ഒരു മുഖ്യൻ തന്റെ ഭാവിയെപ്പറ്റി പരിചിന്തിക്കുന്നു
പശ്ചിമ ആഫ്രിക്കയിലെ ഒരു മുഖ്യൻ സമുദായത്തിൽ വളരെയധികം സ്നേഹിക്കപ്പെടുകയും അത്യന്തം ആദരിക്കപ്പെടുകയും ചെയ്ത ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ 78-ാമതു ജൻമദിനത്തിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റു ശുഭകാംക്ഷികളും അദ്ദേഹത്തെ അനുമോദിക്കുന്നതിനു കൂടിവന്നു. അത്തരമൊരു സന്ദർഭത്തിലത്ര സാധാരണമല്ലാത്ത ഒരു വിഷയത്തെക്കുറിച്ചു മുഖ്യൻ പ്രസംഗിച്ചു. മരണാനന്തര ജീവിതത്തെപ്പറ്റി തനിക്കുള്ള ധാരണ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു.
മരണാനന്തരം “വഞ്ചനയും അസൂയയും അത്യാഗ്രഹവുമില്ലാത്ത ഒരു പുതിയ ലോകം ഉണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. “നിഗൂഢതയിൽ ആച്ഛാദനം ചെയ്ത,” ദൈവവുമായി പരസ്പരം വർത്തിക്കുന്ന നീതിമാൻമാർ മാത്രം അധിവസിക്കുന്ന, ഒരു ലോകമായി അദ്ദേഹം അതിനെ വർണിച്ചു.
അത്തരം വിശ്വാസങ്ങൾ മുഴു ആഫ്രിക്കയിലെയും ജനങ്ങൾക്കിടയിൽ സർവസാധാരണമാണ്. ആഫ്രിക്കയിലെ പരമ്പരാഗത മതം പറയുന്നതനുസരിച്ച് മരണം ജീവന്റെ അവസാനമല്ല മറിച്ച് അതു വെറുമൊരു അവസ്ഥാന്തരം, ആത്മമണ്ഡലത്തിലേക്കുള്ള കടന്നുപോകൽ മാത്രമാണ്. മരണത്തിൽ ഒരു വ്യക്തി ദൃശ്യലോകത്തിൽനിന്ന് അദൃശ്യലോകത്തിലേക്കു കടന്നുപോവുകയാണെന്നു പറയപ്പെടുന്നു. ഒരു ആത്മാവെന്ന നിലയിൽ ആ വ്യക്തി ഇപ്പോൾ അവന്റെയോ അവളുടെയോ പൂർവികർ അധിവസിക്കുന്ന സാമ്രാജ്യത്തിലേക്കു പ്രവേശിക്കുന്നു.
പൂർവികർ അഥവാ പൂർവികരുടെ ആത്മാക്കൾ ഭൂമിയിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നുവെന്ന് വടക്കേ ആഫ്രിക്കക്കാരിൽ അനേകർ വിശ്വസിക്കുന്നു. വടക്കേ ആഫ്രിക്കയുടെ പരമ്പരാഗത മതം എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇപ്പോൾ ഇവിടെ ഭൂമിയിലുള്ള അംഗങ്ങൾക്കും ഇതിനപ്പുറമുള്ള ലോകത്തിലെ അംഗങ്ങൾക്കുമിടയിലുള്ള സ്വാധീനത്തിന്റെ കാര്യത്തിൽ ഒരു സൂക്ഷ്മമായ വ്യത്യാസമില്ല. ഇവിടെ, ഭൂമിയിലായിരുന്നപ്പോൾ [പൂർവികർ] കുടുംബത്തിലെ തലമൂത്തവരായിരുന്നു. എന്നാൽ ഇപ്പോൾ അവർ നമുക്ക് അദൃശ്യരായതിനാൽ ആത്മലോകത്തിൽ അവർ ഇപ്പോഴും തലമൂത്തവർ തന്നെ. തങ്ങളുടെ കുടുംബാംഗങ്ങളുടെ പൊതുക്ഷേമത്തിൽ താത്പര്യം എടുക്കുന്നതിൽനിന്ന് അവർ വിരമിക്കുന്നില്ല.”
അങ്ങനെ, പ്രാരംഭത്തിൽ പരാമർശിച്ച മുഖ്യൻ പൂർവികരോടു ചേർന്ന് അവരോടൊപ്പം ആത്മമണ്ഡലത്തിൽ പ്രവർത്തിക്കാൻ പ്രതീക്ഷിച്ചു. “മരണാനന്തര ജീവിതത്തിലും മുഖ്യൻ എന്നനിലയിൽ മരണശേഷം തുടർന്നു സേവിക്കാനുള്ള സാധ്യതയിലും എനിക്ക് ഉറച്ച ബോധ്യമുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, മുഖ്യൻ അടുത്തതായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് “മരണാനന്തര ജീവിതത്തെപ്പറ്റി പൂർണബോധ്യം ഉള്ളതായി തോന്നുന്നില്ല” എന്ന് സൺഡേ റ്റൈംസ് പത്രം അഭിപ്രായപ്പെട്ടു. മരണാനന്തര ജീവിതത്തെപ്പറ്റി ചർച്ചചെയ്തിരിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ചു താൻ കേട്ടിട്ടുണ്ട് എന്ന് അവിടെ സമ്മേളിതരായ ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷമായി മുഖ്യൻ ആ പുസ്തകത്തിനുവേണ്ടി തേടുകയാണ്. അതു വായിക്കാനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം നിമിത്തം അതിന്റെ ഒരു പ്രതി എത്തിച്ചുകൊടുക്കുന്നയാൾക്ക് 1,500 ഡോളറിന് (യു.എസ്.) തുല്യമായ വില നൽകാമെന്നു വാഗ്ദാനം ചെയ്യുകപോലും ചെയ്തു.
കണ്ടെത്താൻ പ്രയാസമില്ലാത്ത ഒരു പുസ്തകത്തിൽ പരിശോധിച്ചുകൊണ്ട് ആ മുഖ്യന് അനാവശ്യ ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കാമായിരുന്നു. മനുഷ്യരാലല്ല സകല മനുഷ്യരുടെയും സൃഷ്ടികർത്താവിനാൽ നിർമിതമായ ആ പുസ്തകം എവിടെയും ലഭ്യമാണ്. (1 തെസ്സലൊനീക്യർ 2:13) ആ പുസ്തകം ബൈബിളാണ്. മരണാനന്തര ജീവിതത്തെപ്പറ്റി അത് എന്താണു പറയുന്നത്?