സത്യദൈവത്തെ ഇപ്പോൾ ഭയപ്പെടേണ്ടത് എന്തുകൊണ്ട്?
“സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിക്കുക. എന്തെന്നാൽ ഇതാകുന്നു മനുഷ്യന്റെ മുഴു കടപ്പാടും.”—സഭാപ്രസംഗി 12:13, NW.
1, 2. ഉചിതമായ ദൈവഭയം നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
ആരോഗ്യാവഹവും ഭക്ത്യാദരവുമുള്ള ദൈവഭയം മനുഷ്യനു നല്ലതാണ്. അതേ, അനേകം മാനുഷഭയങ്ങളും വൈകാരികമായി അസ്വസ്ഥതയുളവാക്കുന്നതും നമ്മുടെ ക്ഷേമത്തിനു ഹാനികരം പോലുമാണെങ്കിലും യഹോവയാം ദൈവത്തെ ഭയപ്പെടുന്നതു നമുക്കു നല്ലതാണ്.—സങ്കീർത്തനം 112:1; സഭാപ്രസംഗി 8:12.
2 സ്രഷ്ടാവിന് അതറിയാം. തന്റെ സൃഷ്ടിയോടുള്ള സ്നേഹം നിമിത്തം തന്നെ ഭയപ്പെടാനും ആരാധിക്കാനും അവൻ എല്ലാവരോടും കൽപ്പിക്കുന്നു. നാം ഇപ്രകാരം വായിക്കുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.”—വെളിപ്പാടു 14:6, 7.
3. നമ്മുടെ ആദ്യ മാതാപിതാക്കൾക്കു വേണ്ടി സ്രഷ്ടാവ് എന്തു ചെയ്തു?
3 സകലത്തിന്റെയും സ്രഷ്ടാവും ജീവന്റെ ഉറവുമായവനെ നാം നിശ്ചയമായും അവഗണിക്കരുത്. കാരണം നമ്മുടെമേലും ഈ ഭൂമിയുടെമേലുമുള്ള ഉടമസ്ഥത അവനാണ്. (സങ്കീർത്തനം 24:1) യഹോവയുടെ മഹാ സ്നേഹത്തിന്റെ ഒരു പ്രകടനമെന്നോണം, അവൻ തന്റെ ഭൗമിക മക്കൾക്കു ജീവൻ നൽകുകയും അവർക്കു ജീവിക്കുന്നതിന് അത്ഭുതകരമായ ഒരു സ്ഥലം—മനോഹരമായ ഒരു പറുദീസ—കൊടുക്കുകയും ചെയ്തു. എന്നിരുന്നാലും, ആ അത്ഭുതകരമായ ദാനം സോപാധികമായിരുന്നില്ല. ഫലത്തിൽ, അതു വിശ്വസിച്ചേൽപ്പിച്ച ഒന്നായിരുന്നു. നമ്മുടെ ആദ്യ മാതാപിതാക്കൾ തങ്ങളുടെ ഭവനത്തെ പരിപാലിക്കുകയും മുഴു ഭൂമിയും ആളുകളെക്കൊണ്ടു നിറഞ്ഞ് കീഴടക്കപ്പെടുന്നതുവരെ അതിനെ വിപുലീകരിക്കുകയും ചെയ്യണമായിരുന്നു. കരയിലെ മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും ഉൾപ്പെടെ തങ്ങളുമായി ഭൂമിയെ പങ്കിടുന്ന എല്ലാ ജീവികളോടും തങ്ങളുടെ സന്താനങ്ങളോടുമുള്ള ബന്ധത്തിൽ അവർക്ക് പദവികളും ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. വിശ്വസിച്ചേൽപ്പിച്ചു കൊടുത്ത ആ വലിയ സംഗതി സംബന്ധിച്ചു മനുഷ്യൻ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
4. ദൈവത്തിന്റെ സൃഷ്ടിയോടു മനുഷ്യൻ എന്താണു ചെയ്തിരിക്കുന്നത്?
