രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഭൂതസ്വാധീനത്തിൽനിന്നു സ്വതന്ത്രരാകൽ
ആത്മവിദ്യാചാരം ദീർഘകാലമായി കോടിക്കണക്കിനാളുകളുടെ ജീവിതത്തെ നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ അതിൽനിന്നു സ്വതന്ത്രരാകുക സാധ്യമാണ്! പുരാതന എഫെസോസ് നഗരത്തിലുണ്ടായിരുന്ന അനേകരോടുള്ള ബന്ധത്തിൽ അതാണു സംഭവിച്ചത്. ബൈബിൾ വിവരണമനുസരിച്ച്, “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; . . . ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.”—പ്രവൃത്തികൾ 19:19, 20.
ക്രിസ്തീയ സഭ ഇന്ന് സമാനമായ വളർച്ച അനുഭവിക്കുന്നു. എഫെസോസിലെപ്പോലെതന്നെ, വിശ്വാസികളായിത്തീരുന്നവരിൽ മുമ്പ് ഭൂതാരാധന നടത്തിയിട്ടുള്ളവരും ഉണ്ട്. സിംബാബ്വേയിൽനിന്നുള്ള പിൻവരുന്ന അനുഭവം ഇതു ചിത്രീകരിക്കുന്നു.
ഗോഗോ (വല്യമ്മ) മ്ത്തുപാ തന്റെ ആത്മവിദ്യാ ശക്തികളെപ്രതി വളരെയേറെ അറിയപ്പെട്ടിരുന്നു. മ്ത്തുപായുടെ പച്ചമരുന്നുകൾക്കൊണ്ടുള്ള ചികിത്സയ്ക്കായി സാംബിയ, ബോട്സ്വാന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുപോലും ആളുകൾ അവരുടെ അടുത്തെത്തിയിരുന്നു. ഒരു നാൻഗാ അഥവാ മന്ത്രവാദി ആയിരിക്കാൻ കഴിയുന്നതെങ്ങനെയെന്നും ഗോഗോ മ്ത്തുപാ മറ്റുള്ളവരെ പഠിപ്പിച്ചു. ചിലപ്പോൾ അവർ മന്ത്രോച്ചാരണം നടത്തുമായിരുന്നു!
വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ ഗോഗോ മ്ത്തുപായെ ഒരു ഞായറാഴ്ച രാവിലെ സന്ദർശിച്ചു. സമസ്ത ദുഷ്ട സ്വാധീനങ്ങളിൽനിന്നും സ്വതന്ത്രമായ, നീതിയുള്ള ഒരു പുതിയ ലോകം സംബന്ധിച്ച ബൈബിൾ വാഗ്ദാനത്തെക്കുറിച്ച് സാക്ഷികളുമായി നടത്തിയ ചർച്ച അവർ നന്നായി ആസ്വദിച്ചു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം അവർ സ്വീകരിക്കുകയും ഒരു ഭവനബൈബിളധ്യയനത്തിന് സമ്മതിക്കുകയും ചെയ്തു.a വെറും മൂന്ന് അധ്യയനങ്ങൾക്കു ശേഷം അവർ യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി.
യഹോവയുടെ പരമാധികാരത്തിനെതിരെ മത്സരിച്ച ദുഷ്ടന്മാരായ ആത്മസൃഷ്ടികളിൽനിന്നാണ് തന്റെ പ്രത്യേക ശക്തികൾ വരുന്നതെന്ന് ബൈബിൾ പഠനത്തിലൂടെ ഗോഗോ മ്ത്തുപാ മനസ്സിലാക്കി. (2 പത്രൊസ് 2:4; യൂദാ 6) യഹോവയ്ക്കും സത്യാരാധനയ്ക്കുമെതിരെ തങ്ങൾക്കാവുന്ന ഏതൊരുവനെയും തിരിക്കാൻ ഈ ഭൂതങ്ങൾ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അവർ മനസ്സിലാക്കി. തന്റെ ജീവിതമാർഗം ഈ ദുഷ്ടാത്മസൃഷ്ടികളോട് അർഥിക്കുന്നതിനെ ആശ്രയിച്ചിരുന്നതിനാൽ അവർ എന്തു ചെയ്യുമായിരുന്നു?
മന്ത്രത്തകിടുകളിൽനിന്നും ആത്മവിദ്യാചാര സാമഗ്രികളിൽനിന്നും സ്വതന്ത്രയാകാൻ ഗോഗോ മ്ത്തുപാ ആഗ്രഹം പ്രകടിപ്പിച്ചു. നാൻഗാ സൗഖ്യമാക്കലുകളിൽ അവർ ഉപയോഗിച്ചിരുന്ന അവരുടെ വിശേഷ ശിരോവസ്ത്രവും “സംസാരിക്കുന്ന കാളക്കൊമ്പും” അതിലുൾപ്പെട്ടിരുന്നു. ജീവനുള്ള, ഏകസത്യദൈവമായ യഹോവയെ സേവിക്കാൻ കഴിയേണ്ടതിന്, അത്തരം സകല സാധനങ്ങളിൽനിന്നും സ്വതന്ത്രയാകാൻ ഗോഗോ മ്ത്തുപാ ആഗ്രഹിച്ചു.
എന്നാൽ, അവർ തന്റെ ബന്ധുക്കളെ സാമ്പത്തികമായി സഹായിച്ചിരുന്നതിനാൽ അവരിൽ ചിലർ എതിർപ്പു പ്രകടിപ്പിച്ചു. തങ്ങൾക്കു തുടർന്നും ലാഭമുണ്ടാക്കാൻ കഴിയേണ്ടതിന് മ്ത്തുപായുടെ അതീന്ദ്രിയ ശക്തികളും ആത്മവിദ്യാചാര സാമഗ്രികളും തങ്ങൾക്കു കൈമാറാൻ ബന്ധുക്കൾ അഭ്യർഥിച്ചു. ഗോഗോ മ്ത്തുപാ അതു നിരസിച്ചു.
യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയുടെ സഹായത്താൽ അവൾ ആത്മവിദ്യാചാര സാമഗ്രികൾ മൂന്നു വലിയ സഞ്ചികളിലായി ശേഖരിച്ചിട്ട് അവയെല്ലാം ചുട്ടെരിച്ചു. ഭൂതാരാധനാ സാമഗ്രികളെ തീനാളങ്ങൾ വിഴുങ്ങവേ ഗോഗോ മ്ത്തുപാ ഉച്ചത്തിൽ പറഞ്ഞു: “നോക്കൂ! ആ കൊമ്പ്, അതിനു സ്വയം രക്ഷിക്കാൻ കഴിയുന്നില്ല.”
കാലക്രമത്തിൽ, ഗോഗോ മ്ത്തുപാ യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ സന്തോഷപൂർവം പ്രതീകപ്പെടുത്തി. അവൾ ഇപ്പോൾ എങ്ങനെയാണ് ജീവിതമാർഗം തേടുന്നത്? പച്ചക്കറികൾ വിറ്റുകൊണ്ട്. അതേ, ദൈവവചനത്തിന്റെ ശക്തിയാൽ ഒരുവന് ഭൂതാരാധനയിൽനിന്നു സ്വതന്ത്രനാകാൻ കഴിയും. ഗോഗോ മ്ത്തുപാ പറയുന്നു: “ഞാൻ ഒരിക്കലും ഇത്ര സ്വാതന്ത്ര്യബോധം അനുഭവിച്ചിട്ടില്ല.”
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈററി പ്രസിദ്ധീകരിച്ചത്.