എന്തുകൊണ്ടാണു സാക്ഷികൾ വീണ്ടും വീണ്ടും സന്ദർശിക്കുന്നത്?
‘ദാ പിന്നെയും വന്നല്ലോ! രണ്ടു മൂന്ന് ആഴ്ചകൾക്കു മുമ്പായിരുന്നല്ലോ അവർ ഇവിടെ വന്നത്!’ യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിന്ത അങ്ങനെയാണോ? ഇന്ന്, യഹോവയുടെ സാക്ഷികൾ ലക്ഷക്കണക്കിന് ആളുകളെ സന്ദർശിക്കുന്നു. നിങ്ങൾ ചിലപ്പോൾ ചോദിച്ചേക്കാം, മിക്കയാളുകൾക്കും അവരവരുടേതായ മതമുണ്ട്, അല്ലെങ്കിൽ താത്പര്യമില്ല എന്ന് അറിയാമായിരുന്നിട്ടും അവർ വീണ്ടും വീണ്ടും വരുന്നതെന്തുകൊണ്ടാണ്? ആ ചോദ്യത്തിന് ഉത്തരം ലഭിക്കണം.
ദൈവമുമ്പാകെയുള്ള ഉത്തരവാദിത്വം
ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയുടെ അന്ത്യത്തെയും ഈ ഭൂമിയിൽ വരാനിരിക്കുന്ന ദൈവരാജ്യ ഭരണത്തെയും സംബന്ധിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914 മുതൽ ലോകസംഭവങ്ങളിലൂടെ നിറവേറിക്കൊണ്ടിരിക്കുകയാണെന്ന് യഹോവയുടെ സാക്ഷികൾ തിരുവെഴുത്തുകളിൽനിന്നു മനസ്സിലാക്കിയിട്ടുണ്ട്. അക്രമം, രക്തംചീന്തൽ, വിദ്വേഷം എന്നിവ നിറഞ്ഞ ഒരു നൂററാണ്ട് മനുഷ്യവർഗത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഒരു രാഷ്ട്രീയ പരിഹാരത്തിൽനിന്നു വളരെ അകലെയാണ്. ആളുകളുടെ ഹൃദയങ്ങൾക്കും മനസ്സുകൾക്കും മനോഭാവങ്ങൾക്കും മാററംവരുത്താൻ മനുഷ്യഭരണാധിപത്യം പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ തെളിവാണ് മാനവ കുടുംബത്തെ ഇപ്പോഴും വേദനയിലാഴ്ത്തുന്ന യുദ്ധങ്ങളും ഭീകരപ്രവർത്തനവും. ചരിത്രത്തിൽ മുമ്പു നടന്ന സംഭവങ്ങളെത്തുടർന്ന് ആളുകളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന നീരസം ഇപ്പോഴും വംശീയ, വർഗീയ, മത സമൂഹങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വിഷംകലർത്തുന്നു. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, മധ്യപൂർവേഷ്യ, ഉത്തര അയർലൻഡ്, ദക്ഷിണാഫ്രിക്ക, മുൻ യൂഗോസ്ലാവിയ എന്നിവിടങ്ങളിലെല്ലാം ഇപ്പറഞ്ഞത് സത്യമാണ്. അപ്പോൾ, നിലനിൽക്കുന്ന ഒരു പരിഹാരം എന്താണ്?
സാക്ഷികളെ പ്രേരിപ്പിക്കുന്നതെന്ത്?
പ്രായോഗികമായ ഒരേ ഒരു ഉത്തരമായി യഹോവയുടെ സാക്ഷികൾ അംഗീകരിക്കുന്നത് ദൈവത്തിന്റെ പരിഹാരത്തെയാണ്—യേശുക്രിസ്തുവിനാലുള്ള തന്റെ വാഗ്ദത്ത രാജ്യഭരണം. തന്റെ പ്രശസ്തമായ മാതൃകാ പ്രാർഥനയിൽ യേശു ആ രാജ്യഭരണത്തിനുവേണ്ടിയുള്ള ഒരു യാചന ഉൾപ്പെടുത്തുകപോലുമുണ്ടായി: “നിങ്ങൾ ഈവണ്ണം പ്രാർഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” മനുഷ്യവർഗത്തിന്റെ കാര്യങ്ങളിൽ ദൈവം ഇടപെടണമെന്നാണ് ഈ പ്രാർഥന വാസ്തവത്തിൽ ആവശ്യപ്പെടുന്നത് എന്ന് സാക്ഷികൾ വിശ്വസിക്കുന്നു.—മത്തായി 6:9, 10.
