വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മധ്യസ്ഥസമിതിയിൽ സേവിക്കാൻ ക്രിസ്ത്യാനിയെ വിളിച്ചാൽ എന്തു ചെയ്യണം?
ചില നാടുകളിൽ, നീതിന്യായ വ്യവസ്ഥ പൗരന്മാരിൽനിന്നു തിരഞ്ഞെടുക്കുന്ന മധ്യസ്ഥസമിതികളെ ഉപയോഗിക്കുന്നു. ഇതുള്ളിടത്ത്, മധ്യസ്ഥസമിതിയിൽ സേവിക്കാൻ ഒരു ക്രിസ്ത്യാനിയെ ക്ഷണിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അയാൾതന്നെ തീരുമാനിക്കേണ്ടിവരും. ഹാജരാകുന്നതിനെ ബൈബിൾ തത്ത്വങ്ങൾ വിലക്കുന്നില്ലെന്ന് അനേകം ക്രിസ്ത്യാനികൾ നല്ല മനസ്സാക്ഷിയോടെ നിഗമനം ചെയ്തിട്ടുണ്ട്. ദൂരാ സമതലത്തിൽ കൂടിവരാനുള്ള ബാബിലോന്യ ഗവൺമെൻറിന്റെ ഉത്തരവനുസരിച്ച് ശദ്രക്കും മേശെക്കും അബേദ്നെഗോവും പ്രവർത്തിച്ചു. അതുപോലെതന്നെ, റോമൻ അധികാരികളുടെ ഉത്തരവിൻപ്രകാരം യോസേഫും മറിയയും ബേത്ലഹെമിലേക്കു പോയി. (ദാനീയേൽ 3:1-12; ലൂക്കൊസ് 2:1-4) എങ്കിലും, ആത്മാർഥതയുള്ള ക്രിസ്ത്യാനികൾ പരിഗണനയിലെടുക്കേണ്ട ചില ഘടകങ്ങളുണ്ട്.
മധ്യസ്ഥസമിതിയെ ഉപയോഗിക്കുന്ന സമ്പ്രദായം എല്ലായിടത്തുമുള്ള ഒന്നല്ല. ചില നാടുകളിൽ, സാമൂഹികമോ കുറ്റകൃത്യസംബന്ധമോ ആയ കേസുകൾക്കു തീർപ്പു കൽപ്പിക്കുന്നതു വിദഗ്ധനായ ഒരു ജഡ്ജിയോ ഒരു കൂട്ടം ജഡ്ജിമാരോ ആണ്. മറ്റുള്ളിടങ്ങളിൽ, പൊതുനിയമം എന്നറിയപ്പെടുന്ന ഒരു രീതിയാണുള്ളത്. മധ്യസ്ഥസമിതികൾ നീതിന്യായപ്രക്രിയയുടെ ഭാഗമാണ്. മധ്യസ്ഥസമിതികളെ തിരഞ്ഞെടുക്കുന്ന രീതിയും അവർ വഹിക്കുന്ന ധർമവും സംബന്ധിച്ച് മിക്കയാളുകൾക്കും കാര്യമായ അറിവൊന്നുമില്ല. അതുകൊണ്ട്, നിങ്ങൾ മധ്യസ്ഥസമിതിയിൽ ചേരേണ്ട സാഹചര്യത്തെ നേരിട്ടാലും ഇല്ലെങ്കിലും, അതു സംബന്ധിച്ച പൊതുവിജ്ഞാനം ഉണ്ടായിരിക്കുന്നതു നല്ലതാണ്.
