മരിച്ചവർക്കു നമ്മെ കാണാൻ കഴിയുമോ?
ഒരു സ്ത്രീ ഭർത്താവിനെ കൊല്ലുന്നു. ഏഴു വർഷം കഴിഞ്ഞ് അവൾ ഒരു സ്വപ്നം കണ്ട് ഭയവിഹ്വലയാകുന്നു. അത് മരിച്ചുപോയ ഭർത്താവിന്റെ ക്രോധത്തിന്റെ അടയാളമാണെന്നാണ് അവൾ കരുതുന്നത്. അദ്ദേഹത്തിന്റെ “ആത്മാവിനെ” പ്രീണിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ കല്ലറയിൽ മദ്യസേവ നടത്തുന്നതിന് അവൾ മകളെ പറഞ്ഞയക്കുന്നു.
പിതാവിന്റെ ആത്മാവിനോട് എന്തുപറയണമെന്ന് മകൾക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. കാരണം, നേർച്ച പിതാവിന്റെ ഘാതകിയായ അമ്മയുടേതാണ്. അവളുടെ സഹോദരൻ ഒളിഞ്ഞിരുന്ന് ഇതു വീക്ഷിക്കുന്നു. അവൻ മുന്നോട്ടുവരികയും പിതാവിന്റെ കൊലപാതകത്തിനു പ്രതികാരം ചെയ്യുന്നതിനു തങ്ങളെ സഹായിക്കാൻവേണ്ടി അവനും സഹോദരിയും പിതാവിനോടു പ്രാർഥിക്കുകയും ചെയ്യുന്നു.
2,400 വർഷം മുമ്പ് എഴുതപ്പെട്ട ദ ലൈബേഷൻ ബെയറേഴ്സ് എന്ന ഒരു യവന നാടകത്തിലെ രംഗമാണിത്. ഇപ്പോൾപോലും ലോകത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ചും ആഫ്രിക്കയിൽ, കല്ലറയുടെ സമീപം സമാനമായ യാഗങ്ങൾ അർപ്പിച്ചുവരുന്നു.
ദൃഷ്ടാന്തത്തിന്, നൈജീരിയയിൽ ജീവിക്കുന്ന ഈബിന്റെ അനുഭവംതന്നെയെടുക്കാം. മരണത്തിൽ മൂന്നു മക്കൾ നഷ്ടപ്പെട്ട അദ്ദേഹം പ്രദേശത്തെ പരമ്പരാഗത മാന്ത്രികനെ സമീപിക്കുന്നു. മക്കളുടെ മരണത്തിനു തക്ക കാരണമുണ്ട്—ഈബിന്റെ പിതാവിന്റെ ശവസംസ്കാരം ശരിയായ വിധത്തിൽ നടത്താത്തതുകൊണ്ട് അദ്ദേഹം കോപിഷ്ഠനാണ് എന്ന് അയാൾ പറയുന്നു.
പ്രദേശത്തെ മന്ത്രവാദി പറഞ്ഞതനുസരിച്ച് ഈബ് ഒരു കോലാടിനെ ബലികഴിക്കുകയും പിതാവിന്റെ കല്ലറയിൽ ജിന്നും വീഞ്ഞും പകരുകയും ചെയ്യുന്നു. പിതാവിന്റെ ആത്മാവിനെ ഉച്ചത്തിൽ വിളിച്ചുകൊണ്ട് അയാൾ ക്ഷമയാചിക്കുകയും സ്നേഹമുണ്ടെന്ന് ഉറപ്പിച്ചു പറയുകയും അനുഗ്രഹം യാചിക്കുകയും ചെയ്യുന്നു.
പിതാവിനു തന്നെ കാണാനും കേൾക്കാനും കഴിയുമെന്ന കാര്യത്തിൽ ഈബിനു യാതൊരു സംശയവുമില്ല. പിതാവ് നിർജീവനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പ്രത്യുത, മരണത്തിങ്കൽ അദ്ദേഹം ദൃശ്യലോകത്തുനിന്ന് അദൃശ്യലോകത്തിലേക്ക് “സ്ഥലംമാറുക”യായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ പിതാവ് ജഡ-രക്തത്തിന്റെ ലോകത്തിൽനിന്ന് ആത്മാക്കളുടെ ലോകത്തിലേക്ക്, പൂർവികരുടെ വാസസ്ഥാനത്തേക്ക്, പോയെന്നാണ് ഈബ് വിശ്വസിക്കുന്നത്.
