ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും ഭൂമിയും—കൂട്ടിയിടിയുടെ വക്കിലോ?
‘ജൂൺ 30. പ്രഭാതം പൊട്ടിവിടർന്നതേ ഉള്ളൂ. സൈബീരിയയിലെ ഒരു ഗ്രാമം അത്യപൂർവമായ ഒരു പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചു. ചക്രവാളത്തിൽ ഒരു വസ്തു നല്ല തിളക്കത്തോടെ കത്തിജ്വലിക്കുന്നതു കർഷകരുടെ ദൃഷ്ടിയിൽ പെട്ടു. നഗ്നനേത്രങ്ങൾക്കു താങ്ങാവുന്നതിനെക്കാൾ ഉജ്ജ്വലമായിരുന്നു ആ പ്രഭാപൂരം. ചക്രവാളത്തിൽ അൽപ്പം താഴെയായി ആ വസ്തുവിന്റെ അതേ ദിശയിൽ ഇരുണ്ട ഒരു ചെറിയ മേഘം പ്രത്യക്ഷപ്പെട്ടു. ജ്വലിച്ചുകൊണ്ടിരുന്ന ആ വസ്തു ഭൗമോപരിതലത്തോട് അടുത്തപ്പോഴേക്കും ധൂളിയായി തീർന്നതുപോലെ തോന്നി. അതിന്റെ സ്ഥാനത്തുനിന്ന് ഇരുണ്ട പുകപടലം ഉയർന്നു. കല്ലുകളുടെ ഒരു കൂട്ടം താഴെ വീഴുന്നതുപോലുള്ള ശബ്ദത്തിൽ ഞെട്ടിക്കുന്ന ഒരു സ്ഫോടനവും ഉണ്ടായി. കെട്ടിടങ്ങൾ കുലുങ്ങി, അഗ്നിനാളം മാനംമുട്ടെ ഉയർന്നു. പരിഭ്രാന്തരായ ഗ്രാമീണർ തെരുവിലേക്കോടി. വൃദ്ധകൾ തേങ്ങി; അതു ലോകാവസാനം ആണെന്നാണ് എല്ലാവരും കരുതിയത്.’—റഷ്യയിലെ ഇർകൂട്സ്കിലെ സിബിർ ദിനപ്പത്രത്തിൽ 1908 ജൂലൈ 2-നു പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ സംഗ്രഹം.
ബാഹ്യാകാശത്തു നിന്നുള്ള ഒരു വസ്തു പൊട്ടിത്തെറിച്ചത് ആയിരുന്നു അതെന്ന് ആ ഗ്രാമീണർ തിരിച്ചറിഞ്ഞില്ല. ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ 90-ലധികം വർഷം പിന്നിട്ടിരിക്കുന്നു. ഒരു ഛിന്നഗ്രഹവുമായോ ധൂമകേതുവുമായോ ഭൂമി കൂട്ടിയിടിക്കും എന്നാണ് നമ്മുടെ ഗ്രഹത്തിന്റെ അന്ത്യത്തെ കുറിച്ച് ഇന്നു നിലവിലുള്ള ഏറ്റവും ഭീതിജനകമായ മുന്നറിയിപ്പുകളിൽ ഒന്ന്. ആകാശ ഗോളങ്ങളുമായുള്ള കൂട്ടിയിടിയുടെ ഫലമായി ഭൂമി നശിപ്പിക്കപ്പെടും എന്ന ഭയജനകമായ മുന്നറിയിപ്പുകളോടുള്ള ബന്ധത്തിൽ എൻഇഒ (ഭൗമ സമീപ വസ്തുക്കൾ), പിഎച്ച്ഒ (വിനാശക സാധ്യതാ വസ്തുക്കൾ) തുടങ്ങിയ ചുരുക്കപ്പേരുകൾ ഉയർന്നു കേൾക്കുന്നു. ഹോളിവുഡ്ഡാകട്ടെ, അതിനോടുള്ള ബന്ധത്തിൽ ഡീപ്പ് ഇംപാക്റ്റ്, അർമഗെദോൻ തുടങ്ങിയ സിനിമകൾ നിർമിച്ച് വൻ വിജയം കൊയ്തിരിക്കുന്നു.
ആകാശത്തു നിന്ന് ഒരു അഗ്നിഗോളം വീണ് നിങ്ങളും നിങ്ങളുടെ കുട്ടികളും കൊല്ലപ്പെടാൻ എത്രത്തോളം സാധ്യതയുണ്ട്? ഇരുമ്പു കഷണങ്ങളും ഐസ് കട്ടകളും നിങ്ങളുടെ പിൻമുറ്റത്തു പതിക്കുമെന്നു പ്രതീക്ഷിക്കണമോ? നിങ്ങൾ താമസിക്കുന്നത് ഒരു തീരപ്രദേശത്ത് ആണെങ്കിൽ, ഗതിതെറ്റിയ ഒരു ഛിന്നഗ്രഹം സമുദ്രത്തിൽ വീഴുന്നതിന്റെ ഫലമായി ഉയർന്നേക്കാവുന്ന കൂറ്റൻ തിരമാല നിങ്ങളുടെ വീടിനെ തകർത്തു തരിപ്പണമാക്കുമോ?
ഗ്രഹാവശിഷ്ടങ്ങൾക്കിടയിൽ ഭ്രമണം ചെയ്യൽ
നമ്മുടെ സൗരയൂഥത്തിൽ സൂര്യനും ഒമ്പതു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും മാത്രമല്ല ഉള്ളത്. ധൂമകേതുക്കളും (ഐസും പൊടിപടലങ്ങളും ഉറച്ചുണ്ടായത്) ഛിന്നഗ്രഹങ്ങളും (ചെറിയ ഗ്രഹങ്ങൾ) ഉൽക്കകളുമൊക്കെ (മിക്കപ്പോഴും ഛിന്നഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ) സൗരയൂഥത്തിൽ ഭ്രമണം ചെയ്യുന്നുണ്ട്. ബഹിരാകാശത്തു നിന്നുള്ള ഇത്തരം വസ്തുക്കളുമായി ഭൂമി കൂട്ടിയിടിച്ചേക്കാം എന്നു ശാസ്ത്രജ്ഞർക്കു നേരത്തേ അറിവുള്ളതാണ്. നമ്മുടെ ഗ്രഹം വളരെ അപകടകരമായ ഒരു സ്ഥാനത്താണെന്നു മനസ്സിലാക്കാൻ കുണ്ടുംകുഴിയും നിറഞ്ഞ ചന്ദ്രപ്രതലം നോക്കുകയേ വേണ്ടൂ. ഭൂമിയിലേക്കു പാഞ്ഞുവരുന്ന ആകാശ വസ്തുക്കൾ അന്തരീക്ഷത്തിൽ വെച്ച് എരിഞ്ഞുപോകുന്നതുകൊണ്ടും ഭൗമോപരിതലം വിവർത്തനിക പാളികളാൽ (plate tectonics) ക്രമമായി പുതുക്കപ്പെടുന്നതുകൊണ്ടും മണ്ണൊലിപ്പു നടക്കുന്നതുകൊണ്ടുമാണ് ഭൗമോപരിതലത്തിൽ ചന്ദ്രോപരിതലത്തിലെ പോലെ ഗർത്തങ്ങൾ ഇല്ലാത്തത്.
