ബെഥേൽ നന്മയുടെയും തിന്മയുടെയും ഒരു നഗരം
അരങ്ങേറുന്ന സംഭവങ്ങളുടെ സ്വഭാവം അനുസരിച്ച് ചില നഗരങ്ങൾ പ്രസിദ്ധമായിത്തീരുന്നു, അല്ലെങ്കിൽ കുപ്രസിദ്ധമായിത്തീരുന്നു. എന്നാൽ ബെഥേലിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്, അതു നന്മയ്ക്കും തിന്മയ്ക്കും പേരുകേട്ടതായിത്തീർന്നു. ഗോത്രപിതാവ് ആയ യാക്കോബ് ആണ് ആ നഗരത്തിന് “ദൈവത്തിന്റെ ഭവനം” എന്ന് അർഥമുള്ള ബെഥേൽ എന്നു പേരിട്ടത്. എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം, ഹോശേയ പ്രവാചകൻ ആ നഗരത്തെ “ദോഷങ്ങളുടെ ഭവനം” എന്നു വിളിച്ചു. ഈ നഗരം നന്മയിൽനിന്നു തിന്മയിലേക്കു മാറിയതെങ്ങനെ? അതിന്റെ ചരിത്രത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
ബെഥേലുമായുള്ള ദൈവജനത്തിന്റെ ബന്ധം തുടങ്ങുന്നത് പൊ.യു.മു. 1943-ലാണ്. അത് അബ്രാഹാം ജീവിച്ചിരുന്ന സമയമായിരുന്നു. അന്ന്, ആ നഗരം അറിയപ്പെട്ടിരുന്നത് അതിന്റെ ആദ്യ കനാന്യ നാമത്തിലായിരുന്നു—ലൂസ്. അതു സ്ഥിതി ചെയ്തിരുന്നത് യെരൂശലേമിന് ഏതാണ്ട് 17 കിലോമീറ്റർ വടക്കായി ഒരു മലമ്പ്രദേശത്ത് ആയിരുന്നു. ബെഥേൽ പരിസരത്തുള്ള മലമുകളിൽ അനുയോജ്യമായ ഒരു വീക്ഷണസ്ഥാനത്തുനിന്നുകൊണ്ട് അബ്രാഹാമും അവന്റെ മച്ചുനനായ ലോത്തും യോർദാൻ താഴ്വരയുടെ ഫലഭൂയിഷ്ഠമായ തെക്കു ഭാഗത്തേക്കു നോക്കുന്നതായി സങ്കൽപ്പിക്കുക. നയപൂർവം, അബ്രാഹാം ലോത്തിന്റെ ശ്രദ്ധ ഒരു പ്രത്യേക സംഗതിയിലേക്ക്, തങ്ങളുടെ വലിയ ആട്ടിൻകൂട്ടത്തിന് മേച്ചിൽസ്ഥലങ്ങൾ വിഭജിക്കുന്ന പ്രയാസകരമായ സംഗതിയിലേക്ക്, തിരിക്കുന്നു: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം.”—ഉല്പത്തി 13:3-11.
ആദ്യം തിരഞ്ഞെടുക്കാനുള്ള അവകാശത്തിനായി അബ്രാഹാം ശാഠ്യം പിടിച്ചില്ല. മറിച്ച്, നല്ല പ്രദേശം എടുക്കാൻ തന്നെക്കാൾ പ്രായംകുറഞ്ഞ ലോത്തിനെ അനുവദിക്കുകയാണു ചെയ്തത്. അബ്രാഹാമിന്റെ ആ നല്ല മനോഭാവത്തെ നമുക്ക് അനുകരിക്കാൻ കഴിയും. ശാന്തമായി സംസാരിക്കുന്നതിലും നിസ്വാർഥമായി പ്രവർത്തിക്കുന്നതിലും മുൻകൈ എടുത്തുകൊണ്ട് തർക്കസംഗതികളെ നിർവീര്യമാക്കാൻ നമുക്കു സാധിക്കും.—റോമർ 12:18.
