‘ശക്തവും ബോധ്യപ്പെടുത്തുന്നതും’
“നാളെമുതൽ ഞാനത് പ്രസംഗവേലയിൽ ഉപയോഗിക്കാൻ പോകുകയാണ്, കാരണം ശക്തവും ബോധ്യപ്പെടുത്തുന്നതുമായ വാദഗതികളാണ് അതിലുള്ളത്,” ഫ്രാൻസിൽനിന്നുള്ള ഒരു യഹോവയുടെ സാക്ഷി എഴുതി. “ഞാനത് ഉടൻതന്നെ വായിച്ചു. ബൈബിളിൽ വിശ്വാസമില്ലാത്ത, ഉദാസീനരായ അനേകരെയും കണ്ടുമുട്ടുന്നതുകൊണ്ട് അതുമായി വയൽസേവനത്തിനു പോകാൻ എനിക്കു ധൃതിയായി,” ഐക്യനാടുകളിൽനിന്നുള്ള ഒരു സാക്ഷി എഴുതി. അവർ എന്തിനെക്കുറിച്ചു വർണിക്കുകയായിരുന്നു? 1997/98-ൽ നടത്തപ്പെട്ട “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ വാച്ച് ടവർ സൊസൈറ്റി പ്രകാശനം ചെയ്ത സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ശീർഷകത്തിലുള്ള 32-പേജ് ലഘുപത്രികയെക്കുറിച്ച്.
വിദ്യാഭ്യാസമുള്ളവരെങ്കിലും ബൈബിളിനെക്കുറിച്ചു കാര്യമായി അറിവില്ലാത്ത പ്രത്യേക വായനക്കാരെ ഉദ്ദേശിച്ചാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്. ഒരിക്കലും വായിച്ചിട്ടില്ലെങ്കിലും അത്തരക്കാർ ബൈബിളിനെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നു. ബൈബിൾ പരിശോധനായോഗ്യമെങ്കിലുമാണെന്നു വായനക്കാരനെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ലഘുപത്രികയുടെ ലക്ഷ്യം. ബൈബിൾ ദൈവനിശ്വസ്തമാണെന്ന കാഴ്ചപ്പാട് വായനക്കാരൻ സ്വീകരിക്കണമെന്ന് ഈ ലഘുപത്രിക നിർബന്ധിക്കുന്നില്ല. പകരം അത് വസ്തുതകൾ നിരത്തുന്നു. ഇതിൽ ഗംഭീര വാക്കുകൾ ഇല്ല, മറിച്ച് വ്യക്തതയുള്ളതും വളച്ചുകെട്ടില്ലാത്തതുമായ പ്രതിപാദനരീതിയാണുള്ളത്.
മേലുദ്ധരിച്ച പരാമർശങ്ങൾ സൂചിപ്പിക്കുന്നതുപോലെ, കൺവെൻഷനിൽ സന്നിഹിതരായിരുന്നവർ ഈ ലഘുപത്രിക വയൽശുശ്രൂഷയിൽ ഉപയോഗിക്കാൻ ഉത്സാഹമുള്ളവരായിരുന്നു. ഉദാഹരണത്തിന്, ഫ്രാൻസിൽ ആഗസ്റ്റ് 23-നും 24-നും ഒരു പ്രത്യേക സാക്ഷീകരണ പരിപാടി ഏർപ്പെടുത്തി. ലോക യുവജനദിനം പ്രമാണിച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ലക്ഷക്കണക്കിനു യുവസന്ദർശകർ പാരീസിൽ തടിച്ചുകൂടിയ ദിവസങ്ങളായിരുന്നു അവ. ഏതാണ്ട് 2,500 സാക്ഷികൾ (മിക്കവരും 16-നും 30-നുമിടയ്ക്കു പ്രായമുള്ളവർ) ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, പോളിഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളിൽ ഈ ലഘുപത്രികയുടെ 18,000 പ്രതികൾ സമർപ്പിച്ചു.
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ഈ ലഘുപത്രിക തീർച്ചയായും നമുക്കു നമ്മുടെ ശുശ്രൂഷയിൽ ഉപയോഗിക്കാം. തങ്ങൾ വ്യക്തിപരമായി ബൈബിൾ പരിശോധിക്കേണ്ടതാണെന്നു ന്യായബോധമുള്ള ആളുകളെ ബോധ്യപ്പെടുത്തുന്നതിൽ ഈ പ്രസിദ്ധീകരണം മൂല്യവത്താണെന്നു തെളിയുമാറകട്ടെ.