മറഞ്ഞിരുന്നൊരു നിധി വെളിച്ചത്തിലേക്ക്
മാകാര്യോസ് ബൈബിളിന്റെ കഥ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നിൽ ഒരു ഗവേഷകൻ സെൻറ് പീറ്റേഴ്സ്ബർഗിലെ റഷ്യൻ നാഷണൽ ലൈബ്രറിയിൽ നിറംമങ്ങിയ കുറെ പഴഞ്ചൻ ഓർത്തഡോക്സ് റിവ്യൂ മാസികകൾ കണ്ടെത്തി. ഒരു നൂറ്റാണ്ടിലധികമായി റഷ്യൻ പൊതുജനത്തിൽനിന്നു മറഞ്ഞിരിക്കുകയായിരുന്ന ഒരു നിധി 1860-1867 കാലഘട്ടത്തിലെ ഈ മാസികകളുടെ പേജുകളിലുണ്ടായിരുന്നു. മുഴു എബ്രായ തിരുവെഴുത്തുകളുടെ, അല്ലെങ്കിൽ “പഴയ നിയമ”ത്തിന്റെ റഷ്യൻ ഭാഷയിലുള്ള ബൈബിൾ പരിഭാഷയായിരുന്നു അത്!
തിരുവെഴുത്തുകളുടെ പരിഭാഷകർ ആർക്കിമാൻഡ്രൈ മാകാര്യോസ് എന്നറിയപ്പെടുന്ന മീഖായേൽ യാകോവ്ലവിക് ഗ്ലുഖരഫും ഗിരാസി പിറ്റ്രൊവിക് പാവ്സ്കിയുമായിരുന്നു. രണ്ടുപേരും റഷ്യൻ ഓർത്തഡോക്സ് സഭയിലെ പ്രമുഖാംഗങ്ങളും ഭാഷാപണ്ഡിതന്മാരും ആയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പുരുഷന്മാർ തങ്ങളുടെ വേല ആരംഭിച്ചപ്പോൾ, സമ്പൂർണ ബൈബിൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തപ്പെട്ടിട്ടില്ലായിരുന്നു.
ആധുനികനാളിലെ റഷ്യൻ ഭാഷയുടെ മുന്നോടിയായ സ്ലാവോനിക്കിൽ ബൈബിൾ ലഭ്യമായിരുന്നുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ലാവോനിക് ഭാഷയുടെ ഉപയോഗം സാധാരണക്കാരുടെയിടയിൽ നിലച്ചിട്ട് ഏറെ കാലമായിരുന്നു. മതചടങ്ങുകളിൽ പുരോഹിതന്മാർമാത്രമേ അത് ഉപയോഗിക്കുന്നുണ്ടായിരുന്നുള്ളൂ. സമാനമായ സ്ഥിതിവിശേഷമായിരുന്നു പാശ്ചാത്യനാടുകളിലുമുണ്ടായിരുന്നത്. അവിടെ റോമൻ കത്തോലിക്കാ സഭ ലത്തീനിൽ മാത്രമേ ബൈബിൾ ലഭ്യമാക്കിയിരുന്നുള്ളൂ. അതൊരു മൃതഭാഷയായിത്തീർന്ന് ദീർഘകാലം കഴിഞ്ഞിട്ടും സ്ഥിതിവിശേഷത്തിനു മാറ്റം വന്നില്ല.
മാകാര്യോസും പാവ്സ്കിയും ബൈബിൾ സാധാരണക്കാർക്കു ലഭ്യമാക്കാൻ പരിശ്രമിച്ചു. ദീർഘനാളായി വിസ്മരിക്കപ്പെട്ടിരുന്ന അവരുടെ വേലയുടെ കണ്ടെത്തലിലൂടെ റഷ്യൻ സാഹിത്യ-മത പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗം പുനഃസ്ഥാപിക്കുന്നത് സാധ്യമായി.
എന്നിരുന്നാലും, മാകാര്യോസും പാവ്സ്കിയും ആരായിരുന്നു? സാധാരണക്കാരുടെ ഭാഷയിൽ ബൈബിൾ ലഭ്യമാക്കുന്നതിനുള്ള അവരുടെ പരിശ്രമത്തിന് അത്രമാത്രം എതിർപ്പ് നേരിട്ടതെന്തുകൊണ്ട്? അവരുടെ കഥ എല്ലാ ബൈബിൾപ്രേമികൾക്കും രസകരവും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമാണ്.
