“ചലിക്കുന്ന” പർവതം
അയർലൻഡിന്റെ വടക്ക്, കോണാകൃതിയിലുള്ള ക്രോപാട്രിക് ചുററുപാടുമുള്ള പർവതങ്ങളെ അപേക്ഷിച്ച് തലയെടുത്തു നിൽക്കുന്നു. വർഷംതോറും ജൂലൈ മാസത്തിലെ അവസാന ഞായറാഴ്ച, ചെറുപ്പക്കാരും പ്രായമായവരുമടങ്ങുന്ന 30,000-ത്തോളം വരുന്ന ജനതതി ഒരു വാർഷിക തീർഥാടനവേളയിൽ ഈ പർവതശൃംഗത്തിൽ (765 മീററർ) കയറുമ്പോൾ പർവതത്തിന്റെ അഗ്രഭാഗം ചലിക്കുന്നതായി തോന്നും.
ആ ദിവസം തീർഥാടകർ ഇടുങ്ങിയതും കുണ്ടും കുഴിയുമുള്ളതും അവിടവിടെ അപകടം പതിയിരിക്കുന്നതുമായ പാതയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. വാസ്തവത്തിൽ, ഒടുവിലത്തെ കയററം (ഏതാണ്ട് 300 മീററർ) അത്യന്തം കുത്തനെയുള്ളതും ഇളകിക്കിടക്കുന്ന പാറകളുള്ളതുമാണ്. അത് കയററം വളരെ ആപത്ക്കരവും ആയാസകരവുമാക്കിത്തീർക്കുന്നു.
ചിലർ നഗ്നപാദരായി ഈ കയററം കയറുന്നു, ചിലർ ചില ഭാഗങ്ങൾ മുട്ടുകളിൽ ഇഴഞ്ഞുപോലും കയറുന്നു. കഴിഞ്ഞ കാലങ്ങളിൽ തീർഥാടനം രാത്രിയിലാണു തുടങ്ങിയിരുന്നത്.
ക്രോപാട്രിക് അനേകരെ സംബന്ധിച്ചിടത്തോളം ഇത്രമാത്രം പ്രധാനപ്പെട്ട ഒരനുഭവമായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഒരു തീർഥാടനസ്ഥലമായി പണ്ടേ സ്ഥാപിതമായിരുന്നു
പൊ.യു. (പൊതുയുഗം) അഞ്ചാം നൂററാണ്ടിന്റെ ആരംഭത്തിൽ റോമൻ കത്തോലിക്കാ സഭ പാട്രിക്കിനെ ഒരു മിഷനറി ബിഷപ്പായി അയർലൻഡിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം അയർലൻഡുകാരെ ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം നടത്തുകയായിരുന്നു. ആളുകളുടെ ഇടയിൽ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വർഷങ്ങളിൽ പാട്രിക് അവിടെ കത്തോലിക്കാ സഭയ്ക്ക് അടിസ്ഥാനമിട്ടതായി പ്രശസ്തിനേടി.
വേലയോടുള്ള ബന്ധത്തിൽ അദ്ദേഹത്തിനു രാജ്യത്തുടനീളം പലപല സ്ഥലങ്ങൾ ചുററിക്കറങ്ങേണ്ടിവന്നു. അതിലൊന്ന് അയർലൻഡിനു പടിഞ്ഞാറായിരുന്നു. അവിടെ അദ്ദേഹം 40 പകലും രാവും ഒരു മലയുടെ മുകളിൽ ചെലവഴിച്ചതായി ചില ഉറവുകൾ പറയുന്നു. ആ മല അദ്ദേഹത്തിന്റെ പേരിൽ—ക്രോപാട്രിക് (“പാട്രിക്കിന്റെ മല” എന്നർഥം)—അറിയപ്പെടാൻ തുടങ്ങി. അവിടെ അദ്ദേഹം തന്റെ ദൗത്യത്തിന്റെ വിജയത്തിനായി ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തു.
