20-ാം നൂററാണ്ടിലെ ദൈവനിഷേധം
“അനന്തരഫലമൊന്നും പ്രശ്നമാക്കാതെ, ദൈവത്തിന് ഒരു പരിഗണനയും കൊടുക്കാതെ, ആളുകൾ ദൈവം അസാന്നിധ്യവാനാണെന്നു ധരിച്ച് തങ്ങളുടെ ജീവിതം സ്വതന്ത്രമായി രൂപപ്പെടുത്തുകയാണ്.”—ദൈവത്തെ സംബന്ധിച്ച നൂറുവർഷ സംവാദം—ആധുനിക നിരീശ്വരവാദത്തിന്റെ ഉറവുകൾ.
ആദ്യം ആകർഷകമെങ്കിലും, ഉയരംകൂടിയ ഒരു വൃക്ഷം പിന്നീട് സർവസാധാരണമായ ഒന്നായി ഗണിക്കപ്പെടുന്നു. അതിന്റെ സാന്നിധ്യം പരിചിതമായിവരുന്നു; അതിന്റെ ഉയരം മേലാൽ ഭയജനകമല്ലാതാവുന്നു.
നിരീശ്വരവാദത്തിന്റെ കാര്യവും അതുപോലെയാണ്. 19-ാം നൂററാണ്ടിൽ അതു കാര്യമായ സംവാദത്തിനിടയാക്കിയെങ്കിലും, ഇന്നു ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നതു ഞെട്ടിക്കുന്നതോ അലോസരപ്പെടുത്തുന്നതോ അല്ല. സഹിഷ്ണുതയുടെ ഒരു കാലഘട്ടം നിരീശ്വരവാദത്തെ ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം സമാധാനപൂർവം നിലനിന്നുപോകാൻ അനുവദിച്ചു.
മിക്കയാളുകളും ദൈവത്തെ എടുത്തുചാടി നിഷേധിക്കുന്നില്ല. നേരേമറിച്ച്, നിരീശ്വരവാദികളാണെന്ന് അവകാശപ്പെടുന്നതു ശരാശരി 2 ശതമാനത്തിലും അൽപ്പം കൂടുതൽ ആളുകൾ മാത്രമേയുള്ളൂ എന്നാണ് അമേരിക്കകൾ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 11 രാജ്യങ്ങളിൽനിന്നുള്ള അഭിപ്രായ വോട്ടെടുപ്പുകൾ വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും, നിരീശ്വരവാദ മനോഭാവം സ്ഥിതിചെയ്യുന്നുണ്ട്. അത് ദൈവമുണ്ടെന്നു വിശ്വസിക്കുന്ന അനേകരുടെ ഇടയിൽപ്പോലുമുണ്ട്. ഇതെങ്ങനെ സംഭവിക്കും?
ദൈവത്തിന്റെ അധികാരത്തെ നിഷേധിക്കൽ
“ദൈവത്തെ പ്രായോഗിക തലത്തിൽ നിഷേധിക്കുക അല്ലെങ്കിൽ അവഗണിക്കുക എന്നു മാത്രമേ ചിലപ്പോൾ നിരീശ്വരവാദത്തിന് അർഥമുള്ളൂ”വെന്ന് ദി എൻസൈക്ലോപീഡിയ അമേരിക്കാന പറയുന്നു. ഇക്കാരണത്താൽ, ദ ന്യൂ ഷോർട്ടർ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി “നിരീശ്വരവാദി” എന്നതിന് “ധാർമികമായി ദൈവത്തെ നിഷേധിക്കുന്ന ഒരു വ്യക്തി; ദൈവവിചാരമില്ലാത്ത വ്യക്തി” എന്ന രണ്ടാമത്തെ അർഥം കൊടുക്കുന്നു.—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
അതേ, നിരീശ്വരവാദത്തിൽ ദൈവത്തിന്റെ അസ്തിത്വത്തിന്റെയോ അവന്റെ അധികാരത്തിന്റെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ നിഷേധം ഉൾപ്പെട്ടേക്കാം. ബൈബിൾ ഈ നിരീശ്വരവാദ മനോഭാവത്തെക്കുറിച്ച് തീത്തോസ് 1:16-ൽ സൂചിപ്പിക്കുന്നുണ്ട്: “ദൈവത്തെ അംഗീകരിക്കുന്നുവെന്ന് അവർ പ്രഖ്യാപിക്കുന്നു, എന്നാൽ അവരുടെ പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.”—ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ, താരതമ്യം ചെയ്യുക: സങ്കീർത്തനം 14:1.
