നാച്ച്മാനിഡിസ് അദ്ദേഹം ക്രിസ്ത്യാനിത്വത്തെ ഖണ്ഡിച്ചോ?
മധ്യയുഗങ്ങൾ. അവ നിങ്ങളെ എന്താണ് ഓർമിപ്പിക്കുന്നത്? കുരിശുയുദ്ധങ്ങൾ? മതവിചാരണകൾ? പീഡനം? തുറന്ന മതചർച്ച നടത്തിയിരുന്ന കാലഘട്ടമായി സാധാരണഗതിയിൽ അറിയപ്പെടുന്നില്ലെങ്കിലും അക്കാലത്ത്, അതായത് 1263-ൽ, യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും അനുപമമായ യഹൂദ-ക്രിസ്തീയ സംവാദങ്ങളിലൊന്നു നടന്നു. ആരെല്ലാമായിരുന്നു അതിലുൾപ്പെട്ടിരുന്നത്? എന്തെല്ലാം വാദവിഷയങ്ങളാണ് ഉയർന്നുവന്നത്? സത്യമതം കണ്ടെത്താൻ അതിന് ഇന്നു നമ്മെ എങ്ങനെ സഹായിക്കാനാകും?
സംവാദത്തിനു തിരികൊളുത്തിയതെന്ത്?
മധ്യയുഗങ്ങളിലുടനീളം റോമൻ കത്തോലിക്കാ സഭ സത്യമതമായി സ്വയം അവതരിപ്പിച്ചു. എന്നാൽ, തങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന അവകാശവാദം യഹൂദർ ഒരിക്കലും പരിത്യജിച്ചില്ല. മതപരിവർത്തനം നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു യഹൂദന്മാരെ ബോധ്യപ്പെടുത്താൻ സഭയ്ക്കു കഴിയാഞ്ഞത് ഇച്ഛാഭംഗത്തിലേക്കും അടിക്കടിയുള്ള അക്രമം, പീഡനം എന്നിവയിലേക്കും നയിച്ചു. കുരിശുയുദ്ധങ്ങളുടെ കാലത്തു പതിനായിരക്കണക്കിനു യഹൂദരെ കശാപ്പുചെയ്യുകയോ സ്തംഭത്തിൽ ചുട്ടെരിക്കുകയോ ചെയ്തു. ഒന്നുകിൽ സ്നാപനം അല്ലെങ്കിൽ മരണം—അവർക്കു വേറേ പോംവഴിയില്ലായിരുന്നു. നിരവധി ദേശങ്ങളിലും സഭാപ്രേരിത ശേമ്യവിരോധം സർവസാധാരണമായിരുന്നു.
എങ്കിലും, 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ കത്തോലിക്കാ രാഷ്ട്രമായ സ്പെയിനിൽ വ്യത്യസ്തമായ മനോഗതി വ്യാപരിച്ചിരുന്നു. ക്രിസ്തീയ വിശ്വാസത്തിന്മേൽ ആക്രമണം നടത്താഞ്ഞിടത്തോളം കാലം യഹൂദർക്കു മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. മാത്രമല്ല, രാജാവിന്റെ അരമനയിൽ പ്രധാന സ്ഥാനമാനങ്ങളും അവർക്കു നൽകിയിരുന്നു. എന്നാൽ, അത്തരം ആനുകൂല്യങ്ങൾ നൽകി ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ, യഹൂദർക്കു സമൂഹത്തിന്മേലുള്ള സ്വാധീനം കുറയ്ക്കുന്നതിനും അവരെ കത്തോലിക്കാ മതത്തിലേക്കു മതപരിവർത്തനം ചെയ്യിക്കുന്നതിനും ഡൊമിനിക്കൻ പുരോഹിതന്മാർ നടപടികൾ സ്വീകരിച്ചു. ഒരു ഔദ്യോഗിക സംവാദം സംഘടിപ്പിക്കാൻ അരഗോണിലെ ജയിംസ് I-ാമൻ രാജാവിന്റെമേൽ ഡൊമിനിക്കന്മാർ സമ്മർദം ചെലുത്തി. യഹൂദമതം അധമമാണെന്നു തെളിയിച്ച് യഹൂദരെയെല്ലാം മതപരിവർത്തനം ചെയ്യിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം.
