ലോകത്തെ വീക്ഷിക്കൽ
ഭൂകമ്പങ്ങൾ മുൻകൂട്ടിപ്പറയുക അസാധ്യം
ഭൂകമ്പങ്ങൾ മുൻകൂട്ടിപ്പറയാൻ സാധിക്കേണ്ടതാണെന്നു ശാസ്ത്രജ്ഞൻമാർ വളരെ വർഷങ്ങളായി കരുതിപ്പോന്നിരുന്നു. ഭൗമജലവിതാനത്തിന്റെ നിരപ്പിലുണ്ടാവുന്ന മാറ്റങ്ങൾ, ഭൂവൽക്കത്തിലുണ്ടാകുന്ന നേർത്ത ചലനങ്ങൾ, കിണറുകളിൽനിന്നു വമിക്കുന്ന റേഡോൺ വാതകം എന്നിവയും സമാനമായ മറ്റു ലക്ഷണങ്ങളും അവർ നിരീക്ഷിച്ചിരുന്നു. “ഭൂകമ്പങ്ങൾ പ്രകൃത്യാതന്നെ മുൻകൂട്ടിപ്പറയാൻ സാധിക്കാത്ത ഒന്നാണെന്നു രാഷ്ട്രത്തിലെ മുന്തിയ ഭൂകമ്പശാസ്ത്രജ്ഞർ ഇപ്പോൾ വിചാരിക്കുന്ന”തായി ദി ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം അഭിപ്രായപ്പെടുന്നു. “ദിവസങ്ങൾക്കുമുമ്പോ മണിക്കൂറുകൾക്കുമുമ്പോ മിനിറ്റുകൾക്കുമുമ്പോ, ജനങ്ങൾക്കു ഭൂകമ്പത്തെപ്പറ്റി മുന്നറിയിപ്പു നൽകുന്നതിനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ച അന്വേഷണം പ്രയോജനശൂന്യമാണെന്നു വെളിവാകുന്നതായി അവർ പറയുന്നു. . . . ചില ഭൂകമ്പങ്ങൾ, ഭൂവൽക്കത്തിൽ വിള്ളലുകളുടെ ഇതരഭാഗങ്ങളിലുള്ള പാറയട്ടികളുടെ സ്ഥാനഭ്രംശം പോലെ മുന്നോടിയായുള്ള സംജ്ഞകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, അവ തീരെ ചെറിയതും ദുർബ്ബലവും ദൃഷ്ടിഗോചരമല്ലാത്തതുമായതിനാൽ ഫലപ്രദമായ വിധത്തിൽ അവയെ കണ്ടുപിടിക്കുക സാധ്യമല്ലായിരിക്കാം,” എന്ന് അടുത്തകാലത്തെ ഗവേഷണം സൂചിപ്പിക്കുന്നു. ഭൂകമ്പങ്ങളെ സംബന്ധിച്ച ഗവേഷണങ്ങൾക്കായുള്ള ഫണ്ടുകൾ എടുത്ത്, ഭൂകമ്പങ്ങൾ മൂലമുണ്ടാകുന്ന അത്യാഹിതങ്ങൾക്കായി ഉപയോഗിക്കാൻ ചില ആളുകൾ ഗവൺമെൻറിനോട് അഭ്യർഥിച്ചിട്ടുണ്ട്. എന്തായാലും, ഭൂതലത്തിന് എങ്ങനെ ചലനം സംഭവിക്കുന്നു, ഭൂകമ്പത്തിൽ കെട്ടിടങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നിവയെ സംബന്ധിച്ച് ഇനിയും അറിവ് ആവശ്യമാണെന്നു ശാസ്ത്രജ്ഞൻമാർ സമ്മതിക്കുകതന്നെ ചെയ്യുന്നു.