ദൈവത്തിന്റെ അധികാരത്തെ നിഷേധിച്ചതിന്റെ ചരിത്രം ആദ്യ മാനുഷദമ്പതികൾവരെ എത്തുന്നു. ഹവ്വാ ദൈവത്തിന്റെ അസ്തിത്വം അംഗീകരിച്ചു; എന്നിട്ടും, അവൾ ‘നൻമതിൻമകളെ അറിയുന്നവളായി ദൈവത്തെപ്പോലെ ആയിത്തീരുവാൻ’ ആഗ്രഹിച്ചു. അവൾക്ക് ‘അവളുടെതന്നെ യജമാനത്തി’യായി സ്വന്തം ധാർമികസംഹിതയുണ്ടാക്കാം എന്നായിരുന്നു അതിന്റെ സൂചന. പിന്നീട്, ഇങ്ങനെ ദൈവത്തിന്റെ അധികാരത്തെ നിഷേധിക്കുന്നതിൽ ആദാം ഹവ്വായോടൊപ്പം ചേർന്നു.—ഉല്പത്തി 3:5, 6.
ഈ മനോഭാവം ഇന്നു നിലവിലുണ്ടോ? ഉണ്ട്. സ്വാതന്ത്ര്യതൃഷ്ണയിൽ ഒരു സൂക്ഷ്മ നിരീശ്വരവാദം പ്രകടമാകുന്നുണ്ട്. “ഇന്ന് ആളുകൾ ദൈവത്തിന്റെ നിരീക്ഷണത്തിൻ കീഴിൽ ജീവിച്ചു മടുത്തിരിക്കുന്നു” എന്ന് ദൈവത്തെ സംബന്ധിച്ച നൂറുവർഷ സംവാദം—ആധുനിക നിരീശ്വരവാദത്തിന്റെ ഉറവുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. “അവർ . . . സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.” ബൈബിളിന്റെ ധാർമികസംഹിതയെ അപ്രായോഗികവും അവാസ്തവികവുമായി തള്ളിക്കളയുന്നു. പലരുടെയും ചിന്ത ഏതാണ്ട് ഈജിപ്തിലെ ഫറവോനെപ്പോലെയാണ്. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല.” അവൻ യഹോവയുടെ അധികാരത്തെ നിഷേധിച്ചു.—പുറപ്പാടു 5:2.
ക്രൈസ്തവലോകത്തിന്റെ ദൈവനിഷേധം
ക്രൈസ്തവലോകത്തിന്റെ പുരോഹിതവർഗമാണു ദൈവത്തിന്റെ അധികാരത്തെ ഏററവും ഞെട്ടലുളവാക്കുംവിധം നിഷേധിക്കുന്നത്. അവർ ബൈബിളിലെ നിർമലസത്യങ്ങൾക്കു പകരമായി മനുഷ്യനിർമിത പാരമ്പര്യങ്ങൾ എടുത്തിരിക്കുന്നു. (താരതമ്യം ചെയ്യുക: മത്തായി 15:9.) അതിലുപരി, അവർ 20-ാം നൂററാണ്ടിലെ ഏററവും രക്തരൂക്ഷിതമായ യുദ്ധങ്ങളെ പിന്തുണക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ യഥാർഥ സ്നേഹം പ്രകടമാക്കാനുള്ള ബൈബിൾ കൽപ്പനയെ തള്ളിക്കളഞ്ഞു.—യോഹന്നാൻ 13:35.