ഒരു റഷ്യൻ ബൈബിളിന്റെ ആവശ്യം
സാധാരണക്കാരുടെ ഭാഷയിലുള്ള ബൈബിൾ വേണമെന്ന ആവശ്യം ആദ്യം മനസ്സിലാക്കിയത് മാകാര്യോസും പാവ്സ്കിയുമല്ല. അവർക്കു നൂറുവർഷം മുമ്പ്, റഷ്യയിൽ പീറ്റർ ഒന്നാമൻ സ്സാർ, അഥവാ മഹാനായ പീറ്റർ ഈ ആവശ്യം മനസ്സിലാക്കിയിരുന്നു. അദ്ദേഹം വിശുദ്ധ തിരുവെഴുത്തുകളെ ആദരിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുമുണ്ട്: “ബൈബിൾ മറ്റെല്ലാ പുസ്തകങ്ങളെക്കാളും ശ്രേഷ്ഠമാണ്, ദൈവത്തോടും അയൽക്കാരോടുമുള്ള മമനുഷ്യന്റെ കടമയുമായി ബന്ധപ്പെട്ട സകലതും അതിലടങ്ങിയിരിക്കുന്നു.”
അങ്ങനെ, ആംസ്റ്റർഡാമിൽ ഒരു ബൈബിൾ തന്റെ ചെലവിൽ അച്ചടിക്കണമെന്നു 1716-ൽ പീറ്റർ രാജസദസ്സിനോടു കൽപ്പിച്ചു. ഓരോ പേജിലും റഷ്യൻ പാഠത്തിന്റെ ഒരു കോളവും ഡച്ച് പാഠത്തിന്റെ ഒരു കോളവും ഉൾക്കൊള്ളിക്കാനായിരുന്നു പരിപാടി. ഒറ്റവർഷംകൊണ്ട്, 1717-ൽ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ അഥവാ “പുതിയ നിയമം” എന്ന ഭാഗം തയ്യാറായി.
1721 ആയപ്പോഴേക്കും എബ്രായ തിരുവെഴുത്തുകളുടെ നാലു വാല്യങ്ങളുള്ള ഡച്ച് പതിപ്പും അച്ചടിച്ചു. പിന്നീട് റഷ്യൻ പാഠം ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി ഒരു കോളം ഒഴിച്ചിട്ടിരുന്നു. അച്ചടി തീർത്ത് വിതരണം ചെയ്യുന്നതിനുവേണ്ടി പീറ്റർ ആ ബൈബിളുകൾ റഷ്യൻ ഓർത്തഡോക്സ് സഭയുടെ “വിശുദ്ധ സുന്നഹദോസി”നെ—സഭയുടെ മതപരമായ പരമാധികാര സമിതിയെ—ഏൽപ്പിച്ചു. എന്നാൽ സുന്നഹദോസ് അതിൽ വേണ്ടത്ര താത്പര്യം കാട്ടിയില്ല.
നാലു വർഷം തികയുന്നതിനുമുമ്പ് പീറ്റർ മരിച്ചു. അദ്ദേഹത്തിന്റെ ബൈബിളുകൾക്ക് എന്തു സംഭവിച്ചു? റഷ്യൻ പാഠത്തിനുവേണ്ടി ഒഴിച്ചിട്ട കോളം ഒരിക്കലും ഉപയോഗിക്കപ്പെട്ടില്ല. കെട്ടിടത്തിന്റെ കീഴറയിൽ കൂനകൂട്ടിയിട്ട ബൈബിളുകൾ അവിടെക്കിടന്നു ദ്രവിച്ചു—ഒരൊറ്റ പ്രതിപോലും കേടുകൂടാതെ അവശേഷിച്ചില്ല! “അവശേഷിക്കുന്നതെല്ലാം കച്ചവടക്കാർക്കു വിറ്റുകളയാ”നായിരുന്നു സുന്നഹദോസിന്റെ തീരുമാനം.
പരിഭാഷാശ്രമങ്ങൾ ആരംഭിക്കുന്നു
1812-ൽ, ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റിയിലെ ഒരംഗമായ ജോൺ പാറ്റേഴ്സൺ റഷ്യയിൽ വന്നു. ഒരു ബൈബിൾ സൊസൈറ്റി രൂപവത്കരിക്കുന്നതിന് സെൻറ് പീറ്റേഴ്സ്ബർഗിലെ ബുദ്ധിജീവികളിൽ പാറ്റേഴ്സൺ താത്പര്യം ഉണർത്തി. 1812-ൽ, അതായത് നെപ്പോളിയൻ ഒന്നാമന്റെ ആക്രമണസേനയെ റഷ്യൻ സൈന്യം തുരത്തിയ അതേ വർഷം ഡിസംബർ 6-ന് അലക്സാണ്ടർ ഒന്നാമൻ സ്സാർ റഷ്യൻ ബൈബിൾ സൊസൈറ്റിയുടെ ചാർട്ടറിന് അംഗീകാരം കൊടുത്തു. “ദൈവവചനം മാതൃഭാഷയായ റഷ്യനിൽ വായിക്കുന്നതിനു റഷ്യക്കാർക്കും അവസരമുണ്ടാകണ”മെന്ന് സ്സാർ 1815-ൽ സൊസൈറ്റി അധ്യക്ഷനായ അലിക്സാണ്ടർ ഗൊലീറ്റ്സിൻ രാജകുമാരനോട് കൽപ്പിച്ചു.
