ഗ്രഹങ്ങൾക്കും അപ്പുറത്ത് എന്താണ്?
X ഗ്രഹം. ആ പേരു നൽകിയത് പെർസിവൽ ലോവെൽ എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്. നെപ്റ്റ്യൂണിന് അപ്പുറത്ത് ഈ അജ്ഞാത ഗ്രഹം ഭ്രമണം ചെയ്യുന്നതായി അദ്ദേഹം സംശയിച്ചു. 1905-ൽ അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിലുള്ള തന്റെ വാനനിരീക്ഷണശാലയിൽവെച്ചാണ് അദ്ദേഹം X ഗ്രഹത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. X ഗ്രഹം കണ്ടുപിടിക്കുന്നതിനു മുമ്പ് ലോവെൽ മരിച്ചുപോയെങ്കിലും അദ്ദേഹം തുടക്കമിട്ട അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ 1930-ൽ ലോവെലിന്റെ നിരീക്ഷണശാലയിൽവെച്ച് ക്ലൈഡ് ടോംബൊ പ്ലൂട്ടോ ഗ്രഹം കണ്ടെത്തി. അതെ, X ഗ്രഹം വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു!
ഉടനെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിന്തിച്ചു തുടങ്ങി, ‘മറ്റൊരു X ഗ്രഹവുംകൂടി കണ്ടെത്തിയേക്കുമോ?’ തുടർന്നു വന്ന ആറു ദശകങ്ങളിലും അതിനു വേണ്ടിയുള്ള തീവ്രമായ അന്വേഷണം നടന്നു, അന്വേഷണത്തിന്റെ പിൽക്കാല വർഷങ്ങളിൽ ബഹിരാകാശ പേടകങ്ങളും ഉപയോഗിക്കുകയുണ്ടായി. ഈ അന്വേഷണത്തിനിടയ്ക്ക് ആയിരക്കണക്കിനു ഛിന്നഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, താരാപംക്തികൾ, നെബുലകൾ എന്നിവ കണ്ടെത്തപ്പെട്ടെങ്കിലും പുതിയ ഗ്രഹങ്ങളൊന്നും തിരിച്ചറിയപ്പെട്ടില്ല.
എങ്കിലും അന്വേഷണം നിലച്ചില്ല. നഗ്നനേത്രങ്ങൾ കൊണ്ടു കാണാവുന്നതിനെക്കാൾ ദശലക്ഷക്കണക്കിനു മടങ്ങ് അവ്യക്തമായ ഭ്രമണ വസ്തുക്കളെ കണ്ടെത്താൻ ശാസ്ത്രജ്ഞർ പുതിയ സാങ്കേതിക വിദ്യകളും കൂടുതൽ ശക്തമായ ദൂരദർശിനികളും ഉപയോഗിക്കാൻ തുടങ്ങി. അവരുടെ പ്രയത്നത്തിന് ഒടുവിൽ ഫലം ലഭിച്ചു. പ്ലൂട്ടോയ്ക്ക് അപ്പുറത്ത് ഡസൻകണക്കിനു ചെറിയ ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു!
ഈ കൊച്ചു ഗ്രഹങ്ങളെല്ലാം എവിടെയാണ്? ഇനിയും എത്രയെണ്ണം കണ്ടെത്തപ്പെട്ടേക്കാം? നമ്മുടെ സൗരയൂഥത്തിൽ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന വസ്തുക്കൾ അവയാണോ?
ഏറ്റവും അകലെയുള്ള വസ്തുക്കൾ
സൂര്യനെ വലംവെക്കുന്ന ഒമ്പത് ഗ്രഹങ്ങൾ സൗരയൂഥത്തിൽ ഉണ്ട്. ഇവയ്ക്കു പുറമേ, പാറകൾ നിറഞ്ഞ ആയിരക്കണക്കിനു ഛിന്നഗ്രഹങ്ങൾ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലൂടെ ഏതാണ്ട് നിരനിരയായി അതിവേഗത്തിൽ സഞ്ചരിക്കുന്നു. ഇതുകൂടാതെ ആയിരത്തോളം ധൂമകേതുക്കളെയും കണ്ടെത്തിയിട്ടുണ്ട്.
