യഹോവ വിശ്വസ്തരോടുള്ള തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നു
“വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.”—എബ്രായർ 10:23.
1, 2. യഹോവയുടെ വാഗ്ദത്തങ്ങളിൽ നമുക്കു സമ്പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
തന്റെ ദാസന്മാർ തന്നിലും തന്റെ വാഗ്ദത്തങ്ങളിലും ശക്തമായ വിശ്വാസം വളർത്തിയെടുക്കാനും നിലനിർത്താനും യഹോവ ആവശ്യപ്പെടുന്നു. അത്തരം വിശ്വാസമുള്ള ഒരു വ്യക്തിക്ക്, യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്നത് നിവർത്തിക്കുമെന്ന പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവന്റെ നിശ്വസ്ത വചനം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.”—യെശയ്യാവു 14:24.
2 ‘സൈന്യങ്ങളുടെ യഹോവ ആണയിട്ട്’ എന്ന പ്രസ്താവന പ്രകടമാക്കുന്നത് തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കാൻ അവൻ ഗൗരവമായ ഒരു ശപഥം ചെയ്തിരിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് അവന്റെ വചനത്തിന് ഇങ്ങനെ പറയാൻ കഴിയുന്നത്: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) നാം യഹോവയിൽ ആശ്രയിച്ച് അവന്റെ ജ്ഞാനം നമ്മെ വഴിനടത്താൻ അനുവദിക്കുമ്പോൾ നമ്മുടെ പാതകൾ തീർച്ചയായും നിത്യജീവനിലേക്കായിരിക്കും. കാരണം, ദൈവത്തിന്റെ ജ്ഞാനം “അതിനെ പിടിച്ചുകൊള്ളുന്നവർക്കു . . . ജീവ വൃക്ഷം” ആയിരിക്കും.—സദൃശവാക്യങ്ങൾ 3:18; യോഹന്നാൻ 17:3.
പുരാതന കാലങ്ങളിലെ യഥാർഥ വിശ്വാസം
3. നോഹ എങ്ങനെയാണ് യഹോവയിൽ വിശ്വാസം പ്രകടമാക്കിയത്?
3 യഥാർഥ വിശ്വാസമുണ്ടായിരുന്നവരെ പ്രതിയുള്ള യഹോവയുടെ പ്രവൃത്തികളുടെ ചരിത്രം അവന്റെ ആശ്രയയോഗ്യതയ്ക്കു സാക്ഷ്യം വഹിക്കുന്നു. ഉദാഹരണത്തിന്, ഒരു ആഗോള ജലപ്രളയത്തിൽ നോഹയുടെ നാളിലെ ലോകം നശിപ്പിക്കപ്പെടുമെന്നു ദൈവം 4,400-ലധികം വർഷം മുമ്പ് അവനോടു പറഞ്ഞു. മനുഷ്യജീവന്റെയും മൃഗജീവന്റെയും സംരക്ഷണാർഥം ഒരു കൂറ്റൻ പെട്ടകം പണിയാൻ അവൻ നോഹയ്ക്കു നിർദേശം നൽകി. നോഹ എന്താണു ചെയ്തത്? എബ്രായർ 11:7 നമ്മോട് ഇങ്ങനെ പറയുന്നു: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു.” മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത, താൻ “അതുവരെ കാണാത്ത” ഒന്നിൽ നോഹ എന്തുകൊണ്ടാണ് വിശ്വാസം പ്രകടമാക്കിയത്? മനുഷ്യകുടുംബവുമായുള്ള ദൈവത്തിന്റെ മുൻകാല ഇടപെടലുകളെക്കുറിച്ചു നല്ല അറിവ് അവനുണ്ടായിരുന്നു. അതിനാൽ, ദൈവം എന്തു പറഞ്ഞാലും അതു നിവൃത്തിയാകുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് പ്രളയം ഉണ്ടാകുമെന്ന് നോഹയ്ക്ക് ഉറപ്പുണ്ടായിരുന്നു.—ഉല്പത്തി 6:9-22.
4, 5. അബ്രാഹാം യഹോവയിൽ പൂർണമായി വിശ്വസിച്ചത് എന്തുകൊണ്ട്?
