ഭൗമ ഗ്രഹത്തിന് സമ്പൂർണ നാശമോ?
ഇരുപതാം നൂറ്റാണ്ടിന്റെ അസ്തമയം വന്നെത്തിയിരിക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ ഉദയവും. ഈ സാഹചര്യത്തിൽ, വിനാശ പ്രവചനങ്ങൾക്ക് സാധാരണ ഗതിയിൽ കാര്യമായോ ഒട്ടുംതന്നെയോ ശ്രദ്ധ നൽകാത്ത ഒട്ടേറെ ആളുകൾ ലോകത്തെ തകർത്തു തരിപ്പണമാക്കുന്നത്ര ഗൗരവാവഹമായ എന്തെങ്കിലും സംഭവം ആസന്നമാണോ എന്ന് അതിശയിക്കുന്നു.
പത്ര-മാസികകളിൽ നിങ്ങൾ ഇതേക്കുറിച്ചുള്ള ലേഖനങ്ങൾ കണ്ടിട്ടുണ്ടാകാം—ഒരുപക്ഷേ ഒരു മുഴു പുസ്തകം പോലും. 21-ാം നൂറ്റാണ്ടിന്റെ ഉദയം ഏതു സംഭവവികാസങ്ങളോടെ ആയിരിക്കും എന്നത് നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 2000-ാമാണ്ടിന്റെ അവസാനത്തിൽ എത്തുന്നതിന്, വെറുതെ ഒരു വർഷം (അല്ലെങ്കിൽ 2000-ത്തിൽനിന്ന് 2001-ലേക്കുള്ള ഒരു മിനിറ്റ്) മാറുന്നു എന്ന പ്രാധാന്യമേ ഉള്ളുവെന്നും വലിയ ഭവിഷ്യത്തുകൾ ഒന്നും ഉണ്ടാകാൻ ഇടയില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. നമ്മുടെ ഗ്രഹത്തിന്റെ ദീർഘകാല ഭാവിയാണ് മിക്കവർക്കും കൂടുതൽ ആകുലത ഉളവാക്കുന്നത്.
സമീപ ഭാവിയിലോ വിദൂര ഭാവിയിലോ ആയിരുന്നാലും ഭൗമ ഗ്രഹം ഒരു ഘട്ടത്തിൽ തീർച്ചയായും സമ്പൂർണമായി നശിക്കും എന്നതാണ് ഇക്കാലത്ത് വളരെ കൂടെക്കൂടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്ന ഒരു പ്രവചനം. നിരാശാജനകമായ അത്തരം ഏതാനും പ്രവചനങ്ങൾ പരിചിന്തിക്കുക.
പ്രഥമ പതിപ്പ് 1996-ൽ പ്രസിദ്ധീകരിച്ച ലോകാവസാനം—മാനുഷ വംശനാശത്തിന്റെ ശാസ്ത്രവും സദാചാര സംഹിതയും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗ്രന്ഥകാരനും തത്ത്വചിന്തകനുമായ ജോൺ ലെസ്ലി ഭൂമിയിലെ മനുഷ്യ ജീവിതം എങ്ങനെ അവസാനിച്ചേക്കാം എന്നതിന് മൂന്ന് സാധ്യതകൾ നൽകുന്നു. ആദ്യം അദ്ദേഹം ചോദിക്കുന്നു: “മാനവരാശിയുടെ അന്ത്യം കുറിക്കാൻ സമ്പൂർണ ആണവ യുദ്ധത്തിന് സാധിക്കുമോ?” എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “കാൻസറുകൾ, പകർച്ചവ്യാധികൾ തേർവാഴ്ച നടത്താൻ പോന്നവിധം പ്രതിരോധ വ്യവസ്ഥയുടെ ക്ഷയിക്കൽ, അസംഖ്യം ജനനവൈകല്യങ്ങൾ എന്നിങ്ങനെ വികിരണം നിമിത്തമുള്ള പ്രശ്നങ്ങളാൽ ഉണ്ടാകുന്ന സമ്പൂർണ നാശത്തിന് ആയിരിക്കും . . . കൂടുതൽ സാധ്യത. പരിസ്ഥിതിയുടെ സുസ്ഥിതിക്ക് പ്രധാനമായ അതിസൂക്ഷ്മ ജീവികളുടെ നാശവും സംഭവിക്കാം.” ശ്രീ. ലെസ്ലി മുന്നോട്ടുവെക്കുന്ന മൂന്നാമത്തെ സാധ്യത, ഒരു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം എന്നതാണ്. “ഒന്നു മുതൽ പത്തു വരെ കിലോമീറ്റർ വ്യാസമുള്ള ഏകദേശം രണ്ടായിരം വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കും ഒരു നാൾ ഭൂമിയെ ഇടിക്കാവുന്ന തരത്തിലുള്ള ഭ്രമണപഥമാണുള്ളത്. അതിനു പുറമേ, അതിലും വലിപ്പം കൂടിയ ചുരുക്കം ചിലതും (എണ്ണം വെറുതെ ഊഹിക്കാനേ കഴിയൂ) വലിപ്പം കുറഞ്ഞ വളരെ ഏറെ എണ്ണവും ഉണ്ട്.”