ഇവയിൽ സൂര്യനിൽനിന്ന് ഏറ്റവും അകലെയായി സഞ്ചരിക്കുന്നത് ഏതാണ്? ഇതുവരെയുള്ള അറിവനുസരിച്ച് ധൂമകേതുക്കൾ തന്നെ.
“ധൂമകേതു” എന്നത് “നീണ്ട തലമുടിയോടു കൂടിയത്” എന്നർഥമുള്ള കൊമീറ്റിസ് എന്ന ഗ്രീക്ക് പദത്തിൽനിന്നു വന്നതാണ്. അവയുടെ തിളങ്ങുന്ന ശീർഷത്തിൽനിന്നു നീണ്ടുകിടക്കുന്ന വാലിനെയാണ് അതു പരാമർശിക്കുന്നത്. ധൂമകേതുക്കൾ ആളുകളെ അന്ധവിശ്വാസത്തിന്റെയും ഭയത്തിന്റെയും പിടിയിൽ അമർത്തിയിരിക്കുന്നു. ധൂമകേതുക്കളുടെ സന്ദർശനത്തെ ചില നിരീക്ഷകർ ഇപ്പോഴും മായാരൂപികളുടെ പ്രത്യക്ഷപ്പെടലായി വ്യാഖ്യാനിക്കാറുണ്ട്. അവ പ്രേതരൂപികളാണെന്ന മുൻകാല വിശ്വാസത്തിൽനിന്ന് ഉടലെടുത്തതാണിത്. എന്തുകൊണ്ടാണ് ആളുകൾ അവയെ ഇത്രമാത്രം ഭയപ്പെടുന്നത്? അവ പ്രത്യക്ഷപ്പെട്ട സമയത്ത് ആകസ്മികമായി ചില ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ടെന്നുള്ളതാണ് ഒരു കാരണം.
ധൂമകേതുക്കൾ ഇന്നും ആളുകളിൽ ഭ്രാന്തമായ ആവേശം ഇളക്കിവിടുന്നു. 1997 മാർച്ചിൽ, യു.എസ്.എ.,-യിലെ കാലിഫോർണിയയിൽ, ഹെയ്ൽ ബോപ്പ് ധൂമകേതു സൂര്യനെ സമീപിക്കവെ ഹെവൻസ് ഗേറ്റ് എന്ന വ്യക്തിപൂജാപ്രസ്ഥാനത്തിലെ 39 അംഗങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയുണ്ടായി. കാരണം? അന്യഗ്രഹത്തിൽനിന്നുള്ള ഒരു ബഹിരാകാശപേടകം ധൂമകേതുവിനു പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നും അത് അവരെ കൊണ്ടുപോകാൻ വരികയാണ് എന്നും അവർ പ്രതീക്ഷിച്ചു.
എന്നാൽ എല്ലാവർക്കും ധൂമകേതുവിനെ കുറിച്ച് അന്ധവിശ്വാസപരമായ വീക്ഷണമല്ല ഉണ്ടായിരുന്നത്. ധൂമകേതുക്കൾ അങ്ങു മുകളിൽ ആകാശത്തുള്ള പ്രകാശിക്കുന്ന വാതകപടലങ്ങളാണെന്ന് പൊ.യു.മു. നാലാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെടുകയുണ്ടായി. ഏതാനും നൂറ്റാണ്ടുകൾക്കു ശേഷം, ധൂമകേതുക്കൾ ഭ്രമണം ചെയ്യുന്ന ആകാശീയ വസ്തുക്കളാണെന്ന് റോമൻ തത്ത്വചിന്തകനായ സെനെക്കയും അഭിപ്രായപ്പെട്ടു.
