ദൈവവചനം എന്നേക്കും നിലനിൽക്കുന്നു
“നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.”—യെശയ്യാവു 40:8.
1. (എ) ‘നമ്മുടെ ദൈവത്തിന്റെ വചനം’ എന്നതിനാൽ ഇവിടെ എന്താണർഥമാക്കുന്നത്? (ബി) ദൈവത്തിന്റെ വചനവുമായുള്ള താരതമ്യത്തിൽ മനുഷ്യരുടെ വാഗ്ദാനങ്ങൾ എങ്ങനെയാണ്?
മനുഷ്യർ പ്രമുഖരായ സ്ത്രീപുരുഷന്മാരുടെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കാൻ ചായ്വുള്ളവരാണ്. തങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വാഗ്ദാനങ്ങൾ എത്ര അഭികാമ്യമായി തോന്നിയാലും, നമ്മുടെ ദൈവത്തിന്റെ വചനവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ വാടുന്ന പുഷ്പങ്ങൾ പോലെയാണ്. (സങ്കീർത്തനം 146:3, 4) 2,700-ലധികം വർഷങ്ങൾക്കുമുമ്പ്, യഹോവയാം ദൈവം പ്രവാചകനായ യെശയ്യാവിനെ ഇങ്ങനെ എഴുതാൻ നിശ്വസ്തനാക്കി: “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. . . . പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.” (യെശയ്യാവു 40:6, 8) നിലനിൽക്കുന്ന ആ ‘വചനം’ എന്താണ്? അതു തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്താവനയാണ്. ഇന്നു നമുക്ക് ആ ‘വചനം’ ലിഖിതരൂപത്തിൽ ബൈബിളിൽ ലഭ്യമാണ്.—1 പത്രൊസ് 1:24, 25.
2. ഏതെല്ലാം മനോഭാവങ്ങൾക്കും പ്രവൃത്തികൾക്കും മധ്യേയാണ് യഹോവ പുരാതന ഇസ്രായേലിനെയും യഹൂദായെയും കുറിച്ചുള്ള തന്റെ വചനം നിവർത്തിച്ചത്?
2 പുരാതന ഇസ്രായേലിന്റെ നാളിൽ ജീവിച്ചിരുന്ന ആളുകൾ യെശയ്യാവു രേഖപ്പെടുത്തിയത് സത്യമാണെന്ന് അനുഭവിച്ചറിഞ്ഞു. തന്നോടുള്ള കടുത്ത അവിശ്വസ്തത നിമിത്തം, ആദ്യം ഇസ്രായേലിലെ പത്തുഗോത്ര രാജ്യവും പിന്നീട് യഹൂദായിലെ രണ്ടുഗോത്ര രാജ്യവും പ്രവാസത്തിലാക്കപ്പെടുമെന്നു യഹോവ തന്റെ പ്രവാചകന്മാരിലൂടെ മുൻകൂട്ടിപ്പറഞ്ഞു. (യിരെമ്യാവു 20:4; ആമോസ് 5:2, 27) അവർ യഹോവയുടെ പ്രവാചകന്മാരെ പീഡിപ്പിച്ചു, അവരിൽ ചിലരെ വധിച്ചു, ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശങ്ങൾ ഉൾക്കൊണ്ടിരുന്ന ഒരു ചുരുൾ കത്തിച്ചു പ്രവചനനിവൃത്തി തടയുന്നതിനായി ഈജിപ്തിന്റെ സൈനിക സഹായം ആവശ്യപ്പെട്ടു. എങ്കിലും, യഹോവയുടെ വചനം നിറവേറാതിരുന്നില്ല. (യിരെമ്യാവു 36:1, 2, 21-24; 37:5-10; ലൂക്കൊസ് 13:34) കൂടാതെ, അനുതാപമുള്ള ഒരു യഹൂദശേഷിപ്പിനെ തങ്ങളുടെ സ്വന്തദേശത്ത് പുനഃസ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിനും ശ്രദ്ധേയമായ നിവൃത്തിയുണ്ടായി.—യെശയ്യാവു 35-ാം അധ്യായം.
3. (എ) യെശയ്യാവു രേഖപ്പെടുത്തിയ ഏതു വാഗ്ദാനങ്ങൾ നമുക്കു വിശേഷാൽ താത്പര്യമുള്ളവയാണ്? (ബി) ഈ സംഗതികൾ യഥാർഥത്തിൽ സംഭവിക്കുമെന്നു നിങ്ങൾക്കു ബോധ്യമുള്ളതെന്തുകൊണ്ട്?
3 മിശിഹാ മുഖാന്തരം മനുഷ്യവർഗത്തിൻമേൽ നീതിനിഷ്ഠമായ ഒരു ഭരണം വരുത്തുമെന്നും പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുതൽ ലഭിക്കുമെന്നും ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടുമെന്നും യഹോവ യെശയ്യാവിലൂടെ മുൻകൂട്ടി പറഞ്ഞു. (യെശയ്യാവു 9:6, 7; 11:1-9; 25:6-8; 35:5-7; 65:17-25) ഇവയും യാഥാർഥ്യമായിത്തീരുമോ? നിസ്സംശയമായും! ‘ദൈവത്തിനു നുണപറയാൻ കഴിയുകയില്ല.’ അവൻ തന്റെ പ്രാവചനിക വചനം നമ്മുടെ പ്രയോജനത്തിനായി എഴുതിവെപ്പിക്കുകയും അതു പരിരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.—തീത്തൊസ് 1:2, NW; റോമർ 15:4.
