ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ലാത്ത ഒരു ജീവിതം
പോൾ ഒബ്രിസ്റ്റ് പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തി പന്ത്രണ്ടിൽ, എനിക്ക് ആറു വയസ്സ് ഉണ്ടായിരുന്നപ്പോൾ, അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കവേ അമ്മ മരിച്ചു. ഏകദേശം രണ്ടുവർഷം കഴിഞ്ഞ്, ബെർട്ട വൈബൽ എന്ന ചെറുപ്പക്കാരിയായ വീട്ടുജോലിക്കാരി ഞങ്ങളുടെ കുടുംബത്തെ പരിപാലിക്കാൻ തുടങ്ങി. അടുത്ത വർഷം പിതാവ് അവരെ വിവാഹം കഴിച്ചപ്പോൾ, വീണ്ടും ഒരു അമ്മയെ ലഭിച്ചതിൽ കുട്ടികളായ ഞങ്ങൾ സന്തോഷിച്ചു.
സ്വിറ്റ്സർലൻഡിലെ, ജർമൻ ഭാഷ സംസാരിക്കുന്ന പ്രദേശത്തെ ഒരു ചെറിയ പട്ടണമായ ബ്രുഗിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ബെർട്ട യഥാർഥമായും ഒരു ക്രിസ്തീയ വ്യക്തിയായിരുന്നു, എനിക്കവരെ വളരെയേറെ ഇഷ്ടമായിരുന്നു. 1908-ൽ അവർ ബൈബിൾ വിദ്യാർഥികളുടെ (യഹോവയുടെ സാക്ഷികളുടെ) പ്രസിദ്ധീകരണങ്ങൾ പഠിക്കാൻ തുടങ്ങി. അവർ താൻ പഠിച്ചതു മറ്റുള്ളവരുമായി പങ്കുവെക്കുമായിരുന്നു.
1915-ൽ, ബെർട്ടയും പിതാവും തമ്മിലുള്ള വിവാഹം കഴിഞ്ഞ് പെട്ടെന്നുതന്നെ, ഞാൻ ബെർട്ടയുടെ കൂടെ “സൃഷ്ടിപ്പിൻ ഫോട്ടോ-നാടക”ത്തിന്റെ പ്രദർശനത്തിനു പോയി. ആത്മാർഥരായ ബൈബിൾ വിദ്യാർഥികളുടെ സാർവദേശീയ സംഘത്തിന്റെ ഈ സ്ലൈഡ്-ഫിലിം അവതരണം എന്റെ മനസ്സിലും ഹൃദയത്തിലും ആഴമായ മതിപ്പുളവാക്കി. മറ്റുള്ളവരിലും അതു മതിപ്പുളവാക്കി. ബ്രുഗിലെ ഹാൾ തിങ്ങിനിറഞ്ഞതു നിമിത്തം പൊലീസ് വാതിലുകൾ അടച്ചിട്ട് പിന്നീടെത്തിയവരെ പറഞ്ഞയച്ചു. തുറന്നുകിടന്ന ഒരു ജനാലയിലൂടെ ഒരു ഗോവണി ഉപയോഗിച്ച് അകത്തു കയറാൻ അപ്പോൾ അനേകർ ശ്രമിച്ചു, ചുരുക്കം ചിലർ വിജയിക്കുകയും ചെയ്തു.
അമ്മയുടെ ഉത്തമ ദൃഷ്ടാന്തം
യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. ആളുകൾ ഭാവിയെക്കുറിച്ച് ഭയമുള്ളവരായിരുന്നു. അതുകൊണ്ട്, അമ്മ ചെയ്തിരുന്നതുപോലെ, ദൈവരാജ്യത്തിന്റെ ആശ്വാസദായകമായ സന്ദേശവുമായി വീടുതോറും സന്ദർശിക്കുന്നത് ഒരു ഉത്കൃഷ്ട കൃത്യമായിരുന്നു. ചിലപ്പോഴൊക്കെ തന്നോടൊപ്പം പോരാൻ അമ്മ എന്നെ അനുവദിച്ചു, ഞാൻ അത് അതിയായി ആസ്വദിച്ചു. ഒടുവിൽ 1918-ൽ, യഹോവയാം ദൈവത്തിനുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്താൻ അമ്മയ്ക്കു കഴിഞ്ഞു.