4 അങ്ങനെ അത്ഭുതാവഹമായ ഒരു തുടക്കമുണ്ടായിരുന്നിട്ടും, തന്റെ മനോഹരമായ ഭൗമഗൃഹത്തെ മലീമസമാക്കാൻ മനുഷ്യൻ കാട്ടിക്കൂട്ടിയിരിക്കുന്നത് എന്തെന്നു നോക്കൂ! അമൂല്യമായ ഇതിന്റെമേൽ ദൈവത്തിനുള്ള ഉടമസ്ഥാവകാശത്തോടുള്ള വിദ്വേഷപൂരിതമായ അനാദരവോടെ മനുഷ്യൻ ഭൂമിയെ അഴുക്കുകൊണ്ടു നിറച്ചിരിക്കുന്നു. പല പല വർഗത്തിൽപ്പെട്ട മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും അസ്തിത്വത്തിനുതന്നെ ഭീഷണിയാകുന്ന ഘട്ടത്തോളമെത്തിയിരിക്കുന്നു ഈ മലിനീകരണം. നീതിമാനും സ്നേഹവാനുമായ നമ്മുടെ ദൈവം ഇത് എന്നേക്കും പൊറുക്കുകയില്ല. ഭൂമിയെ നശിപ്പിക്കുമ്പോൾ അതു കണക്കു ബോധിപ്പിക്കലിനായി മുറവിളി കൂട്ടുകയാണ്. അനേകരും ഭയക്കാൻ അതു കാരണമാണ്. നേരേമറിച്ച്, സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ച് അറിയുന്നത് ആദരവോടെ ദൈവത്തെ ആശ്രയിക്കുന്നവർക്ക് ആശ്വാസകരമാണ്. യഹോവ തീർച്ചയായും ഒരു കണക്കുതീർപ്പിനു വിളിക്കും, ഭൂമി തീർച്ചയായും പുനഃസ്ഥിതീകരിക്കപ്പെടും. സത്യത്തിൽ ഇതു ഭൂമിയിലെ നീതിഹൃദയരായവർക്കെല്ലാം സുവാർത്തയാണ്.
5, 6. മനുഷ്യൻ തന്റെ സൃഷ്ടിയോടു ചെയ്തിരിക്കുന്നതിനോടു യഹോവ എങ്ങനെ പ്രതികരിക്കും?
5 ദൈവം എങ്ങനെയാണു തന്റെ ന്യായവിധി നടപ്പാക്കുന്നത്? ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവെന്നനിലയിൽ ഇപ്പോൾ സിംഹാസനസ്ഥനായിരിക്കുന്ന യേശുക്രിസ്തുവിലൂടെ. ആ സ്വർഗീയ പുത്രനിലൂടെ, ഇപ്പോഴത്തെ അശുദ്ധവും മത്സരാത്മകവുമായ വ്യവസ്ഥിതിക്കു യഹോവ അറുതി വരുത്തും. (2 തെസ്സലൊനീക്യർ 1:6-9; വെളിപ്പാടു 19:11) ഈ വിധത്തിൽ, അവൻ തന്നെ ഭയപ്പെടുന്നവർക്ക് ആശ്വാസം കൈവരുത്തുകയും അതേസമയം നമ്മുടെ ഭൗമിക ഗ്രഹത്തെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യും.
6 ഇതെങ്ങനെ സംഭവിക്കും? അർമഗെദോൻ എന്ന യുദ്ധത്തിൽ പരിസമാപ്തി കുറിക്കുന്ന, വരാനിരിക്കുന്ന മഹോപദ്രവത്തെക്കുറിച്ചു ബൈബിൾ പറയുന്നു. (വെളിപ്പാടു 7:14; 16:16) മലീമസമായ ഈ വ്യവസ്ഥിതിക്കും മലിനീകരിക്കുന്നവർക്കും എതിരെയുള്ള ദൈവത്തിന്റെ ന്യായവിധിയായിരിക്കും അത്. ഏതെങ്കിലും മനുഷ്യർ ജീവനോടെ അവശേഷിക്കുമോ? ഉവ്വ്! അത് അകാരണമായ, അനാരോഗ്യകരമായ ദൈവഭയമുള്ളവരല്ല, പിന്നെയോ അവനോടുള്ള ആദരവും ഭക്തിയും കലർന്ന ഭയമുള്ളവരാണ്. അവർ വിടുവിക്കപ്പെടും.—സദൃശവാക്യങ്ങൾ 2:21, 22.
അമ്പരപ്പിക്കുന്ന ശക്തിപ്രകടനം
7. മോശയുടെ നാളിൽ ഇസ്രായേലിനു വേണ്ടി ദൈവം ഇടപെട്ടത് എന്തുകൊണ്ട്?
7 യഹോവയാം ദൈവത്തിന്റെ ഈ വിസ്മയാവഹമായ നടപടി, നമ്മുടെ പൊതുയുഗത്തിന് ഏതാണ്ട് 1,500 വർഷം മുമ്പ് തന്റെ ആരാധകർക്കു വേണ്ടി അവൻ ചെയ്ത ശക്തമായ ഒരു നടപടിയാൽ മുൻനിഴലാക്കപ്പെട്ടു. ഈജിപ്തിലെ വലിയ സൈനികശക്തി, കുടിയേറിപ്പാർത്ത അവിടത്തെ ഇസ്രായേല്യ തൊഴിലാളികളെ അടിമകളാക്കി. അവിടത്തെ ഭരണാധികാരിയായ ഫറവോൻ ഇസ്രായേലിലെ നവജാതരായ ആൺകുട്ടികളെയെല്ലാം കൊല്ലാൻ കൽപ്പന കൊടുത്തുകൊണ്ട് ഒരുതരം വംശഹത്യ നടത്താൻ പോലും ശ്രമിക്കുകയുണ്ടായി. ഈജിപ്തിനുമേലുള്ള ദൈവത്തിന്റെ വിജയം, ഇസ്രായേലിന് ആ മർദക രാഷ്ട്രീയ വ്യവസ്ഥിതിയിൽനിന്നുള്ള വിമോചനം, അതേ, ബഹുദൈവാരാധനയാൽ മലീമസമായ ഒരു ജനതയിൽനിന്നുള്ള സ്വാതന്ത്ര്യം കൈവരുത്താനായിരുന്നു.
