മനുഷ്യ ബലഹീനത യഹോവയുടെ ശക്തിയെ വിളിച്ചോതുന്നു
“സന്തോഷവും ചുറുചുറുക്കുമുള്ള മുഴുസമയ ശുശ്രൂഷകനാണു ഞാനെന്ന് എല്ലാവരും വിചാരിച്ചു. മറ്റുള്ളവരെ അവരുടെ പ്രശ്നങ്ങളിൽ എല്ലായ്പോഴും സഹായിക്കുന്നതു ഞാനായിരുന്നു. അതേസമയം, ഞാൻ അകമേ മരിക്കുകയായിരുന്നുവെന്ന് എനിക്കു തോന്നി. ആകുലചിന്തകളും മാനസികവ്യഥയും എന്നിൽ ദോഷകരമായ ഫലങ്ങൾ ഉളവാക്കുകയായിരുന്നു. ആളുകളിൽനിന്ന് ഒറ്റപ്പെട്ടതായി എനിക്കു തോന്നിത്തുടങ്ങി. വീട്ടിൽ കട്ടിലിനെ ശരണംപ്രാപിക്കാൻ മാത്രം ഞാൻ ആഗ്രഹിച്ചു. എന്നെ മരിക്കാൻ അനുവദിക്കണമേയെന്നു ഞാൻ മാസങ്ങളോളം യഹോവയോടു യാചിച്ചു.”—വനേസ്സാ.
മേലുദ്ധരിച്ച ദൃഷ്ടാന്തത്തിലേതുപോലെ, “ഇടപെടാൻ പ്രയാസമായ” ഈ “ദുർഘട നാളുകളിൽ” ജീവിക്കുന്നതിന്റെ ഫലങ്ങൾ യഹോവയുടെ ദാസൻമാർ ചിലപ്പോൾ അനുഭവിക്കുന്നതു സ്വാഭാവികം മാത്രമാണ്. (2 തിമൊഥെയൊസ് 3:1, NW) ചിലർ വിഷാദമഗ്നരാകുകപോലും ചെയ്തേക്കാം. (ഫിലിപ്പിയർ 2:25-27) വിഷാദം നീണ്ടുനിൽക്കുമ്പോൾ അതു നമ്മുടെ ശക്തി കവർന്നെടുത്തേക്കാം. എന്തെന്നാൽ ബൈബിൾ പ്രസ്താവിക്കുന്നു: “അനർഥ നാളിൽ നീ നിരുത്സാഹിതനായി കാണപ്പെടുന്നുവോ? നിന്റെ ശക്തി തുച്ഛമായിരിക്കും.” (സദൃശവാക്യങ്ങൾ 24:10, NW) അതേ, നാം നിരുത്സാഹിതരായിരിക്കുമ്പോൾ നമുക്ക് ശക്തി—ഒരുപക്ഷേ “സാധാരണയിൽ കവിഞ്ഞ ശക്തി” എന്ന് അപ്പോസ്തലനായ പൗലൊസ് വിളിച്ചതുപോലും—ആവശ്യമാണ്.—2 കൊരിന്ത്യർ 4:7, NW.
യഹോവയാം ദൈവം അപരിമിതമായ ശക്തിയുടെ ഉറവിടമാണ്. അവന്റെ സൃഷ്ടിയെ നാം പരിശോധിക്കുമ്പോൾ ഇതു വ്യക്തമാകുന്നു. (റോമർ 1:20) ഉദാഹരണത്തിനു സൂര്യൻ. സൂര്യനിൽനിന്നുള്ള 240 ലക്ഷം കോടിയോളം വരുന്ന കുതിരശക്തിയുടെ തുടർച്ചയായ പ്രവാഹത്തെ ഭൂമി പ്രതിരോധിക്കുന്നു. എന്നാൽ, സൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഊർജത്തിന്റെ 200 കോടിയിൽ ഒരു ഭാഗത്തെ മാത്രമാണ് ഈ സംഖ്യ പ്രതിനിധീകരിക്കുന്നത്. സൂപ്പർജയൻറ്സ് എന്നറിയപ്പെടുന്ന ഭീമാകാര നക്ഷത്രങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ സൂര്യൻ ചെറുതാണ്. മകയിര നക്ഷത്രസമൂഹത്തിലെ ഒരു നക്ഷത്രമായ റൈഗൽ ഇവയിൽപെട്ടതാണ്. അതു നമ്മുടെ സൂര്യനെക്കാൾ 50 ഇരട്ടി വലുപ്പമുള്ളതും 1,50,000 ഇരട്ടി ഊർജം ഉത്സർജിക്കുന്നതുമാണ്!
