പറക്കും ശിലകൾ
തെളിവുള്ള ഒരു രാത്രിയിൽ ആകാശത്തിനുകുറുകെ ജ്വലിച്ചു പായുന്ന കൊള്ളിമീനിനെ (shooting star) നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഉടൻതന്നെ ഒന്നിനെ കണ്ടെന്നു വരാം. ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് പ്രകൃതിയുടെ ഈ അഗ്നിരൂപങ്ങൾ ദിവസേന ഏതാണ്ട് 20,00,00,000 പ്രാവശ്യം ഭൗമാകാശത്തിനുകുറുകെ പ്രയാണം ചെയ്യുന്നുണ്ട്!
അവയെന്താണ്? വാനശിലകൾ (meteoroids) എന്നറിയപ്പെടുന്ന ആശ്മികമോ (stony) ലോഹം അടങ്ങിയിട്ടുള്ളതോ ആയ പദാർഥങ്ങളുടെ വലിയ കഷണങ്ങളാണ് അവ. ഭൗമാന്തരീക്ഷത്തിലേക്കു കടക്കുമ്പോൾ അവ ശ്വേതതാപത്തിൽ (white heat) കത്തിയെരിയുന്നു. ഭൂമിയിൽനിന്നു നിരീക്ഷിക്കുമ്പോൾ അവ ആകാശത്തിനുകുറുകെ പായിക്കുന്നതായി കാണുന്ന, തിളക്കമുള്ള പ്രകാശനാളമാണ് ഉൽക്ക (meteor).
മിക്ക വാനശിലകളും ഭൂമിയിൽ എത്തുന്നതിനുമുമ്പു പൂർണമായും കത്തിത്തീരുന്നു. എന്നാൽ ചിലതു ശക്തമായ ചൂടിനെ അതിജീവിച്ചു ഭൗമോപരിതലത്തിൽ എത്തിച്ചേരുന്നു. അവ ഉൽക്കാശിലകൾ (meteorites) എന്നറിയപ്പെടുന്നു. ഈ പറക്കും ശിലയിൽ ഏതാണ്ട് 1,000 ടണ്ണോളം ഓരോ ദിവസവും ഭൂമിയിൽ നിക്ഷേപിക്കപ്പെടുന്നതായി ചില ശാസ്ത്രജ്ഞൻമാർ കണക്കാക്കുന്നു.a
ഈ പാഞ്ഞുവരവുകൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം അപകടകരമല്ല. ഈ പറക്കും ശിലകൾക്കു താരതമ്യേന വലിപ്പം കുറവാണെന്നുള്ളതാണ് ഒരു മുഖ്യ കാരണം. വാസ്തവത്തിൽ മിക്ക ഉൽക്കകളും ഒരു മണൽത്തരിയുടെയത്രയും മാത്രം വലിപ്പമുള്ള ഉൽക്കാശിലകളിൽനിന്ന് ഉണ്ടാകുന്നവയാണ്. [“ബാഹ്യാകാശത്തുനിന്നുള്ള ശിലകൾ” എന്ന ചതുരം കാണുക.] എന്നാൽ ബഹിരാകാശത്തുകൂടെ പറക്കുന്ന ആയിരക്കണക്കിനു വലിയ ശിലകളോ? ഉദാഹരണത്തിന് ഏതാണ്ട് 1,000 കിലോമീറ്റർ വ്യാസമുള്ള സെറെസ് എന്നറിയപ്പെടുന്ന പറക്കും ശിലയുടെ കാര്യമെടുക്കുക! 190 കിലോമീറ്ററിലധികം വ്യാസമുള്ള, അറിയപ്പെടുന്ന 30-ഓളം മറ്റു ശിലകളുമുണ്ട്. ഈ വലിയ ശിലകൾ വാസ്തവത്തിൽ ചെറു ഗ്രഹങ്ങളാണ്. ശാസ്ത്രജ്ഞൻമാർ അവയെ ഛിന്നഗ്രഹങ്ങൾ (asteroids) എന്നു വിളിക്കുന്നു.