വർഷങ്ങൾക്കുശേഷം അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബ് ലൂസിൽ തമ്പടിച്ചപ്പോൾ അവന് ഒരു അസാധാരണ സ്വപ്നം ഉണ്ടായി. “ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി” അവൻ കണ്ടു. “അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നി”രുന്നു. (ഉല്പത്തി 28:11-19; യോഹന്നാൻ 1:51 താരതമ്യം ചെയ്യുക.) ആ സ്വപ്നത്തിന് ആഴമായ അർഥമുണ്ടായിരുന്നു. തന്റെ സന്തതിയെ കുറിച്ചു ദൈവം യാക്കോബിനോടു നടത്തിയിരിക്കുന്ന വാഗ്ദാനം നിവർത്തിക്കുന്നതിൽ, പ്രസ്തുത സ്വപ്നത്തിലെ ദൂതന്മാർ അവനു ശുശ്രൂഷ ചെയ്യുമായിരുന്നു. കോവണിക്കു മീതെയുള്ള യഹോവയുടെ ഉയർന്ന സ്ഥാനം അവൻ ഈ വേലയിൽ ദൂതന്മാരെ നയിക്കുമെന്നു പ്രകടമാക്കി.
ദിവ്യ പിന്തുണയുടെ ഈ ഉറപ്പ് യാക്കോബിനെ ആഴത്തിൽ സ്പർശിച്ചു. സ്വപ്നത്തിൽനിന്ന് ഉണർന്ന് അവൻ ആ സ്ഥലത്തെ “ദൈവത്തിന്റെ ഭവനം” എന്ന് അർഥമുള്ള ബെഥേൽ എന്നു വിളിച്ചു. എന്നിട്ട് അവൻ യഹോവയ്ക്ക് ഇങ്ങനെയൊരു നേർച്ച നേർന്നു: “നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും.”a (ഉല്പത്തി 28:20-22) തനിക്കുള്ളതെല്ലാം ദൈവത്തിൽനിന്നു ലഭിച്ചതാണെന്ന് അംഗീകരിച്ചുകൊണ്ട്, നന്ദിസൂചകമായി ഉദാരമായൊരു ഭാഗം തിരിച്ചുനൽകാൻ അവൻ ആഗ്രഹിച്ചു.
ഇന്നു ക്രിസ്ത്യാനികൾക്കു വേണ്ടിയും ദൂതന്മാർ ശുശ്രൂഷ ചെയ്യുന്നുണ്ട്. (സങ്കീർത്തനം 91:11; എബ്രായർ 1:14) “ദൈവത്തിന്നു അനവധി സ്തോത്രം വരു”ത്തിക്കൊണ്ട് തങ്ങൾക്കു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള വിലമതിപ്പ് അവർക്കും പ്രകടിപ്പിക്കാവുന്നതാണ്.—2 കൊരിന്ത്യർ 9:11, 12.
കാലക്രമേണ, യാക്കോബിന്റെ പിൻഗാമികൾ ഒരു ജനത ആയിത്തീർന്നു. അവരുടെ നേതാവായ യോശുവ കനാൻ കീഴടക്കിയ ആദ്യ ഘട്ടത്തിൽത്തന്നെ ബെഥേലിലെ പുറജാതീയ രാജാവിനെയും കീഴടക്കി. (യോശുവ 12:16) ന്യായാധിപന്മാരുടെ കാലത്ത്, പ്രവാചകിയായിരുന്ന ദെബോറ ബെഥേലിനടുത്ത് പാർത്തിരുന്നു, അവൾ ആളുകളോടു യഹോവയുടെ വചനം പറയുമായിരുന്നു. ഇസ്രായേൽ ജനതയ്ക്കു ന്യായപാലനം നടത്തിയിരുന്ന സമയത്ത് ശമൂവേലും ബെഥേൽ പതിവായി സന്ദർശിച്ചിരുന്നു.—ന്യായാധിപന്മാർ 4:4, 5; 1 ശമൂവേൽ 7:15, 16.