4. ബൈബിളിന്റെ മൂലപ്രതികൾ പരിരക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും, ദൈവവചനം “ജീവനു”ള്ളതാണെന്നത് സത്യമായിരിക്കുന്നതെങ്ങനെ?
4 പുരാതന എഴുത്തുകാർ രേഖപ്പെടുത്തിയ ആ പ്രവചനങ്ങളുടെ മൂല കയ്യെഴുത്തുപ്രതികൾ യഹോവ പരിരക്ഷിച്ചില്ല. എന്നാൽ അവന്റെ “വചനം” അതായത് അവന്റെ പ്രഖ്യാപിത ഉദ്ദേശ്യം ഒരു ജീവനുള്ള വചനമാണെന്നു തെളിഞ്ഞിരിക്കുന്നു. ആ ഉദ്ദേശ്യം അജയ്യമായി മുന്നേറവേ, അത് ആരുടെയൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നുവോ അവരുടെ ആന്തരിക ചിന്തകളും പ്രചോദനങ്ങളും വെളിവായിവരുന്നു. (എബ്രായർ 4:12) കൂടാതെ, ആ നിശ്വസ്ത തിരുവെഴുത്തുകളുടെ പരിരക്ഷണവും പരിഭാഷയും നടന്നത് ദിവ്യ മാർഗദർശനത്താലായിരുന്നുവെന്ന് ചരിത്രപരമായ വിവരണം പ്രകടമാക്കുന്നു.
അതിനെ അടിച്ചമർത്താൻ ശ്രമമുണ്ടായപ്പോൾ
5. (എ) നിശ്വസ്ത എബ്രായ തിരുവെഴുത്തുകൾ നശിപ്പിക്കുന്നതിന് ഒരു സിറിയൻ രാജാവ് എന്തു ശ്രമം നടത്തി? (ബി) അദ്ദേഹം പരാജയപ്പെട്ടതെന്തുകൊണ്ട്?
5 പല സന്ദർഭങ്ങളിലും, നിശ്വസ്ത എഴുത്തുകൾ നശിപ്പിക്കുന്നതിനു ഭരണാധിപന്മാർ ശ്രമിച്ചിട്ടുണ്ട്. പൊ.യു.മു. 168-ൽ, യഹോവയ്ക്കു സമർപ്പിച്ചിരുന്ന ആലയത്തിൽ സിറിയൻ രാജാവായ അൻറിയോക്കസ് എപിഫാനസ് (ചിത്രം 10-ാമത്തെ പേജിൽ) സീയൂസിന് ഒരു യാഗപീഠം തീർത്തു. കൂടാതെ അവൻ ‘ന്യായപ്രമാണ പുസ്തകങ്ങൾ’ കണ്ടെത്തി അഗ്നിക്കിരയാക്കുകയും അത്തരം തിരുവെഴുത്തുകൾ കൈവശം വെക്കുന്ന ഏവർക്കും മരണശിക്ഷ വിധിക്കുകയും ചെയ്തു. യെരൂശലേമിലും യഹൂദ്യയിലും അവൻ വളരെയധികം പ്രതികൾ അഗ്നിക്കിരയാക്കിയെങ്കിലും, തിരുവെഴുത്തുകളെ മുഴുവനായും അടിച്ചമർത്താൻ അവനു സാധിച്ചില്ല. അക്കാലത്ത് അനേകം ദേശങ്ങളിൽ അങ്ങിങ്ങായി യഹൂദന്മാരുടെ കോളനികൾ ഉണ്ടായിരുന്നു. മാത്രമല്ല, ഓരോ സിനഗോഗിലും ചുരുളുകളുമുണ്ടായിരുന്നു.—പ്രവൃത്തികൾ 13:14, 15 താരതമ്യം ചെയ്യുക.
6. (എ) ആദിമ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന തിരുവെഴുത്തുകൾ നശിപ്പിക്കാൻ എന്തു തീവ്ര ശ്രമമുണ്ടായി? (ബി) പരിണതഫലം എന്തായിരുന്നു?
6 സമാനമായ വിധത്തിൽ റോമാ ചക്രവർത്തിയായിരുന്ന ഡയക്ലീഷ്യനും പ്രവർത്തിക്കുകയുണ്ടായി. ക്രിസ്തീയ യോഗസ്ഥലങ്ങൾ നശിപ്പിക്കാനും ‘അവരുടെ തിരുവെഴുത്തുകൾ അഗ്നിക്കിരയാക്കാനും’ പൊ.യു. 303-ൽ അദ്ദേഹം കൽപ്പന പുറപ്പെടുവിച്ചു. അത്തരം നശിപ്പിക്കൽ ഒരു പതിറ്റാണ്ടോളം തുടർന്നു. ഭയങ്കരമായി പീഡിപ്പിച്ചിട്ടും ക്രിസ്ത്യാനിത്വത്തെ പിഴുതെറിയാൻ ഡയക്ലീഷ്യനു സാധിച്ചില്ല. തന്റെ നിശ്വസ്ത വചനത്തിന്റെ ഒരു ഭാഗത്തിന്റെപോലും പ്രതികൾ മുഴുവനും നശിപ്പിക്കാൻ ദൈവം ആ ചക്രവർത്തിയുടെ ഏജൻറുമാരെ അനുവദിച്ചുമില്ല. എന്നാൽ ദൈവവചനത്തിന്റെ വിതരണത്തോടും പ്രസംഗത്തോടുമുള്ള പ്രതികരണത്താൽ എതിരാളികൾ തങ്ങളുടെ ഹൃദയത്തിലുള്ളതെന്തെന്നു പ്രകടമാക്കി. സാത്താനാൽ അന്ധരാക്കപ്പെട്ട് അവന്റെ ഹിതം നിവർത്തിക്കുന്ന മനുഷ്യരായി അവർ സ്വയം തിരിച്ചറിയിച്ചു.—യോഹന്നാൻ 8:44; 1 യോഹന്നാൻ 3:10-12.