സ്നാപനംവരെ പിതാവ് അമ്മയുടെ ആരാധനയിൽ ഇടപെട്ടിരുന്നില്ല, എന്നാൽ അതിനുശേഷം അദ്ദേഹം അമ്മയെ എതിർക്കാൻ തുടങ്ങി. ഒരു ദിവസം അദ്ദേഹം അമ്മയുടെ ബൈബിൾ സാഹിത്യം പിടിച്ചുപറിച്ച് അടുപ്പിലെറിഞ്ഞു. ബൈബിൾ മാത്രമാണ് അമ്മയ്ക്കു തീയിൽനിന്നെടുക്കാൻ കഴിഞ്ഞത്. എന്നാൽ അടുത്തതായി അമ്മ ചെയ്തത് അതിശയിപ്പിക്കുന്നതായിരുന്നു. അമ്മ പിതാവിന്റെ അടുത്തുചെന്ന് അദ്ദേഹത്തെ കെട്ടിപ്പുണർന്നു. അമ്മ അദ്ദേഹത്തിനുനേരേ യാതൊരു നീരസവും വെച്ചുപുലർത്തിയില്ല.
തികച്ചും അത്ഭുതസ്തബ്ധനായ പിതാവ് ശാന്തനായി. എന്നിരുന്നാലും, ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റെ എതിർപ്പ് ആളിക്കത്തിയിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ വികാരവിക്ഷോഭങ്ങൾ സഹിക്കേണ്ടതുണ്ടായിരുന്നു.
തൊഴിലും ആത്മീയ പുരോഗതിയും
മുടിവെട്ടുകാരൻ എന്നനിലയിൽ മൂന്നുവർഷത്തെ പരിശീലനം പൂർത്തിയാക്കിയശേഷം 1924-ൽ ഞാൻ വീടു വിട്ട് സ്വിറ്റ്സർലൻഡിലെ ഫ്രഞ്ചു സംസാരിക്കുന്ന പ്രദേശത്ത് ഒരു തൊഴിൽ കണ്ടെത്തി. ഫ്രഞ്ചു ഭാഷയിലുള്ള എന്റെ അറിവു വർധിപ്പിക്കാൻ ഇത് അവസരമേകി. താമസം മാറിയത് എന്റെ ആത്മീയ പുരോഗതിയെ ഏറെക്കുറെ തടസ്സപ്പെടുത്തിയെങ്കിലും, ബൈബിൾ സത്യത്തോടുള്ള എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെട്ടില്ല. അതുകൊണ്ട്, ആറു വർഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയപ്പോൾ, ബ്രുഗിലുള്ള ക്രിസ്തീയ സഭയിലെ യോഗങ്ങൾക്കു ഞാൻ സംബന്ധിക്കാൻ തുടങ്ങി.
അധികം താമസിയാതെ, ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പട്ടണമായ റിൻഫെൽഡനിലേക്കു ഞാൻ താമസം മാറ്റി. അവിടെ ഞാൻ എന്റെ പെങ്ങളുടെ ബാർബർ ഷോപ്പിൽ ജോലിചെയ്യുകയും ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയ സംഘവുമായി സഹവസിച്ചുകൊണ്ട് ആത്മീയമായി പുരോഗതി നേടിക്കൊണ്ടിരിക്കുകയും ചെയ്തു. ഒരു ദിവസം ഞങ്ങളുടെ മധ്യവാര ബൈബിളധ്യയനം കഴിഞ്ഞ്, മൂപ്പനായിരുന്ന സോഡർ സഹോദരൻ ചോദിച്ചു: “ഞായറാഴ്ചത്തെ വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ പ്ലാൻ ചെയ്യുന്നതാരൊക്കെയാണ്?” എനിക്ക് ആരുടെയെങ്കിലും കൂടെ പോകാനും പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നു കാണാനും കഴിയുമെന്നു വചാരിച്ച് ഞാൻ സന്നദ്ധനായി മുന്നോട്ടുവന്നു.
