ശരിയായ മതത്തിനുവേണ്ടിയുള്ള അവരുടെ അന്വേഷണം
കുട്ടിക്കാലം മുതൽതന്നെ ചിലയാളുകൾ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ തേടിയിട്ടുണ്ട്. ചെറുപ്പമായിരുന്നപ്പോൾ അവർ മതചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടാകാം. എന്നാൽ അനേകരെ സംബന്ധിച്ചിടത്തോളം അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളോ സഭാ ചടങ്ങുകളോ തങ്ങളുടെ ജീവിതപ്രശ്നങ്ങളെ തരണം ചെയ്യാൻ അവരെ വാസ്തവത്തിൽ സഹായിച്ചിട്ടില്ല എന്നു കണ്ടെത്തിയിരിക്കുന്നു.
വിരളമായേ മതപരിപാടികളിൽ പങ്കെടുക്കാറുള്ളൂവെങ്കിലും തങ്ങൾ ഇപ്പോഴും തങ്ങളുടെ മാതാപിതാക്കളുടെ മതത്തിലാണ് എന്ന് അവർ പറഞ്ഞേക്കാം. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു ബിഷപ്പ് പറയുന്നതനുസരിച്ച്, മുരടിച്ച വിശ്വാസമാണ് അവരുടേത്. മതത്തിന് അവർ സജീവ പരിഗണന കൊടുക്കുന്നില്ല. മററുചിലർക്കാകട്ടെ ഒരു തരം മനംമടുപ്പാണ്. മതത്തിന്റെ പ്രവർത്തനമേഖലകളിൽ അവർ കാണുന്ന കാപട്യമാണു കാരണം. അതുകൊണ്ട്, മതത്തെ മുഴുവനായി അവർ നിരാകരിക്കുന്നു. പക്ഷേ അപ്പോൾപ്പോലും ജീവിതത്തെ സംബന്ധിച്ച അവരുടെ ചോദ്യങ്ങൾ അവശേഷിക്കുകയാണ്.
ചിലർക്കു ഗുരുതരമായ സംശയങ്ങൾ ഉള്ളതിന്റെ കാരണം
ഭവനരഹിതരെ സഹായിക്കൽ, പട്ടിണിപ്പാവങ്ങൾക്കു ഭക്ഷണം വിതരണം ചെയ്യൽ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കൽ എന്നിവയ്ക്കെല്ലാം ഒട്ടുമിക്ക സഭകൾക്കും സംവിധാനങ്ങളുണ്ടെന്നു മിക്കയാളുകൾക്കും അറിയാം. പക്ഷേ, മതത്തിൽ വേരൂന്നിയ അക്രമങ്ങളുടെയും രക്തംചിന്തലുകളുടെയും വാർത്തകൾ മിക്കവാറും ദിവസേന അവർ കേൾക്കുന്നു. ഇതാകട്ടെ, അക്രൈസ്തവരുടെ ഇടയിൽ മാത്രമല്ല, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിലുമുണ്ട്. അത്തരം അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആചരിക്കുന്നതു ശരിയായ മതമാണോ എന്ന് അവർ സംശയിച്ചാൽ അതു നമ്മെ വിസ്മയിപ്പിക്കണമോ?
ഏതെങ്കിലും ഒരു മതപശ്ചാത്തലത്തിൽ വളർന്നുവന്ന അനേകരുടെയും ചിന്ത ഇതാണ്, സഭകൾ അനാഥാലയങ്ങൾ നടത്തുന്നത് എന്തൊരു നല്ല കാര്യമാണ്. പക്ഷേ, കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ടു കേൾക്കുന്ന സംഗതികൾ അവരെ നടുക്കിയിരിക്കുന്നു. ഒന്നിനുപുറകെ ഒന്നായി പലസ്ഥലങ്ങളിൽ പുരോഹിതൻമാർക്കെതിരെ ആരോപണം ഉയരുകയാണ്. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുട്ടികളോടുള്ള അവരുടെ ലൈംഗിക ദുഷ്പെരുമാററംതന്നെ കാരണം. ഈ കുററം ചെയ്യുന്നതു കുറച്ചുപേരേയുള്ളൂ എന്നാണ് അവർ ആദ്യം വിചാരിച്ചത്. എന്നാൽ ഇപ്പോൾ അവരിൽ ചിലരുടെ ചിന്ത അതല്ല, സഭയിൽത്തന്നെ അടിസ്ഥാനപരമായി എന്തോ തകരാറില്ലേ എന്നാണ്.
