ബൈബിൾ—അതിന്റെ യഥാർഥ മൂല്യമെന്താണ്?
“ബൈബിൾ ഒരു മർമമാണ്, മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു പുസ്തകം,” എന്ന് ഒരു വീട്ടുകാരൻ അവകാശപ്പെടുന്നു. മറെറാരു വീട്ടുകാരൻ അഭിപ്രായപ്പെടുന്നു: “ബൈബിൾ പ്രധാനപ്പെട്ട ഒരു പുസ്തകമാണെന്ന് എനിക്കറിയാം, എന്നാൽ എനിക്ക് അതിനെ സംബന്ധിച്ച് അധികമൊന്നും അറിയില്ല. അതു മനസ്സിലാക്കാൻ പ്രയാസമാണ്.”
“പല ക്രിസ്ത്യാനികൾക്കും ബൈബിളിനെ സംബന്ധിച്ച് . . . അധികമൊന്നും അറിയില്ല,” എന്ന് ദ ടൊറോന്റോ സ്ററാർ പ്രസ്താവിച്ചു. ഒരു കത്തോലിക്കാ സ്ത്രീ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഒരു ബൈബിളുണ്ടായിരിക്കുന്നത് എനിക്കു സുഖാനുഭൂതി തരുന്നു. അത് ആന്തരിക സമാധാനം കൈവരുത്തുന്നു.” “ബൈബിൾ കാററടിച്ച് ഇളകിമറിയുന്ന ജീവിത സാഗരത്തിലൂടെ ഒരുവനെ സുരക്ഷിതസ്ഥലത്തേക്കു നയിക്കുന്ന ഒരു ദിക്കുകാട്ടി പോലെയാണ്,” എന്ന് ഒരു മീൻപിടിത്തക്കാരൻ പറഞ്ഞു. മുമ്പു ഹിന്ദുവായിരുന്ന ഒരാളുടെ വാക്കുകളിൽ, “ബൈബിൾ ദൈവത്തിന്റെ വചനവും മനുഷ്യവർഗത്തിനുള്ള ഒരു സമ്മാനവും ആത്മീയ ദുരിതങ്ങൾക്കുള്ള ഒരു ഔഷധവും ആണ്.”
ബൈബിളിന്റെ കൃത്യമായ മൂല്യം സംബന്ധിച്ച അഭിപ്രായങ്ങൾ അനേകവും വിവിധവുമാണ്. എങ്കിലും അതിന്റെ യഥാർഥ മൂല്യം എന്താണ്?
നിലവിലുള്ളതിൽ ഏററവും പ്രധാനവും വിപുലമായി വിതരണം ചെയ്യപ്പെടുന്നതുമായ പുസ്തകം ബൈബിളാണ്. അതിന്റെ താളുകളിൽ മനുഷ്യൻ അനുഭവിച്ചിട്ടുള്ളതോ ഇനി അനുഭവിക്കാനിരിക്കുന്നതോ ആയ വളരെ കുഴയ്ക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം അടങ്ങിയിരിക്കുന്നു. അതിന്റെ ബുദ്ധ്യുപദേശത്തിന്റെ പ്രായോഗികത അതുല്യമാണ്. അതു ശുപാർശ ചെയ്യുന്ന ധാർമിക പ്രമാണങ്ങൾ ഏററവും മികച്ചതാണ്. അതിന്റെ സന്ദേശം ശക്തവും പ്രയോജനപ്രദവുമാണ്. അനുപമ മൂല്യമുള്ള ഈ പുസ്തകം അലമാരയിൽനിന്നെടുക്കുന്നതും സൂക്ഷ്മശ്രദ്ധ നൽകി പരിശോധന നടത്തുന്നതും ഉചിതമാണ്.
ബൈബിൾ തികച്ചും കൃത്യതയുള്ളതും ആശ്രയയോഗ്യവും പ്രാമാണികവും ആണെന്ന പൂർണവിശ്വാസത്തോടെ നമുക്ക് അതു തുറക്കാൻ കഴിയും. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രസംഭവങ്ങളെ ലൗകിക ചരിത്രം സ്ഥിരീകരിക്കുന്നു. ബൈബിൾ വാസ്തവികവും സത്യവുമാണെന്നു പുരാവസ്തുസംബന്ധമായ കണ്ടുപിടിത്തങ്ങൾ ആവർത്തിച്ചു സമർഥിക്കുന്നു. നാൽപ്പതോളം വരുന്ന ബൈബിളെഴുത്തുകാരുടെ നിഷ്കപടത അവരെ സത്യസന്ധതയും നിഷ്കളങ്കതയുമുള്ള മനുഷ്യരെന്നു മുദ്ര കുത്തുന്നു. ബൈബിളിന്റെ ആന്തരിക യോജിപ്പ് അതു മമനുഷ്യന്റെ ഉത്പന്നമല്ലെന്നു സൂചിപ്പിക്കുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ യഥാർഥമാണ്. അതിൽ പറഞ്ഞിരിക്കുന്ന ആളുകൾ യഥാർഥമാണ്. അതു പരാമർശിക്കുന്ന സ്ഥലങ്ങളും സ്ഥാനങ്ങളും യഥാർഥമാണ്. അതിനുപുറമേ, ബൈബിളിന്റെ ഗ്രന്ഥകർത്താവെന്ന നിലയിൽ യഹോവയാം ദൈവത്തെ അനിഷേധ്യമായി തിരിച്ചറിയിക്കുന്ന ശ്രേഷ്ഠമായ പ്രവചനങ്ങൾ ബൈബിളിലടങ്ങുന്നു.—2 പത്രൊസ് 1:21.