ഞായറാഴ്ച ഞങ്ങൾ ഞങ്ങളുടെ പ്രദേശത്ത് എത്തിയപ്പോൾ, സോഡർ സഹോദരൻ പറഞ്ഞു, “മി. ഒബ്രിസ്റ്റ് ആ പ്രദേശത്തു പ്രവർത്തിക്കും.” മുമ്പെങ്ങും ഉണ്ടാകാത്തവിധം എന്റെ ഹൃദയമിടിപ്പ് ത്വരിതഗതിയിലായെങ്കിലും, ഞാൻ ഭവനങ്ങൾ സന്ദർശിച്ച് ആളുകളോടു ദൈവരാജ്യത്തെക്കുറിച്ചു പറയാൻ തുടങ്ങി. (പ്രവൃത്തികൾ 20:20) ഈ വ്യവസ്ഥിതിയുടെ അവസാനം വരുന്നതിനുമുമ്പ് പൂർത്തീകരിക്കപ്പെടണമെന്ന് യേശു പറഞ്ഞ പ്രസംഗവേല ചെയ്യുന്നതിൽ ഞാൻ അന്നുമുതൽ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. (മത്തായി 24:14) 1934 മാർച്ച് 4-ന്, എനിക്ക് 28 വയസ്സുണ്ടായിരുന്നപ്പോൾ, യഹോവയ്ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തി.
സ്വിറ്റ്സർലൻഡിലെ, ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന പ്രദേശത്തുള്ള ഒരു നഗരമായ ലുഗനോയിൽ രണ്ടു വർഷം കഴിഞ്ഞ് എനിക്ക് മുടിവെട്ടുകാരനായി ജോലി ലഭിച്ചു. ഇറ്റാലിയൻ ഭാഷ എനിക്ക് അൽപ്പസ്വൽപ്പമേ അറിയാമായിരുന്നുള്ളുവെങ്കിലും ഞാൻ ഉടൻതന്നെ അവിടെ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. എന്നിട്ടും, ശുശ്രൂഷയിലെ ആദ്യത്തെ ഞായറാഴ്ചതന്നെ ഞാൻ കൈവശമുണ്ടായിരുന്ന 20 ചെറുപുസ്തകങ്ങൾ സമർപ്പിച്ചു. കാലക്രമത്തിൽ, വീക്ഷാഗോപുരം മാസിക പഠിക്കാനായി താത്പര്യക്കാരായ ഏതാനും ചിലരുടെ ഒരു സംഘം രൂപീകരിക്കാൻ എനിക്കു കഴിഞ്ഞു. ഒടുവിൽ ഇവരിൽ കുറെപ്പേർ സ്നാപനമേറ്റു. 1937 ഫെബ്രുവരിയിൽ ഞങ്ങൾ ലുഗനോയിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭ രൂപീകരിച്ചു.
രണ്ടു മാസം കഴിഞ്ഞ് 1937 ഏപ്രിലിൽ, എന്റെ ജീവിതത്തിനു വലിയ മാറ്റം വരുത്തിയ ഒരു കത്ത് എനിക്കു ലഭിച്ചു. ബെഥേലിൽ—ഒരു രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് സൗകര്യങ്ങളെ അങ്ങനെയാണു വിളിക്കുന്നത്—സേവിക്കാനുള്ള ക്ഷണമായിരുന്നു അത്. ഞാൻ ആ ക്ഷണം ഉടനടി സ്വീകരിച്ചു, ആ തീരുമാനത്തെപ്രതി ഞാനൊരിക്കലും ഖേദിച്ചിട്ടില്ല. അങ്ങനെ, ഇപ്പോൾ 60 വർഷമെത്തിയ മുഴുസമയ ശുശ്രൂഷ അന്നു ഞാൻ ആരംഭിച്ചു.
