ദൈവത്തെ ഭയപ്പെടുന്നവരോടൊപ്പം സമ്മേളിക്കൽ
“എല്ലായിടത്തും ആളുകൾ ഭയത്തിൽനിന്ന്—അക്രമത്തെക്കുറിച്ചുള്ള ഭയത്തിൽനിന്നും, തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഭയത്തിൽനിന്നും, ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള ഭയത്തിൽനിന്നും—ഉള്ള സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. നാമും അതിനായി കൊതിക്കുന്നു. . . . അങ്ങനെയെങ്കിൽ, ഭയം എങ്ങനെ നട്ടുവളർത്താമെന്നു നാം ചർച്ചചെയ്യുന്നത് എന്തിനാണ്?” അത്യാകർഷകമായ ആ ചോദ്യം 1994 ജൂണിൽ ആരംഭിച്ച “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിലോരോന്നിലും മുഖ്യവിഷയ പ്രസംഗകൻ ഉന്നയിക്കുകയുണ്ടായി.
ആദ്യം വടക്കേ അമേരിക്കയിലും പിന്നീട് യൂറോപ്പ്, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, സമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഹാജരായ ലക്ഷങ്ങൾ അത്തരം ഭയം നട്ടുവളർത്താൻ പഠിക്കുന്നതിൽ ഉത്സുകരായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യഹോവയാം ദൈവം തന്റെ ജനത്തിനായി കരുതിയിരിക്കുന്ന അനുഗ്രഹങ്ങളിലുള്ള നമ്മുടെ പങ്കുപററൽ നമുക്കു ദൈവഭയം ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കും. ദൈവഭയത്തെക്കുറിച്ചു പഠിക്കാനാണു സമ്മേളിതർ വന്നുചേർന്നത്. ആ ത്രിദിന കാര്യപരിപാടിയിൽ അവർ ഒഴിച്ചുകൂടാനാവാത്ത ഈ ക്രിസ്തീയ ഗുണത്തെപ്പററി അനേകം കാര്യങ്ങൾ പഠിച്ചു.
‘ദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകളെ പ്രമാണിച്ചുകൊൾക’
കൺവെൻഷന്റെ ആദ്യ ദിവസത്തെ പ്രതിപാദ്യവിഷയം അതായിരുന്നു. അത് സഭാപ്രസംഗി 12:13-നെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ദൈവത്തെ ഭയപ്പെടുക എന്നതിന്റെ അർഥമെന്ത്? ദൈവഭയം, യഹോവയോടുള്ള ഭയാദരവിനെയും അഗാധമായ ബഹുമാനത്തെയും അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭീതിയെയും പ്രതിഫലിപ്പിക്കുന്നുവെന്നു കാര്യപരിപാടിയിലെ ആദ്യത്തെ പ്രസംഗത്തിൽ കൺവെൻഷൻ അധ്യക്ഷൻ വിശദീകരിച്ചു. അത്തരം ദൈവഭയം ആരോഗ്യഹീനമായ ഭയമല്ല; അത് ആരോഗ്യാവഹവും ഉചിതവുമാണ്.
ആരോഗ്യാവഹമായ ഈ ഭയം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? സന്തോഷത്തോടെ അവന്റെ കൽപ്പനകൾ അനുസരിക്കാൻ ദൈവഭയം നമ്മെ പ്രേരിപ്പിക്കുമെന്ന് “ക്ഷീണിച്ചു പിൻമാറരുത്” എന്ന അടുത്ത പ്രസംഗം വിശദമാക്കി. ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തോടൊപ്പം അത്തരം ഭയം ആത്മീയ ബലംകൊണ്ടു നമ്മെ നിറയ്ക്കും. അതേ, നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ മന്ദീഭവിക്കാതിരിക്കാൻ ദൈവഭയത്തിനു നമ്മെ സഹായിക്കാനാവും.