അത്തരം ആകാശ ഊർജനിലയങ്ങളുടെ സ്രഷ്ടാവിന് “ചലനോജ്വല ഊർജത്തിന്റെ ബാഹുല്യം” ഉണ്ടായിരിക്കും. (യെശയ്യാവു 40:26, NW; സങ്കീർത്തനം 8:3, 4) തീർച്ചയായും, യഹോവ “ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല” എന്നു പ്രവാചകനായ യെശയ്യാവു പ്രസ്താവിച്ചു. മനുഷ്യ ബലഹീനത നിമിത്തം തളർന്നുപോകുന്നുവെന്നു തോന്നുന്ന ഏതൊരുവനുമായും തന്റെ ശക്തി പങ്കുവെക്കാൻ ദൈവം സന്നദ്ധനാണ്. (യെശയ്യാവു 40:28, 29) അവൻ ഇത് എങ്ങനെ ചെയ്യുന്നുവെന്നുള്ളത് ക്രിസ്തീയ അപ്പോസ്തലനായ പൗലൊസിന്റെ കാര്യത്തിൽ ദൃഷ്ടാന്തീകരിക്കപ്പെട്ടിരിക്കുന്നു.
പരിശോധനകൾ തരണംചെയ്യൽ
താൻ സഹിക്കേണ്ടിയിരുന്ന ഒരു പ്രതിബന്ധത്തെക്കുറിച്ച് പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു. അവൻ അതിനെ ‘ജഡത്തിലെ ഒരു ശൂലം [“മുള്ള്,” NW]’ എന്നു വിളിച്ചു. (2 കൊരിന്ത്യർ 12:7) ഈ “മുള്ള്” ഒരു ആരോഗ്യ പ്രശ്നം, ഒരുപക്ഷേ ക്ഷയിച്ച കാഴ്ചശക്തി ആയിരുന്നിരിക്കാം. (ഗലാത്യർ 4:15; 6:11) അല്ലെങ്കിൽ, തന്റെ അപ്പോസ്തലികത്വത്തെയും പ്രവർത്തനത്തെയും വെല്ലുവിളിച്ച വ്യാജ അപ്പോസ്തലൻമാരെയും മറ്റു ശല്യക്കാരെയും പൗലൊസ് പരാമർശിക്കുകയായിരുന്നിരിക്കാം. (2 കൊരിന്ത്യർ 11:5, 6, 12-15; ഗലാത്യർ 1:6-9; 5:12) എന്തുതന്നെയായിരുന്നാലും, ‘ജഡത്തിലെ ആ മുള്ള്’ പൗലൊസിനെ അതിയായി അസഹ്യപ്പെടുത്തി. അതു നീങ്ങിപ്പോകുന്നതിന് അവൻ ആവർത്തിച്ചാവർത്തിച്ചു പ്രാർഥിച്ചു.—2 കൊരിന്ത്യർ 12:8.
എന്നാൽ യഹോവ പൗലൊസിന്റെ അഭ്യർഥന ചെവിക്കൊണ്ടില്ല. പകരം അവൻ പൗലൊസിനോടു പറഞ്ഞു: “എന്റെ കൃപ [“അനർഹദയ,” NW] നിനക്കു മതി.” (2 കൊരിന്ത്യർ 12:9) ഇതിനാൽ യഹോവ എന്താണ് അർഥമാക്കിയത്? ക്രിസ്ത്യാനികളെ പീഡിപ്പിച്ച പൗലൊസിന്റെ മുൻ ജീവിതഗതി നാം പരിഗണിക്കുമ്പോൾ, ദൈവവുമായി അവന് ഒരു ബന്ധമുണ്ടായിരിക്കാൻ കഴിഞ്ഞത് അനർഹദയയാൽ മാത്രമായിരുന്നു—ഒരു അപ്പോസ്തലൻ എന്നനിലയിലുള്ള സേവനത്തിന്റെ കാര്യം പറയാനുമില്ല!a (സെഖര്യാവു 2:8; വെളിപ്പാടു 16:5, 6; എന്നിവ താരതമ്യം ചെയ്യുക.) ശിഷ്യത്വത്തിന്റെ പദവി “മതി”യെന്ന് യഹോവ പൗലൊസിനോടു പറയുകയായിരുന്നിരിക്കാം. ശിഷ്യത്വം നിമിത്തം ജീവിതത്തിലെ വ്യക്തിപരമായ പ്രശ്നങ്ങൾ അത്ഭുതകരമായി നീക്കംചെയ്യപ്പെടുമായിരുന്നില്ല. വാസ്തവത്തിൽ, കൂടുതലായ പദവികളുടെ ഫലമായി ചില യാതനകൾപോലും ഉണ്ടാകാൻ ഇടയുണ്ടായിരുന്നു. (2 കൊരിന്ത്യർ 11:24-27; 2 തിമൊഥെയൊസ് 3:12) സംഗതി എന്തുതന്നെയായിരുന്നാലും, പൗലൊസ് ‘ജഡത്തിലെ മുള്ള്’ സഹിക്കേണ്ടതുണ്ടായിരുന്നു.