ഒരു നാടകീയ “വിനാശദിന” വിവരണം
ഓസ്ട്രേലിയയിലെ അഡെലെയ്ഡ് സർവകലാശാലയിലെ പ്രൊഫസറും ശാസ്ത്രജ്ഞനും ആയ പോൾ ഡേവിസ് പറയുന്നത് ശ്രദ്ധിക്കുക. “സാർവദേശീയമായി ഏറ്റം നന്നായി അറിയപ്പെടുന്ന ശാസ്ത്ര രചയിതാവ്” എന്നാണ് വാഷിങ്ടൺ ടൈംസ് അദ്ദേഹത്തെ വർണിച്ചത്. 1994-ൽ അദ്ദേഹം അവസാനത്തെ മൂന്ന് മിനിറ്റുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം എഴുതി. “വിനാശദിന പുസ്തകങ്ങളുടെ മാതാവ്” എന്ന് അതു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ അധ്യായം “വിനാശദിനം” എന്ന് വിളിക്കപ്പെടുന്നു. ഒരു വാൽനക്ഷത്രം ഭൗമ ഗ്രഹത്തെ ഇടിച്ചാൽ എന്തു സംഭവിക്കാം എന്നതിന്റെ ഒരു സാങ്കൽപ്പിക രംഗവിവരണം അതു നൽകുന്നു. രക്തം മരവിപ്പിക്കുന്ന അദ്ദേഹത്തിന്റെ വിവരണത്തിന്റെ ഒരു ഭാഗം വായിക്കുക:
“പതിനായിരം ഭൂകമ്പങ്ങൾക്കു തുല്യമായ ശക്തിയാൽ ഭൂമി പ്രകമ്പനം കൊള്ളുന്നു. സ്ഥാനചലനം സംഭവിച്ച വായുവിന്റെ ആഘാത തരംഗം അതിന്റെ പാതയിലുള്ള സകലതിനെയും തകർത്തു തരിപ്പണമാക്കിക്കൊണ്ട്, എല്ലാ കെട്ടിടങ്ങളെയും നിലംപരിചാക്കിക്കൊണ്ട്, ഗോളോപരിതലത്തിൽ ആഞ്ഞുവീശുന്നു. ഇടിച്ച സ്ഥലത്തെ തകർന്ന നിലം നൂറ്റിയമ്പത് കിലോമീറ്റർ ചുറ്റളവിൽ ഭൂമിയുടെ അഗാധതയിലുള്ള വസ്തുക്കളെ പുറത്തേക്കു തള്ളി അഗ്നിപർവത മുഖം സൃഷ്ടിച്ചുകൊണ്ട് ഏതാനും കിലോമീറ്റർ ഉയരത്തിലുള്ള ദ്രവീകൃത പർവത വലയമായി തീരുന്നു. . . . മുഴു ഗ്രഹത്തിലും സൂര്യനെ മറച്ചുകൊണ്ട് അതിബൃഹത്തായ ഒരു ധൂമരാശി വിശറിപോലെ വ്യാപിക്കുന്നു. സ്ഥാനചലനം സംഭവിച്ച വസ്തുക്കൾ ശൂന്യാകാശത്തുനിന്ന് അന്തരീക്ഷത്തിലേക്കു കൂപ്പുകുത്തവേ, ഒരു നൂറുകോടി ഉൽക്കകളിൽനിന്നുള്ള ആപത്കരമായ അത്യുഗ്ര മിന്നൽപ്രഭ സൂര്യപ്രകാശത്തിന്റെ സ്ഥാനം കയ്യടക്കുന്നു, അതികഠിനമായ ചൂടിനാൽ താഴെയുള്ള നിലം ചുട്ടുപൊള്ളുന്നു.”
