മൈമോനിഡസ്—യഹൂദമതത്തെ പുനർനിർവചിച്ച മനുഷ്യൻ
“മോശമുതൽ മോശവരെ മോശയെപ്പോലൊരുവൻ ഉണ്ടായിരുന്നിട്ടില്ല.” 12-ാം നൂററാണ്ടിലെ യഹൂദ തത്ത്വചിന്തകനും നിയമ സംജ്ഞാതാവും തൽമൂദിന്റെയും തിരുവെഴുത്തിന്റെയും വ്യാഖ്യാതാവുമായ മോശ ബേൻമൈമോന്റെ—മൈമോനിഡസ്, രാംബാംa എന്നീ പേരുകളിലും അറിയപ്പെടുന്നു—ആശയപ്രകടനമായി അനേകം യഹൂദർ ഈ ഗുപ്ത വാക്യത്തെ തിരിച്ചറിയും. ഇന്ന് അനേകർക്കും മൈമോനിഡസിനെ പരിചയമില്ല. എങ്കിലും അദ്ദേഹത്തിന്റെ എഴുത്തുകൾ അദ്ദേഹത്തിന്റെ നാളുകളിലെ യഹൂദരുടെയും മുസ്ലീങ്ങളുടെയും സഭാചിന്താഗതിയുടെയുംമേൽ ആഴമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായ ഒരു വിധത്തിൽ അദ്ദേഹം യഹൂദമതത്തെ പുനർനിർവചിച്ചു. മൈമോനിഡസ് ആരായിരുന്നു, അനേക യഹൂദരും അദ്ദേഹത്തെ “രണ്ടാം മോശ”യായി കാണുന്നതിനു കാരണമെന്ത്?
മൈമോനിഡസ് ആരായിരുന്നു?
1135-ൽ സ്പെയിനിലെ കോർഡോബയിലാണ് മൈമോനിഡസ് ജനിച്ചത്. മതപരമായ പ്രഥമ പരിശീലനത്തിലധികവും പ്രദാനം ചെയ്ത അദ്ദേഹത്തിന്റെ പിതാവായ മൈമോൻ കീർത്തിപ്പെട്ട റബ്ബിനിക്കൽ കുടുംബത്തിൽനിന്നുള്ള ഒരു വിഖ്യാതനായ പണ്ഡിതനായിരുന്നു. 1148-ൽ അൽമോഹഡ്സ് കോർഡോബ കീഴടക്കിയപ്പോൾ യഹൂദൻമാർ ഇസ്ലാം മതത്തിലേക്കു മതംമാറുകയോ പലായനം ചെയ്യുകയോ ചെയ്യുക എന്ന പ്രതിസന്ധിയിലായിരുന്നു. ഇത് മൈമോനിഡസിന്റെ കുടുംബം ദീർഘകാലം അലഞ്ഞുതിരിയാൻ ഇടയാക്കി. 1160-ൽ അവർ മൊറോക്കോയിലെ ഫെസ് എന്ന സ്ഥലത്തു താമസമുറപ്പിച്ചു. അവിടെവച്ച് അദ്ദേഹത്തിന് ഒരു ഡോക്ടറാകാനുള്ള പരിശീലനം ലഭിച്ചു. 1165-ൽ അദ്ദേഹത്തിന്റെ കുടുംബത്തിന് പാലസ്തീനിലേക്കു പലായനം ചെയ്യേണ്ടിവന്നു.