ഈ യഹൂദ-ക്രിസ്തീയ സംവാദം ഇദംപ്രഥമമായിരുന്നില്ല. 1240-ൽ ഒരു ഔദ്യോഗിക സംവാദം ഫ്രാൻസിലെ പാരീസിൽ നടന്നിരുന്നു. അതിന്റെ മുഖ്യ ഉദ്ദേശ്യം യഹൂദന്മാരുടെ വിശുദ്ധ ഗ്രന്ഥമായ തൽമൂദ് പരിശോധനാ വിധേയമാക്കുകയായിരുന്നു. എന്നാൽ, അതിൽ പങ്കുപറ്റിയ യഹൂദർക്കു കാര്യമായ സംസാരസ്വാതന്ത്ര്യമൊന്നും ലഭിച്ചില്ല. തർക്കത്തിൽ സഭയുടെ വിജയം പ്രഖ്യാപിച്ചശേഷം പൊതു ചത്വരങ്ങളിൽവെച്ചു തൽമൂദിന്റെ അസംഖ്യം പ്രതികൾ കത്തിച്ചുകളഞ്ഞു.
എങ്കിലും ജയിംസ് I-ാമൻ രാജാവ് കൂടുതൽ സഹിഷ്ണുതാ മനോഭാവമുള്ളവനായിരുന്നതിനാൽ അത്തരമൊരു പ്രഹസന വിചാരണയ്ക്ക് അനുമതി നൽകിയില്ല. അതു തിരിച്ചറിഞ്ഞ ഡൊമിനിക്കന്മാർ ഒരു വ്യത്യസ്തമാർഗം അവലംബിച്ചു. ചൈയാം മാക്കോബി യഹൂദമതം വിചാരണയിൽ (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, അവർ യഹൂദരെ സംവാദത്തിനു ക്ഷണിച്ചത് “പാരീസിൽവെച്ച് ആക്ഷേപിച്ചതുപോലെയല്ല, പ്രത്യുത മര്യാദയുടെയും അനുനയത്തിന്റെയും പൊയ്മുഖമണിഞ്ഞാണ്.” യഹൂദമതത്തിൽനിന്നു കത്തോലിക്കാമതത്തിലേക്കു മതപരിവർത്തനം ചെയ്ത്, ഡൊമിനിക്കൻ പുരോഹിതനായി മാറിയ പാബ്ലോ ക്രിസ്റ്റ്യാനിയെ ഡൊമിനിക്കന്മാർ തങ്ങളുടെ മുഖ്യ പ്രതിനിധിയായി നിയോഗിച്ചു. തൽമൂദിനെയും റബിമാരുടെ ലേഖനങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം നിമിത്തം പാബ്ലോ ക്രിസ്റ്റ്യാനിക്കു തങ്ങളുടെ പക്ഷം തെളിയിക്കാൻ കഴിയുമെന്നു ഡൊമിനിക്കന്മാർക്ക് ഉറപ്പുതോന്നി.
നാച്ച്മാനിഡിസിനെ തിരഞ്ഞെടുക്കാൻ കാരണം?
