൻനിർത്തി നീതിപൂർവകമായിട്ടാണോ നിർവഹിക്കപ്പെട്ടിരുന്നത് എന്നതിനെച്ചൊല്ലി സാത്താൻ തർക്കമുന്നയിച്ചു. ഒരുപക്ഷേ മനുഷ്യർക്ക് അതിലും മെച്ചമായി സ്വയം ഭരിക്കാൻ കഴിഞ്ഞേക്കും. രണ്ടാമതായി, അനുസരണംകൊണ്ടു ഭൗതികമായി മെച്ചമൊന്നും ഇല്ലെന്നു കണ്ടാൽ ബുദ്ധിയുള്ള ഏതെങ്കിലും സൃഷ്ടികൾ ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുമോ എന്നതിനെ സംബന്ധിച്ചും സാത്താൻ ചോദ്യമുന്നയിച്ചു.a
ഏദനിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയങ്ങളുടെ വ്യക്തമായ ഒരു ഗ്രാഹ്യം, യഹോവയുടെ ഗുണങ്ങളെ സംബന്ധിച്ച അറിവ് എന്നിവ “ദൈവശാസ്ത്രജ്ഞന്റെ പ്രശ്ന”ത്തിനുള്ള ഉത്തരം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു, വിശേഷിച്ച്, ദുഷ്ടതയുടെ നിലനില്പും ദൈവത്തിന്റെ ഗുണങ്ങളായ ശക്തിയും സ്നേഹവും തമ്മിൽ എപ്രകാരം പൊരുത്തപ്പെടുത്തും എന്നതുതന്നെ. യഹോവക്ക് അപരിമിതമായ ശക്തിയുണ്ട്, അവിടുന്നു സ്നേഹത്തിന്റെ ആളത്വംതന്നെയുമാണ്, ഇതെല്ലാം സത്യമാണ്. അതേസമയം അവിടുന്നു ജ്ഞാനിയും നീതിമാനുമാണ്. യഹോവ പ്രവർത്തിക്കുന്നത് ഈ നാലു ഗുണങ്ങളുടെയും സമസന്തുലിതാവസ്ഥയിലാണ്. അതിനാൽ, ആ മൂന്നു മത്സരികളെ ഉടൻതന്നെ നശിപ്പിച്ചുകളയാൻ അവിടുന്ന് അപ്രതിരോധമായ തന്റെ ശക്തി ഉപയോഗിച്ചില്ല. അതു നീതിയാകുമായിരുന്നു, എന്നാൽ അവശ്യം ബുദ്ധിപൂർവകമോ സ്നേഹപൂർവകമോ ആകുമായിരുന്നില്ല. കൂടാതെ, സ്നേഹപൂർവകമായ നടപടിയായിരുന്നേനെ എന്നു ചിലർക്കു തോന്നുന്നതുപോലെ, അവിടുന്ന് അതങ്ങു ക്ഷമിച്ചു മറന്നുകളഞ്ഞില്ല. അതാണു ചെയ്തിരുന്നതെങ്കിൽ അതൊട്ടു ബുദ്ധിപൂർവകമോ ന്യായയുക്തമോ ആകുമായിരുന്നില്ല.