ബെഥേൽ വിശ്വാസത്യാഗത്തിന്റെ കേന്ദ്രമായിത്തീരുന്നു
എന്നാൽ പൊ.യു.മു. 997-ലെ രാജ്യ വിഭജനത്തിനുശേഷം ബെഥേലിൽനിന്നു സത്യാരാധന അപ്രത്യക്ഷമായി. യൊരോബെയാം രാജാവ് കാളക്കുട്ടിക്കു യഹോവയുടെ സ്ഥാനം നൽകി ബെഥേലിനെ കാളക്കുട്ടി ആരാധനയുടെ കേന്ദ്രമാക്കി. (1 രാജാക്കന്മാർ 12:25-29) അതുകൊണ്ടാണ് ബെഥേലിന്റെ നാശത്തെ കുറിച്ചു പ്രവചിക്കവേ, ഹോശേയ അതിനെ “ദോഷങ്ങളുടെ ഭവനം” എന്ന് അർഥമുള്ള “ബത്ത്-ആവെൻ” എന്നു പരാമർശിച്ചത്.—ഹോശേയ 10:5, 8.
ബെഥേൽ ആത്മീയ ദോഷങ്ങളുടെ ഒരു കേന്ദ്രം ആയിത്തീർന്നെങ്കിലും, അതുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളിൽനിന്നും പാഠം പഠിക്കാനുണ്ട്. (റോമർ 15:4) യാഗപീഠങ്ങളുടെയും പുരോഹിതന്മാരുടെയും നാശത്തെ കുറിച്ചു മുൻകൂട്ടിപ്പറയാൻ യഹൂദയിൽനിന്നു ബെഥേലിലേക്ക് അയയ്ക്കപ്പെട്ട, പേർ നൽകിയിട്ടില്ലാത്ത ഒരു പ്രവാചകനുമായി ബന്ധപ്പെട്ടതാണ് ഒരു പാഠം. ഒന്നും ഭക്ഷിക്കാതെയും പാനം ചെയ്യാതെയും യഹൂദയിലേക്കു മടങ്ങണമെന്നു യഹോവ അവനോടു പറഞ്ഞിരുന്നു—തെക്കോട്ട് ഏതാനും കിലോമീറ്ററെ യഹൂദയിലേക്കുള്ളൂ. ഇസ്രായേൽ രാജാവ് ആയ യൊരോബെയാമിനു മുമ്പാകെ ഈ പ്രവാചകൻ ബെഥേലിലെ യാഗപീഠത്തെ ശപിച്ചുകൊണ്ട് ധൈര്യസമേതം പ്രവചിച്ചു. എന്നാൽ അതിനുശേഷം അവൻ ബെഥേലിലെ പ്രായംചെന്നൊരു പ്രവാചകന്റെ ഭവനത്തിൽവെച്ച് ഭക്ഷിച്ചുകൊണ്ട് ദൈവത്തോട് അനുസരണക്കേടു കാട്ടി. എന്തുകൊണ്ട്? എന്തെന്നാൽ ഒരു സഹ പ്രവാചകന് ആതിഥ്യമരുളാൻ യഹോവയുടെ ഒരു ദൂതൻ തന്നോടു കൽപ്പിച്ചുവെന്ന് ആ പ്രായംചെന്ന പ്രവാചകൻ കളവു പറഞ്ഞു. അനുസരണക്കേടു നിമിത്തം യഹൂദയിൽനിന്നുള്ള ഈ പ്രവാചകൻ അകാല മൃത്യുവിന് ഇരയായി.—1 രാജാക്കന്മാർ 13:1-25.
ചോദ്യം ചെയ്യത്തക്കതെന്നു തോന്നുന്ന എന്തെങ്കിലും ചെയ്യാൻ ഒരു സഹവിശ്വാസി നിർദേശിക്കുമ്പോൾ, നാം എങ്ങനെ പ്രതികരിക്കണം? തെറ്റാണെങ്കിൽ, സദുദ്ദേശ്യപരമായ ഉപദേശം പോലും ദോഷകരം ആയിരിക്കാമെന്ന് ഓർക്കുക. (മത്തായി 16:21-23 താരതമ്യം ചെയ്യുക.) പേർ നൽകിയിട്ടില്ലാത്ത ആ പ്രവാചകൻ ചെയ്തതുപോലുള്ള ദാരുണമായ തെറ്റുകൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും. പക്ഷേ അതിനായി നാം പ്രാർഥനയിലൂടെയും യഹോവയുടെ വചനത്തിന്റെ പഠനത്തിലൂടെയും അവന്റെ മാർഗനിർദേശം തേടണം.—സദൃശവാക്യങ്ങൾ 19:21; 1 യോഹന്നാൻ 4:1.