ഔകേന്യായെപ്പോലെയുള്ള ചുരുക്കം ചിലർ ഒരു കാലത്ത് തങ്ങളുടെ മതത്തിൽ സജീവമായി പങ്കെടുത്തിരുന്നു. യുവതിയായിരുന്നപ്പോൾ അർജൻറീനയിൽവെച്ച് ഈററാററിയിലെ കന്യാ[മറിയ]ത്തിനടുത്തേക്കു മററു പലരെപ്പോലെ അവളും തീർഥാടനം നടത്തുമായിരുന്നു. ഒരു കന്യാസ്ത്രീമഠത്തിൽ 14 വർഷത്തോളം അവൾ ഒരു കന്യാസ്ത്രീയായി കഴിഞ്ഞുകൂടി. അവിടംവിട്ടുപോന്ന അവൾ ഒരു അന്തർദേശീയ മതരാഷ്ട്രീയ ഗ്രൂപ്പിൽ ചേർന്നു. സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഘടനകൾക്ക് പെട്ടെന്നുള്ള ഒരു സമൂല മാററം വിപ്ലവമാർഗത്തിലൂടെ വരുത്തണമെന്നു വാദിച്ചിരുന്ന ഒരു ഗ്രൂപ്പായിരുന്നു അത്. താൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളുടെ ഫലമായി അവൾക്കു ദൈവത്തിലുള്ള വിശ്വാസവും ആശ്രയത്വവും നഷ്ടപ്പെട്ടു. തനിക്കു വിശ്വാസമർപ്പിക്കാവുന്ന ഒരു മതത്തിനുവേണ്ടി അവൾ വാസ്തവത്തിൽ അന്വേഷിക്കുകയായിരുന്നില്ല. സാധുക്കൾക്കു നീതി ലഭിക്കണം. അതിനുള്ള ഒരു മാർഗമായിരുന്നു അവൾ ആഗ്രഹിച്ചത്. അതേ, ഒപ്പം തനിക്ക് ആശ്രയിക്കാവുന്ന ഒരു സുഹൃത്തും വേണമായിരുന്നു.
മററുചിലരാണെങ്കിലോ, തങ്ങളുടെ സഭകളിൽ എന്തു നടക്കുന്നു എന്നു നിരീക്ഷിച്ചു ദൂരെ മാറിനിൽക്കുന്നു. സ്പുട്നിക് മാഗസിൻ 1991-ൽ ഒരു നിരീശ്വരവാദിയുടെ വീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അദ്ദേഹം പരമാർഥതയോടെ പറഞ്ഞു: “പുറജാതി മതങ്ങളുടെ സ്വഭാവത്തിനും ക്രിസ്തീയ പുരാണങ്ങൾക്കും തമ്മിൽ എന്തെങ്കിലും ഒരു കാര്യമായ വ്യത്യാസം കാണാൻ എനിക്കു കഴിയുന്നില്ല.” ഉദാഹരണത്തിന്, മോസ്കോയുടെ തെരുവീഥികളിലൂടെ പോകുന്ന ഒരു പ്രദക്ഷിണത്തെ അദ്ദേഹം വർണിക്കുകയുണ്ടായി. അവിടെ സ്വർണാലംകൃത വസ്ത്രങ്ങളണിഞ്ഞ പുരോഹിതൻമാർ സുഗന്ധദ്രവ്യമിട്ട ശവം ശിലാമഞ്ചത്തിലേന്തി മന്ദംമന്ദം നീങ്ങുന്നതു കണ്ടു. മ്യൂസിയത്തിൽനിന്ന് ഒരു പള്ളിയിലേക്കു കൊണ്ടുപോകുകയായിരുന്ന “ഒരു ഓർത്തഡോക്സ് ക്രിസ്തീയ പുണ്യവാള”ന്റെ ശവമായിരുന്നു അത്. ഇത് എഴുത്തുകാരനെ ഓർമിപ്പിച്ചത് പുരാതന ഈജിപ്തിലെ പുരോഹിതൻമാരെയും സുഗന്ധദ്രവ്യമിട്ടു സൂക്ഷിച്ച ശവങ്ങളെയും (mummies) ആണ്. മോസ്കോയിലെ പ്രദക്ഷിണത്തിൽ പങ്കെടുത്തവർ “ക്രിസ്തീയ ത്രിത്വ”ത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നെങ്കിൽ ഈജിപ്തുകാർ ദൈവത്രയത്തെ ആരാധിച്ചവരായിരുന്നു. ഓസറൈസ്, ഐസസ്, ഹോറസ് എന്നിവരടങ്ങുന്നതായിരുന്നു ആ ത്രയം. ഇതും അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തി.
