നമ്മുടെ ഭാവി മുന്നമേ എഴുതപ്പെട്ടിരിക്കുന്നുവോ?
ക്രിസ്ത്യാനിയോ മുസൽമാനോ യഹൂദനോ ഹിന്ദുവോ മറ്റേതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവനോ ആരായിരുന്നാലും ശരി, സർവ മതസ്ഥരും ദുരിതമനുഭവിക്കുകയും അതേപ്രതി ദുഃഖിക്കുകയും ചെയ്യുന്നു.
ദൃഷ്ടാന്തത്തിന്, സൈബീരിയൻ നഗരമായ ഇർക്കൂറ്റ്സ്ക്കിൽ 1997 ഡിസംബർ 6-ന് അതിദാരുണമായൊരു ദുരന്തമുണ്ടായി. ഭീമാകാരനായ ഒരു AN-124 ചരക്കുവിമാനം പറന്നുയർന്ന ഉടനെ അതിന്റെ രണ്ട് എഞ്ചിനുകൾ പ്രവർത്തനരഹിതമായി. നിറയെ ഇന്ധനം നിറച്ചിരുന്ന ആ വിമാനം ഒരു പാർപ്പിട സമുച്ചയത്തിലേക്കു കൂപ്പുകുത്തി. നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ നിസ്സഹായരായ അനേകം താമസക്കാർക്കു ജീവഹാനിയും പരിക്കും സംഭവിക്കാൻ ഇടയാക്കിക്കൊണ്ട് നിരവധി ബഹുശാലാഭവനങ്ങളെ തീജ്വാല വിഴുങ്ങി.
ആ അപകടം സംഭവിച്ച സൈബീരിയൻ പ്രദേശത്ത് സാധ്യതയനുസരിച്ച് വിഭിന്ന മതവീക്ഷണങ്ങളുള്ളവരുണ്ട്. ചിലർ ക്രിസ്ത്യാനിത്വത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെട്ടേക്കാമെങ്കിലും ആ ദുരന്തം വിധിയുടെ ഫലമാണെന്ന് ചിന്തിച്ചിരിക്കാൻ വഴിയുണ്ട്. അവരും മറ്റുള്ളവരും ഇങ്ങനെ വിചാരിച്ചിരിക്കാം, ‘അതു ദൈവഹിതമായിരുന്നു. കൊല്ലപ്പെട്ടവർ ആ വിധത്തിൽ മരിച്ചില്ലായിരുന്നെങ്കിൽ അവർ മറ്റൊരു വിധത്തിൽ മരിക്കുമായിരുന്നു—അത് അവരുടെ വിധിയാണ്.’
അത്തരം ചിന്താഗതി, അതു പരസ്യമായി പറഞ്ഞാലും ഇല്ലെങ്കിലും, ഗോളത്തിനു ചുറ്റുമുള്ള മിക്ക മതങ്ങളിലും സാധാരണമായുള്ള ഒരു സങ്കൽപ്പത്തെ പ്രതിഫലിപ്പിക്കുന്നു—വിധി. ജനനംമുതൽ മരണംവരെയുള്ള നമ്മുടെ ഭാവി എങ്ങനെയോ മുന്നമേ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അനേകമാളുകൾ വിശ്വസിക്കുന്നു.
