ഓസ്ട്രേലിയയിൽ വെച്ച് ഞാൻ യഥാർഥ സമ്പത്തു കണ്ടെത്തി
ആയിരത്തിത്തൊള്ളായിരത്തെഴുപത്തൊന്ന് ഏപ്രിൽ മാസം. ഏഴു വർഷം ഓസ്ട്രേലിയയിൽ ചെലവഴിച്ചശേഷം കുടുംബത്തെ സന്ദർശിക്കാൻ ഞാൻ ഗ്രീസിലേക്കു മടങ്ങിയിട്ട് അധികനാൾ ആയിരുന്നില്ല. അതൊരു വൈകുന്നേരം ആയിരുന്നു, കാരീസ് ഗ്രാമക്കവലയിലെ ഒരു കാപ്പിക്കടയിൽ സ്വസ്ഥമായി ഇരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ആ പ്രദേശത്തെ ഒരു പുരോഹിതനും മേയറും കൂടി അവിടെ വന്നത്, അവർ എന്റെ എതിർ വശത്ത് വന്നിരുന്നു. അവർ ഒരു തർക്കത്തിനു തിരികൊളുത്താൻ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നെന്നു കണ്ടാലറിയാമായിരുന്നു.
എന്നെ അഭിവാദ്യം പോലും ചെയ്യാതെ പുരോഹിതൻ തുടങ്ങുകയായി. ഞാൻ ഓസ്ട്രേലിയയിലേക്കു പോയത് പണമുണ്ടാക്കാൻ വേണ്ടിമാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. അതുകേട്ടപ്പോൾ ഞാൻ അന്തംവിട്ടുപോയി എന്നു പറഞ്ഞാൽ തീരെ കുറഞ്ഞുപോകും. ഓസ്ട്രേലിയയിൽ താമസിക്കുകവഴി പണത്തെക്കാൾ വളരെ വിലയേറിയ സമ്പത്ത് എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു എന്ന് എത്രയും ശാന്തമായി ഞാൻ മറുപടി നൽകി.
എന്റെ ഉത്തരം അദ്ദേഹത്തെ അമ്പരപ്പിച്ചു. എന്നാൽ ഞാൻ എന്താണ് അർഥമാക്കിയത് എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. പല കാര്യങ്ങളും മനസ്സിലാക്കിയ കൂട്ടത്തിൽ ദൈവത്തിന് ഒരു പേരുണ്ടെന്ന് എനിക്കു മനസ്സിലായി എന്നു ഞാൻ പറഞ്ഞു. “ഇത് നിങ്ങൾ എന്നെ പഠിപ്പിക്കാത്ത ഒരു കാര്യമാണ്” എന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഞാൻ പറഞ്ഞു. അദ്ദേഹത്തിനു തിരിച്ചടിക്കാൻ കഴിയുന്നതിനു മുമ്പുതന്നെ ഞാൻ ചോദിച്ചു, “മാതൃകാ പ്രാർഥനയിൽ ‘നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ’ എന്ന് നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ യേശു പരാമർശിച്ച ദൈവത്തിന്റെ പേര് ദയവായി എന്നോട് ഒന്നു പറയാമോ?”—മത്തായി 6:9.
വിവാദത്തെക്കുറിച്ചുള്ള വാർത്ത പെട്ടെന്ന് ഗ്രാമക്കവലയിൽ പരന്നു. പത്തു മിനിററുപോലും ആയില്ല, 200-ഓളം പേർ കൂടിവന്നു. പുരോഹിതൻ ആകെ പരുങ്ങാൻ തുടങ്ങി. ദൈവത്തിന്റെ പേരെന്താണെന്നുള്ള ചോദ്യത്തിന് അദ്ദേഹം ഉത്തരം തന്നില്ല. കൂടുതലായ ബൈബിൾ ചോദ്യങ്ങൾക്കൊക്കെ അദ്ദേഹം തട്ടിയും മുട്ടിയും ആണ് ഉത്തരം പറഞ്ഞത്. ലജ്ജകാരണം അദ്ദേഹം കൂടുതലായ ഊസോയ്ക്കു വേണ്ടി വെയിറററെ എപ്പോഴും വിളിച്ചുകൊണ്ടിരുന്നു. ഗ്രീക്കുകാരുടെ ഒരു ലഹരിപാനീയമാണ് ഊസോ.
രസകരമായ രണ്ടു മണിക്കൂർ കടന്നുപോയി. എന്റെ പിതാവ് എന്നെ തേടി അവിടെ എത്തി. എന്നാൽ സംഭവിക്കുന്നത് എന്താണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരുന്ന് എല്ലാം വീക്ഷിക്കാൻ തുടങ്ങി. പെട്ടെന്ന് മുക്കുടിയനായ ഒരു മനുഷ്യൻ കോപിച്ച് ബഹളം വയ്ക്കാൻ തുടങ്ങി. അതു കണ്ടപ്പോൾ, ഇത്രയും നേരമായ സ്ഥിതിക്ക് നാമെല്ലാം വീടുകളിലേക്കു മടങ്ങേണ്ടിയിരിക്കുന്നു എന്ന് ഞാൻ ആൾക്കൂട്ടത്തോടു നിർദേശിച്ചു. അങ്ങനെ ജീവസ്സുററ ആ ചർച്ച രാത്രി 11:30-ഓടെ അവസാനിച്ചു.