പ്രശ്നപൂരിത നാളുകളിലെ ബെഥേൽ സേവനം
സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേൺ നഗരത്തിലാണ് അന്ന് സ്വിസ് ബെഥേൽ സ്ഥിതിചെയ്തിരുന്നത്. ഞങ്ങൾ അവിടെ 14 ഭാഷകളിൽ പുസ്തകങ്ങളും ചെറുപുസ്തകങ്ങളും മാസികകളും അച്ചടിച്ച് യൂറോപ്പിൽ ഉടനീളം കയറ്റിയയച്ചിരുന്നു. അച്ചടിച്ച സാഹിത്യങ്ങൾ ഞാൻ ചിലപ്പോഴൊക്കെ റെയിൽവേ സ്റ്റേഷനിലേക്ക് ഉന്തുവണ്ടിയിൽ കൊണ്ടുപോയിരുന്നു. കാരണം ആ കാലങ്ങളിൽ ഞങ്ങൾക്ക് എല്ലായ്പോഴും വാൻ ലഭ്യമായിരുന്നില്ല. ബെഥേലിലെ എന്റെ ആദ്യത്തെ നിയമനം കോമ്പോസിഷൻ ഡിപ്പാർട്ടുമെൻറിലായിരുന്നു. അവിടെ ഞങ്ങൾ അച്ചടി നടത്താനുള്ള ഈയ അച്ചുകൾ കൂട്ടിച്ചേർത്തു. പിന്നീടു ഞാൻ റിസപ്ഷനിൽ ജോലിചെയ്യാൻ തുടങ്ങി. ബെഥേൽ കുടുംബത്തിനുവേണ്ടിയുള്ള മുടിവെട്ടുകാരനായും ഞാൻ സേവിച്ചു.
1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും നിഷ്ഠുരമായ നാസി ആക്രമണം യൂറോപ്പിലുടനീളം ഭീതി വിതയ്ക്കുകയും ചെയ്തു. പടപൊരുതുന്ന രാഷ്ട്രങ്ങൾക്കു മധ്യേ സ്വിറ്റ്സർലൻഡ് ഒരു നിഷ്പക്ഷ രാഷ്ട്രമായിരുന്നു. തുടക്കത്തിൽ, പ്രതിബന്ധങ്ങളില്ലാതെ ഞങ്ങൾ ക്രിസ്തീയ പ്രവർത്തനങ്ങൾ തുടർന്നു. അങ്ങനെയിരിക്കെ, 1940 ജൂലൈ 5-ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്, ഞാൻ റിസപ്ഷൻ ഡ്യൂട്ടിയിലായിരിക്കെ, ഒരു വ്യക്തി കയറിവന്നു. അയാളോടൊപ്പം ബയണറ്റ് ഉയർത്തിപ്പിടിച്ച തോക്കുമായി ഒരു പട്ടാളക്കാരനുണ്ടായിരുന്നു.
“സൂർക്കെർ എവിടെ?” അയാൾ ആക്രോശിച്ചു. ആ സമയത്ത് ഫ്രാൻസ് സൂർക്കെർ സ്വിറ്റ്സർലൻഡിലെ ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തിന്റെ ബ്രാഞ്ച് മേൽവിചാരകനായിരുന്നു.
“ആരു വിളിക്കുന്നുവെന്നാണു ഞാൻ പറയേണ്ടത്?” ഞാൻ ചോദിച്ചു. സൂർക്കെറിന്റെ ഓഫീസിലേക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, അവർ ഉടനെ എന്നെ കടന്നുപിടിച്ച് മുകളിലത്തെ നിലയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.
ഭക്ഷണ മുറിയിൽ സമ്മേളിക്കാൻ മുഴു ബെഥേൽ കുടുംബത്തോടും—ഞങ്ങൾ അന്ന് ഏകദേശം 40 പേർ ഉണ്ടായിരുന്നു—ആജ്ഞാപിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽനിന്ന് ഏതൊരുവനെയും നിരുത്സാഹപ്പെടുത്തുന്നതിനായി കെട്ടിടത്തിനു വെളിയിൽ നാലുപേരെ മെഷീൻ ഗണ്ണുകളുമായി നിർത്തിയിരുന്നു. അകത്ത്, ഏകദേശം 50 പട്ടാളക്കാർ കെട്ടിടം പരിശോധിക്കാൻ തുടങ്ങി. പ്രതീക്ഷിച്ചതിനു വിപരീതമായി, സൈനിക സേവനത്തോടുള്ള എതിർപ്പ് പ്രോത്സാഹിപ്പിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ടിരുന്നുവെന്നതിനു യാതൊരു തെളിവും കണ്ടെത്തിയില്ല. എന്നിട്ടും, വളരെയധികം സാഹിത്യം കണ്ടുകെട്ടി അഞ്ച് പട്ടാള ട്രക്കുകളിലാക്കി കൊണ്ടുപോയി.