4 യഥാർഥ വിശ്വാസത്തിന്റെ മറ്റൊരു ഉദാഹരണം അബ്രാഹാമാണ്. തന്റെ ഭാര്യയായ സാറായിലുണ്ടായ ഏക മകനായ യിസ്ഹാക്കിനെ ബലികഴിക്കാൻ ഏതാണ്ട് 3,900 വർഷം മുമ്പ് ദൈവം അവനോട് ആവശ്യപ്പെട്ടു. (ഉല്പത്തി 22:1-10) അബ്രാഹാം എങ്ങനെയാണു പ്രതികരിച്ചത്? എബ്രായർ 11:17 (NW) ഇങ്ങനെ പ്രസ്താവിക്കുന്നു: “പരീക്ഷിക്കപ്പെട്ടപ്പോൾ, വിശ്വാസത്താൽ അബ്രാഹാം യിസ്ഹാക്കിനെ യാഗം അർപ്പിക്കാൻ തുനിഞ്ഞു.” എന്നാൽ അവസാന നിമിഷം, യഹോവയുടെ ദൂതൻ അബ്രാഹാമിനെ തടുത്തു. (ഉല്പത്തി 22:11, 12) എന്നിരുന്നാലും, എങ്ങനെയാണ് അബ്രാഹാമിന് അത്തരമൊരു സംഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിഞ്ഞത്? കാരണം, എബ്രായർ 11:19 പറയുന്നതുപോലെ അവൻ, “മരിച്ചവരുടെ ഇടയിൽനിന്നു [യിസ്ഹാക്കിനെ] ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണി.” അബ്രാഹാം പുനരുത്ഥാനമൊന്നും കണ്ടിരുന്നില്ല, തന്നെയുമല്ല മുമ്പ് അത്തരമൊരു സംഗതി നടന്നതിന്റെ രേഖയുമില്ലായിരുന്നു. എന്നിട്ടും, അവനു പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായതെങ്ങനെയാണ്?
5 ദൈവം അവർക്കൊരു പുത്രനെ വാഗ്ദാനം ചെയ്തപ്പോൾ സാറായ്ക്ക് 89 വയസ്സായിരുന്നുവെന്ന് ഓർക്കുക. ഒരു കുട്ടിയെ പേറാനുള്ള പ്രാപ്തി സാറായുടെ ഗർഭപാത്രത്തിനില്ലായിരുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ അത് മരിച്ചിരുന്നു. (ഉല്പത്തി 18:9-14) ദൈവം സാറായുടെ ഗർഭപാത്രം പ്രവർത്തനക്ഷമമാക്കി, അങ്ങനെ അവൾ യിസ്ഹാക്കിനെ പ്രസവിച്ചു. (ഉല്പത്തി 21:1-3) ദൈവത്തിനു സാറായുടെ മരിച്ച ഗർഭപാത്രം ജീവിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട്, ആവശ്യമെങ്കിൽ യിസ്ഹാക്കിനെ ജീവനിലേക്കു തിരികെ കൊണ്ടുവരാനും അവനു കഴിയുമെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. റോമർ 4:20, 21 അബ്രാഹാമിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “[അവൻ] ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.”
6. യോശുവ യഹോവയിലുള്ള വിശ്വാസം പ്രകടമാക്കിയത് എങ്ങനെ?
6 3,400-ലധികം വർഷം മുമ്പ് യോശുവയ്ക്കു നൂറിലേറെ വയസ്സുണ്ടായിരുന്ന സമയം. ദൈവം എത്രമാത്രം ആശ്രയയോഗ്യനെന്ന് ഒരായുഷ്കാലം മുഴുവൻ അനുഭവിച്ചറിഞ്ഞശേഷം, അവൻ തന്റെ വിശ്വാസത്തിനുള്ള കാരണം നിരത്തി: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.”—യോശുവ 23:14.
7, 8. ഒന്നാം നൂറ്റാണ്ടിൽ വിശ്വസ്ത ക്രിസ്ത്യാനികൾ രക്ഷയുടെ ഏതു പ്രവർത്തനഗതിയാണ് സ്വീകരിച്ചത്, എന്തുകൊണ്ട്?