ദൈവഭയത്തിനു നമ്മെ പുലർത്താനാവും എന്നതിനു ജീവത്തായ തെളിവു നൽകുന്ന അഭിമുഖങ്ങളായിരുന്നു പരിപാടിയിൽ അടുത്തത്. വിരക്തിയോ ഉദാസീനതയോ പീഡനമോ ഗണ്യമാക്കാതെ ശുശ്രൂഷയിൽ തുടരുന്നതിനും വ്യക്തിപരമായ പരിശോധനകളുടെ മധ്യേപോലും സഹിച്ചുനിൽക്കുന്നതിനും ആദരപൂർവകമായ ദൈവഭയം തങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന് അഭിമുഖത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ചിലർക്കു ദൈവഭയമില്ലാതിരിക്കെ മററുചിലർക്ക് അതുണ്ടായിരിക്കുന്നത് എന്തുകൊണ്ട്? “ദൈവഭയം നട്ടുവളർത്തി അതിൽനിന്നു പ്രയോജനമനുഭവിക്കൽ” എന്ന പ്രസംഗത്തിൽ യിരെമ്യാവു 32:37-39-ൽ യഹോവ തന്റെ ജനത്തിനു ദൈവഭയമുള്ള ഹൃദയം നൽകുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്നു മുഖ്യവിഷയ പ്രസംഗകൻ വിശദമാക്കി. യഹോവ നമ്മുടെ ഹൃദയങ്ങളിൽ ദൈവഭയം നട്ടുവളർത്തുന്നു. എങ്ങനെ? അവന്റെ പരിശുദ്ധാത്മാവും അവന്റെ നിശ്വസ്തവചനമായ ബൈബിളും മുഖാന്തരം. എന്നിരുന്നാലും, ദൈവവചനം പഠിക്കാനും അവൻ ലഭ്യമാക്കിത്തരുന്ന സമൃദ്ധമായ ആത്മീയ കരുതലുകളിൽനിന്നു മുഴു പ്രയോജനം നേടാനും നാം ആത്മാർഥ ശ്രമം ചെലുത്തണമെന്നതു വ്യക്തമാണ്. അവനെ ഭയപ്പെടുന്നതിനു നമ്മെ സഹായിക്കുന്ന നമ്മുടെ കൺവെൻഷനുകളും സഭായോഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുക എന്ന അനുശാസനത്തോടെ ഉച്ചകഴിഞ്ഞത്തെ കാര്യപരിപാടി ആരംഭിച്ചു. അതേത്തുടർന്ന്, ക്രിസ്ത്യാനികളെന്ന നിലയിൽ രാജ്യം നമ്മുടെ ജീവിതത്തെ ബാധിക്കേണ്ട മുഖ്യ വിധങ്ങളെപ്പററിയുള്ള ചർച്ചയുണ്ടായിരുന്നു.
കൺവെൻഷനിൽ അവതരിപ്പിച്ച മൂന്നു സിംപോസിയങ്ങളിൽ ആദ്യത്തേതായിരുന്നു അടുത്തത്. “ദിവ്യ വ്യവസ്ഥകൾ അനുസരിക്കുന്നതിനു ദൈവഭയം നമ്മെ പ്രേരിപ്പിക്കുന്നു” എന്നതായിരുന്നു ഈ സിംപോസിയത്തിന്റെ പ്രതിപാദ്യവിഷയം. അത് കുടുംബാംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നൽകപ്പെട്ട തിരുവെഴുത്തുപരമായ—പ്രായോഗികവുമായ—ഉപദേശത്തിന്റെ ഒരു മാതൃകയാണു താഴെ കൊടുക്കുന്നത്.
□ ഭർത്താക്കൻമാർക്കുവേണ്ടി: ഭാര്യയെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കാൻ ദൈവഭയം ഒരു മനുഷ്യനെ പ്രേരിപ്പിക്കണം. (എഫെസ്യർ 5:28, 29) ഒരു മനുഷ്യൻ സ്വന്തം ശരീരത്തെ മനഃപൂർവം ഉപദ്രവിക്കുകയോ തന്റെ സുഹൃത്തുക്കളുടെ മുമ്പാകെ തന്നേത്തന്നെ അവമാനിക്കുകയോ സ്വന്തം ദൗർബല്യങ്ങളെക്കുറിച്ചു കുശുകുശുക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട്, തനിക്കു സ്വയം നൽകുന്ന മാനത്തോടും ആദരവോടും കൂടെത്തന്നെ അയാൾ ഭാര്യയോടു പെരുമാറേണ്ടതുണ്ട്.
