ദൈവം നേരത്തെതന്നെ നമ്മുടെ വിധി നിശ്ചയിച്ചിരിക്കുന്നുവോ?
“പലപ്പോഴും തെററിദ്ധരിക്കപ്പെടുന്ന ഒരു പദമായ മുൻനിശ്ചയം (predestination) ഉപയോഗിക്കാതിരുന്നെങ്കിൽ ഒട്ടുമിക്ക സാങ്കൽപ്പിക പ്രശ്നങ്ങളും ഒഴിവായേനേ.” “മുൻനിശ്ചയം” എന്ന പദം നിങ്ങൾ ഉപയോഗിക്കുകയോ ഉപയോഗിക്കുന്നതായി കേൾക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് എന്തുകൊണ്ടെന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
“മുൻനിശ്ചയം” എന്ന പദം ഉപയോഗിക്കാതിരിക്കുന്നതാണു നമുക്കു നല്ലതെന്ന അഭിപ്രായമാണ് അടുത്ത കാലത്ത് ഇറങ്ങിയ റേറവൊ എന്ന ഫ്രഞ്ച് കത്തോലിക്കാ എൻസൈക്ലോപീഡിയയ്ക്കുള്ളത്. മറെറാരു പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇന്ന്, ദൈവശാസ്ത്ര സംവാദങ്ങളിൽ മുൻനിശ്ചയം എന്ന വിഷയത്തിന് അത്ര പ്രാധാന്യമൊന്നുമില്ല, മിക്ക പ്രൊട്ടസ്ററൻറുകാരുടെ കാര്യത്തിൽപ്പോലും അതാണു സ്ഥിതിയെന്നു തോന്നുന്നു.”
എന്നിരുന്നാലും, ചരിത്രത്തിലുടനീളം വളരെയധികം ആളുകളെ കുഴക്കിയിട്ടുള്ള ഒരു സംഗതിയാണു മുൻനിശ്ചയം എന്ന പ്രശ്നം. നവീകരണപ്രസ്ഥാനം ഉടലെടുക്കാനുണ്ടായ വിവാദത്തിന്റെ മൂലകാരണംതന്നെ അതാണ്. കത്തോലിക്കാ സഭയ്ക്കുള്ളിൽപ്പോലും അതു നൂററാണ്ടുകളോളം ചൂടുപിടിച്ച ചർച്ചാവിഷയമായിരുന്നു. ഇന്ന് അത് അത്രത്തോളം സംവാദവിഷയമല്ലെങ്കിലും ഇപ്പോഴും അത് ഒരു പ്രശ്നംതന്നെ. തന്റെ വിധി നേരത്തെതന്നെ നിശ്ചയിച്ചിട്ടുണ്ടോ എന്നറിയാൻ ആരാണ് ആഗ്രഹിക്കാത്തത്?
മുൻനിശ്ചയം—പദത്തിന്റെ അർഥം
സഭകളിൽ “മുൻനിശ്ചയം” എന്ന പദത്താൽ എന്താണ് അർഥമാക്കുന്നത്? “പേരെടുത്തു പറഞ്ഞിരിക്കുന്ന ചിലരെ നിത്യജീവനിലേക്കു കൊണ്ടുവരാനുള്ള ദിവ്യോദ്ദേശ്യ”മായിട്ടാണു ഡീക്സ്യോനർ ഡ തിയോളജി കത്തോലിക് അതിനെ കാണുന്നത്. തിരഞ്ഞെടുക്കപ്പെട്ടവർ, “പേരെടുത്തു പറഞ്ഞി”രിക്കുന്നവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അപ്പോസ്തലനായ പൗലോസ് റോമർക്കുള്ള ലേഖനത്തിൽ പരാമർശിച്ചവരാകാമെന്നാണു പൊതുവേയുള്ള ധാരണ. അവിടെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു . . . അവിടുന്നു മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. . . . താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.”—റോമാ 8:28-30, പി.ഒ.സി. ബൈബിൾ.
സ്വർഗത്തിൽ യേശുവിന്റെ മഹത്ത്വത്തിൽ പങ്കുകൊള്ളുകയെന്ന ഉദ്ദേശ്യത്തിൽ ചിലരെ ദൈവം ജനിക്കുന്നതിനുമുമ്പുപോലും തിരഞ്ഞെടുത്തുവെന്നു സങ്കൽപ്പിക്കപ്പെടുന്നു. ഇതു ദീർഘനാളായി സംവാദവിഷയമായിരിക്കുന്ന ചോദ്യമുയർത്തുന്നു: രക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ ദൈവം സ്വന്ത ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നുവോ, അതോ മനുഷ്യർക്കു ദൈവപ്രീതി നേടാനും കാത്തുസൂക്ഷിക്കാനുമുള്ള ഇച്ഛാസ്വാതന്ത്ര്യവും നിയോഗവും കൊടുത്തിരിക്കുന്നുവോ?