സ്പെയിനിൽ സംവാദത്തിനു യഹൂദപക്ഷത്തെ പ്രതിനിധാനം ചെയ്യാൻ യോഗ്യതയുള്ള ആത്മീയ ആചാര്യൻ ഒരുവനേ ഉണ്ടായിരുന്നുള്ളൂ—മോസസ് ബെൻ നാച്ച്മാൻ, അഥവാ നച്ച്മാനിഡിസ്.a ഏകദേശം 1194-ൽ ഹെറോന നഗരത്തിൽ പിറന്ന നാച്ച്മാനിഡിസ് കൗമാരത്തിൽത്തന്നെ ബൈബിൾ-തൽമൂദ് പണ്ഡിതനായി സ്വയം തിരിച്ചറിയിച്ചിരുന്നു. 30 വയസ്സായപ്പോഴേക്കും അദ്ദേഹം തൽമൂദിന്റെ ഭൂരിഭാഗവും ഭാഷ്യം നടത്തി. താമസിയാതെ അദ്ദേഹം, യഹൂദ സമുദായത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയായി നിലകൊണ്ട മൈമോനിഡസിന്റെ ലേഖനങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾക്കു മധ്യസ്ഥം വഹിച്ച അഗ്രഗണ്യനായ വക്താവായി.b ആ തലമുറയിലെ ഏറ്റവും വലിയ യഹൂദ ബൈബിൾ-തൽമൂദ് പണ്ഡിതഗണത്തിൽ ഏറ്റവും അഗ്രഗണ്യനായി കണക്കാക്കപ്പെടുന്നതു നാച്ച്മാനിഡിസിനെയാണ്. ഒരുപക്ഷേ, അതേ കാലഘട്ടത്തിൽതന്നെ യഹൂദമതത്തിൽ വളരെ സ്വാധീനം ചെലുത്തിയ മൈമോനിഡസിന്റെ തൊട്ടുപിന്നിൽ നാച്ച്മാനിഡിസ് സ്ഥാനംപിടിക്കും.”
കാറ്റലോന്യയിലെ യഹൂദ സമുദായത്തിന്മേൽ നാച്ച്മാനിഡിസ് ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ജയിംസ് I-ാമൻ രാജാവുപോലും രാഷ്ട്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത കാര്യങ്ങൾ അദ്ദേഹവുമായി കൂടിയാലോചിച്ചിരുന്നു. അദ്ദേഹത്തിന്റെ അതിസൂക്ഷ്മ ചിന്താപ്രാപ്തിയെ യഹൂദരും വിജാതീയരും ഒരുപോലെ വിലമതിച്ചിരുന്നു. യഹൂദരുടെ പ്രമുഖ റബിയായ അദ്ദേഹം സംവാദത്തിനു വന്നാലേ അവരെ വേണ്ടുംവണ്ണം അവമതിക്കാൻ സാധിക്കൂ എന്നു ഡൊമിനിക്കന്മാർ മനസ്സിലാക്കി.
മനസ്സില്ലാമനസ്സോടെയാണു നാച്ച്മാനിഡിസ് സംവാദത്തിനു സമ്മതിച്ചത്. കാരണം, ഡൊമിനിക്കന്മാർ ഒരുകാരണവശാലും പക്ഷപാതരഹിതർ ആയിരിക്കുകയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകേണ്ടിയിരുന്നു, തിരിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ പാടില്ലായിരുന്നു. എങ്കിലും, തുറന്ന പ്രതികരണത്തിന് അനുമതി നൽകണമെന്ന് അദ്ദേഹം രാജാവിനോട് അപേക്ഷിച്ചു. ജയിംസ് I-ാമൻ രാജാവ് സമ്മതമേകി. സംസാരസ്വാതന്ത്ര്യത്തിനുള്ള അത്തരമൊരു അനുമതി മധ്യയുഗങ്ങളിൽ അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല. അതു നാച്ച്മാനിഡിസിനോടു രാജാവിനുണ്ടായിരുന്ന ഉന്നത ബഹുമാനത്തിന്റെ വ്യക്തമായ തെളിവായിരുന്നു. എന്നിട്ടും നാച്ച്മാനിഡിസ് ആശങ്കാകുലനായിരുന്നു. സംവാദത്തിൽ അമിത വിരോധിയായി കണക്കാക്കപ്പെടുന്നപക്ഷം അദ്ദേഹത്തിന്റെയും യഹൂദ സമുദായത്തിന്റെയും ഭാവി അപകടത്തിലാകുമായിരുന്നു. ഏതു സമയത്തും ആക്രമണം പൊട്ടിപ്പുറപ്പെട്ടേക്കാമായിരുന്നു.