7. (എ) പശ്ചിമ യൂറോപ്പിൽ ബൈബിൾ പരിജ്ഞാനം പ്രചരിക്കുന്നതു തടയാൻ എന്തു ശ്രമങ്ങളുണ്ടായി? (ബി) ബൈബിൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിൽ എന്തു വിജയമുണ്ടായി?
7 ബൈബിൾ പരിജ്ഞാനം പ്രചരിക്കുന്നതു തടയുന്നതിനു മറ്റു ശ്രമങ്ങളുമുണ്ടായിരുന്നു. ലത്തീൻ മൃതഭാഷയായിത്തീർന്നപ്പോൾ, സാധാരണക്കാരുടെ ഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്യുന്നതിനെ സജീവമായി എതിർത്തത് പുറജാതീയ ഭരണാധിപന്മാരായിരുന്നില്ല, പിന്നെയോ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരായിരുന്നു—ഗ്രിഗറി ഏഴാമൻ പാപ്പായും (1073-85) ഇന്നസെൻറ് മൂന്നാമൻ പാപ്പായും (1198-1216). സഭയുടെ അധികാരത്തോടുള്ള വിയോജിപ്പിന്റെ നാളങ്ങളെ തല്ലിക്കെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, 1229-ൽ ഫ്രാൻസിലെ ടുളൂസിൽ കൂടിയ റോമൻ കത്തോലിക്കാ കൗൺസിൽ സാധാരണക്കാരുടെ ഭാഷയിലുള്ള ബൈബിൾപുസ്തകങ്ങൾ അൽമേനികൾ കൈവശം വെക്കരുതെന്ന് കൽപ്പിച്ചു. പ്രസ്തുത കൽപ്പന നടപ്പാക്കുന്നതിനുവേണ്ടി നിർദാക്ഷിണ്യം മതവിചാരണ ഏർപ്പെടുത്തി. മതവിചാരണ 400 വർഷം നിലവിലിരുന്നിട്ടും, ദൈവവചനപ്രേമികൾ സമ്പൂർണ ബൈബിൾ ഏതാണ്ട് 20 ഭാഷകളിലും കൂടാതെ ഉപഭാഷകളിലും ബൈബിളിന്റെ പ്രമുഖഭാഗങ്ങൾ മറ്റു 16 ഭാഷകളിലും പരിഭാഷപ്പെടുത്തി പതിപ്പുകൾ അച്ചടിച്ചു വിതരണം ചെയ്യുകയായിരുന്നു.
8. 19-ാം നൂറ്റാണ്ടിൽ, റഷ്യയിൽ ബൈബിൾ പരിഭാഷയുടെയും വിതരണത്തിന്റെയും കാര്യത്തിൽ എന്തു സംഭവിക്കുകയായിരുന്നു?
8 സാധാരണക്കാരുടെപക്കൽ ബൈബിൾ എത്താതിരിക്കാൻ കത്തോലിക്കാ സഭ മാത്രമല്ല ശ്രമിച്ചത്. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, സെൻറ് പീറ്റേഴ്സ് അക്കാഡമി ഓഫ് ഡിവിനിറ്റിയിലെ ഒരു പ്രൊഫസറായ പാവസ്കി, മത്തായിയുടെ സുവിശേഷം ഗ്രീക്കിൽനിന്നു റഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. തുടർന്ന് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ മറ്റു പുസ്തകങ്ങളും റഷ്യൻ ഭാഷയിലേക്ക് പാവസ്കി എഡിറ്ററായി പരിഭാഷപ്പെടുത്തി. ഇതു വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. എന്നാൽ അവിടെയും സഭയുടെ കൈകടത്തലുകൾ ഉണ്ടായി. 1826-ൽ റഷ്യൻ ചക്രവർത്തിയെ സ്വാധീനിച്ച് റഷ്യൻ ബൈബിൾ സൊസൈറ്റിയെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ “വിശുദ്ധ സുന്നഹദോസി”ന്റെ മേൽനോട്ടത്തിൻ കീഴിൽ കൊണ്ടുവന്നു. അത് ആ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ഫലപ്രദമായി അടിച്ചമർത്തി. പിന്നീട്, പാവസ്കി എബ്രായ തിരുവെഴുത്തുകൾ എബ്രായയിൽനിന്നു റഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ഏതാണ്ട് അതേകാലത്തുതന്നെ, ഓർത്തഡോക്സ് സഭയിലെ ഒരു മഠാധിപനായ മകരിയോസും എബ്രായ തിരുവെഴുത്തുകൾ എബ്രായയിൽനിന്നു റഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ഇതു ചെയ്തതിന് രണ്ടുപേരും ശിക്ഷിക്കപ്പെട്ടു. അവരുടെ പരിഭാഷകൾ സഭയുടെ ഗ്രന്ഥശേഖരശാലയിലേക്ക് മാറ്റി. സാധാരണക്കാർക്കു വായിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത പുരാതന സ്ലാവോനിക് ഭാഷയിൽത്തന്നെ ബൈബിൾ സൂക്ഷിക്കാൻ സഭ ദൃഢനിശ്ചയം ചെയ്തിരുന്നു. ബൈബിൾ പരിജ്ഞാനം നേടുന്നതിനുള്ള ജനങ്ങളുടെ ശ്രമത്തെ അടിച്ചമർത്താനാവില്ലെന്നു കണ്ടപ്പോൾ മാത്രമാണ് 1856-ൽ “വിശുദ്ധ സുന്നഹദോസ്” സ്വന്തം പരിഭാഷയ്ക്കായി നടപടിയെടുത്തത്. എന്നാൽ സഭാവീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്ന പ്രയോഗങ്ങൾ ഉറപ്പുവരുത്താൻ ഉദ്ദേശിച്ചു ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തിരുന്ന മാർഗനിർദേശങ്ങളോടെയായിരുന്നു ആ പരിഭാഷ നിർവഹിച്ചത്. അങ്ങനെ, ദൈവവചനം പ്രചരിക്കുന്നതിനോടുള്ള ബന്ധത്തിൽ, മതനേതാക്കന്മാരുടെ ബാഹ്യപ്രകടനവും അവരുടെ യഥാർഥ ലക്ഷ്യവും തമ്മിലുള്ള വ്യത്യാസം അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രകടമാകുകയായിരുന്നു.—2 തെസ്സലൊനീക്യർ 2:3, 4.
വചനം ദുഷിപ്പിക്കുന്നതിനെതിരെ സംരക്ഷണം
9. ചില ബൈബിൾ പരിഭാഷകർ ദൈവവചനത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കിയതെങ്ങനെ?
9 തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുകയും അവയുടെ പ്രതികളുണ്ടാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ദൈവവചനത്തെ ശരിക്കും സ്നേഹിച്ചിരുന്നവരും അതു സകലർക്കും ലഭ്യമാക്കാൻ ആത്മാർഥ ശ്രമം ചെയ്തവരുമായ പുരുഷന്മാരുണ്ടായിരുന്നു. ബൈബിൾ ഇംഗ്ലീഷിൽ ലഭ്യമാക്കാൻ ശ്രമിച്ചതിന് വില്യം ടിൻഡെയ്ലിനു (1536-ൽ) രക്തസാക്ഷിയാകേണ്ടിവന്നു. സ്പാനീഷ് ഭാഷയിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതിന് കത്തോലിക്കാ മതവിചാരണസമിതി (1544-നുശേഷം) ഫ്രാൻസിസ്കോ ദെ എൻതീനാസിനെ തടവിലാക്കി. ജീവൻ പണയപ്പെടുത്തിക്കൊണ്ട്, റോബർട്ട് മോറിസൺ (1807 മുതൽ 1818 വരെ) ചൈനീസ് ഭാഷയിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തി.
10. ദൈവവചനത്തോടുള്ള സ്നേഹത്തെക്കാളേറെ മറ്റു സ്വാധീനഘടകങ്ങളാൽ പ്രചോദിതരായ പരിഭാഷകരുണ്ടായിരുന്നുവെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
10 ദൈവവചനത്തോടുള്ള സ്നേഹത്തെക്കാളധികം മറ്റു ചില സംഗതികൾ പകർപ്പെഴുത്തുകാരുടെയും പരിഭാഷകരുടെയും വേലയെ സ്വാധീനിച്ച സന്ദർഭങ്ങളുമുണ്ട്. നാലു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക: (1) യെരൂശലേമിലെ ആലയത്തോടു മത്സരിച്ച് ഗെരിസിം മലയിൽ ശമര്യക്കാർ ഒരാലയം പണിതു. അതിനെ പിന്തുണച്ചുകൊണ്ട്, ശമര്യ-പഞ്ചഗ്രന്ഥങ്ങളുടെ പുറപ്പാട് 20:17-ൽ കൂടുതലായ ഒരു പരാമർശം എഴുതിപ്പിടിപ്പിച്ചു. ഗെരിസിം മലയിൽ കല്ലുകൊണ്ടുള്ള യാഗപീഠം പണിത് അവിടെ യാഗമർപ്പിക്കാനുള്ള കൽപ്പനയും പത്തുകൽപ്പനകളുടെ ഭാഗമെന്നമട്ടിൽ ഉൾപ്പെടുത്തി. (2) ദാനീയേൽ പുസ്തകം ഗ്രീക്ക് സെപ്റ്റുവജിൻറിനുവേണ്ടി ആദ്യം പരിഭാഷപ്പെടുത്തിയ വ്യക്തി കുറച്ചൊക്കെ സ്വാതന്ത്ര്യമെടുത്തു. എബ്രായ പാഠത്തിലുണ്ടായിരുന്നതിനെ വിശദീകരിക്കുമെന്നോ മികവുറ്റതാക്കുമെന്നോ താൻ വിചാരിച്ച ചില പ്രസ്താവനകൾ അദ്ദേഹം ഉൾപ്പെടുത്തി. വായനക്കാർ സ്വീകരിക്കില്ലെന്നു തോന്നിയ ചില വിശദാംശങ്ങൾ അദ്ദേഹം വിട്ടുകളയുകയും ചെയ്തു. ദാനീയേൽ 9:24-27-ൽ കാണുന്ന, മിശിഹായുടെ പ്രത്യക്ഷതയുടെ സമയം സംബന്ധിച്ചുള്ള പ്രവചനം പരിഭാഷപ്പെടുത്തിയപ്പോൾ അദ്ദേഹം പ്രസ്താവിത സമയദൈർഘ്യം തെറ്റിച്ച് എഴുതുകയും വാക്കുകൾ കൂട്ടിച്ചേർക്കുകയും മാറ്റംവരുത്തുകയും വാക്കുകളുടെ ക്രമം തെറ്റിക്കുകയും ചെയ്തു. മക്കബായരുടെ പോരാട്ടത്തെ പ്രവചനം പിന്തുണയ്ക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു അതിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. (3) പൊ.