അഗസ്ററിൻ, മുൻനിശ്ചയത്തിന്റെ പിതാവ്
മുൻനിശ്ചയത്തെക്കുറിച്ചു സഭാപിതാക്കൻമാർ മുമ്പ് എഴുതിയിട്ടുണ്ടെങ്കിലും, ഇതു സംബന്ധിച്ചു കത്തോലിക്കരുടെയും പ്രൊട്ടസ്ററൻറുകാരുടെയും തത്ത്വങ്ങൾക്ക് അടിത്തറ പാകിയത് അഗസ്ററിൻ (പൊ.യു. 354-430) ആണെന്നാണു പൊതുവേയുള്ള ധാരണ. അഗസ്ററിൻ പറയുന്നതനുസരിച്ച്, ശാശ്വത അനുഗ്രഹങ്ങൾ നേടാനിരിക്കുന്ന നീതിമാൻമാരെ ദൈവം അനാദിമുതൽക്കുതന്നെ മുൻനിശ്ചയിച്ചിരിക്കുകയാണ്. നേരേമറിച്ച്, കൃത്യമായ അർഥത്തിൽ ദൈവം മുൻനിശ്ചയിക്കുന്നില്ലെങ്കിലും ന്യായരഹിതർക്കു തങ്ങളുടെ പാപങ്ങൾക്ക് അർഹിക്കുന്ന ശിക്ഷ, ശിക്ഷാവിധി, ലഭിക്കേണ്ടതാണ്. അഗസ്ററിന്റെ വിശദീകരണമനുസരിച്ചു നോക്കുമ്പോൾ ഇച്ഛാസ്വാതന്ത്ര്യത്തിനു യാതൊരു സ്ഥാനവുമില്ലായിരുന്നു. അങ്ങനെ അതു വളരെയധികം വിവാദങ്ങൾക്കു വഴിമരുന്നിട്ടു.
അഗസ്ററിന്റെ പിൻഗാമികൾ
മധ്യയുഗങ്ങളിൽ മുൻനിശ്ചയത്തെയും ഇച്ഛാസ്വാതന്ത്ര്യത്തെയും സംബന്ധിച്ച സംവാദം ഇടയ്ക്കിടെ തലപൊക്കിക്കൊണ്ടിരുന്നു. എന്നാൽ നവീകരണകാലഘട്ടത്തിൽ അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാതെ നിർവാഹമില്ലെന്ന അവസ്ഥയായി. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭാവിനേട്ടങ്ങളെയോ നൻമകളെയോ മുൻകൂട്ടികാണേണ്ടതില്ലാതെ ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ലൂഥർ ഓരോരുത്തരുടെയും മുൻനിശ്ചയത്തെ കണ്ടത്. കൂടുതൽ വിപ്ലവാത്മകമായ ഒരു നിഗമനമായിരുന്നു കാൽവിന്റേത്. രണ്ടുതരത്തിലുള്ള മുൻനിശ്ചയം എന്ന ആശയമായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്: ചിലർ നിത്യരക്ഷയ്ക്കായി മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നു, മററുള്ളവർ നിത്യശിക്ഷാവിധിക്കും. എന്നിരുന്നാലും, കാൽവിനും ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ സ്വന്ത ഇഷ്ടപ്രകാരമുള്ളതായും ഒരുപക്ഷേ ദുർഗ്രാഹ്യമായും കരുതി.
