നിരീശ്വരവാദത്തിന്റെ വേരുകൾ
പ്രതിസന്ധികൾ നിറഞ്ഞ ഒരു ഗ്രഹത്തിലാണു നാം ജീവിക്കുന്നത്. ഓരോ ദിവസത്തെയും പത്രതലക്കെട്ടുകളിലേക്കൊന്നു കണ്ണോടിച്ചാൽ ഈ വസ്തുത ബോധ്യമാകും. നമ്മുടെ ലോകത്തിന്റെ ആശയററ അവസ്ഥ കാരണം അനേകരും ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നു. നിരീശ്വരവാദികളെന്ന് അവകാശപ്പെട്ടുകൊണ്ട് ചിലർ അവന്റെ അസ്തിത്വത്തെ നിഷേധിക്കുക പോലും ചെയ്യുന്നു. അതു നിങ്ങളെ സംബന്ധിച്ചു സത്യമാണോ?
ദൈവത്തിലുള്ള വിശ്വാസത്തിനോ വിശ്വാസമില്ലായ്മക്കോ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ ആഴത്തിൽ ബാധിക്കാനാവും. ദൈവത്തെ മാററിനിർത്തിയാൽ, മനുഷ്യവർഗത്തിന്റെ അതിജീവനം തികച്ചും മനുഷ്യകരങ്ങളിൽത്തന്നെയാണെന്നു വരും. അതാകട്ടെ, നശിപ്പിക്കാനുള്ള മമനുഷ്യന്റെ കഴിവു പരിഗണിക്കുമ്പോൾ തികച്ചും നിരാശാജനകമായ ഒരാശയവുമാണ്. ദൈവം സ്ഥിതിചെയ്യുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ, ഈ ഗ്രഹത്തിലുള്ള ജീവിതത്തിനു തീർച്ചയായും ഒരു ഉദ്ദേശ്യമുണ്ട്—അവസാനം സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ഉദ്ദേശ്യമുണ്ട്—എന്നു നിങ്ങൾ സമ്മതിക്കാൻ സാധ്യതയുണ്ട്.
ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കൽ ചരിത്രത്തിലുടനീളം അവിടവിടെയൊക്കെ ഉണ്ടായിട്ടുണ്ട്. എങ്കിലും സമീപകാല നൂററാണ്ടുകളിൽമാത്രമാണു നിരീശ്വരവാദത്തിന്റെ ജനപ്രീതി വർധിച്ചത്. എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് അറിയാമോ?
വേരുകൾ കണ്ടെത്തൽ
ഉയരമുള്ള ഒരു വൃക്ഷം ആകർഷകമായ ഒരു കാഴ്ചയാണ്. എന്നാൽ കണ്ണു കാണുന്നതോ, കേവലം ഇലകളും കൊമ്പുകളും തായ്ത്തടിയും മാത്രം. വൃക്ഷത്തിന്റെ ജീവസ്രോതസ്സായ വേരുകൾ മണ്ണിനടിയിൽ ആഴത്തിൽ ഒളിഞ്ഞുകിടക്കുകയാണ്.
