“ഞാൻ യഹോവയ്ക്കു വിലപ്പെട്ടവളാണ്!”
“ഇടപെടാൻ പ്രയാസമേറിയ” ഈ “കാലങ്ങ”ളിൽ യഹോവയുടെ വിശ്വസ്ത സേവകരിൽ അനേകർ ഒന്നിനുംകൊള്ളാത്തവരാണെന്ന തോന്നലുമായി നിരന്തര പോരാട്ടത്തിൽ ഏർപ്പെടുന്നു. (2 തിമോത്തി 3:1, NW) നമ്മുടെ സ്രഷ്ടാവു പോലും നമ്മെ സ്നേഹിക്കുന്നില്ലെന്നു നമ്മെ ധരിപ്പിക്കുന്നതു പിശാചിന്റെ ‘തന്ത്രങ്ങ’ളിൽ ഒന്നാണെന്നതിനാൽ അതിൽ അതിശയിക്കാനില്ല! (എഫേസ്യർ 6:11, NW, അടിക്കുറിപ്പ്) 1995 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിൽ “നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!” “സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്ക—എങ്ങനെ?” എന്നീ ശീർഷകങ്ങളിൽ സഭാ അധ്യയനത്തിനായുള്ള രണ്ടു ലേഖനങ്ങൾ ഉൾപ്പെടുത്തിയത് ഉചിതമായിരുന്നു. യഹോവ നമ്മുടെ ശ്രമങ്ങളെ മൂല്യവത്തായി കാണുന്നുവെന്നു നമ്മെ ഓർമിപ്പിക്കാൻ രൂപകൽപ്പന ചെയ്തതായിരുന്നു ഈ ലേഖനങ്ങൾ. വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടു ലഭിച്ച ചില അഭിപ്രായങ്ങൾ താഴെ കൊടുക്കുന്നു:
“യഹോവയുടെ സാക്ഷികളിലൊരാളായി ചെലവഴിച്ച 27 വർഷത്തിൽ എന്നെ ഇത്രയധികം സ്പർശിച്ചിട്ടുള്ള ഒരു മാസികയുമില്ല. എനിക്കു കരയാതിരിക്കാൻ കഴിഞ്ഞില്ല—ഈ ലേഖനങ്ങൾ എനിക്ക് അത്രമാത്രം ആശ്വാസം കൈവരുത്തി. യഹോവ എന്നെ അത്യന്തം സ്നേഹിക്കുന്നതുപോലെ എനിക്കിപ്പോൾ തോന്നുന്നു. എന്റെ തോളിൽനിന്നു ഭാരിച്ച ഒരു ചുമട് ഇറക്കിവച്ചതുപോലെയായിരുന്നു അത്.”—സി. എച്ച്.
“ഒരു ദിവസംതന്നെ നാലു പ്രാവശ്യം ഞാൻ ആ മാസിക വായിച്ചു. നിങ്ങൾക്കു യാതൊരു വിലയുമില്ലെന്നു നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളെ ഒരു നുണയാണു പഠിപ്പിച്ചിരിക്കുന്നത് എന്ന് ആ ലേഖനത്തിൽ പറഞ്ഞിരുന്ന വിധം ഞാൻ ആസ്വദിച്ചു. ഞാൻ ഇടയസന്ദർശനത്തിലും വീടുതോറുമുള്ള പ്രസംഗവേലയിലും ഈ ലേഖനം ഉപയോഗിക്കാൻ പോവുകയാണ്.”—എം. പി.