സാത്താൻ ഉയർത്തിയ വിവാദവിഷയങ്ങൾക്കു പരിഹാരം ഉണ്ടാക്കാൻ സമയം ആവശ്യമായിരുന്നു. ദൈവത്തിൽനിന്നു സ്വതന്ത്രമായി മനുഷ്യർക്കു സ്വയം വിജയകരമായി ഭരിക്കാനാവുമോ എന്നു തെളിയിക്കാൻ സമയമെടുക്കുമായിരുന്നു. ജീവിതം തുടരാൻ മൂന്നു മത്സരികളെയും യഹോവ അനുവദിച്ചു, അതിനാൽ പ്രയാസകരമായ സാഹചര്യങ്ങളിൽ വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചുകൊണ്ടു സാത്താന്റെ വെല്ലുവിളി തെററാണെന്നു തെളിയിക്കുന്നതിൽ സൃഷ്ടികൾക്കു പങ്കുകൊള്ളുക സാധ്യമാക്കിത്തീർത്തു.b
വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ അവർ മരിക്കുമെന്ന് ആദാമിനോടും ഹവ്വായോടും യഹോവ വ്യക്തമായി പറഞ്ഞിരുന്നു. മരിക്കില്ലെന്നു സാത്താൻ ഉറപ്പുകൊടുത്തിരുന്നുവെങ്കിലും അവർ മരിക്കുകതന്നെ ചെയ്തു. സാത്താനും മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു; അതുവരെ അവൻ മനുഷ്യവർഗത്തെ വഴിതെററിക്കുന്നതിൽ തുടരുന്നു. വാസ്തവത്തിൽ, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു ബൈബിൾ പറയുന്നു.—1 യോഹന്നാൻ 5:19; ഉല്പത്തി 2:16, 17; 3:4; 5:5.
മററു ദൂതൻമാർ മത്സരിക്കുന്നു
ഏദനിലെ സംഭവങ്ങൾ കഴിഞ്ഞ് ഏറെനാൾ കഴിഞ്ഞില്ല, അപ്പോഴേക്കും യഹോവയുടെ പരമാധികാരത്തിനെതിരായ മത്സരത്തിൽ മററു ദൂതൻമാരും കൂട്ടുചേർന്നു. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.” മററു വാക്കുകളിൽ പറഞ്ഞാൽ, “[സ്വർഗത്തിലെ] തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടു”പോന്ന ഈ ദൂതൻമാർ ഭൂമിയിലെത്തി മനുഷ്യരൂപം ധരിച്ചു സ്ത്രീകളുമായി കാമാതുര സുഖം അനുഭവിച്ചു.—ഉല്പത്തി 6:1, 2; യൂദാ 6.
ഉല്പത്തി 6:4-ലെ വിവരണം ഇങ്ങനെ തുടരുന്നു: “അക്കാലത്തു ഭൂമിയിൽ മല്ലൻമാർ [“നെഫിലിമുകൾ,” NW] ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരൻമാർ, കീർത്തിപ്പെട്ട പുരുഷൻമാർ തന്നേ.” ദൂതൻമാരിൽനിന്നു സ്ത്രീകൾക്കു ജനിച്ച ഈ സങ്കരപുത്രൻമാർ “വീരൻമാർ,” അതായത് അസാധാരണമാംവിധം ശക്തൻമാർ ആയിരുന്നു. അവർ അക്രമികൾ അഥവാ നെഫിലിമുകളായിരുന്നു. “മററുള്ളവർ വീഴാൻ ഇടയാക്കുന്നവർ” എന്നാണ് ഈ എബ്രായ പദത്തിന്റെ അർഥം.