ഏതാണ്ട് ഇതുപോലെയാണു നിരീശ്വരവാദത്തിന്റെ കാര്യവും. ഉയരമുള്ള ഒരു വൃക്ഷത്തെപ്പോലെ, ദൈവത്തിന്റെ അസ്തിത്വനിഷേധം 19-ാം നൂററാണ്ടോടുകൂടി വളർന്ന് ഒരു ആകർഷകമായ വലുപ്പത്തിലെത്തി. ഒരു പ്രകൃത്യാതീത ആദ്യകാരണമില്ലാതെ ജീവനും പ്രപഞ്ചത്തിനും നിലനിൽക്കാൻ കഴിയുമോ? അത്തരത്തിലുള്ള ഒരു സ്രഷ്ടാവിനെ ആരാധിക്കുന്നതു സമയം പാഴാക്കലാണോ? അക്കാലത്തെ പ്രമുഖ തത്ത്വചിന്തകരുടെ ഉത്തരങ്ങൾ ദൃഢവും വ്യക്തവുമായിരുന്നു. “നമുക്കു മേലാൽ ഒരു ധാർമികസംഹിത ആവശ്യമില്ലാത്തതുപോലെ, മതത്തിന്റെയും ആവശ്യമില്ല,” ഫ്രിഡ്രിക് നീഷേ പ്രഖ്യാപിച്ചു. “മതം മനുഷ്യ മനസ്സിന്റെ മിഥ്യാവിചാരമാണ്” എന്നു ല്യൂററ്വിക് ഫ്യൂവർബാക്ക് തറപ്പിച്ചുപറഞ്ഞു. പിൽക്കാല പതിററാണ്ടുകളിൽ ആഴമായ സ്വാധീനം ചെലുത്തുവാനിരുന്ന ലേഖനങ്ങളുടെ ഉടമയായ കാൾ മാർക്സ് സധൈര്യം പ്രസ്താവിച്ചു: “മതത്തിന്റെ ബന്ധനങ്ങളിൽനിന്നു മനസ്സിന്റെ സ്വാതന്ത്ര്യത്തെ വർധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ജനക്കൂട്ടങ്ങൾ അതിൽ ആകൃഷ്ടരായി. എന്നിരുന്നാലും അവർ കണ്ടതു നിരീശ്വരവാദത്തിന്റെ ഇലകളും കൊമ്പുകളും തായ്ത്തടിയും മാത്രമായിരുന്നു. എന്നാൽ വേരുകളുണ്ടായിരുന്നു. 19-ാം നൂററാണ്ട് ആരംഭിക്കുന്നതിനു വളരെ മുമ്പു മുളച്ചതായിരുന്നു അത്. ആശ്ചര്യകരമെന്നു പറയട്ടെ, ക്രൈസ്തവലോകത്തിലെ മതങ്ങളാണു നിരീശ്വരവാദത്തിന്റെ ആധുനിക വികാസത്തെ ഊട്ടിവളർത്തിയത്! അതെങ്ങനെ? ഈ മതസ്ഥാപനങ്ങളുടെ ദുഷിച്ച അവസ്ഥ വലിയ അളവിലുള്ള മിഥ്യാബോധമുക്തിയും പ്രതിഷേധവും ഇളക്കിവിട്ടു.
വിത്തുകൾ വിതക്കുന്നു
മധ്യയുഗങ്ങളിൽ, കത്തോലിക്കാ സഭക്ക് അതിന്റെ ആശ്രിതരുടെമേൽ നല്ല പിടിയുണ്ടായിരുന്നു. ദി എൻസൈക്ലോപീഡിയ അമേരിക്കാന പ്രസ്താവിക്കുന്നു: “ആളുകളുടെ ആത്മീയാവശ്യങ്ങൾ നിറവേററാൻ പൗരോഹിത്യശ്രേണി സജ്ജമായിരുന്നില്ലെന്നു തോന്നുന്നു. ഉന്നത പദവികളുണ്ടായിരുന്ന പുരോഹിതർ, വിശേഷിച്ചും കുലീനത നോക്കി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാർ, തങ്ങളുടെ ഔദ്യോഗികപദവിയെ വീക്ഷിച്ചത് അന്തസ്സിന്റെയും അധികാരത്തിന്റെയും ഉറവായിട്ടായിരുന്നു.”