മൂല എബ്രായയിൽനിന്നു നേരിട്ട് റഷ്യനിലേക്ക് എബായ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്താൻ അനുമതി നൽകപ്പെട്ടുവെന്നത് പ്രശംസാർഹമാണ്. പുരാതന ഗ്രീക്കു സെപ്റ്റുവജിൻറ് അടിസ്ഥാനമാക്കിയുള്ളതായിരുന്നു സ്ലാവോനിക്കിലേക്കുള്ള എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷകൾ. കൃത്യതയും വ്യക്തതയും നിർമലതയും പരിഭാഷയെ നയിക്കേണ്ട മുഖ്യതത്ത്വങ്ങളായിരിക്കണമെന്ന് റഷ്യൻ ബൈബിൾപരിഭാഷകരോടു പറയപ്പെട്ടു. റഷ്യൻ ഭാഷയിൽ ബൈബിൾ ലഭ്യമാക്കുന്നതിനുള്ള ഈ ആദ്യകാല ശ്രമങ്ങൾക്കെന്തു സംഭവിച്ചു?
ബൈബിൾ പരിഭാഷയ്ക്കൊരു മാരകപ്രഹരമോ?
ഉടനെതന്നെ സഭയിലും ഗവൺമെൻറിലുമുള്ള യാഥാസ്ഥിതികർ മതപരവും രാഷ്ട്രീയവുമായ വിദേശ സ്വാധീനത്തെക്കുറിച്ച് ജാഗരൂകരായി. മതാനുഷ്ഠാനവിധികൾക്കുള്ള ഭാഷയായ സ്ലാവോനിക്കാണു റഷ്യൻ ഭാഷയെക്കാൾ വ്യക്തമായി ബൈബിൾ സന്ദേശം അവതരിപ്പിക്കുന്നതെന്നു ചില സഭാനേതാക്കന്മാർ അവകാശപ്പെട്ടു.
അങ്ങനെ റഷ്യൻ ബൈബിൾ സൊസൈറ്റി 1826-ൽ പിരിച്ചുവിടപ്പെട്ടു. ബൈബിൾ സൊസൈറ്റി നിർമിച്ച പരിഭാഷകളുടെ അനേകായിരം പ്രതികൾ ചുട്ടെരിക്കപ്പെട്ടു. ഫലമോ, ബൈബിളിനെക്കാൾ പ്രാധാന്യം ആചാരാനുഷ്ഠാനത്തിനും പാരമ്പര്യത്തിനുമായി. റോമൻ കത്തോലിക്കാ സഭയുടെ മാതൃക പിൻപറ്റിക്കൊണ്ട്, 1836-ൽ സുന്നഹദോസ് ഉത്തരവിട്ടു: “ഭക്തനായ ഒരു അൽമായനു തിരുവെഴുത്തുകൾ ശ്രവിക്കാവുന്നതാണ്, എന്നാൽ മാർഗനിർദേശമില്ലാതെ ചില തിരുവെഴുത്തുഭാഗങ്ങൾ, വിശേഷിച്ചും പഴയനിയമഭാഗങ്ങൾ വായിക്കുന്നതിന് അനുവാദമില്ല.” ബൈബിൾപരിഭാഷയ്ക്കു മാരകപ്രഹരമേറ്റപോലെയായി.
പാവ്സ്കിയുടെ പരിഭാഷ
അതിനിടെ, എബ്രായ പ്രൊഫസറായ ഗിരാസി പാവ്സ്കി എബ്രായ തിരുവെഴുത്തുകൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തുന്ന വേല ഏറ്റെടുത്തു. 1821-ൽ അദ്ദേഹം സങ്കീർത്തനങ്ങളുടെ പരിഭാഷ തീർത്തു. പെട്ടെന്നുതന്നെ അതിനു സ്സാറിന്റെ അംഗീകാരം ലഭിച്ചു. 1822 ജനുവരിയോടെ സങ്കീർത്തന പുസ്തകം പൊതുജനത്തിനു ലഭ്യമാക്കപ്പെട്ടു. നല്ല അംഗീകാരം ലഭിച്ച അത് 12 പ്രാവശ്യം വീണ്ടും അച്ചടിക്കേണ്ടിവന്നു—മൊത്തം 1,00,000 പ്രതികൾ!
