അത്ഭുത രോഗശാന്തി ഇപ്പോഴും സംഭവിക്കുന്നുണ്ടോ?
“യേശുവിൽ വിശ്വസിച്ച് രോഗശാന്തി നേടുക!” തന്റെ രോഗത്തിനു മരുന്നു കഴിച്ചാൽ തനിക്കു വിശ്വാസമില്ലെന്നു വെളിവാകുമെന്ന് ഇവാഞ്ചലിക്കൽ സഭാംഗമായ ആലിഷാന്ദ്രേ ധരിക്കാനിടയായത് ഇതുപോലുള്ള ഒരു പരസ്യം കണ്ടിട്ടായിരുന്നു. വിശ്വാസംകൊണ്ടു മാത്രം തനിക്കാവശ്യമായ അത്ഭുത രോഗശാന്തി നേടാനാകുമെന്ന് അയാൾക്കു പൂർണ ബോധ്യമുണ്ടായിരുന്നു. ബ്രസീലിലെ, സാവൊ പൗലോ സംസ്ഥാനത്ത് അപ്പാരസിദ ദാ നോർത്ത ദേവാലയത്തിലെ അത്ഭുത രോഗശാന്തിയെക്കുറിച്ചു കേട്ടപ്പോൾ തീക്ഷ്ണ കത്തോലിക്കാ മതവിശ്വാസിയായ ബെനഡിറ്റയ്ക്ക് അതിൽ വലിയ താത്പര്യമായി. തന്റെ പേരമ്മ പഠിപ്പിച്ച ഏതാനും മന്ത്രജപങ്ങൾ ഉപയോഗിച്ച് അപ്പാരസിദയിലെ കന്യാമറിയത്തോടും അന്തോനിസിനോടും മറ്റു “വിശുദ്ധന്മാ”രോടും രോഗികളെ സുഖപ്പെടുത്തുന്നതിനുള്ള ശക്തിക്കുവേണ്ടി ബെനഡിറ്റ പ്രാർഥിച്ചു.
ഈ 20-ാം നൂറ്റാണ്ടിന്റെ ഒടുവിലും അനേകമാളുകൾ അത്ഭുത രോഗശാന്തിയിൽ വിശ്വസിക്കുന്നതായി തോന്നുന്നു—എന്നാൽ എന്തുകൊണ്ട്? സാധ്യതയനുസരിച്ച്, പ്രിയപ്പെട്ടവരുടെ, വിശേഷിച്ച് തങ്ങളുടെ കുട്ടികളുടെ, രോഗം, വേദന, കഷ്ടപ്പാടുകൾ എന്നിവ നീക്കി ആശ്വാസം കൈവരുത്താൻ ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വരുമ്പോൾ ചിലർക്കു ഗതിമുട്ടുന്നു. ആധുനിക ചികിത്സ വളരെ ചെലവേറിയതായതിനാൽ, അത്ഭുത രോഗശാന്തി തേടുന്നതിൽ നഷ്ടമൊന്നുമില്ലെന്ന് ദീർഘകാല രോഗത്താൽ കഷ്ടപ്പെടുന്നവർ ചിന്തിക്കാൻ സാധ്യതയുണ്ട്. എയ്ഡ്സ്, വിഷാദം, അർബുദം, ഭ്രാന്ത്, ഉയർന്ന രക്തസമ്മർദം എന്നിവയും മറ്റനേകം രോഗങ്ങളും അത്ഭുതത്തിലൂടെ മാറ്റാമെന്നു പല സഭകളും വ്യക്തികളും വാഗ്ദാനം ചെയ്യുന്നത് ചിലർ ടിവി-യിൽ കാണുന്നു. അത്തരം അവകാശവാദങ്ങളിൽ വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും, അറ്റകൈക്ക് അവർ അങ്ങോട്ടു തിരിയുന്നു. തങ്ങളുടെ രോഗം ദുഷ്ടാത്മാക്കളുടെ വേലയാണെന്നും അതുകൊണ്ടുതന്നെ പരമ്പരാഗത മരുന്നുകൾക്കു തങ്ങളെ സഹായിക്കാനാവില്ലെന്നും വിശ്വസിക്കുന്നവരുമുണ്ട്.