ദൂരദർശിനികളുടെയും ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിന്റെയും കണ്ടുപിടിത്തത്തോടെ ധൂമകേതുക്കളെ കുറിച്ച് കൂടുതൽ വിശദമായി പഠനം നടത്തുക സാധ്യമായി തീർന്നു. ധൂമകേതുക്കൾ നീണ്ട, ദീർഘവൃത്താകാരമായ പഥത്തിലൂടെയാണു സൂര്യനെ വലംവെക്കുന്നത് എന്ന് 1705-ഓടെ എഡ്മണ്ട് ഹാലി കണ്ടെത്തി. 1531, 1607, 1682 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ധൂമകേതുക്കൾക്ക് സമാനമായ ഭ്രമണപഥങ്ങളാണ് ഉണ്ടായിരുന്നത് എന്നും അവ ദൃശ്യമായത് ഏതാണ്ട് 75 വർഷം ഇടവിട്ടാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരേ ധൂമകേതുതന്നെ ആണ് ഇവയെല്ലാം എന്നു ഹാലി പറഞ്ഞു. അദ്ദേഹത്തിന്റെ ആ നിഗമനം ശരിയായിരുന്നു. പിൽക്കാലത്ത് അത് ‘ഹാലിയുടെ ധൂമകേതു’ എന്നു വിളിക്കപ്പെടുകയുണ്ടായി.
ഒരു കിലോമീറ്ററിനും ഇരുപത് കിലോമീറ്ററിനും ഇടയ്ക്ക് വ്യാസമുള്ള ഖരരൂപത്തിലുള്ള ഒരു കേന്ദ്രം അഥവാ ന്യൂക്ലിയസ് ധൂമകേതുക്കൾക്ക് ഉണ്ടെന്ന് ഗവേഷകർക്ക് ഇപ്പോൾ അറിയാം. ജലം പൊടിയുമായി ചേർന്ന് തണുത്തുറഞ്ഞുണ്ടായ മലിനമായ, ഇരുണ്ട ഒരു ഹിമാനിയെന്ന് ന്യൂക്ലിയസിനെ വിശേഷിപ്പിക്കാൻ സാധിക്കും. 1986-ൽ ഗിയോട്ടോ എന്ന ബഹിരാകാശപേടകം എടുത്ത ‘ഹാലിയുടെ ധൂമകേതു’വിന്റെ ക്ലോസപ്പ് ചിത്രങ്ങൾ ധൂമകേതുവിൽനിന്ന് പൊടിയും വാതകവും പുറപ്പെടുന്നതായി കാണിക്കുന്നു. ഈ ഉത്സർജന വസ്തുക്കളാണ് ഭൂമിയിൽനിന്നു നോക്കുമ്പോൾ ധൂമകേതുവിന്റെ തിളങ്ങുന്ന ശീർഷവും വാലുമായി തോന്നിക്കുന്നത്.