ഈ ഛിന്നഗ്രഹങ്ങളിൽ ഒന്നു ഭൂമിയിലേക്കു പാഞ്ഞുകയറുന്നെങ്കിലെന്ത്? പ്രത്യക്ഷത്തിൽ, ഈ ഭീഷണിയാണു ഛിന്നഗ്രഹങ്ങളെക്കുറിച്ചു പഠനം നടത്താൻ ശാസ്ത്രജ്ഞൻമാരെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം. മിക്ക ഛിന്നഗ്രഹങ്ങളും ചൊവ്വയ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള മേഖലയിലാണു ഭ്രമണം ചെയ്യുന്നതെങ്കിലും വാസ്തവത്തിൽ, ബഹിരാകാശ ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയ ചിലതു ഭൂമിയുടെ ഭ്രമണപഥം കുറുകെകടക്കുന്നുണ്ട്. യു.എസ്.എ.-യിലുള്ള അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിനു സമീപമുള്ള ഉൽക്കാ ഗർത്തം (ബരിഞ്ചർ ഗർത്തം എന്നും അറിയപ്പെടുന്നു) പോലുള്ള വൻ ഗർത്തങ്ങളുടെ അസ്തിത്വം കൂട്ടിയിടിക്കുമെന്ന ഭീഷണിക്ക് ആക്കംകൂട്ടുന്നു. ദിനോസോറുകളുടെ വംശനാശത്തെ വിവരിക്കുന്ന ഒരു സിദ്ധാന്തം പറയുന്നത് ഒരു വലിയ കൂട്ടിമുട്ടൽ അന്തരീക്ഷത്തിനു വ്യതിയാനം വരുത്തിയെന്നും ദിനോസോറുകൾക്ക് അതിജീവിക്കാൻ കഴിയാത്തവിധം ഭൂമിയെ ദീർഘിച്ച ശൈത്യകാലത്തിലാഴ്ത്തിയെന്നുമാണ്.
വിപത്കരമായ അത്തരമൊരു സംഘട്ടനം ഇന്ന് മാനവരാശിയെ നശിപ്പിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്നു ബൈബിൾ സൂചന നൽകുന്നു.—സങ്കീർത്തനം 37:29.
[അടിക്കുറിപ്പ്]
a കണക്കുകൾ വ്യത്യാസെപ്പട്ടിരിക്കുന്നു
[23-ാം പേജിലെ ചതുരം]
ഒരു അഗ്നിഗോളം വീഡിയോടേപ്പിൽ
ചില ഉൽക്കകൾ അസാധാരണമായ തിളക്കവും വലിപ്പവുമുള്ളവയാണ്. അവ അഗ്നിഗോളങ്ങൾ എന്നറിയപ്പെടുന്നു. 1992, ഒക്ടോബർ 9-ന് മുകളിലത്തെ ഫോട്ടോയിൽ കാണിച്ചിരിക്കുന്ന അഗ്നിഗോളം ഐക്യനാടുകളിലെ അനവധി സ്റ്റേറ്റുകളുടെ മുകളിലൂടെ പാഞ്ഞു കടന്നുപോയി. ദക്ഷിണ വെർജിനിയയുടെ മുകളിലാണ് ആ അഗ്നിഗോളത്തെ ആദ്യമായി കണ്ടത്. അത് 700 കിലോമീറ്ററിലധികമുള്ള ഭൂഭാഗത്തിന്റെ മുകളിൽ പ്രത്യക്ഷമായി. 12 കിലോഗ്രാം തൂക്കംവരുന്ന ഒരു കഷണം ന്യൂയോർക്കിലെ പീക്ക്സ്റ്റില്ലിൽ പാർക്കു ചെയ്തിരുന്ന ഒരു കാറിലേക്കു നിപതിക്കുകയുണ്ടായി.
വാനശില ഒരു പ്രത്യേക കോണിൽ അന്തരീക്ഷത്തെ ഉരസി കടന്നുപോന്നതുനിമിത്തം തിളക്കമുള്ള ഒരു അഗ്നിഗോളം ഉണ്ടാകുകയും അത് 40 സെക്കൻഡിലധികം നേരം ദൃശ്യമാകുകയും ചെയ്തു എന്നതാണ് ഈ സംഭവത്തിൽ അസാധാരണമായ സംഗതി. ഇതുമൂലം, മുമ്പെങ്ങും സാധിച്ചിട്ടില്ലാത്ത വിധത്തിൽ വീഡിയോയിൽ അതിനെ ആലേഖനം ചെയ്യാനുള്ള അവസരം ലഭിച്ചു. കുറഞ്ഞത് 14 വ്യത്യസ്ത വീക്ഷണസ്ഥാനങ്ങളിൽനിന്നാണ് ഇതു നിർവഹിച്ചത്. നേച്ചർ മാസിക പറയുന്നതനുസരിച്ച്, “കണ്ടെടുക്കപ്പെട്ട ഒരു ഉൽക്കാശില ഒരു അഗ്നിഗോളമായി കത്തുമ്പോഴെടുത്ത ആദ്യത്തെ ചലന ചിത്രങ്ങളാണ് ഇവ.”