അതേസമയം, മരിച്ചുപോയ “വിശുദ്ധന്മാ”രാലോ ജീവിച്ചിരിക്കുന്ന രോഗശാന്തിക്കാരാലോ അത്ഭുത രോഗശാന്തി നേടാമെന്ന ആശയത്തെ ശക്തമായി എതിർക്കുന്നവരുണ്ട്. ചിലർ അതിനെ അപലപിക്കുകപോലും ചെയ്യുന്നു. രോഗപ്രതിരോധശാസ്ത്രജ്ഞനായ ദ്രൗസ്യൂ വാരല അഭിപ്രായപ്പെടുന്നതനുസരിച്ച് പ്രസ്തുത വിശ്വാസം “എളുപ്പം വഞ്ചിക്കപ്പെടുന്നവരുടെയും ഗതികെട്ടവരുടെയും വിശ്വാസത്തെ അവഹേളിക്കുകയാണ്” എന്നു ഷോർണൽ ദ തർദെ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ വഞ്ചകർനിമിത്തം അത്ഭുതങ്ങളിൽ വിശ്വാസമർപ്പിച്ച്, അനേകരും വളരെ പ്രധാനപ്പെട്ട വൈദ്യചികിത്സ വേണ്ടെന്നുവെക്കുന്നു.” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദമാക്കുന്നു: “മുമ്പൊക്കെ പരമ്പരാഗതമല്ലാത്ത രോഗശാന്തികൾ നടന്നിരുന്നത് പുണ്യസ്ഥലങ്ങളോടും മതചടങ്ങുകളോടും ബന്ധപ്പെട്ടായിരുന്നു. അനുകൂല സാഹചര്യങ്ങളിൽ ഹിപ്നോട്ടിസം ഉപയോഗിച്ചുള്ള സ്വാധീനങ്ങളുടെ ഫലമായി അത്തരം രോഗശാന്തികൾ സംഭവിക്കാമെന്നാണ് വൈദ്യശാസ്ത്രം പൊതുവേ പറയുന്നത്.” എന്നിരുന്നാലും, തങ്ങൾക്കു രോഗശാന്തി ലഭിച്ചത് ശരിക്കും ഒരു അത്ഭുതത്തിലൂടെതന്നെയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം രോഗശാന്തി നടന്നു!
അനേകം സന്ദർഭങ്ങളിൽ യേശുക്രിസ്തു രോഗികളെ സുഖപ്പെടുത്തിയെന്നും അതു “ദൈവത്തിന്റെ ശക്തി”യാലായിരുന്നെന്നും ബൈബിളുമായി പരിചയമുള്ളവർക്കറിയാം. (ലൂക്കൊസ് 9:42, 43, NW) അതുകൊണ്ട് അവർ ചിന്തിച്ചേക്കാം, ‘ഇന്നും ദൈവത്തിന്റെ ശക്തിയാൽ അത്ഭുത രോഗശാന്തി സംഭവിക്കുന്നുണ്ടോ?’ അങ്ങനെയെങ്കിൽ, രോഗശാന്തി വരുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതെന്തുകൊണ്ട്? അതിനു കാരണം രോഗിക്കു വേണ്ടത്ര വിശ്വാസമില്ലാത്തതാണോ, അതോ അയാളുടെ സംഭാവന കുറഞ്ഞുപോയതാണോ? വേദനാനിർഭരമായ രോഗത്താലോ, ഒരുപക്ഷേ മാറാരോഗത്താലോ കഷ്ടപ്പെടുന്ന ഒരു ക്രിസ്ത്യാനി അത്തരം അത്ഭുത രോഗശാന്തിയിലേക്കു തിരിയുന്നത് ഉചിതമാണോ? യേശു പ്രവർത്തിച്ചതരം പിഴയ്ക്കാത്ത അത്ഭുത രോഗശാന്തി ഇനിയും എന്നെങ്കിലും സംഭവിക്കുമോ? ഈ മർമപ്രധാനമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് അടുത്ത ലേഖനത്തിൽ കാണാവുന്നതാണ്.