എന്നാൽ യഹോവ യാതൊരു പ്രകാരത്തിലും പൗലൊസിനെ ഹൃദയശൂന്യമായി കൈവെടിയുകയായിരുന്നില്ല. പകരം അവൻ അവനോടു പറഞ്ഞു: “എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” (2 കൊരിന്ത്യർ 12:9) അതേ, തന്റെ സാഹചര്യത്തെ നേരിടാനുള്ള ശക്തി യഹോവ പൗലൊസിനു സ്നേഹപൂർവം നൽകുമായിരുന്നു. അങ്ങനെ, പൗലൊസിന്റെ “ജഡത്തിലെ മുള്ള്” ഒരു ദൃഷ്ടാന്തപാഠമായിത്തീർന്നു. സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നതിനു പകരം യഹോവയുടെ ശക്തിയിൽ ആശ്രയിക്കാൻ അത് അവനെ പഠിപ്പിച്ചു. വ്യക്തമായും, പൗലൊസ് ഈ പാഠം നന്നായി പഠിച്ചു. കാരണം, കുറെ വർഷങ്ങൾ കഴിഞ്ഞ് അവൻ ഫിലിപ്പിയർക്ക് എഴുതി: “ഏതു സാഹചര്യത്തിലായിരുന്നാലും സ്വയംപര്യാപ്തനായിരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. എനിക്കു ശക്തി നൽകുന്നവൻ മുഖാന്തരം എനിക്കു സകലത്തിന്നും ശക്തിയുണ്ട്.”—ഫിലിപ്പിയർ 4:11, 13, NW.
നിങ്ങളെ സംബന്ധിച്ചോ? ഒരുപക്ഷേ എന്തെങ്കിലുമൊരു രോഗമോ വളരെയേറെ ആകുലതയ്ക്കിടയാക്കുന്ന ഒരു ജീവിത സാഹചര്യമോപോലുള്ള ‘ജഡത്തിലെ മുള്ള്’ നിങ്ങൾ സഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, ആശ്വാസമടയുക. യഹോവ അത്ഭുതകരമായി പ്രതിബന്ധം നീക്കംചെയ്തേക്കുകയില്ലെങ്കിലും, നിങ്ങൾ രാജ്യതാത്പര്യങ്ങൾ എല്ലായ്പോഴും ഒന്നാമതു വെക്കുമ്പോൾ, അതിനെ നേരിടാനുള്ള ജ്ഞാനവും ശക്തിയും നിങ്ങൾക്കു നൽകാൻ അവനു കഴിയും.—മത്തായി 6:33.
ക്രിസ്തീയ പ്രവർത്തനത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത്ര നിർവഹിക്കുന്നതിൽനിന്നു രോഗമോ വാർധക്യമോ നിങ്ങളെ തടയുന്നെങ്കിൽ നിരാശരാകരുത്. യഹോവയ്ക്കുള്ള നിങ്ങളുടെ സേവനത്തെ പരിമിതപ്പെടുത്തുന്ന ഒന്നായി നിങ്ങളുടെ പരിശോധനയെ വീക്ഷിക്കുന്നതിനു പകരം അതിനെ അവനിലുള്ള നിങ്ങളുടെ ആശ്രയം വർധിപ്പിക്കുന്നതിനുള്ള ഒരു അവസരമായി വീക്ഷിക്കുക. ഒരു ക്രിസ്ത്യാനിയുടെ മൂല്യം അളക്കുന്നത്, രാജ്യസേവനത്തിൽ എത്രമാത്രം ചെയ്യുന്നുവെന്നതിനാലല്ല, മറിച്ച്, അയാളുടെ വിശ്വാസത്താലും സ്നേഹത്തിന്റെ ആഴത്താലുമാണെന്നും ഓർമിക്കുക. (മർക്കൊസ് 12:41-44 താരതമ്യം ചെയ്യുക.) യഹോവയെ മുഴുദേഹിയോടെ സ്നേഹിക്കുന്നു എന്നതിന്റെ അർഥം മറ്റാരുടെയെങ്കിലുമല്ല മറിച്ച് നിങ്ങളുടെ സ്വന്തം കഴിവിന്റെ പരമാവധി അവനെ സേവിക്കുന്നുവെന്നാണ്.—മത്തായി 22:37; ഗലാത്യർ 6:4, 5.