7 ഏതാണ്ട് 1,900 വർഷം മുമ്പ്, താഴ്മയുള്ള അനേകമാളുകൾ യഥാർഥ വിശ്വാസം പ്രകടമാക്കി. ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിൽനിന്ന് യേശു മിശിഹായാണെന്ന് അവർ തിരിച്ചറിയുകയും അവന്റെ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. വസ്തുതകളിലും എബ്രായ തിരുവെഴുത്തുകളിലും ഈടുറ്റ അടിസ്ഥാനമുണ്ടായിരുന്നതു നിമിത്തം അവർ യേശു പഠിപ്പിച്ച കാര്യങ്ങളിൽ വിശ്വാസമർപ്പിച്ചു. അതിനാൽ, അവിശ്വസ്തത ഹേതുവായി യെരൂശലേമിന്റെയും യഹൂദ്യയുടെയും മേൽ ദിവ്യന്യായവിധി വരാൻ പോകുന്നുവെന്ന് യേശു പറഞ്ഞപ്പോൾ, അവരതു വിശ്വസിച്ചു. ജീവരക്ഷയ്ക്കായി ചെയ്യേണ്ടതെന്താണെന്ന് യേശു പറഞ്ഞപ്പോൾ അവർ അതിൻപ്രകാരം ചെയ്തു.
8 സൈന്യങ്ങൾ യെരൂശലേമിനെ വളയുമ്പോൾ അവർ പലായനം ചെയ്യണമെന്ന് യേശു വിശ്വാസികളോടു പറഞ്ഞു. പൊ.യു. 66-ൽ റോമൻ സൈന്യങ്ങൾ യെരൂശലേമിനെതിരെ വരികതന്നെ ചെയ്തു. എന്നാൽ അജ്ഞാതമായ ഏതോ കാരണത്താൽ അവർ പിൻവാങ്ങി. നഗരം വിട്ടുപോകുന്നതിനു ക്രിസ്ത്യാനികൾക്കുള്ള അടയാളമായിരുന്നു അത്. കാരണം, യേശു ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കൊസ് 21:20, 21) യഥാർഥ വിശ്വാസമുണ്ടായിരുന്നവർ യെരൂശലേമും സമീപപ്രദേശവും വിട്ട് സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്തു.
വിശ്വാസരാഹിത്യത്തിന്റെ അനന്തരഫലങ്ങൾ
9, 10. (എ) മതനേതാക്കന്മാർ എങ്ങനെയാണ് യേശുവിലുള്ള വിശ്വാസരാഹിത്യം പ്രകടമാക്കിയത്? (ബി) ആ വിശ്വാസരാഹിത്യത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരുന്നു?
9 യഥാർഥ വിശ്വാസമില്ലാതിരുന്നവർ എന്താണു ചെയ്തത്? അവസരം ലഭിച്ചപ്പോൾ അവർ പലായനം ചെയ്തില്ല. നേതാക്കന്മാർക്കു തങ്ങളെ രക്ഷിക്കാനാകുമെന്നായിരുന്നു അവരുടെ വിചാരം. ആ നേതാക്കന്മാർക്കും അവരുടെ അനുഗാമികൾക്കും യേശു മിശിഹായാണെന്നതിന്റെ തെളിവുണ്ടായിരുന്നു. എന്നിട്ടും അവൻ പറഞ്ഞത് അവർ സ്വീകരിക്കാഞ്ഞത് എന്തുകൊണ്ടായിരുന്നു? അവരുടെ ദുഷ്ട ഹൃദയനില നിമിത്തം. യേശു ലാസറിനെ ഉയിർപ്പിച്ചശേഷം സാധാരണക്കാരായ അനേകർ യേശുവിന്റെ അടുക്കലെത്തുന്നത് അവർ കണ്ടപ്പോൾ നേരത്തെതന്നെ അതു പ്രകടമാകുകയുണ്ടായി. യോഹന്നാൻ 11:47, 48 വിവരിക്കുന്നു: “മഹാപുരോഹിതൻമാരും പരീശൻമാരും സംഘം [യഹൂദ ഹൈക്കോടതി] കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ [യേശു] വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.” 53-ാം വാക്യം പറയുന്നു: “അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.”