തണുത്ത വെള്ളത്തിൽ മുങ്ങുന്നതിനെ അതിജീവിക്കുന്നു
തണുത്ത വെള്ളത്തിൽ വീഴുന്ന ആളുകൾ പെട്ടെന്നു മരിക്കുന്നതെന്തുകൊണ്ടാണെന്ന് അന്വേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ, ശൈത്യാഘാതത്തോടുള്ള ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണം ദീർഘവും ശക്തവുമായ ശ്വാസോച്ഛ്വാസം [ഹൈപ്പർവെൻറിലേഷൻ] നടത്താനാണെന്നു കണ്ടുപിടിച്ചു. “പെട്ടെന്നകത്തേക്കെടുക്കുന്ന ശ്വാസം നിമിത്തം വെള്ളം തള്ളിക്കയറുകയും—തുടർന്നു മുങ്ങിത്താഴുകയും ചെയ്യുന്നു,” എന്നു ന്യൂ സയൻറിസ്റ്റ് മാസിക പറയുന്നു. ഹൈപ്പർവെൻറിലേഷൻ തടയാൻ സാധ്യമല്ല. അതുകൊണ്ട്, വായു വിഴുങ്ങുവാനുള്ള പ്രതികരണം കുറഞ്ഞുവരുന്നതുവരെ തല വെള്ളത്തിനു മീതെ പൊക്കിപ്പിടിക്കുന്നത് അതിജീവനത്തിനു സഹായകമാകും. സാധാരണഗതിയിൽ രണ്ടുമൂന്നു മിനിറ്റിനുള്ളിൽ ഈ പ്രതികരണം കുറയും.
സ്പോർട്സും ആയുർദൈർഘ്യവും
ജർമൻകാർ വർഷംതോറും സ്പോർട്സിനു വേണ്ടി 2,500 കോടി ഡോളറുകൾക്കു തുല്യമായ തുക ചെലവാക്കുന്നു. അല്ലെങ്കിൽ ഓരോ വ്യക്തിക്കും 300 ഡോളറുകൾ വെച്ചു ചെലവാക്കുന്നു. “ചമയങ്ങൾ, സാമഗ്രികൾ, പരിശീലനം, കളിപ്പറമ്പുകളുടെ വാടക, ക്ലബ്ബ് ഫീസ്” എന്നിവയ്ക്കു വേണ്ടിയാണ് ഈ പണം നൽകുന്നത് എന്നു നൊസേയുവിഷ് ന്യൂ പ്രസ് റിപ്പോർട്ടുചെയ്യുന്നു. 30 ലക്ഷത്തിലധികം ആളുകൾ കായികപരിശീലനകേന്ദ്രങ്ങളിൽ കായികാഭ്യാസം നടത്തുന്നു. കൂടാതെ ലക്ഷക്കണക്കിനാളുകൾ ജോഗിംഗിനായി പോകുന്നു. അതുകൊണ്ടു സ്പോർട്സ് പ്രേമികൾ, വീട്ടിനകത്തു മാത്രമായി കഴിയുന്നവരെക്കാൾ കൂടുതൽ കാലം ജീവിക്കുമെന്നാണോ? ആയിരിക്കണമെന്നില്ല. ഫിസിയോളൊജി ദെസ് മെൻഷൻ (മനുഷ്യശരീരശാസ്ത്രം)എന്ന ഗ്രന്ഥം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഏറ്റവും നല്ല ഔഷധം സ്പോർട്സ് ആണെന്ന് അനുമാനിക്കുന്നതു തീർച്ചയായും ശരിയല്ല.” എന്തുകൊണ്ട്? കാരണം ഓരോവർഷവും 15 ലക്ഷത്തിലധികം ജർമൻകാർ വാരാന്ത്യത്തിലെയോ ഒഴിവുദിനങ്ങളിലെയോ കായികവിനോദം ഹേതുവായുണ്ടായ പരിക്കുകളുമായി ഡോക്ടറെ സമീപിക്കുന്നുണ്ട്. “അപകടങ്ങളും ദീർഘകാലം നീണ്ടുനിൽക്കുന്നതായ കായികപ്പരിക്കുകളും സുഖജീവിതത്തിന്റെ അഭിവൃദ്ധിയെ കെടുത്താതിരിക്കുന്നിടത്തോളം കാലം” മാത്രമേ കായികാഭ്യാസവും സ്പോർട്സും ആരോഗ്യത്തിനു നല്ലതായിരിക്കുന്നുള്ളൂ എന്ന് ഗ്രന്ഥം പറയുന്നു.