അപ്പോൾ, നിരന്തരം വീടുതോറും പോയി ആ സന്ദേശം കൊടുക്കണമെന്ന ആവശ്യം യഹോവയുടെ സാക്ഷികൾക്കു തോന്നുന്നത് എന്തുകൊണ്ടാണ്? അതു യേശു സവിശേഷതയുള്ളതായി പറഞ്ഞ ഈ രണ്ടു കൽപ്പനകൾ നിമിത്തമാണ്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”—മത്തായി 22:37-39.
ദൈവത്തിന്റെ അനുഗ്രഹം തങ്ങൾക്കുണ്ടാകാൻ സാക്ഷികൾ ആഗ്രഹിക്കുന്നു. തങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നതുകൊണ്ട്, അതേ അനുഗ്രഹം അവർക്കും ലഭിക്കണമെന്ന് സാക്ഷികൾ ആഗ്രഹിക്കുന്നു. അങ്ങനെ, യേശുവിന്റെ മാതൃക പിൻപററുന്ന അവർ നിസ്വാർഥ സ്നേഹം ഹേതുവായി തങ്ങളുടെ അയൽക്കാരെ സന്ദർശിക്കാൻ നിർബന്ധിതരാകുന്നു. ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ അനുസരണമുള്ള മനുഷ്യവർഗത്തിനുവേണ്ടി “സന്തുഷ്ടനായ ദൈവം” വാഗ്ദാനം ചെയ്തിരിക്കുന്നതെന്താണ് എന്ന് അറിയാനുള്ള അവസരമെങ്കിലും അവർക്കു ലഭിക്കണമെന്നാണ് സാക്ഷികളുടെ ആഗ്രഹം.—1 തിമോത്തി 1:11, NW; 2 പത്രൊസ് 3:13.
ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ചിരുന്നതുകൊണ്ട് ക്രിസ്തീയ അപ്പോസ്തലനായ പൗലോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി തന്റെ വൃതൻമാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലോസ്.” അതേ, തന്നെ അറിഞ്ഞ് സേവിക്കാൻ താഴ്മയോടെ പരിശ്രമിക്കുന്നവർക്കു “ഭോഷ്കില്ലാത്ത” [“നുണ പറയാൻ കഴിയാത്ത,” NW] ദൈവം നിത്യജീവൻ “വാഗ്ദത്തം” ചെയ്തിരിക്കുന്നു.—തീത്തൊസ് 1:1-3; സെഫന്യാവു 2:3.
സാക്ഷികൾക്കു ശമ്പളം കിട്ടുന്നുണ്ടോ?
ശുശ്രൂഷ നിർവഹിക്കുന്നതിനു സാക്ഷികൾക്കു ശമ്പളം കിട്ടുന്നുണ്ടെന്ന് ചിലർ കൂടെക്കൂടെ ആരോപിച്ചിട്ടുണ്ട്. വസ്തുതയുമായി ഇതിനു യാതൊരു ബന്ധവുമില്ല! കൊരിന്ത്യ സഭയ്ക്കുവേണ്ടി അപ്പോസ്തലൻ എഴുതിയ വാക്കുകൾ അവർ ഗൗരവത്തോടെ എടുക്കുന്നു: “ദൈവവചനത്തിൽ മായംചേർത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങൾ. മറിച്ച്, ദൈവസന്നിധിയിൽ വിശ്വസ്തരും ദൈവത്താൽ നിയോഗിക്കപ്പെട്ടവരുമെന്ന നിലയിൽ ക്രിസ്തുവിൽ ഞങ്ങൾ സംസാരിക്കുന്നു.”—2 കൊരിന്ത്യർ 2:17, പി.ഒ.സി. ബൈബിൾ.
മതപരമായ സേവനങ്ങൾക്കായാലും തങ്ങളുടെ ടിവി ശുശ്രൂഷകളിലൂടെ വ്യാപാര സംരംഭങ്ങളെ ഉന്നമിപ്പിക്കാനായാലും ശരി, ചില മതനേതാക്കൻമാർ പണത്തിനുവേണ്ടിത്തന്നെ പ്രസംഗിക്കുന്നു. മിക്ക മതങ്ങൾക്കും വേതനം പററുന്ന പുരോഹിതവർഗമുണ്ട്.