ദൈവജനം പരമോന്നത ന്യായാധിപനായി അംഗീകരിക്കുന്നത് യഹോവയെയാണ്. (യെശയ്യാവു 33:22) പുരാതന ഇസ്രായേലിൽ, നേരുള്ളവരും നിഷ്പക്ഷമതികളുമായ അനുഭവജ്ഞാനമുള്ള പുരുഷന്മാർ തർക്കങ്ങൾ പരിഹരിക്കാനും നിയമസംബന്ധമായ പ്രശ്നങ്ങൾക്കു തീർപ്പു കൽപ്പിക്കാനും ന്യായാധിപന്മാരായി സേവിച്ചു. (പുറപ്പാടു 18:13-22; ലേവ്യപുസ്തകം 19:15; ആവർത്തനപുസ്തകം 21:18-21) യേശു ഭൂമിയിൽ വന്ന കാലമായപ്പോഴേക്കും, നീതിന്യായധർമം കൈകാര്യം ചെയ്തത് യഹൂദ ഹൈക്കോടതിയായ സൻഹെദ്രീമായിരുന്നു. (മർക്കൊസ് 15:1; പ്രവൃത്തികൾ 5:27-34) സാധാരണക്കാരനായ യഹൂദൻ പൗരമധ്യസ്ഥസമിതിയിൽ സേവിക്കുന്നതിനുള്ള ക്രമീകരണമൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ മറ്റു ദേശങ്ങളിൽ പൗരന്മാർ ഉൾപ്പെട്ട മധ്യസ്ഥസമിതികൾ ഉണ്ടായിരുന്നു. സോക്രട്ടീസിനെ വിചാരണ ചെയ്തത് 501 അംഗങ്ങളുള്ള മധ്യസ്ഥസമിതിയായിരുന്നു. മധ്യസ്ഥസമിതി വിചാരണ ചെയ്യുന്ന സമ്പ്രദായം റോമൻ റിപ്പബ്ലിക്കിലുമുണ്ടായിരുന്നു. എങ്കിലും, ആ സമ്പ്രദായം ചക്രവർത്തി ഭരണം വന്നതോടെ എടുത്തുകളഞ്ഞു. പിന്നീട്, അയൽക്കാർ ചേർന്നു പ്രതിയെ ന്യായം വിധിക്കുന്ന രീതി ഇംഗ്ലണ്ടിലെ ഹെൻട്രി മൂന്നാമൻ രാജാവ് ഏർപ്പെടുത്തി. പ്രതിയെ അയൽക്കാർക്ക് അറിയാമായിരുന്നതിനാൽ അവരുടെ വിധി, പോരാട്ടത്തിലൂടെയോ ഏതെങ്കിലും അഗ്നിപരീക്ഷയെ അതിജീവിക്കുന്നതിലൂടെയോ അയാളുടെ നിഷ്കളങ്കത്വം തെളിയിക്കാൻ ശ്രമിക്കുന്ന രീതികളെക്കാൾ ന്യായമുള്ളതായിരിക്കുമെന്നു കരുതിയിരുന്നു. കാലം കടന്നുപോയതോടെ മധ്യസ്ഥസമിതി എന്ന സമ്പ്രദായം മറ്റൊരു രീതിക്കു വഴിമാറി. ആ രീതിയനുസരിച്ച്, പൗരന്മാരുടെ ഒരു സംഘം കേസ് വിചാരണ ചെയ്ത് തെളിവിന്റെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിക്കണമായിരുന്നു. തെളിവു സംബന്ധിച്ച കാര്യങ്ങളിൽ വിദഗ്ധനായ ഒരു ജഡ്ജി അവർക്കു മാർഗനിർദേശം നൽകുകയും ചെയ്തിരുന്നു.
മധ്യസ്ഥസമിതികളുടെ തരം, അതിലെ അംഗങ്ങളുടെ എണ്ണം, വിധിയിൽ എത്തിച്ചേരുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ എന്നിവയിൽ വൈവിധ്യമുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ 12 മുതൽ 23 വരെ അംഗങ്ങൾ ഉൾപ്പെട്ട ഒരു മഹാമധ്യസ്ഥസമിതി, ഒരു വ്യക്തിയുടെമേൽ കുറ്റകൃത്യം ആരോപിക്കുന്നതിനു മതിയായ തെളിവുണ്ടോയെന്നു തീരുമാനിക്കുന്നു; അയാളുടെ കുറ്റമോ നിരപരാധിത്വമോ അതു നിശ്ചയിക്കുന്നില്ല. സമാനമായി, സംശയാസ്പദമായ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന മധ്യസ്ഥസമിതിയാണെങ്കിൽ (അന്വേഷണ മധ്യസ്ഥസമിതി), മധ്യസ്ഥസമിതിയംഗങ്ങൾ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നു നിർണയിക്കുന്നതിനുള്ള തെളിവു പരിശോധിക്കുന്നു.