ധൂമകേതു കുടുംബങ്ങൾ
രണ്ട് ധൂമകേതു കുടുംബങ്ങൾ സൂര്യനെ ചുറ്റുന്നുണ്ട്. ധൂമകേതുക്കളെ തരംതിരിക്കുന്നത് അവയുടെ പരിക്രമണ കാലഘട്ടത്തെ അഥവാ സൂര്യനു ചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ്. ഹാലിയുടെ ധൂമകേതു പോലുള്ള ഹ്രസ്വകാല ധൂമകേതുക്കൾ അഥവാ താരതമ്യേന ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന ധൂമകേതുക്കൾ സൂര്യനെ ചുറ്റാൻ 200-ൽ താഴെ വർഷം മാത്രമേ എടുക്കുന്നുള്ളൂ. അവയുടെ ഭ്രമണപഥങ്ങൾ ക്രാന്തിവൃത്തത്തിന്—ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ വലംവെക്കുന്ന ആകാശീയ തലത്തിന്—അടുത്താണ്. ശതകോടി ഹ്രസ്വകാല ധൂമകേതുക്കൾ ഉണ്ടായിരിക്കാം. ഇവയിൽ മിക്കവയും സൂര്യനിൽനിന്ന് ഏറ്റവും അകലെ, സ്ഥിതി ചെയ്യുന്ന നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങൾക്കും അപ്പുറത്താണു ഭ്രമണം ചെയ്യുന്നത്, അതായത് സൂര്യനിൽനിന്ന് ശതകോടിക്കണക്കിന് കിലോമീറ്റർ ദൂരെ. ചിലപ്പോഴൊക്കെ, ഗ്രഹങ്ങളുടെ വളരെ സമീപത്തുകൂടി കടന്നുപോകുന്നതിന്റെ ഫലമായി, ചിലതിന്റെ ഭ്രമണപഥങ്ങൾ സൂര്യനോടു കുറേക്കൂടെ അടുത്തിരിക്കുന്നു. എങ്കെയുടെ ധൂമകേതു ഇതിനൊരു ഉദാഹരണമാണ്.
ദീർഘകാല ധൂമകേതുക്കളുടെ ഭ്രമണപഥങ്ങളുടെ കാര്യമോ? ഹ്രസ്വകാല ധൂമകേതുക്കളിൽനിന്നു വ്യത്യസ്തമായി അവ എല്ലാ ദിശകളിൽനിന്നും സൂര്യനെ വലംവെക്കുന്നു. അടുത്തിടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഹ്യാകുട്ടാക്കെ, ഹെയ്ൽ-ബോപ്പ് എന്നീ ധൂമകേതുക്കൾ ഇവയിൽ പെടുന്നു. എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞേ അവ ഇനി പ്രത്യക്ഷപ്പെടുകയുള്ളൂ!
ഒട്ടേറെ ദീർഘകാല ധൂമകേതുക്കൾ സൗരയൂഥത്തിൽ സൂര്യനിൽനിന്ന് ഏറ്റവും അകലെയായി സഞ്ചരിക്കുന്നുണ്ട്. ധൂമകേതുക്കളുടെ ഈ കൂട്ടത്തെ ഊർട്ട് മേഘം എന്നാണു വിളിക്കുന്നത്. 1950-ൽ അതിന്റെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി സൂചന നൽകിയ ഡച്ച് ജ്യോതിശ്ശാസ്ത്രജ്ഞന്റെ പേരാണ് അതിന് ഇട്ടിരിക്കുന്നത്. ഈ പടലത്തിൽ എത്ര ധൂമകേതുക്കൾ ഉണ്ട്? ശതസഹസ്രകോടിയിൽ അധികം ഉണ്ടെന്ന് ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു! ചില ധൂമകേതുക്കൾ സൂര്യനിൽനിന്ന് ഒരു പ്രകാശ വർഷമോ അതിൽ കൂടുതലോ ദൂരം സഞ്ചരിക്കുന്നു.a അത്രയും ദൂരത്തായിരിക്കുമ്പോൾ ഒരൊറ്റ ഭ്രമണം പൂർത്തിയാക്കാൻതന്നെ അവയ്ക്ക് ഒരു കോടിയിലധികം വർഷം വേണ്ടിവന്നേക്കാം!