ഇതിനു നേർവിപരീതമാണ് സാക്ഷികളുടെ ഇടയിൽ. വേതനം പററുന്ന ഒരു പുരോഹിതവർഗം അവർക്കില്ല. ആത്മാർഥമായ സത്യാന്വേഷകർക്ക് അവർ പലപ്പോഴും വില ഈടാക്കാതെ തങ്ങളുടെ ബൈബിൾ സാഹിത്യങ്ങൾ കൊടുക്കാറുണ്ട്. എന്നുവരികിലും, അവരിൽ പലരും സ്വമേധയാ സംഭാവനകൾ നൽകാൻ പ്രേരിതരാകുന്നു. ഈ സംഭാവനകൾകൊണ്ടാണ് ലോകവ്യാപക പ്രസംഗവേലയ്ക്കുവേണ്ടിവരുന്ന ചെലവുകൾ നികത്തുന്നത്. “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” എന്ന യേശുവിന്റെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ സാക്ഷികൾ സമയവും ഊർജവും ഉൾപ്പെടെയുള്ള തങ്ങളുടെ വിഭവങ്ങൾ നിർലോഭം വിനിയോഗിച്ച്, ഓരോ വർഷവും ലക്ഷക്കണക്കിനു മണിക്കൂറുകൾ ദൈവസേവനത്തിൽ ചെലവഴിക്കുന്നു. അങ്ങനെ, വീടുതോറും ചെന്ന് തത്പരരായ വ്യക്തികളെ ഭവന ബൈബിളധ്യയനങ്ങളിലൂടെ അവർ പഠിപ്പിക്കുന്നു.—മത്തായി 10:8; 28:19, 20; പ്രവൃത്തികൾ 20:19, 20.
വ്യക്തികൾ എന്നനിലയിൽ യഹോവയുടെ സാക്ഷികൾക്കോ അവരുടെ പ്രാദേശിക സഭകൾക്കോ വാച്ച് ടവർ സൊസൈററിക്കോ പണപരമായി യാതൊരു ലക്ഷ്യവുമില്ലെന്ന് വസ്തുതകൾ തെളിയിക്കുന്നു. വീടുതോറും പോകുന്നതിന് ആർക്കും പണം ലഭിക്കുന്നില്ല. അപ്പോൾപ്പിന്നെ, വേല നിർവഹിക്കാനുള്ള പണം എങ്ങനെ ലഭിക്കുന്നു? ലോകമെമ്പാടും വിലമതിപ്പു പ്രകടമാക്കുന്ന ആളുകൾ സ്വമേധയാ സംഭാവന നൽകുന്നു. അല്ലാതെ അവർ ഒരിക്കലും സംഭാവന പിരിക്കാറില്ല.
അവരുടെ സാക്ഷീകരണത്തിന്റെ സ്വാധീനം
വീടുതോറുമുള്ള ശുശ്രൂഷയും സാക്ഷികളുടെ അനൗപചാരിക പ്രസംഗവും നിമിത്തം പൊതുജനങ്ങളുടെ വികാരവിചാരങ്ങളിൻമേൽ ഒരു സ്വാധീനം ഉണ്ടായിട്ടുണ്ടോ? ഈ ചോദ്യത്തിനു വാർത്താമാധ്യമങ്ങളിൽ വന്നിട്ടുള്ള തെളിവുകൾ നോക്കിയാൽ, ഉണ്ട് എന്ന ശക്തമായ ഒരു ഉത്തരമാണ് ലഭിക്കുക. വാതിലിൽ ആരെങ്കിലും മുട്ടുമ്പോൾ അതു യഹോവയുടെ സാക്ഷികളായിരിക്കും എന്നു പറഞ്ഞ് അവരെ പരാമർശിക്കുന്ന ടിവി പരിപാടികളും ചലച്ചിത്രങ്ങളുമുണ്ട്. സാക്ഷികളെ പരാമർശിക്കുന്ന കാർട്ടൂൺ കഥകളുണ്ട്. ലോകത്തെമ്പാടുമുള്ള കാർട്ടൂൺ രചയിതാക്കൾ സാക്ഷികളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുത്താൻമാത്രം അത്ര അറിയപ്പെടുന്നതാണ് അവരുടെ തീക്ഷ്ണതയുള്ള പ്രവർത്തനം. ഇവയെല്ലാം പരിഹാസോദ്യേതകമായി കാണപ്പെട്ടേക്കാം. എന്നാൽ സാധാരണമായി അവയെല്ലാം വേരൂന്നിയിരിക്കുന്നത് തിട്ടമായ ഒരു അടിസ്ഥാന വസ്തുതയിലാണ്—അതായത്, സ്ഥിരോത്സാഹത്തോടുകൂടി വീടുതോറും പ്രസംഗിക്കുന്നതിൽ സാക്ഷികൾ പേരുകേട്ടവരാണ്.—പ്രവൃത്തികൾ 20:20.