യു. നാലാം നൂറ്റാണ്ടിൽ, അമിതതീക്ഷ്ണതയുള്ള ഒരു ത്രിത്വോപദേശ വക്താവ്, വ്യക്തമായും, 1 യോഹന്നാൻ 5:7-ലെ ഉദ്ധരണിയാണെന്നു ധ്വനിപ്പിക്കാൻ ഒരു ലത്തീൻ പ്രബന്ധത്തിൽ ഇങ്ങനെയൊരു വാക്യം ഉൾപ്പെടുത്തി: “സ്വർഗത്തിൽ മൂവർ ഉണ്ട്, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്; ഈ മൂന്നുപേരും ഒന്നാണ്.” പിന്നീട് ഈ വാക്യം നേരേ ബൈബിളിന്റെ ലത്തീൻ കയ്യെഴുത്തുപ്രതിയിലും ചേർത്തു. (4) പ്രൊട്ടസ്റ്റൻറുകാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനായി ബൈബിൾ ഫ്രഞ്ചിലേക്കു പരിഭാഷപ്പെടുത്താൻ ഫ്രാൻസിലെ ലൂയി പതിമൂന്നാമൻ (1610-43) ഴാക്ക് കൊർബനെ ചുമതലപ്പെടുത്തി. പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനായി, കൊർബൻ ചില വാക്യങ്ങൾ തിരുകിക്കയറ്റി. അതിലൊന്നാണ് പ്രവൃത്തികൾ 13:2-ലെ “കുർബാന എന്ന ദിവ്യബലി” എന്ന പരാമർശം.
11. (എ) ചില പരിഭാഷകർക്കു സത്യസന്ധതയില്ലാഞ്ഞിട്ടും ദൈവവചനം നിലനിന്നതെങ്ങനെ? (ബി) ബൈബിൾ ആരംഭത്തിൽ പറഞ്ഞിരുന്നത് തെളിയിക്കാൻ എത്രമാത്രം പുരാതന കയ്യെഴുത്തുപ്രതി ശേഖരമുണ്ട്? (ചതുരം കാണുക.)
11 തന്റെ വചനത്തിൽ അങ്ങനെ കൂട്ടിച്ചേർപ്പുകൾ നടത്തിയപ്പോൾ യഹോവ അതു തടഞ്ഞില്ല, അത് അവന്റെ ഉദ്ദേശ്യത്തിനൊട്ടു മാറ്റം വരുത്തിയുമില്ല. അതിന്റെ ഫലങ്ങളെന്തായിരുന്നു? ഗെരിസിം മലയെക്കുറിച്ചു പരാമർശം ചേർത്തതുകൊണ്ട്, ശമര്യക്കാരുടെ മതം മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയായിത്തീർന്നില്ല. മറിച്ച്, പഞ്ചഗ്രന്ഥങ്ങളിൽ വിശ്വസിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, സത്യം പഠിപ്പിക്കാൻ ശമര്യക്കാരുടെ മതം ആശ്രയയോഗ്യമല്ലെന്നേ അതു തെളിയിച്ചുള്ളൂ. (യോഹന്നാൻ 4:20-24) സെപ്റ്റുവജിൻറിൽ വളച്ചൊടിക്കലുകൾ നടത്തിയതുകൊണ്ട്, ദാനീയേൽ പ്രവാചകനിലൂടെ മുൻകൂട്ടിപ്പറയപ്പെട്ട സമയത്തുതന്നെ മിശിഹാ വരാതിരുന്നില്ല. കൂടാതെ, ഒന്നാം നൂറ്റാണ്ടിൽ സെപ്റ്റുവജിൻറ് ഉപയോഗത്തിലുണ്ടായിരുന്നെങ്കിലും, സിനഗോഗുകളിൽ എബ്രായ ഭാഷയിൽ തിരുവെഴുത്തുകൾ വായിച്ചുകേട്ടിരുന്നതുകൊണ്ട് വ്യക്തമായും യഹൂദന്മാർക്ക് തിരുവെഴുത്തുകൾ പരിചിതമായിരുന്നു. അതുകൊണ്ട്, പ്രവചനനിവൃത്തിയുടെ സമയമടുത്തപ്പോൾ ‘ജനം അതു പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.’ (ലൂക്കൊസ് 3:15, NW) ത്രിത്വത്തെ പിന്താങ്ങാനായി 1 യോഹന്നാൻ 5:7-ലും കുർബാനയെ ന്യായീകരിക്കാൻ പ്രവൃത്തികൾ 13:2-ലും നടത്തിയ കൂട്ടിച്ചേർപ്പുകൾ സത്യത്തിനു മാറ്റം വരുത്തിയില്ല. അവസാനം തട്ടിപ്പ് പൂർണമായും വെളിച്ചത്തായി. ബൈബിളിന്റെ മൂലഭാഷാ കയ്യെഴുത്തുപ്രതികളുടെ ഒരു വൻശേഖരംതന്നെയുള്ളതിനാൽ, ഏതൊരു പരിഭാഷയും സാധുവാണോ എന്നു പരിശോധിക്കാവുന്നതാണ്.
