കൊള്ളിമീൻ എവിടെനിന്നു വരുന്നു?
“ഓ, നോക്കൂ! അതാ പോകുന്നു വേറൊന്ന്!” “എവിടെ? എവിടെ?” കൊള്ളിമീനുകൾക്കുവേണ്ടി നിങ്ങൾ രാത്രിയിലെ ആകാശം പരതിയപ്പോൾ അത്തരം വാക്കുകൾ ഉച്ചരിച്ചിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഒരെണ്ണത്തെ ആദ്യമായി കണ്ടത് നിങ്ങൾക്കു മീതെയുള്ള നക്ഷത്രനിബിഡമായ ആകാശത്തിനു കുറുകെ പെട്ടെന്ന് ദീപ്തിയേറിയ ഒരു രേഖ ചലിക്കുന്നതായിരിക്കാം. അതു നക്ഷത്രങ്ങളിലൊന്ന് ആകാശത്തിനു കുറുകെ പാഞ്ഞുപോയതുപോലെ തോന്നി. തീർച്ചയായും മലയാളത്തിൽ കൊള്ളിമീനുകൾ എന്നും ഇംഗ്ലീഷിൽ ഷൂട്ടിംഗ് സ്ററാഴ്സ് എന്നും തെററായി നാമകരണം ചെയ്യപ്പെട്ടതാണ്. “പാഞ്ഞുപോകുന്നു”ണ്ടെങ്കിലും അവ മീനുകളോ നക്ഷത്രങ്ങളോ അല്ല.
ജ്യോതിശാസ്ത്രജ്ഞർ അവയെ ഉൽക്കകൾ (meteors) എന്നു വിളിക്കുന്നു. ഒരു ശരാശരി നക്ഷത്രത്തിനു നമ്മുടെ മുഴുഗ്രഹത്തെ പത്തുലക്ഷംപ്രാവശ്യം വിഴുങ്ങാൻ കഴിയുമ്പോൾ നമ്മുടെ ഗ്രഹമാണ് ഈ ലക്ഷക്കണക്കിനു ഉൽക്കകളെ വിഴുങ്ങുന്നത്. എന്താണ് ഉൽക്കകൾ, അവ എവിടെനിന്നു വരുന്നു?
കൊള്ളാം, അവ ധൂമകേതുക്കളോടു വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രസിദ്ധ ഉദാഹരണമായ ഹാലി ധൂമകേതു സൂര്യനുചുററുമുള്ള 76 വർഷം നീളുന്ന അണ്ഡവൃത്താകാരമായ അതിന്റെ യാത്രയിൽ 1986-ൽ ഭൂമിക്കു സമീപത്തുകൂടി പാഞ്ഞുപോയി. നമുക്കറിയാവുന്നതനുസരിച്ചു ധൂമകേതുക്കൾ മുഖ്യമായും ഖരജലവും ധൂളിയും അടങ്ങിയതായിരിക്കുന്നതുകൊണ്ട് അവ ചിലപ്പോൾ മലിനമായ മഞ്ഞുകട്ടകൾ എന്നും വിളിക്കപ്പെടുന്നു. ഒരു ധൂമകേതു സൂര്യനോടു സമീപിക്കുമ്പോൾ അതിന്റെ ഉപരിതലം ചൂടായി ധൂളിയും വാതകവും പുറത്തുവിടുന്നു. സൂര്യപ്രകാശത്തിന്റെ വികിരണമർദം കടുപ്പമുള്ള പദാർഥത്തെ ധൂളിയുടെ ജ്വലിക്കുന്ന ഒരു വാലായി പിന്നിലേക്കു തള്ളുന്നു. ഇപ്രകാരം ധൂമകേതു അവശിഷ്ടങ്ങളുടെ—ബഹിരാകാശത്തുതന്നെയുള്ള വാനശില എന്നു വിളിക്കപ്പെടുന്ന കണികകൾ—പൊടിനിറഞ്ഞ ഒരു പഥം അതിന്റെ പിന്നിൽ അവശേഷിപ്പിക്കുന്നു. ധൂമകേതുവിന്റെ ധൂളിയിലധികവും ദൃശ്യ ഉൽക്കകളായിത്തീരാൻ കഴിയാത്തവിധം ചെറുതാണ്. ചിലതിനു ചെറിയ കല്ലുകളോളം വലിപ്പമുള്ളപ്പോൾ ചെറിയൊരു അംശത്തിനു മണൽത്തരിയോളം വലിപ്പമുണ്ട്.
