ആത്മമണ്ഡലവുമായുള്ള സമ്പർക്കം
ലക്ഷണമൊത്ത ഒരു പശ്ചിമാഫ്രിക്കൻ പട്ടണമധ്യത്തിൽ വെള്ളയും പച്ചയും ചായം പൂശിയ ആകർഷകമായ ഒറ്റനില കെട്ടിടം. സ്വീകരണമുറിയിൽ രണ്ടു സെക്രട്ടറിമാർ ടൈപ്പ്റൈറ്ററിൽ ജോലിചെയ്തിരുന്നു. നിരവധിയാളുകൾ ബാബാലേവോയെ അഥവാ ഭാവിപറയുന്നവനെ കാണാൻ ഇരിപ്പിടങ്ങളിൽ കാത്തിരിപ്പുണ്ടായിരുന്നു.
സമീപത്തുള്ള ഓഫീസിൽ ഒരു മേശയ്ക്കു പിന്നിലായി, ഒരു ഫാക്സ് മെഷീന്റെ അടുത്ത് ബാബാലേവോ ഉപവിഷ്ഠനായിരുന്നു. നരച്ച മുടിയും തടിച്ച ശരീരവുമുള്ള അദ്ദേഹം, ചിത്രത്തയ്യലുള്ള വിലയേറിയ നീണ്ടു വെളുത്ത അങ്കികൾ ധരിച്ചിരുന്നു. “എന്റെ പിതാവ് ഒരു ആഭിചാരകനായിരുന്നു. ഞാൻ ആ പാരമ്പര്യത്തിൽ ജനിച്ചു. അതിൽ വളർന്നു. എന്റെ അഞ്ചാമത്തെ വയസ്സിൽ പിതാവു ഭാവികഥനത്തിനു പോയപ്പോൾ ഞാനും കൂടെപോയി. അദ്ദേഹം അതു ചെയ്യുന്ന വിധം ഞാൻ നിരീക്ഷിക്കുകയും അതെന്റെ അവിഭാജ്യ ഭാഗമായിത്തീരുന്നതുവരെ അദ്ദേഹത്തെ അനുകരിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
അസംഖ്യം തലമുറകളായി അദ്ദേഹത്തിന്റെ ആളുകൾ ഉപയോഗിച്ചുപോന്ന സങ്കീർണമായ ഭാവികഥനവിദ്യ സമ്പ്രദായം വിവരിച്ചിട്ടുള്ള വലിയൊരു പ്രദർശന തടിപ്പലകയുടെ നേരെ ബാബാലേവോ ആംഗ്യം കാട്ടി. 16 പനങ്കുരുക്കൾ കശക്കിയിടുന്നതിനെ അവലംബിക്കുന്ന ഈ സമ്പ്രദായം പശ്ചിമാഫ്രിക്കയിലുടനീളവും അതിനു വെളിയിലേക്കും വ്യാപിച്ചിട്ടുള്ള ഒന്നാണ്. അദ്ദേഹം പറഞ്ഞു: “എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളുമായി ആളുകൾ എന്റെ അടുക്കൽ വരുന്നു. സ്ത്രീകൾ, വന്ധ്യത, തൊഴിലില്ലായ്മ, മാനസിക വൈകല്യങ്ങൾ, ആരോഗ്യം തുടങ്ങി പലതിനോടും ബന്ധപ്പെട്ട പ്രശ്നങ്ങളാണവ. ഭാവികഥനവിദ്യയുടെ ഫലങ്ങളെ ആശ്രയിച്ച്, പൂർവികരോടോ ദേവൻമാരോടോ അപേക്ഷകഴിക്കുന്നു. ഇതിലേതാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ബലിയർപ്പിച്ചേ പറ്റൂ.”
ഭാവികഥനവിദ്യ ഉൾപ്പെടെയുള്ള പരമ്പരാഗത മതാചാരങ്ങൾ പ്രസ്തുത പ്രദേശത്ത് ശക്തമാണ്, എന്നാൽ അങ്ങനെതന്നെയാണു ക്രൈസ്തവലോകത്തിലെ സഭകളും. കിങ് സോളമൻ II ചർച്ച്, കെരൂബിം, സെറാഫിം, ക്രിസ്തുവിന്റെ സ്വർഗീയ ദേവാലയം, ക്രിസ്തുവിന്റെ അപ്പോസ്തലിക ദേവാലയം, ക്രിസ്തുവിന്റെ കാഹളക്കാരുടെ ദേവാലയം തുടങ്ങിയ എഴുത്തുകൾ മുൻവശത്തുള്ള, വെള്ളപൂശിയ കെട്ടിടങ്ങൾ ബാബാലേവോയുടെ ഓഫീസിൽനിന്ന് അകലെയല്ല. ഈ സഭകൾ പരമ്പരാഗത മതവുമായി സഹവർത്തിത്വം പുലർത്തുകയും ചിലപ്പോൾ അതിന്റെ ആചാരങ്ങളെ പുൽകുകയും ചെയ്യുന്നു. ബാബാലേവോ പറഞ്ഞു: “അടുത്തയിടെ ഞാൻ ബിഷപ്പിനോടു സംസാരിച്ചു. അദ്ദേഹം ഇവിടെ വന്നിരുന്നു. 30 മിനിറ്റുനേരം ഞങ്ങൾ കാര്യങ്ങൾ ചർച്ചചെയ്ത ശേഷം, ആശയങ്ങൾ കൈമാറുന്നതിനും തെറ്റിദ്ധാരണകൾ പരിഹരിക്കുന്നതിനുമായി ക്രിസ്ത്യാനികൾക്കും പാരമ്പര്യമതവാദികൾക്കും ഒരുമിച്ചുകൂടാനുള്ള വേദി ഞങ്ങൾ ഒരുക്കാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.”