മധ്യസ്ഥസമിതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ മിക്കയാളുകൾക്കുമുള്ള ധാരണ, ഒരു സാമൂഹിക തർക്കത്തിലോ കുറ്റകൃത്യ കേസിലോ കുറ്റമോ നിരപരാധിത്വമോ തീരുമാനിക്കാൻ സാക്ഷിമൊഴി കേട്ടു വിചാരണ നടത്താൻ ഇരിക്കുന്ന 12 പൗരന്മാരുടെ സംഘത്തെക്കുറിച്ചുള്ളതാണ്. ഇതു മഹാമധ്യസ്ഥസമിതിയിൽനിന്നു വ്യത്യസ്തമായ (കൊച്ചു) മധ്യസ്ഥസമിതിയാണ്. സാധാരണമായി, വോട്ടർമാരുടെയോ ലൈസൻസുള്ള ഡ്രൈവർമാരുടെയോ മറ്റും പട്ടികയിൽനിന്നു തിരഞ്ഞെടുക്കുന്ന വ്യക്തികൾ ഹാജരാകണമെന്നു പറഞ്ഞ് കോടതി അവർക്കു നോട്ടീസയയ്ക്കുന്നു. കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടിട്ടുള്ളവരും മാനസികമായി പക്വതയില്ലാത്തവരും സ്വതവേതന്നെ അയോഗ്യരായിത്തീരുന്നു. പ്രാദേശിക നിയമത്തെ ആശ്രയിച്ച്, ഡോക്ടർമാർ, പുരോഹിതന്മാർ, അഭിഭാഷകർ, ചെറിയ ബിസിനസ് ഉടമകൾ എന്നിങ്ങനെയുള്ളവർക്ക് അതിൽനിന്ന് ഒഴിവ് ആവശ്യപ്പെടാവുന്നതാണ്. (മധ്യസ്ഥസമിതിയിൽ സേവിക്കുന്നതിനോടു വ്യക്തിഗതമായി മനഃസാക്ഷിപരമായ എതിർപ്പുള്ള ചിലർക്ക് അതിൽനിന്ന് ഒഴിവു ലഭിച്ചേക്കാം) എന്നാൽ, ഒരുപക്ഷേ വർഷത്തിൽ പല പ്രാവശ്യം, മധ്യസ്ഥസമിതിയിൽ ചെല്ലാനുള്ള കടപ്പാട് എല്ലാവർക്കും ഉണ്ടായിരിക്കത്തക്കവണ്ണം, ഒഴികഴിവുകൾ ഇല്ലാതാക്കാൻ അധികാരികൾ കൂടുതലായി ശ്രമിച്ചുവരുകയാണ്.
മധ്യസ്ഥസമിതിയിൽ സേവിക്കാനായി ചെല്ലുന്ന എല്ലാവരും അവശ്യം മധ്യസ്ഥസമിതിയംഗങ്ങളായി വിചാരണയ്ക്ക് ഇരിക്കണമെന്നില്ല. മധ്യസ്ഥസമിതിയിൽ സേവിക്കാനായി വിളിക്കപ്പെടുന്നവരുടെ കൂട്ടത്തിൽനിന്ന് ചിലരെ പ്രത്യേക കേസുകൾക്കുള്ള ഭാവി മധ്യസ്ഥസമിതിയംഗങ്ങളായി പ്രത്യേകിച്ച് ഒരു മാനദണ്ഡവുംകൂടാതെ തിരഞ്ഞെടുക്കുന്നു. എന്നിട്ട് ജഡ്ജി വാദിയെയും പ്രതിയെയും അവരുടെ അഭിഭാഷകരെയും പരിചയപ്പെടുത്തുകയും കേസിന്റെ സ്വഭാവം വിവരിക്കുകയും ചെയ്യുന്നു. ജഡ്ജിയും അഭിഭാഷകരും മധ്യസ്ഥസമിതിയംഗമായിരിക്കാൻ സാധ്യതയുള്ള ഓരോരുത്തരെയും പരിശോധിക്കുന്നു. കേസിന്റെ സ്വഭാവം നിമിത്തം മധ്യസ്ഥസമിതിയിൽ സേവിക്കാതിരിക്കുന്നതിനുള്ള മനസ്സാക്ഷിപൂർവകമായ കാരണം തുറന്നു പറയാനുള്ള സമയം അപ്പോഴാണ്.