സത്യം പറയാനുള്ള ബാധ്യതയില്ല
ഐക്യനാടുകളിലെ സമീപകാലത്തെ കോടതിവിചാരണകൾ, ഭൂവ്യാപകമായി പൊതുജനത്തിന്റെയും സ്തബ്ധരായ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. “പ്രോസിക്യൂട്ടർമാർക്കു സത്യം ബോധിപ്പിക്കാനുള്ള ബാധ്യതയുണ്ടെങ്കിലും പ്രതിഭാഗ അഭിഭാഷകർ വ്യത്യസ്തമായൊരുകൂട്ടം ലാക്കുകളുടെ പുറകെ പായുന്നു,” ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “ഒരു പ്രതിഭാഗ അഭിഭാഷകന്റെ ജോലി, കക്ഷിക്ക് ഒരു മോചനവിധി നേടുക്കൊടുക്കുകയോ (ഒരു വിചാരണസമിതിയംഗത്തിന്റെയെങ്കിലും മനസ്സിൽ ന്യായയുക്തമായ സംശയം ഇറ്റു വീഴിച്ചുകൊണ്ടു) കോടതിയെ ഒരു തീരുമാനത്തിലെത്തിക്കാതിരിക്കുകയോ അല്ലെങ്കിൽ ഏറ്റവും ഗൗരവം കുറഞ്ഞ ആരോപണങ്ങളുടെ മേലൊരു കുറ്റവിധി നേടിക്കൊടുക്കുകയോ ആണ്.” “കുറ്റക്കാരനല്ലെന്ന വിധി ശരിയാണെന്നുറപ്പാക്കാനുള്ള ബാധ്യത അവർക്കില്ല,” ന്യൂയോർക്ക് സർവ്വകലാശാലയിലുള്ള നിയമവിദ്യാലയത്തിലെ നിയമധർമ്മശാസ്ത്ര അധ്യാപകനായ സ്റ്റീഫൻ ഗീല്ലേർസ് പറയുന്നു. “വിചാരണ സത്യത്തിനു വേണ്ടിയുള്ള ഒരന്വേഷണമാണെന്നു ഞങ്ങൾ ന്യായാധിപസമിതിയോടു പറയുന്നു. എന്നാൽ പ്രതിഭാഗ അഭിഭാഷകർ അവരെ വിഡ്ഢികളാക്കാൻ ബാധ്യസ്ഥരാണെന്നു ഞങ്ങൾ അവരോടു പറയാറില്ല.” “കക്ഷികളെ വ്യക്തമായും കുടുക്കിലാക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, അവയെ വിട്ടുകളയുന്നതിനും ഒരു മോചനവിധിക്കായി വോട്ടുചെയ്യുന്നതിനും വേണ്ടിയുള്ള കഥകൾ അഭിഭാഷകർ ന്യായാധിപസമിതിക്കു വേണ്ടി പലപ്പോഴും കെട്ടിച്ചമച്ചുണ്ടാക്കണം,” ടൈംസ് പ്രസ്താവിക്കുന്നു. തങ്ങളുടെ കക്ഷി കുറ്റക്കാരനാണെന്നു അഭിഭാഷകർക്കു ബോധ്യമുണ്ടായിരിക്കെ അയാൾ കോടതിയിൽ പോകണമെന്നു ശഠിക്കുമ്പോൾ എന്തു സംഭവിക്കുന്നു? “അപ്പോൾ, നിറയെ വ്യാജമായ വിനയഭാവവുമായി അഭിഭാഷകർ ഉറിയ ഹീപ്പിനെപ്പോലെ കോടതികളിലേക്കു പോവുകയും 100 ശതമാനം വ്യാജമാണെന്നറിയാമെങ്കിലും കക്ഷിയുടെ കഥയിലെ ന്യായതയിലുള്ള തങ്ങളുടെ ആഴമായ വിശ്വാസത്തെ പ്രഖ്യാപിക്കുകയും ചെയ്യുന്നു,” ഗില്ലേർസ് പറയുന്നു.