10 മരിച്ചവരുടെ ഇടയിൽനിന്ന് ലാസറിനെ ഉയിർപ്പിക്കുക എന്നത് യേശു ചെയ്ത എത്ര വിസ്മയകരമായ അത്ഭുതമായിരുന്നു! എന്നാൽ അങ്ങനെ ചെയ്തതിന് യേശു കൊല്ലപ്പെടാൻ ആ മതനേതാക്കന്മാർ ആഗ്രഹിച്ചു. “അവൻ ഹേതുവായി അനേകം യെഹൂദൻമാർ ചെന്നു യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതൻമാർ ആലോചിച്ച”പ്പോൾ അവരുടെ കൊടിയ ദുഷ്ടത ഒന്നുകൂടി വെളിവായി. (യോഹന്നാൻ 12:10, 11) ലാസർ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. അവൻ വീണ്ടും മരിച്ചുകാണാൻ ആ പുരോഹിതന്മാർ ആഗ്രഹിച്ചു! അവർക്കു ദൈവഹിതമോ ആളുകളുടെ ക്ഷേമമോ ഒന്നും പ്രശ്നമല്ലായിരുന്നു. അവർ സ്വാർഥരായിരുന്നു, സ്വന്തം സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. “അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” (യോഹന്നാൻ 12:43) എന്നാൽ വിശ്വാസരാഹിത്യത്തിന് അവർ വിലയൊടുക്കേണ്ടിവന്നു. പൊ.യു. 70-ൽ റോമാ സൈന്യം തിരിച്ചെത്തി അവരുടെ പ്രദേശത്തെയും ജനതയെയും നശിപ്പിച്ചു, അവരിൽ അനേകരും കൊല്ലപ്പെട്ടു.
നമ്മുടെ കാലത്തു പ്രകടിപ്പിക്കപ്പെടുന്ന വിശ്വാസം
11. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ യഥാർഥ വിശ്വാസം എങ്ങനെയാണു പ്രകടമാക്കപ്പെട്ടത്?
11 യഥാർഥ വിശ്വാസമുള്ള അനേകം സ്ത്രീപുരുഷന്മാർ ഈ നൂറ്റാണ്ടിലും ഉണ്ടായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, 1900-ങ്ങളുടെ ആരംഭത്തിൽ ആളുകൾ പൊതുവേ ഒരു നല്ല ഭാവിക്കായി പ്രതീക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. അതേസമയം, മനുഷ്യവർഗം ചരിത്രത്തിൽ ഏറ്റവും വഷളായ കുഴപ്പങ്ങളുടെ ഒരു കാലഘട്ടത്തിലേക്കു പ്രവേശിക്കാൻ പോകുകയാണെന്നു യഹോവയിൽ വിശ്വാസമർപ്പിച്ചിരുന്നവർ അപ്പോൾ മുന്നറിയിപ്പു മുഴക്കുകയായിരുന്നു. അതാണു മത്തായി 24-ാം അധ്യായത്തിലും 2 തിമൊഥെയൊസ് 3-ാം അധ്യായത്തിലും മറ്റിടങ്ങളിലും ദൈവവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നത്. വിശ്വാസമുണ്ടായിരുന്ന അവർ പറഞ്ഞത്, 1914-ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ സംഭവിക്കുകതന്നെ ചെയ്തു. മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, ലോകം “ഇടപെടാൻ പ്രയാസമുള്ള” കാലഘട്ടമായ “അന്ത്യകാല”ത്തിലേക്കു തീർച്ചയായും പ്രവേശിച്ചു. (2 തിമൊഥെയൊസ് 3:1) ലോകാവസ്ഥകൾ സംബന്ധിച്ച സത്യം മറ്റുള്ളവർ അറിയാതിരുന്ന സമയത്ത് യഹോവയുടെ സാക്ഷികൾക്ക് അത് അറിയാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? എന്തെന്നാൽ, യഹോവയുടെ ഒരു വാക്കുപോലും നിറവേറാതിരിക്കില്ലെന്ന് യോശുവയെപ്പോലെ അവർക്കും വിശ്വാസമുണ്ടായിരുന്നു.