8, 9. ദൈവം ഇടപെട്ടതിനോടു മോശയും ഇസ്രായേല്യരും എങ്ങനെ പ്രതികരിച്ചു?
8 ഈജിപ്തിൽനിന്നുള്ള വിമോചനത്തോട് ഇസ്രായേൽ എങ്ങനെ പ്രതികരിച്ചുവെന്നു പുറപ്പാടു 15-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ രേഖ പരിശോധിക്കുന്നത്, ആത്മീയമായും ഭൗതികമായും അധഃപതിച്ച ഇപ്പോഴത്തെ ഈ വ്യവസ്ഥിതിയിൽനിന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ വിടുവിക്കപ്പെടാൻ കഴിയുമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. നമുക്കിപ്പോൾ പുറപ്പാടു 15-ാം അധ്യായം പരിശോധിക്കാം. സത്യദൈവമായ യഹോവയെ ഭയപ്പെടാൻ നാം തീരുമാനിക്കേണ്ടത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ തിരഞ്ഞെടുത്ത ചില വാക്യങ്ങളിൽ നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം. 1-ഉം 2-ഉം വാക്യങ്ങൾ പരിശോധിച്ചുകൊണ്ടു നമുക്കു തുടങ്ങാം.
9 “മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ; കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു.”
10. ഈജിപ്തിന്റെ സൈന്യത്തെ ദൈവം നശിപ്പിക്കുന്നതിലേക്കു നയിച്ചത് എന്താണ്?
10 യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്നു വിടുവിച്ചതെങ്ങനെയെന്നുള്ള വിവരണം ഗോളത്തിനു ചുറ്റുമുള്ള ആളുകൾക്കു പരിചിതമാണ്. ഒടുവിൽ വിട്ടുപോകാൻ ഇസ്രായേല്യരെ ഫറവോൻ അനുവദിക്കുന്നതുവരെ ആ ലോകശക്തിയുടെമേൽ അവൻ ബാധകൾ വരുത്തി. എന്നാൽ ഫറവോന്റെ സൈന്യങ്ങൾ പ്രതിരോധമില്ലാത്ത ആ ജനതയുടെ പിന്നാലെ പാഞ്ഞു. ആ ജനത ചെങ്കടലിന്റെ തീരത്തു കുടുങ്ങിപ്പോയതുപോലെ തോന്നി. തങ്ങളുടെ നവസ്വാതന്ത്ര്യം ഇസ്രായേൽപുത്രന്മാർക്കു പെട്ടെന്നുതന്നെ നഷ്ടമാകുമെന്നു തോന്നിയെങ്കിലും, മറ്റൊരു സംഗതി യഹോവയുടെ മനസ്സിലുണ്ടായിരുന്നു. അവൻ സമുദ്രത്തിലൂടെ അത്ഭുതകരമായി ഒരു പാത തുറന്നുകൊടുത്തുകൊണ്ടു തന്റെ ജനത്തെ സുരക്ഷിതസ്ഥാനത്തു കൊണ്ടെത്തിച്ചു. ഈജിപ്തുകാർ അവരെ പിന്തുടർന്നപ്പോൾ അവൻ ഫറവോനെയും അവന്റെ സൈന്യങ്ങളെയും വെള്ളത്തിൽ മുക്കിക്കൊന്നുകൊണ്ടു ചെങ്കടലിനെ പൂർവസ്ഥിതിയിലാക്കി പാത അടയ്ക്കുകയുണ്ടായി.—പുറപ്പാടു 14:1-31.
11. ഈജിപ്തിനെതിരെയുള്ള ദൈവത്തിന്റെ നടപടിയുടെ ഫലമായി എന്തുണ്ടായി?