“ഗുരു”വിൽനിന്ന് ഉപദേശംതേടാനായി മല കയറുന്ന ഒരു മനുഷ്യനെ ചിത്രീകരിച്ച ഒരു കാർട്ടൂൺ ഈ അടുത്ത കാലത്തു വന്നിരുന്നു. “വരാനിരിക്കുന്ന അത്ഭുതാവഹമായ കാര്യങ്ങളെക്കുറിച്ച് എന്നോടു പറയുക!” എന്ന് അയാൾ പറഞ്ഞു. “ഗുരു” എങ്ങനെയാണ് ഉത്തരം പറഞ്ഞത്? “നമുക്കു നോക്കാം . . . ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ എന്നിവയുണ്ടാകും. സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തവർണമായിത്തീരും.” അന്വേഷകൻ ചോദിച്ചു: “സദ്വാർത്ത വല്ലതുമുണ്ടോ?” അതിനു “ഗുരു”വിന്റെ മറുപടി ഇതായിരുന്നു: “ദൈവം കണ്ണുനീരെല്ലാം തുടച്ചുനീക്കും . . . ഇനി മേലാൽ മരണമോ ദുഃഖമോ വേദനയോ ഉണ്ടായിരിക്കുകയില്ല!” സന്ദർശകൻ ചോദിച്ചു: “ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് താങ്കൾക്ക് എങ്ങനെ അറിയാം?” ഇതിന്റെ ഉത്തരമോ? “യഹോവയുടെ സാക്ഷികളിൽനിന്ന് ഒഴിഞ്ഞുമാറാൻ ആർക്കുമാവില്ല!” ആ കാർട്ടൂൺ രചയിതാവിനെ സംബന്ധിച്ചും അതു ശരിയായിരിക്കണം.
ഈ കാർട്ടൂൺ കഥയിലെയും അതുപോലുള്ള മററുള്ളവയിലെയും പ്രധാന ആശയം സാക്ഷികളുടെ സന്ദർശനങ്ങളുടെ സ്ഥിരതയെ മാത്രമല്ല, അത് അവരുടെ സന്ദേശത്തിന്റെ പരസ്പരയോജിപ്പിനെയും വെളിപ്പെടുത്തുന്നു എന്നതാണ്. കേവലം ചുരുങ്ങിയ വാക്കുകളിൽ, ആ കലാകാരൻ അവരുടെ വീടുതോറുമുള്ള സാക്ഷീകരണത്തിന്റെ മുഖ്യ ആശയം നൽകുകയും തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും ചെയ്തു.—താരതമ്യം ചെയ്യുക: മത്തായി 24:7, 29; വെളിപ്പാടു 21:3, 4.
മിക്കയാളുകളും തങ്ങളുടെ സന്ദേശം തിരസ്കരിക്കുന്നു എന്ന വസ്തുത സാക്ഷികളെ നിരുത്സാഹപ്പെടുത്തുകയോ അവരുടെ തീക്ഷ്ണതയെ കുറയ്ക്കുകയോ ചെയ്യുന്നില്ല. അപ്പോസ്തലനായ പത്രോസ് മുന്നറിയിപ്പു നൽകി: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കൻമാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” ഇതൊന്നും വകവയ്ക്കാതെ, സ്നേഹത്താൽ പ്രേരിതരായി സാക്ഷികൾ തങ്ങളുടെ അയൽക്കാരെ സന്ദർശിക്കുന്നതിൽ തുടരുന്നു. ഇപ്പോഴത്തെ അധഃപതിച്ച വ്യവസ്ഥിതിയെ ദൈവം അവസാനിപ്പിക്കുന്നതുവരെ അവർ അങ്ങനെതന്നെ ചെയ്യും.—2 പത്രൊസ് 3:3, 4.
അവസാന നാളുകളിൽ, മുമ്പേ സുവാർത്ത പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു എന്ന് യേശു പറഞ്ഞു. എന്തുകൊണ്ട്, എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ പിൻവരുന്ന രണ്ടു ലേഖനങ്ങൾ കാണുക.—മർക്കൊസ് 13:10.
[9-ാം പേജിലെ ചിത്രം]
വേതനം പററുന്ന ഒരു പുരോഹിതവർഗം യഹോവയുടെ സാക്ഷികൾക്കില്ല—എല്ലാവരും സ്വമേധയാ ശുശ്രൂഷകരാണ്