ക്രിസ്തുമസ്സ്—മതേതര വിശേഷദിനമോ അതോ മതപരമായ വിശുദ്ധദിനമോ?
ചൈനയിൽ അദ്ദേഹം ക്രിസ്തുമസ്സ് അപ്പൂപ്പൻ എന്നു വിളിക്കപ്പെടുന്നു. യുണൈറ്റഡ് കിങ്ഡത്തിൽ അദ്ദേഹം ക്രിസ്തുമസ്സ് പപ്പാ എന്നറിയപ്പെടുന്നു. റഷ്യക്കാർ മഞ്ഞു മുത്തച്ഛൻ എന്ന പേര് ഉപയോഗിക്കുന്നു. ഐക്യനാടുകളിൽ അദ്ദേഹത്തിന്റെ ഓമനപ്പേര് സാന്താക്ലോസ് എന്നാണ്.
വലിയ കുടവയറും പഞ്ഞിപോലെ വെളുത്ത ദീക്ഷയുമുള്ള ഉല്ലാസഭരിതനായ ഈ അപ്പൂപ്പനെ ഒട്ടുമിക്കവരും ക്രിസ്തുമസ്സിന്റെ ആൾരൂപമായി കാണുന്നു. എന്നാൽ, സാന്താക്ലോസ് ഒരു സങ്കൽപ്പം, അതായത് നാലാം നൂറ്റാണ്ടിൽ മിറായിൽ (ആധുനിക ടർക്കിയിൽ) ജീവിച്ചിരുന്ന ഒരു ബിഷപ്പിനോടു ബന്ധപ്പെട്ട ഒരു കെട്ടുകഥയാണെന്നുള്ളതും പരക്കെ അറിവുള്ളതാണ്.
ആചാരങ്ങളും പാരമ്പര്യങ്ങളും എല്ലാക്കാലത്തും ആഘോഷങ്ങളുടെമേൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ക്രിസ്തുമസ്സ് അതിനൊരു അപവാദമല്ല. ജനപ്രീതിനേടിയ വിശേഷദിനങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന ഐതിഹ്യത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് സാന്താ സങ്കൽപ്പം. ക്രിസ്തുമസ്സ് ആചാരങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽ അധിഷ്ഠിതമാണെന്ന് ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവയിൽ ബഹുഭൂരിപക്ഷത്തിനും പുറജാതീയ ഉത്ഭവമാണുള്ളത്.
കൂടുതലായ മറ്റൊരു ദൃഷ്ടാന്തമാണ് ക്രിസ്തുമസ്സ് ട്രീ. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “പിശാചിനെ വിരട്ടിയോടിക്കുന്നതിനായി പുതുവത്സരത്തിൽ ഭവനങ്ങളും കളപ്പുരകളും നിത്യഹരിത സസ്യങ്ങൾക്കൊണ്ട് അലങ്കരിക്കുകയും ക്രിസ്തുമസ്സ് കാലത്ത് പക്ഷികൾക്കായി മരങ്ങൾ നാട്ടുകയും ചെയ്യുന്ന സ്കാൻഡിനേവിയൻ ആചാരത്തിന്റെ രൂപത്തിൽ പുറജാതീയ യൂറോപ്യന്മാരുടെ ഇടയിൽ സാധാരണമായിരുന്ന വൃക്ഷാരാധന ക്രിസ്ത്യാനിത്വത്തിലേക്കുള്ള അവരുടെ പരിവർത്തനത്തിനുശേഷവും തുടർന്നു.”
ഐറോപ്യകുറ്റിച്ചെടികൊണ്ടോ മറ്റ് നിത്യഹരിതസസ്യങ്ങൾക്കൊണ്ടോ ഉള്ള അലങ്കാരങ്ങൾ ജനപ്രീതിയാർജിച്ച മറ്റൊരു ക്രിസ്തുമസ്സ് പാരമ്പര്യമാണ്. ഇതും പുറജാതീയ ആരാധനയിൽ ആഴമായി വേരൂന്നിയതാണ്. കൃഷിദേവനായ സാറ്റേണിനു സമർപ്പിക്കപ്പെട്ടിരുന്ന, ശിശിരമധ്യത്തിലെ സപ്തദിന ആഘോഷമായ, സാറ്റർനേലിയായുടെ സമയത്ത് ക്ഷേത്രങ്ങൾ അലങ്കരിക്കുന്നതിനായി പുരാതന റോമാക്കാർ ഐറോപ്യകുറ്റിച്ചെടിയുടെ ചില്ലകൾ ഉപയോഗിച്ചിരുന്നു. അനിയന്ത്രിതമായ കുടിച്ചുകൂത്താട്ടത്തിനും കാമാസക്തിക്കും വിശേഷാൽ പേരുകേട്ടതായിരുന്നു ഈ പുറജാതീയ ആഘോഷം.
ഇത്തിൾച്ചില്ലയുടെ അടിയിൽ ചുംബിക്കുന്നത് (ഇവിടെ ചിത്രീകരിച്ചിരിക്കുന്നു) പ്രേമപ്രകടനമായി ചിലർക്ക് തോന്നിയേക്കാമെങ്കിലും അത് മധ്യകാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. ഇത്തിൾക്കണ്ണിക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് പുരാതന ബ്രിട്ടനിലെ പൂജാരികൾ വിശ്വസിച്ചിരുന്നു; അതുകൊണ്ട്, ഭൂതങ്ങളിൽനിന്നും മന്ത്രവാദങ്ങളിൽനിന്നും മറ്റുതരത്തിലുള്ള തിന്മകളിൽനിന്നും ഉള്ള ഒരു സംരക്ഷണമെന്നനിലയിൽ അവ ഉപയോഗിച്ചിരുന്നു. കാലക്രമത്തിൽ, ഇത്തിൾക്കണ്ണിയുടെ അടിയിൽ ചുംബിക്കുന്നത് വിവാഹത്തിലേക്കു നയിക്കുമെന്ന അന്ധവിശ്വാസം ഉടലെടുത്തു. ക്രിസ്തുമസ്സ് കാലത്ത് ചില ആളുകൾക്കിടയിൽ അത് ഇപ്പോഴും സർവസാധാരണമാണ്.
എന്നാൽ, പുറജാതീയ പഠിപ്പിക്കലുകളാൽ സ്വാധീനിക്കപ്പെട്ടിട്ടുള്ളതോ പൂർണമായും അവയിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതോ ആയ ചുരുക്കം ചില ആധുനിക ക്രിസ്തുമസ്സ് പാരമ്പര്യങ്ങൾ മാത്രമാണ് ഇവ. പക്ഷേ ഇതെല്ലാം എങ്ങനെ സംഭവിച്ചെന്ന് നിങ്ങൾ അതിശയിച്ചേക്കാം. ക്രിസ്തുവിന്റെ ജനനത്തെ ആദരിക്കാനെന്ന് അവകാശപ്പെടുന്ന ഒരു വിശേഷദിനം അക്രിസ്തീയ ആചാരങ്ങളുമായി ഇത്രയധികം കൂടിക്കുഴഞ്ഞതെങ്ങനെ? കൂടുതൽ പ്രധാനമായി, ദൈവം പ്രസ്തുത സംഗതിയെ എങ്ങനെയാണ് വീക്ഷിക്കുന്നത്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
പേജ് 3: സാന്താക്ലോസ്: Thomas Nast/Dover Publications, Inc., 1978; പേജ് 3-ലെ ഇത്തിൾച്ചില്ലയും പേജ് 4-ലെ ചിത്രീകരണവും: Discovering Christmas Customs and Folklore by Margaret Baker, published by Shire Publications, 1994