“യഹോവയെ സ്നേഹിക്കുന്നവർപോലും തങ്ങൾ ഒന്നിനുംകൊള്ളാത്തവരും സ്നേഹിക്കപ്പെടാത്തവരുമാണെന്നു തോന്നത്തക്കവിധത്തിൽ സാത്താൻ തകർപ്പൻ വേലയാണു ചെയ്തിരിക്കുന്നത്. യഹോവ നമ്മെ അഗാധമായി സ്നേഹിക്കുന്നുവെന്നും അവനുവേണ്ടി നാം ചെയ്യുന്ന നിസ്സാര കാര്യങ്ങളെല്ലാം അവൻ വിലമതിക്കുന്നുവെന്നും ‘വിശ്വസ്ത അടിമ’ ഓർമിപ്പിച്ചതാണ് എനിക്ക് ഏറ്റവും പ്രോത്സാഹജനകമായി അനുഭവപ്പെട്ടത്. ഈ ലേഖനങ്ങളിൽ നിങ്ങൾ പരാമർശിച്ച തോന്നലുകൾ വർഷങ്ങളായി എന്നെ അലട്ടുന്നുണ്ടായിരുന്നു. യഹോവയുടെ സ്നേഹത്തിനു യോഗ്യയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. തന്മൂലം അവന്റെ സ്നേഹം പിടിച്ചുപറ്റുന്നതിന് അവന്റെ സേവനത്തിൽ അധികമധികം ചെയ്യാൻ ഞാൻ ശ്രമിച്ചു. എന്നാൽ കുറ്റബോധവും ലജ്ജയുമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത്. തന്മൂലം ശുശ്രൂഷയിൽ എത്ര മണിക്കൂറുകൾ ചെലവിട്ടാലും എത്രതന്നെയാളുകളെ സഹായിച്ചാലും അതു പോരെന്ന് എനിക്കു തോന്നി. എന്നിലുള്ള പോരായ്മ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. ഇപ്പോൾ സ്നേഹത്താൽ പ്രേരിതമായി യഹോവയെ സേവിക്കുമ്പോൾ അവൻ പുഞ്ചിരിതൂകുന്നതായും എന്നെപ്പറ്റി അഭിമാനം കൊള്ളുന്നതായും ഞാൻ വിഭാവനം ചെയ്യുന്നു. ഇത് അവനോടുള്ള എന്റെ സ്നേഹം നിറഞ്ഞുകവിയുന്നതിനും കൂടുതൽ ചെയ്യുന്നതിനും എനിക്കു പ്രേരണയേകുന്നു. യഹോവയുടെ സേവനത്തിൽ ഞാൻ ഇപ്പോൾ അത്യന്തം സന്തോഷമനുഭവിക്കുന്നു.”—ആർ. എം.
“ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഹൃദയസ്പർശിയായ, ഏറ്റവും പരിപുഷ്ടിപ്പെടുത്തുന്ന, അതേ, അത്യന്തം മികച്ച ലേഖനങ്ങളായിരുന്നു അവ! 55 വർഷമായി വീക്ഷാഗോപുരത്തിന്റെ വായനക്കാരനാണു ഞാൻ. ശ്രദ്ധേയമായ അനേകം ലക്കങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ ഈ ലക്കം അതിനെയെല്ലാം കടത്തിവെട്ടുന്നു. നാം ‘ഒന്നിനുംകൊള്ളാത്തവർ’ ആണെന്നും ‘സ്നേഹിക്കപ്പെടാത്തവർ’ ആണെന്നും യഹോവയുടെ സ്നേഹം ‘പിടിച്ചുപറ്റാൻ’ മതിയാംവണ്ണം ഒരിക്കലും ചെയ്യാൻ കഴിയുകയില്ലെന്നുമുള്ള ആശങ്കകളെയും സന്ദേഹങ്ങളെയും ഭീതിയെയും അതു ദൂരീകരിക്കുന്നു. നമ്മുടെ സഹോദരങ്ങൾക്ക് അത്യന്തം ആവശ്യമായിരിക്കുന്ന ആത്മീയ സഹായം ഈ വീക്ഷാഗോപുരത്തിൽ അടങ്ങിയിരിക്കുന്നു. ഇടയസന്ദർശനം നടത്തുമ്പോൾ ഈ ലേഖനങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു.”—എഫ്. കെ.
“നമ്മുടെയിടയിൽ ആത്മാഭിമാനക്കുറവിനോടോ ആത്മനിന്ദാപരമായ വികാരങ്ങളോടോപോലും പോരാടുന്നവരെ സംബന്ധിച്ചിടത്തോളം സത്യത്തിൽ തുടരുന്നതിനുള്ള ബലം ആർജിക്കുക അത്യന്തം ദുഷ്കരമായിരിക്കാം. ഈ ലേഖനം അനുകമ്പയും സഹാനുഭൂതിയും ആഴത്തിൽ പ്രതിഫലിപ്പിച്ചതിനാൽ അതു കുളിർമയേകുന്ന, സൗഖ്യമാക്കുന്ന ഒരു ലേപനം ഹൃദയത്തിൽ പുരട്ടുന്നതുപോലെയായിരുന്നു. അത്തരം വാക്കുകൾ വീക്ഷാഗോപുരത്തിൽ വായിക്കുകയും യഹോവ നിസ്സംശയമായും നമ്മെ മനസ്സിലാക്കുന്നുണ്ട് എന്നറിയുകയും ചെയ്തത് എത്ര ആശ്വാസദായകമായിരുന്നു! കുറ്റബോധം, ലജ്ജ, ഭീതി എന്നിവയാൽ യഹോവ തന്റെ ജനത്തെ പ്രേരിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഓർമിപ്പിച്ചതിനു നന്ദി. ഞങ്ങളുടെ കുടുംബത്തിൽ സമീപകാലത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും നിമിത്തം പ്രസംഗവേലയിലുള്ള എന്റെ പങ്കു വളരെയധികം പരിമിതമാണെന്നുവരികിലും എനിക്കു ചെയ്യാൻ കഴിയുന്നതിൽ ഞാനിപ്പോഴും സംതൃപ്തി അനുഭവിക്കുന്നുണ്ട്. സ്നേഹം പ്രേരകശക്തിയായിരിക്കാൻ അനുവദിക്കുന്നതിനു ഞാൻ ശ്രമിക്കുമ്പോൾ സേവനത്തിൽ ഞാൻ ഏറെ സന്തുഷ്ടയാണ്.”—ഡി. എം.