പാബ്ലോ ക്രിസ്റ്റ്യാനിക്കെതിരെ നാച്ച്മാനിഡിസ്
സംവാദത്തിനു തിരഞ്ഞെടുത്തതു രാജാവിന്റെ ബാർസലോണയിലുള്ള കൊട്ടാരമായിരുന്നു. നാലു സെഷനുകളിലായിട്ടാണതു നടന്നത്—1263 ജൂലൈ 20, 23, 26, 27 തീയതികളിൽ. രാജാവാണ് ഓരോ സെഷനിലും ആധ്യക്ഷ്യം വഹിച്ചത്. മാത്രമല്ല, സഭയിലെയും രാഷ്ട്രത്തിലെയും നിരവധി പ്രമുഖരും തദ്ദേശീയ യഹൂദരും സന്നിഹിതരായിരുന്നു.
സംവാദത്തിന്റെ ഫലം സംബന്ധിച്ചു സഭയ്ക്കു യാതൊരു സംശയവുമില്ലായിരുന്നു. ‘വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച്, യഹൂദരുടെ തെറ്റുകൾ ഇല്ലായ്മ ചെയ്യുകയും നിരവധി യഹൂദരുടെ അചഞ്ചല വിശ്വാസത്തിന് ഉലച്ചിൽ വരുത്തുകയു’മാണു സംവാദത്തിന്റെ ഉദ്ദേശ്യമെന്ന് തങ്ങളുടെ ഔദ്യോഗിക വൃത്താന്തത്തിൽ ഡൊമിനിക്കന്മാർ പ്രസ്താവിച്ചു.
70-ഓളം വയസ്സുണ്ടായിരുന്നെങ്കിലും, നാച്ച്മാനിഡിസ് തന്റെ സൂക്ഷ്മ ചിന്താപ്രാപ്തി വ്യക്തമാക്കി. അടിസ്ഥാന വിഷയങ്ങളിലായി ചർച്ച പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ട അദ്ദേഹം ഇങ്ങനെ തുടക്കമിട്ടു: “വിജാതീയർക്കും യഹൂദർക്കുമിടയിൽ നടന്ന [മുമ്പത്തെ] സംവാദങ്ങൾ മതാചരണത്തിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ചു ചർച്ചചെയ്തു. വിശ്വാസത്തിന്റെ കാതലായ തത്ത്വങ്ങൾ അവയെ ആശ്രയിച്ചിരിക്കുന്നില്ല. എങ്കിലും, ഈ ബഹുമാന്യ അരമനയിൽവെച്ച്, മുഴു തർക്കവിഷയത്തിന്റെയും അടിസ്ഥാനമായിരിക്കുന്ന കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനാണു ഞാൻ ആഗ്രഹിക്കുന്നത്.” അതേത്തുടർന്നാണ് മിശിഹാ വന്നോ, അവൻ ദൈവമായിരുന്നോ അതോ മനുഷ്യനായിരുന്നോ, യഹൂദരാണോ ക്രിസ്ത്യാനികളാണോ യഥാർഥ നിയമം കൈവശം വെച്ചിരിക്കുന്നത് എന്നീ കാര്യങ്ങളിലായി വിഷയം പരിമിതപ്പെടുത്താൻ സമ്മതിച്ചത്.
മിശിഹാ വന്നതായി തൽമൂദിൽനിന്നു തെളിയിക്കാമെന്നു സംവാദത്തിന്റെ തുടക്കത്തിൽ പാബ്ലോ ക്രിസ്റ്റ്യാനി പ്രഖ്യാപിച്ചു. അതു വാസ്തവമാണെങ്കിൽ, തൽമൂദ് അംഗീകരിച്ച റബിമാർ എന്തുകൊണ്ട് യേശുവിനെ അംഗീകരിച്ചില്ല എന്നു നാച്ച്മാനിഡിസ് തിരിച്ചടിച്ചു. സുവ്യക്തമായ തിരുവെഴുത്തു ന്യായവാദങ്ങളിൽ തന്റെ വാദഗതികൾ കേന്ദ്രീകരിക്കുന്നതിനു പകരം, അവ സ്ഥാപിക്കുന്നതിനു റബിമാരുടെ അവ്യക്ത ഗ്രന്ഥഭാഗങ്ങൾ ക്രിസ്റ്റ്യാനി അടിക്കടി പരാമർശിച്ചു. ഉദ്ധരണികൾ സന്ദർഭോചിതമല്ലെന്നു പറഞ്ഞു നാച്ച്മാനിഡിസ് അവയെ ഒന്നൊന്നായി ഖണ്ഡിച്ചു. അത്തരം ലിഖിതങ്ങളെക്കുറിച്ചു നാച്ച്മാനിഡിസിന് ആധികാരികമായി വാദിക്കാൻ കഴിയുമായിരുന്നുവെന്നതു യുക്തിസഹമായിരുന്നു. കാരണം, പഠനത്തിനായി മുഴു ജീവിതവും ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. ക്രിസ്റ്റ്യാനി ബൈബിൾ പരാമർശിച്ചു വിശേഷവത്കരിച്ച ആശയങ്ങളും അനായാസം ഖണ്ഡിക്കാവുന്നവയായിരുന്നു.