അവന്റെ ധാർമിക നിലവാരങ്ങൾക്കുനേരെ പുറംതിരിഞ്ഞുകൊണ്ടും പുരോഹിതവർഗം ദൈവത്തെ നിഷേധിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെപേരിൽ പുരോഹിതൻമാർക്കെതിരെയുള്ള കേസുകളുടെ നിലയ്ക്കാത്ത പ്രവാഹം ഇതിനുള്ള തെളിവും ഉദാഹരണവുമാണ്. ക്രൈസ്തവലോകത്തിന്റെ അവസ്ഥ പുരാതന ഇസ്രായേലിനോടും യഹൂദയോടും സാമ്യമുള്ളതാണ്. എസെക്കിയേലിനോട് ഇങ്ങനെ പറയപ്പെട്ടു: “ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു. യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവർ പറയുന്നുവല്ലോ.” (യെഹെസ്കേൽ 9:9; താരതമ്യം ചെയ്യുക: യെശയ്യാവു 29:15.) അനേകരും ക്രൈസ്തവലോകത്തിലെ സഭകളെ പരിപൂർണമായും ഉപേക്ഷിച്ചിരിക്കുന്നതിൽ അപ്പോൾ ഒട്ടും അതിശയിക്കാനില്ല! എന്നാൽ അവർ ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിക്കേണ്ടതുണ്ടോ?
നിരീശ്വരവാദത്തിനു സാധുവായ കാരണങ്ങളോ?
മതത്തിന്റെ കാപട്യം നിരീക്ഷിച്ചാലും ഇല്ലെങ്കിലും അനേകം നിരീശ്വരവാദികൾക്കും ദൈവത്തിലുള്ള വിശ്വാസവും ലോകത്തിലെ ദുരിതങ്ങളും തമ്മിൽ പൊരുത്തപ്പെടുത്താനേ കഴിയുന്നില്ല. സൈമൺ ബ്യൂവർ ഒരിക്കൽ പറഞ്ഞു: “ലോകത്തിലെ വൈരുദ്ധ്യങ്ങൾ പേറുന്ന ഒരു സ്രഷ്ടാവിനെക്കാൾ സ്രഷ്ടാവില്ലാത്ത ഒരു ലോകത്തെക്കുറിച്ചു ചിന്തിക്കുന്നതാണ് എനിക്ക് എളുപ്പം.”
കപടഭക്തരായ മതസ്ഥർ ഇളക്കിവിടുന്നതുൾപ്പെടെയുള്ള ഈ ലോകത്തിലെ അനീതികൾ ദൈവമില്ലെന്നു തെളിയിക്കുന്നുണ്ടോ? ഇതു പരിചിന്തിക്കുക: ഭീഷണിപ്പെടുത്താൻ, മുറിവേൽപ്പിക്കാൻ, അല്ലെങ്കിൽ ഒരു നിഷ്കളങ്കനെ കൊല്ലാനായിപ്പോലും ഒരു കത്തി ഉപയോഗിക്കുമ്പോൾ, അതു തെളിയിക്കുന്നതു കത്തിക്ക് ഒരു നിർമാതാവ് ഇല്ലെന്നാണോ? മറിച്ച്, ആ വസ്തുവിനെ തെററായ ഉപയോഗത്തിനു വിധേയമാക്കിയിരിക്കുന്നുവെന്നല്ലേ പ്രകടമാക്കുന്നത്? അതുപോലെ, മാനുഷ ദുഃഖങ്ങളിൽ ഏറിയപങ്കും മനുഷ്യർ തങ്ങളുടെ ദൈവദത്ത കഴിവുകളെയും ഭൂമിയെയും ദുരുപയോഗം ചെയ്യുന്നുവെന്നു തെളിയിക്കുന്നു.
