അവർ അതു വായിക്കുന്ന സമയവും പ്രയോജനം നേടുന്ന വിധവും
അതിരാവിലെ:
വീടുവിട്ടു ജോലിക്കു പോകുന്ന ഒരു വിവാഹ ദമ്പതികൾ എന്നും രാവിലെ പത്തു മിനിറ്റു നേരത്തെ എഴുന്നേൽക്കുന്നതിനും തിരക്കിട്ടു വീടു വിടുന്നതിനുമുമ്പ് ആ സമയം ഒരുമിച്ചു ബൈബിൾ വായിക്കുന്നതിനും തീരുമാനിച്ചു. വീട്ടിൽനിന്ന് ഇറങ്ങിയശേഷം ആരോഗ്യാവഹമായ സംഭാഷണത്തിലേർപ്പെടുന്നതിന് അവർ വായിച്ച സംഗതി അടിത്തറപാകുന്നു.
നൈജീരിയയിലുള്ള ഒരു മൂപ്പൻ തന്റെ കുടുംബത്തിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനുവേണ്ടി പട്ടികപ്പെടുത്തിയിരിക്കുന്ന പരിപാടി കുടുംബ ബൈബിൾ വായനയ്ക്ക് അടിസ്ഥാനമായി ഉപയോഗിക്കുന്നു. ദിനവാക്യ ചർച്ചയ്ക്കുശേഷം അവർ മിക്കപ്പോഴുംതന്നെ രാവിലെ ദിവസേന അതിന്റെ ഒരു ഭാഗം വായിക്കുന്നു. നിയമിത ഭാഗത്തിൽ കുറച്ച് മാറിമാറി വായിക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. തങ്ങൾ വായിച്ച വാക്യങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കാനും അവർ ക്ഷണിക്കപ്പെടുന്നു.
ജപ്പാനിലുള്ള ഒരു കുടുംബിനി 1985 മുതൽ വർഷത്തിലൊരിക്കൽ എന്ന കണക്കിനു മുഴു ബൈബിളും വായിച്ചിരിക്കുന്നു. എന്നും രാവിലെ 5 മണിക്കു തുടങ്ങി 20 മുതൽ 30 വരെ മിനിറ്റുനേരം ബൈബിൾ വായിക്കുകയാണ് അവളുടെ പരിപാടി. പ്രയോജനങ്ങളെപ്പറ്റി അവൾ പറയുന്നു: “എന്റെ വിശ്വാസം ബലപ്പെട്ടിരിക്കുന്നു. എന്റെ രോഗത്തെപ്പറ്റി മറക്കുന്നതിനും പറുദീസാ പ്രത്യാശയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും അത് എന്നെ സഹായിക്കുന്നു.”
30 വർഷമായി പയനിയറായി സേവിക്കുന്ന, സാക്ഷിയല്ലാത്ത ഭർത്താവുള്ള ഒരു സഹോദരി ബൈബിൾ വായിക്കുന്നതിനു രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കുന്നു. അവളുടെ പട്ടിക പ്രകാരം എബ്രായ തിരുവെഴുത്തുകളിൽനിന്നു നാലു പേജും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽനിന്ന് ഒരധ്യായവും സദൃശവാക്യങ്ങളിൽനിന്ന് ഒരു വാക്യവും വായിക്കേണ്ടതുണ്ട്. 1959 മുതൽ അവൾ മുഴു ബൈബിളും വർഷത്തിലൊരിക്കൽ എന്ന കണക്കിൽ വായിച്ചിരിക്കുന്നു. “എന്റെ വായനയുടെ ഫലമായി യഹോവയാൽ സ്നേഹിക്കപ്പെടുന്നുവെന്ന തോന്നൽ എനിക്കുണ്ടാകുന്നു . . . പ്രോത്സാഹനവും സാന്ത്വനവും തിരുത്തലും എനിക്കു ലഭിക്കുന്നു” എന്ന് അവൾ പറഞ്ഞു. അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിൾ വായിക്കുന്നത് യഹോവ ദിനംതോറും എന്റെ ജീവിതത്തെ ഊർജസ്വലമാക്കുന്നതുപോലെയാണ്.”
