വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യേശു യിശ്ശായിയുടെയും ദാവീദിന്റെയും വംശജനായിരിക്കെ എന്തുകൊണ്ടാണ് അവനെ തന്റെ പൂർവികരായ യിശ്ശായിയുടെയും ദാവീദിന്റെയും “വേര്” എന്നു വിളിക്കുന്നത്?
ഒരു വൃക്ഷത്തിന്റെ അല്ലെങ്കിൽ ചെടിയുടെ തായ്ത്തടിയോ ശിഖരങ്ങളോ ഉണ്ടാകുന്നതിനു മുമ്പ് അതിന് ഒരു വേരുണ്ടാകുന്നതിനെക്കുറിച്ചാണു നാം സാധാരണ ചിന്തിക്കാറ്. അതുകൊണ്ട്, യിശ്ശായിയെ (അല്ലെങ്കിൽ അവന്റെ പുത്രനായ ദാവീദിനെ), യേശു ഉത്ഭൂതമായ വേര് എന്നു വിളിക്കണമെന്നു തോന്നിയേക്കാം. എന്നാൽ, വരാൻ പോകുന്ന മിശിഹാ “യിശ്ശായിയുടെ വേര്” ആണെന്നു യെശയ്യാ 11:10 (ഓശാന ബൈബിൾ) മുൻകൂട്ടിപ്പറഞ്ഞു. കൂടാതെ, റോമർ 15:12 ഈ പ്രവചനം യേശുക്രിസ്തുവിൽ ബാധകമാക്കി. പിന്നീട്, വെളിപ്പാടു 5:5 അവനെ “യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ” എന്നു വിളിക്കുന്നു. ഈ സ്ഥാനപ്പേരുകൾക്ക് കാരണങ്ങളുണ്ട്.
ബൈബിൾ മിക്കപ്പോഴും ചെടികളെ അഥവാ വൃക്ഷങ്ങളെ ആലങ്കാരികമായി ഉപയോഗിക്കുന്നു. വിത്തു മുളച്ച് വളരുന്നതോടൊപ്പം വേര് ഉറയ്ക്കുകയും മരക്കൊമ്പുകളെയും മററു ശിഖരങ്ങളെയും ഫലത്തെയും അവ താങ്ങിനിർത്തുകയും ചെയ്യുന്നുവെന്ന വസ്തുതയിൽനിന്നാവാം ഇത് ഉടലെടുക്കുന്നത്. ദൃഷ്ടാന്തത്തിന്, യെശയ്യാവു 37:31 ഇങ്ങനെ വായിക്കുന്നു: “യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പു വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായിക്കും.”—ഇയ്യോബ് 14:8, 9; യെശയ്യാവു 14:29.
വേരിന് എന്തെങ്കിലും കേടു സംഭവിച്ചാൽ മുഴു മരത്തെയും അതു ബാധിക്കുന്നു. (താരതമ്യം ചെയ്യുക: മത്തായി 3:10; 13:6.) അതുകൊണ്ട് മലാഖി എഴുതി: “ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചു കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാഖി 4:1) അർഥം വ്യക്തമാണ്—പൂർണമായ നാശം. മാതാപിതാക്കൾ (വേര്) നശിപ്പിക്കപ്പെടും, അവരുടെ സന്തതിയും (കൊമ്പുകളും).a പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വത്തിന് ഇത് അടിവരയിടുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നിലനിൽക്കുന്ന ഭാവി മാതാപിതാക്കൾ ദൈവമുമ്പാകെ എങ്ങനെ നിലകൊള്ളുന്നുവെന്നതിനെ ആശ്രയിച്ചിരുന്നേക്കാം.—1 കൊരിന്ത്യർ 7:14.
യെശയ്യാവു 37:31-ലെയും മലാഖി 4:1-ലെയും ഭാഷ, കൊമ്പുകളുടെയും (കൊമ്പുകളിലുള്ള ഫലത്തിന്റെയും) ജീവൻ വേരിൽനിന്ന് ഉത്ഭവിച്ചുവെന്ന വസ്തുത സമർഥിക്കുന്നു. ഇത് യേശു എങ്ങനെ ‘യിശ്ശായിയുടെ വേരും’ ‘ദാവീദിന്റെ വേരും’ ആയിരിക്കുന്നുവെന്നു മനസ്സിലാക്കാനുള്ള ഒരു മാർഗമാണ്.