യഥാർഥത്തിൽ പ്രസ്തുത കേസിന്റെ വിചാരണയ്ക്ക് ഇരിക്കുന്നവർ മാത്രമേ സംഘത്തിലുണ്ടായിരിക്കാവൂ. കേസിലെ താത്പര്യം നിമിത്തം നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ആരെയും ജഡ്ജി പിരിച്ചുവിടുന്നതായിരിക്കും. മാത്രമല്ല, ഓരോ കക്ഷിയുടെയും അഭിഭാഷകർക്ക് ഏതാനും മധ്യസ്ഥസമിതിയംഗങ്ങളെ വേണ്ടന്നുവെക്കാനുള്ള പ്രത്യേക അധികാരം ഉണ്ടായിരിക്കാം. ആ മധ്യസ്ഥസമിതിയിൽനിന്നു പിരിച്ചുവിടപ്പെടുന്നവർക്ക്, മറ്റുള്ള കേസുകൾക്കായി എപ്പോഴെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നതിനു കൂട്ടത്തിലേക്കു മടങ്ങിപ്പോകാവുന്നതാണ്. ആ സാഹചര്യത്തിലുള്ള ചില ക്രിസ്ത്യാനികൾ അനൗപചാരിക സാക്ഷീകരണം നടത്തുന്നതിന് ആ സന്ദർഭം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തി വാസ്തവത്തിൽ മധ്യസ്ഥനായി സേവിച്ചാലും ഇല്ലെങ്കിലും കുറെ ദിവസങ്ങൾക്കുശേഷം അയാളുടെ മധ്യസ്ഥസമിതിയംഗ ഉത്തരവാദിത്വം അവസാനിക്കും.
“പരകാര്യത്തിൽ” ഇടപെടാതെ ‘സ്വന്തകാര്യം നോക്കാൻ’ ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. (1 പത്രൊസ് 4:15; 1 തെസ്സലൊനീക്യർ 4:11) സ്വത്തവകാശം സംബന്ധിച്ച ഒരു പ്രശ്നത്തിൽ ന്യായം വിധിക്കാൻ ഒരു യഹൂദൻ യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ, അവൻ ഇങ്ങനെ പ്രതിവചിച്ചു: “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ?” (ലൂക്കൊസ് 12:13, 14) യേശു വന്നതു രാജ്യസുവാർത്ത പ്രഘോഷിക്കാനാണ്, അല്ലാതെ നിയമപരമായ കാര്യങ്ങളിൽ വിധി കൽപ്പിക്കാനായിരുന്നില്ല. (ലൂക്കൊസ് 4:18, 43) ദൈവത്തിന്റെ ന്യായപ്രമാണത്തിൽ കൊടുത്തിരിക്കുന്ന രീതി ഉപയോഗിച്ചു തർക്കം പരിഹരിക്കാൻ യേശുവിന്റെ പ്രതികരണം ആ മനുഷ്യനെ പ്രേരിപ്പിച്ചിരിക്കാം. (ആവർത്തനപുസ്തകം 1:16, 17) അത്തരം ആശയങ്ങൾ പ്രസക്തമാണെങ്കിൽ പോലും, മധ്യസ്ഥസമിതിയിൽ സേവിക്കാൻ ചെല്ലണമെന്നുള്ള ഒരു ഉത്തരവിനോടു പ്രതികരിക്കുന്നത് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിനെക്കാൾ വ്യത്യസ്തമായ ഒന്നാണ്. അങ്ങനെയുള്ള സാഹചര്യം ദാനീയേലിന്റെ മൂന്നു കൂട്ടുകാരുടെ സാഹചര്യത്തോട് ഏറെ സമാനമാണ്. ദൂരാ സമതലത്ത് എത്താൻ ബാബിലോന്യ ഗവൺമെൻറ് അവരോടു കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തത് ദൈവത്തിന്റെ ന്യായപ്രമാണത്തെ ലംഘിച്ചില്ല. അതിനുശേഷം അവർ ചെയ്തത്, ബൈബിൾ പ്രകടമാക്കുന്നതുപോലെ, മറ്റൊരു സംഗതി ആയിരുന്നു.—ദാനീയേൽ 3:16-18.