12. (എ) ചില ബൈബിൾ പരിഭാഷകർ ഗൗരവമേറിയ ഏതു മാറ്റങ്ങൾ വരുത്തി? (ബി) ഇവ എത്ര ദൂരവ്യാപക ഫലങ്ങളുളവാക്കി?
12 കേവലം ഏതാനും വാക്യങ്ങൾക്കു മാറ്റം വരുത്തിക്കൊണ്ടുമാത്രമല്ല, മറ്റു വിധങ്ങളിലും തിരുവെഴുത്തുകൾക്കു മാറ്റം വരുത്താനുള്ള ശ്രമങ്ങൾ നടന്നു. ഇതു സത്യദൈവം ആരെന്നതിന്മേലുള്ള ഒരാക്രമണമായിരുന്നു. വരുത്തിയ മാറ്റത്തിന്റെ സ്വഭാവവും വ്യാപ്തിയും പരിഗണിക്കുമ്പോൾ, ഏതെങ്കിലും ഒരു മനുഷ്യനെക്കാൾ അല്ലെങ്കിൽ മനുഷ്യ സ്ഥാപനത്തെക്കാൾ ശക്തമായ ഉറവിൽനിന്നുള്ള സ്വാധീനത്തിന്റെ—അതേ, യഹോവയുടെ മുഖ്യശത്രുവായ പിശാചായ സാത്താനിൽനിന്നുള്ള സ്വാധീനത്തിന്റെ—വ്യക്തമായ തെളിവു കാണാം. ആ സ്വാധീനത്തിനു വഴങ്ങി, പരിഭാഷകരും പകർപ്പെഴുത്തുകാരും—ചിലർ തീക്ഷ്ണതയോടെ, മറ്റുള്ളവർ മനസ്സില്ലാമനസ്സോടെ—ദൈവത്തിന്റെ യഹോവ എന്ന സ്വന്തം പേര് നിശ്വസ്ത തിരുവെഴുത്തുകളിൽ ആയിരക്കണക്കിനു സ്ഥലങ്ങളിൽനിന്നു നീക്കിക്കളയാൻ തുടങ്ങി. എബ്രായയിൽനിന്നു ഗ്രീക്ക്, ലത്തീൻ, ജർമൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഡച്ച് തുടങ്ങിയ ഭാഷകളിലേക്കു പരിഭാഷ നടത്തിയപ്പോൾ ചില ഭാഷാന്തരങ്ങൾ നേരത്തെതന്നെ ദിവ്യനാമം പൂർണമായി ഒഴിവാക്കുകയോ ഏതാനും സ്ഥലങ്ങളിൽ മാത്രം ഒതുക്കിനിർത്തുകയോ ചെയ്തിരുന്നു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പകർപ്പുകളിൽനിന്നും അതു നീക്കംചെയ്യപ്പെട്ടു.
13. ബൈബിളിനു മാറ്റംവരുത്താനുള്ള വ്യാപകമായ ശ്രമം ഉണ്ടായിരുന്നിട്ടും, ദൈവത്തിന്റെ നാമം മമനുഷ്യന്റെ ഓർമയിൽനിന്നു തുടച്ചുമാറ്റാൻ കഴിയാഞ്ഞതെന്തുകൊണ്ട്?
13 എന്നിരുന്നാലും, ആ മഹനീയ നാമം മമനുഷ്യന്റെ ഓർമയിൽനിന്നു തുടച്ചുമാറ്റപ്പെട്ടില്ല. സ്പാനീഷ്, പോർച്ചുഗീസ്, ജർമൻ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയിലേക്കും മറ്റനേകം ഭാഷകളിലേക്കുമുള്ള എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷകളിൽ സത്യസന്ധമായി ദൈവത്തിന്റെ സ്വന്തംപേര് ഉൾപ്പെടുത്തി. ദൈവത്തിന്റെ വ്യക്തിനാമം, 16-ാം നൂറ്റാണ്ടായപ്പോഴേക്കും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പല എബ്രായ ഭാഷാന്തരങ്ങളിലും 18-ാം നൂറ്റാണ്ടായപ്പോഴേക്കും ജർമനിലും 19-ാം നൂറ്റാണ്ടായപ്പോഴേക്കും ക്രോയേഷ്യനിലും ഇംഗ്ലീഷിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആളുകൾ ദൈവത്തിന്റെ നാമം മറച്ചുപിടിക്കാൻ ശ്രമിച്ചാലും, “യഹോവയുടെ ദിവസം” വന്നെത്തുമ്പോൾ, ദൈവം പ്രഖ്യാപിക്കുന്നതുപോലെ, ‘ഞാൻ യഹോവ എന്നു ജാതികൾ അറിയേണ്ടിവരും.’ ദൈവഹിതം സംബന്ധിച്ച ആ പ്രഖ്യാപിത ഉദ്ദേശ്യം പരാജയപ്പെടുകയില്ല.—2 പത്രൊസ് 3:10; യെഹെസ്കേൽ 38:23; യെശയ്യാവു 11:9; 55:11.