പാവ്സ്കിയുടെ പണ്ഡിതോചിത ശ്രമങ്ങൾ അനേകം ഭാഷാപണ്ഡിതന്മാരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും ആദരവു പിടിച്ചുപറ്റി. തനിക്കുചുറ്റുമുണ്ടായിരുന്ന ഉപജാപകരുടെ സ്വാധീനമേൽക്കാതെ സത്യസന്ധനായി നിലകൊണ്ട പരമാർഥ പ്രകൃതക്കാരനായാണ് അദ്ദേഹം വർണിക്കപ്പെടുന്നത്. റഷ്യൻ ബൈബിൾ സൊസൈറ്റിക്ക് സഭയുടെ എതിർപ്പ് നേരിട്ടു. മാത്രമല്ല അതു വിദേശികളുടെ താത്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതായി ചിലർക്കു തോന്നി. എന്നിട്ടും പ്രൊഫസർ പാവ്സ്കി തന്റെ പ്രസംഗങ്ങളിൽ ബൈബിൾ വാക്യങ്ങൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തുന്നത് തുടർന്നു. അനുഭാവികളായ വിദ്യാർഥികൾ അദ്ദേഹത്തിന്റെ പരിഭാഷയുടെ കയ്യെഴുത്തുപ്രതികൾ ഉണ്ടാക്കി, അവസാനം അവരത് സമാഹരിച്ചു. 1839-ൽ, സെൻസർബോർഡിന്റെ അനുമതിയില്ലാതെ അവർ ധൈര്യസമേതം 150 പ്രതികൾ അക്കാദമി പ്രസ്സിൽ അച്ചടിച്ചു.
പാവ്സ്കിയുടെ പരിഭാഷ വായനക്കാരിൽ വലിയ മതിപ്പുണ്ടാക്കി, അതിന് ആവശ്യക്കാർ കൂടിക്കൊണ്ടേയിരുന്നു. എന്നാൽ ഇത് ഓർത്തഡോക്സ് പഠിപ്പിക്കലിൽനിന്നുള്ള വ്യതിചലനമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ പരിഭാഷയുടെ “അപകടം” സംബന്ധിച്ച് 1841-ൽ ആരോ സുന്നഹദോസിനു പരാതി അയച്ചു. രണ്ടു വർഷത്തിനുശേഷം സുന്നഹദോസ് ഈ കൽപ്പന പുറപ്പെടുവിച്ചു: “ജി. പാവ്സ്കിയുടെ പഴയനിയമ പരിഭാഷയുടെ നിലവിലുള്ള എല്ലാ കയ്യെഴുത്തുപ്രതികളും ലിത്തോഗ്രാഫ് പ്രതികളും കണ്ടുകെട്ടി നശിപ്പിക്കുക.”
ദൈവനാമം മഹത്ത്വപ്പെടുത്തൽ
എന്നിരുന്നാലും, പാവ്സ്കി ബൈബിൾപരിഭാഷയിലുള്ള താത്പര്യം പുനരുജ്ജീവിപ്പിച്ചു. മറ്റൊരു പ്രധാനപ്പെട്ട സംഗതിയുടെ, അതായത് ദൈവനാമത്തിന്റെ കാര്യത്തിലും അദ്ദേഹം ഭാവിപരിഭാഷകർക്ക് ഒരു പ്രധാന കീഴ്വഴക്കം വെച്ചു.
റഷ്യൻ ഗവേഷകനായ കൊർസൂംഗ്സ്കി വിശദീകരിച്ചു: ‘നാമങ്ങളിലേക്കും വിശുദ്ധമായ ദൈവനാമത്തിൽ നാല് എബ്രായ അക്ഷരങ്ങളാണുള്ളത്, יהוה. അതിപ്പോൾ യഹോവ എന്ന് ഉച്ചരിക്കപ്പെടുന്നു.’ ബൈബിളിന്റെ പുരാതന പ്രതികളിൽ, ദൈവത്തിന്റെ ആ വ്യതിരിക്തനാമം എബ്രായ തിരുവെഴുത്തുകളിൽ മാത്രം ആയിരക്കണക്കിനുപ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. എന്നാൽ, എഴുതാനോ ഉച്ചരിക്കാനോ പാടില്ലാത്തവിധം അത്ര വിശുദ്ധമാണ് ആ ദിവ്യനാമമെന്ന് യഹൂദന്മാർ തെറ്റായി വിശ്വസിക്കാനിടയായി. ഇതിനെക്കുറിച്ച് കൊർസൂംഗ്സ്കി പറയുന്നു: “സംസാരത്തിലോ എഴുത്തിലോ അതിനുപകരം സാധാരണമായി “കർത്താവ്” എന്നു പരിഭാഷപ്പെടുത്തുന്ന അദോനായ് എന്ന് ഉപയോഗിക്കപ്പെട്ടു.”