അഗ്നിഗോളം കുറഞ്ഞത് 70 കഷണങ്ങളായി പൊട്ടിച്ചിതറി. വെട്ടിത്തിളങ്ങുന്നതും ഉന്തിനിൽക്കുന്നതുമായ വ്യതിരിക്ത ഭാഗങ്ങളായിട്ടാണ് അവ ചില വീഡിയോടേപ്പുകളിൽ പ്രത്യക്ഷമാകുന്നത്. ഈ സംഭവത്തിൽ ഒരു ഉൽക്കാശിലമാത്രമേ കണ്ടെത്തപ്പെട്ടിട്ടുള്ളൂവെങ്കിലും ഒന്നോ അതിലധികമോ മറ്റു കഷണങ്ങൾ ഭൗമാന്തരീക്ഷം തുളച്ചുകടന്ന് ഭൂമിയിൽ വന്നു നിപതിച്ചിട്ടുണ്ടായിരിക്കുമെന്നാണു ശാസ്ത്രജ്ഞൻമാരുടെ വിശ്വാസം. മുമ്പ് 20 ടണ്ണോളം ഭാരമുണ്ടായിരുന്ന ആ വലിയ വാനശിലയിൽ അവശേഷിക്കുന്നത് അത്രമാത്രമായിരിക്കാം.
[24-ാം പേജിലെ ചതുരം]
ബാഹ്യാകാശത്തുനിന്നുള്ള ശിലകൾ
ഛിന്നഗ്രഹം: ഒരു പ്ലാനെറ്റോയിഡ് അഥവാ ഒരു ചെറുഗ്രഹം എന്നും അറിയപ്പെടുന്നു. തീരെ ചെറിയ ഈ ഗ്രഹങ്ങൾ സൂര്യനു ചുറ്റുമായി ഒരു ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്നു. മിക്കതിനും നിയതമായ ആകൃതിയില്ല, ഒരിക്കൽ വലുതായിരുന്ന വസ്തുക്കളുടെ കഷണങ്ങളാണവയെന്ന് അതു സൂചിപ്പിക്കുന്നു.
വാനശില: ബഹിരാകാശത്തിൽ ഒഴുകി നടക്കുകയോ അന്തരീക്ഷത്തിലൂടെ നിപതിക്കുകയോ ചെയ്യുന്ന, ലോഹമടങ്ങിയിട്ടുള്ളതോ ആശ്മികമോ ആയ പദാർഥത്തിന്റെ താരതമ്യേന ചെറിയ കഷണം. സംഘട്ടനങ്ങളുടെ ഫലമായുണ്ടാകുന്ന ഛിന്നഗ്രഹങ്ങളുടെ കഷണങ്ങളോ നശിച്ചുപോയ ധൂമകേതുക്കളുടെ ശിലാവശിഷ്ടങ്ങളോ ആണ് മിക്ക വാനശിലകളും എന്നാണു ചില ശാസ്ത്രജ്ഞൻമാർ വിചാരിക്കുന്നത്.
ഉൽക്ക: ഒരു വാനശില ഭൗമാന്തരീക്ഷത്തിൽ തുളച്ചുകടക്കുമ്പോൾ വായുവുമായുള്ള ഉരസൽ ശക്തമായ ചൂടും ഉജ്ജ്വല പ്രകാശവും ഉത്പാദിപ്പിക്കുന്നു. വെട്ടിത്തിളങ്ങുന്ന ചൂടു വാതകങ്ങളുടെ ഈ അടയാളമാണ് നൈമിഷികമായി ആകാശത്തിൽ പ്രകാശനാളമായി ദൃശ്യമാകുന്നത്. ഈ പ്രകാശനാളം ഉൽക്ക എന്നറിയപ്പെടുന്നു. പലരും അതിനെ കൊള്ളിമീൻ എന്നും നിപതിക്കുന്ന നക്ഷത്രം എന്നും വിളിക്കുന്നു. മിക്ക ഉൽക്കകളും ഭൗമോപരിതലത്തിനു മുകളിലായി ഏതാണ്ട് 100 കിലോമീറ്റർ അകലെയായിരിക്കുമ്പോഴാണ് ആദ്യമായി ദൃശ്യമാകുന്നത്.