ചുരുക്കം ചില അവസരങ്ങളിൽ ഒരു ധൂമകേതുവിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ കുറുകെ ഛേദിക്കുന്നു. ഭൂമി ധൂമകേതുവിന്റെ ഭ്രമണപഥത്തെ ഓരോപ്രാവശ്യം ഭേദിക്കുമ്പോഴും അത് ധൂളിയുടെ അതേ പഥത്തെ നേരിടുന്നു എന്ന് ഇത് അർഥമാക്കുന്നു. ഇതു സംഭവിക്കുമ്പോൾ വാനശിലകൾ അന്തരീക്ഷത്തിലേക്ക് ഉയർന്ന വേഗതയിൽ പതിക്കുന്നു—ഒരു സെക്കൻറിൽ 71 കിലോമീററർവരെ. അവ നിപതിക്കുമ്പോൾ വലിപ്പം കൂടിയവ അന്തരീക്ഷത്തിനു കുറുകെ ദീപ്തിയേറിയ രേഖകൾ സൃഷ്ടിച്ചുകൊണ്ട് ചൂടുപിടിച്ചു കത്തുന്നു. അവ ഉൽക്കകൾ എന്നറിയപ്പെടുന്നു.
ഭൂമി ഒരു ധൂമകേതുവിന്റെ പഥത്തിനു കുറുകെ കടക്കുമ്പോൾ ഉൽക്കകൾ ആകാശത്തിലെ വികിരകം എന്നു വിളിക്കപ്പെടുന്ന ഒരേ സ്ഥാനത്തുനിന്ന് എല്ലാ ദിശയിലേക്കും പാഞ്ഞുപോകുന്നതായി കാണുന്നു. ഈ വികിരകങ്ങളിൽനിന്നാണു വർഷത്തിലെ ക്രമമായ സമയങ്ങളിൽ ഉൽക്കാവർഷം ഉണ്ടാകുന്നത്. പ്രസിദ്ധമായ ഒരു ദൃശ്യം പെർസീഡ്സ് നിപാതം എന്നു വിളിക്കപ്പെടുന്നു, അങ്ങനെ പേരിട്ടിരിക്കുന്നതിന്റെ കാരണം അതിന്റെ വികിരകം കണ്ടെത്തിയത് പെർസ്യൂസ് നക്ഷത്രരാശിയിലാണ്. എല്ലാ വർഷവും ഓഗസ്ററ് 12-നോ 13-നോ പെർസീഡ്സ് അതിന്റെ അത്യുച്ചത്തിൽ എത്തുമ്പോൾ, അതു കണ്ണഞ്ചിപ്പിക്കുന്ന ഒരു ദൃശ്യമാണ്. ഓരോ മണിക്കൂറിലും 60 ഉൽക്കകൾക്കുമേൽ പതിച്ചേക്കാം.
നേരത്തെയുള്ള അക്വാറിഡ്സ് നക്ഷത്രനിപാതത്തെപ്പോലെ ഒക്ടോബർ 21-നോടടുത്ത് ഒറിയോനിഡ്സ് നക്ഷത്രനിപാതം നിങ്ങൾ കണ്ടേക്കാം, അത് ഹാലി ധൂമകേതുവിന്റെ ഉൽക്കകളാൽ ഉണ്ടാകുന്നതാണെന്നു പറയപ്പെടുന്നു. ജ്യോതിശാസ്ത്രം (Astronomy) എന്ന പത്രിക പറയുന്നതനുസരിച്ചു ഹാലി ധൂമകേതുവിന് “അതിന്റെ ദ്രവ്യമെല്ലാം നഷ്ടപ്പെടുന്നതിനുമുമ്പ് 1,00,000 പ്രാവശ്യം ഭ്രമണം ചെയ്യാൻ കഴിയു”മെന്നു ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അവരുടെ ഊഹം ശരിയാണെങ്കിൽ ഹാലി ധൂമകേതു അടുത്ത 76,00,000 വർഷങ്ങളിൽ ക്രമമായ സന്ദർശനം നടത്തും! അതു പൊയ്പ്പോയി ദീർഘകാലം കഴിഞ്ഞും അതിന്റെ ധൂളീപഥം ഭൂനിവാസികൾക്കു യുഗങ്ങളോളം കൊള്ളിമീനുകളെ നല്കിക്കൊണ്ടിരിക്കും. നാം ഇപ്പോൾ കാണുന്ന ഉൽക്കകളിലധികവും വ്യക്തമായും ദീർഘകാലം മുമ്പു മൃതമായിപ്പോയ ധൂമകേതുക്കളിൽനിന്നു വരുന്നവയാണ്.
ലോകവ്യാപകമായി എല്ലാ ദിവസവും നമ്മുടെ അന്തരീക്ഷത്തിൽ ഏതാണ്ട് 20 കോടി ദൃശ്യമായ ഉൽക്കകൾ ഉണ്ടെന്നു ശാസ്ത്രകാരൻമാർ കണക്കാക്കുന്നു. കൊള്ളാം, അതിമനോജ്ഞമായ ഉൽക്കാപതനത്തെ സംബന്ധിച്ചാണെങ്കിൽ എല്ലായ്പോഴും അടുത്ത വർഷം ഉണ്ട്—ഇനിയും ലക്ഷങ്ങൾ വരാനുണ്ട്! (g93 3/22)