11 യഹോവ ഈജിപ്തുകാരുടെ സൈന്യത്തെ നശിപ്പിച്ചതു നിമിത്തം തന്റെ ആരാധകരുടെ ദൃഷ്ടിയിൽ അവൻ ഉന്നതനാക്കപ്പെട്ടു. മാത്രമോ, അവന്റെ നാമം വിശ്രുതമാക്കപ്പെടുകയും ചെയ്തു. (യോശുവ 2:9, 10; 4:23, 24) അതേ, അവന്റെ നാമം, തങ്ങളുടെ ആരാധകരെ വിടുവിക്കാൻ കഴിയില്ലെന്നു തെളിഞ്ഞ ഈജിപ്തിലെ ശക്തിയില്ലാത്ത വ്യാജദൈവങ്ങളുടെമേൽ ഉന്നതമാക്കപ്പെട്ടു. തങ്ങളുടെ ദൈവങ്ങളിലും മർത്ത്യമനുഷ്യനിലും സൈനികശക്തിയിലും വെച്ച ആശ്രയം കടുത്ത നിരാശയിലേക്കാണു നയിച്ചത്. (സങ്കീർത്തനം 146:3) തന്റെ ജനത്തെ ബലത്തോടെ വിടുവിക്കുന്ന, ജീവനുള്ള ദൈവത്തോടുള്ള ആരോഗ്യാവഹമായ ഭയത്തെ പ്രതിഫലിപ്പിച്ച സ്തുതികൾ പാടാൻ ഇസ്രായേല്യർ പ്രേരിപ്പിക്കപ്പെട്ടതിൽ തെല്ലും അതിശയിക്കാനില്ല!
12, 13. ചെങ്കടലിങ്കലെ ദൈവത്തിന്റെ വിജയത്തിൽനിന്നു നാം എന്താണു പഠിക്കേണ്ടത്?
12 സമാനമായി, നമ്മുടെ കാലത്തെ യാതൊരു വ്യാജദൈവങ്ങൾക്കും ന്യൂക്ലിയർ ആയുധങ്ങളുള്ള ഏതെങ്കിലും വൻശക്തിക്കു പോലും യഹോവയോടു തുല്യത വരിക്കാനുള്ള സാധ്യത പോലുമില്ല. അവനു തന്റെ ജനത്തെ വിടുവിക്കാൻ കഴിയും, അവൻ അങ്ങനെതന്നെ ചെയ്യും. കാരണം, അവൻ “സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടം പോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീയേൽ 4:35) ഈ വാക്കുകളുടെ അർഥം നാം പൂർണമായി ഗ്രഹിക്കുമ്പോൾ, നാമും സന്തോഷത്തോടെ അവന്റെ സ്തുതികൾ പാടാൻ പ്രേരിതരായിത്തീരും.
13 ചെങ്കടലിങ്കലെ ജയഗീതം ഇങ്ങനെ തുടരുന്നു: “യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.” അതുകൊണ്ട്, അജയ്യനായ ഈ യോദ്ധാവ് മനുഷ്യഭാവന സൃഷ്ടിച്ച അജ്ഞാതമായ എന്തെങ്കിലുമൊന്നല്ല. അവനൊരു നാമമുണ്ട്! അവനാണ് ‘ആയിത്തീരാൻ ഇടയാക്കുന്നവൻ,’ മഹദ്നിർമാതാവ്, “യഹോവ എന്നു നാമമുള്ള . . . സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” (പുറപ്പാടു 3:14, NW; 15:3-5; സങ്കീർത്തനം 83:18) ആ പുരാതന ഈജിപ്തുകാർ സർവശക്തനെ വെല്ലുവിളിക്കുന്നതിനുപകരം അവർക്ക് അവനോടുള്ള ന്യായയുക്തവും ആദരവുള്ളതുമായ ഒരു ഭയാവബോധം ഉണ്ടായിരുന്നെങ്കിൽ അതു ജ്ഞാനപൂർവകമായിരിക്കുമായിരുന്നു എന്നുള്ളതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
14. ചെങ്കടലിങ്കൽവെച്ചു ദൈവഭയത്തിന്റെ മൂല്യം പ്രകടമാക്കപ്പെട്ടതെങ്ങനെ?
14 ഭൂമിയുടെ രൂപസംവിധായകൻ എന്നനിലയിൽ, സമുദ്രത്തിന്റെ നിർമാതാവിനു വെള്ളത്തിന്റെമേൽ പരിപൂർണ നിയന്ത്രണമുണ്ട്. (പുറപ്പാടു 15:8) കാറ്റിന്റെമേലുള്ള തന്റെ നിയന്ത്രണം ഉപയോഗപ്പെടുത്തിക്കൊണ്ട് അസാധ്യമെന്നു തോന്നിയ കാര്യം അവൻ ചെയ്യുകയുണ്ടായി. ഒരു നിശ്ചിതസ്ഥാനത്തുവെച്ച് അവൻ ജലം പകുത്ത്, തന്റെ ജനത്തിനു നടന്നുപോകാൻ ഇരുവശത്തും ജലഭിത്തികളുള്ള ഒരു ഇടനാഴി ഉളവാകത്തക്കവണ്ണം എതിർദിശകളിലേക്ക് അതിനെ തള്ളിനിർത്തി. ആ രംഗമൊന്നു മനസ്സിൽ കാണുക: ദശലക്ഷക്കണക്കിനു ടൺ സമുദ്രജലം സമാന്തരമതിലുകളായി ഉയർന്നുനിന്നു, അങ്ങനെ ഇസ്രായേലിനു സുരക്ഷിതമായ ഒരു രക്ഷാമാർഗം ഉളവായി. അതേ, ദൈവത്തോട് ആരോഗ്യാവഹമായ ഒരു ഭയം പ്രകടമാക്കിയവർക്കു സംരക്ഷണം ലഭിച്ചു. എന്നിട്ട് ഉഗ്രശക്തിയുള്ള ഒരു ജലപ്രളയംപോലെ, തിരികെ കുത്തിയൊഴുകാൻ അനുവദിച്ചുകൊണ്ട് യഹോവ ജലം ബന്ധനമുക്തമാക്കി, അതു ഫറവോന്റെ സൈന്യങ്ങളെയും എല്ലാ സാമഗ്രികളെയും മുക്കിക്കളഞ്ഞു. ഒന്നിനും കൊള്ളാത്ത ദൈവങ്ങളുടെമേലും മനുഷ്യന്റെ സൈനിക ശക്തിയുടെമേലുമുള്ള ദിവ്യശക്തിയുടെ എന്തൊരു പ്രകടനം! തീർച്ചയായും, യഹോവയെയാണു ഭയപ്പെടേണ്ടത്, അല്ലേ?—പുറപ്പാടു 14:21, 22, 28; 15:8.