മുൻനിശ്ചയത്തിന്റെ പ്രശ്നവും അതുമായി അടുത്ത ബന്ധമുള്ള “കൃപ”യുടെ പ്രശ്നവും—ദൈവം രക്ഷിക്കുകയും മനുഷ്യരെ നീതിമാൻമാരായി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവൃത്തിയെ വർണിക്കാൻ സഭകൾ ഉപയോഗിക്കുന്ന ഒരു പദമാണ് കൃപ—വളരെ വലിയ വിവാദമായിത്തീർന്നു. കാരണം അനുമതി കൂടാതെ ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതുപോലും 1611-ൽ പാപ്പായുടെ ആസ്ഥാനം വിലക്കി. കത്തോലിക്കാ സഭയ്ക്കകത്ത്, അഗസ്ററിന്റെ പഠിപ്പിക്കലുകൾക്ക് 17, 18 നൂററാണ്ടുകളിലെ ഫ്രഞ്ച് ജെൻസെനിസ്ററുകളിൽനിന്നു ശക്തമായ പിന്തുണ ലഭിച്ചു. അവർ വളരെ കടുത്ത നിഷ്ഠയും ഉയർന്ന നിലവാരവുമുള്ള ഒരു ക്രിസ്തീയ ജീവിതരീതിക്ക് ആഹ്വാനം ചെയ്തു. ആഭിജാതവർഗത്തിൽനിന്നുപോലും അവർക്ക് അനുഗാമികളെ കിട്ടി. എന്നിട്ടും പ്രസ്തുത സംഗതി സംബന്ധിച്ച വിവാദം കെട്ടടങ്ങിയില്ല. ജെൻസെനിസ്ററു ചിന്താഗതിയുടെ പിള്ളത്തൊട്ടിലായ പോർട്ട്-റോയൽ ആശ്രമം നശിപ്പിക്കാൻ ലൂയി 14-ാമൻ രാജാവ് ഉത്തരവിട്ടു.
പ്രൊട്ടസ്ററൻറ് നവീകരണ സഭകൾക്കുള്ളിലും സംവാദങ്ങൾക്കു വിരാമം കണ്ടില്ല. സ്വന്തം രക്ഷയുടെ കാര്യത്തിൽ മനുഷ്യനും ഒരു പങ്കുവഹിക്കാനുണ്ട് എന്നു വിശ്വസിച്ചിരുന്ന യാക്കോബുസ് അർമീനിയസിനെ മററു മതഗ്രൂപ്പുകളോടൊപ്പം റെമോൻസ്ട്രൻറുകൾ പിന്തുണച്ചു. ഡോർഡ്രക്ററിലെ പ്രൊട്ടസ്ററൻറ് സുനഹദോസ് (1618-19) കാൽവിനിസ്ററ് യാഥാസ്ഥിതികത്വത്തിന്റെ ഒരു കർശനമായ രീതി സ്വീകരിച്ചുകൊണ്ട് പ്രശ്നം താത്കാലികമായി ഒതുക്കി. ലവാഞ്ചർ ഡ ലാ റേഫോം—ല മോൺട് ഡ സ്സാൻ കാലീവൻ എന്ന പുസ്തകം പറയുന്നതനുസരിച്ച്, മുൻനിശ്ചയത്തെയും ഇച്ഛാസ്വാതന്ത്ര്യത്തെയും സംബന്ധിച്ച സംവാദം നിമിത്തം ജർമനിയിൽ ഒരു നീണ്ട കാലഘട്ടത്തേക്ക് “അനുരഞ്ജനത്തിനുവേണ്ടിയുള്ള വിജയകരമല്ലാത്ത ശ്രമങ്ങളും അധിക്ഷേപങ്ങളും തടവിലാക്കലുകളും ദൈവശാസ്ത്രജ്ഞൻമാരെ നാടുകടത്തലുകളും” ഒക്കെയായിരുന്നു.
മുൻനിശ്ചയമോ ഇച്ഛാസ്വാതന്ത്ര്യമോ?
മുൻനിശ്ചയം ഇച്ഛാസ്വാതന്ത്ര്യം എന്നീ നേർവിരോധമായ രണ്ട് ആശയങ്ങൾ ആരംഭംമുതലേ ചൂടുപിടിച്ച അനേകം ഏററുമുട്ടലുകളുണ്ടാക്കി. ഈ പൊരുത്തക്കേടു വിശദീകരിക്കാനൊന്നും അഗസ്ററിനു കഴിഞ്ഞില്ല. അതിനെ ദൈവത്തിന്റെ പരമാധികാരമുള്ള ഇച്ഛയുടെ പ്രകടനമായി കണ്ട കാൽവിനും അതു വിശദീകരണാതീതമായിരുന്നു.
എന്നാൽ ഈ പ്രശ്നത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ദൈവത്തിന്റെ ഗുണങ്ങളെയും വ്യക്തിത്വത്തെയും സംബന്ധിച്ച ബൈബിളിന്റെ വെളിപ്പെടുത്തൽ നമ്മെ സഹായിക്കുന്നുണ്ടോ? ഈ ആശയങ്ങൾ വിശദമായി പരിശോധിക്കുന്നതാണ് അടുത്ത ലേഖനം.
[4-ാം പേജിലെ ചിത്രം]
കാൽവിൻ
ലൂഥർ
ജെൻസൻ
[ചിത്രത്തിനു കടപ്പാട്]
ചിത്രങ്ങൾ: Bibliothèque Nationale, Paris