പ്രൊഫസർ ഡേവിസ് ഈ സാങ്കൽപ്പിക രംഗത്തെ സ്വിഫ്റ്റ്-റ്ററ്റൽ ഉൽക്ക ഭൂമിയിൽ ഇടിക്കുമെന്ന പ്രവചനവുമായി ബന്ധപ്പെടുത്തുന്നു. അത്തരം ഒരു സംഭവം സമീപ ഭാവിയിൽ ഉണ്ടായേക്കില്ലെങ്കിലും, “ഭാവിയിൽ എന്നെങ്കിലും സ്വിഫ്റ്റ്-റ്ററ്റലോ അതുപോലുള്ള ഒരു വസ്തുവോ ഭൂമിയുമായി കൂട്ടിയിടിക്കും” എന്നതാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അര കിലോമീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള 10,000 വസ്തുക്കൾ ഭൂമിക്കു കുറുകെയുള്ള ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്നു എന്നു സൂചിപ്പിക്കുന്ന കണക്കുകൂട്ടലുകളിൽ അധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ നിഗമനം.
ഭീതിപ്പെടുത്തുന്ന അത്തരം ഒരു സംഭവം വസ്തുനിഷ്ഠമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? അതിശയകരമാംവണ്ണം വലിയൊരു കൂട്ടം ആളുകൾ അങ്ങനെ വിശ്വസിക്കുന്നു. എന്നാൽ തങ്ങളുടെ ജീവിതകാലത്ത് അതു സംഭവിക്കില്ലെന്ന ഉറപ്പോടെ സ്വയം സമാശ്വസിക്കുന്ന അവർക്ക് അതേക്കുറിച്ച് തെല്ലും ആകുലത ഇല്ല. എന്നാൽ, എന്തിന് ഭൗമ ഗ്രഹം എന്നെങ്കിലും—ഉടനെയോ ഒരു ആയിരം വർഷം കഴിഞ്ഞോ—നശിപ്പിക്കപ്പെടണം? ഭൂമിയിൽ വസിക്കുന്ന മനുഷ്യന്റെയോ മൃഗത്തിന്റെയോ പ്രശ്നത്തിന്റെ പ്രധാന ഉറവിടം തീർച്ചയായും ഭൂമി അല്ല. മറിച്ച്, പൂർണമായും “ഭൂമിയെ നശിപ്പിക്കുന്ന”തിന്റെ സാധ്യത ഉൾപ്പെടെയുള്ള 20-ാം നൂറ്റാണ്ടിലെ ബഹുഭൂരിപക്ഷം പ്രശ്നങ്ങളുടെയും ഉത്തരവാദി മനുഷ്യൻ തന്നെയല്ലേ?—വെളിപ്പാടു 11:18.
മനുഷ്യന്റെ ദുരുപയോഗത്തിന് വിപരീത ഫലം
ദുരുപയോഗത്താലും അത്യാഗ്രഹത്താലും മനുഷ്യൻതന്നെ ഭൂമിയെ പൂർണമായും നശിപ്പിച്ചേക്കാനുള്ള വർധിച്ച സാധ്യതയുടെ കാര്യമോ? അമിതമായ വനനശീകരണം, അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണം, നീർച്ചാലുകളുടെ നാശം എന്നിവയിലൂടെ ഭൂമിയിലെ ചില സ്ഥലങ്ങൾ ഇപ്പോൾത്തന്നെ വലിയ തോതിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനു യാതൊരു സംശയവുമില്ല. ഒരേയൊരു ഭൂമി (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ ഗ്രന്ഥകർത്താക്കളായ ബാർബറാ വാർഡും റെനേ ഡ്യൂബോയും ഏതാണ്ട് 25 വർഷം മുമ്പ് ഇത് നന്നായി സംക്ഷേപിച്ചിരുന്നു: “നാം പരിശോധിക്കേണ്ടിയിരിക്കുന്ന, മലിനീകരിക്കപ്പെടുന്ന മൂന്ന് വിശാല മണ്ഡലങ്ങൾ, അതായത് വായുവും ജലവും മണ്ണും, തീർച്ചയായും നമ്മുടെ ഗ്രഹത്തിലെ ജീവന്റെ പ്രമുഖമായ മൂന്ന് അടിസ്ഥാന ഘടകങ്ങളാണ്.” അതിനുശേഷം സാഹചര്യം അടിസ്ഥാനപരമായി മെച്ചപ്പെട്ടിട്ടില്ല, ഉണ്ടോ?