ഭൗമാന്തരീക്ഷത്തിൽ ഓരോ ദിവസവും 20 കോടി ഉൽക്കകൾ കാണപ്പെടുന്നെന്നു ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഈ വസ്തുക്കളിൽ മിക്കതും വളരെ ചെറുതായതിനാൽ ആരുടെയും ശ്രദ്ധയിൽ പെടാതെ അവ കത്തിയെരിഞ്ഞുപോകുന്നു. എങ്കിലും അവയിൽ ചിലത്, ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴുള്ള ഉയർന്ന താപനിലയെ അതിജീവിക്കുന്നു. വായു നിമിത്തമുള്ള ഘർഷണംമൂലം അവയുടെ വേഗം മണിക്കൂറിൽ 320 കിലോമീറ്റർ ആയി കുറയുന്നു. അവയുടെ അവശിഷ്ടങ്ങൾ ഉൽക്കശിലകളായി ഭൗമോപരിതലത്തിൽ പതിക്കുന്നു. അവയിൽ മിക്കതും സമുദ്രത്തിലോ ജനവാസം ഇല്ലാത്ത മേഖലകളിലോ പതിക്കുന്നതിനാൽ അവ മൂലം മനുഷ്യർക്ക് അപകടം സംഭവിക്കുന്നില്ലെന്നു തന്നെ പറയാം. എന്നാൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന അത്തരം വസ്തുക്കൾ നിമിത്തം ഭൂമിയുടെ ഭാരം ഓരോ ദിവസവും നൂറുകണക്കിനു ടൺ വർധിക്കുന്നതായി കണക്കാക്കപ്പെടുന്നു.
കൂടാതെ, ഒരു കിലോമീറ്ററിൽ അധികം വ്യാസമുള്ളതും ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചു കടക്കുകയോ അതിന്റെ സമീപത്തേക്കു വരുകയോ ചെയ്യുന്നതുമായ 2,000-ത്തോളം ഛിന്നഗ്രഹങ്ങൾ ഉണ്ടായിരിക്കാം എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. പക്ഷേ, അവയിൽ കേവലം 200 എണ്ണത്തെ മാത്രമേ അവർ കണ്ടെത്തി സഞ്ചാരപഥം മനസ്സിലാക്കിയിട്ടുള്ളൂ. 50 മീറ്ററിൽ കൂടുതൽ വ്യാസമുള്ളതും ഭൂമിയുടെ ഭ്രമണപഥത്തിന്റെ അടുത്തേക്ക് അപകടകരമായി പാഞ്ഞുവരുന്നതുമായ ഏതാണ്ട് പത്തു ലക്ഷം ഛിന്നഗ്രഹങ്ങൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ആ വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൗമോപരിതലത്തിൽ പതിച്ച് അപകടം വിതച്ചേക്കാം. താരതമ്യേന വലുപ്പം കുറഞ്ഞ ഈ വസ്തുക്കളിൽ ഏതാണ്ട് പത്തു മെഗാടൺ—ഒരു വലിയ അണുബോംബിന്റെ അത്രയും—ഊർജമുണ്ട്. ചെറിയ കൂട്ടിയിടികളിൽ നിന്നു നമ്മെ രക്ഷിക്കാൻ ഭൗമാന്തരീക്ഷത്തിനു സാധിക്കുമെങ്കിലും പത്തോ അതിലധികമോ മെഗാടൺ ഊർജമുള്ള വസ്തുക്കളെ തടഞ്ഞുനിർത്താൻ അതിനു കഴിയില്ല. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് പത്തു മെഗാടൺ ഊർജമുള്ള ഒരു വസ്തുവുമായുള്ള കൂട്ടിയിടി ശരാശരി നൂറു വർഷത്തിൽ ഒരിക്കലേ ഉണ്ടാകുകയുള്ളൂ എന്നാണ് ചില ഗവേഷകർ അവകാശപ്പെടുന്നത്. ചില കണക്കുകൂട്ടലുകൾ അനുസരിച്ച്, ഒരു കിലോമീറ്ററോളം വ്യാസമുള്ള വസ്തുക്കൾ 1,00,000 വർഷത്തിൽ ഒരിക്കലേ ഭൗമോപരിതലത്തിൽ പതിക്കുകയുള്ളൂ.