□ ഭാര്യമാർക്കുവേണ്ടി: യേശുവിന്റെ ദൈവഭയം ‘എല്ലായ്പോഴും ദൈവത്തെ പ്രസാദിപ്പിക്കാൻ’ അവനെ പ്രേരിപ്പിച്ചു. (യോഹന്നാൻ 8:29) ഭർത്താക്കൻമാരോടുള്ള ഇടപെടലിൽ ഭാര്യമാർക്ക് അനുകരിക്കാവുന്ന ഒരു ഉത്തമ ഭാവമാണിത്.
□ മാതാപിതാക്കൾക്കുവേണ്ടി: മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ ഗൗരവമായി എടുത്ത് കുട്ടികളെ സന്തോഷവും സംതൃപ്തിയും കൈവരുത്താൻ കഴിയുന്ന യഹോവയിൽനിന്നുള്ള ഒരു അവകാശമായി വീക്ഷിച്ചുകൊണ്ടു ദൈവഭയം പ്രകടമാക്കാൻ മാതാപിതാക്കൾക്കു കഴിയും. (സങ്കീർത്തനം 127:3) യഥാർഥ ക്രിസ്ത്യാനികളായിത്തീരാൻ തക്കവണ്ണം തങ്ങളുടെ കുട്ടികളെ വളർത്തുകയെന്നതായിരിക്കണം മാതാപിതാക്കളുടെ മുഖ്യ ലക്ഷ്യം.
□ കുട്ടികൾക്കുവേണ്ടി: ‘മാതാപിതാക്കളെ കർത്താവിനോടുള്ള ഐക്യത്തിൽ’ അനുസരിക്കാൻ യഹോവ കുട്ടികളോടു നിർദേശിക്കുന്നു. (എഫെസ്യർ 6:1) അതുകൊണ്ട് അവരുടെ മാതാപിതാക്കളെ അനുസരിക്കുന്നതു ദൈവത്തെ അനുസരിക്കലാണ്.
ആദ്യ ദിവസത്തെ ഉപസംഹാരപ്രസംഗം നമ്മുടെ വികാരങ്ങളെ തൊട്ടുണർത്തി. കാരണം, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുമ്പോൾ നാമെല്ലാം അനുഭവിക്കുന്ന ആഴമായ വികാരങ്ങളെപ്പററി അതു ചർച്ചചെയ്തു. എന്നുവരികിലും, പ്രസംഗം ഏതാണ്ടു പകുതിയായപ്പോൾ അത്ഭുതകരമായ ഒരു സംഗതിയുണ്ടായി. നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന പേരിലുള്ള ഒരു പുതിയ ലഘുപത്രിക പ്രകാശനം ചെയ്യുന്നതായി പ്രഖ്യാപിച്ചുകൊണ്ടു പ്രസംഗകൻ സദസ്യരെ ആനന്ദപുളകിതരാക്കി. പ്രിയപ്പെട്ട ഒരാളുടെ മരണത്തെ തുടർന്നു പൊന്തിവരുന്ന വിചാരവികാരങ്ങൾ മനസ്സിലാക്കാനും അതിനു പോംവഴികാണാനും ദുഃഖിക്കുന്നവരെ സഹായിക്കുന്ന അനേകം കാര്യങ്ങൾ 32 പേജുള്ള ഈ മുഴുവർണ പ്രസിദ്ധീകരണം പറയുന്നു. മരണദുഃഖമനുഭവിക്കുന്നവരോട് എന്തു പറയണമെന്ന ചിന്താകുഴപ്പം നിങ്ങൾക്ക് എന്നെങ്കിലുമുണ്ടായിട്ടുണ്ടോ? ദുഃഖിക്കുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാമെന്ന് ഈ ലഘുപത്രികയുടെ ഒരു ഭാഗം ചർച്ചചെയ്യുന്നു. പ്രസംഗകനു ചെവിചായ്ക്കുമ്പോൾതന്നെ സദസ്സിലുള്ള അനേകരും ഈ പുതിയ ലഘുപത്രികയിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയുന്നവരെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.