വീക്ഷാഗോപുരം സെൻസർ ചെയ്യാൻ ഗവൺമെൻറ് അധികാരികളെ അനുവദിക്കാൻ ഞങ്ങൾ വിസ്സമ്മതിച്ചതോടെ സ്വിറ്റ്സർലൻഡിൽ അതിന്റെ പ്രസിദ്ധീകരണം നിലച്ചു. അതിന്റെ അർഥം ബെഥേലിലെ സേവനത്തിനു കുറച്ച് ആളുകൾ മതിയെന്നായിരുന്നു. ബെഥേൽ വിട്ട് പയനിയർമാരായിത്തീരാൻ—മുഴുസമയ പ്രസംഗവേലയിൽ ഏർപ്പെടുന്ന യഹോവയുടെ സാക്ഷികളെ അങ്ങനെയാണ് വിളിക്കുന്നത്—ചെറുപ്പക്കാരായ ബെഥേൽ കുടുംബാംഗങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു.
യുദ്ധകാല പയനിയറിങ്
1940 ജൂലൈയിൽ, ബെഥേലിൽ വരുന്നതിനുമുമ്പ് ഞാൻ താമസിച്ചിരുന്ന, സ്വിറ്റ്സർലൻഡിലെ ലുഗനോയ്ക്കു സമീപമുള്ള ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന പ്രദേശത്തേക്കു ഞാൻ തിരികെപ്പോയി. അന്ന് ഫാസിസത്തിന്റെ ശക്തമായ സ്വാധീനത്തിലായിരുന്ന കത്തോലിക്കരുടെ കോട്ടയായ ഈ പ്രദേശം എന്റെ പയനിയർ നിയമനസ്ഥലമായി.
പ്രസംഗപ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് എന്നെ തടഞ്ഞുനിർത്താത്ത ദിവസങ്ങൾ അപൂർവമായിരുന്നു. ഒരിക്കൽ ഞാൻ ഒരു ഉദ്യാനത്തിന്റെ കവാടത്തിങ്കൽ ഒരു സ്ത്രീയോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സിവിലിയൻ വേഷത്തിലുള്ള ഒരു മനുഷ്യൻ എന്നെ പിന്നിൽനിന്നു കടന്നുപിടിച്ച് റോന്തുചുറ്റുന്ന ഒരു കാറിൽ കയറ്റി ലുഗനോയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് അയാൾ എന്നെ പൊലീസിനു കൈമാറി. എന്നെ ചോദ്യം ചെയ്തപ്പോൾ, പ്രസംഗിക്കാൻ യഹോവയാം ദൈവം ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ടെന്നു ഞാൻ വിശദീകരിച്ചു.
“ഇവിടെ ഭൂമിയിൽ കൽപ്പനകൊടുക്കുന്നത് ഞങ്ങളാണ്” എന്ന് ഓഫീസർ ധിക്കാരപൂർവം പറഞ്ഞു. “ദൈവത്തിന്റെ കൽപ്പനയൊക്കെ സ്വർഗത്തിലായിക്കൊള്ളട്ടെ!”
“പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആയിരിക്കാനുള്ള യേശുവിന്റെ ബുദ്ധ്യുപദേശത്തിനു ശ്രദ്ധകൊടുക്കേണ്ടതു യുദ്ധകാലത്തു തികച്ചും മർമപ്രധാനമായിരുന്നു. (മത്തായി 10:16) അതുകൊണ്ട് ഞാൻ മിക്ക പ്രസിദ്ധീകരണങ്ങളും ഷർട്ടിന്റെ അകത്തെ പോക്കറ്റുകളിൽ ഒളിച്ചുവെച്ചു. അവയൊന്നും താഴെ വീണുപോകാതിരിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഞാൻ മുട്ടിനുതാഴെ ഇറുക്കി തയ്ച്ചിട്ടുള്ള നിക്കറുകൾ ധരിച്ചു.