എന്തായിരുന്നു ഈ ഏററുമുട്ടലിനു കാരണം? പുരോഹിതനും മേയറും എന്നോടു തർക്കത്തിന് ശ്രമിച്ചത് എന്തുകൊണ്ടായിരുന്നു? ഗ്രീസിന്റെ ഈ ഭാഗത്ത് ഞാൻ വളർന്നുവന്ന പശ്ചാത്തലത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും.
ആദ്യകാല ബുദ്ധിമുട്ടുകൾ
1940 ഡിസംബറിൽ പെലപ്പനീസസിലെ കാരീസ് ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ വളരെ നിർധനരായിരുന്നു. എന്നെ സ്കൂളിൽ ആക്കുന്നതിനു മുമ്പുള്ള സമയത്ത് ഞാൻ നെൽപ്പാടങ്ങളിൽ അമ്മയോടൊപ്പം മുട്ടററം വെള്ളത്തിൽ പണിയെടുത്തിരുന്നു, അതും സൂര്യൻ ഉദിക്കുമ്പോൾ തുടങ്ങിയാൽ അസ്തമിക്കുന്നതു വരെ. 13-ാമത്തെ വയസ്സിൽ ഞാൻ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ഒരു തൊഴിൽ പരിശീലനക്കാരനായി (apprentice) പ്രവർത്തിക്കാൻ മാതാപിതാക്കൾ എനിക്ക് ഏർപ്പാടു ചെയ്തു. പ്ലംബിങ്, ജനാല ഫിററിങ് എന്നിവയിൽ എന്നെ പരിശീലിപ്പിക്കുന്നതിനായി 500 കിലോഗ്രാം ഗോതമ്പും 20 കിലോഗ്രാം സസ്യ എണ്ണയും മാതാപിതാക്കൾ എന്റെ തൊഴിലുടമയ്ക്കു കൊടുത്തു. അത് അവരുടെ ഒരു വർഷത്തെ ഏതാണ്ട് മുഴുവരുമാനവും ആയിരുന്നു.
വീട്ടിൽനിന്ന് മൈലുകൾ അകലെത്താമസിച്ച് പലപ്പോഴും പ്രഭാതം മുതൽ അർധരാത്രി വരെ പണിയെടുത്തുകൊണ്ട് ഒരു തൊഴിൽ പരിശീലനക്കാരനായുള്ള ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. വീട്ടിൽ തിരിച്ചുപോയാലോ എന്ന് ഞാൻ ചിലപ്പോൾ വിചാരിച്ചിരുന്നു, എന്നാൽ എന്റെ മാതാപിതാക്കളെ ഓർത്തപ്പോൾ എനിക്കതിന് കഴിഞ്ഞില്ല. അത്രമാത്രം ത്യാഗനിർഭരമായ ഒരു സേവനമാണ് അവർ എനിക്കു വേണ്ടി ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഒരിക്കലും അവരെ ഞാൻ എന്റെ പ്രശ്നങ്ങൾ അറിയിച്ചില്ല. ഞാൻ എന്നോടു തന്നെ പറഞ്ഞു: ‘എത്ര പ്രയാസകരമാണെങ്കിലും ശരി, നീ പ്രയത്നിച്ചേ പററൂ.’
ഈ സമയത്തെല്ലാം ഞാൻ എന്റെ മാതാപിതാക്കളെ ഇടയ്ക്കിടയ്ക്കു ചെന്നു കാണുക പതിവായിരുന്നു. ഒടുവിൽ 18-ാമത്തെ വയസ്സിൽ ഞാൻ എന്റെ തൊഴിൽ പരിശീലനം പൂർത്തിയാക്കി. ഏറെ ജോലി സാധ്യതയുള്ള തലസ്ഥാന നഗരിയായ ഏഥൻസിലേക്കു പോകാൻ ഞാൻ അപ്പോൾ തീരുമാനിച്ചു. അവിടെ ഞാൻ ഒരു ജോലി കണ്ടെത്തുകയും ഒരു മുറി വാടകയ്ക്കെടുക്കുകയും ചെയ്തു. ഓരോ ദിവസവും ഞാൻ ജോലി കഴിയുമ്പോൾ വീട്ടിൽ തിരിച്ചെത്തും, പാചകം ചെയ്യും, മുറി വൃത്തിയാക്കും. പിന്നെ ബാക്കിവരുന്ന അല്പം ഒഴിവു സമയത്ത് ഇംഗ്ലീഷും ജർമനും ഇററാലിയനും പഠിക്കും.
മററു യുവാക്കളുടെ അസഭ്യ സംസാരവും സ്വഭാവവും എന്നെ അലോസരപ്പെടുത്തി. അതുകൊണ്ട് ഞാൻ അവരുടെ സഹവാസം ഒഴിവാക്കി. എന്നാൽ ഇതുമൂലം എനിക്കു വല്ലാത്ത ഏകാന്തത തോന്നി. 21 വയസ്സു കഴിഞ്ഞപ്പോൾ സൈനിക സേവനം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. സൈനിക സേവനത്തിന്റെ സമയത്ത് ഞാൻ എന്റെ ഭാഷാ പഠനം തുടർന്നു. 1964 മാർച്ചിൽ സൈനിക സേവനം വിട്ട് ഞാൻ ഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാർത്തു, മെൽബണിൽ താമസമാക്കി.