ഗർത്തങ്ങളും സ്ഫോടനങ്ങളും കൂട്ടിയിടികളും വെളിപ്പെടുത്തുന്നത്
ബഹിരാകാശത്തുനിന്നുള്ള വലിയ വസ്തുക്കളുമായി കഴിഞ്ഞ കാലത്തു നമ്മുടെ ഗ്രഹം കൂട്ടിയിടിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നതു ബുദ്ധിമുട്ടുള്ള സംഗതിയല്ല. ഭൗമോപരിതലത്തെ വികൃതമാക്കുന്ന, ഇതിനോടകം കണ്ടെത്തിയ 150-ലധികം ഗർത്തങ്ങൾ ഇതിനുള്ള തെളിവാണ്. അവയിൽ ചിലതു ശരിക്കും ദൃശ്യമാണ്, ചില ഗർത്തങ്ങൾ കാണണമെങ്കിൽ ബഹിരാകാശ വാഹനങ്ങളുടെയോ ഉപഗ്രഹങ്ങളുടെയോ സഹായം വേണം. മറ്റു ചിലവയാകട്ടെ, ഇതിനോടകം തന്നെ നികന്നുപോയിരിക്കുന്നു അല്ലെങ്കിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ ആണ്.
ഏറ്റവും പ്രസിദ്ധമായ ഗർത്തങ്ങളിൽ ഒന്നായ ചീക്സൂലൂബ്, ഭൗമോപരിതലത്തിൽ 180 കിലോമീറ്റർ വ്യാസമുള്ള ഒരു വിള്ളൽ സൃഷ്ടിച്ചിരിക്കുന്നു. മെക്സിക്കോയിലെ യൂക്കെറ്റാൻ ഉപദ്വീപിന്റെ വടക്കേ അറ്റത്തു കാണപ്പെടുന്ന ഈ വലിയ ഗർത്തം 10 കിലോമീറ്റർ വ്യാസമുള്ള ഒരു ധൂമകേതുവോ ഛിന്നഗ്രഹമോ ഇടിച്ചതിന്റെ ഫലമായി ഉണ്ടായതാണെന്നു കരുതപ്പെടുന്നു. ഈ കൂട്ടിയിടിയുടെ ഫലമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ദിനോസറുകളും കരയിലും കടലിലുമുള്ള മറ്റു ചില ജീവികളും അന്യം നിന്നുപോകാൻ കാരണം എന്നാണു ചിലരുടെ അഭിപ്രായം.
യു.എസ്.എ-യിലെ അരിസോണയിൽ ഒരു ഇരുമ്പ് ഉൽക്ക അനിതരസാധാരണമായ—ഏതാണ്ട് 1,200 മീറ്റർ വ്യാസവും 200 മീറ്റർ ആഴവുമുള്ള—ഒരു ‘ഉൽക്കാ ഗർത്തം’ സൃഷ്ടിച്ചിരിക്കുന്നു. അത്തരം ഒരു ഉൽക്ക ഒരു നഗരത്തിൽ പതിക്കുകയാണെങ്കിൽ എന്തെല്ലാം അത്യാഹിതങ്ങൾ ഉണ്ടാകും? ജനനിബിഡമായ മൻഹാട്ടൺ പട്ടണത്തിലാണ് അതു പതിക്കുന്നതെങ്കിൽ ആ പട്ടണം നാമാവശേഷമാകും എന്ന് ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ച്വറൽ ഹിസ്റ്ററിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രസിദ്ധ ചിത്രം പ്രകടമാക്കുന്നു.