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരുന്ന ഒരു രാജ്യത്തു സത്യം പഠിച്ച ഒരു സഹോദരിക്ക് തന്റെ വിശ്വാസത്തോട് എതിർപ്പുള്ള ഭർത്താവാണുള്ളത്. തിങ്കൾമുതൽ വെള്ളിവരെ രാവിലെ 6-നും 7-നുമിടയ്ക്കു ബൈബിൾ വായിക്കാൻ അവൾക്കു കഴിയുന്നു. ഇത് അവൾക്ക് ഉൾബലം പ്രദാനംചെയ്തിരിക്കുന്നു. തന്റെ വായന എങ്ങനെ ഫലം ചെയ്തിരിക്കുന്നുവെന്നു പ്രതിഫലിപ്പിച്ചുകൊണ്ട് അവൾ ഇങ്ങനെ പറയുന്നു: “യഹോവയെയും യേശുവിനെയും സ്നേഹിക്കാനും യഹോവയുടെ വാഗ്ദത്തങ്ങളൊന്നും പരാജയപ്പെടുകയില്ല എന്നറിഞ്ഞുകൊണ്ടു പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും മധ്യേപോലും സന്തോഷമായി ജീവിക്കാനും നാം പഠിക്കുന്നു.”
പയനിയർ സേവന സ്കൂളിൽ പങ്കുപറ്റിയ ഒരു സഹോദരി ബൈബിൾ വായന ദൈനംദിന പ്രവർത്തിയാക്കുക എന്ന് അവിടെ നൽകപ്പെട്ട ബുദ്ധ്യുപദേശം അനുസരിച്ചു പ്രവർത്തിക്കാൻ നിശ്ചയദാർഢ്യമുള്ളവളായിരുന്നു. ആദ്യമൊക്കെ രാവിലെ 5-നും 6-നുമിടയ്ക്ക് അവൾക്കതു ചെയ്യാൻ കഴിഞ്ഞിരുന്നു. ജോലിയിൽ വന്ന മാറ്റം അതിനു പ്രതിബന്ധമായപ്പോൾ രാത്രി 9-നും 10-നും ഇടയ്ക്ക് അവൾ അതു ചെയ്യാൻ തുടങ്ങി. വെല്ലുവിളി ഉയർത്തുന്ന മറ്റു സാഹചര്യങ്ങൾ പൊന്തിവന്നപ്പോൾ “ഞാൻ സാഹചര്യങ്ങൾക്കനുസരിച്ചു പട്ടികയിൽ മാറ്റം വരുത്തി” എന്ന് അവൾ പറയുന്നു.
ദിവസത്തിൽ മറ്റൊരു സമയത്ത്:
ബ്രസീൽ ബെഥേലിലെ അംഗങ്ങളായ രണ്ടു ജഡിക സഹോദരിമാർക്ക് ഉച്ച ഊണിനുശേഷം ഏതാണ്ട് 20 മിനിറ്റ് ഒരുമിച്ചു ബൈബിൾ വായിക്കുന്ന പതിവുണ്ട്. അവർ മുഴു ബൈബിളും ഏതാണ്ട് 25 പ്രാവശ്യം വായിച്ചുകഴിഞ്ഞു; എങ്കിലും അവർ എഴുതുന്നു: “ഞങ്ങൾ എല്ലായ്പോഴും എന്തെങ്കിലും പുതിയ കാര്യം കണ്ടുപിടിക്കുന്നു. അതുകൊണ്ട്, ബൈബിൾ വായനയിൽ ഒരിക്കലും മടുപ്പുതോന്നാറില്ല.”
ജപ്പാനിലുള്ള ഒരു സഹോദരി സാക്ഷിയായി വളർത്തപ്പെട്ടെങ്കിലും തനിക്കു തിരുവെഴുത്തുകൾ നന്നായി അറിഞ്ഞുകൂടെന്നു തിരിച്ചറിഞ്ഞു; ഒരു പയനിയറായിത്തീർന്നപ്പോൾ ബൈബിൾ നിത്യേന വായിക്കാൻ അവൾ നിശ്ചയിച്ചുറച്ചു. ആഴ്ചയിലൊരിക്കൽ ചികിത്സക്കായി ആശുപത്രിയിലേക്കുള്ള യാത്രാവേളയിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെ ബൈബിൾ വായനാ ഭാഗം അവൾ വായിക്കുന്നു. വീട്ടിൽ എത്തിയശേഷം കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നു. വാരാന്ത്യത്തിൽ അവൾ ബൈബിൾ എഴുതപ്പെട്ട ക്രമത്തിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് അതിൽനിന്നു കൂടുതലായി വായിക്കുന്നു.