ഒരു പുതിയ ദേശത്ത് മതാന്വേഷണം
എനിക്ക് ഉടൻതന്നെ ജോലി കിട്ടി. ഞാൻ അലക്സാണ്ട്ര എന്നു പേരുള്ള മറെറാരു ഗ്രീക്കു കുടിയേററക്കാരിയെ കണ്ടുമുട്ടി. അങ്ങനെ ഞാൻ ഓസ്ട്രേലിയയിൽ ചെന്ന് ആറുമാസത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം നടന്നു. പല വർഷങ്ങൾക്കു ശേഷം 1969-ൽ യഹോവയുടെ സാക്ഷികളിലൊരാളായ പ്രായം ചെന്ന ഒരു സ്ത്രീ ഞങ്ങളുടെ വീടു സന്ദർശിച്ച് വീക്ഷാഗോപുരവും ഉണരുക!യും തന്നു. ആ മാസികകൾ എനിക്കു നന്നേ ഇഷ്ടപ്പെട്ടു. ഞാൻ അവ ഒരു ഭദ്രമായ സ്ഥാനത്തു വെച്ചു, ദൂരെക്കളയരുത് എന്ന് ഭാര്യയോടു നിർദേശിക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ മററു രണ്ടു സാക്ഷികൾ ഞങ്ങളെ സന്ദർശിച്ച് ഒരു സൗജന്യ ഭവന ബൈബിളധ്യയനം വാഗ്ദാനം ചെയ്തു. ഞാൻ സമ്മതിച്ചു. തിരുവെഴുത്തുകളിൽനിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ശൂന്യത നികത്താൻ ഞാൻ തേടി നടന്നവ തന്നെയായിരുന്നു.
ഞാൻ സാക്ഷികളോടൊപ്പം പഠിക്കുന്നതു കണ്ടയുടനെ എന്റെ അയൽക്കാരി, ഇവാഞ്ചിലിസ്ററുകൾ ഇതിലും മെച്ചമായ ഒരു മതവിഭാഗമാണെന്ന് എന്നോടു പറഞ്ഞു. അതിന്റെ ഫലമായി ഇവാഞ്ചിലിസ്ററ് സഭയിൽ നിന്നുള്ള ഒരു മൂപ്പനുമായും ഞാൻ പഠനം തുടങ്ങി. താമസിയാതെ ഞാൻ ഇവാഞ്ചിലിസ്ററുകളുടെയും സാക്ഷികളുടെയും യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. എന്തുകൊണ്ടെന്നാൽ സത്യമതം കണ്ടെത്താൻ ഞാൻ തീരുമാനമെടുത്തിരുന്നു.
അതേസമയം, ഞാൻ വളർന്നുവന്ന ഗ്രീക്ക് ചുററുപാടിനോടുള്ള ചേർച്ചയിൽ ഓർത്തഡോക്സ് മതത്തെക്കുറിച്ചും ഞാൻ കൂടുതൽ ഗവേഷണം നടത്താൻ തുടങ്ങി. ഒരു ദിവസം ഞാൻ മൂന്ന് ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിൽ പോയി. ഒന്നാമത്തെ സ്ഥലത്ത്, ഞാൻ എന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയപ്പോൾ പുറത്തേക്കു പോകാനുള്ള വഴി എനിക്കു കാണിച്ചു തരുകയാണ് പുരോഹിതൻ ചെയ്തത്. നമ്മൾ ഗ്രീക്ക് ഓർത്തഡോക്സ് മതക്കാരായതുകൊണ്ട് സാക്ഷികളുമായോ ഇവാഞ്ചിലിസ്ററുകളുമായോ സഹകരിക്കുന്നത് തെററാണെന്ന് എന്നെ പുറത്തേക്കു വിടുന്ന കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മനോഭാവം എന്നെ അത്ഭുതപ്പെടുത്തി. ‘എന്നാൽ ഈ ഒരു പുരോഹിതൻ സഭയുടെ ഒരു നല്ല പ്രതിനിധിയല്ലായിരിക്കാം’ എന്നു ഞാൻ വിചാരിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടാമത്തെ പള്ളിയിലെ പുരോഹിതനും സമാനമായി പ്രതികരിച്ചു. എന്നിരുന്നാലും, ഒരു ദൈവശാസ്ത്രപണ്ഡിതൻ എല്ലാ ശനിയാഴ്ചയും വൈകുന്നേരം തന്റെ പള്ളിയിൽ ഒരു ബൈബിൾ പഠന ക്ലാസ്സ് നടത്തുന്നുണ്ടെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഞാൻ മൂന്നാമത്തെ പള്ളിയിൽ പോയപ്പോൾ എന്റെ നിരാശ പിന്നെയും വർധിക്കുകയാണു ചെയ്തത്.