പിന്നീട് ഈ സംഭവങ്ങൾ പുരാതന സംസ്കാരങ്ങളിലെ ഇതിഹാസങ്ങളിൽ സ്ഥാനം പിടിച്ചതു ശ്രദ്ധാർഹമാണ്. ഉദാഹരണത്തിന്, വീരനും അക്രമാസക്തനുമായ അർധദേവൻ ഗിൽഗമെഷിന്റെ അമാനുഷിക മുതലെടുപ്പിനെക്കുറിച്ചു വർണിക്കവേ, അയാളുടെ “കാമം കാരണം കാമുകൻമാർക്കു തങ്ങളുടെ കന്യകമാരെ [കിട്ടി]യില്ല” എന്നു 4,000 വർഷം പഴക്കമുള്ള ബാബിലോന്യ മഹാകാവ്യം പറയുന്നു. ഗ്രീക്ക് ഇതിഹാസത്തിൽനിന്നുള്ള മറെറാരു ഉദാഹരണമാണ് അമാനുഷനായ ഹെർക്കുലീസ് (അഥവാ ഹെരാക്ലിസ്). സീയൂസ് ദേവനാൽ ആൾക്കമീനീ എന്ന സ്ത്രീക്കു ജനിച്ച ഹെർക്കുലീസ്, ബഹുളി പിടിച്ചു ഭാര്യയെയും കുട്ടികളെയും കൊന്ന് ഇറങ്ങിത്തിരിച്ചത് അക്രമം മുഖമുദ്രയാക്കിയ ഒരു സാഹസപരമ്പരയ്ക്കായിരുന്നു. തലമുറ തലമുറയായി കൈമാറി വരുന്നതിനിടയിൽ കാര്യമായ മാററിമറിക്കലുകൾ അത്തരം കഥകളിൽ നടന്നിട്ടുണ്ടാകാമെങ്കിലും നെഫിലിമുകൾ, മത്സരികളായ അവരുടെ ദൂതപിതാക്കൻമാർ എന്നിവരെക്കുറിച്ചു ബൈബിൾ പറയുന്നതുമായി അവ ഒത്തുവരുന്നു.
ഒരു മഹാപ്രളയത്താൽ ലോകത്തെ നശിപ്പിക്കാൻ യഹോവ തീരുമാനിക്കത്തക്കവിധം ഭൂമി അക്രമംകൊണ്ടു നിറഞ്ഞതിന്റെ കാരണം ദുഷ്ടദൂതൻമാരുടെയും അവരുടെ അമാനുഷിക പുത്രൻമാരുടെയും സ്വാധീനമായിരുന്നു. ഭക്തികെട്ട സകല മനുഷ്യരോടുമൊപ്പം നെഫിലിമുകൾ നശിച്ചു; നീതിമാനായ നോഹയും അദ്ദേഹത്തിന്റെ കുടുംബവും മാത്രമേ മനുഷ്യ അതിജീവകരായി ഉണ്ടായിരുന്നുള്ളൂ.—ഉല്പത്തി 6:11; 7:23.
എന്നിരുന്നാലും, ദുഷ്ടദൂതൻമാർ മരിച്ചില്ല. പകരം, അവർ തങ്ങളുടെ മനുഷ്യശരീരം വെടിഞ്ഞ് ആത്മമണ്ഡലത്തിലേക്കു തിരികെ പോയി. അവരുടെ അനുസരണക്കേടു നിമിത്തം നീതിനിഷ്ഠരായ ദൂതൻമാരുൾപ്പെടുന്ന ദൈവകുടുംബത്തിലേക്ക് അവരെ തിരിച്ചെടുത്തില്ല. നോഹയുടെ നാളുകളിൽ അവർ ചെയ്തതുപോലെ, വീണ്ടും മനുഷ്യശരീരം ധരിക്കാനും അവരെ അനുവദിച്ചില്ല. എങ്കിലും, പിശാചായ സാത്താനെന്ന “ഭൂതങ്ങളുടെ തലവ”ന്റെ അധികാരത്തിൻ കീഴിൽനിന്നുകൊണ്ടു മനുഷ്യവർഗത്തിന്റെ കാര്യങ്ങളെ അവർ തുടർന്നും വിനാശകരമായി സ്വാധീനിക്കുന്നു.—മത്തായി 9:34; 2 പത്രോസ് 2:4; യൂദാ 6.
മനുഷ്യവർഗത്തിന്റെ ശത്രുക്കൾ
സാത്താനും ഭൂതങ്ങളും എല്ലായ്പോഴും കൊല്ലുന്നവരും ക്രൂരരുമായിരുന്നിട്ടുണ്ട്. സാത്താൻ ഇയ്യോബിന്റെ കന്നുകാലികളെ കൊന്നൊടുക്കുകയും അദ്ദേഹത്തിന്റെ മിക്ക ദാസൻമാരെയും വധിക്കുകയും ചെയ്തു. പിന്നെ, അവൻ “ഒരു കൊടുങ്കാററു” വരുത്തി വീടു തകർത്ത് ഇയ്യോബിന്റെ പത്തു മക്കളെ കൊന്നു. അതിനുശേഷം സാത്താൻ ഇയ്യോബിനെ “ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.”—ഇയ്യോബ് 1:7-19; 2:3, 7.
