കൊടുക്കൽ—അതു പ്രതീക്ഷിക്കുന്നുണ്ടോ?
സമ്മാനങ്ങൾ കൊടുക്കുന്നതു മിക്കപ്പോഴും ആചാരപ്രകാരമാണെന്നതു നിങ്ങൾക്കു നന്നായി അറിയാമായിരിക്കും. മിക്ക സംസ്കാരങ്ങളിലും സമ്മാനങ്ങൾ പ്രതീക്ഷിക്കുന്ന സന്ദർഭങ്ങളുണ്ട്. അത്തരം സമ്മാനങ്ങൾ ആദരവിന്റെയോ സ്നേഹപ്രകടനങ്ങളുടെയോ സൂചകമാണെന്ന് അർഥമാക്കിയേക്കാം. അവയിലനേകവും സ്വീകർത്താക്കൾ ഒരിക്കലും ഉപയോഗിക്കുന്നില്ല; മറ്റു ചിലവ യഥാർഥ ആവശ്യം നികത്താൻ സഹായിക്കുകയും ആഴമായി വിലമതിക്കപ്പെടുകയും ചെയ്യുന്നു.
ഡെൻമാർക്കിൽ ഒരു കുട്ടി ജനിക്കുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും സന്ദർശിക്കുകയും കുഞ്ഞിനു പ്രയോജനപ്രദമെന്നു കരുതുന്ന സമ്മാനങ്ങൾ തങ്ങളോടൊപ്പം കൊണ്ടുവരികയും ചെയ്യുന്നു. മറ്റു ചില നാടുകളിൽ, ജനനം പ്രതീക്ഷിച്ചു സമ്മാനങ്ങൾ കൊടുക്കുന്ന സത്കാരം സുഹൃത്തുക്കൾ നടത്തുന്നു.
മിക്കപ്പോഴും, വാർഷിക പരിപാടികളിലാണു സമ്മാനങ്ങൾ പ്രതീക്ഷിക്കുന്നത്. അത്തരം ആഘോഷങ്ങൾ ആദിമ ക്രിസ്ത്യാനികളുടെയിടയിൽ ഒരു പതിവായിരുന്നില്ലെങ്കിലും ഇന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെയും അക്രൈസ്തവരുടെയും ഇടയിൽ അവ ഒരുപോലെ പ്രചുരപ്രചാരം നേടിയിരിക്കുകയാണ്. ചില സംസ്കാരങ്ങളിൽ, കുട്ടികൾക്കു പ്രായമാകുന്നതോടെ ജന്മദിനങ്ങളിൽ സമ്മാനങ്ങൾ നൽകുന്ന പതിവ് കുറഞ്ഞുകുറഞ്ഞു വന്നേക്കം. എന്നാൽ ഗ്രീക്കുകാരുടെ ആചാരം മറിച്ചാണ് അനുശാസിക്കുന്നത്. ഗ്രീസിൽ ജന്മദിനത്തിനു വളരെയധികം ശ്രദ്ധകൊടുക്കുന്നു. അവർ ഒരു വ്യക്തിക്ക് അയാളുടെ “പേരിടൽ ദിന”ത്തിലും സമ്മാനങ്ങൾ നൽകുന്നു. അതെന്താണ്? കൊള്ളാം, മതപരമായ ആചാരങ്ങൾ വർഷത്തിലെ ഓരോ നാളിനും ഓരോ “പുണ്യവാള”ന്റെ പേരു നൽകിയിരിക്കുന്നു. അനേകർക്കും “പുണ്യവാളന്മാരു”ടെ പേരു നൽകപ്പെടുന്നുമുണ്ട്. “പുണ്യവാളന്റെ” നാൾ വന്നെത്തുമ്പോൾ ആ പേരിലുള്ള വ്യക്തിക്കു സമ്മാനങ്ങൾ കിട്ടുന്നു.