വർഷങ്ങൾ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ സാഹസകൃത്യങ്ങളെപ്പററി അനേകം ഐതിഹ്യങ്ങൾ നിലവിൽ വന്നു. അതിൽ ഏററവും പ്രസിദ്ധമായ ഒന്ന്, പാട്രിക് ആ മലയിലായിരിക്കെ അയർലൻഡിൽനിന്നു സകല പാമ്പുകളെയും തുരത്തിയെന്നതാണ്.
ആ പർവതശൃംഗത്തിൻമേൽ അദ്ദേഹം ഒരു ചെറിയ പള്ളി പണിതുവെന്നാണു പരമ്പരാഗത വിശ്വാസം. ആ കെട്ടിടം പണ്ടേ ഇല്ലാതായെങ്കിലും അതിന്റെ മൂല അടിസ്ഥാനം ഇപ്പോഴും നിലനിൽപ്പുണ്ട്. ആ സ്ഥലവും പർവതവും വർഷങ്ങളായി ഒരു തീർഥാടനസ്ഥലമായി നിലകൊള്ളുകയാണ്.
തീർഥാടനത്തിന്റെ സവിശേഷതകൾ
പ്രായംചെന്ന ഒരാളെയോ മല കയറി പരിചയമില്ലാത്ത ഒരുവനെയോ സംബന്ധിച്ചിടത്തോളം 5 കിലോമീററർ കുത്തനെയുള്ള മല കയറി സുരക്ഷിതമായി താഴെയിറങ്ങുന്നതുതന്നെ ഒരു വലിയ നേട്ടമാണ്.
വഴിയിൽ ചില പ്രധാന സ്ഥലങ്ങളിൽ അടിയന്തിര സഹായം നൽകുന്ന ടീമുകൾ വിവിധതരം പരിക്കുകൾ കൈകാര്യം ചെയ്യുന്നതിനു തയ്യാറായി നിൽക്കും.
തീർഥാടകർ വഴിയിൽവെച്ച് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്ന മൂന്നു സ്ഥലങ്ങൾ അഥവാ സ്ഥാനങ്ങൾ ഉണ്ട്. മല കയററം തുടങ്ങുന്നിടത്തു വെച്ചിരിക്കുന്ന ഒരു നോട്ടീസ് ബോർഡിൽ ഇവ മുഴുവനായി വിശദീകരിച്ചിരിക്കുന്നു.—ചതുരം കാണുക.
അവർ കയറുന്നത് എന്തിനാണ്?
അനേകരും ഇത്രയും ദുഷ്കരമായ തീർഥാടനം നടത്തുന്നത് എന്തുകൊണ്ടാണ്? മലകയറുമ്പോൾ ഇത്രമാത്രം അതിരുകവിഞ്ഞു പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ്?
കൊള്ളാം, തീർഥാടനസമയത്തു പ്രാർഥിക്കുന്നതുകൊണ്ട് തങ്ങളുടെ വ്യക്തിപരമായ പ്രയോജനങ്ങൾക്കുള്ള അപേക്ഷകൾ കേൾക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നു ചിലർ വിശ്വസിക്കുന്നു. ചില ദുഷ്പ്രവൃത്തികളിൽനിന്നുള്ള പാപമോചനത്തിനായിട്ടാണു മററു ചിലർ അതു ചെയ്യുന്നത്. ഇനിയും മററു ചിലരെ സംബന്ധിച്ചിടത്തോളം ഇത് നന്ദി നൽകുന്നതിനുള്ള ഒരു വിധമാണ്. അനേകരും തീർഥാടനവേളയിലെ സാമൂഹിക ആഘോഷത്തിൽ പങ്കുപററാനാണു പോകുന്നതെന്നു തീർച്ചയാണ്. അത് ‘ഒരു സാമുദായിക സഹകരണ മനോഭാവത്തിന്റെയും സ്നേഹത്തിന്റെയും ഒരു പ്രകടന’മായിരുന്നുവെന്ന് ഒരു അധികാരി അഭിപ്രായപ്പെട്ടു. ക്രോപാട്രിക് കയറുന്നത് “വിശുദ്ധ പാട്രിക്കിന്റെ കാലടികൾ പിന്തുടരുന്നതിനും വിശ്വാസത്തെപ്രതി തങ്ങൾക്ക് അദ്ദേഹത്തോടുള്ള കടപ്പാടു തിരിച്ചറിയുന്നതിനുമുള്ള ഒരു മാർഗ”മായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിലും പ്രധാനമായി, മല കയററം “ഒരു അനുതാപ രീതിയാണ്, കാരണം, അതിലുൾപ്പെട്ടിരിക്കുന്ന ശാരീരിക ആയാസം ഒരു യഥാർഥ അനുതാപ ആചാരാനുഷ്ഠാനമാണ്. മലയുടെ ഏററവും മുകളിലേക്കു സാവധാനത്തിലുള്ള കയററം നീണ്ട അനുതാപ പ്രവൃത്തിയാണ്.”