“‘നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!’ എന്ന ലേഖനം ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. ഓരോ ഖണ്ഡികയും കണ്ണുകളെ ഈറനണിയിച്ചു. ഒട്ടുംതന്നെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു കുടുംബത്തിലാണു ഞാൻ വളർന്നത്. എന്നെ മറ്റുള്ളവർ അവമതിക്കുകയും കളിയാക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തന്മൂലം, ഒന്നിനുംകൊള്ളാത്തവനാണു ഞാൻ എന്നു തുടക്കംമുതലേ എനിക്കു തോന്നി. ആഴത്തിൽ വേരൂന്നിയ ഭൂതകാല സ്മരണകൾ കഷ്ടതയനുഭവിക്കുമ്പോൾ ഇപ്പോഴും എന്നെ അലട്ടുന്നു. ഒരു സഭാമൂപ്പനായി സേവനമനുഷ്ഠിക്കുന്നതു നിർത്തിയപ്പോൾ എന്നത്തെയുംപോലെ അത്, ദൈവത്തോടും എന്റെ കുടുംബത്തോടും സഭയിലെ എന്റെ സഹോദരങ്ങളോടുമുള്ള ഒരു പരാജയമായി എനിക്കു തോന്നി. ഈ തോന്നലുകൾ രായ്ക്കുരാമാനം അപ്രത്യക്ഷമാകുന്നില്ല. എന്നാൽ ഒരളവോളം സമചിത്തത വീണ്ടെടുക്കാൻ ഈ സമയോചിത ലേഖനം എന്നെ സഹായിച്ചിരിക്കുന്നു. അത് എന്റെ വീക്ഷണഗതിയെ ശോഭനമാക്കിയിരിക്കുന്നു.”—ഡി. എൽ.
“‘നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!’ എന്ന ലേഖനത്തിനു നന്ദി. കുട്ടിക്കാലത്തു നേരിട്ട ദുഷ്പെരുമാറ്റത്തിൽ വേരൂന്നിയിരിക്കുന്ന തീവ്രമായ ആത്മദ്വേഷത്തെയും ഒന്നിനുംകൊള്ളുകയില്ലെന്ന ആഴമായ തോന്നലുകളെയും നേരിടുകയാണു ഞാൻ. ഈ വികലമായ വീക്ഷണം സാത്താന്റെ തന്ത്രമാണെന്നു വീക്ഷിക്കുന്നതു തികച്ചും ഉചിതമാണ്. ജീവിക്കാനുള്ള ഒരുവന്റെ മനോവീര്യത്തെപ്പോലും അതിനു ചവിട്ടിയരക്കാൻ കഴിയും. ഞാൻ സ്നേഹിക്കപ്പെടാൻ യോഗ്യനല്ലെന്ന നുണയെ ചെറുക്കുന്നതിന് ഞാൻ ദിവസേന ശ്രമിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ ലേഖനം ഒരുപക്ഷേ നിങ്ങൾക്ക് ഊഹിക്കാവുന്നതിലധികം അർഥവത്താണ്.”—സി. എഫ്.