ജോൺ കാൽവിൻ, മാർട്ടിൻ ലൂഥർ എന്നിവരെപ്പോലെയുള്ള ചിലർ സഭാപരിഷ്കരണത്തിനു തുനിഞ്ഞു. എന്നിരുന്നാലും, അവരുടെ രീതി എല്ലായ്പോഴും ക്രിസ്തുസമാനമായിരുന്നില്ല. അസഹിഷ്ണുതയും രക്തചൊരിച്ചിലും മതനവീകരണത്തിന്റെ അടയാളമായിത്തീർന്നു. (താരതമ്യം ചെയ്യുക: മത്തായി 26:52.) “കാൽവിന്റെ നിഷ്ഠൂര വിശേഷണങ്ങൾകൊണ്ടു ദൈവദൂഷണം പറയുന്നതിനെക്കാൾ ക്ഷമിക്കത്തക്കതായിരിക്കും ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന സംഗതി” എന്നു മൂന്നു നൂററാണ്ടുകൾക്കുശേഷം ഐക്യനാടുകളുടെ പ്രസിഡൻറ് തോമസ് ജെഫേഴ്സൺ എഴുതത്തക്കവിധം അത്ര കൊടുംപകയുള്ളതായിരുന്നു ചില ആക്രമണങ്ങൾ.a
വ്യക്തമായും, മതനവീകരണം നിർമലാരാധന പുനഃസ്ഥാപിച്ചില്ല. എങ്കിലും, അതു കത്തോലിക്കാ സഭയുടെ ശക്തി കുറച്ചുകളഞ്ഞു. മതവിശ്വാസത്തിൻമേൽ വത്തിക്കാന് ഉണ്ടായിരുന്ന കുത്തക അതോടെ തീർന്നു. അനേകരും പുതുതായി രൂപംകൊണ്ട പ്രൊട്ടസ്ററൻറ് വിഭാഗങ്ങളിലേക്കു പോയി. മതത്തിന്റെ മായാലോകം വിട്ടുപുറത്തുവന്ന മററുള്ളവർ മനുഷ്യമനസ്സിനെ ആരാധനാവസ്തുവാക്കി. അതിനുശേഷം, ദൈവത്തെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ അനുവദിക്കുമാറ് അയവുള്ള ഒരു കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു.
അവിശ്വാസസിദ്ധാന്തം മുളച്ചുപൊന്തുന്നു
18-ാം നൂററാണ്ടിൽ, ലോകത്തിന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു സർവരോഗനിവാരണി എന്നനിലയിൽ യുക്തിചിന്ത വാഴ്ത്തപ്പെട്ടു. മാർഗനിർദേശത്തിനായി മനുഷ്യൻ രാഷ്ട്രീയത്തിലും മതത്തിലും ആശ്രയിക്കുമ്പോൾ അതു മമനുഷ്യന്റെ പുരോഗതിയെയാണു തടയുന്നതെന്നു ജർമൻ തത്ത്വചിന്തകനായ ഇമ്മാനുവൽ ക്യാൻറ് തറപ്പിച്ചുപറഞ്ഞു. “അറിയാൻ ധൈര്യം കാട്ടുക!” എന്നും “നിങ്ങളുടെ സ്വന്തം ബുദ്ധി ഉപയോഗിക്കാനുള്ള ധൈര്യം കാട്ടണം!” എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഈ മനോഭാവം, യുക്തിയുടെ യുഗമെന്നും അറിയപ്പെടുന്ന യുക്തിവാദപ്രസ്ഥാനത്തിന്റെ സവിഷേതയായിരുന്നു. അറിവിനായുള്ള പരക്കംപാച്ചിൽ 18-ാം നൂററാണ്ടിലുടനീളം നിലനിന്ന ഈ കാലഘട്ടത്തിന്റെ അടയാളമായിമാറി. “വിശ്വാസത്തിന്റെ സ്ഥാനത്ത് അവിശ്വാസസിദ്ധാന്തം വന്നു” എന്ന് ചരിത്രത്തിന്റെ നാഴികക്കല്ലുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “പരമ്പരാഗതമായ സകല പഴയ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യംചെയ്യപ്പെട്ടു.”