വിവരക്കേടു നിമിത്തം മനുഷ്യൻ ഭൂമിയെ നശിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ച് പരിചിന്തിക്കുമ്പോൾ, പൂർവസ്ഥിതിയിൽ എത്താനും പുതുക്കം പ്രാപിക്കാനും ഭൗമ ഗ്രഹത്തിനുള്ള പ്രാപ്തിയെക്കുറിച്ച് പരിചിന്തിക്കുന്നതിൽനിന്നു നമുക്കു പ്രോത്സാഹനം ഉൾക്കൊള്ളാൻ കഴിയും. അതിശയകരമായ പുനരുദ്ധാരണത്തിനുള്ള ഈ കഴിവിനെ പറ്റി വിവരിക്കവേ, ആവാസ വ്യവസ്ഥകളുടെ പുനരുദ്ധാരണ പ്രാപ്തി (ഇംഗ്ലീഷ്) എന്ന മറ്റൊരു പുസ്തകത്തിൽ റെനെ പിൻവരുന്ന പ്രോത്സാഹജനകമായ നിരീക്ഷണങ്ങൾ നടത്തുന്നു:
“ആവാസ വ്യവസ്ഥകൾക്ക് ഇപ്പോൾത്തന്നെ ഏറ്റിരിക്കുന്ന ക്ഷതം പരിഹരിക്കാൻ കഴിയാത്തതാണ്. അതുകൊണ്ട് പരിസ്ഥിതിയുടെ അപക്ഷയത്തെക്കുറിച്ച് ബോധോദയം ഉണ്ടായത് വളരെ വൈകിയാണെന്ന് അനേകം ആളുകൾ ഭയപ്പെടുന്നു. എന്റെ അഭിപ്രായത്തിൽ, ഈ അശുഭാപ്തി വിശ്വാസത്തിന് ശക്തമായ അടിസ്ഥാനം ഒന്നുമില്ല, കാരണം ക്ഷതപ്പെടുത്തുന്ന അനുഭവങ്ങളിൽനിന്ന് മുക്തിനേടാൻ ആവാസ വ്യവസ്ഥകൾക്ക് അത്യധികം പ്രാപ്തിയുണ്ട്.
“ആവാസ വ്യവസ്ഥകൾക്ക് സ്വയം കേടുപോക്കാനുള്ള അനേകം സംവിധാനങ്ങളുണ്ട്. . . . അവ യഥാർഥ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ക്രമാനുഗതമായി പുനഃസ്ഥാപിച്ചുകൊണ്ട് പ്രശ്നങ്ങളുടെ ഭവിഷ്യത്തുകളെ അതിജീവിക്കാൻ ആവാസ വ്യവസ്ഥകളെ പ്രാപ്തമാക്കുന്നു.”