‘ദൈവിക ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധസേവനം അർപ്പിക്കുക’
രണ്ടാം ദിവസത്തെ പ്രതിപാദ്യവിഷയം അതായിരുന്നു. അത് എബ്രായർ 12:28-നെ ആസ്പദമാക്കിയുള്ളതായിരുന്നു. രാവിലത്തെ കാര്യപരിപാടിയിൽ “യഹോവാഭയത്തിൽ നടക്കുന്ന സഭകൾ” എന്ന രണ്ടാമത്തെ സിംപോസിയം നടത്തപ്പെട്ടു. യോഗങ്ങളിൽ ഹാജരാകുന്നതിനെക്കുറിച്ചുള്ളതായിരുന്നു ആദ്യഭാഗം. യോഗങ്ങളിലെ നമ്മുടെ സാന്നിധ്യം ദൈവത്തോടും അവന്റെ ആത്മീയ കരുതലുകളോടുമുള്ള നമ്മുടെ ആദരവിനെ പ്രകടമാക്കുന്നു. ഹാജരാകുന്നതിനാൽ നാം അവന്റെ നാമത്തെ ഭയപ്പെടുന്നുവെന്നും അവന്റെ ഇഷ്ടം അനുസരിക്കുന്നതിൽ അതീവ തത്പരരാണെന്നും പ്രകടമാക്കുന്നു. (എബ്രായർ 10:24, 25) സഭ മൊത്തത്തിൽ യഹോവാഭയത്തിൽ നടക്കുന്നതിന് ഓരോ വ്യക്തിയും നല്ല നടത്ത പാലിക്കുന്നതിൽ തന്റെ പങ്കു നിർവഹിക്കണമെന്നു രണ്ടാമത്തെ പ്രസംഗകൻ വിശദീകരിച്ചു. സകല ക്രിസ്ത്യാനികൾക്കുമുള്ള പദവിയെയും കർത്തവ്യത്തെയും കുറിച്ച്—മുടക്കം കൂടാതെ സുവാർത്ത ഘോഷിക്കുന്നതിനെക്കുറിച്ച്—ഒടുവിലത്തെ പ്രസംഗകൻ സംസാരിച്ചു. നാം എത്രനാൾവരെ അനുസ്യൂതം പ്രസംഗിക്കും? മതി എന്ന് യഹോവ പറയുന്നതുവരെ.—യെശയ്യാവു 6:11.
അടുത്ത പ്രസംഗത്തിന്റെ വിഷയം, ഈ മാസികയിലെ അധ്യയന ലേഖനങ്ങളിൽ കൊടുത്തിരിക്കുന്ന “യഹോവയുടെ സന്തോഷം നിങ്ങളുടെ ശക്തികേന്ദ്രമാകുന്നു” എന്ന പ്രതിപാദ്യവിഷയത്തിലുള്ളതായിരുന്നു. (നെഹെമ്യാവ് 8:10, NW) യഹോവയുടെ ജനം സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്? പ്രസംഗകൻ അനേക കാരണങ്ങൾ പ്രതിപാദിക്കുകയുണ്ടായി. യഹോവയുമായുള്ള ഉററബന്ധം നമ്മെ ഭൂമിയിൽ ഏററവും സന്തോഷമുള്ള ജനമാക്കിത്തീർക്കുന്നുവെന്നതു പ്രത്യേകം ശ്രദ്ധേയമാണ്. യഹോവ യേശുക്രിസ്തുവിലേക്ക് ആകർഷിച്ച ജനത്തിൽപ്പെട്ടവരായിരിക്കുന്നതിനുള്ള പദവി നമുക്കുണ്ട് എന്നു പ്രസംഗകൻ സമ്മേളിതരെ ഓർമിപ്പിച്ചു. (യോഹന്നാൻ 6:44) സന്തോഷിക്കുന്നതിന് എത്ര ശക്തമായ കാരണം!
ഓരോ കൺവെൻഷന്റെയും സവിശേഷ സംഭവം സ്നാപനമാണല്ലോ, “ദൈവഭയ” കൺവെൻഷൻ അതിൽനിന്ന് ഒഴിവുള്ളതായിരുന്നില്ല. “യഹോവാഭയത്തിലുള്ള സമർപ്പണവും സ്നാപനവും” എന്ന പ്രസംഗത്തിൽ, സ്നാപനമേററ എല്ലാവരുടെയും വ്യക്തിപരമായ കടപ്പാടുകൾ ചതുർവിധമാണെന്നു പ്രസംഗകൻ വിശദീകരിച്ചു: (1) ദൈവവചനം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ നാമതു പഠിക്കുകയും ബാധകമാക്കുകയും ചെയ്യണം; (2) നാം പ്രാർഥിക്കണം; (3) സഭായോഗങ്ങളിൽ സഹവിശ്വാസികളുമായി നാം സഹവസിക്കണം; (4) യഹോവയുടെ നാമത്തിനും രാജ്യത്തിനും നാം സാക്ഷ്യം വഹിക്കണം.