ദൈവത്തോടുള്ള നമ്മുടെ ഭയം പ്രകടിപ്പിക്കൽ
15. ദൈവത്തിന്റെ ശക്തമായ രക്ഷാപ്രവൃത്തികളോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം?
15 നാം മോശയോടൊപ്പം സുരക്ഷിതമായി നിന്നിരുന്നുവെങ്കിൽ, “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?” എന്ന് ആലപിക്കാൻ നാം തീർച്ചയായും പ്രേരിതരാകുമായിരുന്നു. (പുറപ്പാടു 15:11) അത്തരം വികാരങ്ങൾ അന്നുമുതൽ ചരിത്രത്തിലുടനീളം മുഴങ്ങിക്കേട്ടിട്ടുണ്ട്. ബൈബിളിന്റെ അവസാന പുസ്തകത്തിൽ, ദൈവത്തിന്റെ വിശ്വസ്തരായ അഭിഷിക്ത ദാസന്മാരുടെ ഒരു കൂട്ടത്തെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ വർണിക്കുന്നു: “അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി.” ഏതാണീ മഹത്തായ പാട്ട്? “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ.”—വെളിപ്പാടു 15:2-4.
16, 17. ഇന്ന് അത്ഭുതകരമായ ഏതു സംഭവവികാസം അരങ്ങേറുന്നതായി നാം കാണുന്നു?
16 അതുകൊണ്ട് ഇന്നും വിമോചിതരായ ആരാധകരുണ്ട്. അവർ ദൈവത്തിന്റെ കരവേലകളായ സൃഷ്ടികളെ മാത്രമല്ല അവന്റെ കൽപ്പനകളെയും വിലമതിക്കുന്നു. എല്ലാ ജനതകളിൽനിന്നുമുള്ള ആളുകൾ ആത്മീയമായി വിമോചിപ്പിക്കപ്പെടുകയും മലീമസമായ ഈ ലോകത്തിൽനിന്നു വേർപെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. കാരണം, അവർ ദൈവത്തിന്റെ നീതിയുള്ള കൽപ്പനകളെ തിരിച്ചറിഞ്ഞ് അനുഷ്ഠിക്കുന്നു. യഹോവയുടെ ആരാധകർ ഉൾക്കൊള്ളുന്ന ശുദ്ധവും നേരുള്ളതുമായ സ്ഥാപനത്തോടൊത്തു വസിക്കുന്നതിനു വേണ്ടി വർഷന്തോറും ലക്ഷക്കണക്കിനാളുകൾ ദുഷിച്ച ഈ ലോകത്തിൽനിന്നു രക്ഷപ്പെട്ടുപോരുന്നു. പെട്ടെന്നുതന്നെ, വ്യാജമതത്തിനെതിരെയും ഈ ദുഷ്ടലോകത്തിന്റെ ശേഷിച്ച ഭാഗത്തിനെതിരെയുമുള്ള ദൈവത്തിന്റെ ഉഗ്രമായ ന്യായവിധികൾ നടപ്പാക്കപ്പെട്ടശേഷം നീതിയുള്ള ഒരു പുതിയ ലോകത്തിൽ അവർ എന്നേക്കും ജീവിക്കും.