12. ഇന്ന് യഹോവയുടെ ഏതു വാഗ്ദത്തത്തിലാണ് അവന്റെ ദാസന്മാർ പൂർണമായി വിശ്വസിക്കുന്നത്?
12 ലോകമെമ്പാടുമായി ഇന്ന് യഹോവയിൽ വിശ്വാസമർപ്പിക്കുന്ന അവന്റെ ദാസന്മാരുടെ എണ്ണം 60 ലക്ഷത്തോടടുത്തുവരും. ദൈവത്തിന്റെ പ്രാവചനിക വചനത്തിന്റെ നിവൃത്തിയുടെ തെളിവിൽനിന്നും അക്രമാസക്തവും അധാർമികവുമായ ഈ വ്യവസ്ഥിതിയെ അവൻ ഉടനെ അവസാനിപ്പിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ട്, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നു പറയുന്ന 1 യോഹന്നാൻ 2:17-ന്റെ നിവൃത്തി തങ്ങൾ കാണുന്ന സമയം അടുത്തിരിക്കുന്നുവെന്ന് അവർക്കുറപ്പുണ്ട്. യഹോവ ആ വാഗ്ദത്തം നിവർത്തിക്കുമെന്ന് അവന്റെ ദാസന്മാർ പൂർണമായി വിശ്വസിക്കുന്നു.
13. നിങ്ങൾക്കു യഹോവയെ എത്രത്തോളം ആശ്രയിക്കാൻ കഴിയും?
13 നിങ്ങൾക്ക് എത്രത്തോളം യഹോവയെ ആശ്രയിക്കാൻ കഴിയും? അവനെപ്രതി ജീവൻ അപകടപ്പെടുത്തുന്ന ഘട്ടത്തോളം പോലും! അവനെ സേവിക്കുന്നതിന്റെ പേരിൽ നിങ്ങൾക്ക് ഇപ്പോൾ ജീവൻ നഷ്ടപ്പെട്ടാൽപ്പോലും, പുനരുത്ഥാനത്തിലൂടെ അവൻ നിങ്ങൾക്ക് ഏറെ മെച്ചമായ ജീവിതം തിരിച്ചുതരും. യേശു നമുക്ക് ഈ ഉറപ്പു നൽകുന്നു: “കല്ലറകളിൽ [അതായത് ദൈവത്തിന്റെ ഓർമയിൽ] ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നൻമ ചെയ്തവർ ജീവന്നായും തിൻമ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) അതു ചെയ്യാൻ കഴിവുള്ള ഒരു ഡോക്ടറെയോ രാഷ്ട്രീയ നേതാവിനെയോ ശാസ്ത്രജ്ഞനെയോ വ്യവസായിയെയോ മറ്റേതെങ്കിലും മനുഷ്യനെയോ നിങ്ങൾക്കറിയാമോ? അവർക്കതിനു കഴിയില്ലെന്ന് അവരുടെ കഴിഞ്ഞകാല ചരിത്രം പ്രകടമാക്കുന്നു. യഹോവയ്ക്ക് അതിനു കഴിയും, അവൻ ഉറപ്പായും അതു ചെയ്യും!
വിശ്വസ്തർക്ക് അത്ഭുതകരമായ ഒരു ഭാവി
14. അത്ഭുതകരമായ എന്തു ഭാവിയാണ് ദൈവവചനം വിശ്വസ്തർക്കു വാഗ്ദാനം ചെയ്യുന്നത്?
14 “സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ; അവർ ഭൂമിയെ അവകാശമാക്കും” എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻ കീഴിലെ പുതിയ ലോകത്തിന്റെ ഉറപ്പിനെക്കുറിച്ച് യേശു പരാമർശിച്ചു. (മത്തായി 5:5) സങ്കീർത്തനം 37:29-ലെ, “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന ദൈവവാഗ്ദത്തത്തെ അത് ഉറപ്പിക്കുകയാണു ചെയ്യുന്നത്. യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ് ഒരു ദുഷ്പ്രവൃത്തിക്കാരൻ അവനിൽ വിശ്വാസം പ്രകടമാക്കിയപ്പോൾ “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കു”മെന്ന് യേശു അവനോടു പറഞ്ഞു. (ലൂക്കൊസ് 23:43) അതേ, ഭൂമിയിലെ ജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ച് പറുദീസയിൽ നിത്യമായി ജീവിക്കുന്നതിനുള്ള അവസരം ആ മനുഷ്യനു ലഭിക്കുന്നുവെന്ന് ദൈവരാജ്യത്തിന്റെ രാജാവെന്നനിലയിൽ യേശു ഉറപ്പുവരുത്തും. ഇന്ന്, യഹോവയുടെ രാജ്യത്തിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും പറുദീസയിൽ ജീവിക്കുന്നതിനായി പ്രതീക്ഷാപൂർവം കാത്തിരിക്കാനാകും. അന്ന് “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:4, 5എ.