ഒരു 13 വയസ്സുകാരൻ ഇതിനോടകം മുഴു ബൈബിളും മൂന്നു പ്രാവശ്യം വായിച്ചിരിക്കുന്നു. ഇപ്പോൾ ദിവസേന അവൻ സ്കൂളിൽനിന്നു വന്നുകഴിഞ്ഞ് ഒരധ്യായം വീതം വായിക്കുന്നു. ഇത്, “യഹോവയെ കൂടുതൽ സ്നേഹിക്കാൻ” തന്നെ സഹായിച്ചിരിക്കുന്നുവെന്ന് അവൻ പറയുന്നു.
ഒരു ജോലിക്കാരൻ, മൂപ്പൻ, ഭർത്താവ്, പിതാവ് എന്നീ തുറകളിൽ തിരക്കുള്ള ഒരു സാക്ഷി ജോലിക്കുവേണ്ടി ട്രെയിനിൽ യാത്രചെയ്യുമ്പോൾ ബൈബിൾ ഓഡിയോ കാസെറ്റ് ശ്രദ്ധിക്കുന്നു. പിന്നീട് അതേ ഭാഗം വീട്ടിൽവെച്ചു വ്യക്തിപരമായി വായിക്കുന്നു.
ഫ്രാൻസിലുള്ള ഒരു പയനിയർ തന്റെ വ്യക്തിപരമായ വായനക്കുപുറമേ, ഭക്ഷണം പാകം ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഒരു രസത്തിനുവേണ്ടിത്തന്നെയും ബൈബിൾ ഓഡിയോ കാസെറ്റ് ശ്രവിക്കുന്നു.
ഓരോ ദിവസവും ആത്മീയമായ എന്തെങ്കിലും ഉള്ളിലാക്കുന്നതിന് അമ്മ തന്നെ നിർബന്ധിച്ചതായി ജപ്പാനിലുള്ള ഒരു 21 വയസ്സുകാരൻ പയനിയർ അനുസ്മരിക്കുന്നു. തൻമൂലം മൂന്നു വയസ്സുള്ളപ്പോൾ മുതൽ ഒരേ സമയത്തല്ലെങ്കിലും ദിനമ്പ്രതി അവൻ ബൈബിൾ വായിച്ചുപോരുന്നു. അന്നന്നത്തേക്കു തിരഞ്ഞെടുത്ത ഭാഗം വായിച്ചശേഷം മുഖ്യ വാക്യങ്ങൾ വീണ്ടും വായിച്ചെന്ന് ഉറപ്പുവരുത്തുകയും താൻ വായിച്ചതെന്താണെന്നു മനസ്സിൽ പുനരവലോകനം ചെയ്യുന്നതിന് ഏതാനും മിനിറ്റുകളെടുക്കുകയും ചെയ്യുന്നു.
വേറൊരു സാക്ഷി, ഒരു പയനിയർ, കഴിഞ്ഞ 12 വർഷത്തിനിടയിൽ മുഴു ബൈബിളും ഏതാണ്ടു പത്തു പ്രാവശ്യം വായിച്ചിരിക്കുന്നു. അവളുടെ ഭർത്താവ് അവിശ്വാസിയാണ്, തൻമൂലം അവൾ തന്റെ വായന ഉച്ചകഴിഞ്ഞ നേരത്തേക്കു പട്ടികപ്പെടുത്തുന്നു.
വൈകുന്നേരം:
ജപ്പാനിലുള്ള നിരന്തരപയനിയറായ ഒരു മൂപ്പൻ എന്നും രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ബൈബിൾ വായിക്കുന്നു. അദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി ഇതു ചെയ്തുവരുന്നു. “യഹോവ എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങളെപ്പറ്റി അവനെങ്ങനെ തോന്നുന്നു, സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നെല്ലാം സൂചിപ്പിക്കുന്ന തിരുവെഴുത്തുകൾ എനിക്കു വിശേഷാൽ ഇഷ്ടമാണ്. ഈ തിരുവെഴുത്തുകളെപ്പറ്റി ധ്യാനിക്കുന്നത് യഹോവയുടെ ചിന്ത എന്റെ സ്വന്തമാക്കുന്നതിനും എന്റെ ക്രിസ്തീയ സഹോദരീസഹോദരൻമാരെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനും എനിക്കു സഹായകമായിരിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു.