ഉത്തരങ്ങൾ നൽകാനേ നാച്ച്മാനിഡിസിന് അനുവാദമുണ്ടായിരുന്നുള്ളുവെങ്കിലും, യഹൂദർക്കും ചിന്തകരായ മറ്റുള്ളവർക്കും കത്തോലിക്കാ സഭയുടെ നിലപാടു സ്വീകാര്യമല്ലാത്തത് എന്തുകൊണ്ടാണെന്നു ശക്തമായ വാദഗതിയോടെ അവതരിപ്പിക്കാൻ നാച്ച്മാനിഡിസിനു കഴിഞ്ഞു. ത്രിത്വോപദേശത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് . . . ഒരു യഹൂദ കന്യകയിലൂടെ പിറക്കുകയും . . . പിന്നീട് ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടുകയും . . . അവരാൽ കൊല്ലപ്പെടുകയും ചെയ്യുമെന്ന് ഒരു യഹൂദനോ മറ്റാർക്കെങ്കിലുമോ വിശ്വസിക്കാനാവുകയില്ല.” നാച്ച്മാനിഡിസ് ഇങ്ങനെ സംഗ്രഹിച്ചു: “നിങ്ങൾ വിശ്വസിക്കുന്ന, നിങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറയായിരിക്കുന്ന, ഇക്കാര്യം [യുക്തിബോധമുള്ളവരുടെ] മനസ്സിന് ഉൾക്കൊള്ളാനാവാത്തതാണ്.”
യേശു മിശിഹായായിരിക്കാനുള്ള സാധ്യതയെക്കുറിച്ചു പരിചിന്തിക്കുന്നതിൽനിന്നുപോലും നിരവധി യഹൂദരെ ഇന്നോളം തടഞ്ഞിരിക്കുന്നതു സഭയുടെ ഭാഗത്തെ രക്തപാതകക്കുറ്റമാണെന്നു നാച്ച്മാനിഡിസ് ഊന്നിപ്പറഞ്ഞു. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “മിശിഹായുടെ കാലത്ത് . . . അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല എന്നു പ്രവാചകൻ പ്രസ്താവിക്കുന്നു. നസറായന്റെ നാൾമുതൽ ഇന്നോളം മുഴു ലോകത്തിലും അക്രമവും കൊള്ളയും നടമാടുകയാണ്. [വാസ്തവത്തിൽ], മറ്റേതൊരു ജനതയെക്കാളുമധികം രക്തച്ചൊരിച്ചിൽ നടത്തിയിരിക്കുന്നതു ക്രിസ്ത്യാനികളാണ്. മാത്രമല്ല, അവർ അധാർമിക ജീവിതവും നയിക്കുന്നു. പ്രഭോ, അങ്ങയുടെ ഈ യോദ്ധാക്കൾ യുദ്ധം അഭ്യസിക്കുകയില്ലെന്നു വരികിൽ . . . തിരുമനസ്സിനും ഈ യോദ്ധാക്കൾക്കും അതെത്ര ദുഷ്കരമായിരിക്കും!”—യെശയ്യാവു 2:4.