“ദൈവം സ്നേഹമാകുന്നു,” “അയൽക്കാരനെ സ്നേഹിക്കുക” എന്നിങ്ങനെ സ്നേഹത്തെ സംബന്ധിച്ച ക്രിസ്തീയ ധാരണയെയും ആ എഴുത്തുകാരൻ പരാമർശിക്കുകയുണ്ടായി. ഇതിനു സമാന്തരമായി പുറജാതീയ ഈജിപ്തിൽ യാതൊന്നും കണ്ടില്ലായിരുന്നു. എന്നാൽ അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു: “ലോകത്തിൽ സാഹോദര്യ സ്നേഹം വിജയംവരിച്ചിട്ടില്ല. ക്രിസ്തീയലോകമെന്നു വിളിക്കുന്ന ഭാഗത്തുപോലും സ്ഥിതി അതുതന്നെ.” രാഷ്ട്രത്തിന്റെ കാര്യങ്ങളിൽ ഉൾപ്പെടുന്നതിനുള്ള സഭയുടെ നിർബന്ധത്തിൽനിന്ന് ഉളവായ മോശമായ ഫലങ്ങളെ സംബന്ധിച്ചുള്ള ചില അഭിപ്രായപ്രകടനങ്ങളായിരുന്നു തുടർന്ന് അദ്ദേഹം നിരത്തിയത്. താൻ അന്വേഷിക്കുന്നത് എന്തോ അതു നൽകുന്നതു ക്രൈസ്തവലോകത്തിലെ സഭകളാണ് എന്നു തോന്നാൻ താൻ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.
ഇതിനു വിപരീതമായി, മററുള്ളവർ തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അതു ക്രൈസ്തവലോകത്തിലെ സഭകളിലല്ലെന്നു മാത്രം.
അവൾ മരിച്ചവരെക്കുറിച്ചുള്ള സത്യം മനസ്സിലാക്കി
37 വയസ്സുള്ള മാഗ്ദാലേനാ ജീവിക്കുന്നതു ബൾഗേറിയയിലാണ്. 1991-ൽ അമ്മായിയപ്പൻ മരിച്ചതോടെ അവൾ മാനസികമായി ആകെ തകർന്നു. അവളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഇവയായിരുന്നു, ‘മരിച്ചവർ എവിടെ പോകുന്നു?’ ‘എന്റെ അമ്മായിയപ്പൻ ഇപ്പോൾ എവിടെയാണ്?’ അവൾ പള്ളിയിൽ പോയും വീട്ടിനുള്ളിലെ പ്രതിമയ്ക്കു മുമ്പിൽ ചെന്നുനിന്നും പ്രാർഥിച്ചു. എന്നിട്ടും അവൾക്ക് ഉത്തരമൊന്നും ലഭിച്ചില്ല.