“യഹോവ ഉപേക്ഷിക്കാത്ത ഒരു ജനം” എന്ന ഉറപ്പേകുന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള കാര്യപരിപാടി ആരംഭിച്ചു. മുപ്പത്തഞ്ചു നൂററാണ്ടുകൾക്കു മുമ്പു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്യർ പ്രയാസകാലങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരുന്നപ്പോൾ അവരുമായുള്ള തന്റെ ബന്ധം സംബന്ധിച്ചു യഹോവ ഇങ്ങനെ പറഞ്ഞുകൊണ്ടു മോശ മുഖാന്തരം ഒരു ഉറപ്പു നൽകി: “നിന്റെ ദൈവമായ യഹോവ . . . നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (ആവർത്തനപുസ്തകം 31:6) ഇസ്രായേൽ വാഗ്ദത്തദേശത്തു പ്രവേശിച്ച് അതിനെ കൈവശപ്പെടുത്തിയപ്പോൾ, അവരെ സംരക്ഷിച്ചുകൊണ്ടു യഹോവ ആ ഉറപ്പിനോടു വിശ്വസ്തത പാലിച്ചു. ഇന്ന് യഹോവയോടു പററിനിൽക്കുകയും അവന്റെ വചനത്തിന്റെ ഉപദേശം അനുസരിക്കുകയും ചെയ്യുന്നപക്ഷം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവൻ നമ്മെ ഉപേക്ഷിക്കുകയില്ലെന്നു നമുക്കും പൂർണ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
നിങ്ങൾക്കു ബൈബിൾ വായനയിൽ എങ്ങനെ ആനന്ദം കണ്ടെത്താനാവും? “ദൈവവചനമായ വിശുദ്ധബൈബിൾ ദിവസവും വായിക്കുക” എന്ന പ്രസംഗത്തിൽ, ബൈബിൾ വായിക്കുമ്പോൾ ജിജ്ഞാസാഭരിതമായ മനസ്സുണ്ടായിരിക്കുന്നതിനു പുറമേ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാനും പ്രസംഗകൻ നിർദേശിച്ചു: ഈ വിവരണം യഹോവയുടെ ഗുണങ്ങളെയും വഴികളെയും കുറിച്ച് എന്നെ എന്തു പഠിപ്പിക്കുന്നു? ഈ കാര്യങ്ങളിൽ എനിക്ക് എങ്ങനെ കൂടുതലായി യഹോവയെപ്പോലായിരിക്കാൻ കഴിയും? ഈ വിധത്തിൽ ബൈബിൾ വായിക്കുന്നത് ആനന്ദകരവും പ്രതിഫലദായകവുമായ ഒരു അനുഭവമാണ്.
പരിപാടിയിൽ, അടുത്തതായി “യഹോവയെ ഭയപ്പെടുന്നവരെ സഹായിക്കാനുള്ള കരുതലുകൾ” എന്ന മൂന്നാമത്തെ സിംപോസിയത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. തന്റെ ദാസൻമാർക്കുവേണ്ടി യഹോവ ഇന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവനെ ഭയപ്പെടുന്നവരെ അവൻ തീർച്ചയായും സഹായിക്കുന്നു. (2 പത്രൊസ് 2:9) ഈ ദുർഘടമായ കാലങ്ങളിൽ നമ്മെ സഹായിക്കാൻ യഹോവയിൽനിന്നുള്ള നാലു കരുതലുകളെക്കുറിച്ച് ഈ സിംപോസിയം പരിചിന്തിക്കുകയുണ്ടായി: (1) തന്റെ ആത്മാവു മുഖാന്തരം അവൻ നമ്മുടെ സ്വന്തം ശക്തിക്കതീതമായ പ്രവൃത്തികൾ നിർവഹിക്കാൻ നമ്മെ ശക്തരാക്കുന്നു. (2) തന്റെ വചനം മുഖാന്തരം അവൻ നമുക്കു ബുദ്ധ്യുപദേശവും മാർഗദർശനവും പ്രദാനം ചെയ്യുന്നു. (3) മറുവില മുഖാന്തരം അവൻ നമുക്ക് ഒരു ശുദ്ധമനഃസാക്ഷി നൽകുന്നു. (4) തന്റെ സ്ഥാപനം മുഖാന്തരം, മൂപ്പൻമാരുൾപ്പെടെ, അവൻ നമുക്കു മാർഗനിർദേശവും സംരക്ഷണവും നൽകുന്നു. (ലൂക്കൊസ് 11:13; എഫെസ്യർ 1:7; 2 തിമൊഥെയൊസ് 3:16; എബ്രായർ 13:17) ഈ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിലൂടെ നമുക്കു സഹിച്ചു നിൽക്കുന്നതിനും അങ്ങനെ യഹോവയുടെ അംഗീകാരം നേടിയെടുക്കുന്നതിനും കഴിയും.
ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഒടുവിലത്തെ പ്രസംഗം മലാഖിയുടെ പ്രവചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ‘യഹോവയുടെ ഭയജനകമായ ദിവസം അടുത്തിരിക്കുന്നു’ എന്നായിരുന്നു അതിന്റെ ശീർഷകം. ചരിത്രത്തിലെ കഴിഞ്ഞ കാലങ്ങളിൽ, പൊ.യു. (പൊതുയുഗം) 70-ൽ യെരുശലേമിനെതിരെ ന്യായവിധി നടപ്പാക്കിയപ്പോൾ സംഭവിച്ചപോലെ, ഭയജനകമായ ദിനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മുഴു മനുഷ്യവർഗവും അനുഭവിക്കുന്ന ഏററവും ഭയജനകമായ ദിവസം “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കു”ന്ന ദിവസം ആയിരിക്കും. (2 തെസ്സലൊനീക്യർ 1:6-8) അത് എത്ര പെട്ടെന്നായിരിക്കും? പ്രസംഗകൻ ഇങ്ങനെ പ്രസ്താവിച്ചു: “അന്ത്യം സമീപിച്ചിരിക്കുന്നു! ആ നാളും നാഴികയും യഹോവക്കറിയാം. അവൻ അവന്റെ സമയപ്പട്ടികയിൽ മാററം വരുത്തുകയില്ല. ക്ഷമയോടെ സഹിക്കാൻ നാം ആഹ്വാനം ചെയ്യപ്പെട്ടിരിക്കയാണ്.”
രണ്ടു ദിവസം പിന്നിട്ടു കഴിഞ്ഞുവെന്നു വിശ്വസിക്കാൻ പ്രയാസംതോന്നി. ഒടുവിലത്തെ ദിനം എന്തായിരിക്കും ഒരുക്കിയിരിക്കുന്നത്?
“ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ”
മൂന്നാമത്തെ ദിവസത്തെ പ്രതിപാദ്യവിഷയം വെളിപ്പാടു 14:7-നെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. രാവിലത്തെ കാര്യപരിപാടിയിൽ, യഹോവയുടെ സാക്ഷികളെ മററു മതസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമാക്കിനിർത്തുന്ന സിദ്ധാന്തപരമായ ചില പഠിപ്പിക്കലുകളെപ്പററി പല പ്രസംഗങ്ങളും വിശേഷവത്കരിക്കുകയുണ്ടായി.
“നീതിമാൻമാരുടെ ഒരു പുനരുത്ഥാനം ഉണ്ടായിരിക്കും” എന്ന പ്രസംഗത്തിൽ പ്രസംഗകൻ രസകരമായ ഒരു ചോദ്യം ഉന്നയിച്ചു: “ആയിരവർഷ ന്യായവിധി ദിവസത്തിൽ, സാത്താന്റെ വ്യവസ്ഥിതിയുടെ ഈ അന്തിമ വർഷങ്ങളിൽ വിശ്വസ്തരായി മരിച്ചവർ എപ്പോഴാണു പുനരുത്ഥാനം പ്രാപിക്കുക?” ഉത്തരമോ? “ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, നമ്മുടെ നാളിൽ മരിക്കുന്നവർ, ന്യായവിധി ദിവസത്തിൽ ഉടനീളം നടക്കാനുള്ള ബൃഹത്തായ വിദ്യാഭ്യാസപ്രവർത്തനത്തിൽ മഹോപദ്രവ അതിജീവകരോടൊപ്പം പങ്കെടുക്കുന്നതിനു നേരത്തെ ഉയിർപ്പിക്കപ്പെടുന്നതു ന്യായയുക്തമല്ലേ? തീർച്ചയായും അതേ!” പ്രസംഗകൻ വിശദീകരിച്ചു. അതിജീവകർ ഉണ്ടായിരിക്കുമോ? തീർച്ചയായും ഉണ്ടായിരിക്കും. ഇതേപ്പററി നമുക്ക് ഉറപ്പുനൽകുന്ന ബൈബിൾ പഠിപ്പിക്കലുകളും ഉദാഹരണങ്ങളും, “മഹോപദ്രവത്തിലൂടെ ജീവനോടെ രക്ഷിക്കപ്പെടുന്നു” എന്ന അടുത്ത പ്രസംഗത്തിൽ വ്യക്തമായി നൽകപ്പെട്ടു.