100 മീറ്ററിൽ താഴെ വ്യാസമുള്ളതെന്നു കണക്കാക്കപ്പെടുന്ന ഒരു ഛിന്നഗ്രഹമോ ഉൽക്കയോ ആയിരുന്നു 1908 ജൂൺ 30-ന്, അന്തരീക്ഷത്തിലേക്കു പാഞ്ഞുവന്ന് സൈബീരിയയിലെ അത്ര ജനനിബിഡമല്ലാഞ്ഞ ടുങൂസ്കാ മേഖലയുടെ 10 കിലോമീറ്റർ ഉയരത്തിൽ വെച്ചു പൊട്ടിത്തെറിച്ചത്. അതിനെ കുറിച്ചാണു മുഖവുരയിൽ സൂചിപ്പിച്ചത്. 15 മെഗാടൺ ശക്തി ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ട ആ സ്ഫോടന ഫലമായി വൃക്ഷങ്ങൾ കടപുഴകി, അഗ്നിപ്രളയം ഉണ്ടായി, നിരവധി മാനുകൾ ചത്തൊടുങ്ങി; 2,000 ചതുരശ്ര കിലോമീറ്റർ ഭൂഭാഗം നശിപ്പിക്കപ്പെട്ടു. ജനനിബിഡമായ ഒരു മേഖലയ്ക്കു മുകളിൽ ആയിരുന്നു ആ സ്ഫോടനം എങ്കിൽ, എത്ര ആളുകൾ കൊല്ലപ്പെടുമായിരുന്നു?
1994 ജൂലൈയിൽ, ഷൂമേക്കർ-ലെവി 9 എന്ന ധൂമകേതുവിന്റെ കഷണങ്ങൾ വ്യാഴത്തിൽ ഇടിച്ചപ്പോൾ എല്ലാ ടെലിസ്കോപ്പുകളും ആ ഗ്രഹത്തിൽ കേന്ദ്രീകരിച്ചിരുന്നു. വ്യാഴത്തിൽ താത്കാലികമായി വീണ വിള്ളലുകൾ ആ കൂട്ടിയിടി നേരിൽക്കണ്ട ആളുകളുടെ മനസ്സിൽ മായാതെ നിൽക്കും. ഒന്നിനു പുറകെ ഒന്നായി വ്യാഴത്തിൽ ഉണ്ടായ കൂട്ടിയിടികൾ, ആ ധൂമകേതു ഭൂമിയെ ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു ചിന്തിക്കാൻ വിദഗ്ധരെയും സാധാരണക്കാരെയും ഒരുപോലെ പ്രേരിപ്പിച്ചിരിക്കുന്നു.
ദുരന്ത രംഗങ്ങൾ
ഒരു ധൂമകേതുവിന്റെയോ ഛിന്നഗ്രഹത്തിന്റെയോ കൂട്ടിയിടി നിമിത്തം നമ്മുടെ ഗ്രഹത്തിനു നേരിട്ടേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രജ്ഞന്മാർ ഭീതിപൂർവം പരിചിന്തിച്ചിരിക്കുന്നു. ഒരു വലിയ കൂട്ടിയിടിയുടെ സത്വര ഫലങ്ങളെ കുറിച്ചുള്ള അവരുടെ വീക്ഷണം ഇങ്ങനെയാണ്: ആദ്യം, പാറച്ചീളുകളും പൊടിപടലങ്ങളും അടങ്ങിയ പൊട്ടിത്തെറിച്ചേക്കാൻ സാധ്യതയുള്ള ഒരു പടലം ഉണ്ടാകും. താഴേക്കു വീഴുന്ന അവശിഷ്ടങ്ങൾ, ആകാശത്തെ കടും ചെമപ്പാക്കുകയും വനത്തെയും പുൽമേടുകളെയും അഗ്നിക്കിരയാക്കുന്ന ഒരു ഉൽക്കാവർഷം സൃഷ്ടിക്കുകയും ചെയ്യും. തന്മൂലം കരയിലെ മിക്ക ജീവികളും നശിക്കും. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിൽ ദീർഘകാലം തങ്ങിനിൽക്കുന്ന പൊടിപടലം സൂര്യപ്രകാശം ഭൂമിയിൽ എത്തുന്നതു തടയും. അങ്ങനെ അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഇരുട്ടു മൂടിയ പ്രതലത്തിൽ പ്രകാശ സംശ്ലേഷണം സ്തംഭിക്കുകയും ചെയ്യും. അതു സമുദ്രത്തിലെ ഭക്ഷ്യശൃംഖലയെ താറുമാറാക്കുകയും പരിണതഫലമായി മിക്ക സമുദ്ര ജീവികളും നശിക്കുകയും ചെയ്യും. ഗോളവ്യാപകമായി അമ്ലമഴ പെയ്യുകയും ഓസോൺ പാളി നശിക്കുകയും ചെയ്യുമ്പോൾ ഈ പ്രകൃതി വിപത്ത് അതിന്റെ പൂർണതയിൽ എത്തും.