“നിർബന്ധത്താലോ സമ്മർദത്താലോ അല്ല, മറിച്ച് സ്നേഹത്താൽ പ്രേരിതമായ പ്രവൃത്തികളെ യഹോവ വിലമതിക്കുന്നുവെന്ന ചിന്തയോടു സഹോദരങ്ങൾ ഇന്നു പ്രത്യേകിച്ചും പ്രതികരിക്കുന്നു. യഹോവയുടെ ഊഷ്മളവും പ്രീതിജനകവുമായ വ്യക്തിത്വം, വ്യക്തികളെന്നനിലയിൽ ആളുകളിലുള്ള അവന്റെ താത്പര്യം, അവൻ സ്വയം ലഭ്യമാക്കിത്തീർക്കുന്ന സ്നേഹനിർഭരമായ വിധം എന്നിവയെപ്പറ്റി പരിചിന്തിക്കുന്നതു നവോന്മേഷദായകവും പ്രചോദനാത്മകവുമാണ്. അതിന്റെയടിസ്ഥാനത്തിൽ, “നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!” എന്ന ലേഖനം കൈപ്പറ്റിയ ഉടൻതന്നെ അനേകർ വിലമതിപ്പു പ്രകടമാക്കി. യഹോവയുമായി കൂടുതൽ വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ അതു വഴി തുറക്കുന്നതായി തോന്നുന്നു. സമീപകാലത്തെ വീക്ഷാഗോപുരം മാസികകളിൽ പ്രകടമായിരിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള എഴുത്തിന്റെ ശൈലിയിൽ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാനും ഭാര്യയും ആഗ്രഹിക്കുന്നു. സഭകൾ സന്ദർശിക്കുമ്പോൾ ബാധകമാക്കേണ്ടതിന് ഈ ആശയങ്ങളിലനേകവും പ്രവൃത്തിപഥത്തിൽ വരുത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്.”—ഒരു സഞ്ചാരമേൽവിചാരകനിൽനിന്ന്.
“30 വർഷമായി ഞാൻ ഒരു നിരന്തര വായനക്കാരിയാണ്. എന്നാൽ ഇത്രയും പ്രേരണാത്മകമായ, കെട്ടുപണിചെയ്യുന്ന ഒന്ന് ഞാൻ ഇന്നേവരെ വായിച്ചിട്ടില്ല. ശക്തമായ, വിദഗ്ധമായി ബാധകമാക്കിയിരിക്കുന്ന തിരുവെഴുത്തുകൾ എന്റെ വികാരങ്ങളിൽ ഒളിഞ്ഞുകിടന്നിരുന്ന നുണകളെ പിഴുതെറിയുന്നതിന്, യഹോവയോട് അടുത്തു ചെല്ലാൻ അനുവദിക്കുന്നവിധത്തിൽ എന്നെ സഹായിച്ചിരിക്കുന്നു. ഞാൻ വർഷങ്ങളോളം യഹോവയെ സേവിച്ചതു കുറ്റബോധം നിമിത്തമാണ്. മറുവിലയും ദൈവസ്നേഹവും സംബന്ധിച്ച് എനിക്കു വെറും മാനസിക ഗ്രാഹ്യമേ ഉണ്ടായിരുന്നുള്ളൂ. ഉൾക്കാഴ്ച പകരുന്നതും ചിന്താപൂരിതവുമായ അത്തരം ലേഖനങ്ങൾക്കു നന്ദി. അതുപോലുള്ള അനേകം ലേഖനങ്ങൾ വായിക്കാമെന്നു ഞാൻ ആശിക്കുന്നു.”—എം. എസ്.
“സത്യത്തിലായിരുന്ന 29 വർഷത്തിനിടയിൽ എന്നെ ഇത്രയും കൃതജ്ഞതയുള്ളവളും ആഴത്തിൽ വികാരഭരിതയും ആക്കിയ ഒരു ലേഖനം വായിച്ചതായി ഞാൻ ഓർക്കുന്നില്ല. വളരെയധികം സ്നേഹവും പരിചരണവും നൽകിയ ഒരു കുടുംബത്തിലാണു ഞാൻ വളർന്നുവന്നതെങ്കിലും ജീവിക്കാൻ യോഗ്യതയുള്ളവളായി എനിക്കൊരിക്കലും തോന്നിയിട്ടില്ല, യഹോവയെ സേവിക്കുന്നതിനെക്കുറിച്ച് ഒട്ടു പറയുകയുംവേണ്ട. ഈ ലേഖനം വായിച്ചശേഷം മുട്ടിന്മേൽനിന്ന് ഏങ്ങിക്കരഞ്ഞുകൊണ്ടു ഞാൻ യഹോവയ്ക്കു നന്ദി പറഞ്ഞു. ഈ ലേഖനം എനിക്ക് എന്നെന്നും പ്രിയപ്പെട്ടതായിരിക്കും. ഞാൻ എന്നെ വ്യത്യസ്തമായി വീക്ഷിക്കും, കാരണം “ഞാൻ യഹോവയ്ക്കു വിലപ്പെട്ടവളാണ് എന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.”—ഡി. ബി.