15, 16. പുതിയ ലോകത്തിലെ ജീവിതം വളരെ സമാധാനപൂർണമായിരിക്കുന്നത് എന്തുകൊണ്ട്?
15 നമുക്ക് ആ പുതിയ ലോകത്തിൽ മനസ്സു പതിപ്പിക്കാം. നാം ഇപ്പോൾത്തന്നെ അതിൽ ജീവിക്കുകയാണെന്നു വിഭാവന ചെയ്യുക. നാം എവിടെയും കാണുക സമ്പൂർണ സമാധാനത്തിൽ ഒരുമിച്ചു ജീവിക്കുന്ന സന്തുഷ്ട ജനത്തെയാകും. യെശയ്യാവു 14:7-ൽ വർണിച്ചിരിക്കുന്നതിനോടു സമാനമായ അവസ്ഥകൾ അവർ ആസ്വദിക്കുകയാണ്: “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.” എന്തുകൊണ്ടാണ് അവർക്ക് ഇത്ര ആഹ്ലാദം? ഒരു കാരണം, വീടുകളുടെ വാതിലുകൾക്കു പൂട്ടുകളില്ലെന്നതാണെന്നു ശ്രദ്ധിക്കുക. കുറ്റകൃത്യവും അക്രമവും ഇല്ലാത്തതുകൊണ്ട് അതിന്റെ ആവശ്യമില്ല. അതു ദൈവവചനം പറഞ്ഞതുപോലെയാണ്: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
16 മേലാൽ യുദ്ധമില്ല. കാരണം, യുദ്ധം ഇവിടെ നിരോധിച്ചിരിക്കുകയാണ്. എല്ലാ ആയുധങ്ങളും സമാധാനാവശ്യങ്ങൾക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നു. യെശയ്യാവു 2:4 പൂർണമായ അർഥത്തിൽ നിറവേറിയിരിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” എന്നാൽ നാം പ്രതീക്ഷിച്ചത് അതുതന്നെയാണ്! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പുതിയ ലോകത്തിലെ നിവാസികൾ പലരും പഴയ ലോകത്തിൽ ദൈവത്തെ സേവിച്ചിരുന്നപ്പോൾത്തന്നെ അതു ചെയ്യാൻ പഠിച്ചിരുന്നു.
17. ദൈവരാജ്യത്തിൻ കീഴിൽ എങ്ങനെയുള്ള ജീവിതാവസ്ഥകളായിരിക്കും ഉണ്ടായിരിക്കുക?
17 മറ്റൊന്നുകൂടി നിങ്ങൾ ശ്രദ്ധിക്കുന്നു, ദാരിദ്ര്യമില്ല. വൃത്തികെട്ട കുടിലുകളിൽ പാർക്കുന്ന ആരുമില്ല, പഴന്തുണി ഉടുക്കുന്നവരില്ല, ഭവനരഹിതരുമില്ല. എല്ലാവർക്കും സുഖസൗകര്യങ്ങളോടുകൂടിയ ഭവനങ്ങൾ. നന്നായി പരിപാലിക്കപ്പെടുന്നതും മനോഹര വൃക്ഷങ്ങളും പുഷ്പങ്ങളുമുള്ള സ്ഥലങ്ങൾ. (യെശയ്യാവു 35:1, 2; 65:21, 22; യെഹെസ്കേൽ 34:27) ആരും വിശന്നുവലയുന്നില്ല, എന്തെന്നാൽ സകലർക്കും സമൃദ്ധമായി ഭക്ഷണമുണ്ടായിരിക്കുമെന്ന തന്റെ വാഗ്ദത്തം ദൈവം നിവർത്തിച്ചിരിക്കുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) തീർച്ചയായും, ദൈവരാജ്യത്തിന്റെ നേതൃത്വത്തിൻ കീഴിൽ ഒരു മഹത്തായ പറുദീസ, ദൈവം പണ്ട് ഏദെനിൽ ഉദ്ദേശിച്ചിരുന്നതുപോലെതന്നെ, ഭൂമിയിലെങ്ങും വ്യാപിക്കും.—ഉല്പത്തി 2:8.