താൻ 25 പ്രാവശ്യം മലകയറിയെന്ന് ഒരു വ്യക്തി അഭിമാനപൂർവം പറയുകയുണ്ടായി! “കുറച്ചെങ്കിലും പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടിയാണ്” താൻ അതു ചെയ്തത് എന്ന് അയാൾ പറഞ്ഞു! “കഷ്ടപ്പെടാതെ കാര്യം നടക്കില്ല” എന്ന് വേറൊരു മനുഷ്യൻ വിശദീകരിച്ചു.
നഗ്നപാദരായി മലകയറണമെന്നു നിർബന്ധമില്ലെങ്കിലും അനേകർ അപ്രകാരം ചെയ്യുന്നു. എന്തിന്? ഒന്നാമതായി, അവർ ആ സ്ഥലത്തെ “പരിശുദ്ധമായി” കാണുന്നു, തൻമൂലം പാദരക്ഷകൾ അഴിക്കുന്നു. രണ്ടാമതായി, അത് ‘കുറച്ചെങ്കിലും പ്രായശ്ചിത്തം ചെയ്യണ’മെന്ന അവരുടെ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്. ചിലർ മുട്ടുകുത്തിനിന്നുകൊണ്ടു വ്യത്യസ്ത അനുതാപ പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടെന്നും ഇത് വിശദീകരിക്കുന്നു.
സ്രഷ്ടാവിനെ വിലമതിക്കാൻ പ്രേരിതരാകുന്നു
എന്നാൽ ഒരു പ്രത്യേക ദിവസം മലകയറുന്ന തീർഥാടകരുടെ മതപരമായ മനോഭാവത്തിൽ ഒരുവൻ പങ്കുപററുന്നില്ലെങ്കിലോ? നല്ല കാലാവസ്ഥയിൽ ബലമുള്ള ഷൂസുകൾ ഇട്ടുകൊണ്ട് ഒരുവന് ഏതു നേരത്തും മല കയറാവുന്നതാണ്. തീർഥാടക സംഘം മലകയറുന്ന ദിവസമായിരുന്നില്ല ഞങ്ങൾ കയറിയത്. വിശ്രമിക്കാനായി ഞങ്ങൾ കൂടെക്കൂടെ നിന്നപ്പോൾ മലകയററത്തെയും അത് അനേകരിൽ ചെലുത്തിയ പ്രഭാവത്തെയുംപററി പരിചിന്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ആയിരക്കണക്കിനു തീർഥാടകർ ഊർജസ്വലരായി മലകയറുകയും വ്യത്യസ്ത അനുതാപാനുഷ്ഠാന പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നതിനെപ്പററി ആലോചിച്ചപ്പോൾ, ‘ദൈവം ഇതാണോ ആവശ്യപ്പെടുന്നത്?’ എന്നു ചിന്തിക്കാൻ ഞങ്ങൾ പ്രേരിതരായി. ആചാരപൂർവമുള്ള മലകയററമോ ഏതെങ്കിലും സ്മാരകസൗധത്തിനുചുററം ആവർത്തിച്ചാവർത്തിച്ചു പ്രാർഥന ചൊല്ലിക്കൊണ്ട് നടക്കുന്നതോ ഒരുവനെ യഥാർഥത്തിൽ ദൈവത്തിലേക്ക് അടുപ്പിക്കുന്നുണ്ടോ? ജൽപ്പനത്തിലൂടെയുള്ള പ്രാർഥന സംബന്ധിച്ച് മത്തായി 6:6, 7-ൽ മത്തായി നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം സംബന്ധിച്ചെന്ത്?