ഏതാണ്ട് 150 വർഷം കഴിഞ്ഞ്, ബെഥേലിന് എതിരെ പ്രവചിക്കാൻ ആമോസ് പ്രവാചകനും വടക്കോട്ടു യാത്ര ചെയ്തു. പുരോഹിതനായ അമസ്യാവ് ഉൾപ്പെടെ ശത്രുതാ മനോഭാവമുള്ള ആളുകളെ ആമോസ് ധീരമായി കുറ്റംവിധിച്ചു. ആമോസിനോട് അമസ്യാവു ധിക്കാരപൂർവം ‘യഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊൾക’ എന്നുപോലും പറഞ്ഞു. എന്നാൽ പുരോഹിതന്റെ ഭവനത്തിൽത്തന്നെ സംഭവിക്കാനിരുന്ന ദുരന്തങ്ങളെ കുറിച്ച് ആമോസ് അമസ്യാവിനോടു നിർഭയം പറഞ്ഞു. (ആമോസ് 5:4-6; 7:10-17) അവന്റെ ദൃഷ്ടാന്തം താഴ്മയുള്ള ശുശ്രൂഷകർക്കു ധൈര്യം പകരാൻ യഹോവയ്ക്കു കഴിയുമെന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു.—1 കൊരിന്ത്യർ 1:26, 27.
അവസാനം, യഹൂദയിലെ വിശ്വസ്ത രാജാവായിരുന്ന യോശീയാവ് ‘ബേഥേലിലെ യാഗപീഠവും പൂജാഗിരിയും ഇടിച്ചുകളഞ്ഞ് ചുട്ടു പൊടിയാക്കി.’ (2 രാജാക്കന്മാർ 23:15, 16) ദൈവത്തിന്റെ നിർദേശങ്ങൾ പൂർണമായി പിൻപറ്റിക്കൊണ്ടും സഭയെ ശുദ്ധമാക്കി സൂക്ഷിക്കുന്നതിൽ നേതൃത്വമെടുത്തുകൊണ്ടും മൂപ്പന്മാർക്ക് ഇന്ന് അവന്റെ നല്ല ദൃഷ്ടാന്തം അനുകരിക്കാനാകും.
ബെഥേൽ ചരിത്രത്തിലെ ഈ സംഭവങ്ങൾ നീതിയുടെയും ദുഷ്ടതയുടെയും യഹോവയെ അനുസരിക്കുന്നതിന്റെയും ധിക്കരിക്കുന്നതിന്റെയും അനന്തരഫലം വ്യക്തമായി വരച്ചുകാട്ടുന്നു. വർഷങ്ങൾക്കു മുമ്പ്, മോശ ഇസ്രായേൽ ജനതയുടെ മുമ്പാകെ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പു വെച്ചിരുന്നു: “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.” (ആവർത്തനപുസ്തകം 30:15, 16) ബെഥേൽ ചരിത്രത്തെ കുറിച്ചു ധ്യാനിക്കുന്നത് “ദോഷങ്ങളുടെ ഭവന”മായിട്ടല്ല, സത്യാരാധനയ്ക്കുള്ള സ്ഥലമായ “ദൈവത്തിന്റെ ഭവന”വുമായി താദാത്മ്യം പ്രാപിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കും.
[അടിക്കുറിപ്പുകൾ]
a യാക്കോബും അബ്രാഹാമും സ്വമേധയാ ദശാംശം അർപ്പിച്ചവരാണ്.
[23-ാം പേജിലെ ചിത്രം]
യൊരോബെയാം കാളക്കുട്ടി ആരാധനയുടെ കേന്ദ്രമാക്കിയ ബെഥേലിന്റെ നാശാവശിഷ്ട സ്ഥലം