അത് ചെയ്യാൻ സാധിക്കും
സമീപ കാലത്ത് ലണ്ടനിലെ വിഖ്യാതമായ തേംസ് നദിയിൽ നടത്തിയ ക്രമാനുഗതമായ ശുചീകരണ പ്രവർത്തനം ഇതിനു മുന്തിയ ദൃഷ്ടാന്തമാണ്. ജെഫ്റി ഹാരിസണും പീറ്റർ ഗ്രാന്റും ചേർന്ന് എഴുതിയ തേംസിന് മാറ്റം ഭവിച്ചിരിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകം ഈ ശ്രദ്ധേയമായ നേട്ടം വിവരിക്കുന്നു. പൊതു നന്മയ്ക്കായി മനുഷ്യൻ ഒരുമിച്ചു പ്രവർത്തിച്ചാൽ എന്തു ചെയ്യാനാകുമെന്ന് അതു പ്രകടമാക്കുന്നു. ആ പുസ്തകത്തിന്റെ മുഖവുരയിൽ ഡ്യൂക്ക് ഓഫ് എഡിൻബർഗ് ഇപ്രകാരം എഴുതി: “ഒടുവിൽ ഇവിടെ ഇതാ ഒരു വിജയഗാഥ. പരിസ്ഥിതി സംരക്ഷണ പ്രശ്നം തങ്ങൾ വിശ്വസിച്ചിരുന്ന അത്രയും രൂക്ഷമല്ലെന്നു നിഗമനം ചെയ്യാൻ ഇതു ചിലരെ പ്രേരിപ്പിച്ചേക്കാം എങ്കിലും ഇതു പ്രസിദ്ധീകരിക്കത്തക്ക മൂല്യമുള്ളതാണ്, കാരണം ആ വിജയം അത്ര വലുതാണ്. . . . തേംസിൽ കൈവരിച്ചിരിക്കുന്ന നേട്ടത്തിൽനിന്ന് എല്ലാവർക്കും ആത്മവിശ്വാസം ഉൾക്കൊള്ളാൻ കഴിയും. ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താനാകും, അവരുടെ പദ്ധതികൾ വിജയംവരിക്കാവുന്നവയുമാണ് എന്നതാണ് സന്തോഷകരമായ വാർത്ത.”
കഴിഞ്ഞ 50 വർഷംകൊണ്ട് എന്താണ് നേടിയിരിക്കുന്നത് എന്നതിനെക്കുറിച്ച്, “മഹത്തായ ശുചീകരണം” എന്ന അധ്യായത്തിൽ ഹാരിസണും ഗ്രാന്റും ഉത്സാഹപൂർവം ഇങ്ങനെ എഴുതുന്നു: “അത്യധികം മലിനീകരിക്കപ്പെടുകയും വ്യവസായവത്കരിക്കപ്പെടുകയും ചെയ്ത ഒരു നദി, നീർപ്പക്ഷികളും മത്സ്യങ്ങളും ധാരാളമായി തിരിച്ചെത്തിയ ഒരു ഘട്ടത്തോളം പുനരുദ്ധരിക്കപ്പെടുന്നത് ലോകത്ത് ഇത് ആദ്യമായിട്ടാണ്. തികച്ചും ആശയറ്റത് എന്ന് ആദ്യം തോന്നിയ ഒരു സാഹചര്യത്തിൽ അത്തരമൊരു മാറ്റം വളരെ ത്വരിതഗതിയിൽ സംഭവിച്ചിരിക്കുന്നത് ഏറ്റവും അശുഭാപ്തി വിശ്വാസികളായ വന്യജീവി സംരക്ഷണവാദികൾക്കു പോലും പ്രോത്സാഹനമേകുന്നു.”