എന്നിരുന്നാലും, ഇസ്രായേലിലെ സ്ഥിതിഗതികൾ അസ്ഥിരമായിരുന്നു. ഒരു ചെറിയ യഹൂദ സമുദായം ക്രൈസ്തവലോകത്തിലെ കുരിശുയോദ്ധാക്കളിൽനിന്നും മുസ്ലീങ്ങളിൽനിന്നും ഒരുപോലെ അപകടത്തെ അഭിമുഖീകരിക്കേണ്ടിവന്നു. “വിശുദ്ധദേശ”ത്തിൽ ആറു മാസം തികയുന്നതിനുമുമ്പുതന്നെ മൈമോനിഡസും കുടുംബവും ഈജിപ്തിൽ കെയ്റോയിലുള്ള പഴയ നഗരമായ ഫുസ്ററാററിൽ അഭയം പ്രാപിച്ചു. ഇവിടെവച്ചാണു മൈമോനിഡസിന്റെ കഴിവുകൾ പൂർണമായും തിരിച്ചറിയാനിടയായത്. 1177-ൽ അദ്ദേഹം യഹൂദ സമുദായത്തിന്റെ തലവനായിത്തീർന്നു. 1185-ൽ പ്രസിദ്ധ മുസ്ലീം നേതാവായിരുന്ന സാലദിന്റെ കോടതിയിലെ ഡോക്ടറായി അദ്ദേഹം നിയുക്തനായി. 1204-ൽ മരിക്കുന്നതുവരെ മൈമോനിഡസ് ഈ രണ്ടു സ്ഥാനങ്ങളും നിലനിർത്തി. വൈദ്യശാസ്ത്ര രംഗത്ത് അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ധ്യം പ്രഖ്യാതമായിരുന്നു. തൻമൂലം അങ്ങകലെ ഇംഗ്ലണ്ടിന്റെ അതിശൂരനായിരുന്ന റിച്ചാർഡ് രാജാവ് മൈമോനിഡസിനെ തന്റെ വ്യക്തിപരമായ ഡോക്ടറാക്കാൻ ഉദ്യമം നടത്തിയതായി പറയപ്പെടുന്നു.
അദ്ദേഹം എന്താണ് എഴുതിയത്?
മൈമോനിഡസ് ഒരു ഫലപ്രദനായ എഴുത്തുകാരനായിരുന്നു. മുസ്ലീം പീഡനത്തിൽനിന്നു പലായനം ചെയ്ത് പാത്തും പതുങ്ങിയും കഴിയവേ അദ്ദേഹം മിഷ്നയെപ്പററിയുള്ള ഭാഷ്യം (ഇംഗ്ലീഷ്) എന്ന തന്റെ പ്രമുഖ ഗ്രന്ഥത്തിന്റെ സിംഹഭാഗവും സമാഹരിച്ചു.b അറബിഭാഷയിൽ എഴുതിയ മിഷ്ന, ചിലപ്പോഴെല്ലാം യഹൂദമതം സംബന്ധിച്ചുള്ള മൈമോനിഡസിന്റെ തത്ത്വചിന്തയിലേക്കു വഴുതിവീണുകൊണ്ട് അനേകം സങ്കൽപ്പങ്ങളും പദപ്രയോഗങ്ങളും വ്യക്തമാക്കുന്നു. സൻഹെദ്രീം എന്ന ലഘുലേഖയെപ്പററി വിശദീകരിക്കുന്ന ഭാഗത്തു മൈമോനിഡസ് യഹൂദമത വിശ്വാസത്തിന്റെ 13 അടിസ്ഥാന തത്ത്വങ്ങൾ നിർവചിച്ചു. യഹൂദമതം ഒരിക്കലും ഒരു ആധികാരിക പ്രമാണമോ വിശ്വാസ പ്രഖ്യാപനമോ നിർവചിച്ചിരുന്നില്ല. ഇപ്പോൾ മൈമോനിഡസിന്റെ 13 വിശ്വാസ തത്ത്വങ്ങൾ യഹൂദ പ്രമാണങ്ങളിലെ എത്രയോ നിർവചനങ്ങൾക്കുള്ള പൂർവമാതൃകയായി തീർന്നിരിക്കുന്നു.—23-ാം പേജിലെ ചതുരം കാണുക.
സകല വസ്തുക്കളുടെയും, ഭൗതികമായാലും ശരി ആത്മീയമായാലും ശരി, യുക്തിസഹമായ ക്രമം നിർവചിക്കാൻ മൈമോനിഡസ് ശ്രമം നടത്തി. ഉചിതമെന്നും ന്യായയുക്തമെന്നും താൻ വീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ സകലത്തിനും വിശദീകരണം തേടിക്കൊണ്ട് അദ്ദേഹം അന്ധവിശ്വാസത്തെ തള്ളിക്കളഞ്ഞു. ഈ സ്വാഭാവിക പ്രവണത അദ്ദേഹത്തിന്റെ മഹദ്ഗ്രന്ഥമായ മിഷ്നെ തോറc എഴുതുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.