എന്നിരുന്നാലും, ദൈവത്തെ കാണാൻ സാധിക്കാത്തതിനാൽ അവനെ വിശ്വസിക്കുന്നതു യുക്തരഹിതമാണെന്നു ചിലർക്കു തോന്നുന്നു. എന്നാൽ, വായു, ശബ്ദതരംഗങ്ങൾ, ഗന്ധങ്ങൾ എന്നിവയുടെ കാര്യമോ? ഇവയൊന്നും നമുക്കു കാണാനാവില്ല, എന്നാലും അവ സ്ഥിതിചെയ്യുന്നുവെന്നു നമുക്ക് അറിയാം. നമ്മുടെ ശ്വാസകോശങ്ങൾ, കാതുകൾ, മൂക്കുകൾ എന്നിവ നമ്മോട് അങ്ങനെ പറയുന്നു. അപ്പോൾ തീർച്ചയായും, തെളിവുണ്ടെങ്കിൽ, കാണാത്ത സംഗതികൾ നാം വിശ്വസിക്കും.
ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, ആററങ്ങൾ, അമിനോ ആസിഡുകൾ, സങ്കീർണമായ തലച്ചോറ് എന്നിങ്ങനെയുള്ള ഭൗതിക തെളിവുകൾ പരിചിന്തിച്ചശേഷം, പ്രകൃതിശാസ്ത്രജ്ഞനായ ഇർവിങ് വില്യം നൂബ്ലൊക്ക് ഇങ്ങനെ പറയാൻ നിർബന്ധിതനായി: “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. കാരണം, വസ്തുക്കൾ അങ്ങനെ ആയിരിക്കുന്നതിനുള്ള യുക്തിസഹമായ ഒരേ ഒരു വിശദീകരണത്തിന് അവന്റെ ദിവ്യ അസ്തിത്വം കൂടിയേ തീരൂ.” (താരതമ്യം ചെയ്യുക: സങ്കീർത്തനം 104:24.) സമാനമായി, ശരീരശാസ്ത്രജ്ഞനായ മർലിൻ ബൂക്ക്സ് ക്രൈഡർ പ്രസ്താവിക്കുന്നു: “ഒരു സാധാരണ മനുഷ്യജീവി എന്നനിലയിലും ശാസ്ത്രീയപഠനത്തിനും ഗവേഷണത്തിനുമായി അർപ്പിച്ചിരിക്കുന്ന ഒരു മനുഷ്യൻ എന്നനിലയിലും എനിക്കു ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച് യാതൊരു സംശയവുമില്ല.”
ഇക്കാര്യത്തിൽ ഈ മനുഷ്യർ തനിച്ചല്ല. ഭൗതികശാസ്ത്ര പ്രൊഫസ്സറായ ഹെൻട്രി മാർജനോ പറയുന്നതനുസരിച്ച്, “ഒന്നാംകിട ശാസ്ത്രജ്ഞൻമാരെ എടുത്താൽ, അവർക്കിടയിൽ വളരെ കുറച്ചു നിരീശ്വരവാദികളെ മാത്രമേ നിങ്ങൾ കാണുകയുള്ളൂ.” ശാസ്ത്രത്തിന്റെ പുരോഗതികളും മതത്തിന്റെ പരാജയങ്ങളും സ്രഷ്ടാവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ നമ്മെ നിർബന്ധിക്കേണ്ടതില്ല. എന്തുകൊണ്ടെന്നു നമുക്കു പരിശോധിക്കാം.
സത്യമതത്തിനു നേർവിപരീതം
1803-ൽ ഐക്യനാടുകളുടെ പ്രസിഡൻറ് തോമസ് ജെഫേഴ്സൺ എഴുതി: “തീർച്ചയായും ഞാൻ എതിർക്കുന്നതു ക്രിസ്തുമതത്തിന്റെ ദുഷിക്കലുകളെയാണ്, അല്ലാതെ യേശുവിന്റെ യഥാർഥ സൻമാർഗപ്രമാണങ്ങളെയല്ല.” അതേ, ക്രൈസ്തവലോകവും ക്രിസ്ത്യാനിത്വവും തമ്മിൽ വ്യത്യാസമുണ്ട്. ക്രൈസ്തവലോകത്തിന്റെ ഒട്ടുമിക്ക പഠിപ്പിക്കലുകളും മനുഷ്യരുടെ പാരമ്പര്യങ്ങളിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതിനു നേർവിപരീതമായി, സത്യക്രിസ്ത്യാനിത്വം അതിന്റെ വിശ്വാസങ്ങൾ അടിസ്ഥാനപ്പെടുത്തുന്നതു ബൈബിളിലും. അതിനാൽ, “സൂക്ഷ്മപരിജ്ഞാനം,” “ജ്ഞാനം,” “ആത്മീയ ഗ്രാഹ്യം” എന്നിവ സമ്പാദിക്കണമെന്ന് പൗലോസ് ഒന്നാം നൂററാണ്ടിലെ കൊലോസ്യർക്ക് എഴുതി.—കൊലോസ്യർ 1:9, 10, NW.