തീർച്ചയായും, മതപരമായ ഒരനുഭൂതിക്കുവേണ്ടിയല്ല ഞങ്ങൾ ആ മല കയറിയത്. എങ്കിലും സ്രഷ്ടാവിനോട് അടുത്തിരിക്കുന്നപോലെ ഞങ്ങൾക്കു തോന്നി. കാരണം ഞങ്ങൾക്ക് എങ്ങെങ്ങും ഭൂമിയിലെ അത്ഭുതങ്ങളുടെ ഭാഗമായ, അവന്റെ സൃഷ്ടിയായ മലകളെ വിലമതിക്കുന്നതിനു കഴിഞ്ഞു. ആ പർവതശൃംഗത്തിൽനിന്ന് വശ്യമായ പ്രകൃതിസൗന്ദര്യം തടസ്സംകൂടാതെ വീക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും ഞങ്ങൾക്കു കഴിഞ്ഞു, തന്നെയുമല്ല അററ്ലാൻറിക് സമുദ്രം തീരംതല്ലുന്നതുപോലും ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ഒരു വശത്ത്, ഞങ്ങൾക്കു താഴെ ഉൾക്കടലിൽ മിന്നിമിന്നിക്കാണുന്ന ചെറിയ ദ്വീപുകൾ മറുവശത്തുള്ള നിരപ്പില്ലാത്ത, പാഴായ പർവത പ്രദേശത്തുനിന്നു വളരെ വ്യക്തമായി വേറിട്ടുനിന്നു.
ഞങ്ങൾ മലകയററത്തിനിടയിലെ മൂന്നു സ്ഥാനങ്ങളെക്കുറിച്ചു ചിന്തിച്ചു. “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു” എന്നു തന്റെ ശിഷ്യൻമാരോടു പറഞ്ഞ യേശുവിന്റെ വാക്കുകൾ ഞങ്ങൾക്ക് ഓർമവന്നു.—മത്തായി 6:7.
ആയിരക്കണക്കിന് ആളുകളെ ക്ലേശകരമായ ആചാരങ്ങളിൻകീഴെ കൊണ്ടുവരുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമായിരിക്കുന്നു ആ മലയെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞ സ്വാതന്ത്ര്യത്തിൽനിന്ന് എത്ര വ്യത്യസ്തമാണ് അതെന്നു ഞങ്ങൾ പരിചിന്തിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: ‘നാം അവന്റെ [ദൈവത്തിന്റെ] കല്പനകളെ പ്രമാണിക്കുന്നു; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.’—1 യോഹന്നാൻ 5:3.
ക്രോപാട്രിക് കയററമുൾപ്പെടെയുള്ള ഞങ്ങളുടെ വിനോദവേള ഞങ്ങൾ ആസ്വദിച്ചു. സകല മനുഷ്യവർഗവും ബൈബിളിലില്ലാത്ത പാരമ്പര്യങ്ങളിൽനിന്നു മുക്തി പ്രാപിച്ച് ഭൂമിയുടെ സ്നേഹവാനായ സ്രഷ്ടാവിനെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ കഴിയുന്ന സമയത്തിനായി നോക്കിപ്പാർത്തിരിക്കാൻ അതു ഞങ്ങളെ പ്രേരിപ്പിച്ചു.—യോഹന്നാൻ 4:24.