വ്യക്തമായും, ദിവ്യഭയത്താലല്ല, മറിച്ച് അന്ധവിശ്വാസപരമായ ഭയത്താലായിരുന്നു ദിവ്യനാമത്തിന്റെ ഉപയോഗം നിർത്തിയത്. ബൈബിളിൽ ഒരിടത്തും ദൈവനാമത്തിന്റെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നില്ല. ദൈവംതന്നെ മോശയോടു പറഞ്ഞു: ‘നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറപ്പാടു 3:15) തിരുവെഴുത്തുകൾ ആരാധകരോട് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ.” (യെശയ്യാവു 12:4) എന്നിട്ടും, മിക്ക ബൈബിൾ പരിഭാഷകരും യഹൂദ പാരമ്പര്യം പിൻപറ്റാൻ തീരുമാനിച്ചുകൊണ്ട് ദിവ്യനാമത്തിന്റെ ഉപയോഗം ഒഴിവാക്കി.
എന്നിരുന്നാലും, പാവ്സ്കി ഈ പാരമ്പര്യങ്ങൾ പിൻപറ്റിയില്ല. അദ്ദേഹത്തിന്റെ സങ്കീർത്തന പരിഭാഷയിൽ മാത്രം 35-ലധികം പ്രാവശ്യം യഹോവ എന്ന നാമം പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ധൈര്യം സമകാലികരിൽ ഒരാളിൽ കാര്യമായ സ്വാധീനം ചെലുത്തി.
ആർക്കിമാൻഡ്രൈ മാകാര്യോസ്
അസാമാന്യ ഭാഷാവൈദഗ്ധ്യമുണ്ടായിരുന്ന ഒരു റഷ്യൻ ഓർത്തഡോക്സ് മിഷനറിയായിരുന്ന ആർക്കിമാൻഡ്രൈ മാകാര്യോസ് ആയിരുന്നു ആ സമകാലീനൻ. 7 വയസ്സുള്ള ബാലനായിരിക്കുമ്പോൾത്തന്നെ, അദ്ദേഹത്തിനു ചെറു റഷ്യൻ പാഠങ്ങൾ ലത്തീനിലേക്കു പരിഭാഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. 20 വയസ്സായപ്പോഴേക്കും എബ്രായ, ജർമൻ, ഫ്രഞ്ച് എന്നിവയും വശമായി. എന്നിരുന്നാലും, താഴ്മയുള്ളൊരു മനോഭാവവും ദൈവമുമ്പാകെ തനിക്കുള്ള ഭാരിച്ച ഉത്തരവാദിത്വബോധവും അമിതാത്മവിശ്വാസത്തിന്റെ കെണി ഒഴിവാക്കാൻ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം പലപ്രാവശ്യം മറ്റു ഭാഷാവൈജ്ഞാനികരുടെയും പണ്ഡിതന്മാരുടെയും ഉപദേശം തേടി.
മാകാര്യോസ് റഷ്യയിലെ മിഷനറി പ്രവർത്തനം പരിഷ്കരിക്കാൻ ആഗ്രഹിച്ചു. റഷ്യയിൽ മുസ്ലീമുകളുടെയും യഹൂദന്മാരുടെയും അടുക്കൽ ക്രിസ്ത്യാനിത്വവുമായി ചെല്ലുന്നതിനുമുമ്പായി സഭ “സ്കൂളുകൾ സ്ഥാപിച്ചും റഷ്യൻ ഭാഷയിൽ ബൈബിളുകൾ വിതരണംചെയ്തും ആളുകളെ പ്രബുദ്ധരാ”ക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. 1839 മാർച്ചിൽ, എബ്രായ തിരുവെഴുത്തുകൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്താൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ മാകാര്യോസ് സെൻറ് പീറ്റേഴ്സ്ബർഗിൽ എത്തി.
യെശയ്യാവ്, ഇയ്യോബ് എന്നീ ബൈബിൾ പുസ്തകങ്ങൾ മാകാര്യോസ് നേരത്തേതന്നെ പരിഭാഷപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, എബ്രായ തിരുവെഴുത്തുകൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തുന്നതിനു സുന്നഹദോസ് അദ്ദേഹത്തിന് അനുമതി നൽകിയില്ല. വാസ്തവത്തിൽ, എബ്രായ തിരുവെഴുത്തുകൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തുന്ന കാര്യംതന്നെ മറന്നേക്കാൻ മാകാര്യോസിനോടു പറഞ്ഞു. 1841 ഏപ്രിൽ 11-ന് സുന്നഹദോസ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അത് മാകാര്യോസിനോട് “റ്റൊംസ്കിലുള്ള ഒരു ബിഷപ്പിന്റെ വസതിയിൽ 3-6 ആഴ്ചത്തെ പ്രായശ്ചിത്താനുഷ്ഠാനം നടത്തി മുട്ടിന്മേൽനിന്ന് പ്രാർഥിച്ച് മനസ്സാക്ഷി ശുദ്ധീകരിക്കാൻ” ആവശ്യപ്പെട്ടു.