അങ്ങനെയിരിക്കെ, ഒരു ദിവസം അയൽക്കാരൻ അവളെ ഫോൺ ചെയ്തു വീട്ടിലേക്കു ക്ഷണിച്ചു. യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കുന്ന ഒരു യുവാവ് അയൽക്കാരന്റെ വീടു സന്ദർശിക്കുകയായിരുന്നു. ദൈവരാജ്യത്തെ കുറിച്ചും ആളുകൾക്കു സന്തുഷ്ടിയിൽ എന്നേക്കും ജീവിക്കാനാവുന്ന പറുദീസയാക്കി ഭൂമിയെ മാററാനുള്ള ദൈവോദ്ദേശ്യത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നത് അവൾ കേട്ടുനിന്നു. നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നൊരു പുസ്തകം മേശപ്പുറത്തു കിടപ്പുണ്ടായിരുന്നു. ആ പുസ്തകമെടുത്ത് സഭാപ്രസംഗി 9:5-ലെ ബൈബിൾവാക്യം ആ യുവാവ് അവൾക്കു കാണിച്ചുകൊടുത്തു. ആ വാക്യം പറയുന്നത് ഇതാണ്: “മരിച്ചവർ യാതൊന്നും അറിയുന്നില്ല.” അന്നു വൈകുന്നേരം അവൾ കൂടുതൽ വായിച്ചു. സ്വർഗത്തിലോ നരകത്തിലോ ഉള്ള മറെറാരു ജീവിതത്തിലേക്കു മരിച്ചവർ പോയിട്ടില്ല എന്നും നല്ലൊരു ഉറക്കത്തിലെന്നപോലെ അവർക്ക് ഒന്നിനെക്കുറിച്ചും ബോധമില്ല എന്നും അവൾ മനസ്സിലാക്കി. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ യോഗത്തിൽ സംബന്ധിക്കാനുള്ള ക്ഷണം അവൾ സന്തോഷപൂർവം സ്വീകരിച്ചു. യോഗാനന്തരം അവൾ ചെയ്തത് ബൈബിൾ ക്രമമായി പഠിക്കാമെന്നു സമ്മതിക്കുകയായിരുന്നു. യോഗത്തിൽ യഹോവക്ക് പ്രാർഥനയർപ്പിച്ച വിധം അവൾ നിരീക്ഷിച്ചു. തന്നിൽ രൂഢമൂലമായിരിക്കുന്ന ഒരു ബലഹീനതയെ കീഴടക്കുന്നതിനുള്ള സഹായത്തിനായി അവളും യഹോവയോടു പ്രാർഥിക്കാൻ തുടങ്ങി. അവളുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചു, ഒപ്പം താൻ ശരിയായ മതം കണ്ടെത്തിയിരിക്കുന്നു എന്ന ബോധ്യവും.
അവർ അർഥമുള്ള ജീവിതം കണ്ടെത്തി
ബെൽജിയത്തിൽ ശക്തമായ കത്തോലിക്കാ വിശ്വാസമുള്ള ഒരു കുടുംബത്തിലായിരുന്നു ആൻഡ്രെയ് വളർന്നത്. അവിടത്തെ പുരോഹിതന്റെ ഒരു സഹായിയായും അയാൾ പ്രവർത്തിച്ചിരുന്നു. എന്നിരുന്നാലും, സഭയോടുള്ള തന്റെ ആദരവിന് ഇടിച്ചിലേററ പല സംഗതികളും ആ കാലയളവിൽ അദ്ദേഹത്തിനു കാണേണ്ടിവന്നു. പിന്നെ, അയാൾ കത്തോലിക്കനായിരുന്നതു പേരിനുമാത്രമായിരുന്നു.
ഫുട്ബോൾ കളിയായിരുന്നു 15 വർഷത്തോളം അയാളുടെ തൊഴിൽ. ഒരിക്കൽ തന്റെ ടീം ഇററലിയിൽ ഒരു ടൂർണമെൻറിൽ പങ്കെടുത്ത സമയം. പോപ്പ് സന്നിഹിതനായിരിക്കുന്ന ഒരു സദസ്സിലേക്ക് അവരും ക്ഷണിക്കപ്പെട്ടു. ആത്മീയമായി കെട്ടുപണി ചെയ്യുന്ന യാതൊന്നും ആ സന്ദർശനത്തിൽ ഉണ്ടായിരുന്നില്ല. പോപ്പ് ഉപയോഗിക്കുന്ന ലൗകിക സമ്പത്തു കണ്ടതിൽ ആൻഡ്രേയ്ക്കു വിഷമം തോന്നി. സഭയെക്കുറിച്ചുള്ള അയാളുടെ സംശയത്തിന് അത് ആക്കം കൂട്ടി. അയാളുടെ സ്വകാര്യ ജീവിതവും അത്ര സന്തുഷ്ടമല്ലായിരുന്നു. രണ്ടു വിവാഹങ്ങൾ നടത്തിയിരുന്നു, രണ്ടും തകർന്നു. ലോകത്തിന്റെ അവസ്ഥ അയാളെ നിരാശപ്പെടുത്തി. 1989-ൽ അയാൾ ഡയറിയിൽ എഴുതി: ‘നമുക്കു ചുററും സംഭവിച്ചുകൊണ്ടിരിക്കുന്ന വിവേകശൂന്യമായ സംഗതികളുടെ അർഥമെന്ത്?’ അദ്ദേഹത്തിന്റെ മതത്തിൽനിന്നു യാതൊരു ഉത്തരവും ലഭിച്ചില്ല.