ബൈബിൾ രണ്ടു ലക്ഷ്യങ്ങൾ വെച്ചുനീട്ടുന്നുവെന്നു യഹോവയുടെ സാക്ഷികൾ നേരത്തെതന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്—അസംഖ്യം ലക്ഷങ്ങൾക്ക് ഒരു പറുദീസാഭൂമിയിൽ നിത്യജീവനും ക്രിസ്തുവിനോടൊപ്പം അവന്റെ രാജ്യത്തിൽ വാഴാൻ പോകുന്ന ഒരു പരിമിത സംഖ്യയ്ക്ക് സ്വർഗത്തിൽ അമർത്ത്യജീവനും. “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുത്” എന്ന പ്രസംഗത്തിൽ സ്വർഗീയ പ്രത്യാശയെപ്പററി ചർച്ചചെയ്തു. (ലൂക്കൊസ് 12:32) ഇപ്പോഴത്തെ ലോകാവസ്ഥകളിൽ ചെറിയ ആട്ടിൻകൂട്ടം നിർഭയരായിരിക്കണം; ഓരോരുത്തരും അവസാനത്തോളം സഹിച്ചുനിൽക്കണം. (ലൂക്കൊസ് 21:19) “അവരുടെ നിർഭയത്വം മഹാപുരുഷാരത്തിൽപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നു. ഭൂമിയിൽ അറിയപ്പെട്ടിട്ടുള്ളതിലേക്കും ഏററവും വലിയ കുഴപ്പത്തിന്റെ കാലത്ത് വിടുതൽ പ്രതീക്ഷിക്കവേ അവരും നിർഭയത്വത്തിന്റെ ഒരു മനോഭാവം നട്ടുവളർത്തണം” എന്നു പ്രസംഗകൻ പറഞ്ഞു.
രാവിലത്തെ കാര്യപരിപാടിയുടെ സമാപനത്തിൽ, നിങ്ങൾ അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പുകൾ എന്ന ബൈബിൾ നാടകം സദസ്യർ ആനന്ദഭരിതരായി വീക്ഷിച്ചു. യോശുവയുടെ നാളുകളിലും പ്രവാചകനായ ഏലിയാവിന്റെ നാളുകളിലും ഇസ്രായേല്യർ നിർണായകസന്ധിയിൽ ആയിരുന്നു. ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിയിരുന്നു. “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ” എന്ന് ഏലീയാവു പറഞ്ഞു. (1 രാജാക്കൻമാർ 18:21) ഇന്നും മനുഷ്യവർഗം ഒരു നിർണായകസന്ധിയിലാണ്. രണ്ടു തോണിയിൽ കാൽവെക്കുന്നതിനുള്ള സമയമല്ലിത്. ശരിയായ തിരഞ്ഞെടുപ്പ് എന്താണ്? പുരാതന കാലത്തെ യോശുവ ചെയ്തതുതന്നെ. അവൻ പറഞ്ഞു: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശുവ 24:15.