പുതിയ മൂല്യങ്ങൾ
റഷ്യൻ യുവാക്കളും അതുപോലെതന്നെ റഷ്യൻ സമൂഹം ഒന്നടങ്കവും ഒരു മൂല്യപ്രതിസന്ധിക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ നടത്തിയ സർവെയനുസരിച്ചു യുവജനങ്ങളുടെ മനോഗതി ഊന്നൽ നൽകുന്നതു “മനുഷ്യരാശിയുടെ പൊതുവായ മൂല്യങ്ങൾക്കാണ്—അതായത് ആരോഗ്യം, ജീവിതം, തറവാട്, സ്നേഹം എന്നിവയ്ക്കും, അതുപോലെതന്നെ വിജയം, തൊഴിൽ, സുഖസൗകര്യം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്കും,” റഷ്യൻ വർത്തമാന പത്രമായ സേങ്ങ്റ്റ് പീറ്റർബർഗ്ഗ്സ്കിയെ വ്യിഡമോസ്റ്റി പറയുന്നു. മുഖ്യമായ മറ്റു മൂല്യങ്ങൾ മാതാപിതാക്കൾ, പണം, ക്ഷേമം, സന്തുഷ്ടി, സൗഹൃദം, അറിവ് എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്. രസാവഹമായി, നല്ലൊരു ഖ്യാതിയുണ്ടാക്കുന്നതിനും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതിനും യുവജനങ്ങളുടെ മനസ്സിൽ സ്ഥാനം ലഭിച്ചിരിക്കുന്നത് ഒടുവിലായാണ്. ഏറ്റവും അവസാനസ്ഥാനത്തുള്ളത് ഏതാണ്? സത്യസന്ധത. റിപ്പോർട്ട് ഇപ്രകാരം ഉപസംഹരിക്കുന്നു: “വ്യാജം പറയുന്നവരുടെ നടുവിലായിരിക്കുമ്പോൾ വളർന്നുവരുന്ന തലമുറയുടെ മനസ്സിൽ [സത്യസന്ധത] മൂല്യമില്ലാത്തതാണ്.”
ഫലപ്രാപ്തിയില്ലാത്ത ദശകം
ബ്രിട്ടീഷ് പള്ളികൾ ഈ ദശകത്തെ “സുവിശേഷത്തിന്റെ ദശകമായി” പ്രഖ്യാപിച്ചു. ഇപ്പോൾ പകുതിവഴി താണ്ടിയിരിക്കേ, സാധിച്ചെടുത്തതെന്തൊക്കെയാണ്? വക്താവായ മീഖായേൽ ഗ്രീൻ, ചേർച് ടൈസിൽ ഇപ്രകാരം പറയുന്നു: “സാധാരണക്കാരായ ആളുകളുയർത്തുന്ന ചോദ്യങ്ങളെ നേരിടാനായി ഞങ്ങൾ സുവിശേഷത്തെ രൂപപ്പെടുത്താൻ തുടങ്ങിയതേയുള്ളൂ. പള്ളികൾ, തങ്ങളുടെ ചുവരുകൾക്കു വെളിയിലായി സമൂഹത്തിനിടയിൽ സുവാർത്ത പ്രചരിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഞാൻ കാണുന്നില്ല. പള്ളികളിൽ പോകാത്ത ആധുനിക യുവജനങ്ങളുടെമേൽ ഞങ്ങൾ എന്തെങ്കിലുംതരത്തിൽ സ്വാധീനം ചെലുത്താൻ കഷ്ടിച്ച് ആരംഭിച്ചതേയുള്ളൂ. ഇവർ ഞങ്ങളുടെ രാജ്യത്തിലെ ആകെയുള്ള യുവജനങ്ങളിൽ 86 ശതമാനത്തോളം വരും.” വിജയത്തിന്റെ അഭാവം എന്തുകൊണ്ട്? “ഒരു വാക്കു പോലും ഉരിയാടാതെതന്നെ ഞങ്ങളുടെ ജീവിതരീതികൊണ്ട് ഇതു സാധിച്ചെടുക്കാമെന്നു ഞങ്ങൾ സ്വയം വിശ്വസിപ്പിക്കുന്നു. ആരെയെങ്കിലും പിണക്കാൻ ഞങ്ങൾക്കു ഭയമാണ്,” ഗ്രീൻ പറയുന്നു.