മാകാര്യോസിന്റെ ധീരമായ നിലപാട്
1841 ഡിസംബർ മുതൽ 1842 ജനുവരി വരെ, മാകാര്യോസ് തന്റെ പ്രായശ്ചിത്താനുഷ്ഠാനം നിവർത്തിച്ചു. എന്നാൽ അതു തീർന്നയുടൻ അദ്ദേഹം എബ്രായ തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തിന്റെ പരിഭാഷ ആരംഭിച്ചു. അദ്ദേഹം പാവ്സ്കി പരിഭാഷപ്പെടുത്തിയ എബ്രായ തിരുവെഴുത്തുകളുടെ ഒരു പ്രതി സംഘടിപ്പിച്ച് അതുപയോഗിച്ച് സ്വന്തം പരിഭാഷ പരിശോധിച്ചു. പാവ്സ്കിയെപ്പോലെ അദ്ദേഹവും ദിവ്യനാമം മറച്ചുപിടിച്ചില്ല. വാസ്തവത്തിൽ, മാകാര്യോസ്പരിഭാഷയിൽ യഹോവ എന്ന നാമം 3,500-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു!
മാകാര്യോസ് തന്റെ അനുഭാവികളായ സുഹൃത്തുക്കൾക്ക് പരിഭാഷയുടെ പ്രതികൾ അയച്ചുകൊടുത്തു. ഏതാനും കയ്യെഴുത്തുപ്രതികൾ വിതരണംചെയ്യപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ പരിഭാഷ പ്രസിദ്ധീകരിക്കുന്നതിനോടുള്ള സഭയുടെ എതിർപ്പ് തുടരുകയായിരുന്നു. തന്റെ ബൈബിൾ വിദേശത്തു പ്രചരിപ്പിക്കാൻ മാകാര്യോസ് പരിപാടിയിട്ടു. എന്നാൽ യാത്രയുടെ തലേരാത്രി അദ്ദേഹത്തിന് അസുഖം പിടിപെട്ടു. പിന്നെ അധികം താമസിയാതെ, 1847-ൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ ബൈബിൾപരിഭാഷ ഒരിക്കലും അദ്ദേഹത്തിന്റെ ആയുഷ്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടില്ല.
ഒടുവിൽ പ്രസിദ്ധീകരിക്കപ്പെടുന്നു!
ഒടുവിൽ രാഷ്ട്രീയവും മതപരവുമായ കാലാവസ്ഥയ്ക്കു മാറ്റംവന്നു. രാജ്യത്തുടനീളം പുതിയ ഉദാരവത്കരണം നിലവിൽവന്നു. 1856-ൽ സുന്നഹദോസ് ബൈബിൾ റഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിനു വീണ്ടും അനുമതി നൽകി. ഈ അനുകൂല പരിസ്ഥിതിയിൽ, ഓർത്തഡോക്സ് റിവ്യൂയിൽ റഷ്യൻ ഭാഷയിലേക്കുള്ള ഒരു പരിഭാഷാപരീക്ഷണം എന്ന ശീർഷകത്തിൻകീഴിൽ മാകാര്യോസ് ബൈബിൾ 1860-1867 കാലഘട്ടത്തിൽ ഭാഗംഭാഗമായി പ്രസിദ്ധീകരിച്ചു.
മാകാര്യോസ് ബൈബിളിനെ റഷ്യൻ മതസാഹിത്യ പണ്ഡിതനായ ചെർനിഗോവിലെ ആർച്ച്ബിഷപ്പ് ഫിലാരെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു: “എബ്രായ പാഠത്തിന്റെ ഒരു വിശ്വസ്ത പരിഭാഷയാണ് അദ്ദേഹത്തിന്റേത്, തർജമയുടെ ഭാഷ ശുദ്ധവും വിഷയത്തിനു ചേർന്നതുമാണ്.”
എന്നിരുന്നാലും, മാകാര്യോസ് ബൈബിൾ ഒരിക്കലും പൊതുജനത്തിനു പ്രകാശനം ചെയ്യപ്പെട്ടില്ല. ക്രമേണ, അത് അപ്പാടെ വിസ്മരിക്കപ്പെട്ടു. അവസാനം 1876-ൽ സുന്നഹദോസിന്റെ അനുമതിയോടെ എബ്രായ-ഗ്രീക്കു തിരുവെഴുത്തുകൾ ഉൾപ്പെട്ട മുഴുബൈബിളും റഷ്യനിലേക്കു പരിഭാഷപ്പെടുത്തപ്പെട്ടു. സുന്നഹദോസ്പരിഭാഷ എന്നാണ് ഈ സമ്പൂർണ ബൈബിളിനെ വിളിക്കുന്നത്. വൈരുദ്ധ്യമെന്നു പറയട്ടെ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ “ഔദ്യോഗിക” പരിഭാഷയ്ക്കുള്ള മുഖ്യ അടിസ്ഥാനമായി ഉപയോഗിക്കപ്പെട്ടത് മാകാര്യോസിന്റെയും പാവ്സ്കിയുടെയും പരിഭാഷയായിരുന്നു. എന്നാൽ എബ്രായ ഭാഷയിൽ ദിവ്യനാമം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം വളരെ വിരളമായേ ദിവ്യനാമം ഉപയോഗിച്ചുള്ളൂ.