മൈമോനിഡസിന്റെ നാളിൽ “തോറ” അഥവാ “ന്യായപ്രമാണം” എന്നത് മോശ രേഖപ്പെടുത്തിയിരിക്കുന്ന ലിഖിത വചനങ്ങളെ മാത്രമല്ല നൂററാണ്ടുകളിലുടനീളം ഈ ന്യായപ്രമാണത്തെപ്പററിയുള്ള റബ്ബിമാരുടെ സകല വ്യാഖ്യാനങ്ങളെയും പരാമർശിക്കുന്നതാണെന്ന് യഹൂദർ കരുതിയിരുന്നു. തൽമൂദിലും തൽമൂദിനെപ്പററിയുള്ള റബ്ബിമാരുടെ ആയിരക്കണക്കിനു തീരുമാനങ്ങളിലും മററു ലേഖനങ്ങളിലും ഈ ധാരണകൾ രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെയെല്ലാം വലിപ്പവും ക്രമക്കേടും സാധാരണക്കാരനായ ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം തന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് അസാധ്യമാക്കിത്തീർത്തു. റബ്ബിമാരുടെ സാഹിത്യങ്ങളെല്ലാം ജീവിതകാലം മുഴുവൻ പഠിക്കാൻ പററിയ സാഹചര്യത്തിലായിരുന്നില്ല മിക്കവരും. പോരാഞ്ഞിട്ട് അതിലധികവും പ്രയാസകരമായ അരമായ ഭാഷയിലായിരുന്നു എഴുതപ്പെട്ടിരുന്നതും. ഈ വിവരങ്ങളെല്ലാം അതിന്റെ പ്രായോഗിക തീരുമാനങ്ങൾ പ്രദീപ്തമാക്കിക്കൊണ്ടു പ്രകാശനം ചെയ്യുകയും വിഷയമനുസരിച്ച് 14 പുസ്തകങ്ങളായി ക്രമീകരിക്കുകയും ചെയ്യുക എന്നതായിരുന്നു മൈമോനിഡസ് കണ്ട പരിഹാരം. അദ്ദേഹം അത് വിദഗ്ധമായി, വ്യക്തമായ, ഒഴുക്കുള്ള എബ്രായ ഭാഷയിൽ എഴുതി.
മിഷ്നെ തോറ തൽമൂദിനെ പൂർണമായും കവച്ചുവയ്ക്കുമെന്നു ചില യഹൂദ നേതാക്കൾ ഭയപ്പെടാൻ പോന്നവിധം അത്ര പ്രായോഗിക സഹായിയായിരുന്നു അത്. അതിനെ എതിർത്തവർപോലും അതിൽ അടങ്ങിയിരിക്കുന്ന വിസ്മയാവഹമായ പാണ്ഡിത്യത്തെ അംഗീകരിച്ചു. അത്യന്തം ക്രമീകൃതമായ ഈ നിയമസംഹിത വിപ്ലവാത്മകമായ ഒരു നേട്ടമായിരുന്നു. അത് യഹൂദമതത്തെപ്പററി ഒരു സാധാരണ യഹൂദനു വിവരിച്ചുകൊടുക്കാനോ മനസ്സിലാക്കാനോ കഴിയാഞ്ഞ ഒരു യഹൂദമതസമ്പ്രദായത്തിനു നവജീവൻ പകർന്നു.