എങ്കിലും, രണ്ടാമത്തെ പള്ളിയിൽ നടത്തപ്പെടുന്ന ബൈബിൾ പഠന ക്ലാസ്സിൽ പിറേറ ശനിയാഴ്ച തന്നെ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു. പ്രവൃത്തികൾ എന്ന ബൈബിൾ പുസ്തകത്തിന്റെ വായന പിന്തുടർന്നത് ഞാൻ ആസ്വദിച്ചു. കൊർന്നേല്യോസ് പത്രൊസിനു മുമ്പാകെ മുട്ടുകുത്തുന്ന ഭാഗം വായിച്ചപ്പോൾ പത്രോസ് കൊർന്നേല്യോസിന്റെ ആരാധനാരീതിയെ ശരിയാംവണ്ണം നിരസിച്ചു എന്ന് ദൈവശാസ്ത്രപണ്ഡിതൻ വായനക്കിടയിൽ ചൂണ്ടിക്കാട്ടി. (പ്രവൃത്തികൾ 10:24-26) ഇതു കേട്ടപ്പോൾ ഞാൻ കൈയുയർത്തി എനിക്ക് ഒരു ചോദ്യമുണ്ട് എന്നു പറഞ്ഞു.
“ശരി, നിനക്കെന്താണ് അറിയേണ്ടത്?”
“കൊള്ളാം, അപ്പോസ്തലനായ പത്രോസ് ആരാധന നിരസിച്ചെങ്കിൽ നാം എന്തിനാണ് അദ്ദേഹത്തിന്റെ പ്രതിമ വെച്ച് ആരാധിക്കുന്നത്?”
നിമിഷങ്ങളോളം അവിടെ ശ്മശാന മൂകത നിലനിന്നു. പിന്നെ ഒരു ബോംബു പൊട്ടിയതുപോലെ ആയിരുന്നു. കോപം ആളിക്കത്തി. “നീ എവിടെനിന്നു വന്നവനാടാ?” എന്ന കൂക്കുവിളികളും. വലിയ ആക്രോശങ്ങളോടെ രണ്ടു മണിക്കൂർ നേരത്തേക്ക് ചൂടുപിടിച്ച വാദം നടന്നു. ഒടുവിൽ മടങ്ങിപ്പോന്നപ്പോൾ വീട്ടിൽ കൊണ്ടുപോരാനായി എനിക്ക് ഒരു പുസ്തകം ലഭിച്ചു.
അതു തുറന്നപ്പോൾ ഞാൻ ആദ്യം വായിച്ച വാക്കുകൾ ഇവയായിരുന്നു: “നമ്മൾ ഗ്രീക്കുകാരാണ്, പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് നമ്മുടെ മതം രക്തം ഒഴുക്കിയിട്ടുണ്ട്.” ദൈവം ഗ്രീക്കു ജനതയുടെ മാത്രമല്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഗ്രീക്ക് ഓർത്തഡോക്സ് സഭയുമായുള്ള ബന്ധങ്ങൾ ഞാൻ ഉടൻതന്നെ വേർപെടുത്തി. അന്നുമുതൽ യഹോവയുടെ സാക്ഷികളുമായി മാത്രം ഞാൻ എന്റെ ബൈബിൾ പഠനം തുടർന്നു. 1970 ഏപ്രിലിൽ ഞാൻ യഹോവയോടുള്ള എന്റെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി, ആറു മാസത്തിനു ശേഷം എന്റെ ഭാര്യയും സ്നാപനമേററു.
ഗ്രാമ പുരോഹിതനുമായുള്ള സമ്പർക്കം
ഗ്രീസിലെ എന്റെ സ്വന്തം ഗ്രാമത്തിലുള്ള പുരോഹിതൻ ഗ്രാമത്തിലെ പള്ളി നന്നാക്കുന്നതിനുള്ള പണം ആവശ്യപ്പെട്ടുകൊണ്ട് ആ വർഷാവസാനം എനിക്ക് ഒരു കത്തയച്ചു. പണം അയച്ചുകൊടുക്കുന്നതിനു പകരം ഞാൻ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകവും ഇപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്നും സത്യം കണ്ടെത്തിയിരിക്കുന്നുവെന്നും എഴുതിയ ഒരു കത്തും അദ്ദേഹത്തിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന് കത്തു ലഭിച്ചപ്പോൾ ഓസ്ട്രേലിയയിലേക്കു കുടിയേറിപ്പാർത്ത ഒരാൾ മത്സരിയായിത്തീർന്നിരിക്കുന്നു എന്ന് ഉടനെ പള്ളിയിൽ പ്രഖ്യാപിച്ചു.
അതിൽപ്പിന്നെ, മക്കൾ ഓസ്ട്രേലിയയിൽ ഉള്ള അമ്മമാരെല്ലാം ഇപ്പറയുന്ന ആൾ തങ്ങളുടെ മകനാണോ എന്ന് പുരോഹിതനോടു ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ അമ്മയും പുരോഹിതന്റെ വീട്ടിൽ പോയി കേണപേക്ഷിച്ചു. “നിർഭാഗ്യകരമെന്നു പറയട്ടെ, അത് നിങ്ങളുടെ മകനാണ്,” അദ്ദേഹം പറഞ്ഞു. എന്നെക്കുറിച്ചുള്ള ഈ കാര്യം പറയുന്നതിലും ഭേദം അദ്ദേഹം തന്നെ കൊല്ലുകയായിരുന്നു എന്ന് പിന്നീട് അമ്മ എന്നോടു പറഞ്ഞു.