ഉൽക്കാശില: ചിലപ്പോൾ വാനശില വളരെ വലുതാണ്. അതുകൊണ്ട് നമ്മുടെ അന്തരീക്ഷത്തിലേക്കു കടക്കുന്ന സമയത്ത് അതു പൂർണമായും കത്തിത്തീരാതെ ഭൂമിയിലേക്കു പാഞ്ഞുവരുന്നു. അത്തരം വാനശിലയുടെ പേരാണ് ഉൽക്കാശില. ചിലതു വളരെ വലുതും ഭാരമേറിയതുമായിരിക്കും. ആഫ്രിക്കയിലെ നമീബിയയിലുള്ള ഒരു ഉൽക്കാശിലയ്ക്ക് 60 ടണ്ണിലധികം ഭാരമുണ്ട്. 15-ഓ അതിലധികമോ ടൺ ഭാരംവരുന്ന വലിപ്പമുള്ള മറ്റ് ഉൽക്കാശിലകൾ ഗ്രീൻലൻഡിലും മെക്സിക്കോയിലും ഐക്യനാടുകളിലും കണ്ടെത്തപ്പെട്ടിട്ടുണ്ട്.
[24-ാം പേജിലെ ചതുരം/ചിത്രം]
ഐഡയും അതിന്റെ കൊച്ചു ചന്ദ്രനും
വ്യാഴത്തിലേക്കു യാത്രചെയ്യുകയായിരുന്ന ഗലീലിയോ ബഹിരാകാശപേടകം, ഐഡ എന്നു പേരുള്ള ഛിന്നഗ്രഹത്തിന്റെ ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഒരു അപ്രതീക്ഷിത കണ്ടുപിടിത്തം നടത്തിയത്—ഒരു ഛിന്നഗ്രഹത്തെ ഒരു ചന്ദ്രൻ ചുറ്റുന്ന ആദ്യത്തെ തെളിവധിഷ്ഠിത സംഭവം. ഡക്റ്റൽ എന്നു പേരുള്ള, അണ്ഡാകൃതിയുള്ള ഈ ചന്ദ്രന് 1.6 കിലോമീറ്റർ നീളവും 1.2 കിലോമീറ്റർ വീതിയുമുള്ളതായി ശാസ്ത്രജ്ഞൻമാർ കണക്കാക്കുന്നുവെന്ന് സ്കൈ ആൻഡ് ടെലസ്കോപ്പ് റിപ്പോർട്ടു ചെയ്യുന്നു. 56 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുള്ള ഐഡ എന്ന ഛിന്നഗ്രഹത്തിന്റെ മധ്യത്തിൽനിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലത്തിലാണ് അതിന്റെ ഭ്രമണപഥം. ഐഡയും അതിന്റെ കൊച്ചു ചന്ദ്രനും കൊറോനിസ് എന്നു പറയുന്ന ഛിന്നഗ്രഹ കുടുംബത്തിന്റെ ഭാഗമാണെന്ന് അവയുടെ ഇൻഫ്രാറെഡ് വർണ സവിശേഷതകൾ സൂചിപ്പിക്കുന്നു. ഈ കുടുംബം, ബഹിരാകാശത്തിലെ ഒരു സംഘട്ടനത്തിന്റെ ഫലമായി പൊട്ടിച്ചിതറിയ ഒരു വലിയ ഒറ്റപ്പാറയുടെ കഷണങ്ങളാണെന്നു വിചാരിക്കപ്പെടുന്നു.
[കടപ്പാട്]
NASA photo/JPL
[25-ാം പേജിലെ ചിത്രം]
യു.എസ്.എ.-യിലുള്ള അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിനു സമീപത്തുള്ള ഉൽക്കാ ഗർത്തത്തിന് 1,200 മീറ്റർ വ്യാസവും 200 മീറ്റർ ആഴവുമുണ്ട്
[കടപ്പാട്]
Photo by D. J. Roddy and K. Zeller, U.S. Geological Survey
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Sara Eichmiller Ruck