ജഡികമായ അർഥത്തിൽ പറഞ്ഞാൽ യിശ്ശായിയും ദാവീദും യേശുവിന്റെ പൂർവികൻമാർ ആണ്. അവരായിരുന്നു വേരുകൾ. അവൻ മുള അല്ലെങ്കിൽ കൊമ്പ്. വരാൻ പോകുന്ന മിശിഹായെക്കുറിച്ച് യെശയ്യാവു 11:1 ഇങ്ങനെ പറഞ്ഞു: “യിശ്ശായിയുടെ കുററിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” സമാനമായി വെളിപ്പാടു 22:16-ൽ യേശു തന്നെ ‘ദാവീദിന്റെ സന്താന’മെന്നു വിളിക്കുന്നു. ‘ദാവീദിന്റെ വേര്’ എന്നും യേശു തനിക്കു പേർ ചൊല്ലുന്നു. എന്തുകൊണ്ട്?
യേശു യിശ്ശായിയുടെയും ദാവീദിന്റെയും “വേര്” ആയിരിക്കുന്നതിന് ഒരു കാരണം അവൻ മുഖാന്തരം അവരുടെ വംശാവലി ഇതുവരെയും നിലകൊള്ളുന്നുവെന്നതാണ്. അവൻ, ലേവ്യ, ദാൻ, യഹൂദ എന്നീ ഗോത്രത്തിൽനിന്നാണെന്ന് ആർക്കും ഒരിക്കലും തെളിയിക്കാനാവില്ല. എന്നാൽ, യേശു ഇപ്പോൾ സ്വർഗത്തിൽ ജീവിച്ചിരിക്കുന്നുവെന്ന കാരണത്താൽ യിശ്ശായിയുടെയും ദാവീദിന്റെയും വംശം ഇപ്പോഴും നിലനിൽക്കുന്നുവെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—മത്തായി 1:1-16; റോമർ 6:9.
സ്വർഗീയ രാജാവ് എന്ന സ്ഥാനവും യേശുവിന് ലഭിച്ചു. (ലൂക്കൊസ് 1:32, 33; 19:12, 15; 1 കൊരിന്ത്യർ 15:25) ഇത് പൂർവികൻമാരുമായിപോലുമുള്ള അവന്റെ ബന്ധത്തിനു ചേർച്ചയിലാണ്. പ്രാവചനികമായി ദാവീദ് യേശുവിനെ കർത്താവ് എന്നു വിളിക്കുകയുണ്ടായി.—സങ്കീർത്തനം 110:1; പ്രവൃത്തികൾ 2:34-36.
ഒടുവിൽ, യേശുക്രിസ്തു ന്യായാധിപതിയായി നിയമിതനായിരിക്കുന്നു. വരാൻപോകുന്ന ആയിരംവർഷക്കാലത്ത് യേശുവിന്റെ മറുവിലയുടെ പ്രയോജനം യിശ്ശായിക്കും ദാവീദിനും നൽകപ്പെടും. അപ്പോൾ ഭൂമിയിലെ അവരുടെ ജീവിതം തങ്ങളുടെ “നിത്യപിതാവു” ആയി സേവിക്കുന്ന യേശുവിൽ ആശ്രിതമായിരിക്കും.—യെശയ്യാവു 9:6.
ആകയാൽ, യേശു യിശ്ശായിയുടെയും ദാവീദിന്റെയും വംശത്തിൽനിന്ന് ഉത്ഭവിച്ചുവെങ്കിലും ഇതിനോടകം സംഭവിച്ചതും സംഭവിക്കാൻ പോകുന്നതും അവനെ ‘യിശ്ശായിയുടെ വേര്’ എന്നും ‘ദാവീദിന്റെ വേര്’ എന്നും വിളിക്കാൻ അർഹനാക്കുന്നു.
[അടിക്കുറിപ്പുകൾ]
a ഫൊണീഷ്യൻ ഭാഷയിലുള്ള ഒരു പുരാതന ശവസംസ്കാര ആലേഖനം സമാന ഭാഷ ഉപയോഗിച്ചിരിക്കുന്നു. ശവക്കല്ലറ തുറക്കുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “താഴെ വേരൂന്നുകയോ മീതെ ഫലം കായ്ക്കുകയോ ചെയ്യാതിരിക്കട്ടെ!”—വെസ്ററസ് ടെസ്ററമെൻറം, ഏപ്രിൽ 1961.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.