കുട്ടികളുടെ ജന്മദിനാഘോഷങ്ങൾക്കു പുറമേ, കൊറിയക്കാർക്ക് ശിശുദിനം എന്നറിയപ്പെടുന്ന ഒരു ദേശീയ വിശേഷദിനമുണ്ട്. കുടുംബങ്ങൾ ഉല്ലാസവേളകൾക്കായി പുറത്തുപോകുകയും കുട്ടികൾക്ക് അവരുടെ ജന്മദിനം കണക്കിലെടുക്കാതെ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന സമയമാണത്. കൊറിയക്കാർക്ക് രക്ഷാകർത്തൃ ദിനവും അധ്യാപക ദിനവുമുണ്ട്. അന്നു കുട്ടികൾ മാതാപിതാക്കൾക്കും വിദ്യാർഥികൾ അധ്യാപകർക്കും സമ്മാനങ്ങൾ നൽകി അവരെ ആദരിക്കുന്നു. കൊറിയാക്കാരുടെ ആചാരമനുസരിച്ച്, ഒരു വ്യക്തിക്ക് 60 വയസ്സാകുമ്പോൾ വലിയ ഒരു സത്കാരം നടത്തുന്നു. ആ ജീവിത ഘട്ടത്തിൽ എത്തിയ ആൾക്കു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദീർഘായുസ്സും സന്തുഷ്ടിയും നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
ജനസമ്മതിയുള്ള ആചാരമനുസരിച്ചു സമ്മാനങ്ങൾ നൽകേണ്ട മറ്റൊരു സന്ദർഭം വിവാഹമാണ്. കെനിയയിൽ ഒരു ദമ്പതികൾ വിവാഹിതരാകുമ്പോൾ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനു സമ്മാനം നൽകാൻ പ്രതീക്ഷിക്കപ്പെടുന്നു. അതിഥികളും സമ്മാനങ്ങൾ കൊണ്ടുവരും. വധുവും വരനും പ്രസ്തുത ആചാരം അനുഷ്ഠിക്കുന്നപക്ഷം, ഒരു പ്ലാററ്ഫാറത്തിൽ ഇരിക്കും. തത്സമയം അതിഥികൾ തങ്ങളുടെ സമ്മാനങ്ങൾ കൊണ്ടുവരുന്നു. ഓരോരുത്തരും സമ്മാനം നൽകുമ്പോൾ, “ഇന്നയാൾ ദമ്പതികൾക്ക് ഒരു സമ്മാനം കൊണ്ടുവന്നിരിക്കുന്നു” എന്നു വിളിച്ചുപറയും. അത്തരമൊരു അംഗീകാരം ലഭിക്കാത്തപക്ഷം ദാതാക്കളിലനേകർക്കും കടുത്ത നീരസം തോന്നും.
ലെബനോൻകാരുടെ ഇടയിൽ ഒരാൾ വിവാഹം ചെയ്യുമ്പോൾ സുഹൃത്തുക്കളും അയൽക്കാരും ദമ്പതികളെ നന്നായി അറിയുകയില്ലാത്തവർപോലും വിവാഹത്തിനുശേഷം ദിവസങ്ങളോളം സമ്മാനങ്ങളുമായി വരുന്നു. സമ്മാനം നൽകുന്നതു കടം വീട്ടുന്നതുപോലെതന്നെ ഒരു ഉത്തരവാദിത്വമാണെന്നു ചെറുപ്പംമുതലേ അവർ പഠിപ്പിക്കപ്പെടുന്നു. “സമ്മാനം കൊടുത്തില്ലെങ്കിൽ ഒരു സുഖവുമുണ്ടാവില്ല” എന്ന് ഒരു ലെബനോൻകാരൻ പറയുന്നു. “അതു പാരമ്പര്യമാണ്.”
എന്നിരുന്നാലും, അനേക നാടുകളിലും സമ്മാനം നൽകാൻ പ്രതീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഏറ്റവും പ്രമുഖം ക്രിസ്മസാണ്. നിങ്ങളുടെ നാട്ടിലും അങ്ങനെതന്നെയല്ലേ? ക്രിസ്മസ് സമ്മാനങ്ങൾക്കുവേണ്ടി അമേരിക്കക്കാർ വർഷംതോറും 4,000 കോടി ഡോളറിലധികം ചെലവഴിക്കുന്നതായി 1990-ൽ കണക്കാക്കപ്പെട്ടു. ജപ്പാനിൽ ബുദ്ധമതക്കാരും ഷിന്റോ മതക്കാരും വലിയ ഉത്സാഹത്തോടെയാണ് ആ വിശേഷദിവസം കൊണ്ടാടുന്നത്. യൂറോപ്പിലും ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഈ ആഘോഷത്തിന്റെ നാനാരൂപങ്ങൾ നിലവിലുണ്ട്.
ആളുകൾ സന്തുഷ്ടരായിരിക്കാൻ പ്രതീക്ഷിക്കുന്ന ഒരു കാലഘട്ടമാണു ക്രിസ്മസ്, എന്നാൽ അനേകരും സന്തുഷ്ടരല്ല. സമ്മാനങ്ങൾ വാങ്ങുന്നതിലെ പരിഭ്രമവും തുക മുടക്കുന്നതു സംബന്ധിച്ചുള്ള ഉത്കണ്ഠയും തങ്ങൾ അനുഭവിക്കുന്ന ഏതൊരു ഉല്ലാസനിമിഷത്തെയും മൂടിക്കളയുന്നുവെന്നു കണ്ടെത്തുന്നവർ ചുരുക്കമൊന്നുമല്ല.
എങ്കിലും, സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടിയുണ്ടെന്നു ബൈബിൾ പറയുന്നു. തീർച്ചയായും ഉണ്ട്. എന്നാൽ അത്, സമ്മാനം കൊടുക്കുന്നതിന്റെ പിന്നിലെ മനോഭാവത്തെ ആശ്രയിച്ചിരിക്കും.—പ്രവൃത്തികൾ 20:35.