ഞായറാഴ്ച ഉച്ച വളരെ പെട്ടെന്ന് ആയതുപോലെ തോന്നി. “ഇപ്പോൾ സത്യദൈവത്തെ ഭയപ്പെടേണ്ടതിന്റെ കാരണം” എന്ന ശീർഷകത്തിലുള്ള പരസ്യപ്രസംഗത്തിന്റെ സമയമായി. “ദൈവത്തെ ഭയപ്പെട്ടു അവനു മഹത്വം കൊടുക്കുക” എന്നു വെളിപ്പാടു 14:6, 7-ൽ മുഴു മനുഷ്യവർഗത്തിനും ആഹ്വാനം നൽകപ്പെട്ടിരിക്കുന്നു. ഇപ്പോൾ ദൈവത്തെ ഭയപ്പെടേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, തിരുവെഴുത്തു തുടർന്നു പറയുന്നപോലെ, “അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലെ രാജാവായി സിംഹാസനസ്ഥനായിരിക്കുന്ന തന്റെ പുത്രൻ മുഖാന്തരം യഹോവ ഇപ്പോഴത്തെ അശുദ്ധ, മത്സരാത്മക വ്യവസ്ഥിതിക്ക് അവസാനം വരുത്തും. ദൈവത്തെ ഭയപ്പെടുന്നവർക്ക് ആശ്വാസം കൈവരുത്തുന്നതിനും നമ്മുടെ ഭൗമികഭവനത്തെ രക്ഷിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും ഉള്ള ഏകമാർഗം ഇതു മാത്രമാണ് എന്നു പ്രസംഗകൻ വിശദമാക്കി. ഇത് ഈ വ്യവസ്ഥിതിയുടെ അന്തിമ നാളുകളായതിനാൽ നാം ഇപ്പോൾ സത്യദൈവത്തെ ഭയപ്പെടേണ്ടത് അടിയന്തിരമാണ്!
വാരത്തിലെ വീക്ഷാഗോപുര അധ്യയന ഭാഗത്തിന്റെ സംഗ്രഹത്തെത്തുടർന്ന് അവസാനത്തെ പ്രസംഗകൻ സ്റേറജിലേക്കു വന്നു. കൺവെൻഷൻ കാര്യപരിപാടിയുടെ ഫലമായി ദൈവഭയം സമ്മേളിതർക്ക് വലിയ അർഥം കൈവരുത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു. ദൈവത്തെ ഭയപ്പെടുന്നവർക്കു കൈവരുന്ന അനേകം പ്രയോജനങ്ങളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദിവ്യബോധനത്താൽ ഏകീകൃതർ എന്ന ഒരു പുതിയ വീഡിയോ പ്രകാശനം ചെയ്യുന്നതായി പ്രസംഗകൻ പ്രഖ്യാപിച്ചു. അത് 1993-94-ൽ നടന്ന “ദിവ്യബോധന” സാർവദേശീയ ഡിസ്ട്രിക്ററ് കൺവെൻഷന്റെ അനുപമമായ വശങ്ങളെ പ്രദീപ്തമാക്കുന്നു. പ്രസംഗം തീരാറായപ്പോൾ, ‘അടുത്ത വർഷം നമുക്ക് എന്തു പ്രതീക്ഷിക്കാനാവും’ എന്ന് അനേകരും ചിന്തിക്കുകയായിരുന്നു. അനേക സ്ഥലങ്ങളിൽ നടക്കാൻ പോകുന്ന ത്രിദിന ഡിസ്ട്രിക്ററ് കൺവെൻഷനുകൾ നമുക്കു പ്രതീക്ഷിക്കാവുന്നതാണ്.
സമാപനത്തിൽ പ്രസംഗകൻ മലാഖി 3:16 പരാമർശിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “യഹോവാഭക്തൻമാർ [“യഹോവയെ ഭയപ്പെടുന്നവർ,” NW] അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” യഹോവയുടെ നാമത്തെ സ്മരിക്കാനും അവനെ ദൈവഭയത്തോടെ സേവിക്കാനുമുള്ള വ്യക്തമായ തീരുമാനത്തോടെ സമ്മേളിതർ യാത്രയായി.
[24-ാം പേജിലെ ചിത്രം]
സ്നാപനാർഥികൾ ദൈവഭയം തുടർന്നു പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ട്
[25-ാം പേജിലെ ചിത്രം]
“നിങ്ങൾ അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പുകൾ” എന്ന നാടകം യഹോവയെ സേവിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യത്തിൽ മതിപ്പുളവാകാൻ കേൾവിക്കാരെ സഹായിച്ചു
[26-ാം പേജിലെ ചിത്രം]
“നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്ന ലഘുപത്രിക കൈപ്പററുന്നതിൽ കൺവെൻഷനിൽ പങ്കെടുത്തവർ ആനന്ദപുളകിതരായിരുന്നു