സന്ദേശം ഗോളമാസകലം എത്തിച്ചേരുന്നു
14. (എ) 20-ാം നൂറ്റാണ്ടായപ്പോഴേക്കും, എത്ര യൂറോപ്യൻ ഭാഷകളിൽ ബൈബിൾ അച്ചടിച്ചിരുന്നു, അതിന്റെ ഫലമെന്തായിരുന്നു? (ബി) 1914-ന്റെ അവസാനത്തോടെ, എത്ര ആഫ്രിക്കൻ ഭാഷകളിൽ ബൈബിൾ ലഭ്യമായിരുന്നു?
14 ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, യൂറോപ്പിലെ 94 ഭാഷകളിൽ ബൈബിൾ അച്ചടിച്ചിട്ടുണ്ടായിരുന്നു. ലോകത്തെ ഉലയ്ക്കുന്ന സംഭവങ്ങളോടെ 1914-ൽ ജാതികളുടെ കാലം അവസാനിക്കുമെന്ന വസ്തുത സംബന്ധിച്ച് അത് ആ ഭാഗത്തുള്ള ബൈബിൾ വിദ്യാർഥികളെ ജാഗരൂകരാക്കിയിരുന്നു. തീർച്ചയായും, അതങ്ങനെതന്നെ സംഭവിച്ചു! (ലൂക്കൊസ് 21:24) 1914 എന്ന ആ ചരിത്രപ്രധാന വർഷം അവസാനിക്കുന്നതിനുമുമ്പ്, വ്യാപകമായി ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളിലുള്ള പരിഭാഷകൾക്കു പുറമേ ബൈബിൾ പൂർണമായോ ഭാഗികമായോ ആഫ്രിക്കയിലെ 157 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ അവിടെ പാർക്കുന്ന അനേകം ഗോത്രങ്ങളിലെയും ദേശീയക്കൂട്ടങ്ങളിലെയും താഴ്മയുള്ളവരെ ആത്മീയ വിമോചനം വരുത്തുന്ന ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിന് വേദി ഒരുങ്ങിയിരുന്നു.
15. അന്ത്യനാളുകൾ ആരംഭിച്ചതോടെ, അമേരിക്കകളിലെ ജനങ്ങളുടെ ഭാഷകളിൽ എത്ര വ്യാപകമായി ബൈബിൾ ലഭ്യമായിരുന്നു?
15 മുൻകൂട്ടിപ്പറയപ്പെട്ട അന്ത്യനാളിലേക്കു ലോകം പ്രവേശിച്ചപ്പോൾ, അമേരിക്കകളിലെങ്ങും ബൈബിൾ ലഭ്യമായിരുന്നു. യൂറോപ്പിൽനിന്നുള്ള കുടിയേറ്റക്കാർ അവരവരുടെ വ്യത്യസ്ത ഭാഷകളിലുള്ള ബൈബിളുകൾ കൂടെക്കൊണ്ടുവന്നിരുന്നു. പരസ്യപ്രസംഗങ്ങളിലൂടെയും സാർവദേശീയ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പ്രസിദ്ധീകരിച്ചിരുന്ന ബൈബിൾ സാഹിത്യങ്ങളുടെ ശുഷ്കാന്തിയോടെയുള്ള വിതരണത്തിലൂടെയും വ്യാപകമായൊരു ബൈബിൾ വിദ്യാഭ്യാസ പരിപാടി തുടങ്ങിയിരുന്നു. കൂടാതെ, പശ്ചിമാർധഗോളത്തിലെ തദ്ദേശീയരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വേറെ 57 ഭാഷകളിൽ ബൈബിൾ സൊസൈറ്റികൾ അതിനോടകംതന്നെ ബൈബിൾ അച്ചടിക്കുന്നുണ്ടായിരുന്നു.
16, 17. (എ) ആഗോള പ്രസംഗവേലയ്ക്കുള്ള സമയമായപ്പോഴേക്കും എത്ര വ്യാപകമായി ബൈബിൾ ലഭ്യമായിരുന്നു? (ബി) ബൈബിൾ നിലനിൽക്കുന്നതും വളരെ സ്വാധീനശക്തിയുള്ളതുമായ ഒരു പുസ്തകമാണെന്നു ശരിക്കും തെളിഞ്ഞിരിക്കുന്നതെങ്ങനെ?