തുടർന്ന് അവർ ആ മാറ്റം ഇങ്ങനെ വിശദീകരിക്കുന്നു: “വർഷങ്ങളായി നദിയുടെ അവസ്ഥ കുത്തനെ അധഃപതിക്കുകയായിരുന്നു. പ്രധാന അഴുക്കു നിർമാർജന ചാലുകൾക്കും നിർമാണത്തിലിരുന്ന ചാലുകൾക്കും കോട്ടംതട്ടുകയോ അവ നശിപ്പിക്കപ്പെടുകയോ ചെയ്ത രണ്ടാം ലോക മഹായുദ്ധത്തിൽ ആയിരിക്കണം അതിന് അന്തിമ ആഘാതമേറ്റത്. 1940-കളിലും 1950-കളിലും തേംസിന്റെ സ്ഥിതി ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു. ഏതാണ്ട് ഒരു തുറന്ന അഴുക്കുചാൽപോലെ ആയിരുന്നു ആ നദി. വെള്ളത്തിന് കറുത്ത നിറമായിരുന്നു. അതിൽ ഓക്സിജൻ ഇല്ലായിരുന്നു. വസന്ത മാസങ്ങളിൽ തേംസിൽനിന്നുള്ള ചീഞ്ഞനാറ്റം വളരെ ദൂരെവരെ അനുഭവപ്പെട്ടിരുന്നു. . . . ഒരിക്കൽ സുലഭമായിരുന്ന മത്സ്യം ഒടുവിൽ അവിടെനിന്നും തുരത്തപ്പെട്ടു. ഉപരിതലത്തിൽവന്ന് അന്തരീക്ഷത്തിൽനിന്ന് നേരിട്ട് ശ്വസിക്കാൻ കഴിവുള്ള ഏതാനും മനിഞ്ഞിലുകൾ മാത്രമേ അതിജീവിച്ചുള്ളൂ. ലണ്ടൻ മുതൽ വൂൾവിച്ച് വരെയുള്ള ജലപ്പരപ്പിലെ നീർപ്പക്ഷികളിൽ ഏതാനും കാട്ടുതാറാവുകളും നിശ്ശബ്ദ അരയന്നങ്ങളും മാത്രമേ അതിജീവിച്ചുള്ളൂ. അവ അതിജീവിച്ചത് സ്വാഭാവിക ഭക്ഷ്യശേഖരത്താൽ അല്ല മറിച്ച് ധാന്യതുറയിൽനിന്ന് തെറിച്ചു വീഴുന്ന ധാന്യങ്ങൾ കൊണ്ടാണ്. . . . വിസ്മയാവഹമായ ഒരു വിപരീത പ്രവർത്തനം ഉണ്ടാകുമെന്ന് ആരാണ് വിചാരിച്ചിരിക്കുക? പത്തു വർഷത്തിനുള്ളിൽ അതേ ജലപ്പരപ്പ്, പക്ഷികൾ ഒട്ടും ഇല്ലാത്ത അവസ്ഥയിൽനിന്ന് ഒട്ടനവധി നീർപ്പക്ഷി വർഗങ്ങളുടെ ഒരു അഭയ കേന്ദ്രമായി മാറുകയായിരുന്നു. ശീതകാലത്ത് 10,000 കാട്ടുതാറാവുകളും 12,000 ജലപക്ഷികളും വരെ അവിടെ എത്തിച്ചേർന്നു.”
തീർച്ചയായും അതു ഭൂഗോളത്തിന്റെ ഒരു ചെറിയ മൂലയിലെ ഒരു മാറ്റം മാത്രമാണ്. എന്നിരുന്നാലും, നമുക്ക് അതിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയും. മനുഷ്യനാലുള്ള ദുരുപയോഗമോ അവന്റെ അത്യാഗ്രഹമോ ചിന്താശൂന്യതയോ നിമിത്തം ഭൗമ ഗ്രഹത്തിനു സമ്പൂർണ നാശം ഭവിക്കുമെന്നു ചിന്തിക്കേണ്ടതില്ലെന്ന് അതു പ്രകടമാക്കുന്നു. ശരിയായ വിദ്യാഭ്യാസവും മനുഷ്യവർഗത്തിന്റെ പൊതു നന്മയ്ക്കായുള്ള ഏകീകൃത ശ്രമങ്ങളും, ഭൂമിയുടെ പരിസ്ഥിതിക്കും ചുറ്റുപാടിനും ഉപരിതലത്തിനും സംഭവിക്കുന്ന വളരെ വ്യാപകമായ ക്ഷതം പോലും പുനരുദ്ധരിക്കാൻ സഹായിക്കും. എന്നാൽ, ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്ന വാൽനക്ഷത്രമോ ഛിന്നഗ്രഹമോ പോലുള്ള ബാഹ്യശക്തികളിൽ നിന്നുള്ള വിനാശ സാധ്യതയുടെ കാര്യമോ?
അത്തരം വിഷമിപ്പിക്കുന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം കണ്ടെത്താനുള്ള മാർഗം അടുത്ത ലേഖനത്തിൽ ഉണ്ട്.
[5-ാം പേജിലെ ആകർഷകവാക്യം]
വിദ്യാഭ്യാസവും ഏകീകൃത ശ്രമങ്ങളും, ഭൂമിക്കു സംഭവിക്കുന്ന വളരെ വ്യാപകമായ ക്ഷതം പോലും പുനരുദ്ധരിക്കാൻ സഹായിക്കും