നിങ്ങളുടെ ‘ജഡത്തിലെ മുള്ളിൽ,’ പ്രിയപ്പെട്ട ഒരുവന്റെ മരണം പോലെയുള്ള വേദനാകരമായ ഒരു ജീവിത സാഹചര്യം ഉൾപ്പെടുന്നെങ്കിൽ ബൈബിളിന്റെ ഈ ഉദ്ബോധനം പിൻപറ്റുക: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) സിൽവിയ എന്നുപേരുള്ള ഒരു ക്രിസ്തീയ വനിത അതു ചെയ്തു. 50 വർഷത്തെ വിവാഹജീവിതത്തിനുശേഷം അവരുടെ ഭർത്താവും ചെറുപ്പക്കാരായ രണ്ടു കൊച്ചുമക്കൾ ഉൾപ്പെടെ മറ്റ് ഒമ്പതു കുടുംബാംഗങ്ങളും മരണമടഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. “യഹോവയുടെ സഹായം ഇല്ലായിരുന്നെങ്കിൽ എനിക്കെന്റെ ദുഃഖം താങ്ങാനാകുമായിരുന്നില്ല,” സിൽവിയ പറയുന്നു. “എന്നാൽ ഞാൻ പ്രാർഥനയിൽ വളരെയേറെ ആശ്വാസം കണ്ടെത്തുന്നു. ഞാൻ യഹോവയുമായി ഫലത്തിൽ അവിരാമം സംസാരിക്കുന്നു. സഹിച്ചുനിൽക്കാനുള്ള ശക്തി അവൻ തരുന്നുവെന്ന് എനിക്കറിയാം.”
ദുഃഖിക്കുന്നവർക്കു സഹിച്ചുനിൽക്കാനുള്ള ശക്തി നൽകാൻ “സർവ്വാശ്വാസവും നല്കുന്ന ദൈവ”ത്തിനു കഴിയുമെന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്! (2 കൊരിന്ത്യർ 1:3; 1 തെസ്സലൊനീക്യർ 4:13) ഇതു വിലമതിക്കുമ്പോൾ, ഈ സംഗതിയിലെ പൗലൊസിന്റെ നിഗമനം നമുക്കു മനസ്സിലാക്കാനാകും. അവൻ എഴുതി: “ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേററം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; [കാരണം] ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.”—2 കൊരിന്ത്യർ 12:10.
അപൂർണതയെ നേരിടൽ
നമ്മുടെ ആദ്യ മാനുഷ മാതാപിതാക്കളിൽനിന്ന് അവകാശപ്പെടുത്തിയ അപൂർണത നമുക്കെല്ലാമുണ്ട്. (റോമർ 5:12) തത്ഫലമായി, വീഴ്ചഭവിച്ച ജഡത്തിന്റെ അഭിലാഷങ്ങളുമായി നാമൊരു പോരാട്ടത്തിലാണ്. “പഴയ വ്യക്തിത്വ”ത്തിന്റെ പ്രവണതകൾക്ക് നാം വിചാരിച്ചിരുന്നതിനെക്കാൾ ശക്തമായൊരു സ്വാധീനം നമ്മുടെമേലുണ്ടെന്നു കണ്ടെത്തുന്നത് എത്ര നിരുത്സാഹപ്പെടുത്തുന്നതായിരിക്കാം! (എഫെസ്യർ 4:22-24, NW) അത്തരം സമയങ്ങളിൽ അപ്പോസ്തലനായ പൗലൊസിനു തോന്നിയതുപോലെ നമുക്കു തോന്നിയേക്കാം. അവൻ എഴുതി: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.”—റോമർ 7:22, 23.