ആത്മലോകത്തേക്കുള്ള കവാടങ്ങൾ
ആത്മമണ്ഡലത്തിൽ വസിക്കുന്നവർ ആരാണെന്നുള്ള പ്രശ്നം അത്തരം തെറ്റിദ്ധാരണകളിൽ മിക്കപ്പോഴും ഉൾപ്പെടുന്നു. ആത്മലോകത്തിൽ രണ്ടു കൂട്ടം ജീവികൾ വസിക്കുന്നുവെന്ന വ്യാപകമായ വിശ്വാസം, സഹാറായുടെ തെക്കുഭാഗത്തെ ആഫ്രിക്കയിലുടനീളമുണ്ട്. ഒരിക്കലും മനുഷ്യരായിരുന്നിട്ടില്ലാത്ത ദേവൻമാർ അല്ലെങ്കിൽ ദൈവങ്ങൾ അടങ്ങിയതാണ് ഒന്നാമത്തെ കൂട്ടം. ഭൂമിയിലെ തങ്ങളുടെ കുടുംബങ്ങളുടെ അതിജീവനവും ഐശ്വര്യവും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വമുള്ള പൂർവികർ അഥവാ മരിച്ചവരുടെ ആത്മാക്കൾ ഉൾപ്പെട്ടതാണ് രണ്ടാമത്തെ കൂട്ടം. ഭൂമിയിലുള്ളവരെ സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള ശക്തി ദേവന്മാർക്കും പൂർവികർക്കും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തത്ഫലമായി, ഇരുകൂട്ടരോടും ഉചിതമായ ആദരവും ഭയഭക്തിയും കാണിക്കണം.
ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ വിശ്വാസങ്ങൾ ഉള്ളതായി കാണാം. ഭാവിയെക്കുറിച്ചുള്ള അറിവും ജീവിതത്തിലെ അനുദിന പ്രശ്നങ്ങൾക്കു സഹായവും മാർഗനിർദേശവും തേടിക്കൊണ്ട് എല്ലായിടത്തുമുള്ള ആളുകൾ വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് പ്രകൃത്യാതീത ശക്തികളെ സമീപിക്കുന്നു. ആത്മമണ്ഡലത്തിൽനിന്നു സഹായം നേടുക വാസ്തവത്തിൽ സാധ്യമാണോ? അവിടെ ജീവിച്ചിട്ടുള്ള യേശുക്രിസ്തു അതു സാധ്യമാണെന്നു പ്രകടമാക്കി. അവൻ പറഞ്ഞു: “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.” (മത്തായി 7:7) എന്നാൽ ആ സഹായം ലഭിക്കുന്നതിനു നാം ശരിയായ വ്യക്തിയോടു ചോദിക്കണം, ശരിയായ വിധത്തിൽ അന്വേഷിക്കണം, ശരിയായ വാതിലിൽ മുട്ടുകയും വേണം. നാം ശരിയായ വാതിലിലല്ല മുട്ടുന്നതെങ്കിൽ, നമുക്കു നന്മയല്ല, മറിച്ച് ഉപദ്രവം ചെയ്യുന്ന ആരെങ്കിലുമായിരിക്കാം അതു തുറക്കുന്നത്.
അതുകൊണ്ട്, ആത്മമണ്ഡലത്തിൽ ജീവിക്കുന്നത് ആരാണ്, ആരല്ല, എന്ന് അറിയുന്നത് മർമപ്രധാനമാണ്. നമ്മെ സഹായിക്കുന്നവരും നമ്മെ ഉപദ്രവിക്കുന്നവരും തമ്മിലുള്ള വ്യത്യാസവും നാം അറിയേണ്ടതുണ്ട്. അവസാനമായി, സഹായം നൽകാൻ കഴിയുന്ന സ്ഥാനത്തായിരിക്കുന്നവരിൽനിന്ന് അതു സ്വീകരിക്കുന്നതിനു നാം എന്തു ചെയ്യണമെന്നും അറിയേണ്ടതുണ്ട്. തുടർന്നുവരുന്ന ലേഖനങ്ങൾ ഈ കാര്യങ്ങൾ പരിശോധിക്കും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo on pages 3-4: The Star, Johannesburg, S.A.