നാനാതരം വിധിവിശ്വാസങ്ങളുള്ളതിനാൽ അതിന് സമസ്തതലസ്പർശിയായ ഒരു നിർവചനം നൽകുക ബുദ്ധിമുട്ടാണ്. സംഭവിക്കുന്നതെല്ലാം, ഓരോ പ്രവൃത്തികളും ഓരോ സംഭവങ്ങളും—നല്ലതോ മോശമോ ആയിരുന്നാലും—ഒഴിച്ചുകൂടാനാവാത്തതാണ്; മാനവ നിയന്ത്രണത്തിന് അതീതമായ ഉന്നതശക്തിയാൽ മുന്നമേ നിർണയിക്കപ്പെട്ടതാകയാൽ അതു സംഭവിച്ചേ തീരൂ എന്നതാണ് വിധിവിശ്വാസം നൽകുന്ന അടിസ്ഥാന ആശയം. ജ്യോതിഷം, ഹിന്ദു-ബുദ്ധ മതങ്ങളിലെ കർമം, മുൻനിർണയം സംബന്ധിച്ച ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കൽ എന്നിവയിലെല്ലാം അത്തരം ആശയം കാണാവുന്നതാണ്. ഒരു ലിഖിത പ്രമാണത്താൽ ദേവന്മാർ വിധിയും ഭാവിയും നിയന്ത്രിച്ചിരുന്നുവെന്നു പുരാതന ബാബിലോനിലെ ആളുകൾ വിശ്വസിച്ചിരുന്നു. ഈ “വിധി ഫലകങ്ങൾ” നിയന്ത്രിച്ചിരുന്ന ദേവന് മനുഷ്യന്റെയും രാജ്യങ്ങളുടെയും ദേവന്മാരുടെതന്നെയും വിധിനിർണയിക്കാൻ കഴിയുമായിരുന്നുവെന്ന് കരുതപ്പെട്ടിരുന്നു.
മനുഷ്യർ ജനിക്കുംമുമ്പേ, അവർക്കു സംഭവിക്കാൻ പോകുന്ന സകലതും ദൈവം നിർണയിക്കുന്നുവെന്നു പല മതവിശ്വാസികളും കരുതുന്നു. ആയുർദൈർഘ്യം, ആണായിരിക്കുമോ പെണ്ണായിരിക്കുമോ, സമ്പന്നരായിരിക്കുമോ ദരിദ്രരായിരിക്കുമോ, ദുരിതപൂർണരായിരിക്കുമോ സന്തുഷ്ടരായിരിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അതിൽ ഉൾപ്പെടുന്നു. ഈ കാര്യങ്ങളെല്ലാം ദൈവത്തിന്റെ മനസ്സിലുണ്ട് അല്ലെങ്കിൽ സംഭവിക്കുന്നതിനുമുമ്പേ അവ ഒരു പുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് എന്തെങ്കിലും അത്യാഹിതം ഭവിക്കുമ്പോൾ ഒരു വിശ്വാസി മെക്ത്തുബ്—അത് എഴുതപ്പെട്ടിരിക്കുന്നു—എന്നു പറയുന്നത് സാധാരണമാണ്! ദൈവത്തിന് എല്ലാം മുന്നമേ അറിയാവുന്നതുകൊണ്ട് ആര് അവനെ അനുസരിക്കുമെന്നും ആര് അവനെ അനുസരിക്കില്ലെന്നും നിശ്ചയിക്കുന്നതും ദൈവമായിരിക്കണമെന്ന് വാദിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഒരു വ്യക്തിക്ക് പറുദീസയിലെ നിത്യാനുഗ്രഹമാണോ അതോ നിത്യനാശമാണോ ലഭിക്കുകയെന്ന് അയാൾ ജനിക്കുന്നതിനു മുമ്പേ ദൈവം നിശ്ചയിച്ചിരിക്കുന്നുവെന്ന് അനേകം വിധിവിശ്വാസികൾ കരുതുന്നു.