അത്തരമൊരു ഛിന്നഗ്രഹം സമുദ്രത്തിൽ പതിക്കുകയാണെങ്കിൽ വലിയ വിനാശ സാധ്യതകളുള്ള കൂറ്റൻ തിരമാലകൾ, സുനാമികൾ, ഉണ്ടാകും. കൂട്ടിയിടി നടന്നിടത്ത് ഉണ്ടാകുന്ന ആഘാത തരംഗത്തെ മറികടക്കുന്ന സുനാമികൾ കൊടുംനാശം വിതച്ചുകൊണ്ട് കൂടുതൽ ദൂരേക്ക്, തീരപ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലേക്ക് ആഞ്ഞടിക്കും. ജ്യോതിശ്ശാസ്ത്രജ്ഞനായ ജാക്ക് ഹിൽസ് പറയുന്ന പ്രകാരം “നഗരങ്ങൾ തലയുയർത്തി നിന്നിടത്ത് വെറും ചെളി മാത്രം കാണും.”
എന്നിരുന്നാലും ഇത്തരം ഉറച്ച പ്രസ്താവനകളോടുള്ള ബന്ധത്തിൽ ആളുകൾ ജാഗ്രത ഉള്ളവർ ആയിരിക്കേണ്ടതുണ്ട്. ഈ സിദ്ധാന്തങ്ങളിൽ മിക്കതും വെറും സങ്കൽപ്പങ്ങൾ മാത്രമാണ്. വ്യക്തമായും, ഒരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്നത് ആരും ഒരിക്കലും കണ്ടിട്ടില്ല, അതിനെ കുറിച്ചൊട്ടു പഠിച്ചിട്ടുമില്ല. കൂടാതെ എന്തും പൊടിപ്പും തൊങ്ങലും വെച്ച് എഴുതുന്ന ഇന്നത്തെ വാർത്താമാധ്യമങ്ങൾ, അപൂർണമോ കൃത്യമല്ലാത്തതു പോലുമോ ആയ വിവരങ്ങളെ അടിസ്ഥാനമാക്കി അതിശയോക്തി ജനിപ്പിക്കുന്ന വാർത്തകൾ അച്ചടിക്കാൻ തിടുക്കം കൂട്ടുന്നു. (മുകളിലുള്ള ചതുരം കാണുക.) വാസ്തവത്തിൽ, ആകാശത്തുനിന്നു വീഴുന്ന ഒരു വസ്തു നിമിത്തം കൊല്ലപ്പെടാനുള്ള സാധ്യത ഒരു കാറപകടത്തിൽ മരണമടയാനുള്ള സാധ്യതയേക്കാൾ വളരെ കുറവാണെന്ന് പറയപ്പെടുന്നു.
എന്തു ചെയ്യേണ്ടതുണ്ട്?