17 വെളിപ്പാടു 14:6, 7-നോടുള്ള ചേർച്ചയിൽ, ദൂതവഴിനടത്തിപ്പിൻകീഴിൽ യഹോവയുടെ സാക്ഷികൾ പ്രഘോഷിക്കുന്ന മുന്നറിയിപ്പിന്റെ ന്യായവിധിസന്ദേശം മനുഷ്യവർഗം ഇപ്പോൾ ശ്രവിക്കുകയാണ്. കഴിഞ്ഞ വർഷം, 230-ലധികം രാജ്യങ്ങളിലായി ഏതാണ്ട് 50 ലക്ഷം സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയും ന്യായവിധിനാഴികയും പ്രഘോഷിക്കുകയുണ്ടായി. അതിജീവനത്തിനു വേണ്ടി തങ്ങളുടെ സഹമനുഷ്യരെ പഠിപ്പിക്കാൻ, സൗജന്യ ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടു സാക്ഷികൾ ആളുകളുടെ ഭവനങ്ങളിൽ ക്രമമായ സന്ദർശനങ്ങൾ നടത്തി. അങ്ങനെ ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾ സത്യദൈവത്തെ ഭയപ്പെടാൻ ബുദ്ധിപൂർവം വേണ്ടുവോളം പഠിക്കുകയും തങ്ങളുടെ ജീവിതത്തെ അവനു സമർപ്പിച്ചുകൊണ്ടു സ്നാപനമേൽക്കുകയും ചെയ്യുന്നു. അത്തരക്കാർ സത്യദൈവത്തെ ഭയപ്പെടാൻ ഇടയായിത്തീർന്നിരിക്കുന്നു എന്നുള്ളത് എത്ര ആനന്ദകരമാണ്!—ലൂക്കൊസ് 1:49-51; പ്രവൃത്തികൾ 9:31; എബ്രായർ 11:7 താരതമ്യം ചെയ്യുക.
18. നമ്മുടെ പ്രസംഗപ്രവർത്തനത്തിൽ ദൂതന്മാർ ഉൾപ്പെട്ടിരിക്കുന്നുവെന്ന് എന്തു ചിത്രീകരിക്കുന്നു?
18 ഈ പ്രസംഗപ്രവർത്തനത്തിൽ ദൂതന്മാർ ഉൾപ്പെട്ടിരിക്കുന്നുവെന്നതു സത്യമാണോ? അരിഷ്ടതയിലായിരുന്നവർ ആത്മീയ സഹായത്തിനു വേണ്ടി അതിയായി ആഗ്രഹിച്ചിരുന്ന, അതിനു വേണ്ടി പ്രാർഥിക്കുകപോലും ചെയ്തുകൊണ്ടിരുന്ന, ഒരു ഭവനത്തിലേക്കു ദൂതവഴിനടത്തിപ്പിനാൽ യഹോവയുടെ സാക്ഷികൾ എത്തിയിട്ടുണ്ടെന്നതു തീർച്ചയായും വ്യക്തമാണ്! ഉദാഹരണത്തിന്, രണ്ടു യഹോവയുടെ സാക്ഷികളും ഒരു കൊച്ചുകുട്ടിയും ഒരു കരീബിയൻ ദ്വീപിൽ സുവാർത്ത പറയുകയായിരുന്നു. ഉച്ചയായപ്പോൾ അന്നത്തെ വേല നിർത്താൻ മുതിർന്ന രണ്ടു പേരും തീരുമാനിച്ചു. എന്നാൽ അടുത്ത വീട്ടിൽ പോകാൻ കുട്ടി അസാധാരണമായ താത്പര്യം കാട്ടി. മുതിർന്നവർ അവിടെ പോകാനുള്ള താത്പര്യം കാട്ടാതിരുന്നപ്പോൾ, അവൻ തന്നെത്താൻ ആ വീട്ടിൽ പോയി വാതിലിൽ മുട്ടി. പ്രായം കുറഞ്ഞ ഒരു സ്ത്രീ വാതിൽ തുറന്നു. അതു കണ്ട മുതിർന്ന സാക്ഷികൾ അവിടെ പോയി ആ സ്ത്രീയോടു സംസാരിച്ചു. അവൾ അവരെ അകത്തേക്കു വിളിച്ചു. വാതിലിൽ മുട്ടു കേട്ടപ്പോൾ ബൈബിൾ പഠിപ്പിക്കാൻ സാക്ഷികളെ തന്റെ അടുക്കലേക്ക് അയയ്ക്കണമേയെന്നു താൻ ദൈവത്തോടു പ്രാർഥിക്കുകയായിരുന്നുവെന്ന് അവൾ വിശദീകരിച്ചു. ബൈബിളധ്യയനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു.
19. ദൈവത്തെ ഭയപ്പെടുന്നതിന്റെ ഒരു പ്രയോജനമായി നമുക്ക് എന്തു ചൂണ്ടിക്കാട്ടാൻ കഴിയും?