ഭൂതങ്ങൾ സമാനമായ ഒരു ദുഷ്ടസ്വഭാവം കാണിക്കുന്നു. യേശുവിന്റെ നാളിൽ, അവർ ആളുകൾക്കു സംസാരിക്കാനും കാണാനും വയ്യാതാക്കി. ഒരു മനുഷ്യനെ കല്ലുകൊണ്ടു കുത്തിക്കീറിച്ച അവർ മറെറാരവസരത്തിൽ ഒരു കുട്ടിയെ നിലത്തേക്കു തള്ളിയിട്ടു “ഞെളിപിരികൊള്ളിച്ചു.”—ലൂക്കൊസ് 9:42, ഓശാന ബൈബിൾ; മത്തായി 9:32, 33; 12:22; മർക്കൊസ് 5:5.
സാത്താനും ഭൂതങ്ങളും മുമ്പെന്നത്തേക്കാളും കൂടുതൽ ദ്രോഹബുദ്ധ്യാ പ്രവർത്തിക്കുന്നു എന്നാണു ലോകമെമ്പാടും നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകടമാക്കുന്നത്. ചിലരെ അവർ രോഗംകൊണ്ട് ആക്രമിക്കുന്നു. മററു ചിലരെ ഉറക്കം കെടുത്തിയോ ദുസ്വപ്നങ്ങൾ കാണിച്ചോ പൊറുതിമുട്ടിക്കുന്നു. വേറെ ചിലരെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇനിയും മററു ചിലരെ അവർ ഭ്രാന്തുപിടിപ്പിക്കുകയോ കൊലപാതകത്തിലോ ആത്മഹത്യയിലോ കൊണ്ടെത്തിക്കുകയോ ചെയ്തിരിക്കുന്നു.
അവരെ എത്രനാൾ വെച്ചുപൊറുപ്പിക്കും?
സാത്താനെയും അവന്റെ ഭൂതങ്ങളെയും സദാ നിലനിർത്തുകയില്ല. നമ്മുടെ നാൾവരെ നിലനിർത്താൻ യഹോവ അവരെ അനുവദിച്ചിരിക്കുന്നതിനു നല്ല കാരണങ്ങളുണ്ട്. എന്നാൽ ഇപ്പോൾ അവർക്കു തീരെ കുറച്ചു സമയമേ ബാക്കിയുള്ളൂ. അവരുടെ പ്രവർത്തനമേഖലയെ പരിമിതപ്പെടുത്തുന്ന ഒരു വലിയ നടപടി ഈ നൂററാണ്ടിന്റെ ആദ്യം കൈക്കൊള്ളുകയുണ്ടായി. വെളിപ്പാടു പുസ്തകം അതിങ്ങനെ വിശദീകരിക്കുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതൻമാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. അവന്റെ ദൂതൻമാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.”—വെളിപ്പാടു 12:7-9.
ഫലം എന്തായിരുന്നു? വിവരണം ഇങ്ങനെ തുടരുന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ.” സാത്താനും ഭൂതങ്ങളും ഇനിമേൽ സ്വർഗത്തിലില്ല എന്ന കാരണത്താൽ നീതിനിഷ്ഠരായ ദൂതൻമാർക്ക് ആനന്ദിക്കാം. എന്നാൽ ഭൂമിയിലെ ജനങ്ങളുടെ കാര്യമോ? “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളൂ എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാടു 12:12.