പിന്നീട്, മൈമോനിഡസ് ചഞ്ചലചിത്തരുടെ വഴികാട്ടി (ഇംഗ്ലീഷ്) എന്ന മറെറാരു പ്രമുഖ കൃതി എഴുതാനുള്ള പുറപ്പാടായി. ഗ്രീക്കു സാഹിത്യങ്ങൾ അറബിയിലേക്കു തർജമ ചെയ്യാൻ തുടങ്ങിയതോടെ അരിസ്റേറാട്ടിലും മററു തത്ത്വചിന്തകരുമായി കൂടുതൽ യഹൂദൻമാർ സുപരിചിതരായി. ബൈബിളിലെ പദപ്രയോഗങ്ങളുടെ അക്ഷരീയ അർഥം തത്ത്വചിന്തയുമായി പൊരുത്തപ്പെടുത്തുക എന്നത് ചിലർക്ക് ആകെ ചിന്താക്കുഴപ്പം സൃഷ്ടിച്ചു. അരിസ്റേറാട്ടിലിനെ അത്യന്തം ആദരിച്ച മൈമോനിഡസ് ചഞ്ചലചിത്തരുടെ വഴികാട്ടി എന്ന ഗ്രന്ഥത്തിൽ തത്ത്വചിന്തയ്ക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ ബൈബിളിന്റെയും യഹൂദമതത്തിന്റെയും സാരാംശം വിശദീകരിക്കാൻ ശ്രമം നടത്തി.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 2:1-5, 11-16.
ഈ പ്രമുഖ കൃതികൾക്കും മതപരമായ മററു ലേഖനങ്ങൾക്കും പുറമേ മൈമോനിഡസ് വൈദ്യശാസ്ത്ര രംഗത്തെയും ജ്യോതിശ്ശാസ്ത്രത്തെയുംപററി ആധികാരികമായി എഴുതി. അദ്ദേഹത്തിന്റെ ശക്തമായ തൂലികയുടെ മറെറാരു വശം അവഗണിച്ചു കൂടാത്ത ഒന്നാണ്. “മൈമോനിഡസിന്റെ ലേഖനങ്ങൾ ലേഖനമെഴുത്തിൽ ചരിത്രം കുറിച്ചു. ഗണ്യമായ അളവിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ലേഖനങ്ങളുടെ ഉടമയായ ആദ്യത്തെ യഹൂദനാണ് അദ്ദേഹം. . . . അദ്ദേഹത്തിന്റെ ലേഖനങ്ങൾ കത്തിടപാടു നടത്തിയ വ്യക്തികളുടെ മനസ്സിനെയും ഹൃദയത്തെയും ഹഠാദാകർഷിച്ചു. അവർക്ക് ഉതകുന്ന രീതിയിൽ അദ്ദേഹം വൈവിധ്യമാർന്ന ശൈലി സ്വീകരിച്ചു” എന്ന് എൻസൈക്ലോപീഡിയ ജൂഡായിക്ക അഭിപ്രായപ്പെടുന്നു.
അദ്ദേഹം എന്താണു പഠിപ്പിച്ചത്?
വിശ്വാസം സംബന്ധിച്ച 13 തത്ത്വങ്ങളിൽ മൈമോനിഡസ് വിശ്വാസത്തിന്റേതായ വ്യക്തമായ ബാഹ്യരേഖ നൽകുകയുണ്ടായി. അതിൽ ചിലതു തിരുവെഴുത്തുകളിൽ വേരൂന്നിയതായിരുന്നു. എന്നിരുന്നാലും, ഏഴും ഒമ്പതും തത്ത്വങ്ങൾ യേശു മിശിഹായാണെന്ന തിരുവെഴുത്തധിഷ്ഠിത വിശ്വാസത്തിന്റെ സാരത്തിന് എതിരായിട്ടാണ്.d ത്രിത്വംപോലുള്ള ക്രൈസ്തവലോകത്തിന്റെ വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകളും കുരിശുയുദ്ധത്തിൽ സംഭവിച്ച രക്തച്ചൊരിച്ചിലിലൂടെ പ്രകടമാക്കിയ നിർലജ്ജമായ കാപട്യവും കണക്കിലെടുക്കുമ്പോൾ യേശുവിന്റെ മിശിഹാപദവി സംബന്ധിച്ചു മൈമോനിഡസ് കൂടുതൽ ഗവേഷണം നടത്തിയില്ല എന്നതിൽ അതിശയിക്കാനില്ല.—മത്തായി 7:21-23; 2 പത്രൊസ് 2:1, 2.