ദൈവദാസന്മാർ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലാതായപ്പോൾ വിവിധ ദേശങ്ങളിലുള്ള ലൗകിക കോടതികളുമായി അവർക്ക് ഇടപെടേണ്ടതായിവന്നു. ഭിന്നതകൾ സഭയ്ക്കുള്ളിൽ പരിഹരിക്കാൻ അപ്പോസ്തലനായ പൗലൊസ് കൊരിന്തിലെ ‘വിശുദ്ധൻമാരെ’ ഉദ്ബോധിപ്പിച്ചു. ലൗകിക കോടതികളിലെ നീതിപീഠത്തെ ‘അഭക്തൻമാർ’ എന്നു താൻ പരാമർശിക്കുന്നെങ്കിലും, അതിനു ലൗകിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു പങ്കുണ്ടെന്നുള്ള സംഗതി പൗലൊസ് നിഷേധിച്ചില്ല. (1 കൊരിന്ത്യർ 6:1) അവൻ റോമൻ നീതിന്യായ സംവിധാനത്തിൽ തനിക്കുവേണ്ടിത്തന്നെ വാദിക്കുക മാത്രമല്ല, കൈസർക്ക് അപ്പീൽ ബോധിപ്പിക്കുകയും ചെയ്തു. ലൗകിക കോടതികൾ അടിസ്ഥാനപരമായി കൊള്ളുകയില്ലെന്നതല്ല ആശയം.—പ്രവൃത്തികൾ 24:10; 25:10, 11.
“ശ്രേഷ്ഠാധികാരങ്ങ”ളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒന്നാണു ലൗകിക കോടതികൾ. അത്തരം അധികാരങ്ങൾ “ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.” അവ നിയമങ്ങൾ നിർമിച്ച് പ്രാബല്യത്തിൽ വരുത്തുന്നു. പൗലൊസ് എഴുതി: “നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.” അത് അത്തരം നിയമാനുസൃത ധർമങ്ങൾ നിറവേറ്റുമ്പോൾ ക്രിസ്ത്യാനികൾ ‘ആ അധികാരത്തോടു മറുക്കുന്നില്ല.’ കാരണം, ‘അതിനോടു മറുത്ത്’ ശിക്ഷാവിധി ലഭിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.—റോമർ 13:1-4; തീത്തൊസ് 3:1.
തങ്ങളുടെ നിലപാടുകൾ സമനിലയിൽ നിർത്തുമ്പോൾ, കൈസർ ആവശ്യപ്പെടുന്ന ചില കാര്യങ്ങൾക്കു വഴങ്ങാമോ എന്നു ക്രിസ്ത്യാനികൾ പരിചിന്തിക്കേണ്ടതാണ്. പൗലൊസ് ഇങ്ങനെ ബുദ്ധ്യുപദേശം നൽകി: “എല്ലാവർക്കും [ശ്രേഷ്ഠാധികാരങ്ങൾക്കു] കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം.” (റോമർ 13:7) പണപരമായ നികുതി സംബന്ധിച്ച വളച്ചുകെട്ടില്ലാത്ത ഒരു വിവരമാണത്. (മത്തായി 22:17-21) റോഡുകൾ വൃത്തിയാക്കാനും കൈസരുടെ ധർമങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു ജോലികൾ നിർവഹിക്കാനും തങ്ങളുടെ സമയവും ശ്രമങ്ങളും പൗരന്മാർ നൽകണമെന്ന് കൈസർ പറയുകയാണെങ്കിൽ, അതിനു വഴങ്ങണമോ എന്നതു സംബന്ധിച്ച് ഓരോ ക്രിസ്ത്യാനിയും തീരുമാനിക്കണം.—മത്തായി 5:41.