അസംഖ്യം കൊച്ചു ഗ്രഹങ്ങൾ
തുടക്കത്തിൽ പ്രതിപാദിച്ച, പുതിയതായി കണ്ടെത്തിയ കൊച്ചു ഗ്രഹങ്ങൾ ഹ്രസ്വകാല ധൂമകേതുക്കളോടൊപ്പം പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. 1992 മുതൽ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഇത്തരം 80-ഓളം ചെറിയ, ഗ്രഹങ്ങൾ പോലെയുള്ള ആകാശീയ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. 100 കിലോമീറ്ററിലധികം വ്യാസമുള്ള ഈ ഗ്രഹങ്ങളുടെ എണ്ണം പതിനായിരക്കണക്കിനു വരും. ഈ കൊച്ചു ഗ്രഹങ്ങളാണ് കൗപർ ബെൽറ്റിനു രൂപം നൽകിയിരിക്കുന്നത്. ഏതാണ്ട് 50 വർഷം മുമ്പ് ഇവ അസ്തിത്വത്തിലുള്ളതായി സംശയിച്ച ശാസ്ത്രജ്ഞന്റെ പേരാണ് കൗപർ. കൗപർ ബെൽറ്റിലെ വസ്തുക്കൾ പാറയും മഞ്ഞുകട്ടയും കൊണ്ടുള്ളവ ആയിരിക്കാനിടയുണ്ട്.
സമീപകാലത്തെ ഈ കൊച്ചു ഗ്രഹങ്ങളുടെ കണ്ടെത്തൽ സൗരയൂഥത്തിനുള്ളിലെ കാര്യങ്ങളെ കുറിച്ചുള്ള അറിവിൽ മാറ്റം വരുത്തിയിട്ടുണ്ടോ? തീർച്ചയായും! പ്ലൂട്ടോ, അതിന്റെ ചന്ദ്രനായ ഷാരോൺ, നെപ്റ്റ്യൂണിന്റെ ഉപഗ്രഹമായ ട്രിട്ടൻ, സൗരയൂഥത്തിനുള്ളിലെ മറ്റു ചില തണുത്തുറഞ്ഞ വസ്തുക്കൾ എന്നിവ കൗപർ ബെൽറ്റിൽനിന്നു വന്നതാണെന്ന് ഇപ്പോൾ കരുതപ്പെടുന്നു. പ്ലൂട്ടോയെ മേലാൽ പ്രധാന ഗ്രഹങ്ങളുടെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ലെന്നു പോലും ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കരുതുന്നു.
അവ വന്നത് എവിടെനിന്ന്?
കൗപർ ബെൽറ്റിൽ ഇത്രയധികം ധൂമകേതുക്കളും കൊച്ചു ഗ്രഹങ്ങളും വന്നത് എങ്ങനെ? ഈ വസ്തുക്കൾ പണ്ട് ഉണ്ടായിരുന്ന പൊടിപടലങ്ങളും ഘനീഭവിക്കുന്ന മഞ്ഞും കൂടിച്ചേർന്ന് രൂപംകൊണ്ടതാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും വലിയ ഗ്രഹങ്ങളായി രൂപംപ്രാപിക്കാൻ സാധിക്കാത്തവിധം വളരെ നേർത്ത അളവിലാണ് അവ വ്യാപിച്ചു കിടന്നിരുന്നത്.
ദീർഘകാല ധൂമകേതുക്കളും സൗരയൂഥത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഈ ധൂമകേതുക്കളുടെ മൊത്തം ദ്രവ്യമാനം ഭൂമിയുടേതിനെക്കാൾ ഏതാണ്ട് 40 മടങ്ങ് വരും. ഇവയിൽ മിക്കതും സൗരയൂഥത്തിന്റെ ആരംഭത്തിൽ, അതിബൃഹത്തായ ഗ്രഹങ്ങളുടെ മേഖലയിലായിരിക്കാം രൂപം കൊണ്ടത് എന്നു കരുതപ്പെടുന്നു.
ഈ ധൂമകേതുക്കളെ സൂര്യനിൽനിന്ന് വളരെ അകലെയുള്ള, ഇപ്പോഴത്തെ ഭ്രമണപഥങ്ങളിലേക്കു തള്ളിവിട്ടത് എന്തായിരുന്നു? വ്യാഴത്തെ പോലുള്ള വലിയ ഗ്രഹങ്ങൾ അവയുടെ അരികിലേക്കു വന്ന വാൽനക്ഷത്രങ്ങളെയെല്ലാം ചുഴറ്റിയെറിഞ്ഞു.