19 വിശ്വസ്തതയോടെ ദൈവത്തിന്റെ ന്യായവിധിദൂത് അറിയിക്കുമ്പോൾ നാം അവന്റെ നീതിയുള്ള കൽപ്പനകൾ പഠിപ്പിക്കുകകൂടി ചെയ്യുന്നു. അവ ആളുകളുടെ ജീവിതത്തിൽ ബാധകമാക്കുമ്പോൾ, ഭൗതികവും ആത്മീയവുമായ അനുഗ്രഹങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിന്, ബൈബിൾ വളരെ വ്യക്തമായിത്തന്നെ സകലതരം ലൈംഗിക അധാർമികതയെയും കുറ്റംവിധിക്കുന്നു. (റോമർ 1:26, 27, 32) ഇന്നു ലോകത്തിൽ ദൈവത്തിന്റെ നിലവാരങ്ങൾ പരക്കെ അവഗണിക്കപ്പെടുകയാണ്. ഫലമെന്താണ്? ദാമ്പത്യബന്ധങ്ങൾ തകരുന്നു. ദുഷ്കൃത്യങ്ങൾ പെരുകുന്നു. ലൈംഗികമായി പകരുന്ന, ശരീരാവയവങ്ങൾക്കു കേടുവരുത്തുന്ന രോഗങ്ങൾ പരക്കുകയും ചെയ്യുന്നു. അവ ഈ 20-ാം നൂറ്റാണ്ടിൽ വളരെ വ്യാപകമായിത്തീർന്നിരിക്കുകയാണ്. തീർച്ചയായും, ഭീതിജനകമായ രോഗമായ എയ്ഡ്സ് വളരെയധികം വ്യാപകമായിത്തീർന്നതു ലൈംഗിക അധാർമികത മൂലമാണ്. എന്നാൽ ദൈവത്തോടുള്ള ആദരപൂർവകമായ ഭയം അവന്റെ സത്യാരാധകർക്കു വലിയൊരു സംരക്ഷണമെന്നു തെളിഞ്ഞിട്ടില്ലേ?—2 കൊരിന്ത്യർ 7:1; ഫിലിപ്പിയർ 2:12; പ്രവൃത്തികൾ 15:28, 29-ഉം കൂടെ കാണുക.
ഇപ്പോൾ ദൈവത്തെ ഭയപ്പെടുന്നതിന്റെ ഫലങ്ങൾ
20. യഹോവയുടെ സാക്ഷികളുടെ സത്പേരിനെക്കുറിച്ചു മറ്റുള്ളവർക്ക് അറിയാമെന്ന് എന്തു ദൃഷ്ടാന്തീകരിക്കുന്നു?
20 ദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിക്കുന്നവർക്കുള്ള അനുഗ്രഹങ്ങൾ അനവധിയാണ്. യഹോവയുടെ സാക്ഷികൾ ധാർമികമായി നേരുള്ള ക്രിസ്ത്യാനികളുടെ സമാധാനപൂർണമായ ഒരു സഹോദരവർഗത്തിനു രൂപംകൊടുക്കുന്നു എന്ന വസ്തുതയുടെ വർധിച്ചുവരുന്ന അംഗീകാരത്തെ എടുത്തുകാട്ടുന്ന ഒരു സംഭവം പരിചിന്തിക്കുക. തെക്കേ അമേരിക്കയിലെ ഒരു സാർവദേശീയ കൺവെൻഷനുള്ള പ്രതിനിധികളായ ഒരു കൂട്ടം സാക്ഷികൾ ഒരു ഹോട്ടലിൽ താമസിച്ചിരുന്നു. ആ രാജ്യത്തെ പ്രസിഡൻറ് പ്രസംഗിക്കുന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാനുള്ള, യഹോവയുടെ സാക്ഷികളല്ലാത്ത ഒരു കൂട്ടമാളുകളും അതേ ഹോട്ടലിൽത്തന്നെ ഒരു രാത്രി ഉണ്ടായിരുന്നു. ഒരു കൂട്ടം സുരക്ഷാഭടന്മാർ പ്രസിഡൻറിനെ ധൃതിയിൽ ഒരു ലിഫ്റ്റിലേക്കു കയറ്റി. ലിഫ്റ്റിൽ ആരാണെന്നറിയാതിരുന്ന ഒരു സാക്ഷിയും അതിൽ കയറി. അതു സുരക്ഷാഭടന്മാരെ വളരെ അമ്പരപ്പിച്ചു! താൻ ചെയ്തത് എന്തെന്നു മനസ്സിലാക്കിയപ്പോൾ സാക്ഷിയായ അവൾ ഇടയ്ക്കു വന്നുകയറിയതിനു ക്ഷമ ചോദിച്ചു. താൻ ഒരു സാക്ഷിയാണെന്നു തിരിച്ചറിയിച്ചുകൊണ്ട് അവൾ തന്റെ കൺവെൻഷൻ കാർഡ് കാണിച്ചുകൊടുക്കുകയും താൻ പ്രസിഡൻറിന് ഒരു ഭീഷണിയല്ലെന്നു പറയുകയും ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് ഒരു ഗാർഡ് ഇങ്ങനെ പറഞ്ഞു: “എല്ലാവരും യഹോവയുടെ സാക്ഷികളെപ്പോലെ ആയിരുന്നെങ്കിൽ, ഞങ്ങൾക്ക് ഇത്തരം സുരക്ഷാസംവിധാനത്തിന്റെ ആവശ്യം വരില്ലായിരുന്നു.”—യെശയ്യാവു 2:2-4.