മൈമോനിഡസ് ഇങ്ങനെ എഴുതുന്നു: “[ക്രിസ്ത്യാനിത്വ]ത്തെക്കാൾ വലിയൊരു ഇടർച്ചക്കല്ല് ഉണ്ടായിരിക്കുമോ? മിശിഹാ ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അതിന്റെ രക്ഷകനുമാണെന്ന് എല്ലാ പ്രവാചകൻമാരും പറഞ്ഞിട്ടുണ്ട് . . . [അതിനു വിപരീതമായി ക്രിസ്ത്യാനിത്വം] യഹൂദൻമാരെ വാളിനിരയാക്കുകയും അതിന്റെ ശേഷിപ്പിനെ നട്ടംതിരിയാനും അവമാനിതരാകാനും തോറയിൽ മാററങ്ങൾ വരുത്താനും ലോകജനതയിൽ ഭൂരിപക്ഷവും പാപം ചെയ്യാനും കർത്താവിനെയല്ലാതെ വേറൊരു ദൈവത്തെ ആരാധിക്കാനും ഇടയാക്കി.”—മിഷ്നെ തോറ, “രാജാക്കൻമാരുടെ നിയമവും അവരുടെ യുദ്ധങ്ങളും,” അധ്യായം 11.
മൈമോനിഡസിന് വളരെയധികം ആദരവു നൽകിയെന്നുവരികിലും, അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞ ചില വിഷയങ്ങളെപ്രതി അദ്ദേഹത്തെ അവഗണിക്കാനാണ് അനേകം യഹൂദരും താത്പര്യം കാട്ടിയത്. നിഗൂഢ യഹൂദമതത്തിന്റെ (കബാല) വർധിച്ചുവന്ന സ്വാധീനംമൂലം ജ്യോതിഷം യഹൂദൻമാരുടെയിടയിൽ കൂടുതൽ പ്രബലമായിത്തീർന്നു. “ജ്യോതിഷത്തിൽ ഉൾപ്പെട്ടിരിക്കുകയും ജ്യോത്സ്യൻമാർ പറയുന്ന സമയത്തെ ആശ്രയിച്ചു തങ്ങളുടെ തൊഴിലും യാത്രയും ക്രമീകരിക്കുകയും ചെയ്യുന്നവർ ചാട്ടവാറുകൊണ്ടുള്ള അടിക്ക് അർഹരാണ് . . . ഈ വക കാര്യങ്ങളെല്ലാം നുണയും വഞ്ചനയുമാണ് . . . ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്ന ഏവനും വിഡ്ഢിയും വിവേകശൂന്യനുമാണ്” എന്നു മൈമോനിഡസ് എഴുതി.—മിഷ്നെ തോറ, “വിഗ്രഹാരാധന സംബന്ധിച്ച നിയമം,” അധ്യായം 11; താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 19:26; ആവർത്തനപുസ്തകം 18:9-13.
മറെറാരു ആചാരത്തെയും മൈമോനിഡസ് നിശിതമായി വിമർശിച്ചു: “[റബിമാർ] വ്യക്തികളിൽനിന്നും സമുദായങ്ങളിൽനിന്നും തങ്ങൾക്കുവേണ്ട പണം ആവശ്യപ്പെട്ടത് അവർക്ക് അതു നൽകാൻ കടപ്പെട്ടിരിക്കുന്നുവെന്നും അത് ഉചിതമാണെന്നും ചിന്തിക്കാൻപോന്നവിധം ജനങ്ങളെ വിഡ്ഢികളാക്കി. . . . ഇതെല്ലാം തെററാണ്. ഈ ധാരണയെ പിന്താങ്ങുന്ന ഒരൊററ വാക്കുപോലും തോറയിലോ [തൽമൂദ് കാലഘട്ടത്തിലെ] പണ്ഡിതശകലങ്ങളിലോ ഇല്ല.” (മിഷ്നയെപ്പററിയുള്ള ഭാഷ്യം, അവൊട്ട് 4:5) ഈ റബിമാരിൽനിന്നു വ്യത്യസ്തനായി മൈമോനിഡസ് സ്വന്ത ആവശ്യങ്ങൾക്കുവേണ്ടി ഒരു ഡോക്ടറെന്ന നിലയിൽ കഠിനമായി പ്രയത്നിച്ചു. മതപരമായ സേവനങ്ങൾക്കുവേണ്ടി അദ്ദേഹം ഒരിക്കലും പ്രതിഫലം വാങ്ങിയില്ല.—താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 2:17; 1 തെസ്സലൊനീക്യർ 2:9.