കൂസലില്ലാത്ത പിടിച്ചുപറികൾ
1994-ൽ കാനഡയിലെ ബാങ്കുകൾ 7-ൽ 1 വെച്ചു മോഷ്ടാക്കളാൽ കൊള്ളയടിക്കപ്പെട്ടു—ഓരോ ശാഖയിലും, മറ്റു രാജ്യങ്ങളിലുണ്ടായതിനെക്കാൾ കൂടുതൽ കൊള്ളകൾ. എന്തായാലും 13 ബാങ്കുകളിൽ 1 വെച്ച് ആക്രമിക്കപ്പെട്ട ഇറ്റലിയിലെ മോഷ്ടാക്കൾ മറ്റിടങ്ങളിലുള്ളവരെക്കാൾ കൂടുതൽ മുട്ടാളത്തം കാട്ടുന്നവരായി കാണപ്പെട്ടു. വളരെക്കുറച്ചു മോഷ്ടാക്കൾ മാത്രമേ വേഷപ്രച്ഛന്നരാകാനോ ആയുധങ്ങൾപോലും ഉപയോഗിക്കാനോ മിനക്കെട്ടുള്ളൂ. ചിലർ ബാങ്കു ഗുമസ്തരെ വാക്കാൽ വിരട്ടിക്കൊണ്ടു മാത്രം പണം നേടി. ഒരു ജോഡി മോഷ്ടാക്കൾ ഹിപ്നോട്ടിസം പോലും പ്രയോഗിച്ചതായി ദി എക്കണോമിസ്റ്റ് പറയുന്നു. ഇറ്റലിയിലെ ബാങ്കു മോഷ്ടാക്കൾ വളരെ സ്ഥിരതയുള്ളവർ കൂടിയാണ്. വർഷത്തിലുടനീളമായി, 165 ബാങ്കു ശാഖകൾ രണ്ടു പ്രാവശ്യവും 27 എണ്ണം മൂന്നു പ്രാവശ്യവും 9 എണ്ണം നാലു പ്രാവശ്യവുമായി കൊള്ളയടിക്കപ്പെട്ടു. 1994-ൽ കൊള്ളയടിക്കപ്പെട്ട ശരാശരി തുക എത്രവരും? 610 ലക്ഷം ലീറ (37,803 യു.എസ്. ഡോളറുകൾ). 1987 മുതലുള്ളതിൽ ഏറ്റവും കുറഞ്ഞ സംഖ്യ.
മുതലകളെപ്പറ്റിയുള്ള വാർത്ത
അടുത്തകാലത്തായി ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുത്ത ഒരു പ്രാചീനമുതലയുടെ ഫോസിലായിത്തീർന്ന താടിയെല്ലുകൾ മുതലക്കുടുംബത്തിന്റെ “അറിയപ്പെടുന്നതിൽ ആദ്യത്തെ സസ്യഭോജിയായ അംഗത്തെ പ്രതിനിധീകരിച്ചേക്കാം,” നേച്ചർ മാസിക റിപ്പോർട്ടു ചെയ്യുന്നു. മനുഷ്യർ ഭയപ്പെടുന്ന ആധുനിക മുതലയുടെ നീണ്ടുകൂർത്ത പല്ലുകൾക്കു പകരം ഈ പൂർവികനു പുല്ലു ചവച്ചരക്കുന്നതിനു വേണ്ടി പരന്ന പല്ലുകളാണുണ്ടായിരുന്നത്. ചൈനയിലെ ഹ്യൂബെ എന്ന പ്രദേശത്ത് യാങ്ങ്ടസ്സ് നദിയുടെ തെക്കേതീരത്തായുള്ള കുന്നിനരികിൽ നിന്നും ചൈനക്കാരും കനേഡിയക്കാരുമായ ഗവേഷകരാൽ കണ്ടുപിടിക്കപ്പെട്ട ഈ ജീവി— ഒരു ഉഭയജീവിയായിരുന്നില്ല മറിച്ച് കരനിവാസിയായിരുന്നെന്നാണു സൂചന. അതിന്റെ വലിപ്പം? അതിന് ഏതാണ്ടു മൂന്നടിയോളം നീളമുണ്ടായിരുന്നു.