21. ഇന്ന് ആളുകൾക്കു നടപടി സ്വീകരിക്കാനുള്ള എന്തെല്ലാം മാർഗങ്ങൾ തുറന്നുകിടക്കുന്നു?
21 ഈ വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കുന്ന ‘മഹോപദ്രവത്തിൽനിന്നു പുറത്തുവരാൻ’ യഹോവ ഇപ്പോൾ കൂട്ടിച്ചേർക്കുകയും ഒരുക്കുകയും ചെയ്യുന്നത് ഇത്തരം ആളുകളെയാണ്. (വെളിപ്പാടു 7:9, 10, 14, NW) അത്തരം അതിജീവനം യാദൃച്ഛികമായ ഒരു സംഗതിയായിരിക്കാൻ പോകുന്നില്ല. അതിജീവകനായിരിക്കുന്നതിന്, ഏതൊരാളും യഹോവയെ ഭയപ്പെടുകയും ശരിയായ അവകാശമുള്ള പരമാധികാരിയായി അവനെ അംഗീകരിക്കുകയും അവനു സമർപ്പിക്കുകയും വേണം. എന്നിരുന്നാലും, സംരക്ഷണം അർഹിക്കുന്നതരം ഭയം മിക്കവരും നട്ടുവളർത്തുകയില്ല എന്നതായിരിക്കും വാസ്തവം. (സങ്കീർത്തനം 2:1-6) ലഭ്യമായ എല്ലാ തെളിവുകളുംവെച്ചു നോക്കുമ്പോൾ, യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധിപനായ യേശുക്രിസ്തു 1914 എന്ന നിർണായക വർഷംമുതൽ രാജാവായി ഭരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അർഥം, വ്യക്തികൾക്കു യഹോവയോടുള്ള ആരോഗ്യാവഹമായ ഭയം വളർത്തിയെടുക്കുന്നതിനും പ്രകടമാക്കുന്നതിനും അവശേഷിച്ചിരിക്കുന്ന സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുന്നു എന്നാണ്. എന്നിരുന്നാലും, ആളുകൾ, പ്രബലമായ സ്ഥാനങ്ങളിലിരിക്കുന്നവർ പോലും, അനുകൂലമായി പ്രതികരിക്കാൻ നമ്മുടെ സ്രഷ്ടാവ് അനുവദിക്കുകയാണ്: “ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”—സങ്കീർത്തനം 2:7-12.
22. ഇപ്പോൾ ദൈവത്തെ ഭയപ്പെടുന്നവരുടെ ഭാവി എന്തായിരിക്കും?
22 നമ്മെ രക്ഷിച്ചവനെന്നനിലയിൽ നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കുന്നവരുടെ ഇടയിലായിരിക്കട്ടെ നമ്മളും. എന്നിരുന്നാലും, നാം സത്യദൈവത്തെ ഇപ്പോൾ ഭയപ്പെടുന്നത് അത് അനിവാര്യമാക്കിത്തീർക്കുന്നു! (സങ്കീർത്തനം 2:11-ഉം എബ്രായർ 12:28-ഉം 1 പത്രൊസ് 1:17-ഉം താരതമ്യം ചെയ്യുക.) അവന്റെ നീതിയുള്ള കൽപ്പനകൾ നാം തുടർന്നു പഠിക്കുകയും അവ അനുസരിക്കുകയും വേണം. യഹോവ ഭൂമിയിലെ സകല ദുഷ്ടതയും തുടച്ചുനീക്കുകയും മനുഷ്യനെയും അവന്റെ ഭൗമിക ഭവനത്തെയും പാപത്തിന്റെ മലീമസ ഫലങ്ങളിൽനിന്നു സൗഖ്യമാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ വെളിപ്പാടു 15:3, 4-ൽ രേഖപ്പെടുത്തിയിരിക്കുന്ന മോശയുടെയും കുഞ്ഞാടിന്റെയും പാട്ട് ഒരു ഉച്ചസ്ഥായിയിലെത്തും. അപ്പോൾ നാം മുഴുഹൃദയത്തോടെ ഇങ്ങനെ ആലപിക്കും: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ [“യഹോവയാം ദൈവമേ,” NW], നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും?”
നിങ്ങൾ ഓർക്കുന്നുവോ?
◻ യഹോവ നമ്മുടെ ആരോഗ്യാവഹമായ ഭയം അർഹിക്കുന്നത് എന്തുകൊണ്ട്?
◻ ചെങ്കടലിങ്കലെ ദൈവത്തിന്റെ നേട്ടങ്ങളാൽ എന്തു പ്രകടമാക്കപ്പെട്ടു?
◻ യഹോവയെ ആദരവോടെ ഭയപ്പെടുന്നതിനാൽ എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുന്നു?
◻ ഇപ്പോൾ സത്യദൈവത്തെ ഭയപ്പെടുന്നവരുടെ ഭാവി എന്തായിരിക്കും?