ഇത് ക്രൈസ്തവലോകത്തിലെ ചില സഭകളിൽ പഠിപ്പിക്കപ്പെടുന്ന മുൻനിർണയത്തോട് (predestination) വളരെ സമാനമാണെന്ന് നിങ്ങൾക്കു തോന്നിയിരിക്കാനിടയുണ്ട്. 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് മതപരിഷ്കർത്താവായ ജോൺ കാൽവിനാണ് മുൻനിശ്ചയത്തിന്റെ മുഖ്യ പ്രൊട്ടസ്റ്റൻറ് വക്താവ്. അദ്ദേഹം മുൻനിശ്ചയത്തെ, “ഓരോ മനുഷ്യനെക്കുറിച്ചും താൻ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു നിർണയിച്ചിരിക്കുന്ന ദൈവത്തിന്റെ ശാശ്വതനിയോഗം” എന്നു നിർവചിച്ചു. “അവൻ അവരെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് ഒരേ അവസ്ഥയിലല്ല. ചിലരെ നിത്യജീവനിലേക്കും മറ്റുള്ളവരെ നിത്യശിക്ഷാവിധിയിലേക്കുമായി അവൻ മുൻകൂട്ടിനിർണയിച്ചിരിക്കുന്നു.” കാൽവിൻ ഉറപ്പോടെ ഇങ്ങനെയും പറഞ്ഞു: “ആദ്യമനുഷ്യന്റെ വീഴ്ചയും അവന്റെ സന്തതികളുടെ നാശവും ദൈവം മുൻകൂട്ടിക്കാണുക മാത്രമല്ല സ്വന്ത ഇഷ്ടപ്രകാരം അതു മുൻകൂട്ടി ക്രമീകരിക്കുകയും ചെയ്തു.”
പക്ഷേ, മുൻനിശ്ചയമോ വിധിവിശ്വാസമോ പഠിപ്പിക്കുന്ന മതങ്ങളിലെ അംഗങ്ങളെല്ലാവരുമൊന്നും അതു വ്യക്തിപരമായി വിശ്വസിക്കുന്നില്ല. മത ലിഖിതങ്ങൾ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നുവെന്നു ചിലർ ഉചിതമായിത്തന്നെ ചൂണ്ടിക്കാട്ടുന്നു. മാനുഷ പ്രവർത്തനങ്ങൾ സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ ഫലമായാലും ദൈവത്താൽ മുൻനിർണയിക്കപ്പെടുന്നതായാലും അവയെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടെന്നുള്ളതാണ് യാഥാർഥ്യം. ദൃഷ്ടാന്തത്തിന്, നീതിനിഷ്ഠനായ ദൈവം മനുഷ്യനെ അവന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയും കണക്കുബോധിപ്പിക്കേണ്ടവനും ആക്കുന്ന സ്ഥിതിക്ക് തിരഞ്ഞെടുപ്പു നടത്താനും പ്രവർത്തിക്കാനും മനുഷ്യനു സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നു ചിലർ വാദിച്ചിരിക്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങളുടെ സൂത്രധാരൻ ദൈവമാണ്, എന്നാൽ മനുഷ്യൻ എങ്ങനെയോ അവ “സ്വായത്തമാക്കു”കയും അവയ്ക്ക് ഉത്തരവാദികളായിത്തീരുകയും ചെയ്യുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പൊതുവേ പറഞ്ഞാൽ, അനുദിന ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ സംഭവവും ദൈവകൽപ്പിതമാണെന്ന് അനേകർ വിശ്വസിക്കുന്നു.
നിങ്ങൾ എന്താണു വിശ്വസിക്കുന്നത്? നിങ്ങളുടെ ഭാവി എന്തായിരിക്കുമെന്നു ദൈവം ഇതിനോടകം നിശ്ചയിച്ചിട്ടുണ്ടോ? മനുഷ്യർക്ക് വാസ്തവത്തിൽ ഇച്ഛാസ്വാതന്ത്ര്യം, അതായത് തങ്ങളുടെ ഭാവി സംബന്ധിച്ച് പ്രായോഗിക തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രാപ്തി, ഉണ്ടോ? നമ്മുടെ വിധി ഏത് അളവോളം നമ്മുടെതന്നെ പ്രവൃത്തികളെ ആശ്രയിച്ചിരിക്കുന്നു? തുടർന്നുവരുന്ന ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
SEL/Sipa Press