തന്റെ ഇഷ്ടവും ഉദ്ദേശ്യങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർക്ക് ആ പരിജ്ഞാനം ലഭ്യമായിരിക്കുമെന്നു നമ്മുടെ മഹാസ്രഷ്ടാവ് ഉറപ്പുവരുത്തി. വാസ്തവത്തിൽ, എല്ലാത്തരം മനുഷ്യരും തന്റെ വചനം പഠിച്ച്, ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണം’ എന്നതു തന്റെ ഇഷ്ടം ആണെന്നു വ്യക്തമായ ഭാഷയിൽ യഹോവ നമ്മോടു പറയുന്നു. (1 തിമൊഥെയൊസ് 2:3, 4; സദൃശവാക്യങ്ങൾ 1:5, 20-33) ഇതു നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാൻ കഴിയുന്ന ഏററവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. നാം നേരിടാൻ കടപ്പെട്ടിരിക്കുന്ന ഒരു വെല്ലുവിളിയാണിത്. ആദിമ ക്രിസ്ത്യാനികൾ ഇതു മനസ്സിലാക്കി. അവരിൽ ഒരാൾ ഇപ്രകാരം പറയാൻ പ്രേരിതനായി: “നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം . . . എന്നും ഞാൻ പ്രാർഥിക്കുന്നു.”—ഫിലിപ്പിയർ 1:9-11; കൊലൊസ്സ്യർ 1:9, 10.
മനുഷ്യ കുടുംബത്തോടു തന്റെ ഇഷ്ടവും ഉദ്ദേശ്യവും അറിയിക്കുന്നതിനുള്ള സ്രഷ്ടാവിന്റെ മുഖ്യമാർഗം ബൈബിളാണ്. നമുക്കു വ്യക്തിപരമായി ആ ഉദ്ദേശ്യത്തിൽ എങ്ങനെ സ്ഥാനം നേടാമെന്ന് അതു വിശദീകരിക്കുകയും ചെയ്യുന്നു. അതിൽ കഴിഞ്ഞ കാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു, അതു ഭാവിയെ സംബന്ധിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടു നൽകുകയും ചെയ്യുന്നു. ബൈബിൾ ശരിയായ ഉപദേശം രേഖപ്പെടുത്തുകയും നാം എന്തു വിശ്വസിക്കണം അല്ലെങ്കിൽ എന്തു വിശ്വസിക്കരുത് എന്ന സംഗതിയിൽ നമ്മെ തിരുത്തുകയും ചെയ്യുന്നു. (പ്രവൃത്തികൾ 17:11; 2 തിമൊഥെയൊസ് 3:16, 17) അതു മനുഷ്യൻ അനുവർത്തിക്കേണ്ട പെരുമാററച്ചട്ടങ്ങൾ നൽകുകയും മനുഷ്യരെ വിജയത്തിന്റെയും സന്തുഷ്ടിയുടെയും പാതയിൽ നയിക്കുകയും ചെയ്യുന്നു. (മത്തായി, 5-7 അധ്യായങ്ങൾ) സകല മനുഷ്യവർഗത്തിനുമുള്ള ഏകപ്രത്യാശയെന്ന നിലയിൽ അതു ദൈവത്തിന്റെ രാജ്യത്തെ ഊന്നിപ്പറയുകയും തന്റെ ഗവൺമെൻറ് തന്റെ നാമത്തെ വിശുദ്ധീകരിക്കാനും പരമാധികാരത്തെ സംസ്ഥാപിക്കാനുമുള്ള ഉപകരണമായിരിക്കുന്നതെങ്ങനെയെന്നു പ്രകടമാക്കുകയും ചെയ്യുന്നു. നമ്മുടെ ജീവദാതാവായ യഹോവയുമായി ഒരു ഉററ സ്നേഹബന്ധം ആസ്വദിക്കാൻ നാം പിന്തുടരേണ്ട ഗതിയെന്തെന്നു ബൈബിൾ വിശദീകരിക്കുന്നു.
അതിനുപുറമേ, ലഭിക്കാവുന്ന അതിമഹത്തായ സമ്മാനത്തിലേക്ക്—പൂർണമനുഷ്യരെന്ന നിലയിൽ പറുദീസാഭൂമിയിലെ നിത്യജീവനിലേക്ക്—നിങ്ങളെ നയിക്കുന്ന പുസ്തകം ബൈബിൾ മാത്രമാണ്. (റോമർ 6:23) യഹോവയുടെ ഏകജാതനായ പുത്രൻ നമ്മോടു പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) തീർച്ചയായും ഇത്ര വർധിച്ച മൂല്യമുള്ള ഒരു പുസ്തകം നിത്യജീവന്റെ സമ്മാനം നേടാൻ നാം എന്തു ചെയ്യണമെന്നു പഠിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെ ബൈബിൾ മനസ്സിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു പുസ്തകമാണ്.