മാകാര്യോസ് ബൈബിൾ ഇന്ന്
മാകാര്യോസ് ബൈബിൾ 1993 വരെ അജ്ഞാതമായിരുന്നു. ആമുഖത്തിൽ പറഞ്ഞതുപോലെ, ആ സമയത്ത് റഷ്യൻ നാഷണൽ ലൈബ്രറിയുടെ അപൂർവ-പുസ്തക വിഭാഗത്തിൽ അതിന്റെ ഒരു പ്രതി പഴയ ഓർത്തഡോക്സ് റിവ്യൂ മാസികകളിൽ കണ്ടെത്തി. ഈ ബൈബിൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിന്റെ മൂല്യം യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. മാകാര്യോസ് ബൈബിൾ പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുവേണ്ടി അതിന്റെയൊരു പ്രതിയുണ്ടാക്കാൻ ലൈബ്രറി റഷ്യയിലെ യഹോവയുടെ സാക്ഷികളെന്ന മതസംഘടനയ്ക്ക് അനുമതി നൽകി.
റഷ്യയിലുടനീളവും റഷ്യൻ ഭാഷ സംസാരിക്കുന്നിടങ്ങളിലും വിതരണം ചെയ്യുന്നതിനുവേണ്ടി ഇറ്റലിയിൽ യഹോവയുടെ സാക്ഷികൾ ഈ ബൈബിളിന്റെ ഏതാണ്ട് 3,00,000 പ്രതികൾ അച്ചടിക്കാൻവേണ്ട ഏർപ്പാടുകൾ ചെയ്തു. മിക്ക എബ്രായ തിരുവെഴുത്തുകളുമടങ്ങുന്ന മാകാര്യോസ് പരിഭാഷയ്ക്കുപുറമേ ഈ ബൈബിൾപതിപ്പിൽ പാവ്സ്കിയുടെ സങ്കീർത്തന പരിഭാഷയും ഓർത്തഡോക്സ് സഭയുടെ അധികൃത സുന്നഹദോസ് ഗ്രീക്കു തിരുവെഴുത്ത് പരിഭാഷയും ഉൾക്കൊള്ളുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ, റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽവെച്ചു നടന്ന ഒരു പത്രസമ്മേളനത്തിൽവെച്ച് അതു പ്രകാശനം ചെയ്തു. (26-ാം പേജ് കാണുക.) റഷ്യൻ വായനക്കാർ ഈ പുതിയ ബൈബിളിനാൽ തീർച്ചയായും പ്രബുദ്ധരാക്കപ്പെടുകയും കെട്ടുപണിചെയ്യപ്പെടുകയും ചെയ്യും.
അങ്ങനെ ഈ ബൈബിളിന്റെ പ്രസിദ്ധീകരണം മതപരവും സാഹിത്യപരവുമായ ഒരു വിജയമാണ്! കൂടാതെ അത് യെശയ്യാവു 40:8-ലെ വാക്കുകളുടെ സത്യതയെ അനുസ്മരിപ്പിച്ച് വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ഒന്നാണ്: “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.”
[23-ാം പേജിലെ ചിത്രം]
മറഞ്ഞിരുന്ന നിധി കണ്ടെത്തിയ റഷ്യൻ നാഷണൽ ലൈബ്രറി
[26-ാം പേജിലെ ചതുരം/ചിത്രം]
ബൈബിളിനു നിരൂപകരുടെ പ്രശംസ
“സാഹിത്യത്തിൽ മറ്റൊരു അതിവിശിഷ്ടഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു: മാകാര്യോസ് ബൈബിൾ.” ആ മുഖവുരയോടെയായിരുന്നു കോംസോമോൽസ്കയ പ്രാവ്ദ പത്രം മാകാര്യോസ് ബൈബിളിന്റെ പ്രകാശനം അറിയിച്ചത്.
റഷ്യൻ ഭാഷയിൽ ബൈബിൾ ആദ്യമായി പ്രത്യക്ഷപ്പെട്ടിട്ട് ഏതാണ്ട് “120 വർഷമേ” ആയിട്ടുള്ളൂ എന്നു പറഞ്ഞിട്ട്, പ്രസ്തുത പത്രം വിലപിച്ചു: “എളുപ്പം വായിച്ചുമനസ്സിലാക്കാവുന്ന ഒരു ഭാഷയിലേക്കു വിശുദ്ധ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തുന്നതിനോട് സഭയ്ക്ക് അനേക വർഷങ്ങളായി എതിർപ്പായിരുന്നു. പല പരിഭാഷകളും തള്ളിക്കളഞ്ഞ സഭ അവസാനം 1876-ൽ ഒരെണ്ണത്തിന് അംഗീകാരം നൽകി, അതാണ് സുന്നഹദോസ് പരിഭാഷയെന്ന് അറിയപ്പെടാനിടയായത്. എന്നിരുന്നാലും, അതു പള്ളികളിൽ ഉപയോഗിച്ചിരുന്നില്ല. അവിടെ ഇപ്പോഴും സ്ലാവോനിക് ബൈബിളിനുമാത്രമേ അംഗീകാരമുള്ളൂ.”