16 “അന്ത്യം വരു”ന്നതിനുമുമ്പ് ആഗോളമായി സുവാർത്ത പ്രസംഗിക്കുന്നതിനുള്ള സമയമായപ്പോൾ, ഏഷ്യയിലും പസഫിക് ദ്വീപുകളിലും ബൈബിൾ അപരിചിതമായിരുന്നില്ല. (മത്തായി 24:14, NW) ഗോളത്തിന്റെ ആ ഭാഗത്തുള്ള 232 ഭാഷകളിൽ അതിനോടകം ബൈബിൾ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. ചില ഭാഷകളിൽ സമ്പൂർണ ബൈബിളും മറ്റനേകം ഭാഷകളിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഷാന്തരങ്ങളുമായിരുന്നു. മറ്റുള്ളവ വിശുദ്ധ തിരുവെഴുത്തുകളുടെ ഏതെങ്കിലും ഒറ്റപ്പുസ്തകമായിരുന്നു.
17 വ്യക്തമായും, ബൈബിൾ ഒരു പുരാതന വസ്തുവായി വീക്ഷിക്കപ്പെടുകയായിരുന്നില്ല. ഉണ്ടായിരുന്ന എല്ലാ പുസ്തകങ്ങളിലുംവെച്ച്, ഏറ്റവും കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നതും ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നതുമായ പുസ്തകമായിരുന്നു അത്. ദിവ്യപ്രീതിയുടെ ആ തെളിവിനു ചേർച്ചയിൽ, ആ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നതു സംഭവിക്കാൻ പോകുകയായിരുന്നു. അതിലെ പഠിപ്പിക്കലുകളും അവയെ നിശ്വസ്തമാക്കിയ പരിശുദ്ധാത്മാവും അനേകം രാജ്യങ്ങളിലെയും ആളുകളുടെ ജീവിതത്തിൽ സ്ഥായിയായ സ്വാധീനം ചെലുത്തുകയായിരുന്നു. (1 പത്രൊസ് 1:24, 25) എന്നാൽ അതിലും വളരെയേറെ കാര്യങ്ങൾ സംഭവിക്കാനിരിക്കുകയായിരുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
□ എന്നേക്കും നിലനിൽക്കുന്ന ‘നമ്മുടെ ദൈവത്തിന്റെ വചനം’ എന്താണ്?
□ ബൈബിളിനെ അടിച്ചമർത്താൻ ഏതെല്ലാം ശ്രമങ്ങളുണ്ടായിട്ടുണ്ട്, ഫലങ്ങളെന്തായിരുന്നു?
□ ബൈബിളിന്റെ നിർമലത കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
□ തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്താവന ഒരു ജീവിക്കുന്ന വചനമാണെന്നു തെളിഞ്ഞതെങ്ങനെ?
[12-ാം പേജിലെ ചതുരം]
ബൈബിൾ ആരംഭത്തിൽ പറഞ്ഞിരുന്നതെന്തെന്നു നിങ്ങൾക്കു വാസ്തവത്തിൽ അറിയാമോ?
എബ്രായ തിരുവെഴുത്തുകളുടെ ഉള്ളടക്കത്തെ സാക്ഷ്യപ്പെടുത്തുന്ന ഏതാണ്ട് 6,000 എബ്രായ കയ്യെഴുത്തുപ്രതികളുണ്ട്. ഇവയിൽ ചിലത് ക്രിസ്തീയപൂർവ കാലഘട്ടത്തിലേതാണ്. സമ്പൂർണ എബ്രായ തിരുവെഴുത്തുകളുടെ നിലവിലുള്ള 19 കയ്യെഴുത്തു പ്രതികളെങ്കിലും കൈകൊണ്ട് നിരത്താവുന്ന അച്ചുപയോഗിച്ച് അച്ചടി നടത്തുന്നതിനുമുമ്പുള്ള കാലഘട്ടത്തിലേതാണ്. കൂടാതെ, അതേ കാലഘട്ടത്തിലെ, വേറെ 28 ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷകളും അസ്തിത്വത്തിലുണ്ട്.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഗ്രീക്കിലുള്ള ഏതാണ്ട് 5,000 കയ്യെഴുത്തുപ്രതികൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയിലൊരെണ്ണം പൊ.യു. 125-നുമുമ്പുള്ളതാണ്, അതായത് മൂല എഴുത്ത് രചിക്കപ്പെട്ട് ഏതാനും വർഷങ്ങൾക്കുശേഷമുള്ളത്. ചില എഴുത്തുശകലങ്ങൾക്കു ഗണ്യമായ പഴക്കമുള്ളതായി കരുതപ്പെടുന്നു. 27 നിശ്വസ്ത പുസ്തകങ്ങളിൽ 22-നും, 10 മുതൽ 19 വരെ സമ്പൂർണ വല്യക്ഷരകയ്യെഴുത്തുപ്രതികൾ ഉണ്ട്. ബൈബിൾ പുസ്തകങ്ങളിൽവെച്ച് സമ്പൂർണ വല്യക്ഷരകയ്യെഴുത്തുപ്രതികൾ ഏറ്റവും കുറവുള്ളത് വെളിപ്പാടു പുസ്തകത്തിനാണ്, മൂന്നെണ്ണം. സമ്പൂർണ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു കയ്യെഴുത്തുപ്രതി പൊ.യു. നാലാം നൂറ്റാണ്ടിലേതാണ്.
പുരാതന രേഖകൾ ഇത്രയധികം തെളിവുശേഖരമായുള്ള മറ്റൊരു പുരാതന സാഹിത്യവുമില്ല.