കൈസർക്കുള്ളതു കൈസർക്കു കൊടുക്കുന്നതായിട്ടാണ് മധ്യസ്ഥസമിതിയിലെ സേവനത്തെ ചില ക്രിസ്ത്യാനികൾ വീക്ഷിച്ചിട്ടുള്ളത്. (ലൂക്കൊസ് 20:25) തെളിവുകൾ കേട്ട് വസ്തുതയോ നിയമമോ സംബന്ധിച്ച കാര്യങ്ങളിൽ സത്യസന്ധമായ അഭിപ്രായം നൽകുക എന്നതാണ് മധ്യസ്ഥസമിതിയുടെ ഉത്തരവാദിത്വത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, മഹാമധ്യസ്ഥസമിതിയുടെ കാര്യത്തിലാണെങ്കിൽ, ഒരാളെ കോടതിവിസ്താരത്തിനു വിധേയമാക്കാനാവശ്യമായ തെളിവുണ്ടോ എന്നേ മധ്യസ്ഥസമിതികൾ തീരുമാനിക്കുന്നുള്ളൂ, കുറ്റം സംബന്ധിച്ച് അവർ തീർപ്പു കൽപ്പിക്കുന്നില്ല. പൊതു വിചാരണയുടെ കാര്യമാണെങ്കിലോ? ഒരു സിവിൽ കേസിൽ മധ്യസ്ഥസമിതി നഷ്ടപരിഹാരമോ ചെലവുകളോ കൊടുക്കാൻ വിധിച്ചേക്കാം. കുറ്റകൃത്യ കേസിൽ, കുറ്റവിധിയെ പിൻതാങ്ങുന്നതാണോ തെളിവെന്ന് അവർ നിശ്ചയിക്കേണ്ടിവരും. നിയമം അനുശാസിക്കുന്ന ഏതു വിധിയാണു നൽകേണ്ടതെന്ന് അവർ ചിലപ്പോൾ ശുപാർശ ചെയ്യുന്നു. അപ്പോൾ, “ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി” അല്ലെങ്കിൽ ‘ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനായി’ ഗവൺമെൻറ് അതിന്റെ അധികാരം ഉപയോഗിക്കുന്നു.—1 പത്രൊസ് 2:14.
ഒരു പ്രത്യേക മധ്യസ്ഥസമിതിയിൽ സേവിക്കാൻ മനസ്സാക്ഷി തന്നെ അനുവദിക്കുന്നില്ലെന്ന് ഒരു ക്രിസ്ത്യാനി വിചാരിക്കുന്നെങ്കിലോ? മധ്യസ്ഥസമിതിയിലെ ചുമതലയെക്കുറിച്ച് ബൈബിൾ പറയാത്തതിനാൽ, ‘ഏതെങ്കിലും മധ്യസ്ഥസമിതിയിൽ സേവിക്കുന്നത് എന്റെ മതത്തിന് എതിരാണ്’ എന്നു പറയാൻ അയാൾക്കാവില്ല. കേസിനെ ആശ്രയിച്ച്, ഒരു പ്രത്യേക കേസ് കൈകാര്യം ചെയ്യുന്ന മധ്യസ്ഥസമിതിയിൽ സേവിക്കുന്നത് തന്റെ വ്യക്തിപരമായ മനസ്സാക്ഷിക്ക് എതിരാണെന്ന് അയാൾക്കു പ്രസ്താവിക്കാവുന്നതാണ്. കേവലം ലൗകിക നിയമത്താലല്ല, ബൈബിൾ പരിജ്ഞാനത്താൽ തന്റെ ചിന്ത കരുപ്പിടിപ്പിക്കപ്പെട്ടിരിക്കുന്ന ലൈംഗിക അധാർമികത, ഗർഭച്ഛിദ്രം, കൊലപാതകം, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നം കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ അതു സത്യമായിരിക്കാം. എന്നാൽ, വാസ്തവത്തിൽ വിചാരണയ്ക്കായി തന്നെ തിരഞ്ഞെടുക്കുന്ന കേസിൽ അത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ വളരെ സാധ്യതയുണ്ട്.