കാലക്രമത്തിൽ, എൻഗാഡിൻ താഴ്വരയിലേക്കു നീങ്ങാൻ എനിക്കു നിർദേശം ലഭിച്ചു. പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അവിടെയും തുടർന്നു. പൂർവ സ്വിസ് ആൽപ്സിലുള്ള മനോഹരമായ ഈ താഴ്വരയിൽ ശൈത്യകാലത്ത് അത്യധികമായി മഞ്ഞുമൂടിക്കിടക്കും. അതുകൊണ്ട് ആ പ്രദേശത്തു ചുറ്റിസഞ്ചരിക്കാനുള്ള സൗകര്യത്തിനായി ഞാൻ എന്റെ ഹിമപാദുകങ്ങൾ വരുത്തിച്ചു.
അതിശൈത്യകാലത്ത്, ഹിമപാദുകങ്ങളിൽ യാത്രചെയ്യുമ്പോൾ ചൂടേകുന്ന കൈയുറകൾ അനിവാര്യമാണ്. പതിവായ ഉപയോഗം നിമിത്തം എന്റെ കൈയുറകൾ പെട്ടെന്നു കീറാൻ തുടങ്ങി. കൈകൊണ്ടു തുന്നിയ ഒരു സ്വെറ്ററും ചൂടേകുന്ന കൈയുറകളും അടങ്ങിയ ഒരു തപാലുരുപ്പടി എനിക്ക് ഒരു ദിവസം തികച്ചും അവിചാരിതമായി ലഭിച്ചതിൽ ഞാൻ എത്ര നന്ദിയുള്ളവനായിരുന്നു! ബേണിലെ എന്റെ പഴയ സഭയിലെ ഒരു ക്രിസ്തീയ സഹോദരി എനിക്കുവേണ്ടി ഉണ്ടാക്കിയതായിരുന്നു അവ. അതേക്കുറിച്ചു ചിന്തിക്കുമ്പോൾ ഇപ്പോൾപ്പോലും ഞാൻ കൃതജ്ഞതയുള്ളവനാണ്.
സന്തോഷകരമായ അനേകം പദവികൾ
1943-ൽ സ്വിറ്റ്സർലൻഡിലെ സ്ഥിതിഗതികൾ പഴയപടിയാകാൻ തുടങ്ങുകയും ബെഥേലിൽ സേവിക്കാൻ എന്നെ തിരിച്ചുവിളിക്കുകയും ചെയ്തു. ഏകദേശം 100 കിലോമീറ്റർ അകലെ ലൗസനിലുള്ള ഫ്രഞ്ചു സംസാരിക്കുന്ന സഭയിലെ ചില പ്രത്യേക പ്രശ്നങ്ങൾ നിമിത്തം, ദൈവത്തിന്റെ സ്ഥാപനത്തെക്കുറിച്ചു ശരിയായ വീക്ഷണം ലഭിക്കാനായി പ്രസാധകരെ സഹായിക്കുന്നതിന് ആ നഗരം പതിവായി സന്ദർശിക്കാൻ എന്നെ നിയമിച്ചു.
പിന്നീട്, സ്വിറ്റ്സർലൻഡിലെ എല്ലാ ഫ്രഞ്ചു സഭകളുടെയും സർക്കിട്ട് മേൽവിചാരകനായി കുറെനാൾ ഞാൻ സേവിച്ചു. വാരത്തിലെ ആദ്യദിവസങ്ങളിൽ ഞാൻ ബെഥേലിൽ ജോലിചെയ്തു. എന്നാൽ, ആത്മീയ സഹായമായിരിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി ഓരോ വാരവും വെള്ളി, ശനി, ഞായർ ദിവസങ്ങൾ വ്യത്യസ്ത സഭകൾ സന്ദർശിച്ചുകൊണ്ട് ഞാൻ ചെലവഴിച്ചു. അതിനുപുറമേ, 1960-ൽ ബേണിൽ ഫ്രഞ്ചു സംസാരിക്കുന്ന ഒരു സഭ രൂപീകൃതമായപ്പോൾ ഞാൻ അതിന്റെ അധ്യക്ഷമേൽവിചാരകനായി. ബെഥേൽ 1970-ൽ ബേണിൽനിന്ന് ടൂൺ പട്ടണത്തിലെ അതിന്റെ ഇപ്പോഴത്തെ മനോഹരമായ സ്ഥാനത്തേക്കു മാറ്റിയതുവരെ ഞാൻ ആ പദവിയിൽ സേവിച്ചു.