ഗ്രീസിലേക്കു മടങ്ങുന്നു
സ്നാപനമേററു കഴിഞ്ഞപ്പോൾ, ഗ്രീസിലേക്കു മടങ്ങിപ്പോയി ബൈബിളിൽനിന്നു പഠിച്ച നല്ല കാര്യങ്ങൾ ഞങ്ങളുടെ കുടുംബക്കാരോടും സുഹൃത്തുക്കളോടും പറയാൻ ഞാനും ഭാര്യയും ആഗ്രഹിച്ചു. അങ്ങനെ 1971 ഏപ്രിലിൽ ഞങ്ങളുടെ അഞ്ചു വയസ്സുകാരി ഡിമിട്രയുമായി ഒരു നീണ്ട അവധിക്കു ഞങ്ങൾ മടങ്ങി. കാരീസ് എന്ന എന്റെ സ്വന്തം ഗ്രാമത്തിൽനിന്ന് 30 കിലോമീററർ അകലെയുള്ള കിപാരിസ്യാ പട്ടണത്തിലായിരുന്നു ഞങ്ങളുടെ താമസം. ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കററുകളുടെ കാലാവധി ആറുമാസമായിരുന്നു.
വീട്ടിൽ ചെന്നതിന്റെ പിറേറ രാത്രിയിൽ, അമ്മ ദുഃഖം താങ്ങാനാവാതെ, ഞാൻ തെററായ വഴിയാണ് തിരഞ്ഞെടുത്തതെന്നും കുടുംബത്തിന്റെ പേരു നശിപ്പിച്ചെന്നും കണ്ണീരോടെ പറഞ്ഞു. വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ട് “തെററായ” ഗതിയിൽനിന്ന് ഞാൻ തിരിയണമെന്ന് അവർ എന്നോടു കേണപേക്ഷിച്ചു. പിന്നെ അവർ എന്റെ കരങ്ങളിലേക്കു ബോധമററു വീണു. പിറേറന്ന് അമ്മയോട് കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. അമ്മ ഞങ്ങളെ കുഞ്ഞുന്നാൾ മുതൽ സ്നേഹപുരസ്സരം പഠിപ്പിച്ച ആ ദൈവത്തെക്കുറിച്ചുള്ള എന്റെ അറിവ് ഞാൻ വർധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ എന്നു ഞാൻ വിശദീകരിച്ചു. പിറേറന്നു വൈകുന്നേരമായിരുന്നു ആ പ്രദേശത്തെ പുരോഹിതനും ഗ്രാമത്തിലെ മേയറുമായി ആ സ്മരണീയ കൂടിക്കാഴ്ച നടന്നത്.
ഏഥൻസിലുള്ള എന്റെ രണ്ട് അനുജൻമാർ ഈസ്ററർ അവധിക്ക് വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. അവർ ഇരുവരും ഒരു കുഷ്ഠരോഗിയോട് എന്നപോലെ എന്നോട് അവഗണന കാട്ടി. എന്നിരുന്നാലും, ഒരു ദിവസം, നേരെ ഇളയ അനുജൻ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. മണിക്കൂറുകളോളം നീണ്ട ചർച്ചയ്ക്കുശേഷം, ബൈബിളിൽനിന്ന് ഞാൻ അവനു കാണിച്ചു കൊടുത്ത എല്ലാക്കാര്യങ്ങളും അവൻ അംഗീകരിക്കുന്നു എന്നു പറഞ്ഞു. അന്നുമുതൽ മററു കുടുംബാംഗങ്ങളുടെ മുമ്പാകെ അവൻ എനിക്കുവേണ്ടി വാദിക്കുമായിരുന്നു.
അതിനുശേഷം അനുജന്റെ കൂടെ താമസിക്കാനായി ഞാൻ കൂടെക്കൂടെ ഏഥൻസ് സന്ദർശിക്കുമായിരുന്നു. ഞാൻ ചെല്ലുമ്പോഴെല്ലാം സുവാർത്ത കേൾക്കാനായി മററു കുടുംബങ്ങളെയും അവൻ ക്ഷണിക്കുക പതിവായിരുന്നു. പിന്നീട് അവനും ഭാര്യയും അവർ ബൈബിളധ്യയനം നടത്തിയ മററു മൂന്നു കുടുംബങ്ങളും ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തിയത് എന്നെ ആനന്ദാതിരേകത്തിലെത്തിച്ചു!
ആഴ്ചകൾ കടന്നുപോയത് പെട്ടെന്നായിരുന്നു. ഞങ്ങളുടെ ആറു മാസം തീരാറായിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് 70 കിലോമീററർ അകലെയുള്ള ഒരു സഭയോടൊത്ത് സേവനമനുഷ്ഠിക്കുന്ന ഒരു സാക്ഷി ഞങ്ങളെ സന്ദർശിച്ചത്. അദ്ദേഹം ആ പ്രദേശത്തെ പ്രസംഗവേലയ്ക്ക് ആവശ്യമായിരിക്കുന്ന പിന്തുണ ചൂണ്ടിക്കാട്ടുകയും അവിടെ സ്ഥിര താമസമാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നുവോ എന്നു ചോദിക്കുകയും ചെയ്തു. അതിനുള്ള സാധ്യതയെക്കുറിച്ച് അന്നു രാത്രി ഞാൻ ഭാര്യയോടൊത്ത് ചർച്ചചെയ്തു.