നാലാമത്തെ സെഷനുശേഷം സംവാദം നിർത്താൻ രാജാവ് കൽപ്പിച്ചു. അദ്ദേഹം നാച്ച്മാനിഡിസിനോടു പറഞ്ഞു: “നിങ്ങളെപ്പോലെ വാദിക്കാൻ വിദഗ്ധനായ ഒരു അപരാധിയെ ഞാനിതുവരെ കണ്ടിട്ടില്ല.” താൻ വാഗ്ദാനം ചെയ്തിരുന്നതുപോലെ അരഗോണിലെ ജയിംസ് I-ാമൻ രാജാവ് നാച്ച്മാനിഡിസിനു സംസാരസ്വാതന്ത്ര്യവും സംരക്ഷണവും നൽകി, 300 ദിനാർ സമ്മാനിച്ച് അദ്ദേഹത്തെ തിരിച്ചയച്ചു. ഹെറോണയിലെ ബിഷപ്പിന്റെ അപേക്ഷപ്രകാരം നാച്ച്മാനിഡിസ് സംവാദത്തിന്റെ ഒരു ലിഖിത വൃത്താന്തം ഉണ്ടാക്കി.
നിർണായകമായ വിജയം പ്രഖ്യാപിക്കവെ, ഡൊമിനിക്കന്മാർ വ്യക്തമായും അസ്വസ്ഥരായിരുന്നു. പിന്നീട്, നാച്ച്മാനിഡിസ് എഴുതിയ വൃത്താന്തം തെളിവായെടുത്ത്, സഭയ്ക്കെതിരെ ദൂഷണങ്ങൾ പറഞ്ഞതായി അദ്ദേഹത്തിനെതിരെ അവർ കുറ്റമാരോപിച്ചു. നാച്ച്മാനിഡിസിനോടുള്ള രാജാവിന്റെ ഇടപെടലിൽ അസംതൃപ്തരായി ഡൊമിനിക്കന്മാർ ഉപരിവിചാരണയ്ക്കായി ക്ലമൻറ് IV-ാമൻ പാപ്പായ്ക്ക് അപ്പീൽ നൽകി. 70-ലധികം വയസ്സുണ്ടായിരുന്നിട്ടും നാച്ച്മാനിഡിസിനെ സ്പെയിനിൽനിന്നു നാടുകടത്തി.c
സത്യം എവിടെ കണ്ടെത്താം?
ഇരുകൂട്ടരുടെയും വാദമുഖങ്ങൾ സത്യമതം തിരിച്ചറിയാൻ സഹായിച്ചോ? പരസ്പരം തെറ്റുകൾ വെളിച്ചത്തുവരുത്തിയെങ്കിലും ഇരുകൂട്ടരും സത്യത്തിന്റെ വ്യക്തമായ സന്ദേശം അവതരിപ്പിച്ചില്ല. നാച്ച്മാനിഡിസ് ശക്തമായി തള്ളിപ്പറഞ്ഞതു സത്യക്രിസ്ത്യാനിത്വത്തെയല്ല. മറിച്ച്, യേശുവിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കു ശേഷം ക്രൈസ്തവലോകം കെട്ടിച്ചമച്ച ത്രിത്വോപദേശം പോലുള്ള മനുഷ്യനിർമിത ഉപദേശങ്ങളെയാണ്. നാച്ച്മാനിഡിസ് സധൈര്യം തുറന്നുകാട്ടിയ, ക്രൈസ്തവലോകത്തിന്റെ അധാർമിക പെരുമാറ്റവും നിഷ്ഠുരമായ രക്തച്ചൊരിച്ചിലും അവിതർക്കിത രേഖകളായി ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനംപിടിച്ചിരിക്കുന്നു.
ഈ സാഹചര്യങ്ങളിൽ, നാച്ച്മാനിഡിസും മറ്റു യഹൂദരും ക്രിസ്ത്യാനിത്വത്തെ അനുകൂലിക്കുന്ന വാദമുഖങ്ങളിൽ ആകൃഷ്ടരാകാഞ്ഞതിനു കാരണമെന്താണെന്നു മനസ്സിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. അതു മാത്രമല്ല, പാബ്ലോ ക്രിസ്റ്റ്യാനിയുടെ വാദമുഖങ്ങൾക്കടിസ്ഥാനം എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള വ്യക്തമായ ന്യായവാദങ്ങളല്ല മറിച്ച്, റബിമാരുടെ ഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനമായിരുന്നു.