ഇറ്റാലിയൻ സംസാരിക്കുന്ന ചെറിയൊരു കൂട്ടം സാക്ഷികളെ ടൂണിൽ കണ്ടെത്തിയത് എന്നെ സന്തോഷിപ്പിച്ചു. ഞാൻ അവരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. കാലക്രമത്തിൽ ഒരു സഭ രൂപീകൃതമായി. അനേകം വർഷം ഞാൻ അതിന്റെ അധ്യക്ഷമേൽവിചാരകനായി സേവിച്ചു, ചെറുപ്പക്കാരായ സഹോദരന്മാർ ആ ഉത്തരവാദിത്വം വഹിക്കാൻ യോഗ്യതപ്രാപിക്കുന്നതുവരെ.
വിശേഷാൽ സന്തോഷകരമായ ഒരു പദവിയായി ഞാൻ കരുതിയിട്ടുള്ളത് യഹോവയുടെ ജനത്തിന്റെ സാർവദേശീയ കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിനെയാണ്. ദൃഷ്ടാന്തത്തിന്, 1950-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ സ്മരണാർഹമായ ദിവ്യാധിപത്യ വർധനാ സമ്മേളനം നടന്നു. ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ കേന്ദ്രകാര്യാലയം സന്ദർശിച്ചത് എന്നിൽ അവിസ്മരണീയമായ മതിപ്പുളവാക്കി. തുടർന്നുള്ള വർഷം ഇംഗ്ലണ്ടിലെ ലണ്ടനിൽ നടന്ന നിർമലാരാധനാ സമ്മേളനത്തിലെ, “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നുള്ള യേശുവിന്റെ വാക്കുകളെ വിശേഷവത്കരിച്ചുകൊണ്ട് മിൽട്ടൺ ജി. ഹെൻഷൽ നടത്തിയ പ്രസംഗവും ഞാനൊരിക്കലും വിസ്മരിക്കുകയില്ല. (ലൂക്കൊസ് 19:40) ഹെൻഷൽ സഹോദരൻ ചോദിച്ചു: “കല്ലുകൾ ആർത്തുവിളിക്കേണ്ടതുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്നു വന്ന “ഇല്ല!” എന്ന ഇടിമുഴക്കം പോലുള്ള ശബ്ദം ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു.
1937-ൽ ഞാൻ ബെഥേലിലേക്കു മടങ്ങിപ്പോയപ്പോൾ, ഞങ്ങൾക്കു ചെറിയൊരു അലവൻസ് മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നു മനസ്സിലാക്കിയ എന്റെ പിതാവ് ഉത്കണ്ഠാകുലനായി ചോദിച്ചു: “മകനേ, വയസ്സാകുമ്പോൾ നീ എങ്ങനെ ജീവിക്കും?” സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ ഉത്തരം പറഞ്ഞു: “നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) എന്റെ കാര്യത്തിൽ ഈ വാക്കുകൾ തീർച്ചയായും നിറവേറിയിരിക്കുന്നു.
80-ലേറെ വർഷം മുമ്പ്, ബെർട്ട വൈബൽ എന്റെ പിതാവിനെ വിവാഹം ചെയ്യുകയും അവരുടെ ദൃഷ്ടാന്തത്താലും മാർഗനിർദേശത്താലും എനിക്ക് യഹോവയെയും അവന്റെ ഗുണങ്ങളെയും അറിയാൻ സാധിക്കുകയും ചെയ്തതിൽ ഞാൻ എത്ര സന്തുഷ്ടനാണ്! കുടുംബത്തിലെ മറ്റ് അംഗങ്ങൾ അമ്മയെ പുച്ഛിച്ചെങ്കിലും, 1983-ൽ മരിക്കുംവരെ അമ്മ യഹോവയെ വിശ്വസ്തമായി സേവിച്ചു. യഹോവയാം ദൈവത്തെ സേവിച്ചതിനെപ്രതി അമ്മ ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ല; ഏകാകിയായിരുന്നുകൊണ്ട് എന്റെ ജീവിതവും മുഴുവനായി യഹോവയുടെ സേവനത്തിന് അർപ്പിച്ചതിൽ ഞാനും ഒരിക്കലും ഖേദിച്ചിട്ടില്ല.
[25-ാം പേജിലെ ചിത്രം]
ബെഥേൽ സേവനത്തിൽ