18. പുതിയ ലോകത്തിൽ ആളുകൾക്കു ഭീഷണിയായി എങ്ങനെയുള്ള സംഗതികൾ ഉണ്ടായിരിക്കില്ല?
18 ഓരോരുത്തർക്കുമുള്ള ശക്തിയുടെ നിറവിൽ നിങ്ങൾ വിസ്മയം കൊള്ളും. ഇതിനു കാരണം അവർക്കിപ്പോൾ പൂർണതയുള്ള ശരീരവും മനസ്സും ഉണ്ടെന്നതാണ്. മേലാൽ രോഗമോ വേദനയോ മരണമോ ഇല്ല. ആരും ചക്രക്കസേരയിലോ ആശുപത്രി കിടക്കകളിലോ ഇല്ല. അതെല്ലാം എന്നെന്നേക്കുമായി പൊയ്പോയിരിക്കുന്നു. (യെശയ്യാവു 33:24; 35:5, 6) എന്തിന്, ഒരു മൃഗംപോലും അപകടകാരിയായിരിക്കുന്നില്ല. കാരണം അവയെല്ലാം ദൈവശക്തിയാൽ സമാധാനത്തിലായിരിക്കുന്നു!—യെശയ്യാവു 11:6-8; 65:25; യെഹെസ്കേൽ 34:25.
19. പുതിയ ലോകത്തിലെ ഓരോ ദിവസവും “പരമാനന്ദ”മുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
19 ഈ പുതിയ ലോകത്തിലെ വിശ്വസ്ത നിവാസികൾ എത്ര അത്ഭുതകരമായ സംസ്കാരമാണു പടുത്തുയർത്തുന്നത്! അവരുടെ ഊർജവും വൈദഗ്ധ്യങ്ങളും ഭൂമിയിലെ സമ്പത്തുമെല്ലാം ക്രിയാത്മകമായ അനുധാവനങ്ങൾക്കായാണു തിരിച്ചുവിടുന്നത്, തിന്മയ്ക്കായല്ല. എല്ലാവരും പരസ്പരം സഹകരിക്കുന്നു, ഒരു മത്സരവുമില്ല. തന്നെയുമല്ല, കണ്ടുമുട്ടുന്ന ആരെയും നിങ്ങൾക്കു വിശ്വസിക്കാം. കാരണം ദൈവത്തിന്റെ വാഗ്ദാനം പോലെതന്നെ, എല്ലാവരും “യഹോവയാൽ പഠിപ്പിക്കപ്പെടുന്ന വ്യക്തികളാ”ണ്. (യെശയ്യാവു 54:13, NW) സകലരും ദൈവനിയമങ്ങളാൽ ഭരിക്കപ്പെടുന്നതുകൊണ്ട്, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കുന്നു. (യെശയ്യാവു 11:9) ഈ പുതിയ ലോകത്തിലെ ഓരോ ദിവസവും ശരിക്കും സങ്കീർത്തനം 37:11 (NW) മുൻകൂട്ടിപ്പറഞ്ഞതുപോലെ, “പരമാനന്ദ”ത്തിന്റെ ദിവസമായിരിക്കും.”
ഒരു സന്തുഷ്ട ഭാവി ഉറപ്പു നൽകിയിരിക്കുന്നു
20. സമാധാനപൂർണമായ ഭാവി ആസ്വദിക്കാൻ നാം എന്തു ചെയ്യണം?