ധൂമകേതുക്കളെ കുറിച്ചു പഠിക്കൽ
സൗരയൂഥത്തിന്റെ ആരംഭഘട്ടത്തിൽ ഉണ്ടായിരുന്ന ചില വസ്തുക്കൾ ധൂമകേതുക്കളിൽ അടങ്ങിയിരിക്കുന്നു. കൗതുകം ഉളവാക്കുന്ന ഈ വസ്തുക്കളെ കുറിച്ച് കൂടുതൽ പഠിക്കാൻ എങ്ങനെ കഴിയും? ചില ധൂമകേതുക്കൾ വല്ലപ്പോഴും ആന്തര-സൗരയൂഥത്തിലേക്കു പ്രവേശിക്കുമ്പോൾ അവയെ കുറിച്ചു കൂടുതൽ അടുത്തു പഠനം നടത്താൻ കഴിയുന്നു. ധൂമകേതുക്കളെ കുറിച്ചു പഠിക്കാൻ അടുത്ത കുറേ വർഷത്തേക്ക് ഒട്ടേറെ ബഹിരാകാശ പേടകങ്ങൾ അയയ്ക്കാൻ ബഹിരാകാശ ഏജൻസികൾ പരിപാടിയിട്ടിരിക്കുന്നു.
സൗരയൂഥത്തിൽ ഇനിയും എന്തെല്ലാം കാര്യങ്ങളാണു കണ്ടെത്താൻ പോകുന്നതെന്ന് ആർക്കറിയാം? സൂര്യനെ ചുറ്റുന്ന വിദൂര വസ്തുക്കളുടെ കണ്ടെത്തലും അവയെ കുറിച്ചു മനസ്സിലാക്കുന്ന സംഗതികളും ബൈബിളിൽ യെശയ്യാവു 40:26-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യത്തിനു ശക്തി കൂട്ടുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു.”
[അടിക്കുറിപ്പുകൾ]
a ഒരു പ്രകാശ വർഷം എന്നത് പ്രകാശം ഒരു വർഷത്തിൽ സഞ്ചരിക്കുന്ന ദൂരം ആണ്, അതായത് ഏതാണ്ട് 9.5 ശതസഹസ്രകോടി കിലോമീറ്റർ.
[27-ാം പേജിലെ ചതുരം]
ധൂമകേതുക്കളും ഉൽക്കവർഷവും
ആകാശത്ത് ഒരു കൊള്ളിമീൻ മിന്നി മായുന്നതു നോക്കിനിൽക്കുമ്പോൾ അത് ഒരു ധൂമകേതുവിൽനിന്നു വന്നതാണെന്നു നിങ്ങൾ കരുതുമോ? ഒരുപക്ഷേ ആയിരിക്കാം. ധൂമകേതു സൂര്യനെ സമീപിക്കുമ്പോൾ മഞ്ഞുകട്ടകൊണ്ടുള്ള അതിന്റെ ന്യൂക്ലിയസ് ക്രമേണ വിഘടിക്കുന്നു, അങ്ങനെ പാറക്കഷണങ്ങളുടെ അഥവാ വാനശിലകളുടെ നിര പുറത്തു വരുന്നു. ഈ പാറക്കഷണങ്ങൾ ധൂമകേതുവിന്റെ വാലിലെ പൊടികണങ്ങളുടെ അത്രയും ഭാരം കുറഞ്ഞവയല്ലാത്തതുകൊണ്ട് സൗരവാതങ്ങൾ അവയെ ബഹിരാകാശത്തേക്കു പറപ്പിച്ചുകളയുന്നില്ല. പകരം, അവശിഷ്ടങ്ങളുടെ ഒരു നീണ്ട ബെൽട്ട് പോലെ, ജന്മം നൽകിയ ധൂമകേതുവിന്റെ അതേ സഞ്ചാരപഥത്തിലൂടെ അവ സൂര്യനെ വലംവയ്ക്കുന്നു.