യഹൂദമതത്തെയും മററു വിശ്വാസങ്ങളെയും എങ്ങനെയാണു ബാധിച്ചത്?
യെരുശലേമിലെ ഹീബ്രൂ സർവകലാശാലയിലെ പ്രൊഫസറായ യഷിയാഹൂ ലൈബോവിററ്സ് ഇങ്ങനെ പ്രസ്താവിച്ചു: “ഗോത്രപിതാക്കൻമാരുടെയും പ്രവാചകൻമാരുടെയും യുഗംമുതൽ ഇന്നേവരെ യഹൂദമത ചരിത്രത്തിലെ ഏററവും പ്രഭാവശാലിയായ വ്യക്തി മൈമോനിഡസാണ്.” എൻസൈക്ലോപീഡിയ ജൂഡായിക്ക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യഹൂദമതത്തിന്റെ ഭാവി വികസനത്തിൽ മൈമോനിഡസിനുള്ള പങ്കു കണക്കുകൂട്ടാനാവാത്തതാണ്. മൈമോനിഡസ് ഇല്ലായിരുന്നെങ്കിൽ യഹൂദമതം വ്യത്യസ്ത മതവിഭാഗങ്ങളും വിശ്വാസങ്ങളുമായി ഛിന്നഭിന്നമായിത്തീർന്നേനെ . . . വ്യത്യസ്ത വിഭാഗങ്ങളെ ഏകീഭവിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടമായിരുന്നു എന്നുവരെ സി. ചിർനോവിററ്സ് . . . പ്രസ്താവിക്കുന്നു.”
ക്രമം, യുക്തി എന്നിവ സംബന്ധിച്ച തന്റെ സ്വന്തം ധാരണകൾക്കു ചേരുംവിധം യഹൂദ ചിന്താഗതിയെ പുനഃക്രമീകരിച്ചുകൊണ്ട് മൈമോനിഡസ് യഹൂദമതത്തെ പുനർനിർവചിച്ചു. ഈ പുതിയ നിർവചനം പ്രായോഗികവും ആകർഷകവുമാണെന്നു പണ്ഡിതരും സാമാന്യ ജനവും ഒരുപോലെ കണ്ടെത്തി. മൈമോനിഡസിന്റെ എതിരാളികൾപോലും ക്രമേണ അദ്ദേഹത്തിന്റെ സമീപനത്തിൽ അധികവും അംഗീകരിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകൾ, കയ്യുംകണക്കുമില്ലാത്ത ഭാഷ്യങ്ങളിൽനിന്നു യഹൂദരെ മോചിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു എന്നുവരികിലും പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ കൃതികളെപ്പററി ഭാഷ്യങ്ങൾ എഴുതാൻ തുടങ്ങി.