ഇല്ല, നാച്ച്മാനിഡിസ് സത്യക്രിസ്ത്യാനിത്വത്തെ ഖണ്ഡിച്ചില്ല. അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും യേശുവിന്റെ പഠിപ്പിക്കലുകളുടെ യഥാർഥ പ്രകാശവും മിശിഹാപദവിയുടെ തെളിവുകളും വ്യാജ പഠിപ്പിക്കലുകളാൽ മൂടിപ്പോയി. വിശ്വാസത്യാഗപരമായ അത്തരം പഠിപ്പിക്കൽ വ്യാപരിക്കുന്നതിനെക്കുറിച്ച് യേശുവും അപ്പോസ്തലന്മാരും മുൻകൂട്ടിപ്പറഞ്ഞിരുന്നു.—മത്തായി 7:21-23; 13:24-30, 37-43; 1 തിമൊഥെയൊസ് 4:1-3; 2 പത്രൊസ് 2:1, 2.
എങ്കിലും, സത്യമതത്തെ ഇന്നു വ്യക്തമായി തിരിച്ചറിയാനാകും. യേശു തന്റെ യഥാർഥ അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.” (മത്തായി 7:16, 17) ആ അടയാളം തിരിച്ചറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. തിരുവെഴുത്തു തെളിവുകളെക്കുറിച്ചു വസ്തുനിഷ്ഠമായി അന്വേഷിക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ സഹായിക്കട്ടെ. അങ്ങനെ, മിശിഹായോടും അവന്റെ ഭരണത്തോടും ബന്ധപ്പെട്ട ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെയെല്ലാം യഥാർഥ അർഥം നിങ്ങൾ മനസ്സിലാക്കും.
[അടിക്കുറിപ്പുകൾ]
a നിരവധി യഹൂദർ നാച്ച്മാനിഡിസിനെ “റാംബാൻ” എന്നു പരാമർശിക്കുന്നു. ഇതു “റബി മോസസ് ബെൻ നാച്ച്മാൻ എന്ന പദങ്ങളുടെ ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ ഒരു എബ്രായ സംക്ഷേപപദമാണ്.
b “1995 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-3 പേജുകളിലുള്ള, “മൈമോനിഡസ്—യഹൂദമതത്തെ പുനർനിർവചിച്ച മനുഷ്യൻ” എന്ന ലേഖനം കാണുക.
c 1267-ൽ നാച്ച്മാനിഡിസ് ഇന്ന് ഇസ്രായേൽ എന്നറിയപ്പെടുന്ന ദേശത്ത് എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ അവസാന വർഷങ്ങൾ നേട്ടങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹം യെരൂശലേമിൽ ഒരു യഹൂദ മണ്ഡപവും പഠനകേന്ദ്രവും സ്ഥാപിച്ചു. തോറയുടെ, അതായത് ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ ഭാഷ്യം പൂർത്തിയാക്കി. കൂടാതെ, വടക്കൻ തീരദേശ നഗരമായ ആക്കറിലെ യഹൂദ സമുദായത്തിന്റെ ആത്മീയ ആചാര്യനുമായിത്തീർന്നു. അവിടെവെച്ച് 1270-ൽ അദ്ദേഹം മൃതിയടഞ്ഞു.
[20-ാം പേജിലെ ചിത്രം]
നാച്ച്മാനിഡിസ് ബാർസലോണയിൽവെച്ചു സംവാദത്തിലേർപ്പെട്ടു
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട]
19-20 പേജുകളിലുള്ള ചിത്രങ്ങളുടെ പകർപ്പെടുത്തിരിക്കുന്ന ഗ്രന്ഥം: Illustrirte Pracht - Bibel/Heilige Schrift des Alten und Neuen Testaments, nach der deutschen Uebersetzung D. Martin Luther’s