[27-ാം പേജിലെ ചതുരം]
തീർഥാടനത്തിന്റെ പ്രധാന സവിശേഷതകൾ
വിശുദ്ധ പാട്രിക്കിന്റെ നാളിലോ പെരുന്നാളിന്റെ എട്ടു ദിവസത്തിനകമോ ജൂൺ, ജൂലൈ, ആഗസ്ററ്, സെപ്ററംബർ എന്നീ മാസങ്ങളിൽ ഏതെങ്കിലും സമയത്തോ ആ മലയിൽ കയറുകയും ചാപ്പലിനകത്തോ സമീപത്തോനിന്നു പാപ്പായുടെ ഉദ്ദേശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന ഓരോ തീർഥാടകനും പർവതശൃംഗത്തിൽവെച്ചോ ഒരാഴ്ചക്കകമോ കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കയും ചെയ്യുമെന്ന കരാറിൽ താത്കാലിക പാപങ്ങളിൽനിന്നു പൂർണമായ മോചനം നേടാവുന്നതാണ്.
പരമ്പരാഗത സ്ഥാനങ്ങൾ
മൂന്നു “സ്ഥാനങ്ങൾ” ഉണ്ട് (1) പർവതത്തിന്റെ അല്ലെങ്കിൽ ലിയാക്ത് ബെനൊന്റെ അടിവാരത്തിൽ, (2) പർവതശൃംഗത്തിൽ, (3) റലിഗ് മ്വറി, ല്യകൻവിയ്ക്കു കുറച്ചുതാഴെ പർവതത്തിന്റെ ഒരു [പട്ടണ] ഭാഗത്ത്.
1-ാമത്തെ സ്ഥാനം - ലിയാക്ത് ബെനൊൻ
തീർഥാടകർ സ്വർഗസ്ഥനായ പിതാവേ, നൻമനിറഞ്ഞ മറിയമേ എന്നീ പ്രാർഥനകൾ 7 പ്രാവശ്യവും വിശ്വാസപ്രമാണം ഒരു പ്രാവശ്യവും ചൊല്ലിക്കൊണ്ട് അവിടത്തെ കൽക്കുന്നിനു ചുററും ഏഴു തവണ നടക്കുന്നു
2-ാമത്തെ സ്ഥാനം - പർവതശൃംഗം
(എ) തീർഥാടകർ മുട്ടിൻമേൽനിന്ന് ഏഴു സ്വർഗസ്ഥനായ പിതാവും ഏഴു നൻമനിറഞ്ഞ മറിയവും ഒരു വിശ്വാസപ്രമാണവും ചൊല്ലുന്നു
(ബി) തീർഥാടകൻ ചാപ്പലിന്റെ സമീപം പാപ്പായുടെ ഉദ്ദേശ്യങ്ങൾക്കായി പ്രാർഥിക്കുന്നു
(സി) തീർഥാടകൻ 15 സ്വർഗസ്ഥനായ പിതാവും 15 നൻമനിറഞ്ഞ മറിയവും ഒരു വിശ്വാസപ്രമാണവും ചൊല്ലിക്കൊണ്ട് 15 പ്രാവശ്യം ചാപ്പലിനുചുററും നടക്കുന്നു
(ഡി) തീർഥാടകൻ 7 സ്വർഗസ്ഥനായ പിതാവും 7 നൻമനിറഞ്ഞ മറിയവും ഒരു വിശ്വാസപ്രമാണവും ചൊല്ലിക്കൊണ്ട് 7 പ്രാവശ്യം ല്യാബ ഫോറിഗിന് [പാട്രിക്കിന്റെ കിടക്കയ്ക്ക്] ചുററും നടക്കുന്നു
3-ാമത്തെ സ്ഥാനം - റലിഗ് മ്വറി
തീർഥാടകൻ 7 സ്വർഗസ്ഥനായ പിതാവും 7 നൻമനിറഞ്ഞ മറിയവും ഒരു വിശ്വാസപ്രമാണവും ചൊല്ലിക്കൊണ്ട് ഓരോ കൽക്കുന്നിനു ചുററും [മൂന്നു കുന്നുകളുണ്ട്] നടക്കുന്നു. ഒടുവിൽ 7 പ്രാവശ്യം പ്രാർഥിച്ചുകൊണ്ട് റലിഗ് മ്വറിയുടെ പ്രാകാരത്തിനു ചുററും നടക്കുന്നു