നിങ്ങൾക്ക് “ജഡത്തിൽ ഒരു മുള്ള്” ഉണ്ടോ?
1 പ്രസംഗിക്കാനുള്ള നമ്മുടെ നിയോഗം കഴിവിന്റെ പരമാവധി നിവർത്തിക്കാൻ നാം വളരെയേറെ ആഗ്രഹിക്കുന്നു. എങ്കിലും, ഗുരുതരമായ ശാരീരിക രോഗങ്ങളും വൈകല്യങ്ങളും നിമിത്തം നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരിൽ അനേകർ, തങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽക്കൂടി ഒരു പൂർണ പങ്കുവഹിക്കുക പ്രയാസകരമാണെന്നു കണ്ടെത്തുന്നു. അവരെ സംബന്ധിച്ചിടത്തോളം, നിരുത്സാഹത്തിന്റേതായ വികാരങ്ങൾ തരണം ചെയ്യുക എന്നത് ഒരു വെല്ലുവിളി ആയിരുന്നേക്കാം. പ്രത്യേകിച്ച്, തങ്ങൾക്കു ചുറ്റുമുള്ളവർ ശുശ്രൂഷയിൽ വളരെ ഊർജസ്വലരായി പ്രവർത്തിക്കുന്നതു കാണുമ്പോൾ.—1 കൊരി. 9:16.
2 അനുകരിക്കാൻ ഒരു മാതൃക: അപ്പോസ്തലനായ പൗലൊസിന് ‘ജഡത്തിലെ ഒരു മുള്ളു’മായി പോരാടേണ്ടതുണ്ടായിരുന്നു. തന്നെ വളരെ അസഹ്യപ്പെടുത്തിയിരുന്ന ആ തടസ്സം നീക്കിത്തരേണമേ എന്ന് മൂന്നു തവണ അവൻ യഹോവയോടു യാചിച്ചു. തന്നെ കുത്തിക്കൊണ്ടിരുന്ന “സാത്താന്റെ ദൂതനെ”ന്നാണ് അവൻ അതിനെ വിശേഷിപ്പിച്ചത്. എന്നിട്ടും, അതു സഹിച്ചുകൊണ്ട് പൗലൊസ് തന്റെ ശുശ്രൂഷയിൽ മുന്നോട്ടുപോയി. അവൻ ആത്മസഹതാപത്തിനു വശംവദനാകുകയോ നിരന്തരം പരാതിപ്പെടുകയോ ചെയ്തില്ല. അവൻ തന്നെക്കൊണ്ട് ആകുന്നതിന്റെ പരമാവധി ചെയ്തു. സഹിച്ചു നിൽക്കാൻ അവനു സാധിച്ചതിന്റെ രഹസ്യം ദൈവത്തിൽ നിന്ന് തനിക്കു ലഭിച്ച ഈ ഉറപ്പായിരുന്നു: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” തന്റെ അവസ്ഥ അംഗീകരിക്കാനും സഹിച്ചു നിൽക്കുന്നതിന് യഹോവയിലും പരിശുദ്ധാത്മാവിലും ആശ്രയിക്കാനും പൗലൊസ് പഠിച്ചപ്പോൾ അവന്റെ ബലഹീനത ഒരു ശക്തിയായിത്തീർന്നു.—2 കൊരി. 12:7-10, NW.
3 നിങ്ങൾക്കു സഹിച്ചു നിൽക്കാവുന്ന വിധം: ശാരീരിക ബലഹീനതകൾ നിങ്ങളുടെ ദൈവസേവനത്തെ പരിമിതപ്പെടുത്തുന്നുണ്ടോ? അങ്ങനെയെങ്കിൽ പൗലൊസിന്റെ വീക്ഷണം പിൻപറ്റുക. നിങ്ങളുടെ രോഗത്തിനോ വൈകല്യത്തിനോ ഈ വ്യവസ്ഥിതിയിൽ പൂർണ സൗഖ്യം ലഭിക്കുകയില്ലെങ്കിൽപ്പോലും നിങ്ങൾക്ക് യഹോവയിൽ മുഴു ആശ്രയവും വെക്കാൻ കഴിയും. കാരണം, അവൻ നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് എന്തെന്നു മനസ്സിലാക്കുകയും “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകുകയും ചെയ്യുന്നവനാണ്. (2 കൊരി. 4:7, NW) സ്വയം ഒറ്റപ്പെടുത്തുന്നതിനു പകരം, സഭയിൽ ലഭ്യമായ സഹായത്തിൽനിന്നു പ്രയോജനം നേടുക. (സദൃ. 18:1) വീടുതോറുമുള്ള വേലയിൽ പങ്കെടുക്കാൻ നിങ്ങൾക്കു പ്രയാസമാണെങ്കിൽ അനൗപചാരികമായോ ടെലഫോണിലൂടെയോ സാക്ഷീകരണം നടത്താനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തുക.
4 ജഡത്തിലുള്ള ഒരു മുള്ള് നിങ്ങളുടെ ശുശ്രൂഷയെ പരിമിതപ്പെടുത്തിയേക്കാം എങ്കിലും, പങ്കുപറ്റാൻ ആകുന്നില്ലല്ലോ എന്നു വിചാരിച്ചു വിഷമിക്കേണ്ടതില്ല. പൗലൊസിനെപ്പോലെ നിങ്ങൾക്കും ആരോഗ്യവും ചുറ്റുപാടുകളുമൊക്കെ അനുവദിക്കുന്നതുപോലെ “ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറ”യാൻ കഴിയും. (പ്രവൃ. 20:24) നിങ്ങൾ ശുശ്രൂഷ നിർവഹിക്കാനുള്ള ശ്രമം നടത്തവേ, യഹോവ അതിൽ വളരെ സംപ്രീതനാണെന്ന് അറിയുക.—എബ്രാ. 6:10.