ആസന്നമായ തങ്ങളുടെ അന്ത്യത്തിനു മുമ്പായി പരമാവധി ദുരിതം വരുത്താൻ സാത്താനും അവന്റെ ആജ്ഞാനുവർത്തികളും ലക്ഷ്യം വെച്ചിരിക്കുകയാണ്. രണ്ടു ലോകമഹായുദ്ധങ്ങൾ ഈ നൂററാണ്ടിലുണ്ടായി, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 150-ലധികം ഇടത്തരം യുദ്ധങ്ങളുമുണ്ടായി. നമ്മുടെ ശബ്ദാവലികളിൽ കടന്നുകൂടിയിരിക്കുന്ന പദസമുച്ചയങ്ങൾ ഈ നൂററാണ്ടിന്റെ അക്രമത്തെ പ്രതിഫലിപ്പിക്കുന്നു: “ജൈവയുദ്ധം,” “കൂട്ടക്കൊല,” “കൊലക്കളം,” “ബലാൽസംഗ ക്യാമ്പുകൾ,” “തുടർക്കൊലയാളികൾ,” “ബോംബ്.” ഇനി വാർത്തയാണെങ്കിലോ, മയക്കുമരുന്ന്, കൊലപാതകം, ബോംബിടൽ, ഭ്രാന്തൻ നരമാംസഭോജനം, കൂട്ടക്കൊലകൾ, ക്ഷാമം, പീഡനം എന്നിവയെക്കുറിച്ചുള്ള കഥകൾ കുമിഞ്ഞുകൂടി മുററിയതും.
ഈ സംഗതികൾ താത്കാലികമാണ് എന്നതാണു സന്തോഷവാർത്ത. സമീപഭാവിയിൽ, സാത്താനും അവന്റെ ഭൂതങ്ങൾക്കുമെതിരായി ദൈവം വീണ്ടും പ്രവർത്തിക്കും. ദൈവത്തിൽനിന്നുള്ള ഒരു ദർശനം വർണിച്ചുകൊണ്ട്, അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു: “അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു.”—വെളിപ്പാടു 20:1-3.
അതിനുശേഷം, പിശാചിനെയും അവന്റെ ഭൂതങ്ങളെയും “അല്പകാലത്തേക്കു അഴിച്ചു”വിടും, പിന്നെ എന്നെന്നേക്കുമായി അവരെ നശിപ്പിക്കും. (വെളിപ്പാടു 20:3, 10) എന്തൊരു അത്ഭുതാവഹമായ സമയമായിരിക്കും അത്! സാത്താനും അവന്റെ ഭൂതങ്ങളും പൊയ്പോകുന്നതോടെ യഹോവ “എല്ലാവർക്കും എല്ലാ”മായിത്തീരും. ഓരോരുത്തരും വാസ്തവമായും “സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”—1 കൊരിന്ത്യർ 15:28; സങ്കീർത്തനം 37:11, NW.
[അടിക്കുറിപ്പുകൾ]
a പിന്നീട്, സാത്താൻ ദൈവദാസനായ ഇയ്യോബിനെക്കുറിച്ചു സംസാരിക്കവേ ഈ വിഷയം വ്യക്തമാക്കി: “ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.”—ഇയ്യോബ് 2:4, 5.
b ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ ചർച്ചക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം കാണുക.
[7-ാം പേജിലെ ചിത്രം]
ഇത്തരം സംഗതികൾക്കു മനുഷ്യൻ മാത്രമാണോ ഉത്തരവാദി, അതോ ദ്രോഹബുദ്ധിയായ ഒരു അദൃശ്യ ശക്തി കുററം പേറുന്നുവോ?
[കടപ്പാട]
1991, കുവൈററിലെ കത്തുന്ന എണ്ണക്കിണറുകൾ: Chamussy/Sipa Press
[7-ാം പേജിലെ ചിത്രം]
ഭൂതങ്ങൾ മേലാൽ മനുഷ്യവർഗത്തെ ശല്യപ്പെടുത്താത്ത ഒരു സമയമുണ്ടായിരിക്കുന്നത് എന്തൊരത്ഭുതമായിരിക്കും!