ഈബ് ഇപ്രകാരം ന്യായവാദം ചെയ്യുന്നു: ‘പിതാവ് ഈ ലോകത്തിൽ ഇല്ലെന്നുവരികിലും അദ്ദേഹം ഇപ്പോഴും എന്നെ ഓർക്കുന്നുണ്ട്, എന്റെ ക്ഷേമത്തിൽ തത്പരനുമാണ്. ഇപ്പോൾ അദ്ദേഹം ശക്തിയേറിയ ഒരു ആത്മാവായിരിക്കുന്നതിനാൽ എന്നെ സഹായിക്കുന്നതിന് ഒരു മനുഷ്യനെന്ന നിലയിൽ ഭൂമിയിൽ ആയിരുന്നതിനെക്കാൾ വളരെ മെച്ചമായ നിലയിലാണ്. കൂടാതെ, ദൈവവും ഒരു ആത്മാവായതിനാൽ എനിക്കുവേണ്ടി ദൈവത്തെ നേരിട്ടു സമീപിക്കാൻ അദ്ദേഹത്തിനു കഴിയും. പിതാവ് ഇപ്പോൾ കോപാകുലനായിരുന്നേക്കാം, എന്നാൽ ഉചിതമായ ബഹുമാനം നൽകുന്നപക്ഷം അദ്ദേഹം എന്നോടു പൊറുക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യും.’
മരിച്ചവർ ഭൂമിയിലെ ആളുകളെ കാണുന്നുണ്ടെന്നും അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള വിശ്വാസം പരമ്പരാഗത മതം ആചരിക്കുന്ന ആഫ്രിക്കക്കാരുടെ ഇടയിൽ വിപുലവ്യാപകമാണ്. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിലും ഇതു പ്രസ്പഷ്ടമാണ്. ദൃഷ്ടാന്തത്തിന്, പള്ളിയിൽവെച്ചു വിവാഹിതയായശേഷം പരമ്പരാഗത അനുഗ്രഹം വാങ്ങുന്നതിന് ഒരു സ്ത്രീ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്കു പോകുന്നത് അസാധാരണമല്ല. അവിടെവെച്ച് പൂർവികരെ ഭയഭക്തിപുരസ്സരം ധ്യാനിക്കുകയും അവർക്കുവേണ്ടി മദ്യസേവ അർപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലുള്ള പരാജയം വിവാഹജീവിതത്തെ താറുമാറാക്കുമെന്നാണ് അനേകരുടെയും വിശ്വാസം.
പൂർവികർ അല്ലെങ്കിൽ പൂർവികരുടെ ആത്മാക്കൾ ഭൂമിയിലുള്ള തങ്ങളുടെ കുടുംബങ്ങളുടെ അതിജീവനവും സമൃദ്ധിയും ഉറപ്പുവരുത്തുന്നുവെന്നു കരുതപ്പെടുന്നു. ഈ വീക്ഷണഗതിപ്രകാരം, അവർ നല്ല വിളവെടുപ്പിനിടവരുത്തുകയും ക്ഷേമം ഉറപ്പുവരുത്തുകയും ആളുകളെ ഉപദ്രവങ്ങളിൽനിന്നു സംരക്ഷിക്കുകയും ചെയ്യാൻ പ്രാപ്തിയുള്ള ശക്തരായ മിത്രങ്ങളാണ്. അവർ മനുഷ്യർക്കുവേണ്ടി മധ്യസ്ഥം വഹിക്കുന്നു. എന്നാൽ, അവരെ അവഗണിക്കുകയോ കോപിപ്പിക്കുകയോ ചെയ്താൽ അവർ കെടുതികൾ—രോഗം, ദാരിദ്ര്യം, മരണംപോലും—വരുത്തുന്നു. അതുകൊണ്ട്, ബലിയിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും മരിച്ചവരുമായി നല്ല ബന്ധം പുലർത്താൻ ആളുകൾ കഠിനമായി ശ്രമിക്കുന്നു.
മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ ജീവിതത്തിൽ സജീവപങ്കു വഹിക്കുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മരിച്ചുപോയ പ്രിയപ്പെട്ട ഒരാളുടെ ശവക്കല്ലറയുടെ സമീപം നിന്നുകൊണ്ട് അവൻ അല്ലെങ്കിൽ അവൾ കേൾക്കട്ടെ എന്നു കരുതി ഏതാനും വാക്കുകൾ നിങ്ങൾ സംസാരിച്ചിട്ടുണ്ടോ? കൊള്ളാം, മരിച്ചവർ നമ്മെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ സുപ്രധാന സംഗതിയെക്കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു നമുക്കു പരിശോധിക്കാം.