വർധിച്ചുവരുന്ന സമ്മർദം
വൈദ്യശുശ്രൂഷ തേടുന്നവരിൽ 35 ശതമാനം ആളുകൾ വിവിധതരത്തിലുള്ള മാനസികക്ലേശങ്ങൾ അനുഭവിച്ചിരുന്നതായി അടുത്തകാലത്തു ബ്രസീലിലെ റിയോ ദെ ജെനെയ്റോയിൽ നടന്ന ഒരു പഠനം കണ്ടെത്തിയതായി വേജ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ളിയുഎച്ച്ഒ) മാനസികാരോഗ്യ ഉപദേഷ്ടാവായ ഡോക്ടർ ഷോർഷ ആൽബർട്ടോ കോസ്തയോടു മാസിക ഇപ്രകാരം ചോദിച്ചു: “ഈ സംഖ്യകളെ എങ്ങനെ വിശദീകരിക്കാം? ലോകം വഷളായതാണോ അതോ ആളുകൾ മനഃശാസ്ത്രപരമായി ദുർബലരായതാണോ?” “അതിശീഘ്രമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. മാനവചരിത്രത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അളവുകളിലുള്ള ഉത്കണ്ഠയിലും സമ്മർദത്തിലും ഇതു കലാശിക്കുന്നു,” അദ്ദേഹം പ്രതികരിച്ചു. റിയോ ദെ ജെനെയ്റോയിൽ നടമാടുന്ന അക്രമമാണു സമ്മർദത്തിന്റെ പൊതുവായ ഉറവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതു മിക്കപ്പോഴും പിന്നീടുണ്ടാകുന്ന മാനസികാഘാതാനന്തര സമ്മർദത്തിലേക്കു നയിക്കുന്നു. “ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ തങ്ങളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ ഇത് ആളുകളെ ബാധിക്കുന്നു. പകൽസമയത്ത് അവർ ഏതു കാര്യത്തോടുള്ള ബന്ധത്തിലും അസുരക്ഷിതത്വം പ്രകടമാക്കുന്നു. രാത്രിയിൽ അവർ ദുഃസ്വപ്നങ്ങൾ കാണുന്നു. അവയിൽ അവരുടെ ജീവൻ അപകടത്തിലാക്കിയ സംഭവം വീണ്ടും പുനരുജ്ജീവിക്കുന്നു,” അദ്ദേഹം വിശദീകരിക്കുന്നു.
ആരോഗ്യ വിടവ്
സമ്പന്ന രാഷ്ട്രങ്ങൾക്കും ദരിദ്രരാഷ്ട്രങ്ങൾക്കും ഇടയിലുള്ള ആരോഗ്യവിടവിന്റെ വിസ്താരം ഏറുകയാണ്. അൽപ്പവികസിത രാജ്യങ്ങളിൽ ജനിച്ചുവളർന്നവരുടെ ആയുർപ്രതീക്ഷയായ 54 വയസ്സിനെ അപേക്ഷിച്ച് വികസിതരാജ്യങ്ങളിൽ ജനിച്ചുവളർന്ന ആളുകളുടെ ആയുർദൈർഘ്യം 76 വർഷങ്ങളാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ)പറയുന്നു. 1950-ൽ ദരിദ്രരാജ്യങ്ങളിലെ ശിശുമരണനിരക്കു സമ്പന്നരാജ്യങ്ങളിലേതിനെക്കാൾ മൂന്നിരട്ടി ഉയർന്നതായിരുന്നു. ഇപ്പോൾ അതു 15 ഇരട്ടിയായിരിക്കുന്നു. 1980-കളുടെ അവസാനത്തിൽ, ദരിദ്രരാജ്യങ്ങളിലെ പ്രസവസംബന്ധമായ കുഴപ്പങ്ങൾ മൂലമുണ്ടായ മരണനിരക്ക് സമ്പന്നരാജ്യങ്ങളിലേതിനെക്കാൾ നൂറിരട്ടിയായിരുന്നു. ദരിദ്രരാജ്യങ്ങളിൽ ജീവിക്കുന്നവരിൽ പകുതിയിൽ താഴെ ആളുകൾക്കു മാത്രമേ ശുദ്ധജലവും ആരോഗ്യരക്ഷാനടപടികളും ലഭിക്കുന്നുള്ളൂ എന്ന വസ്തുത പ്രശ്നത്തിനു സംഭാവന ചെയ്യുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. ഐക്യരാഷ്ട്രസംഘടന പറഞ്ഞ പ്രകാരം “പുരോഗതി ഏറ്റവും കുറഞ്ഞ രാജ്യങ്ങ”ളുടെ സംഖ്യ 1975-ൽ 27 ആയിരുന്നത് 1995-ൽ 48 ആയി വർധിച്ചു. ഭൂവ്യാപകമായി 130 കോടി ദരിദ്രജനങ്ങളുണ്ട്. അവരുടെ സംഖ്യ വർധിക്കുകയുമാണ്.