ജഡ്ജിമാർ കൈക്കൊള്ളുന്ന ശിക്ഷാവിധിക്ക് താൻ എന്തെങ്കിലും ഉത്തരവാദിത്വം വഹിക്കേണ്ടിവരുമോ എന്നും പക്വതയുള്ള ഒരു ക്രിസ്ത്യാനി വിചിന്തനം ചെയ്യും. (ഉല്പത്തി 39:17-20-ഉം 1 തിമൊഥെയൊസ് 5:22-ഉം താരതമ്യം ചെയ്യുക.) കുറ്റവിധിയിൽ പിഴവുപറ്റുകയും കുറ്റക്കാരനു മരണശിക്ഷാവിധി ലഭിക്കുകയുമാണെങ്കിൽ മധ്യസ്ഥസമിതിയിലെ ക്രിസ്ത്യാനി രക്തപാതകത്തിൽ പങ്കുപറ്റുമോ? (പുറപ്പാടു 22:2; ആവർത്തനപുസ്തകം 21:8; 22:8; യിരെമ്യാവു 2:34; മത്തായി 23:35; പ്രവൃത്തികൾ 18:6) യേശുവിന്റെ വിചാരണയിൽ ‘ആ നീതിമാന്റെ രക്തത്തിൽ കുറ്റമില്ലാതിരിക്കാൻ’ പീലാത്തൊസ് ആഗ്രഹിച്ചു. “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്ന് യഹൂദന്മാർ പെട്ടെന്നു പറഞ്ഞു.—മത്തായി 27:24, 25.
ഗവൺമെൻറിന്റെ ഉത്തരവനുസരിച്ച് ഒരു ക്രിസ്ത്യാനി മധ്യസ്ഥസമിതിയിൽ സേവിക്കാൻ പോകുന്നുവെന്നിരിക്കട്ടെ. എന്നാൽ, ജഡ്ജി നിർബന്ധിച്ചിട്ടും ഒരു പ്രത്യേക കേസിൽ മധ്യസ്ഥസമിതിയംഗമായി സേവിക്കാൻ അയാളുടെ വ്യക്തിപരമായ മനസ്സാക്ഷി അനുവദിക്കുന്നില്ല. എങ്കിൽ പരിണതഫലം നേരിടാൻ അയാൾ സജ്ജനായിരിക്കണം—അത് ഒരു പിഴയോ ജയിൽശിക്ഷയോ ആയിരുന്നാൽ കൂടി.—1 പത്രൊസ് 2:19.
അന്തിമവിശകലനത്തിൽ, മധ്യസ്ഥസമിതിയിൽ സേവിക്കേണ്ട ഓരോ ക്രിസ്ത്യാനിയും തന്റെ ബൈബിൾ ഗ്രാഹ്യവും സ്വന്തമനസ്സാക്ഷിയുമനുസരിച്ച് ഏതു ഗതി സ്വീകരിക്കണമെന്ന് നിശ്ചയിക്കേണ്ടതാണ്. ചില ക്രിസ്ത്യാനികൾ മധ്യസ്ഥസമിതിയിൽ ഹാജരാകുക മാത്രമല്ല ചില മധ്യസ്ഥസമിതികളിൽ സേവിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെടുമെന്നറിഞ്ഞിട്ടും അതിൽ പങ്കെടുക്കാതിരിക്കാൻ ചിലർക്കു ശക്തമായ കാരണം തോന്നിയിട്ടുണ്ട്. താൻ എന്തു ചെയ്യുമെന്ന് ഓരോ ക്രിസ്ത്യാനിയും സ്വയമായി തീരുമാനിക്കേണ്ടതാണ്. എന്നാൽ മറ്റുള്ളവർ അയാളുടെ തീരുമാനത്തെ വിമർശിക്കരുത്.—ഗലാത്യർ 6:5.