സൂക്ഷ്മപരിശോധനക്കു വിധേയമായ ഒരു ‘പഴയ പാരമ്പര്യഘടകം’ മതമായിരുന്നു. “മനുഷ്യർ മതത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനു മാററംവരുത്തി”യെന്നു ദ യൂണിവേഴ്സൽ ഹിസ്റററി ഓഫ് ദ വേൾഡ് എന്ന പുസ്തകം പറയുന്നു. “സ്വർഗത്തിലെ പ്രതിഫലത്തെക്കുറിച്ചുള്ള വാഗ്ദാനത്തിൽ അവർ മേലാൽ സംതൃപ്തരായില്ല; ഭൂമിയിൽത്തന്നെയുള്ള മെച്ചപ്പെട്ട ഒരു ജീവിതമായിരുന്നു അവർ ആവശ്യപ്പെട്ടത്. പ്രകൃത്യാതീത ശക്തിയിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി.” തീർച്ചയായും, മിക്ക യുക്തിവാദ തത്ത്വചിന്തകരും മതത്തെ വെറുപ്പോടെ വീക്ഷിച്ചു. ആളുകളെ അജ്ഞതയിൽ നിർത്തുന്നതിന് അവർ വിശേഷിച്ച് കത്തോലിക്കാ സഭയുടെ അധികാരമോഹികളായ നേതാക്കൻമാരെ കുററപ്പെടുത്തി.
മതത്തിൽ താത്പര്യം നഷ്ടപ്പെട്ട ഇവരിൽ അനേകം തത്ത്വചിന്തകരും കേവലേശ്വരവാദികൾ (deists) ആയിത്തീർന്നു. ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിലും അവനു മനുഷ്യരിൽ യാതൊരു താത്പര്യവുമില്ലെന്നു പറയുന്നവരാണ് അവർ.b “ഭിന്നത, ഭ്രാന്ത്, കുററകൃത്യങ്ങൾ എന്നിവയുടെ ഉറവ്” മതമാണെന്ന് അവകാശപ്പെട്ട തത്ത്വചിന്തകനായ പോൾ ആൻട്രി ററീറി ഓൾബക്കിനെപ്പോലെയുള്ള കുറച്ചുപേർ കടുത്ത നിരീശ്വരവാദികളായിത്തീർന്നു. വർഷങ്ങൾ കടന്നുപോയതോടെ, ക്രൈസ്തവലോകത്തിലുള്ള താത്പര്യം നഷ്ടമായ പലരും ഓൾബക്കിന്റെ വികാരംതന്നെ കൈക്കൊണ്ടു.
ക്രൈസ്തവലോകം നിരീശ്വരവാദം ഊട്ടിവളർത്തിയെന്നത് എന്തൊരു വിരോധാഭാസമാണ്! “സഭകൾ നിരീശ്വരവാദത്തിന്റെ വിളനിലമായിരുന്നു” എന്നു ദൈവശാസ്ത്ര പ്രൊഫസ്സറായ മൈക്കിൾ ജെ. ബക്ളി എഴുതുന്നു. “സമാന തത്ത്വങ്ങളുള്ള മതങ്ങൾ പാശ്ചാത്യ മനസ്സാക്ഷിയെ ആഴത്തിൽ വ്രണപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്തു. സഭകളും മതവിഭാഗങ്ങളും യൂറോപ്പിനെ നശിപ്പിച്ചു, കൂട്ടക്കൊലകൾ ആസൂത്രണം ചെയ്തുനടപ്പാക്കി, മതപരമായ എതിർപ്പുകളോ വിപ്ലവങ്ങളോ വിളിച്ചുവരുത്തി, രാജാക്കൻമാരെ മതഭ്രഷ്ടരാക്കാനോ സ്ഥാനഭ്രഷ്ടരാക്കാനോ ശ്രമിച്ചു.”