പാഞ്ഞടുക്കുന്ന ഒരു ധൂമകേതുവോ ഛിന്നഗ്രഹമോ മൂലമുള്ള വിപത്ത് ഒഴിവാക്കാനുള്ള ഏറ്റവും മെച്ചമായ മാർഗം, അതിനെ തടഞ്ഞുനിർത്താനോ കുറഞ്ഞപക്ഷം അതിന്റെ ഗതി മാറ്റാനോ ആയി ഒരു റോക്കറ്റ് വിക്ഷേപിക്കുന്നത് ആയിരിക്കും എന്നാണു നിരവധി വിദഗ്ധരും കരുതുന്നത്. ഛിന്നഗ്രഹം ചെറുത് ആയിരിക്കുകയും അതിന്റെ കൂട്ടിയിടി നിരവധി വർഷങ്ങൾക്കു മുമ്പുതന്നെ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നപക്ഷം ഈ മാർഗം പര്യാപ്തമായേക്കാം.
എന്നാൽ, ഭൂമിയുമായി കൂട്ടിയിടിച്ചേക്കാവുന്ന വലിയ വസ്തുക്കളെ നേരിടാൻ അണ്വായുധം പ്രയോഗിച്ചാൽ മതിയെന്നാണ് ചില ശാസ്ത്രജ്ഞരുടെ നിർദേശം. അത്തരമൊരു സാഹചര്യത്തിൽ, ശ്രദ്ധാപൂർവമുള്ള ഒരു അണുസ്ഫോടനം കൂട്ടിയിടി ഒഴിവാക്കിക്കൊണ്ടു ഛിന്നഗ്രഹത്തെ സുരക്ഷിതമായ ഒരു ഭ്രമണപഥത്തിലേക്കു തള്ളിനീക്കുമെന്നാണു വിശ്വസിക്കപ്പെടുന്നത്. ഛിന്നഗ്രഹത്തിന്റെ വലുപ്പവും ഭൂമിയോടുള്ള അതിന്റെ അടുപ്പവുമാണ് നടത്തപ്പെടേണ്ട അണുസ്ഫോടനത്തിന്റെ ശക്തി നിർണയിക്കുന്നത്.
വേണ്ടത്ര നേരത്തേതന്നെ മുന്നറിയിപ്പു ലഭിക്കുന്നില്ലെങ്കിൽ, ഈ പ്രതിരോധ നടപടികളിൽ ഒന്നുപോലും ഫലപ്രദം ആയിരിക്കുകയില്ല എന്നതാണു പ്രശ്നം. ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിൽ മുഴു ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് സ്പെയ്സ്വാച്ച്, നിയർ എർത്ത് ആസ്റ്ററോയിഡ് ട്രാക്കിങ് തുടങ്ങിയ ജ്യോതിശ്ശാസ്ത്ര സംഘങ്ങൾ. ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നാണു അനേകരുടെയും അഭിപ്രായം.
ഇത്തരം ആകാശ വസ്തുക്കളുടെ സ്ഥാനവും ചലനവും സംബന്ധിച്ചുള്ള അപൂർണ മനുഷ്യന്റെ അറിവു പരിമിതമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നുവരികിലും, ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് അപകടത്തിലാണെന്നുള്ള ഭീഷണികളെപ്രതി അമിതമായി ഉത്കണ്ഠപ്പെടുകയോ അങ്ങേയറ്റം ഭയവിഹ്വലർ ആകുകയോ ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. ഭൂമിയുമായി കൂട്ടിയിടിച്ച് അതിലെ സർവ ജീവജാലങ്ങളെയും നശിപ്പിക്കാൻ യാതൊരു ഛിന്നഗ്രഹമോ ധൂമകേതുവോ അനുവദിക്കപ്പെടുകയില്ല എന്നതിനുള്ള ഏറ്റവും ഈടുറ്റ ഉറപ്പ് പ്രപഞ്ച നിർമാതാവായ യഹോവയാം ദൈവത്തിൽനിന്നാണു വരുന്നത്.a ബൈബിൾ ഇങ്ങനെ ഉറപ്പേകുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29; യെശയ്യാവു 45:18.