“മധ്യയുഗങ്ങളിലെ ഏററവും അഗ്രഗണ്യനായ യഹൂദ തത്ത്വചിന്തകൻ മൈമോനിഡസ് ആയിരുന്നു . . . അദ്ദേഹത്തിന്റെ ഗ്രന്ഥമായ ചഞ്ചലചിത്തരുടെ വഴികാട്ടി യഹൂദർ രചിച്ചിട്ടുള്ള തത്ത്വചിന്താപരമായ കൃതികളിൽ വച്ചേററവും പ്രധാനപ്പെട്ടതാണ്” എന്ന് എൻസൈക്ലോപീഡിയ ജൂഡായിക്ക അഭിപ്രായപ്പെടുന്നു. ചഞ്ചലചിത്തരുടെ വഴികാട്ടി അറബിഭാഷയിലാണ് എഴുതപ്പെട്ടതെങ്കിലും മൈമോനിഡസ് ജീവിച്ചിരിക്കുമ്പോൾതന്നെ അത് എബ്രായഭാഷയിലേക്കും അതിനുശേഷം ഉടൻതന്നെ ലത്തീനിലേക്കും തർജമ ചെയ്യുകയുണ്ടായി. അങ്ങനെ അത് പഠനത്തിനുവേണ്ടി യൂറോപ്പിലുടനീളം ലഭ്യമാക്കിത്തീർത്തു. തൽഫലമായി അരിസ്റേറാട്ടിലിന്റെ തത്ത്വചിന്തയും യഹൂദ്യ ചിന്താഗതിയും അനുപമമായവിധം സംശ്ലേഷിച്ചുണ്ടാക്കിയ മൈമോനിഡസിന്റെ ആശയങ്ങൾ പെട്ടെന്നുതന്നെ ക്രൈസ്തവലോകത്തിന്റെ ചിന്താഗതിയുടെ മുഖ്യധാരയിൽ പ്രവേശിച്ചു. ആ കാലഘട്ടത്തിലെ കൈസ്ത്രവലോക പണ്ഡിതൻമാരായിരുന്ന അൽബർട്ടസ് മാഗ്നസും തോമസിനെയും അക്വിനാസിനെയുംപോലുള്ളവർ മിക്കപ്പോഴും മൈമോനിഡസിന്റെ വീക്ഷണങ്ങൾ പരാമർശിക്കാറുണ്ട്. ഇസ്ലാമിക പണ്ഡിതൻമാരും അതിനാൽ സ്വാധീനിക്കപ്പെട്ടു. മൈമോനിഡസിന്റെ തത്ത്വചിന്താപരമായ സമീപനം ഓർത്തോഡോക്സ് യഹൂദമതത്തിൽനിന്നു പൂർണമായും വിട്ടുപോരാൻ തക്കവണ്ണം ബാറൂക് സ്പിനോസായെപ്പോലുള്ള പിൽക്കാല യഹൂദ തത്ത്വചിന്തകൻമാരെ സ്വാധീനിക്കുകയുണ്ടായി.
നാനകാലത്തിനുമുമ്പു ജീവിച്ചിരുന്ന ഒരു മത നകനായി മൈമോനിഡസിനെ പരിഗണിക്കാവുന്നതാണ്. വിശ്വാസം യുക്തിക്കു നിരക്കുന്നതായിരിക്കണമെന്ന അദ്ദേഹത്തിന്റെ വാദം ഇപ്പോഴും മൂല്യമുള്ള ഒരു തത്ത്വമാണ്. മതപരമായ അന്ധവിശ്വാസത്തിനെതിരെ രൂക്ഷമായി സംസാരിക്കുന്നതിന് ഈ തത്ത്വം അദ്ദേഹത്തെ നയിച്ചു. എങ്കിലും, ക്രൈസ്തവലോകത്തിന്റെ മോശമായ മാതൃകയും അരിസ്റേറാട്ടിലിന്റെ തത്ത്വചിന്താപരമായ സ്വാധീനവും ബൈബിൾ സത്യത്തോടു പൂർണ യോജിപ്പിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് അദ്ദേഹത്തിനു തടസ്സമായി. മൈമോനിഡസിന്റെ കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്ന “മോശമുതൽ മോശവരെ മോശയെപ്പോലൊരുവൻ ഉണ്ടായിരുന്നിട്ടില്ല” എന്ന സ്മാരകലേഖയോട് എല്ലാവരുമൊന്നും യോജിക്കുകയില്ലെങ്കിലും അദ്ദേഹം യഹൂദമതത്തിന്റെ ഘടനയും ഗതിയും പുനർനിർവചിച്ചുവെന്നു സമ്മതിച്ചേ മതിയാവൂ.