20 ആ സന്തുഷ്ട ഭാവിയുടെ ഭാഗമായിരിക്കുന്നതിനു നാമിപ്പോൾ എന്തു ചെയ്യണം? യെശയ്യാവു 55:6 ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.” നാം അന്വേഷിക്കവേ, നമ്മുടെ മനോഭാവം സങ്കീർത്തനം 143:10-ൽ വർണിച്ചിരിക്കുന്നതുപോലെ ആയിരിക്കണം: “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ.” അങ്ങനെ ചെയ്യുന്നവർക്ക് ഈ അന്ത്യനാളുകളിൽ യഹോവയുടെ മുമ്പാകെ നിഷ്കളങ്കരായി നടക്കാൻ സാധിക്കും. മാത്രമല്ല, ഒരു നല്ല ഭാവിക്കായി അവർക്കു കാത്തിരിക്കാനും കഴിയും. “നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.”—സങ്കീർത്തനം 37:37, 38.
21, 22. ദൈവം ഇന്ന് എന്തിന് രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്, ഈ പരിശീലനം എങ്ങനെയാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്?
21 തന്റെ ഹിതം ചെയ്യാനാഗ്രഹിക്കുന്നവരെ യഹോവ ഇപ്പോൾ സകല ജനതയിൽനിന്നും വിളിക്കുകയാണ്. ബൈബിൾ പ്രവചനം പിൻവരുന്നപ്രകാരം മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ അവൻ അവരെ പുതിയ ഭൗമിക സമൂഹത്തിന്റെ അടിത്തറയാക്കിമാറ്റുകയാണ്: “അന്ത്യകാലത്തു [നാം ജീവിക്കുന്ന ഈ കാലത്ത്] . . . അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു [അവന്റെ ഉന്നതമായ സത്യാരാധനയിലേക്ക്], . . . കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.”—യെശയ്യാവു 2:2, 3.
22 വെളിപ്പാടു 7:9 അവരെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . മഹാപുരുഷാര”മായി വർണിക്കുന്നു. ഇവർ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിച്ച് “മഹാകഷ്ടത്തിൽനിന്നു വന്നവർ” ആണെന്ന് 14-ാം വാക്യം പ്രസ്താവിക്കുന്നു. പുതിയ ലോകത്തിനുള്ള ഈ അടിസ്ഥാനമായി ഇപ്പോൾ ഏതാണ്ട് 60 ലക്ഷം പേരുണ്ട്. കൂടാതെ, വർഷംതോറും അനേകം പുതിയവർ അതിന്റെ ഭാഗമായിത്തീർന്നുകൊണ്ടിരിക്കുന്നു. യഹോവയുടെ ഈ വിശ്വസ്ത ദാസന്മാരെല്ലാം അവന്റെ പുതിയ ലോകത്തിലെ നിത്യജീവനായി പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഭൂമിയെ ഒരു പറുദീസയാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള ആത്മീയവും മറ്റു തരത്തിലുള്ളതുമായ വൈദഗ്ധ്യങ്ങൾ അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആ പറുദീസ യഥാർഥമായിത്തീരുമെന്ന് അവരെല്ലാം പൂർണമായി വിശ്വസിക്കുന്നു, കാരണം “വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.”—എബ്രായർ 10:23.
പുനരവലോകനത്തിനുള്ള ആശയങ്ങൾ
◻ ഒന്നാം നൂറ്റാണ്ടിലെ വിശ്വാസരാഹിത്യത്തിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമായിരുന്നു?
◻ ദൈവത്തിന്റെ ദാസന്മാർക്ക് അവനെ എത്രത്തോളം ആശ്രയിക്കാൻ കഴിയും?
◻ വിശ്വസ്തർക്ക് എങ്ങനെയുള്ള ഒരു ഭാവിയാണു ലഭിക്കാൻ പോകുന്നത്?
◻ ദൈവത്തിന്റെ പുതിയ ലോകത്തിൽ ഒരു സന്തുഷ്ട ഭാവി ഉറപ്പു വരുത്താൻ നാം എന്തു ചെയ്യണം?
[18-ാം പേജിലെ ചിത്രം]
യഹോവ ഇപ്പോൾതന്നെ ഒരു പുതിയ ഭൗമിക സമൂഹത്തിന്റെ അടിത്തറ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്