ഫ്രാൻസിലുള്ള ഒരു മൂപ്പൻ 1979 മുതൽ എന്നും സന്ധ്യയ്ക്ക് ഒരു മണിക്കൂർനേരം ബൈബിൾ വായിച്ചുവരുന്നു. മിക്കപ്പോഴും അദ്ദേഹത്തിന്റെ മുമ്പിൽ അഞ്ചോ ആറോ ബൈബിൾ ഭാഷാന്തരങ്ങൾ താരതമ്യം ചെയ്തുനോക്കുന്നതിനായി നിരത്തിയിട്ടുണ്ടാവും. “ദൈനംദിന സാഹചര്യങ്ങളോടുള്ള ബന്ധത്തിൽ ബൈബിൾ പരിജ്ഞാനം എങ്ങനെ ബാധകമാക്കാം” എന്നു തിരിച്ചറിയാൻ തന്റെ ശ്രദ്ധാപൂർവമുള്ള വായന തന്നെ സഹായിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. തിരുവെഴുത്തുകളിൽനിന്നു ബുദ്ധ്യുപദേശം നൽകുമ്പോൾ കൂടുതൽ ഫലപ്രദനായിരിക്കുന്നതിനും ഇത് അദ്ദേഹത്തെ പ്രാപ്തനാക്കിയിരിക്കുന്നു.
നൈജീരിയയിലുള്ള ഒരു സഹോദരൻ കഴിഞ്ഞ 28 വർഷമായി തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തു തലേദിവസം വായിക്കുന്നത് ഒരു പതിവാക്കി. അതോടൊപ്പം ആ തിരുവെഴുത്ത് എടുത്തിരിക്കുന്ന മുഴു അധ്യായവും അദ്ദേഹം വായിക്കുന്നു. വിവാഹിതനായശേഷം ഭാര്യയോടൊത്തു വിഷയം വായിച്ചു ചർച്ചചെയ്തുകൊണ്ട് അദ്ദേഹം ഈ പതിവുപരിപാടി തുടരുന്നു.
സാക്ഷികളല്ലാത്ത മാതാപിതാക്കളുള്ള ഒരു കൗമാരപ്രായക്കാരി ഉറങ്ങുന്നതിനുമുമ്പ് ഓരോ രാത്രിയിലും അഞ്ചുമുതൽ പത്തുവരെ മിനിറ്റുനേരം വായിക്കുന്നത് ഒരു പതിവാക്കിയിരിക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം അത് വിലയേറിയ നിമിഷങ്ങളാണ്, വായിക്കുന്നതിനു മുമ്പും പിമ്പും അവൾ പ്രാർഥിക്കുകയും ചെയ്യുന്നു. ഓരോ ബൈബിളെഴുത്തുകാരെയുംകൊണ്ട് യഹോവ രേഖപ്പെടുത്തിച്ച സന്ദേശം എന്താണെന്ന് അറിയുകയാണ് അവളുടെ ലക്ഷ്യം.
ബെഥേൽ സേവനത്തിലുള്ള വിവാഹിതനായ ഒരു സഹോദരൻ കഴിഞ്ഞ എട്ടുവർഷമായി വർഷത്തിലൊരിക്കലെന്ന കണക്കിൽ ബൈബിൾ വായിച്ചതായി പറയുന്നു. ഉറങ്ങാൻപോകുന്നതിനു മുമ്പ് 20 മുതൽ 30 വരെ മിനിറ്റുനേരം അദ്ദേഹം വായിക്കുന്നു. വളരെ ക്ഷീണിച്ചിരിക്കുമ്പോഴും ബൈബിൾ വായിക്കാതെ ഉറങ്ങാൻ കിടന്നാൽ അദ്ദേഹത്തിന് ഉറക്കം വരുകയില്ല. അദ്ദേഹത്തിന് ആ ആത്മീയ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ എഴുന്നേൽക്കാതെ നിവൃത്തിയില്ല.