മാകാര്യോസ് ബൈബിൾ പ്രസിദ്ധീകരിച്ചതിന്റെ മൂല്യത്തെക്കുറിച്ച് സെൻറ് പീറ്റേഴ്സ്ബർഗ് എക്കോ പത്രവും സൂചിപ്പിക്കുകയുണ്ടായി. അതിങ്ങനെ അഭിപ്രായപ്പെട്ടു: “സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഹെർറ്റ്സൻ പെഡഗോജിക്കൽ യൂണിവേഴ്സിറ്റി, സ്റ്റേറ്റ് മ്യൂസിയം ഓഫ് റിലിജിയസ് ഹിസ്റ്ററി എന്നിവിടങ്ങളിൽനിന്നുള്ള പ്രാമാണികരായ പണ്ഡിതന്മാർ ബൈബിളിന്റെ ഈ പുതിയ പതിപ്പിന് ഉയർന്ന മാർക്ക് കൊടുത്തിരിക്കുന്നു.” കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാകാര്യോസും പാവ്സ്കിയും റഷ്യനിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തിയതിനെ സൂചിപ്പിച്ചുകൊണ്ട്, പത്രം പ്രസ്താവിച്ചു: “അന്നുവരെ, റഷ്യയിൽ പുരോഹിതന്മാർക്കു മാത്രം മനസ്സിലാകുന്ന സ്ലാവോനിക്കിൽ മാത്രമേ ബൈബിൾ ലഭ്യമായിരുന്നുള്ളൂ.”
ഈ വർഷത്തിന്റെ ആരംഭത്തിൽ സെൻറ് പീറ്റേഴ്സ്ബർഗിലെ ഒരു പത്രസമ്മേളനത്തിൽ, യഹോവയുടെ സാക്ഷികൾ പുറത്തിറക്കുന്ന മാകാര്യോസ് ബൈബിളിന്റെ പ്രകാശനത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യപ്പെട്ടു. ന്യെഫ്സകൊയാ വ്രെമ്യ എന്ന പ്രാദേശിക പത്രം അഭിപ്രായപ്പെട്ടു: “പ്രസ്തുത പതിപ്പ് റഷ്യയിലെയും സെൻറ് പീറ്റേഴ്സ്ബർഗിലെയും സാംസ്കാരിക ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ളതായി വീക്ഷിക്കപ്പെടണം . . . എന്ന് പ്രാമാണികരായ പണ്ഡിതന്മാർ ഊന്നിപ്പറഞ്ഞു. ഈ മതക്കാരുടെ പ്രവർത്തനത്തെക്കുറിച്ച് ആരെന്തു വിചാരിച്ചാലും ശരി, ഇന്നോളം അജ്ഞാതമായിരുന്ന ഈ ബൈബിൾപരിഭാഷ നിസ്സംശയമായും വളരെ പ്രയോജനപ്രദമാണ്.”
തീർച്ചയായും, ദൈവത്തിന്റെ ലിഖിതവചനം സാധാരണക്കാർക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ഒരു ഭാഷയിൽ ലഭ്യമാക്കപ്പെടുമ്പോൾ അവനെ സ്നേഹിക്കുന്ന എല്ലാവരും ആഹ്ലാദിക്കുന്നു. റഷ്യൻ ഭാഷ സംസാരിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മറ്റൊരു ബൈബിൾ പരിഭാഷ ലഭ്യമാക്കിയിരിക്കുന്നതിൽ എല്ലായിടത്തുമുള്ള ബൈബിൾസ്നേഹികൾ ആഹ്ലാദിക്കുന്നു.
[ചിത്രം]
ഈ പത്രസമ്മേളനത്തിൽ മാകാര്യോസ് ബൈബിളിന്റെ പ്രകാശനം അറിയിക്കപ്പെട്ടു
[23-ാം പേജിലെ ചിത്രം]
മഹാനായ പീറ്റർ റഷ്യയിൽ ബൈബിൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചു
[കടപ്പാട]
Corbis-Bettmann
[24-ാം പേജിലെ ചിത്രം]
ബൈബിൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തുന്നതിനു സംഭാവനചെയ്ത ഗിരാസി പാവ്സ്കി
[25-ാം പേജിലെ ചിത്രം]
ആർക്കിമാൻഡ്രൈ മാകാര്യോസ്—ഇദ്ദേഹത്തിന്റെ പേരിലാണ് പുതിയ റഷ്യൻ ബൈബിൾ