നിരീശ്വരവാദം വളർച്ചയുടെ പാരമ്യത്തിലെത്തുന്നു
19-ാം നൂററാണ്ടായപ്പോഴേക്കും, ദൈവനിഷേധം പരസ്യമായി, ഒപ്പം അതു തഴച്ചുവളരുകയുമായിരുന്നു. തത്ത്വചിന്തകർക്കും ശാസ്ത്രജ്ഞൻമാർക്കും തങ്ങളുടെ കാഴ്ചപ്പാടുകൾ സധൈര്യം പ്രഖ്യാപിക്കാൻ യാതൊരു മടിയുമില്ലായിരുന്നു. “നമ്മുടെ ശത്രു ദൈവമാണ്” എന്നായിരുന്നു ഒരു നിരീശ്വരവാദിയുടെ വെട്ടിത്തുറന്നുള്ള പ്രഖ്യാപനം. “ദൈവത്തോടുള്ള വെറുപ്പാണ് ജ്ഞാനത്തിന്റെ ആരംഭം. മനുഷ്യവർഗത്തിനു ശരിയായ പുരോഗതിയുണ്ടാകണമെങ്കിൽ, അത് അടിസ്ഥാനപ്പെടുത്തേണ്ടതു നിരീശ്വരവാദത്തിൻമേലാണ്.”
എന്നുവരികിലും, 20-ാം നൂററാണ്ടിൽ, സൂക്ഷ്മമായ ഒരു പരിവർത്തനമുണ്ടായി. ദൈവനിഷേധത്തിന്റെ രണോത്സുകതയ്ക്ക് ഇടിവു പററി. പിന്നെ മറെറാരു തരത്തിലായി നിരീശ്വരവാദത്തിന്റെ പ്രചാരണം. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു പറയുന്നവരെക്കൂടി ബാധിക്കുന്നതായിരുന്നു ആ നിരീശ്വരവാദം.
[അടിക്കുറിപ്പ്]
a മതനവീകരണത്തിന്റെ ഫലമായി ഉടലെടുത്ത പ്രൊട്ടസ്ററൻറ് വിഭാഗങ്ങൾ തിരുവെഴുത്തുപരമല്ലാത്ത അനേകം പഠിപ്പിക്കലുകൾ നിലനിർത്തുകയുണ്ടായി. ഉണരുക!യുടെ (ഇംഗ്ലീഷ്) 1989 ആഗസ്ററ് 22 ലക്കത്തിന്റെ 16-20 പേജുകളും 1989 സെപ്ററംബർ 8 ലക്കത്തിന്റെ 23-7 പേജുകളും കാണുക.
b ഏതാണ്ട് ഒരു വാച്ച്നിർമാതാവിനെപ്പോലെ, ദൈവം തന്റെ സൃഷ്ടിയെ പ്രവർത്തനഗതിയിലാക്കിയശേഷം പിന്നീടു തിരിഞ്ഞുനോക്കിയിട്ടില്ല, നിർവികാരനായി യാതൊന്നിലും ഉൾപ്പെടാതെ മാറിനിൽക്കുന്നു എന്നു കേവലേശ്വരവാദികൾ അവകാശപ്പെട്ടു. ആധുനിക പൈതൃകം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “നിരാശയിൽനിന്ന് ഉത്ഭൂതമായ ഒരു അബദ്ധമായിരുന്നു നിരീശ്വരവാദം. എന്നാൽ അതിലും നിന്ദ്യമാണു കത്തോലിക്കാ സഭയുടെ അതിരുവിട്ട അധികാരഘടനയും അതിന്റെ പഠിപ്പിക്കലുകളിലെ അയവില്ലായ്മയും അസഹിഷ്ണുതയും എന്നു വിശ്വസിച്ച”വരായിരുന്നു കേവലേശ്വരവാദികൾ.
[3-ാം പേജിലെ ചിത്രം]
കാൾ മാർക്സ്
[3-ാം പേജിലെ ചിത്രം]
ല്യൂററ്വിക് ഫ്യൂവർബാക്ക്
[3-ാം പേജിലെ ചിത്രം]
ഫ്രിഡ്രിക് നീഷേ
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
COVER: Earth: By permission of the British Library; Nietzsche: Copyright British Museum (see also page 3); Calvin: Musée Historique de la Réformation, Genève (Photo F. Martin); Marx: U.S. National Archives photo (see also page 3); Planets, instruments, crusaders, locomotive: The Complete Encyclopedia of Illustration/J. G. Heck; Feuerbach: The Bettmann Archive (see also page 3)