രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
എല്ലാ അവസരങ്ങളിലും രാജ്യവിത്തു വിതയ്ക്കുന്നു
ദൈവവചനമാകുന്ന ബൈബിൾ കഠിനാധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്നു. ശലോമോൻ രാജാവു പറഞ്ഞു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.”—സഭാപ്രസംഗി 11:6.
ഉചിതമായ എല്ലാ സന്ദർഭങ്ങളിലും, യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് “വിത്ത്” വിതെക്കുന്നു. 230-ലേറെ ദേശങ്ങളിലും ദ്വീപസമൂഹങ്ങളിലുമായി അവർ “വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടി”രിക്കുന്നു. (പ്രവൃത്തികൾ 5:42) യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിൽ ‘തങ്ങളുടെ കൈകൾ ഇളെച്ചിരിക്കാതി’രുന്നിട്ടുള്ളത് എങ്ങനെയെന്ന് പിൻവരുന്ന അനുഭവങ്ങൾ കാണിക്കും.
□ കേപ് വെർഡ് റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ വയൽശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരു ജയിലിനരികിലൂടെ നടക്കുകയായിരുന്നു. ജയിൽമുറ്റത്തുള്ള ഒരു വൃക്ഷത്തിന്മേൽ ചില തടവുകാർ കയറി ഇരിപ്പുണ്ടായിരുന്നു. താഴെ സാക്ഷിയെ കണ്ടപ്പോൾ തടവുകാർ ഏതാനും മാസികകൾ തരാമോയെന്നു വിളിച്ചുചോദിച്ചു. സാക്ഷി വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെ കുറെ പ്രതികൾ ഒരു കല്ലിനോടു ചേർത്തുകെട്ടി ജയിലിന്റെ മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുത്തു. ഈ പ്രഥമ താത്പര്യത്തിന്റെ ഫലമായി 12 ബൈബിളധ്യയനങ്ങൾ തുടങ്ങി. തടവുകാരിൽ മൂന്നു പേർ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ജലസ്നാപനമേൽക്കുകയും ചെയ്തു. തടവുകാരിൽ ഒരാൾ ഇപ്പോൾ ഒരു വർഷത്തിലേറെയായി ഒരു മുഴുസമയ സുവിശേഷകൻ അല്ലെങ്കിൽ പയനിയർ ആയി സേവിക്കുന്നു. എങ്കിലും ജയിലിൽ അവർ വയൽസേവന പ്രവർത്തനങ്ങൾ നടത്തുന്നത് എങ്ങനെയാണ്? ആദ്യം ജയിലിനെ പ്രദേശങ്ങളായി വിഭജിക്കുന്നു. പിന്നീട് പ്രദേശം മൂന്നു സാക്ഷികൾക്കിടയിൽ വീതിച്ചുകൊടുക്കുന്നു. തടവറകൾതോറും അവർ സാക്ഷീകരിക്കുന്നു. ഈ രാജ്യപ്രഘോഷകർ ഏറെക്കുറെ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെതന്നെയാണ് താത്പര്യത്തെ പിന്തുടരുന്നത്—മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട്. എങ്കിലും ഒരു വ്യത്യാസമുള്ളത്, ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ ആവർത്തനമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒരു മണിക്കൂറോ മറ്റോ ബൈബിൾ പഠിക്കുന്നതിനുപകരം ചില തടവുകാർ എല്ലാ ദിവസവും പഠിക്കുന്നു! ഇതിനുപുറമേ ജയിലിനുള്ളിൽത്തന്നെ എല്ലാ സഭായോഗങ്ങളും നടത്താനുള്ള അനുമതി ജനറൽ ഡയറക്ടറിൽനിന്നു സാക്ഷികൾക്കു ലഭിച്ചിട്ടുണ്ട്.
□ പോർച്ചുഗലിലെ ഒരു സ്ത്രീക്കു തന്റെ മുത്തശ്ശിയുടെ മരണശേഷം ഒട്ടേറെ വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ അവകാശമായി കിട്ടി. അവർ ഒരു യഹോവയുടെ സാക്ഷിയല്ലാതിരുന്നതുകൊണ്ട് പുസ്തകങ്ങൾ സൂക്ഷിക്കാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എങ്കിലും അവ നശിപ്പിക്കാൻ അവർക്കു മടിയായിരുന്നു. ഒരു ദിവസം വാതിൽതോറുമുള്ള ശുശ്രൂഷയ്ക്കിടയിൽ അവരെ സന്ദർശിച്ച ഒരു യഹോവയുടെ സാക്ഷിയോട് പുസ്തകശേഖരത്തെക്കുറിച്ച് അവൾ പറഞ്ഞു. പുസ്തകശേഖരത്തിന്റെ യഥാർഥ മൂല്യത്തെക്കുറിച്ച് എന്തെങ്കിലും അറിയാമോയെന്നു സാക്ഷി അവരോടു ചോദിച്ചു. സ്ത്രീ പ്രതിവചിച്ചു: “ഉള്ളതു പറഞ്ഞാൽ, അവയുടെ യഥാർഥ മൂല്യം എനിക്കറിയില്ല. പക്ഷേ എനിക്ക് അതെങ്ങനെ കണ്ടെത്താനാകും?” സ്ത്രീ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. താമസിയാതെ മുത്തശ്ശിയുടെ പുസ്തകശേഖരം അവർ കാത്തുസൂക്ഷിക്കാനിടയായി. ഇപ്പോൾ അവരും യഹോവയുടെ സ്നാപനമേറ്റ ഒരു സാക്ഷിയാണ്. അതിലുപരി, അവരുടെ മകളും അടുത്ത കുടുംബസുഹൃത്തും ബൈബിൾ പഠിക്കുന്നുണ്ട്. ഈ പുസ്തകശേഖരം എത്ര വിലയേറിയ ഒരു സ്വത്താണെന്നു തെളിഞ്ഞു!