യഥാർഥ ക്രിസ്ത്യാനികളിൽനിന്നു നാം പ്രതീക്ഷിക്കേണ്ടത് ഇതാണ്. കാരണം “ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതെല്ലാം അനുസരിപ്പാൻ തക്കവണ്ണം പഠിപ്പിച്ചുകൊണ്ട് സകലജനതകളിലെയും ആളുകളെ സ്നാപനപ്പെടുത്തി ശിഷ്യരാക്കിക്കൊൾവിൻ” എന്നാണു യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചിട്ടുള്ളത്.—മത്തായി 28:19, 20, NW.
ഇന്ന്, ലോകമെമ്പാടും 231 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ഈ കൽപ്പന നിറവേററുകയാണ്. അവർ ബൈബിൾ 12 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുകയും 7,40,00,000 പ്രതികൾ അച്ചടിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ബൈബിളധ്യയന പരിപാടിയിലൂടെ അവർ ഇപ്പോൾ 45,00,000-ത്തിലധികം ആളുകളെ ‘യേശു കൽപ്പിച്ചിട്ടുള്ളതെല്ലാം അനുസരിപ്പാൻ’ സഹായിക്കുകയുമാണ്.
ദൂരവ്യാപകഫലങ്ങളാണ് ഈ വിദ്യാഭ്യാസപരിപാടിമൂലം ഉളവാകുന്നത്. അതു ശരിയായ പ്രബോധനം പ്രദാനം ചെയ്യുന്നു. കാരണം അത് അടിസ്ഥാനപ്പെട്ടിരിക്കുന്നതു മമനുഷ്യന്റെ ചിന്തകളിൻമേലല്ല, ദൈവത്തിന്റെ ജ്ഞാനത്തിൻമേലാണ്. (സദൃശവാക്യങ്ങൾ 4:18) അതിലുപരി, പരസ്പരം യഥാർഥ സ്നേഹം വളർത്തിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്ന “പുതിയ വ്യക്തിത്വം” ധരിക്കാൻ അതു ജനതകളിലും വർഗങ്ങളിൽനിന്നുമുള്ള ആളുകളെ സഹായിക്കുന്നു. മമനുഷ്യന്റെ “യുക്തിവാദപ്രസ്ഥാന”ത്തിന് ഒരിക്കലും നേടാൻ കഴിയാഞ്ഞ സംഗതിയാണിത്.—കൊലൊസ്സ്യർ 3:9, 10.
നമ്മുടെ 20-ാം നൂററാണ്ടിൽ സത്യമതം വിജയം വരിക്കുകയാണ്. അതു ദൈവത്തെ—അവന്റെ അസ്തിത്വത്തെയോ അധികാരത്തെയോ—നിഷേധിക്കുന്നില്ല. യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ സന്ദർശിച്ച്, ഇതു നിങ്ങൾ നേരിൽ കണ്ടുമനസ്സിലാക്കാൻ ഞങ്ങളിതാ നിങ്ങളെ ക്ഷണിക്കുന്നു.