[അടിക്കുറിപ്പുകൾ]
a “രാംബാം [Rambam]” എന്നത് “റബ്ബി [Rabbi] മോശ [Moses] ബെൻ മൈമോൻ [Ben Maimon]” എന്ന പല പദങ്ങളുടെ ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ ഒരു എബ്രായ വാക്കാണ്.
b യഹൂദൻമാർ വാമൊഴിയായ നിയമം എന്നു കണക്കാക്കുന്ന റബിമാരുടെ വ്യാഖ്യാനങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന ഒരു സമാഹാരമാണു മിഷ്ന. പൊ.യു. (പൊതുയുഗം) രണ്ടാം നൂററാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂററാണ്ടിന്റെ ആരംഭത്തിലുമാണ് അത് എഴുതപ്പെട്ടത്. അങ്ങനെ തൽമൂദിനു തുടക്കം കുറിച്ചു. കൂടുതലായ വിവരത്തിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 10-ാം പേജു കാണുക.
c മിഷ്നെ തോറ എന്ന പേര് ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അഥവാ ആവർത്തമ്പം എന്നിങ്ങനെ ആവർത്തനപുസ്തകം 17:18-ൽ പറയുന്ന പദപ്രയോഗത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു എബ്രായ പദപ്രയോഗമാണ്.
d യേശു വാഗ്ദത്ത മിശിഹായാണെന്നതിന്റെ തെളിവു സംബന്ധിച്ചുള്ള കൂടുതൽ വിവരത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന യുദ്ധമില്ലാത്ത ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 24-30 പേജുകൾ കാണുക.
[23-ാം പേജിലെ ചതുരം]
മൈമോനിഡസിന്റെ 13 വിശ്വാസ തത്ത്വങ്ങൾe
1.സകലത്തിന്റെയും സ്രഷ്ടാവും ഭരണാധിപതിയും ദൈവമാണ്. സകലവും സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതും സൃഷ്ടിക്കാൻ പോകുന്നതും അവൻ മാത്രമാണ്.
2.ദൈവം ഏകനാണ്. ഏതെങ്കിലും വിധത്തിൽ അവനെപ്പോലുള്ള യാതൊരു ഏകത്വവും ഇല്ല.
3.ദൈവത്തിന് ഒരു ശരീരമില്ല. ഭൗതിക സങ്കൽപ്പങ്ങൾ അവനു ബാധകമാകുന്നില്ല.
4.ദൈവം ആദിയും അന്തവുമാണ്.
5.ദൈവത്തോടുമാത്രം പ്രാർഥിക്കുന്നതാണ് ഉചിതം. വേറൊരുവനോടോ വേറൊന്നിനോടോ ഒരുവൻ പ്രാർഥിക്കരുത്.
6.പ്രവാചകൻമാരുടെ എല്ലാ വചനങ്ങളും സത്യമാണ്.
7.മോശയുടെ പ്രവചനം തികച്ചും സത്യമാണ്. അവൻ തനിക്കു മുമ്പും പിമ്പും ഉണ്ടായിരുന്നിട്ടുള്ള സകല പ്രവാചകൻമാരിലും മുഖ്യനാണ്.
8.നമ്മുടെ പക്കലുള്ള മുഴു തോറയും മോശയ്ക്കു നൽകപ്പെട്ടതാണ്.
9.തോറയിൽ ഒരിക്കലും മാററമുണ്ടാകയില്ല, ദൈവം വേറൊന്നു നൽകുകയുമില്ല.
10.മമനുഷ്യന്റെ സകല പ്രവൃത്തികളും ചിന്താഗതികളും ദൈവം അറിയുന്നു.
11.തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നു, തനിക്കെതിരെ പാപം ചെയ്യുന്നവരെ അവൻ ശിക്ഷിക്കുന്നു.
12.മിശിഹാ വരും.
13.മരിച്ചവർ ജീവനിലേക്കു തിരികെ വരുത്തപ്പെടും.
[അടിക്കുറിപ്പുകൾ]
e മൈമോനിഡസ് ഈ തത്ത്വങ്ങൾ തന്റെ മിഷ്നയെപ്പററിയുള്ള ഭാഷ്യത്തിൽ (സൻഹെദ്രീം 10:1) നിർവചിക്കുന്നു. അത് ഔദ്യോഗിക പ്രമാണമായി പിന്നീട് യഹൂദമതം സ്വീകരിച്ചു. മുകളിൽ കൊടുത്തിരിക്കുന്ന വാക്യങ്ങൾ അവ യഹൂദ പ്രാർഥനാഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നതിന്റെ സംഗ്രഹമാണ്.
[21-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Jewish Division / The New York Public Library / Astor, Lenox, and Tilden Foundations