യഹോവയിൽനിന്നുള്ള ശക്തിയിൽനിന്ന് ഇവിടെയും നമുക്കു സ്വയം പ്രയോജനം നേടാവുന്നതാണ്. വ്യക്തിപരമായ ഒരു ബലഹീനതയുമായി മല്ലിടുമ്പോൾ, അതേ പ്രശ്നം സംബന്ധിച്ചു നിങ്ങൾ എത്ര തവണ അവനെ സമീപിച്ചിട്ടുണ്ടെങ്കിലും, ആത്മാർഥമായി അവന്റെ ക്ഷമ യാചിച്ചുകൊണ്ട് പ്രാർഥനയിൽ അവനിലേക്കു തിരിയുന്നത് ഒരിക്കലും നിർത്തരുത്. തന്റെ അനർഹദയ നിമിത്തം “ഹൃദയങ്ങളെ തൂക്കിനോക്കുന്ന,” ആത്മാർഥതയുടെ ആഴം ദർശിക്കാൻ കഴിയുന്ന യഹോവ നിങ്ങൾക്കു ശുദ്ധമായൊരു മനസ്സാക്ഷി നൽകും. (സദൃശവാക്യങ്ങൾ 21:2) ജഡിക ബലഹീനതകൾക്കെതിരെയുള്ള പോരാട്ടം പുനഃരാരംഭിക്കാനുള്ള ശക്തി തന്റെ പരിശുദ്ധാത്മാവിലൂടെ നിങ്ങൾക്കു പ്രദാനം ചെയ്യാൻ യഹോവയ്ക്കു കഴിയും.—ലൂക്കൊസ് 11:13.
അപൂർണരായ മറ്റുള്ളവരുമായി ഇടപെടുമ്പോഴും നമുക്ക് യഹോവയിൽനിന്നുള്ള ശക്തി ആവശ്യമാണ്. ദൃഷ്ടാന്തത്തിന്, ഒരു സഹക്രിസ്ത്യാനി നമ്മോടു “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി” സംസാരിച്ചേക്കാം. (സദൃശവാക്യങ്ങൾ 12:8) അതു നമ്മെ ആഴമായി മുറിവേൽപ്പിച്ചേക്കാം, പ്രത്യേകിച്ചും കാര്യങ്ങൾ മെച്ചമായി അറിഞ്ഞിരിക്കണമെന്നു നാം വിചാരിക്കുന്ന ഒരുവനിൽനിന്നാകുമ്പോൾ. നാം അതിയായി അസ്വസ്ഥരായേക്കാം. ചിലർ അത്തരം ദ്രോഹങ്ങളെ യഹോവയെ ഉപേക്ഷിക്കുന്നതിനുള്ള മതിയായ കാരണമായിപോലും ഉപയോഗിച്ചിരിക്കുന്നു—എല്ലാറ്റിലുംവെച്ച് ഏറ്റവും വലിയ തെറ്റുതന്നെ!
എന്നാൽ, മറ്റുള്ളവരുടെ ബലഹീനതകളെ ശരിയായ കാഴ്ചപ്പാടിൽ വീക്ഷിക്കാൻ സമനിലയുള്ള ഒരു മനോഭാവം നമ്മെ സഹായിക്കും. അപൂർണ മനുഷ്യരിൽനിന്നു നമുക്കു പൂർണത പ്രതീക്ഷിക്കാനാവില്ല. “പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ” എന്നു ജ്ഞാനിയായ ശലോമോൻ നമ്മെ ഓർമിപ്പിക്കുന്നു. (1 രാജാക്കന്മാർ 8:46) ഏതാണ്ട് ഏഴു ദശകങ്ങൾ യഹോവയെ വിശ്വസ്തമായി സേവിച്ച ഒരു അഭിഷിക്ത ക്രിസ്ത്യാനിയായ ആർഥർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സഹദാസൻമാരിലെ ബലഹീനതകൾ നമ്മുടെ ക്രിസ്തീയ ഗുണങ്ങളെ പരിശോധിച്ചുകൊണ്ടു നിർമലത തെളിയിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു. ആളുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് യഹോവയ്ക്കുള്ള നമ്മുടെ സേവനത്തെ തടസ്സപ്പെടുത്താൻ നാം അനുവദിക്കുന്നെങ്കിൽ നാം മനുഷ്യരെയായിരിക്കും സേവിക്കുന്നത്. കൂടാതെ, നമ്മുടെ സഹോദരൻമാരും യഹോവയെ സ്നേഹിക്കേണ്ടതാണ്. അവരിലെ നന്മ അന്വേഷിക്കുന്നെങ്കിൽ, എന്തൊക്കെയായാലും അവർ അത്ര ചീത്തയാളുകൾ അല്ലെന്ന് നാം പെട്ടെന്നുതന്നെ മനസ്സിലാക്കും.”