താമസിക്കുന്നത് ബുദ്ധിമുട്ടായിരിക്കും, ഞങ്ങൾ ഇരുവരും യോജിച്ചു. എന്നാൽ അവിടത്തെ ആളുകളോട് ബൈബിൾ സത്യം പറയേണ്ടതിന്റെ വലിയ ആവശ്യകത വ്യക്തമായിരുന്നു. ഒടുവിൽ, ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും ഗ്രീസിൽ തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഓസ്ട്രേലിയയിലുള്ള ഞങ്ങളുടെ വീടും കാറും വിൽക്കാനും കൊണ്ടുപോരാവുന്ന അത്രയും സാധനങ്ങൾ തിരികെ കൊണ്ടുപോരാനും ആയി എന്റെ ഭാര്യ ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകണമായിരുന്നു. തീരുമാനം എടുത്തുകഴിഞ്ഞ് പിറേറന്നു രാവിലെ തന്നെ ഞങ്ങൾ പട്ടണത്തിൽ പോയി ഒരു വീട് വാടകയ്ക്കെടുത്തു. ഞങ്ങളുടെ പുത്രിയെ ആ സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിൽ ആക്കുകയും ചെയ്തു.
എതിർപ്പ് പൊട്ടിപ്പുറപ്പെടുന്നു
ശരിക്കും ഒരു യുദ്ധമാണ് ഞങ്ങളുടെ മേൽ പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ടത്. പൊലീസിൽനിന്നും സ്കൂൾ പ്രിൻസിപ്പലിൽനിന്നും അധ്യാപകരിൽനിന്നും എതിർപ്പുണ്ടായി. സ്കൂളിൽ ഡിമിട്ര കുരിശു വരയ്ക്കുമായിരുന്നില്ല. പേടിപ്പിച്ച് അവളെക്കൊണ്ട് അതു ചെയ്യിക്കാൻ സ്കൂൾ അധികാരികൾ ഒരു പൊലീസുകാരനെ വിളിപ്പിച്ചു, എന്നാൽ അവൾ വിട്ടുകൊടുത്തില്ല. പ്രിൻസിപ്പലിന്റെ അടുത്തേക്ക് എന്നെ വിളിപ്പിക്കുകയും ഡിമിട്രയെ ഞാൻ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുപോകണമെന്ന ഉത്തരവുള്ള ആർച്ച്ബിഷപ്പിന്റെ ഒരു കത്ത് അദ്ദേഹം എന്നെ കാണിക്കുകയും ചെയ്തു. എന്നാൽ പ്രിൻസിപ്പലുമായുള്ള എന്റെ ഒരു നീണ്ട ചർച്ചയ്ക്കുശേഷം സ്കൂളിൽ തുടരാൻ അവൾക്ക് അനുമതി ലഭിച്ചു.
കാലം കടന്നുപോയി, യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ള ഒരു വിവാഹ ദമ്പതികൾ കിപാരിസ്യായിലുള്ള കാര്യം ഞാൻ മനസ്സിലാക്കി. ഞങ്ങൾക്ക് അവരുടെ താത്പര്യത്തെ പുതുക്കാൻ കഴിഞ്ഞു. ഞാനും ഭാര്യയും അയൽഗ്രാമത്തിൽ നിന്നുള്ള സാക്ഷികളെ ബൈബിൾ പഠനങ്ങൾക്കായി ഞങ്ങളുടെ ഭവനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉടൻതന്നെ പൊലീസ് വന്ന് ചോദ്യം ചെയ്യാനായി ഞങ്ങളെ എല്ലാം പൊലീസ് സ്റേറഷനിലേക്കു കൊണ്ടുപോയി. ഞാൻ ലൈസൻസു കൂടാതെ വീട് ഒരു ആരാധനാ സ്ഥലമായി ഉപയോഗിച്ചു എന്നതായിരുന്നു എന്റെമേൽ ചുമത്തപ്പെട്ട കുററം. എന്നാൽ ഞങ്ങളെ ജയിലിലടയ്ക്കാഞ്ഞതുകൊണ്ട് മീററിംഗുകൾ നടത്തിക്കൊണ്ടേയിരുന്നു.