[അടിക്കുറിപ്പുകൾ]
a ഈ വിഷയം സംബന്ധിച്ച ബൈബിൾ വീക്ഷണത്തിന്റെ വിശദീകരണത്തിനായി 1998 ഡിസംബർ 8 ലക്കം ഉണരുക!യുടെ 22-3 പേജുകൾ കാണുക.
[27-ാം പേജിലെ ചതുരം]
1997 XF11-ന്റെ കാര്യം
1998 മാർച്ച് 12-ന്, അസുഖകരമായ വാർത്ത ഗോളമെമ്പാടും പരന്നു: ഒന്നര കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുന്നു, അത് 2028 ഒക്ടോബർ 26 “വ്യാഴാഴ്ച” ഇവിടെ എത്തിച്ചേരും. 1997 ഡിസംബർ 6-ന് അരിസോണ സർവകലാശാലയിലെ ‘ബഹിരാകാശ നിരീക്ഷണ’ സംഘത്തിൽപെട്ട ജിം സ്കൊട്ടി എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്, 1997 XF11 എന്നു നാമകരണം ചെയ്യപ്പെട്ട ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. കഴിഞ്ഞകാല വിവരങ്ങളും പുത്തൻ നിരീക്ഷണങ്ങളും കോർത്തിണക്കി ജ്യോതി-ഭൗതിക ശാസ്ത്രത്തിനായുള്ള ഹാർവാർഡ്-സ്മിത്ത്സോണിയൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിയിൽനിന്ന് ഏതാണ്ട് 50,000 കിലോമീറ്റർ അകലെ—ജ്യോതിശ്ശാസ്ത്ര മാപിനിയിൽ വെറും തലനാരിഴ ദൂരം—ആയിരിക്കുമെന്ന്, ‘കൂട്ടിയിടിയുടെ വക്കിലാണെന്ന്’ ചിലർ പ്രവചിച്ചു. ഭൂമി ലക്ഷ്യമാക്കി പാഞ്ഞുവരുന്ന ഈ ഛിന്നഗ്രഹത്തിന്റെ ഭീതിപ്പെടുത്തുന്ന അനുകരണ ചിത്രങ്ങൾ ടെലിവിഷൻ സ്ക്രീനിൽ നിറഞ്ഞുനിന്നു. ഒരു ദിവസം കഴിഞ്ഞില്ല, അതിനുമുമ്പേ അപകടം ഒഴിവായിക്കിട്ടി. പുതിയ വിവരങ്ങളും കണക്കുകൂട്ടലുകളും അനുസരിച്ച് ഭൂമിയിൽ നിന്ന് 10,00,000 കിലോമീറ്റർ അകലെ ആയിരിക്കും അതിന്റെ സഞ്ചാരപഥം. മുമ്പു നിരീക്ഷിക്കപ്പെട്ട, ഈ വലുപ്പത്തിലുള്ള ഏതൊരു ഛിന്നഗ്രഹത്തെക്കാളും കൂടുതൽ അടുത്താണ് അത്. എന്നാൽ ആ അകലം സുരക്ഷിതമാണ്. പെട്ടെന്നുതന്നെ “കഷ്ടിച്ച് അപകടം ഒഴിവായിക്കിട്ടി’ എന്നിങ്ങനെയുള്ള തലക്കെട്ടുകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
[26-ാം പേജിലെ ചിത്രം]
1. ഹാലിയുടെ ധൂമകേതു
2. ഇകിയാ-സെകി ധൂമകേതു
3. 951 ഗാസ്പ്രാ ഛിന്നഗ്രഹം
4. ഏതാണ്ട് 4,000 അടി വ്യാസവും 600 അടി ആഴവും ഉള്ള ഒരു ഉൽക്കാ ഗർത്തം
[കടപ്പാട്]
Courtesy of ROE/Anglo-Australian Observatory, photograph by David Malin
NASA photo
NASA/JPL/Caltech
Photo by D. J. Roddy and K. Zeller, U.S. Geological Survey
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo