സ്വർണത്തെക്കാൾ മേൽത്തരമായ ഒന്ന് ഞാൻ കണ്ടെത്തി
ചാൾസ് മിൽട്ടൺ പറഞ്ഞപ്രകാരം
ഒരിക്കൽ എന്റെ പിതാവ് പറഞ്ഞു: “മരത്തിൽ പണം കായ്ക്കുന്ന അമേരിക്കയിലേക്കു നമുക്കു ചാർളിയെ അയയ്ക്കാം. കുറെ പണമുണ്ടാക്കി നമുക്ക് അയച്ചുതരാൻ അവനു കഴിയുമല്ലോ!”
അമേരിക്കയിലെ നിരത്തുകൾ സ്വർണം പാകിയവ ആണെന്നാണ് ആളുകൾ കരുതിയിരുന്നത്. അക്കാലത്ത് പൂർവ യൂറോപ്പിലെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിരുന്നു. ഒരു ചെറിയ കൃഷിയിടം ഉണ്ടായിരുന്ന എന്റെ മാതാപിതാക്കൾ കുറെ കന്നുകാലികളെയും കോഴികളെയും വളർത്തിയിരുന്നു. ഞങ്ങൾക്കും അടുത്തെങ്ങുമുള്ള മറ്റാർക്കും വൈദ്യുതിയോ പൈപ്പുവെള്ളമോ ഉണ്ടായിരുന്നില്ല.
ഏകദേശം 106 വർഷം മുമ്പ്, അതായത് 1893 ജനുവരി 1-ന്, ഹോസോച്ചെക്കിലാണ് ഞാൻ ജനിച്ചത്. അക്കാലത്ത് ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗലിഷിയ പ്രവിശ്യയിൽ ആയിരുന്നു ഞങ്ങളുടെ ഗ്രാമം. സ്ലൊവാക്യ, യൂക്രെയിൻ എന്നിവിടങ്ങളിൽനിന്നും വളരെ അകലെയല്ലാതെ കിടക്കുന്ന ഹോസോച്ചെക്ക് ഇപ്പോൾ കിഴക്കൻ പോളണ്ടിലാണ്. അവിടത്തെ ശൈത്യകാലം വളരെ രൂക്ഷമായിരുന്നു, കനത്ത ഹിമപാതവും ഉണ്ടായിരുന്നു. ഏഴു വയസ്സ് ഉണ്ടായിരുന്നപ്പോൾ ഞാൻ ഏകദേശം അര കിലോമീറ്റർ അകലെയുള്ള ഒരു അരുവിയിലേക്കു ചെന്ന് മഴു ഉപയോഗിച്ച് മഞ്ഞുകട്ടയിൽ കുഴിയുണ്ടാക്കി വെള്ളം എടുത്ത് വീട്ടിൽ കൊണ്ടുവരുമായിരുന്നു. അമ്മ അത് പാചകത്തിനും ശുചീകരണത്തിനും ഉപയോഗിച്ചിരുന്നു. വലിയ ഹിമക്കട്ടകൾ അലക്കുകല്ലുകളായി ഉപയോഗിച്ചാണ് അമ്മ അരുവിയിൽ തുണി കഴുകിയിരുന്നത്.
ഹോസോച്ചെക്കിൽ വിദ്യാലയങ്ങൾ ഇല്ലായിരുന്നെങ്കിലും പോളീഷ്, റഷ്യൻ, സ്ലൊവാക്ക്, യൂക്രേനിയൻ എന്നീ ഭാഷകൾ സംസാരിക്കാൻ ഞാൻ പഠിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് മതത്തിലാണു ഞങ്ങൾ വളർന്നുവന്നത്. ഞാൻ അൾത്താരയിൽ പുരോഹിതന്റെ സഹായിയായി സേവിച്ചിരുന്നു. വളരെ ചെറുപ്പത്തിൽപ്പോലും എനിക്കു പുരോഹിതന്മാരോട് അനിഷ്ടം തോന്നിയിരുന്നു. കാരണം, വെള്ളിയാഴ്ച ദിവസം മാംസം കഴിക്കരുതെന്ന് അവർ ഞങ്ങളോടു പറയുമായിരുന്നെങ്കിലും, അവർ അതു കഴിക്കുമായിരുന്നു.
തങ്ങളുടെ വീടുകൾ പുതുക്കിപ്പണിയാനും കൃഷിയിടത്തിലേക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങാനുമുള്ള പണവുമായി ഞങ്ങളുടെ ചില സുഹൃത്തുക്കൾ ഐക്യനാടുകളിൽനിന്നു മടങ്ങിവന്നു. അമേരിക്കയിലേക്കു വീണ്ടും പോകാൻ ആസൂത്രണം ചെയ്യുന്ന ചില അയൽക്കാരുടെ കൂട്ടത്തിൽ എന്നെ അവിടേക്ക് അയയ്ക്കുന്നതിനെക്കുറിച്ചു സംസാരിക്കാൻ പിതാവിനെ പ്രേരിപ്പിച്ചത് അതായിരുന്നു. വർഷം 1907, എനിക്ക് അന്ന് 14 വയസ്സ്.
അമേരിക്കയിൽ ദിക്കറിയാതെ
താമസിയാതെ ഞാൻ കപ്പലിൽ യാത്രയായി. രണ്ടാഴ്ച കൊണ്ട് ഞങ്ങൾ അറ്റ്ലാന്റിക് സമുദ്രം കടന്നു. അന്ന് അമേരിക്കയിൽ പ്രവേശിക്കുന്നതിന് കൈവശം 20 ഡോളർ ആവശ്യമായിരുന്നു. അല്ലാഞ്ഞാൽ, അധികാരികൾ നിങ്ങളെ സ്വന്ത നാട്ടിലേക്കു തിരിച്ച് അയയ്ക്കുമായിരുന്നു. എന്റെ പക്കൽ 20 ഡോളറിന്റെ ഒരു വെള്ളിനാണയം ഉണ്ടായിരുന്നു. അങ്ങനെ, ഞാൻ അമേരിക്കയുടെ കവാടമായ ന്യൂയോർക്കിലെ എലിസ് ദ്വീപിലൂടെ കടന്നുപോയ ദശലക്ഷക്കണക്കിന് ആളുകളിൽ ഒരുവനായിത്തീർന്നു. തീർച്ചയായും അവിടെ മരത്തിൽ പണം കായ്ച്ചിരുന്നില്ല, തെരുവുകളിൽ സ്വർണം പാകിയിരുന്നില്ല. വാസ്തവത്തിൽ, പല റോഡുകളും കല്ലു പോലും പാകിയതായിരുന്നില്ല!
പെൻസിൽവേനിയയിലെ ജോൺസ്ടൗണിലേക്കുള്ള ട്രെയിനിൽ ഞങ്ങൾ കയറി. എന്നോടൊപ്പം ഉണ്ടായിരുന്നവർ നേരത്തേ അവിടെ പോയിരുന്നു. അതിനാൽ, എനിക്കു താമസിക്കാവുന്ന ഒരു ലോഡ്ജ് അവർക്ക് അറിയാമായിരുന്നു. പെൻസിൽവേനിയയിലെ ജെറോം എന്ന സ്ഥലത്തു താമസിച്ചിരുന്ന എന്റെ മൂത്ത പെങ്ങളെ കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. ആ സ്ഥലം കേവലം 25 കിലോമീറ്റർ മാത്രം അകലെയാണെന്നു പിന്നീടാണു ഞാൻ മനസ്സിലാക്കിയത്. എന്നാൽ, ജെറോം എന്നതിനു പകരം യാറോം എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. കാരണം, എന്റെ മാതൃഭാഷയിൽ “ജെ” (“J”) എന്നത് “യ” (“Y”) എന്നായിരുന്നു ഉച്ചരിച്ചിരുന്നത്. യാറോം എന്ന് ആരും കേട്ടിരുന്നില്ല. അതുകൊണ്ട് ഒരു അന്യദേശത്ത് ആയിരിക്കുന്നതുപോലെ എനിക്കു തോന്നി. ഇംഗ്ലീഷ് കാര്യമായി അറിയില്ലായിരുന്നു, കൈവശം പണവും കുറവായിരുന്നു.
ഞാൻ ഓരോ പ്രഭാതത്തിലും തൊഴിൽ തേടി അലഞ്ഞു. തൊഴിൽ കാര്യാലയത്തിനു വെളിയിൽ നിരനിരയായി നിന്നിരുന്ന ബഹുദശം ആളുകളിൽ രണ്ടോ മൂന്നോ പേർ മാത്രമേ ജോലിക്കായി വിളിക്കപ്പെട്ടിരുന്നുള്ളൂ. അതുകൊണ്ട്, ഞാൻ ഓരോ ദിവസവും ലോഡ്ജിലേക്കു മടങ്ങി വന്ന് ചില സ്വയംസഹായക പുസ്തകങ്ങൾ ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കുമായിരുന്നു. ചിലപ്പോഴൊക്കെ, എനിക്ക് അപ്രതീക്ഷിതമായ ചില ജോലികൾ കിട്ടുമായിരുന്നു. മാസങ്ങൾ കടന്നുപോയപ്പോൾ പണം ഒട്ടുമുക്കാലും തീർന്നു.
കൂടപ്പിറപ്പുകളുമായി സംഗമിക്കുന്നു
റെയിൽവേ സ്റ്റേഷന് അടുത്തായി മദ്യശാലയോടു കൂടിയ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ അതിലേ കടന്നുപോയപ്പോൾ ഭക്ഷണത്തിന്റെ കൊതിയൂറുന്ന മണം എനിക്ക് അനുഭവപ്പെട്ടു! അവിടെനിന്ന് ബിയർ—വലിയ ഒരു ഗ്ലാസ്സ് ബിയറിന്റെ വില അഞ്ചു സെന്റായിരുന്നു—വാങ്ങിയാൽ സാൻഡ്വിച്ചും സോസേജും മറ്റു സാധനങ്ങളും സൗജന്യമായി കിട്ടുമായിരുന്നു. എനിക്കു മദ്യം വാങ്ങുന്നതിനുള്ള പ്രായമായിരുന്നില്ലെങ്കിലും, എന്നോട് അലിവു തോന്നിയ അവിടത്തെ വെയിറ്റർ എനിക്കു ബിയർ തന്നു.
ഞാൻ കഴിച്ചുകൊണ്ടിരിക്കെ “വേഗം കുടിക്കാം! ജെറോമിലേക്കുള്ള ട്രെയിൻ വരുന്നുണ്ട്” എന്നു പറഞ്ഞുകൊണ്ട് ഏതാനും പുരുഷന്മാർ അവിടേക്കു വന്നു.
“യാറോം ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?” ഞാൻ ചോദിച്ചു.
“അല്ല, ജെറോം,” അവർ പറഞ്ഞു. അപ്പോഴാണ് എന്റെ പെങ്ങൾ താമസിക്കുന്ന സ്ഥലം അതാണെന്ന് എനിക്കു മനസ്സിലായത്. അവരുടെ ഒരു അയൽക്കാരനെ ഞാൻ ആ ബാറിൽവെച്ചു കണ്ടുമുട്ടി! ഞാൻ ജെറോമിലേക്കു ട്രെയിൻ ടിക്കറ്റെടുത്ത് യാത്രയായി. ഒടുവിൽ പെങ്ങളെ കണ്ടെത്തുകയും ചെയ്തു.
പെങ്ങളും ഭർത്താവും കൽക്കരി ഖനിയിലെ തൊഴിലാളികൾക്കായി ഒരു ലോഡ്ജ് നടത്തിയിരുന്നു. ഞാൻ അവരോടൊപ്പം താമസമാക്കി. ഖനിയിൽനിന്നു വെള്ളം നീക്കം ചെയ്യുന്ന ഒരു പമ്പിന്റെ ചുമതല നോക്കുന്ന ജോലിയും അവർ എനിക്കു വാങ്ങിത്തന്നു. പമ്പ് എപ്പോൾ നിന്നുപോയാലും ഞാൻ ഒരു മെക്കാനിക്കിനെ വിളിക്കണമായിരുന്നു. ആ ജോലിക്ക് ദിവസം 15 സെന്റായിരുന്നു വേതനം. പിന്നീട് റെയിൽപ്പാളത്തിലും ഇഷ്ടികക്കളത്തിലും പണിയെടുത്ത ഞാൻ ഒരു ഇൻഷ്വറൻസ് ഏജന്റായും ജോലി നോക്കി. പിൽക്കാലത്ത്, എന്റെ സഹോദരനായ സ്റ്റിവ് താമസിച്ചിരുന്ന പിറ്റ്സ്ബർഗിലേക്കു ഞാൻ താമസം മാറ്റി. ഉരുക്കുശാലകളിലാണു ഞങ്ങൾ ജോലി ചെയ്തത്. വീട്ടിലേക്ക് അയയ്ക്കാൻ വേണ്ടത്ര പണം സമ്പാദിക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല.
ഒരു കുടുംബം, ഒരു ശവസംസ്കാരം
ഒരു ദിവസം ഞാൻ ജോലി സ്ഥലത്തേക്കു നടന്നുപോകവേ ഒരു വീട്ടുവേലക്കാരി താൻ പണിയെടുത്തിരുന്ന വീടിന്റെ മുന്നിൽ നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ‘അവൾ സുന്ദരി തന്നെ’ എന്നു ഞാൻ മനസ്സിൽ വിചാരിച്ചു. മൂന്നാഴ്ച കഴിഞ്ഞ്, 1917-ൽ, ഹെലനും ഞാനും തമ്മിലുള്ള വിവാഹം നടന്നു. തുടർന്നുവന്ന പത്തു വർഷംകൊണ്ട് ഞങ്ങൾക്ക് ആറു കുട്ടികളുണ്ടായി. അതിലൊരു കുട്ടി ശൈശവത്തിൽത്തന്നെ മരിച്ചുപോയി.
1918-ൽ പിറ്റ്സ്ബർഗ് റെയിൽഗതാഗത വകുപ്പ് എന്നെ ട്രാം ഡ്രൈവറായി നിയമിച്ചു. ട്രാമുകൾ ഇടുന്ന കെട്ടിടത്തിന് അടുത്തായി ഒരു കാപ്പിക്കട ഉണ്ടായിരുന്നു. എന്തെങ്കിലും ഓർഡർ ചെയ്താൽ, പ്രസ്തുത കടയുടെ ഉടമകളായ രണ്ടു ഗ്രീക്കു പുരുഷന്മാർ ബൈബിളിൽനിന്നു സംസാരിക്കാതെ അതു തരുമായിരുന്നില്ല. ഞാൻ ഇങ്ങനെ പറയുമായിരുന്നു: “ലോകത്തിലുള്ള മറ്റെല്ലാവരും പറയുന്നത് തെറ്റും നിങ്ങൾ രണ്ടു പേർ മാത്രം പറയുന്നത് ശരിയും ആണെന്നാണോ നിങ്ങൾ പറയുന്നത്?”
അപ്പോൾ “ശരി, ബൈബിൾ എടുത്ത് നോക്ക്!” എന്ന് അവർ പറയുമായിരുന്നു. എന്നാൽ അക്കാലത്ത് അവർ പറഞ്ഞത് എന്നിൽ ബോധ്യമുളവാക്കിയില്ല.
1928-ൽ ദുഃഖകരമായ ഒന്നുണ്ടായി. എന്റെ പ്രിയപ്പെട്ട ഹെലൻ രോഗബാധിതയായി. കുട്ടികൾക്കു നല്ല പരിചരണം ലഭിക്കാനായി ഞാൻ അവരെ ജെറോമിലുള്ള പെങ്ങളുടെയും ഭർത്താവിന്റെയും അടുത്താക്കി. അതിനോടകം അവർ ഒരു കൃഷിയിടം വാങ്ങിയിരുന്നു. മിക്കപ്പോഴും ഞാൻ കുട്ടികളെ സന്ദർശിച്ച് ഓരോ മാസവും അവർക്ക് ഭക്ഷണാവശ്യത്തിനുള്ള പണം നൽകുമായിരുന്നു. ഞാൻ അവർക്ക് വസ്ത്രങ്ങളും അയച്ചുകൊടുത്തു. ദുഃഖകരമെന്നു പറയട്ടെ, ഹെലന്റെ അവസ്ഥ വഷളായി, 1930 ആഗസ്റ്റ് 27-ന് അവൾ മരിച്ചു.
ഞാൻ മാനസികമായി തകർന്നു, ഒറ്റപ്പെട്ടതു പോലെയും തോന്നി. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനു ഞാൻ പുരോഹിതന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: “മേലാൽ നിങ്ങൾ ഈ സഭയിൽ പെട്ടതല്ല. നിങ്ങൾ ഒരു വർഷത്തിലേറെയായി കുടിശ്ശിക അടച്ചിട്ടില്ല.”
എന്റെ ഭാര്യ ദീർഘകാലമായി രോഗിണി ആയിരുന്നുവെന്നും ജെറോമിലുള്ള പള്ളിക്കു സംഭാവന കൊടുക്കാൻ കഴിയേണ്ടതിനു കൂടുതലുള്ള പണം എന്റെ മക്കൾക്കു കൊടുക്കുകയാണു ചെയ്തതെന്നും ഞാൻ വിശദീകരിച്ചു. എന്നാൽ, ഞാൻ 50 ഡോളർ കടം വാങ്ങി കുടിശ്ശിക അടച്ചപ്പോൾ മാത്രമാണു പുരോഹിതൻ സംസ്കാര ശുശ്രൂഷയ്ക്കു തയ്യാറായത്. ഹെലന് അന്ത്യോപചാരം അർപ്പിക്കുന്നതിന് സ്നേഹിതരും കുടുംബാംഗങ്ങളും കൂടിവന്ന എന്റെ ഭാര്യാസഹോദരിയുടെ വീട്ടിൽവെച്ച് കുർബാന നടത്താൻ ആ പുരോഹിതൻ വേറെ 15 ഡോളർ കൂടി ആവശ്യപ്പെട്ടു. അപ്പോൾ എനിക്ക് 15 ഡോളർ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ശമ്പളം കിട്ടുന്ന ദിവസം പണം കൊടുക്കാമെന്നേറ്റാൽ കുർബാന നടത്താമെന്ന് പുരോഹിതൻ സമ്മതിച്ചു.
എന്നാൽ ശമ്പളം കിട്ടിയപ്പോൾ ആ പണം കുട്ടികളുടെ സ്കൂൾ ആവശ്യത്തിനുള്ള ഷൂസും വസ്ത്രങ്ങളും മറ്റും വാങ്ങാൻ ഉപയോഗിക്കേണ്ടി വന്നു. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രസ്തുത പുരോഹിതൻ ഞാൻ ഓടിച്ചിരുന്ന ട്രാമിൽ കയറി. “നിങ്ങൾ എനിക്ക് 15 ഡോളർ ഇനിയും തരാനുണ്ടല്ലോ,” അദ്ദേഹം പറഞ്ഞു. ട്രാമിൽനിന്ന് ഇറങ്ങിയപ്പോൾ അദ്ദേഹം ഇങ്ങനെയൊരു ഭീഷണിയും മുഴക്കി, “ഞാൻ നിന്റെ സൂപ്പർവൈസറെ കണ്ട് നിന്റെ ശമ്പളത്തിൽനിന്ന് ആ പണം മേടിച്ചെടുക്കും.”
അന്നത്തെ ജോലി കഴിഞ്ഞപ്പോൾ ഞാൻ സൂപ്പർവൈസറുടെ അടുത്തു ചെന്ന് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. കത്തോലിക്കൻ ആയിരുന്നെങ്കിലും അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്, “ആ പുരോഹിതൻ ഇവിടെയെങ്ങാനും വന്നാൽ, ഞാൻ നല്ലതു പറഞ്ഞുവിടും!” അത് ഇങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു, ‘പണം മാത്രമാണു പുരോഹിതന്മാർക്കു വേണ്ടത്, അവർ ബൈബിളിനെക്കുറിച്ച് ഞങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ലതാനും.’
സത്യം പഠിക്കുന്നു
രണ്ടു ഗ്രീക്കു പുരുഷന്മാർ നടത്തിയിരുന്ന കടയിൽ ഞാൻ അടുത്ത പ്രാവശ്യം ചെന്നപ്പോൾ പുരോഹിതനുമായി എനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അവരുമായി ചർച്ച ചെയ്തു. തത്ഫലമായി, ഞാൻ ബൈബിൾ വിദ്യാർഥികളുമൊത്ത്—അന്ന് യഹോവയുടെ സാക്ഷികളെ അങ്ങനെയാണ് വിളിച്ചിരുന്നത്—പഠിക്കാൻ തുടങ്ങി. ഞാൻ രാത്രി മുഴുവനും ഉണർന്നിരുന്ന് ബൈബിളും ബൈബിൾ സാഹിത്യങ്ങളും വായിക്കുമായിരുന്നു. പുരോഹിതൻ പറഞ്ഞതുപോലെ ഹെലൻ ശുദ്ധീകരണസ്ഥലത്തൊന്നും കഷ്ടം അനുഭവിക്കുകയല്ല, മറിച്ച് നിദ്ര കൊള്ളുകയാണെന്ന് എനിക്കു മനസ്സിലായി. (ഇയ്യോബ് 14:13, 14; യോഹന്നാൻ 11:11-15എ) തീർച്ചയായും, ഞാൻ കണ്ടെത്തിയത് സ്വർണത്തെക്കാൾ മേൽത്തരമായ ഒന്നായിരുന്നു—സത്യം!
രണ്ടാഴ്ചയ്ക്കു ശേഷം പിറ്റ്സ്ബർഗിലെ ഗാർഡൻ തീയേറ്ററിൽ ബൈബിൾ വിദ്യാർഥികളുടെ യോഗത്തിൽ ആദ്യമായി സംബന്ധിച്ച ഞാൻ കൈ ഉയർത്തി ഇങ്ങനെ പറഞ്ഞു, “പള്ളിയിൽനിന്ന് ഈ വർഷങ്ങളിലെല്ലാം പഠിച്ചതിനെക്കാൾ കൂടുതൽ വിവരങ്ങൾ ഈ ഒറ്റ രാത്രികൊണ്ടു ഞാൻ പഠിച്ചിരിക്കുന്നു.” തുടർന്ന്, പിറ്റേ ദിവസത്തെ പ്രസംഗ പ്രവർത്തനത്തിൽ സംബന്ധിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോഴും ഞാൻ കൈ ഉയർത്തി.
പിന്നീട്, 1931 ഒക്ടോബർ 4-ന് യഹോവയ്ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. അപ്പോഴേക്കും ഒരു വീട് വാടകയ്ക്ക് എടുക്കാനും എന്നോടൊപ്പം താമസിക്കാൻ കുട്ടികളെ അവിടേക്കു കൊണ്ടുവരാനും അവരുടെ കാര്യങ്ങൾ നോക്കുന്നതിന് ഒരു ആയയെ നിയമിക്കാനും എനിക്കു സാധിച്ചു. കുടുംബ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടും 1932 ജനുവരി മുതൽ 1933 ജൂൺ വരെ ഓക്സിലറി എന്നു വിളിക്കപ്പെടുന്ന പ്രത്യേക സേവനത്തിൽ ഏർപ്പെടാൻ എനിക്കു സാധിച്ചു. അങ്ങനെ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ ഞാൻ ഓരോ മാസവും 50 മുതൽ 60 വരെ മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു.
അക്കാലത്താണ് സുന്ദരിയായ ഒരു യുവതിയെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അവൾ ജോലി സ്ഥലത്തേക്കും തിരിച്ചും എന്റെ ട്രാമിൽ മിക്കപ്പോഴും യാത്ര ചെയ്യുന്നതായി ഞാൻ ശ്രദ്ധിച്ചു. പിൻദൃശ്യങ്ങൾ കാണാൻ സഹായിക്കുന്ന കണ്ണാടിയിലൂടെ ഞങ്ങൾ പരസ്പരം നോക്കുമായിരുന്നു. അങ്ങനെയാണ് മേരിയും ഞാനും കണ്ടുമുട്ടിയത്. പ്രണയബദ്ധരായ ഞങ്ങൾ 1936 ആഗസ്റ്റിൽ വിവാഹിതരായി.
1949 ആയപ്പോഴേക്കും, പയനിയറിങ്—മുഴുസമയ ശുശ്രൂഷയെ അങ്ങനെയാണ് വിളിക്കുന്നത്—ചെയ്യാൻ എന്നെ സഹായിക്കുന്ന വിധത്തിലുള്ള ഒരു വർക്ക് ഷെഡ്യൂൾ തിരഞ്ഞെടുക്കാൻ എന്റെ സീനിയോറിട്ടി നിമിത്തം എനിക്കു സാധിച്ചു. എന്റെ ഏറ്റവും ഇളയ മകളായ ജീൻ 1945-ൽത്തന്നെ പയനിയറിങ് തുടങ്ങി. ഞങ്ങൾ ഒന്നിച്ചാണ് പയനിയറിങ് നടത്തിയത്. യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ബ്രുക്ലിനിലെ ലോക ആസ്ഥാനത്തെ ബെഥേലിൽ സേവനം അനുഷ്ഠിച്ചിരുന്ന സാം ഫ്രണ്ടുമായി ജീൻ പിന്നീട് പരിചയത്തിലായി.a 1952-ൽ അവരുടെ വിവാഹം നടന്നു. പിറ്റ്സ്ബർഗിൽ പയനിയറിങ് തുടർന്ന ഞാൻ ധാരാളം ബൈബിൾ അധ്യയനങ്ങൾ നടത്തിയിരുന്നു. ഒരു കാലത്ത്, ഓരോ വാരത്തിലും 14 വ്യത്യസ്ത കുടുംബങ്ങളുമായി അധ്യയനം നടത്തിയിരുന്നു. 1958-ൽ ഞാൻ ട്രാം ഓടിക്കുന്ന ജോലിയിൽനിന്നു വിരമിച്ചു. അതിനുശേഷം പയനിയറിങ് എളുപ്പമായി. കാരണം, പിന്നീട് എനിക്ക് ദിവസേന എട്ടു മണിക്കൂർ ലൗകിക ജോലി ചെയ്യേണ്ടതായി വന്നില്ല.
1983-ൽ മേരിക്കു രോഗം പിടിപെട്ടു. 50 വർഷത്തോളം അവൾ എന്നെ വളരെ നന്നായി പരിചരിച്ചതുപോലെ അവളെ പരിചരിക്കാൻ ഞാൻ ശ്രമിച്ചു. ഒടുവിൽ, 1986 സെപ്റ്റംബർ 14-ന്, അവൾ മരിച്ചു.
എന്റെ ജന്മസ്ഥലം കണ്ടെത്തൽ
1989-ൽ ജീനും സാമും എന്നെ പോളണ്ടിലെ കൺവെൻഷനുകൾക്കു കൊണ്ടുപോയി. ഞാൻ വളർന്നുവന്ന സ്ഥലവും ഞങ്ങൾ സന്ദർശിച്ചു. റഷ്യക്കാർ ആ ദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ അവർ പട്ടണങ്ങളുടെ പേരുകൾ മാറ്റുകയും ആളുകളെ മറ്റു സ്ഥലങ്ങളിലേക്കു നാടുകടത്തുകയും ചെയ്തു. എന്റെ ഒരു ജ്യേഷ്ഠനെ ഇസ്ഥാൻബുള്ളിലേക്കും ഒരു പെങ്ങളെ റഷ്യയിലേക്കുമാണ് നാടുകടത്തിയത്. എന്റെ ഗ്രാമത്തിന്റെ പേര് ഞങ്ങൾ ചോദിച്ചവർക്ക് അപരിചിതമായിരുന്നു.
ചില വിദൂര പർവതങ്ങൾ എനിക്കു പരിചിതമായി തോന്നി. കുറെക്കൂടി അടുത്തു ചെന്നപ്പോൾ മറ്റു ഭൂസ്ഥാനീയ ചിഹ്നങ്ങളും തിരിച്ചറിയാൻ സാധിച്ചു. ഒരു കുന്നും വഴി രണ്ടായി പിരിയുന്ന സ്ഥലവും ഒരു നദിക്കു കുറുകെയുള്ള പാലവുമൊക്കെ ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്ന് ഒരു ബോർഡ് കണ്ട് ഞങ്ങൾ അതിശയം കൂറി. അതിൽ “ഹോസോച്ചെക്ക്” എന്ന് എഴുതിയിരുന്നു! കുറെ കാലം മുമ്പ് കമ്യുണിസ്റ്റുകാർക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ ഗ്രാമങ്ങളുടെ ആദ്യ പേരുകൾ പുനഃസ്ഥാപിക്കുകയുണ്ടായി.
ഞങ്ങളുടെ വീട് അതിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നാൽ വെളിയിൽ പാചകത്തിനായി ഉപയോഗിച്ചിരുന്ന ഒരു അടുപ്പ് ഉണ്ടായിരുന്നു. അതു ഭാഗികമായി നിലത്ത് മൂടിക്കിടന്നിരുന്നു. ഞാൻ ഒരു വലിയ വൃക്ഷത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു: “ആ മരം നോക്കൂ. അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് ഞാൻ നട്ടതാണ്. അത് എത്ര വലുതായെന്നു നോക്കൂ!” പിന്നീട് ഞങ്ങൾ കുടുംബാംഗങ്ങളുടെ പേരുകൾ തേടി ശ്മശാനങ്ങൾ സന്ദർശിച്ചെങ്കിലും, കണ്ടെത്താനായില്ല.
സത്യത്തെ പ്രഥമ സ്ഥാനത്തു വെക്കുന്നു
1993-ൽ ജീനിന്റെ ഭർത്താവ് മരിച്ചപ്പോൾ എന്റെ പരിചരണാർഥം താൻ ബെഥേലിൽനിന്നു പോരേണമോ എന്ന് അവൾ ചോദിച്ചു. അതേക്കുറിച്ചു ചിന്തിക്കുക പോലും അരുതെന്നു ഞാൻ അവളോടു പറഞ്ഞു. ഇപ്പോഴും അതുതന്നെയാണ് എന്റെ അഭിപ്രായം. 102 വയസ്സുവരെ ഞാൻ ഒറ്റയ്ക്കാണു കഴിഞ്ഞത്. പിന്നീട് ഒരു വൃദ്ധസദനത്തിലേക്ക് എന്നെ മാറ്റേണ്ടത് ആവശ്യമായിവന്നു. പിറ്റ്സ്ബർഗിലെ ബെൽവ്യൂ സഭയിൽ ഞാൻ ഇപ്പോഴും ഒരു മൂപ്പനാണ്. ഞായറാഴ്ച ദിവസങ്ങളിൽ സഹോദരന്മാർ വന്ന് രാജ്യഹാളിലെ യോഗങ്ങൾക്ക് എന്നെ കൊണ്ടുപോകും. എന്റെ പ്രസംഗ പ്രവർത്തനം ഇപ്പോൾ വളരെ പരിമിതമാണെങ്കിലും രോഗികളായ പയനിയർമാർ എന്ന പട്ടികയിൽ ഇപ്പോഴും എന്റെ പേരുണ്ട്.
ഞാൻ വർഷങ്ങളിലുടനീളം, വാച്ച് ടവർ സൊസൈറ്റി ക്രമീകരിച്ച മേൽവിചാരകന്മാർക്കുള്ള പ്രത്യേക പരിശീലന സ്കൂളുകൾ ആസ്വദിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ, സഭാ മൂപ്പന്മാർക്കു വേണ്ടിയുള്ള രാജ്യ ശുശ്രൂഷാ സ്കൂളിന്റെ ചില ഭാഗങ്ങളിൽ ഞാൻ സംബന്ധിക്കുകയുണ്ടായി. കഴിഞ്ഞ ഏപ്രിൽ 11-ന് ജീൻ എന്നെ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു കൊണ്ടുപോയി. ആ ആഘോഷത്തിൽ 1931 മുതൽ ഓരോ വർഷവും പങ്കുപറ്റുന്നത് ഒരു അമൂല്യ സംഗതിയായി ഞാൻ വീക്ഷിക്കുന്നു.
ഞാൻ ബൈബിൾ പഠിപ്പിച്ചിട്ടുള്ള ചിലർ ഇപ്പോൾ മൂപ്പന്മാരായി സേവിക്കുന്നു. മറ്റു ചിലർ, തെക്കേ അമേരിക്കയിൽ മിഷനറിമാരാണ്. ഇനിയും വേറെ ചിലർ തങ്ങളുടെ മക്കളോടൊപ്പം ദൈവത്തെ സേവിക്കുന്ന വല്യമ്മ-വല്യച്ഛന്മാരാണ്. എന്റെ കുട്ടികളിൽ മൂന്നു പേരും—മേരി ജെയ്ൻ, ജോൺ, ജീൻ—അവരുടെ നിരവധി മക്കളും മക്കളുടെ മക്കളും യഹോവയാം ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നു. ശേഷിക്കുന്ന എന്റെ ഒരു മകളും മറ്റുള്ള കൊച്ചുമക്കളും അവരുടെ മക്കളും ഒരു നാൾ അവരെപ്പോലെ ആകേണമേ എന്നാണ് എന്റെ പ്രാർഥന.
ഇപ്പോൾ എനിക്ക് 105 വയസ്സുണ്ട്. ബൈബിൾ പഠിക്കാനും തങ്ങൾ പഠിച്ചിരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും ഞാൻ ഇപ്പോഴും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. യഹോവയോടു പറ്റിനിൽക്കുന്ന പക്ഷം ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന് എനിക്കു ബോധ്യമുണ്ട്. അപ്പോൾ നിങ്ങൾക്കും നശിച്ചുപോകുന്ന സ്വർണത്തെക്കാൾ മേൽത്തരമായ ഒന്ന്, നമ്മുടെ ജീവദാതാവായ യഹോവയാം ദൈവവുമായി അമൂല്യമായ ഒരു ബന്ധം ഉണ്ടായിരിക്കാൻ സഹായിക്കുന്ന സത്യം, ആസ്വദിക്കാനാകും.
[അടിക്കുറിപ്പുകൾ]
a സാം ഫ്രണ്ടിന്റെ ജീവിതകഥ 1986 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 22-6 പേജുകളിൽ കാണാം.
[25-ാം പേജിലെ ചിത്രം]
ഞാൻ ട്രാം ഓടിച്ചിരുന്നപ്പോൾ
[26-ാം പേജിലെ ചിത്രം]
ഞാൻ ഇപ്പോൾ കഴിയുന്ന വൃദ്ധസദനത്തിൽ
[27-ാം പേജിലെ ചിത്രം]
1989-ൽ ഞങ്ങൾ കണ്ടെത്തിയ ബോർഡ്