ഐസ്ലൻഡിൽ ഒരു ഫുട്ബോൾ കോച്ചായി ജോലി ചെയ്യവേ, 1990-ൽ ആൻഡ്രേയ് യഹോവയുടെ സാക്ഷികളുടെ ഒരു മിഷനറിയായ ഈറസിനെ കണ്ടുമുട്ടി. സാഹിത്യം സ്വീകരിച്ച അയാൾ മിഷനറിയോടു വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടു. ഭർത്താവായ ചെല്ലിനോടൊപ്പം മിഷനറി തിരിച്ചുചെന്നു. അവസാനം അവർക്കൊരുമിച്ചിരുന്ന് ആൻഡ്രേയുമായി സംസാരിക്കാൻ കഴിഞ്ഞപ്പോഴാണു മനസ്സിലാവുന്നത് അദ്ദേഹത്തിനു ബൈബിളിനെക്കുറിച്ച് അറിയാൻ അതീവ താത്പര്യമാണെന്ന്. അദ്ദേഹത്തിന്റെ ഭാര്യ ആസ്തയും താത്പര്യം കാണിച്ചു. കോച്ചിങ് കൊടുക്കുന്നതിനിടയിൽ ഉച്ചയ്ക്ക് അദ്ദേഹത്തിനു മൂന്നു മണിക്കൂർ ഇടവേള കിട്ടിയിരുന്നു. ആ സമയം ബൈബിളധ്യയനത്തിനുവേണ്ടി ഉപയോഗിക്കാൻ അവർ തീരുമാനിച്ചു. “ബൈബിൾ പഠിക്കുമ്പോൾ എനിക്കു വിശ്രമിക്കുമ്പോഴത്തെക്കാൾ കൂടുതൽ നവോൻമേഷം കിട്ടുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. ക്രമേണ അവരുടെ ചോദ്യങ്ങൾക്കെല്ലാം ബൈബിളിൽനിന്ന് ഉത്തരം ലഭിച്ചു. യഹോവയിലും അവന്റെ രാജ്യത്തിലുമുള്ള അവരുടെ വിശ്വാസം മെല്ലെ വളരാൻ തുടങ്ങി. സമാധാനപൂർണമായ പുതിയ ലോകത്തെക്കുറിച്ചുള്ള, “സംഭവിച്ചുകൊണ്ടിരിക്കുന്ന വിവേകശൂന്യമായ സംഗതികളി”ൽനിന്നെല്ലാം വിമുക്തമായ ഒരു ലോകത്തെക്കുറിച്ചുള്ള ബൈബിളിന്റെ മഹത്തായ വാഗ്ദത്തങ്ങൾ അവർക്ക് ഒരു യാഥാർഥ്യമായിത്തീർന്നു. പുതുതായി കണ്ടെത്തിയ വിശ്വാസങ്ങൾ മററുള്ളവരുമായി പങ്കുവെക്കുകയാണ് ആൻഡ്രേയ്യും ആസ്തയും ഇപ്പോൾ.
മാഗ്ദാലേനാ, ആൻഡ്രേയ്, ആസ്ത എന്നിവർക്കു തങ്ങൾ ശരിയായ മതം കണ്ടെത്തിയിരിക്കുന്നുവെന്ന് ഉറപ്പുണ്ട്. രാഷ്ട്രീയ മാർഗങ്ങളിലൂടെ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ശ്രമം നടത്തിയ ഔകേന്യായും തനിക്കു ശരിയായത് എന്നു തോന്നിയ മതം യഹോവയുടെ സാക്ഷികളുടെ ഇടയിൽ കണ്ടെത്തി. എന്നാൽ ഒരു മതം ശരിയാണോ എന്നു നിശ്ചയിക്കുന്നത് വാസ്തവത്തിൽ എന്താണ്? ദയവായി പിൻവരുന്ന ലേഖനം കാണുക.
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുമൊത്തുള്ള ക്രമമായ ബൈബിളധ്യയനം അമ്പതു ലക്ഷത്തിലധികം വരുന്ന ആളുകളെ തൃപ്തികരമായ ഉത്തരത്തിനുവേണ്ടിയുള്ള അന്വേഷണത്തിൽ സഹായിക്കുന്നു