ഓരോ വർഷവും ഭൂമി ധൂമകേതു അവശിഷ്ടങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ഈ വാനശിലാവർഷം ഉണ്ടാകുന്നത്. നവംബർ മധ്യത്തിലുണ്ടാകുന്ന ലിയോണിഡ് ഉൽക്കവർഷം ടെംപൽ ടട്ടിൽ എന്ന ധൂമകേതു പുറന്തള്ളുന്ന വസ്തുക്കളിൽനിന്നു രൂപംകൊള്ളുന്നതാണ്. 1998-ൽ അത് കണ്ണഞ്ചിക്കുന്ന അഗ്നിഗോളങ്ങൾ പുറപ്പെടുവിച്ചു, എങ്കിലും 33 വർഷം കൂടുമ്പോഴാണ് ഈ ഉൽക്കവർഷം അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കുന്നത്. ഉദാഹരണത്തിന്, 1966-ൽ ലിയോണിഡ് ഉൽക്കവർഷം വീക്ഷിച്ച ആളുകൾ മിനിട്ടിൽ 2,000-ത്തിലധികം ഉൽക്കകളെ പോലും കണ്ടതായി റിപ്പോർട്ടു ചെയ്യുന്നു—വാസ്തവത്തിൽ ഒരു അതിവർഷംതന്നെ! ഈ നവംബറിൽ അതു കാണാൻ മറക്കരുത്.
[24-26 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
1. 1997-ൽ ഹെയ്ൽ-ബോപ്പ് ധൂമകേതു
2. എഡ്മണ്ട് ഹാലി
3. പെർസിവൽ ലോവൽ
4. 1985-ലെ ഹാലിയുടെ ധൂമകേതു
5. 1910-ലെ ഹാലിയുടെ ധൂമകേതു
6. ഹാലിയുടെ ധൂമകേതുവിൽനിന്ന് പൊടിയും വാതകവും പുറപ്പെടുന്നു
[കടപ്പാട]
1) Tony and Daphne Hallas/Astro Photo; 2) Culver Pictures; 3) Courtesy Lowell Observatory/Dictionary of American Portraits/Dover
4) Courtesy of Anglo-Australian Observatory, photograph by David Malin; 5) National Optical Astronomy Observatories; 6) the Giotto Project, HMC principal investigator Dr. Horst Uwe Keller, the Canada-France-Hawaii telescope
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
7. വിവിധ ധൂമകേതുക്കളുടെ ഭ്രമണപഥങ്ങൾ
ഹൂട്ടെക്ക് ധൂമകേതു
ഹാലിയുടെ ധൂമകേതു
സൂര്യൻ
ഭൂമി
എങ്കെയുടെ ധൂമകേതു
വ്യാഴം
[ചിത്രങ്ങൾ]
8. 1994-ൽ വ്യാഴവുമായി കൂട്ടിയിടിക്കുന്നതിനു മുമ്പുതന്നെ ഷൂമേക്കർ-ലെവി 9 എന്ന ധൂമകേതു 21 കഷണങ്ങളായി ചിതറിയിരുന്നു
9. പ്ലൂട്ടോയുടെ ഉപരിതലം
10. കഹൂട്ടെക്ക് ധൂമകേതു, 1974
11. ഐഡ എന്ന ഛിന്നഗ്രഹവും അതിന്റെ ചന്ദ്രനായ ഡാക്റ്റിലും
[കടപ്പാട]
8) Dr. Hal Weaver and T. Ed Smith (STScI), and NASA; 9) A. Stern (SwRI), M. Buie (Lowell Obs.), NASA, ESA; 10) NASA photo; 11) NASA/JPL/Caltech