എനിക്ക് ഒരു തൊഴിൽ വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ ബിഷപ്പ് അതിനെക്കുറിച്ച് കേട്ട ഉടൻതന്നെ എന്നെ പിരിച്ചുവിടാത്തപക്ഷം എന്റെ തൊഴിലുടമയുടെ കട അടപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. ഒരു പ്ലംബിങ് ആൻഡ് ഷീററ്-മെററൽ ഷോപ്പ് വില്പനയ്ക്കുണ്ടായിരുന്നു, ഞങ്ങൾക്ക് അത് വാങ്ങാൻ കഴിഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ രണ്ടു പുരോഹിതൻമാർ കട അടപ്പിക്കുമെന്ന ഭീഷണികളുമായി വന്നു. ഞങ്ങളുടെ കുടുംബത്തെ സമുദായഭ്രഷ്ടരാക്കാൻ ഏതാനും ആഴ്ചകൾക്കുശേഷം ആർച്ച്ബിഷപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ഏതൊരാളെയും ആ സമയത്ത് തികച്ചും സമുദായഭ്രഷ്ടനായി കണക്കാക്കിയിരുന്നു. ആരെയും അകത്തേക്കു കടത്തിവിടാതിരിക്കുന്നതിന് ഒരു പൊലീസ് ഓഫീസർ ഞങ്ങളുടെ കടയ്ക്കു വെളിയിൽ നിലയുറപ്പിച്ചിരുന്നു. ഇടപാടുകാരൊന്നും വരാഞ്ഞിട്ടും വാശിക്ക് ഞങ്ങൾ എല്ലാ ദിവസവും കട തുറന്നിട്ടു. ഞങ്ങളുടെ ദുർഗതി പെട്ടെന്നു തന്നെ പട്ടണത്തിലെ സംസാരവിഷയമായി തീർന്നു.
അറസ്ററു ചെയ്ത് വിചാരണ നടത്തി
ഒരു ശനിയാഴ്ച ഞാനും മറെറാരാളും കൂടി ഒരു അയൽപട്ടണത്തിൽ സാക്ഷീകരണം നടത്താനായി അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിളിൽ യാത്ര തിരിച്ചു. പൊലീസ് ഞങ്ങളെ പിടികൂടുകയും പൊലീസ് സ്റേറഷനിലേക്കു കൊണ്ടുപോകയും ചെയ്തു. അവിടെ വാരാന്തം മുഴുവനും ഞങ്ങളെ കസ്ററഡിയിൽ വെച്ചു. തിങ്കളാഴ്ച രാവിലെ ഞങ്ങളെ കിപാരിസ്യായിലേക്കു ട്രെയിനിൽ തിരികെ കൊണ്ടുപോയി. ഞങ്ങളെ അറസ്ററു ചെയ്തിരിക്കുന്നു എന്ന വാർത്ത പരന്നിരുന്നു. പൊലീസ് അകമ്പടികളോടെ ഞങ്ങൾ വന്നിറങ്ങുന്നതു കാണാൻ റെയിൽവേ സ്റേറഷനിൽ ഒരു ആൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു.
വിരലടയാളം വെപ്പിച്ചതിനുശേഷം ഞങ്ങളെ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അടുത്തേക്കു കൊണ്ടുപോയി. പൊലീസ് ഗ്രാമവാസികളെ ചോദ്യംചെയ്തതിൽനിന്നു സമാഹരിച്ചിരിക്കുന്ന ഞങ്ങൾക്കെതിരെയുള്ള കുററാരോപണങ്ങൾ ഉറക്കെ വായിക്കുകയാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം നടപടികൾ ആരംഭിച്ചു. ഒന്നാമത്തെ കുററാരോപണം: “യേശുക്രിസ്തു 1914-ൽ രാജാവായി എന്ന് അവർ ഞങ്ങളോടു പറഞ്ഞു.”
“ഈ വിചിത്രാശയം നിങ്ങൾക്ക് എവിടെനിന്നു കിട്ടി?” എന്നു ചോദിച്ചുകൊണ്ടു പ്രോസിക്യൂട്ടർ തട്ടിക്കയറി.
ഞാൻ മുമ്പോട്ടു ചെന്ന് അദ്ദേഹത്തിന്റെ ഡെസ്കിലെ ബൈബിൾ എടുത്ത് മത്തായി 24-ാം അധ്യായത്തിലേക്ക് തുറന്നിട്ട് അദ്ദേഹത്തോട് വായിക്കാൻ നിർദേശിച്ചു. ഒരു നിമിഷത്തേക്ക് ശങ്കിച്ചു നിന്നിട്ട് അദ്ദേഹം ബൈബിളെടുത്ത് വായന തുടങ്ങി. ഏതാനും നിമിഷം വായിച്ചിട്ട്, അദ്ദേഹം ആവേശത്തോടെ പറഞ്ഞു: “ഹെ, ഇതു സത്യമാണെങ്കിൽ ഞാൻ എല്ലാം ഉപേക്ഷിച്ച് ഒരു സന്ന്യാസിമഠത്തിൽ ചേരണമല്ലോ!”
“വേണ്ട, നിങ്ങൾ ബൈബിൾ സത്യം പഠിക്കുകയും എന്നിട്ട് ആ സത്യം കണ്ടെത്താൻ മററുള്ളവരെ സഹായിക്കുകയും വേണം,” ഞാൻ ശാന്തനായി പറഞ്ഞു.
ഏതാനും വക്കീലൻമാരും എത്തി. അന്ന് അവരിൽ ചിലരോടും സാക്ഷീകരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. വിരോധാഭാസമെന്നു പറയട്ടെ, ഇത് മറെറാരു കുററാരോപണത്തിൽ കലാശിച്ചു—മതപരിവർത്തനം!
ആ വർഷം ഞങ്ങൾക്ക് മൂന്നു കോടതിക്കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഞങ്ങൾ എല്ലാ കുററാരോപണങ്ങളിൽ നിന്നും മോചിതരായി. ഈ നേട്ടം മുഖാന്തരം ഞങ്ങളുടെ നേർക്കുള്ള ആളുകളുടെ മനോഭാവത്തിന് അയവുവന്നു, ഏതാണ്ട് മഞ്ഞ് ഉരുകുംപോലെ. അന്നുമുതൽ അവർ ഞങ്ങളെ കൂടുതൽ സ്വാതന്ത്ര്യത്തോടെ സമീപിക്കാനും ദൈവരാജ്യത്തെക്കുറിച്ച് ഞങ്ങൾക്കു പറയാനുണ്ടായിരുന്നത് കേൾക്കാനും തുടങ്ങി.
കിപാരിസ്യായിലുള്ള ഞങ്ങളുടെ വീട്ടിലെ ആ ചെറിയ പഠന ഗ്രൂപ്പ് ഒടുവിൽ ഒരു സഭയായി രൂപം പ്രാപിച്ചു. ഒരു ക്രിസ്തീയ മൂപ്പൻ ഞങ്ങളുടെ പുതിയ സഭയിലേക്ക് സ്ഥലം മാറി വന്നു. എനിക്ക് ഒരു ശുശ്രൂഷാദാസനായി നിയമനം ലഭിച്ചു. പെട്ടെന്നുതന്നെ ഞങ്ങളുടെ വീട്ടിൽ നടത്തപ്പെട്ടിരുന്ന യോഗങ്ങളിൽ 15 സജീവരായ സാക്ഷികൾ ക്രമമായി പങ്കെടുത്തു തുടങ്ങി.
ഓസ്ട്രേലിയയിലേക്ക് മടക്കയാത്ര
രണ്ടു വർഷവും മൂന്നു മാസവും കഴിഞ്ഞപ്പോൾ, ഞങ്ങൾ ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകാൻ തീരുമാനിച്ചു. ഇവിടെ വർഷങ്ങൾ അതിവേഗം കടന്നുപോയി. എന്റെ പുത്രി ഡിമിട്ര വിശ്വസ്തയായി നിലകൊള്ളുകയും മെൽബണിലുള്ള ഒരു സഭയിലെ ശുശ്രൂഷാദാസനെ വിവാഹം കഴിക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ മെൽബണിലെ ഗ്രീക്കു സഭയിൽ ഒരു മൂപ്പനായി സേവനം അനുഷ്ഠിക്കുകയാണ്. എന്റെ ഭാര്യയും ഞങ്ങളുടെ 15 വയസ്സുകാരി പുത്രി മാർത്തയും പങ്കെടുക്കുന്നതും ആ സഭയിലാണ്.
ഞങ്ങൾ വിട്ടുപോന്ന കിപാരിസ്യായിലെ ആ കൊച്ചു സഭ ഇപ്പോൾ വളരെയധികം വളർച്ച പ്രാപിച്ചിരിക്കുന്നു. അവിടെ അഭികാമ്യരായ അനേകർ ബൈബിൾ സത്യങ്ങൾക്കു തങ്ങളുടെ ഹൃദയങ്ങളെ തുറന്നിരിക്കുന്നു. 1991-ലെ വേനൽക്കാലത്ത് ഞാൻ ഏതാനും ആഴ്ചത്തെ അവധിക്ക് ഗ്രീസ് സന്ദർശിക്കുകയും കിപാരിസ്യായിൽ ഒരു പരസ്യപ്രസംഗം നടത്തുകയും ചെയ്തു. 70 പേർ ഹാജരുണ്ടായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, കുടുംബത്തിന്റെ എതിർപ്പുണ്ടായിട്ടും എന്റെ ഇളയ സഹോദരി മരിയ യഹോവയുടെ ഒരു ശുശ്രൂഷകയായിത്തീർന്നു.
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെക്കുറിച്ചും അവന്റെ രാജ്യ ഗവൺമെൻറിനെക്കുറിച്ചും ഉള്ള അറിവും ഗ്രാഹ്യവുമാകുന്ന യഥാർഥ സമ്പത്ത് സമ്പാദിക്കാൻ ഓസ്ട്രേലിയയിൽ വെച്ച് എനിക്ക് അവസരം ലഭിച്ചതിന് ഞാൻ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തിന് ഇപ്പോൾ യഥാർഥ ഉദ്ദേശ്യമുണ്ട്. ആസന്നഭാവിയിൽ ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറിന്റെ അനുഗ്രഹങ്ങൾ മുഴുഭൂമിയിലും വ്യാപിച്ചു കാണാൻ ഞാനും എന്റെ കുടുംബവും നോക്കിപ്പാർത്തിരിക്കുകയാണ്.—ജോർജ് കാററ്സികാരോനിസ് പറഞ്ഞപ്രകാരം.
[23-ാം പേജിലെ ചിത്രം]
കിപാരിസ്യാ, ഓസ്ട്രേലിയയിൽനിന്നു തിരിച്ചുവന്നപ്പോൾ ഞാൻ താമസിച്ച സ്ഥലം
[23-ാം പേജിലെ ചിത്രം]
എന്റെ ഭാര്യ അലക്സാണ്ട്രയോടൊപ്പം