[6-ാം പേജിലെ ചതുരം]
നിരീശ്വരവാദത്തിന്റെ വേരുകൾക്കു കരുത്തേകൽ
18-ാം നൂററാണ്ടിന്റെ മധ്യത്തിൽ, തത്ത്വചിന്തകനായ ഡെനി ഡിഡറൊട്ടിന് ഒരു ഒററവാല്യം വിശ്വവിജ്ഞാനകോശം ഇംഗ്ലീഷിൽനിന്നു ഫ്രഞ്ചിലേക്കു പരിഭാഷപ്പെടുത്താനുള്ള നിയമനം ലഭിച്ചു. എന്നിരുന്നാലും, അദ്ദേഹം തൊഴിലുടമയുടെ പ്രതീക്ഷയെ കടത്തിവെട്ടിക്കളഞ്ഞു. ഡിഡറൊട്ട് തന്റെ എൻസൈക്ലോപീഡി സമാഹരിച്ചുകൊണ്ട് മൂന്നു പതിററാണ്ടുകൾ ചെലവിട്ടു. ആ കാലഘട്ടത്തിന്റെ തുടിപ്പ് ഉൾക്കൊള്ളുന്നതായിരുന്നു 28 വാല്യങ്ങളുള്ള ഈ കൃതി.
ഈ എൻസൈക്ലോപീഡിയിൽ വളരെയധികം പ്രായോഗിക വിവരങ്ങൾ ഉൾക്കൊണ്ടിരുന്നെങ്കിലും മാനുഷ ജ്ഞാനത്തിലായിരുന്നു അതിന്റെ ഊന്നൽ. അത് “മാർഗനിർദേശത്തിനുള്ള തത്ത്വം എന്നനിലയിൽ, മനുഷ്യൻ വിശ്വാസത്തിനുപകരം യുക്തിയെ വെക്കണമെന്നും എങ്കിൽമാത്രമേ അവന്റെ ഭാഗധേയം മെച്ചപ്പെടുത്താനാവുകയുള്ളൂവെന്നുമുള്ള [തത്ത്വചിന്തകരുടെ] വിപ്ലവാത്മക വിശ്വാസപ്രമാണം പ്രഘോഷിക്കാൻവരെ ധൈര്യം കാട്ടി” എന്ന് ഗ്രേയ്ററ് എയ്ജെസ് ഓഫ് മാൻ എന്ന പേരിലുള്ള പുസ്തകസമാഹാരം അഭിപ്രായപ്പെടുന്നു. ദൈവത്തെക്കുറിച്ചു യാതൊരു പരാമർശവും അതിലില്ലായിരുന്നു എന്നതു ശ്രദ്ധേയമാണ്. “മനുഷ്യർ അറിയേണ്ടയാവശ്യമുള്ള സംഗതികളിൽ ഒന്നല്ല മതം എന്ന് അവരുടെ വിഷയതിരഞ്ഞെടുപ്പിനാൽ എഡിററർമാർ വ്യക്തമാക്കി” എന്ന് ആധുനിക പൈതൃകം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഈ എൻസൈക്ലോപീഡിയെ അടിച്ചമർത്താൻ സഭ പരിശ്രമിച്ചുവെന്നതിൽ അപ്പോൾ അതിശയിക്കാനില്ല. രാഷ്ട്രീയഭരണവ്യവസ്ഥ, ധാർമികത, മതം എന്നിവയെ അട്ടിമറിക്കുന്നതായി അറേറാർണി ജനറൽ അതിനെ കുററപ്പെടുത്തി.
അതിനു ശത്രുക്കളുണ്ടായിരുന്നു, താങ്ങാനാവാത്ത വിലയുമായിരുന്നു. എന്നിട്ടും, ഡിഡറൊട്ടിന്റെ എൻസൈക്ലോപീഡി വേണമെന്ന് ഏതാണ്ട് 4,000 പേർ—തികച്ചും വലിയൊരു സംഖ്യ—ആവശ്യപ്പെട്ടത് അതിശയകരംതന്നെ. ഈ നിരീശ്വരവാദപരമായ അടിയൊഴുക്ക് പൂർണതോതിലുള്ള ദൈവനിഷേധമായി മാറാൻ അധികം സമയമൊന്നും വേണ്ടിവരില്ലെന്നു തീർച്ചയായിരുന്നു.