പ്രസംഗിക്കാനുള്ള ശക്തി
സ്വർഗാരോഹണത്തിനു മുമ്പ് യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും”—പ്രവൃത്തികൾ 1:8.
യേശുവിന്റെ വാക്കുകൾ സത്യമെന്നു തെളിയിച്ചുകൊണ്ട്, ഗോളവ്യാപകമായി 233 രാജ്യങ്ങളിൽ ഇപ്പോൾ യഹോവയുടെ സാക്ഷികൾ ഈ വേല ചെയ്യുന്നുണ്ട്. യഹോവയെക്കുറിച്ചുള്ള പരിജ്ഞാനത്തിലേക്കു വരാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവർ വർഷംതോറും 100 കോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നു. ഈ വേല നിർവഹിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ല. ചില രാജ്യങ്ങളിൽ രാജ്യ പ്രസംഗവേല നിരോധിക്കുകയോ നിയന്ത്രണവിധേയമാക്കുകയോ ചെയ്തിരിക്കുന്നു. ഈ വേല ചെയ്യുന്നത് ആരാണെന്നുകൂടി പരിഗണിക്കുക—സ്വന്തം പ്രശ്നങ്ങളും ആകുലതകളും ഉള്ള ദുർബലരായ അപൂർണ മനുഷ്യർ. എന്നിട്ടും വേല തുടരുന്നു. തത്ഫലമായി, കഴിഞ്ഞ മൂന്നുവർഷംകൊണ്ട് പത്തു ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ആ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (മത്തായി 28:18-20) സത്യമായും, ദൈവത്തിന്റെ ശക്തിയാൽ മാത്രമാണ് ഈ വേല നിർവഹിക്കപ്പെടുന്നത്. പ്രവാചകനായ സെഖര്യാവിലൂടെ യഹോവ പറഞ്ഞു: “സൈന്യത്താലല്ല. ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ.”—സെഖര്യാവു 4:6.
നിങ്ങൾ സുവാർത്തയുടെ ഒരു പ്രസാധകനാണെങ്കിൽ, ആ മഹത്തായ നേട്ടത്തിൽ നിങ്ങൾക്കൊരു പങ്കുണ്ട്—അതു പ്രത്യക്ഷത്തിൽ എത്ര ചെറുതാണെങ്കിലും. നിങ്ങൾ ‘മുള്ളുകൾ’ സഹിക്കേണ്ടതുണ്ടെങ്കിലും, “നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും” യഹോവ മറക്കുകയില്ലെന്നു നിങ്ങൾക്കുറപ്പുണ്ടായിരിക്കാവുന്നതാണ്. (എബ്രായർ 6:10) അതുകൊണ്ട് പിന്തുണയ്ക്കായി സമസ്ത ചലനാത്മക ഊർജത്തിന്റെയും ഉറവിടമായവനിൽ തുടർന്നും ആശ്രയിക്കുക. ഓർമിക്കുക, യഹോവയുടെ ശക്തിയാൽ മാത്രമേ നമുക്കു സഹിച്ചുനിൽക്കാനാവൂ; അവന്റെ ശക്തി നമ്മുടെ ബലഹീനതകളിൽ തികഞ്ഞുവരുന്നു.
[അടിക്കുറിപ്പുകൾ]
a തീർച്ചയായും, “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർ”ന്നിരിക്കുന്നതിനാൽ, മനുഷ്യർക്കു ദൈവവുമായി ഒരു ബന്ധത്തിലേക്കു വരാൻ കഴിയുന്നതുതന്നെ ദൈവത്തിന്റെ കരുണയുടെ തെളിവാണ്.—റോമർ 3:23.
[26-ാം പേജിലെ ചിത്രം]
യഹോവയുടെ ശക്തിയാൽ മാത്രമാണു പ്രസംഗവേല നിർവഹിക്കപ്പെടുന്നത്